(രചന: അംബിക ശിവശങ്കരൻ.)
“നിനക്ക് മടുപ്പ് തോന്നുന്നില്ലേ മനു ഈ ജീവിതം?നിനക്ക് വേറെ പെണ്ണിനെ കിട്ടാഞ്ഞിട്ടാണോ നീ അവളെ ഇത്രമേൽ ആഴത്തിൽ സ്നേഹിക്കുന്നത്? അവൾ ഒരു ലൈംഗിക തൊഴിലാളിയാണ് അത് നീ മറക്കേണ്ട.. അതിലുപരി നിന്നെക്കാൾ മൂന്നുനാലു വയസ്സിന് മൂത്തതും. നീ എത്രയൊക്കെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാലും കൈ നിറയെ പണവുമായി ഒരുത്തൻ വന്നാൽ അവൾ നിന്നെ വിട്ടു അവന്റെ കൂടെ കിടക്കും. ഇതിലെവിടെയാടാ പ്രണയം?”
തന്റെ പ്രണയം തുറന്നു പറഞ്ഞ നാൾ മുതൽ സുഹൃത്ത് ശങ്കർ അവനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതാണ്. മനു മീരയെ പ്രണയിക്കാൻ കാരണമായത് താനാണെന്ന ഒരു ചെറിയ കുറ്റബോധവും ശങ്കറിന് ഇല്ലാതില്ല. കാരണം ആദ്യമായി മനുവിനെ മീരയുടെ അടുത്തേക്ക് എത്തിച്ചത് ശങ്കർ ആണ് അതും വെറും സെക്സിനു വേണ്ടി മാത്രം. പക്ഷേ ശാരീരികമായ സുഖത്തിന് അപ്പുറം മാനസികമായ എന്തോ ഒരടുപ്പം മനുവിനു മീരയോടു തോന്നി. പിന്നീട് അത് അവൻ പോലും അറിയാതെ അവന്റെ ഉള്ളിൽ പ്രണയമായി മാറിയതാണ്.
” എനിക്കറിയില്ല ശങ്കർ ഞാൻ എന്തിനാണ് അവളെ ഇത്ര മാത്രം സ്നേഹിക്കുന്നതെന്ന്.. ഇങ്ങനെയൊരു പെണ്ണിനെ പ്രണയിക്കുന്നു എന്നറിഞ്ഞാൽ പോലും മറ്റുള്ളവർ പരിഹസിക്കും എന്ന് എനിക്കറിയാം. പക്ഷേ തൊഴിലിനോ അന്തസ്സിനോ പണത്തിനോ വയസ്സിനോ ഒന്നും പകരം വയ്ക്കാൻ കഴിയാത്ത ഒന്നുണ്ട് ആത്മാർത്ഥ സ്നേഹം. എനിക്ക് അവളോടും അവൾക്ക് എന്നോടും തോന്നുന്നത് ഇപ്പോൾ അതാണ്. അവിടെ ഞാൻ മറ്റൊന്നിനും പ്രാധാന്യം നൽകുന്നില്ല അവളെ അവളായി തന്നെ സ്നേഹിക്കുവാനാണ് എനിക്കിഷ്ടം. ആരൊക്കെ എതിർത്താലും എന്റെ മരണത്തോളം അത് തുടരുക തന്നെ ചെയ്യും. “മനു ഉറപ്പിച്ചു പറഞ്ഞു.
“കോപ്പാണ്..മറ്റുള്ളവരുടെ മുന്നിൽ എന്ത് പറഞ്ഞാണ് നീ അവളെ ഇൻട്രൊഡ്യൂസ് ചെയ്യുക? നിന്റെ ഭാര്യയാണെന്നോ?കാമുകിയാണെന്നോ?അതോ വെപ്പാട്ടിയാണെന്നോ?”
” ശങ്കർ…. ” മനുവിന്റെ ശബ്ദം ഉയർന്നു.
“നീ ദേഷ്യപ്പെടുക ഒന്നും വേണ്ട ഞാൻ ചോദിച്ചത് സത്യമല്ലേ? ഇങ്ങനെയൊരുത്തിയെയാണ് നീ സ്നേഹിക്കുന്നത് എന്ന് പറഞ്ഞാൽ അവളെ മാത്രമല്ല നിന്നെയും പിന്നെ നിന്റെ വീട്ടിൽ കയറ്റുകയില്ല.പ്രേമവും പ്രണയവും ആത്മാർത്ഥതയും ഒക്കെ ഒരാളുടെ മനസ്സിൽ മാത്രം തോന്നിയാൽ പോരാ.. നിന്നോട് ആത്മാർത്ഥ സ്നേഹം ഉണ്ടെങ്കിൽ അവൾ ഒരിക്കലും മറ്റൊരുത്തനെ വിളിച്ചു കൂടെ കിടത്തുമോ? അതും നീ ഒപ്പമുള്ളപ്പോൾ പോലും.. നീ ഈ പറയുന്നതൊക്കെ നടക്കും സിനിമകളിലും സീരിയലുകളിലും… അല്ലെങ്കിൽ ഏതെങ്കിലും നോവലുകളിൽ എഴുതി വയ്ക്കാൻ കൊള്ളാം.. ”
അതും പറഞ്ഞ് ശങ്കർ അവിടെ നിന്നും ദേഷ്യത്തോടെ എഴുന്നേറ്റുപോയി. അപ്പോഴും ആ ചെറിയ കെട്ടിടത്തിന് താഴെയുള്ള ഇളകിവീഴാറായ ബെഞ്ചിന് മുകളിലായി അവൻ മലർന്നു കിടന്നു. അങ്ങനെ കിടന്നുകൊണ്ട് തന്നെ മനു ആ മുറിയിലേക്ക് നോക്കി. ഇപ്പോഴും മങ്ങിയെ വെളിച്ചം മുറിക്കുള്ളിൽ തെളിഞ്ഞു കാണുന്നു ആളുണ്ടെന്നുള്ള സൂചന. മീര ഇപ്പോഴും ഏതോ ഒരാളുടെ രതി വൈകൃതങ്ങൾക്ക് ഇരയാകുന്നുണ്ടാകും. തന്റെ മാത്രമാകാൻ കൊതിക്കാറുള്ള അവളുടെ ശരീരത്തിലെ ഓരോ ഇടങ്ങളും ഒന്നിടവില്ലാതെ അയാൾ ഭോഗിക്കുന്നുണ്ടാകും. അയാളുടെ സംതൃപ്തിക്ക് വേണ്ടി ഇഷ്ടമല്ലെങ്കിൽ കൂടി അവൾക്ക് പലതും ചെയ്തു കൊടുക്കേണ്ടതായി വരും. എത്രയെത്ര പുരുഷന്മാരെയാണ് അവൾക്കൊരു ദിവസം തൃപ്തിപ്പെടുത്തേണ്ടി വരുന്നത്… കറുത്തവർ, വെളുത്തവർ, ഉയരം കുറഞ്ഞവർ, കൂടിയവർ, പണമുള്ളവർ, ഇല്ലാത്തവർ എന്നിങ്ങനെ നിരവധി ആളുകളുമായി നിരന്തരം കിടക്ക പങ്കിടേണ്ടി വരുന്ന തന്റെ പ്രണയിനിയെ കുറിച്ച് ഓർക്കുമ്പോൾ ദുഃഖം തോന്നാറുണ്ട്. എന്തിനിങ്ങനെ ഒരു പ്രണയം എന്നുപോലും ചിന്തിച്ചു പോകാറുണ്ട് പക്ഷേ ആ ചോദ്യങ്ങൾക്കെല്ലാം ഉപരി തനിക്ക് അവളോടുള്ള പ്രണയം മുന്നിട്ടുനിൽക്കുമ്പോൾ എല്ലാം അപ്രത്യക്ഷമായി മാറും.
“എങ്കിലും ഇടയ്ക്കൊക്കെ ചിന്തിക്കാറുണ്ട് തനിക്ക് മീരയോടുള്ള പ്രണയത്തിന് എത്ര നാളാണ് ആയുസ്സ് എന്ന്. ശങ്കർ പറഞ്ഞപോലെ എന്ത് പറഞ്ഞാണ് അവളെ വീട്ടുകാർക്ക് മുന്നിൽ പരിചയപ്പെടുത്തേണ്ടത്? ഭാര്യയെന്നോ കാമുകിയെന്നോ അതോ…. ” അവൻ ദീർഘമായി വിശ്വസിച്ചു
മീരയെ കണ്ടുമുട്ടും വരെ പ്രണയം എന്ന സങ്കല്പം തന്നെ വ്യത്യസ്തമായിരുന്നു. തന്റേത് മാത്രമായ ഒരു പ്രണയിനി. മനസ്സുകൊണ്ടും ശരീരം കൊണ്ടും അവൾ തന്റെത് മാത്രമായിരിക്കണം. ജന്മം നൽകിയ മാതാപിതാക്കളെക്കാൾ ഉപരിയായി അവൾ തന്നെ സ്നേഹിക്കണം. മറ്റാരെക്കാളും താനവളെയും അവൾ തന്നെയും മനസ്സിലാക്കണം. ഒരുമിച്ച് യാത്രകൾ ചെയ്യണം സന്തോഷത്തോടെ കൈകോർത്ത് പിടിച്ച് നടക്കണം. പരസ്പരം ഇവ വെട്ടാതെ മണിക്കൂറുകളോളം നോക്കിയിരിക്കണം, ആരും കാണാതെ അവളെ ഉമ്മ വയ്ക്കണം. ഒടുവിൽ വീട്ടുകാരെ സമ്മതിപ്പിച്ച് നാലാള് കാണുക അവളെ താലി കെട്ടണം. അവൾ തനിക്കായി മാത്രം കരുതിവച്ച അവളുടെ ശരീരം മൊത്തത്തിൽ പകുത്ത് എടുക്കണം.
ഹ്മ്മ്…ഇന്നതൊക്കെയും സ്വപ്നങ്ങളാണ്. ഇന്ന് പ്രണയത്തിന് തന്റെ ഉള്ളിൽ ഒരൊറ്റ നിർവചനം മാത്രമേയുള്ളൂ…’മീര’. ഈ ലോകത്ത് വേറെയും പെൺകുട്ടികൾ ഉണ്ടായിരുന്നുവെങ്കിലും താനവളെ മാത്രമേ പ്രണയിക്കുമായിരുന്നുള്ളൂ.. പ്രണയം ഇത്ര ദുഃഖമാണെന്ന് അറിയുന്നത് ഇപ്പോഴാണ് എങ്കിലും താനവളെ പ്രണയിക്കുന്നു തന്റെ ജീവനേക്കാൾ ഏറെ മറ്റൊന്നും തനിക്കറിയില്ല.
ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട് തന്നെ സ്നേഹിക്കുന്ന പോലെ അവളുടെ കൂടെ കിടക്കുന്ന എല്ലാവരെയും അവൾ സ്നേഹിക്കുന്നുണ്ടാകുമോ എന്ന്.. തന്നെ ചുംബിക്കുമ്പോൾ, വാരിപ്പുണരുമ്പോൾ,ചേർന്നു കിടക്കുമ്പോൾ അവൾ അവരെയും ഓർക്കുന്നുണ്ടാകുമോ? അവരുടെ ശരീരം കൊതിക്കുന്നുണ്ടാകുമോ?… ഇല്ല ഒരിക്കലുമില്ല ഇത് അവൾക്ക് തൊഴിൽ മാത്രമാണ്. അവൾക്ക് തന്നെ മാത്രമേ സ്നേഹിക്കാൻ കഴിയുകയുള്ളൂ.
പക്ഷേ മറ്റൊരു പുരുഷൻ,അവരുടേതു മാത്രമായ നിമിഷങ്ങളിൽ, അവരുടേത് മാത്രമായ രതി വൈകൃതങ്ങളിൽ എവിടെയാണ് തന്റെ പ്രണയം?
ഉത്തരം കിട്ടാത്ത ചോദ്യവും മനസ്സിൽ പേറി ആകാശം നോക്കി കിടക്കുമ്പോഴാണ് മുറിക്കുള്ളിലെ അരണ്ട വെളിച്ചം മാറി തെളിഞ്ഞ പ്രകാശമായി മാറിയത്. അയാൾ അവളിൽ നിന്ന് സുഖം നേടിയിരിക്കുന്നു എന്നുള്ളതിന്റെ സൂചന. അവൻ അവിടെ എഴുന്നേറ്റിരുന്നു.മുറിക്കുള്ളിൽ നിന്നും ഒത്ത ശരീരമുള്ള ഒരു മനുഷ്യൻ ഷർട്ടിന്റെ ബട്ടണുകൾ ഇട്ടുകൊണ്ട് പടികൾ ഇറങ്ങിവന്നു. അയാളുടെ കൈക്കുള്ളിൽ കിടന്ന് അവൾ പിടഞ്ഞു കാണും. അവൻ അയാളെ വെറുപ്പോടെ നോക്കിയെങ്കിലും അയാൾ അവനെ വകവയ്ക്കാതെ ബൈക്കും സ്റ്റാർട്ട് ചെയ്തു പോയി. അവൻ വേഗം തന്നെ സ്റ്റെപ്പുകൾ കയറി മുറിയിലേക്ക് ചെന്നു.
പിച്ചിച്ചീന്തി എറിഞ്ഞ താമര ഇതളുകൾ പോലെ അവൾ അന്നേരം ക്ഷീണിച്ചു തളർന്നു കിടപ്പുണ്ടായിരുന്നു.അവൻ വേഗം അവളെ ചെന്ന് വാരിപ്പുണർന്നു. അയാളുടെ വിയർപ്പിന്റെ മണം അവന്റെ മൂക്കിലേക്ക് തുളഞ്ഞു കയറി. അവന് ഓക്കാനം വന്നു.
” മനു ഇവിടെ തന്നെ ഉണ്ടായിരുന്നുവോ? ഏതോ സുഹൃത്തിനെ കാണാൻ പോണമെന്ന് പറഞ്ഞിരുന്നില്ലേ ഞാൻ കരുതി പോയിട്ടുണ്ടാവും എന്ന്. ” അവന്റെ മടിയിൽ തല വച്ചുകൊണ്ട് അവൾ ചോദിച്ചു.
” ഇല്ല പോയില്ല ഞാനിവിടെ താഴെ തന്നെ ഉണ്ടായിരുന്നു.. മറ്റൊരാൾ വന്നുചേരുമ്പോൾ മാറിനിൽക്കാൻ വിധിക്കപ്പെട്ടവൻ ആണ് ഞാൻ എങ്കിലും എനിക്ക് നിന്നെ വിട്ടു പോകാൻ മനസ്സ് വന്നില്ല. ”
ദുഃഖത്തോടെ അവനത് പറയുമ്പോൾ അവൾക്കും സങ്കടം അടക്കാൻ കഴിഞ്ഞില്ല അവൾ തേങ്ങലോടെ അവന്റെ കൈമുറുകെ പിടിച്ചു.
” നീ കരയരുത് മീര… നിന്റെ കണ്ണുനീർ എനിക്ക് കണ്ടുനിൽക്കാൻ ആവില്ല. നിന്നെ ഇങ്ങനെ മാറിനിന്ന് പ്രണയിക്കാൻ ആണ് ദൈവനിശ്ചയം എങ്കിൽ ഞാൻ അത് സന്തോഷത്തോടെ ഏറ്റുവാങ്ങുകയാണ്. നീ എന്റെ ജീവനാണ്. ഇങ്ങനെയെങ്കിലും എനിക്ക് നിന്നെ പ്രണയിക്കാൻ കഴിയുന്നുണ്ടല്ലോ.. ” അവൻ അവളെ ആശ്വസിപ്പിച്ചു.
” മതി മനു… എനിക്ക് മടുത്തു ഈ ജീവിതം. ആഗ്രഹിച്ചിട്ട് അല്ലെങ്കിൽ കൂടിയും എന്നെ ജീവനേക്കാൾ സ്നേഹിക്കുന്ന നിന്നെ ഞാൻ ചതിക്കുകയല്ലേ? നിനക്ക് മാത്രം സ്നേഹം പകർത്തു നൽകുവാൻ എന്റെ മനസ്സ് വിങ്ങുകയാണ്. ഈ നാട്ടിൽ എവിടെ പോയി ഒളിച്ചാലും എന്നെ കാമ കണ്ണുകൾ വേട്ടയാടി കൊണ്ടിരിക്കും. നമുക്ക് വേറെ ഏതെങ്കിലും നാട്ടിൽ പോയി ജീവിക്കാം മനു.. ” അവൾ പൊട്ടിക്കരഞ്ഞു.
അന്നേരമാണ് വാതിലിൽ ആരോ തട്ടിയത് അവൻ സങ്കടത്തോടെ അവളെ നോക്കി.
“ഇല്ല മനു.. ഇന്നിനി ആരായാലും പറ്റില്ലെന്നേ ഞാൻ പറയൂ.. നിന്നെ മാറ്റി നിർത്താൻ എനിക്കാവില്ല.”
രണ്ടും കൽപ്പിച്ച് വാതിൽ തുറന്നതും അവൾ ഒരു നിമിഷം ഇല്ലാതായി. അവളുടെ അടുത്ത് സ്ഥിരം വന്നു പോകാറുള്ള ആ പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു അത്. അയാളെപ്പോഴൊക്കെ വന്നിട്ടുണ്ടോ അപ്പോഴൊക്കെയും അയാൾ അവളെ പ്രാപിച്ചിട്ടുണ്ട് ആരുണ്ടെങ്കിലും അയാൾക്ക് ശേഷമേ അവർ അവളെ തൊട്ടിരുന്നുള്ളൂ അത് അയാൾക്ക് നിർബന്ധമായിരുന്നു.
വാതിൽ തുറന്നതും അയാൾ ഒന്നും പറയാതെ അകത്തേക്ക് വന്നു. മനുവിന്റെ മുന്നിൽ അവൾ നിസ്സഹായയായി നിന്നു. തലകുനിച്ച് ഒരു പരാജിതനെ പോലെ മുറിവിട്ട് ഇറങ്ങുന്ന മനുവിനെ കണ്ടതും അവളുടെ നെഞ്ച് നീറി. മനു മുറിവിട്ടതും അയാൾ ആ വാതിൽ കൊട്ടിയടച്ചു. മുറിയിൽ വീണ്ടും അരണ്ട വെളിച്ചം തളം കെട്ടിനിന്നു.മനു വീണ്ടും ആ ബെഞ്ചിൽ വന്ന് ആകാശം നോക്കി കിടന്നു. അവന് ഈ പ്രപഞ്ചത്തിലെ സർവ പുരുഷന്മാരോടും വെറുപ്പ് തോന്നി.
അയാളുടെ മുന്നിൽ നഗ്നയായി കിടക്കുമ്പോഴും അവൾ മനുവിനെ ഓർത്ത് തേങ്ങിക്കൊണ്ടിരുന്നു. മിനിറ്റുകൾ കടന്നുപോയി ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് അവൻ തെല്ലൊന്നു മയങ്ങി. അതുകൊണ്ടുതന്നെ ആ പോലീസുകാരൻ മുറിവിട്ട് ഇറങ്ങിയത് ഒന്നും അവൻ അറിഞ്ഞിരുന്നില്ല.
ഉറക്കം തെളിഞ്ഞു വാച്ചിലേക്ക് നോക്കുമ്പോൾ സമയം ഒരുപാട് പിന്നിട്ടിരിക്കുന്നത് അവൻ അറിഞ്ഞു. മീരയെന്താ തന്നെ വിളിക്കാതിരുന്നത്? ഇനി താൻ പറഞ്ഞത് ഓർത്തു വിഷമിച്ചു തന്നോട് പിണങ്ങി കിടക്കുവാണോ?അവൻ വേഗം മുറിയിലേക്ക് ചെന്നു. അവൻ കരുതിയിരുന്നതുപോലെ തന്നെ അവൾ കട്ടിലിൽ കമിഴ്ന്നു കിടന്ന് നല്ല ഉറക്കത്തിലായിരുന്നു. അവളെ ഉമ്മ വെച്ച് ഉണർത്താൻ തുനിഞ്ഞപ്പോഴാണ് കട്ടിലിൽ എന്തോ എഴുതിയ ഒരു വെളുത്ത കടലാസ് അവൻ കണ്ടത്. നേരിയ ആകാംക്ഷയോടെ അവനത് വായിച്ചു നോക്കി.
” മനു ഞാൻ പോകുന്നു.
ഇനിയും നിന്നെ വേദനിപ്പിക്കാൻ എനിക്കാവില്ല. എനിക്കറിയില്ലായിരുന്നു മനു എന്നെങ്കിലും ഞാൻ നിന്നെ കണ്ടുമുട്ടുമെന്ന്… എങ്കിൽ ഒരിക്കലും ഞാൻ ഈ തൊഴിൽ സ്വീകരിക്കില്ലായിരുന്നു. എന്റെ ശരീരം മോഹിച്ചവരുടെ കൂട്ടത്തിൽ എന്റെ മനസ്സിനെ സ്പർശിക്കാൻ ഒരാൾക്ക് സാധിക്കുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല മനു…ഒരു മനുഷ്യനെ ഞാൻ ഈ ജന്മത്തിൽ പ്രണയിക്കുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയതല്ല. ഈ തൊഴിൽ മോശമാണെന്ന് ഞാൻ പറയുന്നില്ല പക്ഷേ എന്റെ പ്രണയം മുഴുവനായി നിനക്ക് തരാൻ എനിക്ക് സാധിക്കുന്നില്ല. ഈ ജന്മത്തിൽ ഇനി സാധിക്കില്ലെന്ന് അറിയാം അടുത്ത ജന്മത്തിൽ ഞാൻ നിന്റേത് മാത്രമായിരിക്കും വാക്ക്… ഞാനും നീയും മാത്രമുള്ള മുറിയിൽ നമുക്ക് സ്വസ്ഥമായി സ്നേഹിക്കണം ആരുടെയും ശല്യം ഇല്ലാതെ.. എത്ര മനുഷ്യർ ചുറ്റും ഉണ്ടെങ്കിലും എന്റെ ശരീരവും മനസ്സും ഞാൻ നിനക്ക് മാത്രമായി കാത്തു വയ്ക്കും. എന്റെ സ്നേഹത്തിനായി കൊതിച്ച് ഒരു ചുമരിനപ്പുറം കാത്തുനിൽക്കുന്ന നിന്നെ എനിക്കിനി കാണുവാൻ വയ്യ മനു..നിന്നെ ഞാൻ അവിടെ നിർത്തിയല്ലോ എന്ന കുറ്റബോധം പേറിയാണ് ഓരോ ദിവസവും ഞാൻ ഉറങ്ങുന്നത്. എനിക്ക്ത് താങ്ങാവുന്നതിലും അപ്പുറം ആയിരിക്കുന്നു. എന്നോ കരുതിവച്ച ഒരു വിഷക്കുപ്പിയെ ഞാനിന്ന് ആശ്രയിക്കുകയാണ്. ആരുടെ കൂടെ കിടക്കുമ്പോഴും ഞാൻ നിന്നെ മാത്രമേ ഓർത്തിരുന്നുള്ളൂ… സ്നേഹിച്ചിരുന്നുള്ളൂ… ഞാൻ നിന്നെ സ്നേഹിക്കുന്നു. പക്ഷേ പ്രണയം ഇത്ര കൈപ്പേറിയതാകും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.എനിക്ക് വിട തരിക… നിന്റെ മാത്രം മീര… ”
ആ കത്ത് വായിച്ചു തീർന്നതും അവന്റെ സിരകളിൽ തീ പടർന്നു കയറി. വെപ്രാളത്തോടെ അവളെ തിരിച്ചു കടത്തുമ്പോൾ വായിൽ നിന്നും ചോരയും നുരയും പതയും എല്ലാം ഒഴുകുന്നുണ്ടായിരുന്നു. അവളുടെ ജീവനറ്റ ശരീരം നെഞ്ചോട് ചേർത്തുപിടിച്ച് അവൻ കരയുമ്പോഴും പുറത്ത് ആരോ അവളുടെ ശരീരത്തിന്റെ ചൂട് ഏൽക്കാൻ കൊതിച് കതകിൽ തട്ടിക്കൊണ്ടിരുന്നു.