അച്ഛന്റെ അറുപത്തിയഞ്ചാം വയസ്സിൽ രണ്ടാം വിവാഹത്തിൽ ജനിച്ചവൾ …

(രചന: Nitya Dilshe)

 

“”ഇവളടച്ഛനെ വല്യപുള്ളിയാ ..എന്റപ്പൂപ്പനും ഇവൾടച്ഛനും ഒരുമിച്ചു പഠിച്ചതാ …””

 

അഭിഷേക് വായ് പൊത്തി അമർത്തി ചിരിച്ചു .. ആ അഞ്ചാം ക്ലാസ് മുറിക്കുള്ളിൽ കൂട്ടച്ചിരി മുഴങ്ങി ..

 

നിറഞ്ഞു വന്ന കണ്ണുകൾ മറ്റാരും കാണാതിരിക്കാൻ ഞാൻ ഡെസ്കിലേക്കു കുനിഞ്ഞു.. എന്നിട്ടും ഒരു തേങ്ങൽ എന്നെ തോൽപ്പിച്ച് കടന്നു പോയി ..

 

ഓർമവച്ച നാൾ തൊട്ടു കേട്ട് തുടങ്ങിയതാ,.. എവിടെയും കളിയാക്കലുകൾ ..അശ്ലീലം നിറഞ്ഞ കമന്റുകൾ .. ‘മനുഷ്യനെ നാണം കെടുത്താനുണ്ടായവൾ ‘എന്ന് പലതവണ ചേട്ടനും ചേച്ചിയും തന്നെ പറഞ്ഞിരിക്കുന്നു ..

 

അച്ഛന്റെ അറുപത്തിയഞ്ചാം വയസ്സിൽ രണ്ടാം വിവാഹത്തിൽ ജനിച്ചവൾ …ചേട്ടന്റേയും ചേച്ചിയുടെയും വിവാഹം കഴിഞ്ഞു ..അവർക്കു എന്നേക്കാൾ മുതിർന്ന മക്കളുണ്ട് ..ഞാൻ ജനിച്ചതോടെ അവരും വീട്ടിൽ നിന്നകന്നു തുടങ്ങി ..

 

പിന്നീടൊരിക്കലും ഞാൻ അഭിഷേകിനോട് സംസാരിച്ചിട്ടില്ല ..എനിക്കൊപ്പം അവനോടുള്ള പകയും വളർന്നു തുടങ്ങിയിരുന്നു ..

 

പ്ലസ് ടു കഴിഞ്ഞു കോളേജിലെത്തിയപ്പോൾ ഒരേ സ്കൂളിൽ നിന്ന് വന്നവർ ഞങ്ങൾ രണ്ടുപേർ മാത്രമായിരുന്നു …

 

പലവുരു അവൻ സംസാരിക്കാൻ ശ്രമിച്ചെങ്കിലും

അപരിചിതയെ പോലെ ഞാൻ ഒഴിഞ്ഞു മാറി ..ആരുമായും കൂട്ടില്ലാതെ സ്വയം തീർത്ത തടവറക്കുള്ളിലായിരുന്നു ജീവിതം ..

 

അപ്പോഴേക്കും അച്ഛൻ കിടപ്പിലായിക്കഴിഞ്ഞിരുന്നു… വൈകാതെ അച്ഛൻ ഞങ്ങളെ വിട്ടു പോയി ..

 

വിൽപത്രം എഴുതിവച്ചിട്ടുണ്ട് .. ആകെയുള്ള വീടും അതിനോട് ചേർന്ന ഇരുപത് സെന്റ് സ്ഥലവും ഞങ്ങൾ മൂന്നുപേർക്ക് തുല്യം ..എന്റെ വിവാഹത്തിന് ശേഷമേ വില്പന നടത്താൻ കഴിയു ..

 

എനിക്ക് പതിനെട്ടു വയസ്സായപ്പോൾ തന്നെ ചേച്ചിയും ചേട്ടനും വിവാഹാലോചനകൾ തുടങ്ങി…

 

ആരുടെയെങ്കിലും തലയിൽ കെട്ടിവക്കുക എന്നതാണെന്നു തുടക്കത്തിൽ തന്നെ മനസ്സിലായി.. അമ്മയെ വീണ്ടും അനാഥയാക്കാൻ വയ്യായിരുന്നു.. ജോലി കിട്ടിയേ വിവാഹം കഴിക്കു എന്ന് തീർത്തു പറയേണ്ടി വന്നു ..

 

ഒരിക്കൽ കോളേജിൽ നിന്നും വരുമ്പോൾ, സ്റ്റോപ്പിലിറങ്ങവേ ബസ്സിലെ കിളി പതിവ് പോലെ പെൺകുട്ടികളെ മുട്ടിയുരുമ്മി …അത് കണ്ട ബസ്സിലുണ്ടായിരുന്ന കോളേജിലെ കുട്ടികൾ അയാളെ തല്ലി …

 

കൂട്ടത്തിൽ അഭിഷേകുമുണ്ടായിരുന്നു ..ആകെ ബഹളം .. വീടിനടുത്ത സ്റ്റോപ്പായതുകൊണ്ട് പരിചയക്കാർ ചുറ്റിലും കൂടി ..

 

അന്ന് വൈകീട്ട് തന്നെ ചേട്ടൻ വീട്ടിലെത്തി .. വന്നയുടനെ മുറിയിലേക്കെത്തലും മുഖമടച്ചു അടികിട്ടലും ഒരുമിച്ചായിരുന്നു …

 

“”ഇങ്ങനെ അഴിഞ്ഞാടി നടക്കാൻ സമ്മതിക്കില്ല ..

നാളെ ഒരു കൂട്ടര് വരും ..വിവാഹം ഉറപ്പിക്കും ..”” താക്കീതോടെ പറഞ്ഞു ചേട്ടൻ ഇറങ്ങിപ്പോയി …

 

അമ്മയെ പറഞ്ഞു സമാധാനിപ്പിച്ച് പിറ്റേന്ന് തന്നെ ഞാനാ നാട് വിട്ടു ..

 

അമ്മ മുൻപ്‌ ജോലിക്കു നിന്ന വീട്ടിലെ ബന്ധുവിന് ഹോം നഴ്സിനെ അന്വേഷിച്ചിരുന്നതായി കേട്ടിരുന്നു.. കിടപ്പിലൊന്നുമല്ല .. ഇടയ്ക്കു ഓർമക്കുറവുണ്ട് ..

 

മക്കളാരും അടുത്തില്ലാത്തതുകൊണ്ട് കൊണ്ട് മരുന്ന് കൃത്യസമയങ്ങളിൽ നൽകണം …റെഗുലർ ചെക്ക് അപ്പിന് കൊണ്ട് പോണം …അങ്ങനെയുള്ള ജോലികൾ ..

 

രണ്ടുപേരും റിട്ടയേഡ് കോളേജ് അധ്യാപകരായതുകൊണ്ട് പഠിക്കുന്നതിൽ തടസ്സമില്ല ..പുതിയ കോളേജിൽ ചേർക്കാനും അവർ തന്നെ സഹായിച്ചു ..

 

ഒരിക്കൽ കോളേജിൽ നിന്ന് വരുമ്പോൾ “”എടീ “” എന്നൊരു വിളി കേട്ടു .. ആരാണെന്നു തിരിഞ്ഞു നോക്കിയപ്പോൾ ദേ നിൽക്കുന്നു അഭിഷേക് ..

 

ഈ കുരിശ് എല്ലായിടത്തുമുണ്ടല്ലോ എന്നാണ് മനസ്സിൽ വന്നത് .. ദേഷ്യം കൊണ്ട് മുഖം ചുവന്നിട്ടുണ്ട് ..

 

“”ബുദ്ധിയുറക്കാത്ത പ്രായത്തിൽ ഞാനെന്തെങ്കിലും പറഞ്ഞെന്നു വച്ച് എന്റെ പേര് എഴുതി വച്ചിട്ട് വേണോടി നിനക്ക് ഒളിച്ചോടാൻ “”മുന്നിൽ വന്നു അലറുന്നത് പോലെയാണ് പറഞ്ഞത് ..

 

ഇതെന്ത് പൊല്ലാപ്പ് എന്ന മട്ടിൽ ഞാനവനെ നോക്കി…

 

അവൻ പറഞ്ഞപ്പോഴാണ് നാട്ടിൽ ഞാൻ അവന്റെ കൂടെ ഒളിച്ചോടി എന്നൊരു വാർത്ത പരന്നതും അവനും നാട്ടിൽ നിൽക്കാൻ പറ്റാതായി എന്നും അറിഞ്ഞത് ..

 

കേട്ടപ്പോൾ ആദ്യം ഞെട്ടലുണ്ടാക്കിയെങ്കിലും പിന്നീട് അവനൊരു പണി കൊടുക്കാൻ കഴിഞ്ഞല്ലോ എന്നോർത്തപ്പോൾ ഒരു സന്തോഷം തോന്നി ..

 

അവിടെ നിന്ന് പതിയെ ഞങ്ങൾ കൂട്ടാവുകയായിരുന്നു ..എന്റെ ലോക്കൽ ഗാർഡിയൻ ആയി..ഗൈഡ് ആയി ..ആൾ സ്വയം ചുമതല ഏറ്റെടുത്തു

 

ഇന്നൊരു ജോലി നേടി അമ്മയെ കൂടെ കൂട്ടാൻ ധൈര്യത്തോടെ ആ നാട്ടിലേക്കു തിരികെ വരുമ്പോഴും. അവൻ എനിക്കൊപ്പമുണ്ടായിരുന്നു.. ഒരു പുതിയ ദൗത്യവുമായി ..എനിക്ക് കൂട്ടിനായ് ഒരാളെ കണ്ടുപിടിച്ചിട്ട് വേണം അവന്റെ പ്രണയമായ എന്റെ സുഹൃത്തിനെ ഒപ്പം കൂട്ടാൻ …

Leave a Reply

Your email address will not be published. Required fields are marked *