ചെക്കനുമായുള്ള നിന്റെ കൊഞ്ചിക്കുഴയൽ കണ്ടിട്ട് തന്നെയാ, ഇപ്പോൾ പെട്ടന്ന് ഈ കല്യാണം നടത്താൻ അപ്പൻ തീരുമാനിച്ചത്. മിണ്ടാതെ അനുസരിച്ചോളണം.

ലില്ലി

(രചന: അഞ്ജു തങ്കച്ചൻ)

______

 

വേണ്ടപ്പാ, എനിക്കീ വിവാഹം വേണ്ട.

 

അത് നീയല്ല തീരുമാനിക്കുന്നത്, പൂമറ്റത്ത് ഔസേപ്പിന് ഒറ്റത്തന്തയെ ഉള്ളൂ ഒറ്റ വാക്കും..

അയാൾ ദേഷ്യത്തിൽ ആയിരുന്നു.

 

നീയപ്രത്തെങ്ങാനും പോ പെണ്ണേ അപ്പന്റെ വായിലിരിക്കുന്നത് കേൾക്കാതെ,സലോമി അവളെ ഉന്തിത്തള്ളി കൊണ്ടുപോയി.

 

നീയിതെന്നാ ഭാവിച്ചാ, അപ്പനോട് ഇങ്ങനൊക്കെ പറയാൻ മാത്രം വളർന്നോ നീയ് ?

 

അമ്മച്ചീ…അമ്മച്ചിയെങ്കിലും എന്നെയൊന്നു മനസിലാക്ക്. എനിക്കീ വിവാഹം വേണ്ടാ…

 

ദേ… പെണ്ണേ നിന്റെ മനസ്സിലിരിപ്പ് നടക്കില്ല,ആ ഉണ്ണിത്താന്റെ ചെക്കനുമായുള്ള നിന്റെ കൊഞ്ചിക്കുഴയൽ കണ്ടിട്ട് തന്നെയാ, ഇപ്പോൾ പെട്ടന്ന് ഈ കല്യാണം നടത്താൻ അപ്പൻ തീരുമാനിച്ചത്. മിണ്ടാതെ അനുസരിച്ചോളണം.

ലില്ലിയുടെ കൈത്തണ്ടയിൽ സലോമിയുടെ നഖപ്പാട് പതിഞ്ഞു.

 

അപ്പന് പത്ത് നാല്പത് ഏക്കർ തോട്ടമുണ്ട്. ഹൈറേഞ്ചിന്റെ തണുപ്പും കുളിരും മഞ്ഞും മഴയും ഒന്നുമേൽക്കാതെ തങ്ങളെ പൊതിഞ്ഞു സംരക്ഷിക്കാൻ അപ്പൻ വലിയൊരു ഇരുനില ബംഗ്ലാവും പണിതിട്ടുണ്ട് . ഏലവും,കുരുമുളകും, ഗ്രാമ്പുവും ഒക്കെയായി നിറച്ചും ആദയമുണ്ട് പറമ്പിൽ.സ്ഥിരം പണിക്കാരും,അവർക്ക് താമസിക്കാൻ ചെറിയ കെട്ടിടങ്ങളും അപ്പൻ പണികഴിപ്പിച്ചിട്ടുണ്ട്

 

ഒറ്റപ്പെടലിന്റെ നടുവിലായിരുന്നു ജീവിതം. രാവിലെ തോട്ടത്തിലേക്ക് ജോലിക്കാർക്കൊപ്പം പോകുന്ന അപ്പൻ, വീട്ട്ജോലിക്കാർക്ക് നിർദേശം നൽകി അവരെ പേടിപ്പിക്കുന്ന അമ്മച്ചി .ഒരു സഹോദരൻ ഉള്ളത് നാട്ടിലില്ല ബാംഗ്ലൂരിൽ പഠിക്കുന്നു.

അല്ലെങ്കിലും ഇച്ചായൻ ഇവിടുണ്ടെങ്കിലും അധികം സംസാരമൊന്നുമില്ല. രാവിലെ വണ്ടിയുമെടുത്ത് സുഹൃത്തുക്കളോടൊപ്പം പുറത്തു പോകും.

 

തോട്ടത്തിൽ ഈ ഒരൊറ്റ വീട് മാത്രമേ ഉള്ളൂ പിന്നെ ആരാണ് കൂട്ട് കൂടാൻ ഉള്ളത്. ഒന്ന് മിണ്ടാൻ പോലും ആരുമില്ലാത്ത ലില്ലിയുടെ ജീവിതത്തിലേക്കാണ് അവൻ വന്നത്ശ്രീഹരി.

തോട്ടത്തിൽ പണിക്ക് വന്ന ഉണ്ണിത്താന്റെ മകനാണ് ശ്രീഹരി. രണ്ട് കൊല്ലമേ ആയിട്ടുള്ളൂ അവർ ഇവിടെ വന്നിട്ട്.

അവനെന്നോട് ഒരുപാട് തമാശകൾ പറയും, ഒത്തിരി ചിരിപ്പിക്കും. ഞങ്ങൾ പട്ടമുണ്ടാക്കി കുന്നിന്റെ മുകളിൽ പോയി ഉയർത്തും, കാറ്റിന്റെ കൈകളിലേറി പട്ടം പറന്നുപൊങ്ങുന്ന കാഴ്ച്ച ഒന്ന് കാണേണ്ടത് തന്നെയാണ്. ദൂരെ ഡാം തുറന്ന് വിടുമെന്ന മുന്നറിയിപ്പായി സൈറൺ മുഴങ്ങുമ്പോൾ ഞങ്ങൾ ഓടും, ഷട്ടർ തുറക്കുമ്പോൾ ഇരമ്പിച്ചാടുന്ന വെള്ളം കാണാൻ എന്തൊരു ചേലായിരുന്നു

എന്റെ മുഖത്തെ ചിരിക്കുവേണ്ടി അവൻ എന്തും ചെയ്യും…

എപ്പോഴോ അവനെന്റെ ഹൃദയത്തിൽ കൂടുകൂട്ടി.അവനായിരുന്നു എന്റെ ലോകം.

 

പക്ഷെ ഒരു തോട്ടം തൊഴിലാളിയുടെ മകനുമായുള്ള സൗഹൃദം അമ്മച്ചിക്ക് തീരെ ഇഷ്ട്ടമായില്ല.

 

അമ്മച്ചിയുടെ കണ്ണുകൾ സദാസമയവും തന്റെ പിന്നാലെ ആയി.

പഴയത് പോലെ ശ്രീയെ കാണാനും മിണ്ടാനും ഒന്നും പറ്റില്ല.

കാണാതെ ഇരിന്നപ്പോഴാണ് തമ്മിൽ ഉണ്ടായിരുന്ന സ്നേഹത്തിന്റെ ആഴം പരസ്പരം മനസിലായത്.

 

പിന്നീട് കാത്തുകാത്തിരുന്നു വല്ലപ്പോഴും കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നും.ഒരു ജന്മം മുഴുവൻ ഒരുമിച്ചിരിക്കാൻ കഴിയണേ എന്ന് മാത്രമായിരുന്നു രണ്ടാളുടെയും പ്രാർത്ഥന.ചില ദിവസങ്ങളിൽ പുഴയിൽ കുളിക്കാൻ പോകും. പുഴക്കരയിൽ അവൻ കാത്തിരുപ്പുണ്ടാകും. തന്റെ നീണ്ട മുടിയിൽ അവൻ ചെമ്പരത്തിത്താളി തേച്ച് തരും.ഒരുപാട് നേരം സംസാരിക്കും. പുഴക്കരയിൽ നമുക്കൊരു കൊച്ചുവീട് പണിയണമെന്നും നമുക്ക് കുറേ കുട്ടികൾ വേണമെന്നും അവൻ പറയും.

 

പക്ഷെ പറ്റിയില്ല, അപ്പൻ അതിന് സമ്മതിച്ചില്ല.

ശ്രീഹരിക്കൊപ്പം പോകുമെന്ന് പറഞ്ഞതിന് അപ്പന്റെ കൈയിൽ നിന്നും കിട്ടിയ അടിക്ക് കണക്കില്ല.

 

അന്ന് റോയിച്ചൻ കെട്ടിയ താലിയുമായി, റോയിച്ചന്റെ വീട്ടിലേക്ക് പോകുമ്പോൾ കണ്ടു, വഴിക്കപ്പുറം വാഹനത്തിലേക്ക് നോക്കികൊണ്ട് ഓടി വരുന്ന ശ്രീഹരിയെ..

ശ്രീയുടെ ഇരുകണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു

അതായിരുന്നു അവസാന കാഴ്ച്ച.

 

പിറ്റേന്ന് ആരോ പറഞ്ഞാണ് അറിഞ്ഞത് പുഴയിൽ വീണ് ശ്രീഹരി മരിച്ചത്രേ…

 

പക്ഷെ, തനിക്കറിയാം അവൻ മരിച്ചതല്ല. ഈ ലില്ലി കൂടെയില്ലാത്ത ഒരു ജീവിതം അവന് വേണ്ടെന്ന് തോന്നി അതവൻ അവസാനിപ്പിച്ചതാണെന്ന്.

 

ഒരു പതിനെട്ട് കാരിക്ക് അന്ന് ഒന്നിനും കഴിഞ്ഞില്ല.

അന്ന് ഒരല്പം ധൈര്യം കിട്ടിയിരുന്നെങ്കിൽ അവനോടൊപ്പം ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ജീവിക്കാമായിരുന്നു, അവന്റെ കുഞ്ഞുങ്ങളെ പെറ്റുവളർത്താമായിരുന്നു. ജീവിക്കാൻ കഷ്ടപ്പെടേണ്ടി വന്നാലും, രാത്രിയിൽ അവന്റെ കൈകളിൽ ഏറ്റവും സമാധാനത്തോടെ തല ചായ്ക്കാമായിരുന്നു.

 

വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്കു ശേഷം റോയിച്ചനോടൊപ്പം വിദേശത്തേക്ക് പറിച്ചു നട്ടതോടെ താൻ വല്ലാതെ ഒറ്റപ്പെട്ടു.

 

റോയിച്ചനെ സ്നേഹിക്കാൻ തനിക്ക് അറിയില്ലായിരുന്നു.

താനെപ്പോഴും അവനെ മാത്രേ സ്നേഹിച്ചിരുന്നുള്ളൂ തന്റെ ശ്രീഹരിയെ

 

എപ്പോഴൊക്കെയോ സംഭവിച്ചു പോയ ഇണച്ചേരലിൽ റോയിച്ചൻ തൃപ്തനായിരുന്നില്ല. എങ്കിലും പരാതി പറഞ്ഞില്ല.ഇണ ചേരാൻ പ്രണയം വേണ്ടെന്നറിഞ്ഞത് റോയിച്ചന്റെ കൂടെ ജീവിക്കാൻ തുടങ്ങിയതിൽ പിന്നെയാണ്.

 

അതിനിടയിൽ മോൻ ജനിച്ചു.

റോയിച്ചൻ ജോലിക്ക് പോയി കഴിഞ്ഞാൽ പിന്നെ താനും മോനും മാത്രം.

അവൻ വളരുന്നത് വരെ അവന്റെ ചിരിയും കൊഞ്ചലും കണ്ടിരിക്കും.

അവൻ പഠിക്കാൻ പോയി തുടങ്ങിയപ്പോൾ മുതൽ വീണ്ടും ഒറ്റപ്പെടൽ തുടങ്ങി.

 

അതിനിടയിൽ റോയിച്ചൻ കാതറിൻ എന്നൊരു സ്ത്രീയുമായി പ്രണയത്തിലായി.

അതറിഞ്ഞപ്പോൾ ആശ്വാസമാണ് തോന്നിയത്, ഭർത്താവിന്റെ അവിഹിതബന്ധമറിഞ്ഞ് സന്തോഷിച്ച ആദ്യത്തെ ഭാര്യ താനായിരിക്കും

 

റോയിച്ചൻ ഒരു സാധാരണ പുരുഷനാണ്. സ്നേഹിക്കപ്പെടാൻ കാമിക്കപ്പെടാൻ ഏറെ കൊതിയുള്ളൊരു മനുഷ്യൻ.

എന്നാൽ ആ മനുഷ്യനെ സ്നേഹിക്കാൻ തനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല.

അലിവോടെയുള്ള ഒരു നോട്ടം, നെറ്റിയിൽ ഒരു മൃദുചുംബനം, അതുപോലും പോലും ഇത് വരേയും താനയാൾക്ക് നൽകിയിട്ടില്ല.

 

കാതറിനെക്കുറിച്ച് താനതറിഞ്ഞുവെന്ന് റോയിച്ചന് മനസിലായത് കൊണ്ടാകും, വല്ലപ്പോഴും ഉള്ള സംസാരം തന്നെ തങ്ങൾക്കിടയിൽ കുറഞ്ഞു വന്നു.

 

ഒരു മനുഷ്യന്റെ മുഴുവൻ സ്വപ്നങ്ങളെയും, അയാളുടെ ഉള്ളിലെ മോഹങ്ങളെയും പാടെ തകർത്തു കളഞ്ഞ ഒരു മോശം ഭാര്യ ആയിരുന്നില്ലേ താൻ??

സന്തോഷവും സ്നേഹവും നിറഞ്ഞ ഒരു കുടുംബം ഉണ്ടാക്കാനല്ലേ അയാൾ തന്നെ വിവാഹം ചെയ്തത്.എന്നിട്ടും നല്ലൊരു ഭാര്യയാവാൻ തനിക്കു കഴിഞ്ഞില്ല. ഈ ജന്മം അതിന് കഴിയുകയുമില്ല.

 

ഞങ്ങൾ നല്ല ദമ്പതികൾആയിരുന്നില്ലെങ്കിലും,

ഞാനൊരു നല്ല അമ്മയായിരുന്നു. റോയിച്ചൻ നല്ലൊരു അച്ഛനും.

 

മകന് ഇരുപതുവയസായപ്പോൾ അവൻ തുടർപഠനത്തിനായി മറ്റൊരിടത്തേക്ക് ചേക്കേറി.

അതോടെ എനിക്കും റോയിച്ചനും ഇടയിലുള്ള മൗനത്തിന്റെ കനമേറി വന്നു.

 

എനിക്കെന്റെ ശ്രീഹരിയെ മാത്രേ സ്നേഹിക്കാനാകൂ…രതിയുടെ നീല ജാലകങ്ങൾ തുറന്ന് അവനെ മാത്രമേ അകത്തേക്ക് ക്ഷണിക്കാനാകൂ.

എന്റെ ശ്രീ… നീയറിയുന്നുണ്ടോ ഞാനിവിടെ ഉരുകുന്നുന്നത്??നീയേത് ലോകത്തിലാണ് എന്നെ കാത്തിരിക്കുന്നത്??

 

കടുത്ത ഒറ്റപ്പെടലിൽ നിന്നും ഒരു മോചനത്തിനായാണ് ചിത്രം വരയ്ക്കാൻ തുടങ്ങിയത്.

പുഴക്കരയിൽ ആരെയോ കാത്തിരിക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രമാണ് ആദ്യം വരച്ചത്..

പിന്നീട് കാണുന്ന എല്ലാപേപ്പറുകളിലുംലില്ലി ചിത്രങ്ങൾ വരച്ചു തുടങ്ങി. പതഞ്ഞൊഴുകുന്ന പുഴയുടെ ചിത്രങ്ങൾ മാത്രം എല്ലായിടത്തും നിറഞ്ഞു.പതിയെ പേപ്പറുകൾ ഉപേക്ഷിച്ചവൾ ഭിത്തിയിൽ വരയ്ക്കാൻ തുടങ്ങി.അവളുടെ മുറിയിലെ ഭിത്തിയിൽ നിറയെ നീണ്ടും, വളഞ്ഞും ,ചില നേരങ്ങളിൽ കുത്തിയൊലിച്ചു രൗദ്രഭാവത്തോടെയും ഒഴുകുന്ന നദികളുടെ ചിത്രങ്ങൾ നിറഞ്ഞു.

ആ മുറിയിൽ ഒറ്റക്കിരുന്നവൾ പുഴയുടെ ഭംഗി ആസ്വദിച്ചു.

 

അവളുടെ ആ പ്രവർത്തികൾ റോയിച്ചനിൽ വല്ലാത്ത ആശങ്ക ഉണ്ടാക്കി.

നാട്ടിൽ പോകാൻ തീരെ ഇഷ്ടമില്ലാത്ത ലില്ലിയെ നിർബന്ധിച്ചാണ് മുൻപൊക്കെ നാട്ടിൽ കൊണ്ടുപോയിരുന്നത്.

 

എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുൻപ് അവളുടെ ആഗ്രഹപ്രകാരമാണ് നാട്ടിൽ,പുഴക്കരയിൽ അതിമനോഹരമായ ഒരു വീട് പണിതത്. വീട് പണി കഴിഞ്ഞ് അവിടെ താമസിച്ച കുറച്ച് ദിവസങ്ങളിൽ അവൾ ഒരുപാട് സന്തോഷവതിയായിരുന്നു എന്നയാൾ ഓർമ്മിച്ചു.

 

അതുകൊണ്ട് കുറച്ച് ദിവസം നീ നാട്ടിൽ പോയി നിൽക്കാൻ റോയിച്ചൻ പറഞ്ഞപ്പോൾ അവൾക്ക് സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു.

 

നാട്ടിൽ എത്തിയതും അവളൊരു കുട്ടിയെ പോലെ തുള്ളിച്ചാടി, കുളിരുന്ന തണുപ്പിൽ ഏറെനേരം നിന്നു.

 

കർക്കിടക മഴ തിമിർത്തു പെയ്യുന്നുണ്ടായിരുന്നു. അവൾ അപ്പനേയും അമ്മയെയും പോയി കണ്ടു. ഏറെ നേരം അവർക്കൊപ്പം ചിലവഴിച്ചു.

ഇച്ചായനും പെണ്ണും ടൗണിനടുത്ത് വീട് വച്ച് അവിടെയാണ് താമസം.

 

തോട്ടത്തിൽ ഇപ്പോൾ അധികം കൃഷിയൊന്നും ഇല്ല. ചിലയിടങ്ങളിൽ വെറുതെ പൊന്തക്കാട് പിടിച്ചു കിടക്കുന്നു.

 

ശ്രീഹരി താമസിച്ചിരുന്ന ചെറിയ വീടിന്റെ തറ മാത്രം അവിടെയുണ്ട്.

 

അല്പം ദൂരെയായി,തമ്മിൽ പതിവായി കാണാറുള്ള പുഴക്കരയാകെ വെള്ളം കയറി മൂടിയിരിക്കുന്നു.

 

ദേ… നോക്ക് ലില്ലി നിന്റെ മുടിയുടെ അഴക് പോലെ, ഓളങ്ങളിലേക്ക് ഒഴുകിയിറങ്ങാൻ കൊതിക്കുന്ന പച്ചപ്പായലിന്റെ മിനുമിനുപ്പ് നോക്കി അവൻ പറഞ്ഞത് അവൾക്ക് ഓർമ്മ വന്നു.അവന് തന്റെ നീണ്ട മുടിച്ചുരുളുകൾക്കിടയിൽ മുഖമൊളിപ്പിക്കുന്നത് ഏറെ ഇഷ്ട്ടമായിരുന്നു.

 

ശ്രീ… നോക്കിക്കേ,ഞാൻ നാല്പത് വയസ്സിലെത്തി എങ്കിലും എന്റെ മുടി അതേ പോലെ ഞാൻ സംരക്ഷിച്ചിട്ടുണ്ട്. നോക്ക് നിന്റെ ലില്ലി ഇപ്പോഴും നിന്നെ മാത്രേ സ്നേഹിക്കുന്നുള്ളൂ..

 

ഇങ്ങോട്ട് പോരേ മോളേ… പുഴ കലിതുള്ളി നിറഞ്ഞൊഴുകുവാ… അപ്പൻ വിളിക്കുന്നത്‌ കേട്ട് അവൾ അപ്പന്റെ അടുത്തേക്ക് പോയി.

 

അപ്പനോടും അമ്മച്ചിയോടും യാത്ര പറഞ്ഞ് ,പുതുതായി പണികഴിപ്പിച്ച വീട്ടിലേക്ക് പോകുംമുൻപ്,അവൾ അവരുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.

 

പുഴക്കരയിലെ വീട്ടിലെ ഭിത്തിയിലും അവൾ ചിത്രങ്ങൾ വരച്ചു.പുഴക്കപ്പുറം ഇരു കൈകളും നീട്ടി നിൽക്കുന്ന ഒരു പുരുഷൻ,ഇങ്ങേക്കരയിൽ അയാളെ നോക്കി പുറം തിരിഞ്ഞു നിൽക്കുന്ന ഒരു യുവതി.അവളുടെ മുടിയഴിഞ്ഞു നീണ്ട് കിടക്കുകയാണ്.

ചിത്രം വരച്ചു പൂർത്തിയാക്കി ലില്ലി ബ്രഷ് മേശപ്പുറത്ത് വച്ചു.

 

രാത്രിയിലുടനീളം കർക്കിടകപ്പെരുമഴ ആർത്തു പെയ്തു.

സമീപവാസികൾ വെള്ളം കയറുമോയെന്ന ഭീതിയിൽ ബന്ധുവീടുകളിലേക്കും മറ്റും അഭയം തേടി രാത്രിയിൽ തന്നെ മാറി.

 

ലില്ലി മഴ കാണുകയായിരുന്നു. നിർത്താതെ പെയ്യുന്ന പെരുമഴ …

ലില്ലി… ദേ…കേൾക്കുന്നില്ലേ സൈറൺ മുഴങ്ങുന്നത്,ഡാം തുറന്ന് വിടാൻ പോകുവാ.

ഓടിവാ.. നമുക്ക് കാണാം.. ശ്രീയുടെ ശബ്‌ദം, അയാൾ അവൾക്ക് നേരെ ഇരു കരങ്ങളും നീട്ടി

 

ദാ… വരുന്നു ശ്രീ…..

ഇരച്ചെത്തിയ വെള്ളം അവളെ ആഞ്ഞു പുൽകി..

 

പതിവില്ലാത്ത വിധം കർക്കിടകപ്പെരുമഴയപ്പോഴും ആർത്തലച്ചു പെയ്തുകൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *