രോഗിയായ ഒരു പെണ്ണാണ് ഞാനെന്ന പരിഗണന പോലും അയാൾ തന്നില്ല… എന്തിനാണ് ഇത്രയും എന്നെ ദ്രോഹിക്കുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നില്ല..

(രചന: Sinana Diya)

 

ആഡംബരത്തിന്റെയും അഹങ്കാരത്തിന്റെയും മഞ്ഞവെളിച്ചമായിരുന്നു എന്റെ മിഴികൾ നിറയെ…

 

ഇല്ലായ്മയിൽ നിന്നും ഉള്ളതിലേക്കുള്ള ദൂരം ഓടി തീർക്കുകയായായിരുന്നു ഞാൻ..

പക്ഷെ ആ യാത്ര പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു…

 

വഴികാട്ടിയായി വെളിച്ചം തെളിയിച്ചവരെ വില കൽപിക്കാത്തത് കൊണ്ടാവണം തമ്പുരാൻ ആ വെളിച്ചം എന്നന്നേക്കുമായി ഊതികെടുത്തി…

 

സ്നേഹിച്ചിരുന്നോ? എപ്പോഴെങ്കിലും പരിഗണിച്ചിരുന്നോ?

അറിയില്ല..

തന്റെ വാശിക്ക് മുൻപിൽ അടിയറവു പറഞ്ഞു ആവശ്യങ്ങൾ നടത്തിതരുന്ന ഒരാളായി മാത്രമാണോ കണ്ടത്?

 

ഇനിയില്ല എന്നതിലുപരി ആവശ്യങ്ങൾ നിറവേറില്ല എന്ന തിരിച്ചറിവാണോ തന്നെ ഇവിടെ എത്തിച്ചത്?

 

ഇരവുകളും പകലുകളും കൊഴിഞ്ഞു പോകുന്നത് അറിയാതെ ഇന്നേക്ക് കൃത്യമായി എത്ര ദിവസങ്ങളായി ഞാൻ ഈ നാല് ചുമരുകൾക്കുള്ളിൽ തളക്കപ്പെട്ടിട്ട്.

 

ഓർമ്മകളിൽ ഒന്നും തെളിയാത്ത ശൂന്യമായ ദിനങ്ങളിൽ നിന്നും പതുക്കെ ഞാൻ പുറത്തു കടക്കുകയാണ്. എന്നാൽ പുറത്തു വരാന്തയിൽ സെക്യൂരിറ്റിയുടെ കറുത്ത ലാടം വച്ച ബൂട്ടുകൾ അമരുന്ന ശബ്ദം നെഞ്ചിൽ കടുത്ത ഭീതിയും പിരിമുറുക്കവും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

 

കയ്യിലെ ഞരമ്പുകൾ സിറിഞ്ചുകളിൽ നിന്ന് മരുന്നുകൾ പലവട്ടം കയറി തളർന്നിരിക്കുകയാണ്..

 

ഓർമ്മകളിൽ എന്നാണ് താനിവിടെ വന്നതെന്നത് ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്ഇപ്പോൾ. ഉപബോധമനസ്സിൽ നിന്നും ബോധത്തിന്റെ തലങ്ങളിലേക്ക് മനസ്സ് കുറെയൊക്കെ സഞ്ചരിക്കാൻ പര്യാപ്തം ആയിരിക്കുന്നു..

 

തീർച്ചയായും ഇന്ന് അവർ വരുമ്പോൾ വീട്ടിലേക്ക് പോകണം എന്ന് എനിക്ക് പറയണം. മക്കളെ കണ്ടിട്ട് എത്ര ദിവസമായി..

 

ഉറക്ക മരുന്നുകളുടെ ലഹരി വിട്ടുമാറാത്ത കണ്ണുകൾ വലിച്ചു തുറന്നു ഇരുമ്പു വാതിലിന്റെ ഇടയിലൂടെ ദൂരേക്ക് നോക്കി ഞാൻ കിടന്നു..

 

വരാന്തയിലൂടെ അകലെ നിന്ന് ആ സുന്ദരി നേഴ്സ് കുട്ടി ഓരോ സെല്ലുകളിലായി കയറി ഇറങ്ങുന്നുണ്ട്. കൂടെ ആ മുരടൻ സെക്യൂരിറ്റിയും.. ഒരിക്കൽ അയാളുടെ കയ്യിലുള്ള ചൂരലിന്റെ വേദന എന്റെ പുറത്തെ മൃദുലമായ മാംസം അറിഞ്ഞതാണ്..

 

സർവ്വവും നഷ്ടപ്പെട്ട മാനസിക രോഗിയായ ഒരു പെണ്ണാണ് ഞാനെന്ന പരിഗണന പോലും അയാൾ തന്നില്ല… എന്തിനാണ് ഇത്രയും എന്നെ ദ്രോഹിക്കുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നില്ല..

 

എത്രയായാലും ഞാൻ ഒരു രോഗിയല്ലേ.. അവസാനം ആ സുന്ദരി നഴ്സു കുട്ടി അയാളെ തടഞ്ഞപ്പോഴാണ് പല്ല് കടിച്ച് ഞെരിച്ചു കൊണ്ട് അയാൾ വരാന്തയിലേക്ക് ഇറങ്ങി നിന്നത്.. എന്നെപ്പോലെ മാനസിക അസ്വസ്ഥത ബാധിച്ച രോഗികളെ തല്ലുന്നതിൽ അയാൾ ആനന്ദം കണ്ടെത്തിയിരിക്കുന്നു.

 

സത്യത്തിൽ ഞാനാണോ അയാളാണോ മാനസിക രോഗി..

എല്ലാം ഞാൻ ചെയ്ത തെറ്റുകളുടെ ഫലമാണെന്ന് മനസ്സിനെ പറഞ്ഞു മനസ്സിലാക്കാനും എന്റെ തെറ്റുകൾക്കുള്ള ശിക്ഷയായി അതേറ്റെടുക്കുവാനും ഞാൻ തയ്യാറായി കഴിഞ്ഞിരുന്നു.

 

പക്ഷെ ആ സെക്യൂരിറ്റിയുടെ കൈകൾ പലപ്പോഴും അതിരുവിട്ട് എന്റെ സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറുന്നത് മയക്കത്തിനിടയിലും ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു.. അതിൽ പിന്നെയാണ് ഇവിടെ നിന്ന് പുറത്തു കടക്കണം എന്ന ദൃഢ നിശ്ചയം എന്നിൽ വന്നുചേർന്നത്..

 

എന്റെ സ്വാർത്ഥത, മറ്റുള്ളവരുടെ മുന്നിൽ പൊങ്ങച്ചം കാണിക്കാനുള്ള ആഗ്രഹം അല്ലെങ്കിൽ വിവരമില്ലായ്മയാണ് എന്നെ ഈ ഗതിയിലേക്ക് എത്തിച്ചത്….

 

ബന്ധങ്ങൾക്ക് വില കൽപിക്കാതെ പണത്തിനു മാത്രം മൂല്യം നൽകി ഞാൻ ഏതോ ഒരു മായാ ലോകത്ത് ആയിരുന്നു ഇത്രയും നാളും സഞ്ചരിച്ചിരുന്നത്. പക്ഷേ എന്റെ ജീവന്റെ പാതിയായ അദ്ദേഹം എന്നെ വിട്ടു പോയപ്പോൾ ആണ് ഞാനാ സത്യം മനസ്സിലാക്കിയത്,പണം കൊണ്ട് നേടിയെടുക്കാൻ പറ്റാത്ത വേറെയും ഒരുപാട് കാര്യങ്ങൾ നമുക്ക് ചുറ്റും ഉണ്ടെന്നത്…

 

എന്റെ വീട്ടിലെ അഞ്ചു മക്കളിൽ ചെറിയവൾ ആയിരുന്നു ഞാൻ. കഷ്ടപ്പാടിലാണ് ജീവിതം എങ്കിലും ഞാൻ ഇളയതായതുകൊണ്ട് എനിക്ക് എല്ലാം വാങ്ങിത്തരുമായിരുന്നു… എന്റെ എല്ലാ വാശികൾക്കും എല്ലാവരും കൂട്ടുനിൽക്കുമായിരുന്നു.

 

ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് അദ്ദേഹത്തിന്റെ കല്യാണആലോചന വരുന്നത്. സ്വർണവും പണവും ഒന്നും വേണ്ട എന്നെ മാത്രം മതി എന്നായിരുന്നു അവരുടെ ഡിമാൻഡ്.. ഞാൻ നല്ല വെളുത്തിട്ടും അദ്ദേഹം ഇരുനിറവും ആയിരുന്നു.എനിക്ക് അതിൽ ചെറിയ ഒരു ഇഷ്ടക്കേട് ഉണ്ടായിരുന്നു…

 

അത് കണ്ട് ചേച്ചിമാർ പറയുമായിരുന്നു നിറത്തിൽ ഒന്നും കാര്യവും ഇല്ല ഒരുമിച്ചു ജീവിച്ചു തുടങ്ങുമ്പോൾ നിനക്കതു മനസ്സിലാവൂമെന്നു. പിന്നെ ആൾ സ്വന്തമായി ഗൾഫിൽ ഷോപ്പ് നടത്തുകയാണ് കൂട്ടിന് അനിയനും ഉണ്ട്…. വീട്ടുകാർക്ക് എല്ലാം ഇഷ്ടമായി പിന്നെ ഞാനും സമ്മതിക്കേണ്ടി വന്നു….

 

എനിക്ക് വേണ്ട സ്വർണം എല്ലാം അദ്ദേഹത്തിന്റെ വക ആയിരുന്നു അങ്ങനെ എല്ലാംകൊണ്ടും ആർഭാടമായി തന്നെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു…. ഞാൻ സ്വപ്നം കണ്ടതിൽ കൂടുതൽ സൗഭാഗ്യങ്ങൾ എന്നെ തേടിയെത്തി.

 

ബന്ധുക്കളും കൂട്ടുകാരികളും അസൂയയോടെ ഒളിഞ്ഞും മറഞ്ഞും എല്ലാം എന്റെ ഭാഗ്യം എന്ന് പറഞ്ഞ് അസൂയപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ അതൊരു ഭാഗ്യം തന്നെയായിരുന്നു … ഞാനൊരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല അങ്ങനെ ഒരു ജീവിതം….

 

അദ്ദേഹമായിരുന്നു വീട്ടിലെ മൂത്ത മകൻ കൂടാതെ രണ്ട് അനിയത്തിമാരും ഒരു അനിയനും അച്ഛനും അമ്മയും അടങ്ങുന്നതായിരുന്നു അവരുടെ വീട്. അനിയത്തിമാരിൽ ഒരാളുടെ വിവാഹം മുൻപേ കഴിഞ്ഞിരുന്നു. അവർ എല്ലാവർക്കും എന്നെ വല്യ ഇഷ്ടമായിരുന്നു…

 

മധുവിധു കഴിഞ്ഞു രണ്ടുമാസമായപ്പോഴേക്കും അദ്ദേഹത്തിന് ഷോപ്പിലേക്ക് പെട്ടെന്ന് തിരിച്ചു പോകേണ്ടിവന്നു. പോയതിനുശേഷം ആണ് ഞാൻ പ്രെഗ്നന്റ് ആണെന്നു പോലും അദ്ദേഹം അറിഞ്ഞത്….സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു അതൊക്കെ. വീട്ടിൽ ആദ്യത്തെ കുഞ്ഞ് പിറക്കാൻ പോകുന്നതിന്റെ സന്തോഷം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു. അവരെന്നെ സ്നേഹം കൊണ്ട് മൂടുകയായിരുന്നു.

 

വർഷത്തിലൊരിക്കൽ അദ്ദേഹം നാട്ടിൽ വരുമായിരുന്നു പിന്നെ അവിടുത്തെ സീസൺ തുടങ്ങിയാലേ തിരിച്ചു പോകത്തുള്ളൂ… അങ്ങനെ നാളുകൾ കഴിഞ്ഞു നീങ്ങവേ അനിയന്റെയും അനിയത്തിയുടെയും കല്യാണം കഴിഞ്ഞു…

 

15 വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ ഞങ്ങൾക്ക് മൂന്നു മക്കളും ആയി അനിയനും രണ്ടു കുട്ടികൾ ആയപ്പോഴാണ് പുതിയൊരു വീട് വെച്ച് മാറിയാലോ എന്ന ചിന്ത എന്നിൽ വന്നത്…

 

അങ്ങനെ ചെറിയൊരു വീട് വെക്കാം എന്ന അദ്ദേഹത്തിന്റെ തീരുമാനത്തിൽ നിന്നും വ്യത്യസ്തമായി 3000 സ്ക്വയർ ഫീറ്റ് വീട് വേണമെന്നെത് എന്റെ വാശിയായിരുന്നു… ഇതുവരെ എന്റെ വാശികൾ അദ്ദേഹം സന്തോഷപൂർവ്വം ചെയ്തുതരുമായിരുന്നു… ഇവിടെ വന്നതിനു ശേഷം ഇല്ലായ്മ എന്താണെന്ന് ഞാൻ അറിഞ്ഞിട്ടില്ല.

 

ഇതിനിടയിൽ അദ്ദേഹത്തിന്റെ ഷോപ്പ് അവിടെ നഷ്ടത്തിൽ ആണെന്ന് അനിയൻ വീട്ടുകാരോട് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല അവരെന്നെ അറിയിച്ചിട്ടില്ല എന്നതായിരുന്നു സത്യം.

 

എന്റെ കാശു കൊണ്ടുള്ള ധൂർത്തടി കാണുമ്പോൾ അവരെന്നെ ഉപദേശിക്കാറുണ്ടായിരുന്നു കുറ്റപ്പെടുത്തി സംസാരിക്കുകയും ചെയ്തിരുന്നു പക്ഷേ അതൊക്കെ എന്നോടുള്ള ഇഷ്ടകുറവ് കൊണ്ടാണെന്നു സ്വയം കരുതി…

 

ഇത്ര വലിയ വീട് കയറ്റുന്നതിൽ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു പക്ഷേ അദ്ദേഹം എന്റെ ഇഷ്ടത്തിന് കൂട്ടുനിന്നു… എല്ലാരും അവഗണിക്കുമ്പോൾ ചേർത്ത് നിർത്തിയിട്ടേ ഉള്ളൂ… ആ മനുഷ്യൻ എന്നെ ഇത്രമാത്രം സ്നേഹിച്ചിട്ടുണ്ടായിരിക്കണം.. ബന്ധങ്ങൾക്കൊന്നും വിലകൽപ്പിക്കാതെ ഞാനെന്തൊക്കെയോ ചെയ്തുകൂട്ടി… അങ്ങനെ ഒരു വർഷത്തിനുള്ളിൽ ആ വലിയ വീട്ടിൽ ഞാനും മക്കളും പിന്നെ വല്ലപ്പോഴും വീട്ടിൽ വരുന്ന അദ്ദേഹവും മാത്രമായി.

 

വീടുപണിക്ക് വേണ്ടി എന്റെ സ്വർണം വിറ്റിട്ടുണ്ടായിരുന്നു എന്നാൽ രണ്ടു വർഷത്തിനുള്ളിൽ അദ്ദേഹത്തെ സ്വൈര്യം കെടുത്തി ഞാൻ അതെല്ലാം വാശിയോടെ നേടിയെടുത്തു.

 

ഇതിനിടയിൽ അദ്ദേഹത്തിന് രണ്ടുവട്ടം അറ്റാക്ക് വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. രണ്ടു വട്ടവും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്, മരുന്നുകൾ ഒന്നും മുടക്കരുത് ടെൻഷൻ പാടില്ല എന്ന് dr പ്രത്യേകം പറഞ്ഞിരുന്നു. അസുഖം എല്ലാം ഭേദമായപ്പോൾ മക്കളുടെ പഠിപ്പ് വീട്ടു ചെലവ് അങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാൻ ഉണ്ടെന്ന് പറഞ്ഞ് ഗൾഫിലേക്ക് അദ്ദേഹം തിരികെ പോയി.

 

അപ്പോഴും എന്റെ ആഗ്രഹങ്ങൾക്കും മോഹങ്ങൾക്കും അറ്റമില്ലായിരുന്നു… എല്ലാ ടെൻഷനും മാറ്റിവെച്ച് എന്റെ കാര്യങ്ങൾക്കൊരു കുറവും വരുത്താതെ എന്നെ ഒന്നും അറിയിക്കാതെ അദ്ദേഹംഅങ്ങനെ എല്ലാ ഭാരവും ചുമന്നു കൊണ്ടേയിരുന്നു…. കാരണമെന്തെന്നാൽ ഞാൻ പിണങ്ങുന്നത് അദ്ദേഹത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു എന്തെങ്കിലും ഒരു കാര്യം പറഞ്ഞത് ചെയ്തു തന്നിട്ടില്ലെങ്കിൽ പിന്നെ വഴക്കായി ഫോൺ എടുക്കില്ല മെസ്സേജ് നോക്കില്ല അങ്ങനെ എന്റെ വാശി ജയിക്കുന്നത് വരെ ഞാൻ സംസാരിക്കാതെ മിണ്ടാതിരിക്കും…

 

ആ വാശിയിൽ അദ്ദേഹം തോൽക്കുകയും ചെയ്യും…. എന്നിട്ടും ഞാൻ എന്തേ മനസ്സിലാക്കിയില്ല അദ്ദേഹം എന്നെ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു എന്ന്… അദ്ദേഹത്തിന്റെ ലോകം തന്നെ ഞാനും മക്കളും ആയിരുന്നു….

 

എനിക്കൊരു തരം ഭ്രാന്തായിരുന്നു അടുത്തുള്ളവരുടെ മുന്നിലും ഫ്രണ്ട്സിന്റെ മുന്നിലും വലിയ ആളാവണമെന്ന് അഹങ്കാരം അല്ലെങ്കിൽ അങ്ങനെ വരുത്തി തീർക്കാൻ ഞാൻ കാട്ടിക്കൂട്ടിയ എന്തൊക്കെയോ കോമാളിത്തരം… അവസാനമായി വഴക്ക് ആയത് എനിക്ക് ഡയമണ്ടിന്റെ ഒരു റിംഗ് വേണമെന്ന് വാശി പിടിച്ചായിരുന്നു ഫ്രണ്ട്സിന്റെ അടുത്ത് കണ്ടപ്പോൾ എനിക്കും ഒരു മോഹം. അദ്ദേഹത്തോട് പറഞ്ഞപ്പോൾ ഇപ്പൊൾ കാശില്ല നമുക്ക് പിന്നെ നോക്കാം എന്ന് പറഞ്ഞതായിരുന്നു…

 

പക്ഷേ ഞാൻ സമ്മതിച്ചില്ല +2 റീയൂണിയനു പോകുന്നതിന് മുന്നെ എനിക്കത് കിട്ടണം എന്ന് ഞാൻ തീർത്തു പറഞ്ഞു… മൂന്ന് ദിവസം തുടരെത്തുടരെ അദ്ദേഹം വിളിച്ചിട്ടും മെസ്സേജ് അയച്ചിട്ടും ഞാൻ തിരിഞ്ഞു പോലും നോക്കിയില്ല ഞാനും വാശിയിലായിരുന്നു… മക്കളെ വിളിച്ചു സംസാരിക്കുന്നത് കാണാം പക്ഷേ ഞാൻ ആ ഭാഗത്തേക്ക് പോകാറില്ലായിരുന്നു… നാലാം ദിവസം അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ്‌ ആയതു മെസ്സേജ് കണ്ടപ്പോ അന്നേരം എന്റെ സന്തോഷത്തിന് അതിലില്ലായിരുന്നു എനിക്ക് റിംഗ് എടുക്കാൻ വേണ്ടിയിട്ടുള്ള ക്യാഷ് ആണെന്ന് മനസ്സിലായി കാശ് കിട്ടിയ സന്തോഷത്തിൽ ഞാൻ മെസ്സേജ് വിടാൻ നോക്കിയപ്പോൾ രണ്ടു ദിവസമായി അദ്ദേഹത്തിന്റെ യാതൊരു വിവരവും ഇല്ലായിരുന്നു പക്ഷേ അവസാനത്തെ മെസ്സേജ് കാശ് അയച്ചിട്ടുണ്ട് നീ പോയിട്ട് റിങ്ങ് എടുക്കൂട്ടോ എന്നായിരുന്നു….

 

ഞാൻ കുറെ അങ്ങോട്ട് വിളിച്ചപ്പോ മൊബൈൽ ഓഫ്‌ ആയിരുന്നു എനിക്ക് ആകെ ടെൻഷനായി ഞാൻ വേഗം തറവാട്ടിൽ പോയി അച്ഛനോട് ചോദിച്ചു അദ്ദേഹം വിളിച്ചിരുന്നോ എന്ന്…. അവർക്കും വിളിച്ചിട്ട് ഇല്ലായിരുന്നു വേഗം അനിയനെ വിളിച്ചു അവന്റെ സംസാരത്തിൽ നിന്നും അദ്ദേഹം ഹോസ്പിറ്റലിൽ ആയിരുന്നെന്നും മൂന്നാമത്തെ അറ്റാക്ക് വന്ന് ഈലോകത്തോട് വിടപറഞ്ഞെന്നും അറിഞ്ഞപ്പോൾ എനിക്കൊരു തരം മരവിപ്പ് ആയിരുന്നു..

 

പിന്നെ ഒന്നും ഓർമയില്ല ഒരാഴ്ച എടുത്തു മൃതദേഹം നാട്ടിൽ എത്താൻ അന്നേരം എന്റെ സകല നിയന്ത്രണങ്ങളും പോയിരുന്നു… അന്നത്തെ ആ ദിവസങ്ങൾ എല്ലാം ഓർക്കുമ്പോൾ ഭയമാണ്… ഞാൻ കാരണം ടെൻഷൻ അടിച്ചാണ് ഈ ഗതി വന്നതും ആൾ പോയതും എന്നു പറഞ്ഞു വീട്ടുകാരുടെ കുറ്റപ്പെടുത്തൽ, അവഗണന ഒരുപാട് നേരിടേണ്ടി വന്ന്…

 

ചടങ്ങുകൾ എല്ലാം കഴിഞ്ഞു അവർ എല്ലാവരും പോയി ഞാനും മക്കളും പിന്നെ കൂട്ടിന് എന്റെ വീട്ടുകാരും മാത്രം ആയി ഈ വലിയ വീട്ടിൽ… വാശിക്ക് നാശം ആണ് എന്നു പറയുംപോലെ ഞാൻ ഇപ്പൊ എന്ത് നേടി.. തിരിച്ചറിവ് വന്നപ്പോഴേക്കും എന്റെ പാതി എന്നെ വിട്ട് പോകുകയും ചെയ്തു….

 

തീർത്താലും തീരാത്ത സങ്കടവും പേറി ഞാൻ എന്ന ജന്മം ഇനി എത്ര നാൾ…. നാളെ ഇനി ഞങ്ങടെ മക്കൾ പോലും കുറ്റപ്പെടുത്തുമോ എന്ന ഭയത്തിൽ എന്റെ മാനസിക നിലതെറ്റി.. അലമുറയിട്ട് ഞാൻ എവിടേക്കോ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.. അവസാനം എല്ലാവരും കൂടി എന്നെ ഭ്രാന്താശുപത്രിയുടെ ഈ അഴികൾക്കുള്ളിൽ ആക്കി..

ഇപ്പോൾ എനിക്ക് എന്റെ തെറ്റുകൾ മനസ്സിലാവുന്നുണ്ട്.. പക്ഷെ എന്നെ കേൾക്കാൻ ആരും തയ്യാറാവുന്നില്ല.. ഞരമ്പുകളെ തളർത്തുന്നു മരുന്നുകളുമായി യുദ്ധം ചെയ്തു എന്റെ ശരീരം തളർന്നു തുടങ്ങുന്നു..

 

കമ്പിയഴികളിൽ ചൂരൽ കൊണ്ട് അടിച്ചു എന്നെ ഭയപ്പെടുത്തി കറുത്ത ബൂട്ടിട്ടആ സെക്യൂരിറ്റി എന്റെ ശരീരത്തിന്റെ വെളുപ്പിലേക്ക് ചുഴ്ന്നു നോക്കി അശ്ലീലചുവയുള്ള പദങ്ങൾ ഉച്ചരിച്ചുകൊണ്ട് നടന്നകലുന്നുണ്ട്.. മോചനം ഇല്ലാത്ത വലിയ ശിക്ഷയുടെ നടത്തിപ്പുകാരൻ എന്നപോലെ..

Leave a Reply

Your email address will not be published. Required fields are marked *