അവിടെ ജനലിലൂടെ ഒളിഞ്ഞുനോക്കുന്നത് തന്റെ ഭർത്താവിന്റെ അച്ഛൻ മോഹനൻ ആണ് എന്ന് കണ്ടതും ശരിക്കും അവൾ തളർന്നു പോയി.….

ഓഫീസിലേക്ക് പോകാനായി ധൃതിയിൽ വസ്ത്രം മാറുമ്പോൾ ആണ് തന്റെ റൂമിന്റെ ജനലിന് പുറത്തുനിന്ന് ആരോ റൂമിലേക്ക് എത്തിനോക്കുന്നുണ്ട് എന്ന് സുപ്രിയയ്ക്ക് തോന്നിയത്. അവൾ പെട്ടെന്ന് അങ്ങോട്ട് നോക്കി എങ്കിലും അവിടെ ആരെയും കണ്ടില്ല. എന്നാൽ ആരോ അവിടെ ഉണ്ടായിരുന്നു എന്ന് അവൾക്ക് ഉറപ്പാണ്. അലമാരയുടെ കണ്ണാടിയിലൂടെ ഒരു മിന്നായം പോലെ അവളത് കണ്ടതാണ്.

വല്ലാത്ത ടെൻഷൻ തോന്നി. അവൾ ശബ്ദം ഉണ്ടാക്കാതെ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. വീടിന് വെളിയിലൂടെ തന്റെ റൂമിന്റെ പുറകുവശത്തെ ജനൽക്കൽ എത്തിയതും അവൾക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. അവിടെ ജനലിലൂടെ ഒളിഞ്ഞുനോക്കുന്നത് തന്റെ ഭർത്താവിന്റെ അച്ഛൻ മോഹനൻ ആണ് എന്ന് കണ്ടതും ശരിക്കും അവൾ തളർന്നു പോയി.

അതോടെ തന്റെ മനസ്സിലെ സംശയങ്ങൾ ശരിയായിരുന്നു എന്ന് അവൾക്ക് തോന്നി. സുപ്രിയയുടെ വിവാഹം കഴിഞ്ഞിട്ട് വെറും രണ്ടുമാസം മാത്രമാണ് ആയത്. ഒരു പ്രൈവറ്റ് കമ്പനിയിൽ എച്ച്ആറിൽ ജോലി ചെയ്യുകയായിരുന്നു അവൾ. ആ സമയത്താണ് പ്രവാസിയായ രാജീവിന്റെ വിവാഹാലോചന വരുന്നത്. രാജീവിന് രണ്ട് അനിയത്തിമാരാണ്. അവരുടെ രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു. ഇനിയുള്ളത് രാജീവ് മാത്രമാണ്. അച്ഛൻ മോഹനൻ ഒരു എക്സ് പ്രവാസി ആണ്. അമ്മ ലീല ഒരു അംഗനവാടി ടീച്ചറും. വലിയ സാമ്പത്തിക പരാധീനതകൾ ഒന്നുമില്ലാത്ത കുടുംബം. അതുകൊണ്ടുതന്നെ സുപ്രിയയുടെ വീട്ടുകാർക്ക് ഈ വിവാഹാലോചന നന്നായി ഇഷ്ടപ്പെട്ടു.

​വിവാഹം കഴിഞ്ഞ് ഒന്നരമാസം മാത്രമേ രാജീവ് നാട്ടിൽ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും അവന്റെ ലീവ് കഴിഞ്ഞ് അവൻ തിരികെ പോയി. രാജീവ് പോയതിനുശേഷം ആണ് അമ്മായിയച്ഛന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്.

​”അച്ഛാ, ചായ ദാ ഇവിടെ വെക്കുന്നുണ്ട്,” ഒരു ദിവസം രാവിലെ അടുക്കളയിൽ നിന്ന് ചായയുമായി വന്നപ്പോൾ സുപ്രിയ പറഞ്ഞു.
അയാൾ ചായ വാങ്ങുന്നതിനിടയിൽ അവളുടെ വിരലുകളിൽ അനാവശ്യമായി സ്പർശിച്ചു. സുപ്രിയ ഞെട്ടിപ്പോയി. അവൾ വേഗം കൈ വലിച്ചു.

” രാജീവ് പോയിട്ട് മോള് ഒറ്റയ്ക്കായി അല്ലേ?? എന്ത് ആവശ്യമുണ്ടെങ്കിലും അച്ഛനോട് പറഞ്ഞാൽ മതി!! അയാൾ ഒരു വഷളൻ ചിരിയോടെ അവളോട് പറഞ്ഞു.. എന്നാൽ അത് അച്ഛന്റെ വാൽസല്യം ആയി അവൾ എടുത്തു.

​പിന്നീട് പലപ്പോഴും ഇത് ആവർത്തിച്ചു. അവൾ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ അയാൾ ഓരോ ആവശ്യങ്ങൾ പറഞ്ഞ് അവിടേക്ക് വരും.
“ലീലേ, എന്റെ ആ മരുന്ന് എവിടെ വെച്ചു?” എന്ന് ചോദിച്ചുകൊണ്ട് വരുന്നത് സുപ്രിയയുടെ അരികിലേക്കായിരിക്കും.

പാത്രങ്ങൾ കഴുകുന്നതിനിടയിൽ അറിയാത്തതുപോലെ അവളുടെ ദേഹത്ത് തട്ടുകയോ ഉരസുകയോ ചെയ്യും. ഇതെല്ലാം ആയപ്പോൾ സുപ്രിയയ്ക്ക് വല്ലാത്ത അസ്വാഭാവികത തോന്നി. എങ്കിലും സ്വന്തം അച്ഛന്റെ സ്ഥാനത്ത് അയാളെ കണ്ടിരുന്നതുകൊണ്ട് അതൊക്കെ തന്റെ വെറും തോന്നലായിരിക്കും എന്ന് കരുതി അവൾ സമാധാനിച്ചു.

​എന്നാൽ ഇന്നത്തെ ജനലിലൂടെയുള്ള കാഴ്ചയോടെ അവൾക്ക് കാര്യങ്ങൾ വ്യക്തമായി. വൈകുന്നേരം ജോലി കഴിഞ്ഞ് വന്ന സുപ്രിയയെ കണ്ടപ്പോൾ ലീല ചോദിച്ചു, “എന്താ മോളേ മുഖം ആകെ വല്ലാതെ ഇരിക്കുന്നത്? ഓഫീസിൽ വല്ല പ്രശ്നവും ഉണ്ടോ?”

“ഇല്ല അമ്മേ, ചെറിയൊരു തലവേദന,” അവൾ ഒഴിഞ്ഞുമാറി.
അന്ന് രാത്രി അവൾ മുറിയിൽ കയറി വാതിൽ ഭദ്രമായി അടച്ചു. ഇനി ജാഗ്രതയോടെ ഇരിക്കണം എന്ന് അവൾ ഉറപ്പിച്ചു.
​കുറച്ചു ദിവസങ്ങൾക്ക് ശേഷം ലീല അംഗനവാടിയിലേക്ക് പോയ സമയം. സുപ്രിയ അവധി എടുത്ത് വീട്ടിലുണ്ടായിരുന്നു. മുറ്റത്ത് തുണി വിരിക്കുകയായിരുന്നു അവൾ. മോഹനൻ അങ്ങോട്ട് വന്നു.

“മോളേ, നിനക്ക് ഒറ്റയ്ക്ക് ബോറടിക്കില്ലേ? രാജീവ് പോയിട്ട് ഇപ്പോൾ കുറച്ചു ദിവസമായല്ലോ,” അയാൾ അടുത്തു വന്നു പറഞ്ഞു.

“ഇല്ല അച്ഛാ, എനിക്ക് കുഴപ്പമില്ല.”
അയാൾ അവളുടെ തോളിൽ കൈ വെക്കാൻ ശ്രമിച്ചു. “നിന്റെ കാര്യങ്ങൾ നോക്കാൻ എനിക്ക് ബുദ്ധിമുട്ടില്ല കേട്ടോ.”

സുപ്രിയ പെട്ടെന്ന് മാറി നിന്നു. “അച്ഛൻ എന്തൊക്കെയാണ് ഈ പറയുന്നത്? ദയവായി മര്യാദയ്ക്ക് സംസാരിക്കണം.”

“ഓ, വലിയ കുലസ്ത്രീ ചമയണ്ട. ഇവിടെ ആരും കാണാനില്ല,” അയാളുടെ സ്വരം മാറി.
​അതൊടെ അവൾ പൊട്ടിത്തെറിച്ചു. “മതി! നിങ്ങൾ എന്നെ മകളെപ്പോലെ കാണേണ്ടവനാണ്. ഇങ്ങനെയാണ് ഒരു അച്ഛൻ പെരുമാറേണ്ടത്? ഇനി മേലാൽ എന്റെ അടുത്തേക്ക് വന്നാൽ ഞാൻ മര്യാദ പഠിപ്പിക്കും.”
അവളുടെ വാക്കുകൾ കേട്ട് അയാൾ പതറിപ്പോയി. തന്റെ ഇങ്കിതത്തിന് വഴങ്ങാത്ത മരുമകൾ അതോടെ അയാളുടെ കണ്ണിലെ കരടായി
​വൈകുന്നേരം ലീല ജോലി കഴിഞ്ഞ് വന്നപ്പോൾ മോഹനൻ ഉമ്മറത്ത് വല്ലാത്തൊരു ഭാവത്തിൽ ഇരിക്കുന്നുണ്ടായിരുന്നു.

“എന്താ മനുഷ്യാ, എന്തുപറ്റി?” ലീല പരിഭ്രമത്തോടെ ചോദിച്ചു.

“നിന്റെ മരുമകൾ… അവളെപ്പറ്റി ഞാൻ എന്ത് പറയാനാ. ഞാൻ മുറിയിൽ വിശ്രമിക്കുമ്പോൾ അവൾ അവിടെ വന്ന് എന്നോട് അനാവശ്യമായ രീതിയിൽ സംസാരിച്ചു… എടി ഒന്നുമില്ലെങ്കിലും ഞാൻ അവളുടെ ഭർത്താവിന്റെ അച്ഛൻ അല്ലേ ആ ഒരു സ്ഥാനം അവൾ എനിക്ക് തരണ്ടേ???””

മോഹനൻ സങ്കടം അഭിനയിച്ചുകൊണ്ട് പറഞ്ഞു.. അതോടെ ഭർത്താവിനെ അന്ധമായി വിശ്വസിച്ചിരുന്ന
ലീലയുടെ നിയന്ത്രണം വിട്ടു. അവർ നേരെ സുപ്രിയയുടെ മുറിയിലേക്ക് പാഞ്ഞുചെന്നു.
​”എന്താടി നീ വിചാരിച്ചത്? നിന്റെ ഭർത്താവ് ഗൾഫിൽ പോയപ്പോൾ നിനക്ക് *&%₹ സഹിക്കാൻ പറ്റുന്നില്ലെങ്കിൽ വല്ല മുള്ളുമുരിക്കലും ചെന്ന് കയറണം. അല്ലാതെ എന്റെ ഭർത്താവിന്റെ അടുത്തല്ല വരേണ്ടത്!” ലീല ആക്രോശിച്ചു.
സുപ്രിയ സ്തബ്ധയായിപ്പോയി. “അമ്മേ, നിങ്ങൾ പറയുന്നത് എന്താണെന്ന് വല്ല നിശ്ചയവും ഉണ്ടോ?? അച്ഛനാണ് എന്നോട് മോശമായി പെരുമാറിയത്.” അവൾ ആവുന്നത് പോലെ പറഞ്ഞു നോക്കി..

“നിന്റെ കള്ളം കേൾക്കാൻ എനിക്ക് താല്പര്യമില്ല. മോഹനേട്ടൻ അങ്ങനെ ചെയ്യില്ല. അങ്ങേർക്കും രണ്ടു പെൺമക്കൾ ഉള്ളതാണ് ഇതുവരെ ഇവിടെ അദ്ദേഹത്തെക്കുറിച്ച് ഒരു പരാതിയും ഇതുപോലെ കേട്ടിട്ടില്ല നിനക്ക് മാത്രമാണല്ലോ പ്രശ്നം….. അത്രയും പറഞ്ഞു,

​അവർ ഉടനെ രാജീവിനെ വിളിച്ചു. “രാജീവേ, ഒന്നുകിൽ നീ നിന്റെ ഭാര്യയെ നിന്റെ കൂടെ കൊണ്ടുപോകുക അല്ലെങ്കിൽ അവൾക്ക്…. ഞാനൊന്നും പറയുന്നില്ല!!! എന്തായാലും അവൾക്ക് ആണുങ്ങളെ വേണമെങ്കിൽ പുറത്തുനിന്ന് ആരെയെങ്കിലും നോക്കാൻ പറ!!!””

ലീല പറഞ്ഞത് കേട്ടതും രാജീവ് ആകെ തകർന്നു..
അച്ഛന്റെയും ഭാര്യയുടെയും ഇടയിൽ പെട്ട് രാജീവ് ആകെ ധർമ്മസങ്കടത്തിലായി… ഒന്നര മാസമേ കൂടെ ഉണ്ടായിരുന്നുള്ളൂ എങ്കിലും തന്നോട് സുപ്രിയ കാണിച്ച സ്നേഹം അവന് മറക്കാൻ കഴിയില്ലായിരുന്നു.. അവൾ തന്നോട് അങ്ങനെ ഒരു തെറ്റ് ചെയ്യുമോ?? അങ്ങനെയാണെങ്കിൽ അച്ഛൻ?? അച്ഛൻ അങ്ങനെ ചെയ്യുമോ അവന് ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി..

​ലീല ഈ പ്രശ്നം അവിടം കൊണ്ട് നിർത്താൻ തയ്യാറല്ലായിരുന്നു. പിറ്റേ ദിവസം തന്നെ അവർ രാജീവിന്റെ അനിയത്തിമാരെയും മറ്റ് അടുത്ത ബന്ധുക്കളെയും വിളിച്ചുകൂട്ടി.

“ഇവളെ എന്റെ വീട്ടിൽ കയറ്റിയത് എന്റെ തെറ്റ്. എന്റെ ഭർത്താവിനെപ്പോലും ഇവൾ വെറുതെ വിടുന്നില്ല,” ലീല ബന്ധുക്കളുടെ മുന്നിൽ വെച്ച് സുപ്രിയയെ അധിക്ഷേപിച്ചു.

ബന്ധുക്കൾ ഓരോരുത്തരായി സുപ്രിയയെ കുറ്റപ്പെടുത്തി സംസാരിച്ചു തുടങ്ങു.

“ഇന്നത്തെ കാലത്തെ പെണ്ണുങ്ങൾ ഇങ്ങനെയാ. കാണാൻ കൊള്ളാവുന്നത് കൊണ്ടുളള അഹങ്കാരമാ,” ഒരാൾ പറഞ്ഞു.

” മോളെ ഇതൊക്കെ പ്രായത്തിന്റെ ഒരുതരം എടുത്തുചാട്ടം ആണ് മോള് ഒന്ന് നന്നായി ചിന്തിക്ക്!!” ഉപദേശവും കുറ്റപ്പെടുത്തലും കേട്ട് അവൾക്ക് മതിയായി..
​സുപ്രിയ ശാന്തമായി എല്ലാവരെയും നോക്കി. “എല്ലാവരും പറഞ്ഞു കഴിഞ്ഞോ? കഴിഞ്ഞെങ്കിൽ പറ ഇനി ഞാൻ എനിക്ക് പറയാനുള്ളത് പറയാം!! അവൾ പറഞ്ഞു…

“ഇനി നിനക്ക് എന്ത് കുന്തം ആണ് പറയാൻ ഉള്ളത്?” ലീല പരിഹസിച്ചു.
സുപ്രിയ തന്റെ ബാഗിൽ നിന്ന് ഫോൺ എടുത്തു. “ഇങ്ങനെ ഒരു സിറ്റുവേഷൻ എന്നെങ്കിലും ഉണ്ടാകും എന്ന് എനിക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് എന്റെ പ്രിയപ്പെട്ട അമ്മായി അച്ഛൻ എന്നോട് മോശമായി സംസാരിച്ചതും പെരുമാറിയതും ഞാൻ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു. അച്ഛൻ എന്ന് വിളിക്കാൻ എനിക്ക് ഇപ്പോൾ അറപ്പ് തോന്നുന്നു.”

​അവൾ ആ റെക്കോർഡിംഗ് പ്ലേ ചെയ്തു. മോഹനൻ അവളോട് മോശമായി സംസാരിക്കുന്നതും, അവളുടെ ദേഹത്ത് തൊടാൻ ശ്രമിക്കുമ്പോൾ അവൾ തടയുന്നതും, അയാൾ അവളെ ഭീഷണിപ്പെടുത്തുന്നതുമെല്ലാം അതിൽ വ്യക്തമായിരുന്നു. ജനലിലൂടെ ഒളിഞ്ഞുനോക്കിയതിനെപ്പറ്റി അവൾ ചോദിക്കുന്നതും അയാൾ അത് നിഷേധിക്കാതെ ചിരിക്കുന്നതും എല്ലാവരും കേട്ടു.
റൂമിൽ പെട്ടെന്ന് നിശബ്ദത പടർന്നു. മോഹനൻ ആകെ വിളറിപ്പോയി. ലീല വിശ്വസിക്കാനാവാതെ തകർന്നുനിന്നു.

ബന്ധുക്കൾ പരസ്പരം നോക്കി. അല്പം മുൻപ് വരെ സുപ്രിയയെ ആക്ഷേപിച്ചവർ ഇപ്പോൾ മോഹനനെതിരെ തിരിഞ്ഞു.
“ഛീ, താനൊക്കെ ഒരു അച്ഛൻ ആണോടോ തനിക്കും രണ്ട് പെൺമക്കൾ ഇല്ലേ?” ഒരു ബന്ധു മോഹനന്റെ മുഖത്തേക്ക് നോക്കി കാർക്കിച്ചു തുപ്പി. “സ്വന്തം മരുമകളെ ഈ കണ്ണോടെ നോക്കാൻ നിങ്ങൾക്ക് എങ്ങനെ തോന്നി?”

അതോടെ സുപ്രിയയെ കുറ്റപ്പെടുത്തിയവർ മുഴുവൻ മോഹനന് എതിരെ തിരിഞ്ഞു എന്നാൽ അതൊന്നും സുപ്രിയ കാര്യമാക്കിയില്ല..
​സുപ്രിയ തന്റെ സാധനങ്ങൾ എല്ലാം പായ്ക്ക് ചെയ്തു. അവിടെ നിൽക്കാൻ അവൾക്ക് ഒരു നിമിഷം പോലും തോന്നിയില്ല.
ലീല അവളുടെ അടുത്തേക്ക് വന്നു. “മോളേ… ഞാൻ…”
“അമ്മ ഒന്നും പറയണ്ട. നിങ്ങൾ എന്നെ ഒരു പെണ്ണായിപ്പോലും കണ്ടില്ലല്ലോ. നിങ്ങളുടെ ഭർത്താവിനെ അമിതമായി വിശ്വസിച്ചപ്പോൾ സ്വന്തം മരുമകളുടെ ആത്മാഭിമാനം നിങ്ങൾ കാണാതെ പോയി.”
സുപ്രിയ വീടിന് പുറത്തേക്ക് ഇറങ്ങി. അപ്പോൾ രാജീവിന്റെ കോൾ വന്നു.

“സുപ്രിയ… ഞാൻ എല്ലാം അറിഞ്ഞു. എനിക്ക് വല്ലാത്ത വിഷമമുണ്ട്. നീ പോകരുത്.”
​സുപ്രിയ ശാന്തമായി പറഞ്ഞു, “രാജീവ്, ഒരു അച്ഛനെ കുറിച്ച് ഒരു മകനും കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു കാര്യമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഞാൻ നിങ്ങളെ കുറ്റം പറയില്ല. എല്ലാവർക്കും സ്വന്തം അച്ഛൻ വലുത് തന്നെയാണ്. പക്ഷേ ഇനി എനിക്ക് അവിടെ തുടരാൻ കഴിയില്ല. എന്റെ ആത്മാഭിമാനം പണയം വെച്ച് എനിക്ക് ജീവിക്കണ്ട. ഞാൻ എന്റെ വീട്ടിലേക്ക് പോവുകയാണ്. നിങ്ങൾക്ക് വേണമെങ്കിൽ അങ്ങോട്ട് വരാം. അതല്ല എന്നുണ്ടെങ്കിൽ നമുക്ക് എന്നെന്നേക്കുമായി ഈ ബന്ധം അവസാനിപ്പിക്കാം.”

രാജീവ് മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ അവന്റെ ഉള്ളിൽ വലിയൊരു പോരാട്ടം നടക്കുന്നുണ്ടായിരുന്നു.
​വീട്ടിലെത്തിയ സുപ്രിയയെ അവളുടെ മാതാപിതാക്കൾ ചേർത്തുപിടിച്ചു. രാജീവ് നാട്ടിലേക്ക് വരാൻ ശ്രമിച്ചെങ്കിലും ജോലി സംബന്ധമായ തിരക്കുകൾ കാരണം സാധിച്ചില്ല. എന്നാൽ അവൻ തന്റെ അച്ഛനോട് പിന്നീട് സംസാരിച്ചില്ല. രാജീവ് വളരെ പെട്ടെന്ന് തന്നെ സുപ്രിയയ്ക്ക് അവന്റെ അടുത്തേക്ക് വരാൻ ആവശ്യമായ പാസ്പോർട്ടും വിസയും ശരിയാക്കി.

“സുപ്രിയ, എനിക്ക് നിന്നെ പിരിയാൻ കഴിയില്ല. നമ്മൾക്ക് ഒരുമിച്ച് ഇവിടെ കഴിയാം,” അവൻ ഫോണിലൂടെ പറഞ്ഞു.
വൈകാതെ സുപ്രിയ ഗൾഫിൽ രാജീവിന്റെ അരികിലേക്ക് പോയി. അവർ പുതിയൊരു ജീവിതം അവിടെ തുടങ്ങു.

​നാട്ടിൽ മോഹനന്റെ അവസ്ഥ ദയനീയമായിരുന്നു. മരുമകളോട് ചെയ്ത ക്രൂരതയുടെ സത്യം പുറത്തായതോടെ നാട്ടുകാരും ബന്ധുക്കളും അയാളെ പൂർണ്ണമായും ഒറ്റപ്പെടുത്തി. സ്വന്തം മക്കളും അയാളെ തഴഞ്ഞു. ലീലയ്ക്ക് പോലും അയാളോട് സംസാരിക്കാൻ വെറുപ്പായിരുന്നു.

സ്വന്തം മകളെപ്പോലെ സംരക്ഷിക്കേണ്ടവളെ കാമ കണ്ണിലൂടെ നോക്കിയ മോഹനൻ, ഇന്ന് എല്ലാവരാലും തിരസ്കരിക്കപ്പെട്ട ഒരു ഭിക്ഷക്കാരനെ പോലെ തന്റെ പാപഭാരവും പേറി ശിഷ്ടകാലം തള്ളിനീക്കേണ്ട അവസ്ഥയിലായി..

എന്തിനും ഒരു കർമ്മഫലം ഉണ്ട് എന്ന് പറയുന്നത് സത്യമാണെന്ന് മോഹനന്റെ ഇപ്പോഴത്തെ ജീവിതം കാണുമ്പോൾ എല്ലാവർക്കും മനസ്സിലാവുന്നുണ്ടായിരുന്നു..

സ്റ്റോറി by ചന്ദ്ര

Leave a Reply

Your email address will not be published. Required fields are marked *