(രചന: RJ)
” ആനന്ദ് സാറിന് ഇന്നും ഉണ്ടല്ലോ ഗസ്റ്റ്’
അപ്പാർട്ട്മെൻ്റിലേക്ക് കയറി പോകുന്നവളെ നോക്കി ഗേറ്റിൽ നിന്ന സെക്യൂരിറ്റി അർത്ഥം വച്ച് പറഞ്ഞതും
പോർച്ചിൽ നിൽക്കുകയായിരുന്ന ദിനേശ് ചിരിച്ചു.
” ഭാഗ്യവാൻ,
ജീവിക്കുകയാണെങ്കിൽ അയാളെ പോലെ ജീവിക്കണം. എല്ലാ ആഴ്ചയും ഗസ്റ്റ്, അവർക്ക് വച്ചു വിളമ്പാൻ എന്ന മട്ടിൽ ഓരോരുത്തിമാരെ
കൊണ്ടുവരികയും ചെയ്യും.
” അത് പിന്നെ ആനന്ദ് സാറ് ഒറ്റയ്ക്കല്ലേ ,
ഫുഡും മറ്റുമൊക്കെ ഉണ്ടാക്കാൻ സാറിന് പറ്റോ , തനിച്ചുള്ള പോലെയാണോ ഗസ്റ്റ് വരുമ്പോ
” അതാണല്ലോ സൗകര്യവും,
അടുക്കളപ്പണിക്കെന്നും പറഞ്ഞാ കൊണ്ടു വരല്, ഒരു മാസം തെകച്ച് ഒരുത്തിയെ നിർത്തുന്നത്
താൻ കണ്ടിട്ടുണ്ടോ.
” ഇവള് പുതിയതാ സാറേ, ഇപ്പം ഒരു മാസമായിട്ട് ഇവളാ വരുന്നത്.
വേറൊരു കാര്യം കൂടിയുണ്ട്.
രഹസ്യം പറയും പോലെ ചുറ്റുമൊന്ന് നോക്കി അയാൾ ദിനേശിൻ്റെ അടുത്തേക്ക് നീങ്ങി നിന്നു.
” കഴിഞ്ഞ ദിവസം ഇവളും ആനന്ദ് സാറും കൂടി നമ്മുടെ വിക്രമൻ ഡോക്ടറുടെ ആശുപത്രീന്ന് ഇറങ്ങി വരുന്നത് ഞാൻ കണ്ടതാ.
വിക്രമൻ സാറിൻ്റെ കാര്യം പറയണ്ടല്ലോ,
പുള്ളി പെണ്ണുകേസിൽ പുലിയാ…. എത്ര പെണ്ണുങ്ങളാ ഗർഭം കലക്കാൻ അവിടെ വരുന്നത്.
” സമ്മതിക്കണം,
നമുക്കൊക്കെ മണക്കാനെങ്കിലും ഒന്ന് സെറ്റാവുന്നില്ല അപ്പഴാ
ഈ പോയവള് നല്ല ചരക്കാ അല്ലേടോ?
കയറി പോയവളുടെ പിൻ സൗന്ദര്യം ഓർത്തതും ചുണ്ടൊന്ന് കടിച്ചു ദിനേശ്.
” ആണോന്നോ, എൻ്റ സാറേ ഉള്ളത് പറയാലോ
ഇത്രേം നാള് വന്നതിലും വച്ച് ഇതുപോലൊരുത്തിയെ ഞാൻ കണ്ടിട്ടില്ല.
എന്നാ ഒരു ഭംഗിയാ
വെറുതെയാണോ ആനന്ദ് സാറ് ഒരു മാസമായിട്ടും വിടാത്തത്.
അയാളുടെ കണ്ണിലും തെളിഞ്ഞിരുന്നു അവളുടെ ആ നടപ്പ്.
” ഈ ആനന്ദ് സാറ് ഡൈവോഴ്സാണല്ലേ ദിനേശ് സാറേ
അയാളുടെ ചോദ്യത്തിൽ കാറിൻ്റെ ചില്ല് തുടച്ചു കൊണ്ടിരുന്ന തുണി നീട്ടിക്കുടഞ്ഞു ദിനേശ്.
” ആനന്ദിനെ പറ്റി അധികമൊന്നും ആർക്കും അറിയില്ലടോ ,
ഒന്നാമത് ആരുമായും ഒരു കമ്പനിക്കും നിൽക്കില്ല.
മുഖത്തു നോക്കി ചിരിച്ചാൽ പോലും
മൈൻഡില്ല
പാലക്കാട് നിന്ന് ട്രാൻസ്ഫറായി ഇവിടെ ബാങ്കിൽ മാനേജറായി വന്നതാ,
ഭാര്യയും കുട്ടിയും അയാൾക്കൊപ്പമല്ല നാട്ടിലാണ് എന്ന് പണിക്കരേട്ടൻ പറഞ്ഞു.
പുള്ളിയാണ് ഇവിടെ
ഫ്ലാറ്റ് റെഡിയാക്കിയത്.
എന്തായാലും ഒറ്റാന്തടി ,
നല്ല ശമ്പളം എന്ത് കാണിച്ചാലും ആരും ചോദിക്കാനില്ല
പിന്നെന്താ ഒക്കെ ഒരു യോഗം തന്നെയാടോ
ദീർഘമായൊരു നിശ്വാസത്തോടെ ദിനേശ് സെക്യൂരിറ്റിയെ നോക്കിയതും
അപ്പാർട്ട്മെൻ്റിലെ സ്റ്റെപ്പിറങ്ങി മുകളിലേക്ക് പോയവൾ വരുന്നത് കണ്ടു.
” ഇന്ന് പരുപാടിയൊക്കെ നേരത്തെ കഴിഞ്ഞുന്ന് തോന്നുന്നല്ലോ
അവളെ നോക്കി സെക്യൂരിറ്റിയെ കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി ദിനേശ്.
” ഊം……. ഇന്ന് നേരത്തെയാ
” പണിയൊക്കെ കഴിഞ്ഞോ ?
അരികിലൂടെ കടന്നുപോയവളോടായി അയാൾ ചോദിച്ചതും അവളൊന്നമ്പരന്നു പിന്നെ ഉവ്വെന്ന് മെല്ലെ തലയാട്ടി.
” ഒരുപാട് പണിയുണ്ട് അല്ലേ , മൊത്തത്തിൽ ഒരു ഉടച്ചില് കാണുന്നുണ്ട് വന്ന ആളല്ല തിരികെ വന്നത്.
കൂലിയൊക്കെ കൃത്യമായി കിട്ടുന്നുണ്ടല്ലോ അല്ലേ ?
വഷളതയോടെയുള്ള ചോദ്യവും തൻ്റെ ശരീരത്തിലൂടെ ഇഴയുന്ന അയാളുടെ കണ്ണുകളും കണ്ട്
അവളിലൊരു അസ്വസ്ഥത ഉണ്ടായി.
ഒന്നും മിണ്ടാതെ പോകാൻ തുടങ്ങിയവളുടെ മുന്നിലേക്ക് കയറി നിന്നു ദിനേശ്.
” ഈ പണിക്ക് എത്രയാ കൂലി ?
എനിക്കും പണിക്ക് ആളെ ആവശ്യമുണ്ടേ,
ആനന്ദ് തരുന്നതിനേക്കാൾ കൂടുതൽ തരാം
എന്താ വരാമോ ?
അവളുടെ മുഖത്തേക്ക് കുനിഞ്ഞു കൊണ്ട് ദിനേശ് ചോദിച്ചതും
കത്തുന്ന നോട്ടം നോക്കി അവൾ.
” വീട്ടിൽ ഭാര്യയില്ല ഒരാഴ്ച കഴിഞ്ഞേ വരൂ,
അത് വരെ പട്ടിണി കിടക്കണ്ടല്ലോ.
നീയാവുമ്പം നന്നായി
പണി ചെയ്യുമെന്ന് കണ്ടാലേ അറിയാം.
കണ്ടറിഞ്ഞ് നിന്നാ എക്സ്ട്രാ പൈസയും തരാം
മുന്നോട്ട് നടക്കാനാഞ്ഞ അവളുടെ പിന്നിൽ നിന്ന് അയാൾ വിളിച്ചു പറഞ്ഞതും ദേഷ്യം കൊണ്ട് ചുവന്നു അവളുടെ മുഖം.
ഒരു നിമിഷം നിന്നിട്ട് പിൻതിരിഞ്ഞ് ദിനേശിൻ്റെ തൊട്ടു മുൻപിൽ വന്നു നിന്നവൾ.
” സാറ് ഈ പറഞ്ഞതൊക്കെ എന്ത് ഉദ്ദേശത്തിലാണ് എന്ന്
എനിക്കറിയാം,
അതിന് മറുപടി എൻ്റ ഈ കൈ കൊണ്ട് പറയാൻ അറിയാഞ്ഞിട്ടല്ല.
എച്ചില് വാരുന്ന കൈ കൊണ്ട് ഒന്ന് തന്നാൽ
അതിൻ്റെ നാറ്റം എത്ര കഴുകിയാലും പോവില്ല
അത് സാറിനൊരു ബുദ്ധിമുട്ടാവും എന്ന് കരുതിയാണ്.
അവളുടെ പരിഹാസത്തിലുള്ള വാക്കുകൾ കേട്ടതും
ദേഷ്യമിരച്ചു കയറി ദിനേശിന്.
” പിന്നേ….. ഒരു ശീലാവതി,
അടുക്കളപ്പണിയെന്നും പറഞ്ഞ് കണ്ടവൻ്റ ബെഡ്റൂമിലല്ലേടീ നിൻ്റെയൊക്കെ പണി.
എന്നിട്ടിപ്പോ അവള് വല്യ പുണ്യാളത്തി ചമയുന്നു.
നിന്നെ പോലെ എത്രയെണ്ണത്തിനെ
കണ്ടിരിക്കുന്നു ഞാൻ.
ഞാനും ആണാണെടീ ,
ആനന്ദ് തരുന്നതൊക്കെ എനിക്കും തരാൻ പറ്റും.
പുച്ഛിച്ച് ചിരിച്ചയാൾ.
മുഖമടച്ചൊരു അടിയായിരുന്നു അതിന് മറുപടി.
അയാൾ ഞെട്ടിപ്പോയിരുന്നു.
അവൾ തന്നെ അടിക്കുമെന്ന് പ്രതീക്ഷിച്ചതേ ഇല്ല അയാൾ.
ടീ …….
വർദ്ധിച്ച ദേഷ്യത്തോടെ കുതിച്ച അയാളെ
പിറകിൽ നിന്നൊരാൾ പിടിച്ചു നിർത്തി.
” ആനന്ദ് ”
രംഗം പന്തിയല്ലെന്ന് കണ്ട് വലിയാനൊരുങ്ങിയ സെക്യൂരിറ്റിയെയും ആനന്ദ് മറുകൈ കൊണ്ട് തടഞ്ഞു നിർത്തി.
” അങ്ങനെ പോയാൽ എങ്ങനെയാ ,
ഇവളെ പണിക്ക് വേണ്ടേ തനിക്ക്…
ഭാര്യ വീട്ടിൽ ഇല്ലന്നല്ലേ പറഞ്ഞത്.
പക്ഷേ പുതിയ പണിക്കാരിയെ വയ്ക്കുമ്പോ ഭാര്യയെ കൂടെ അറിയിക്കുന്നതല്ലേ മര്യാദ.
ഒരു കാര്യം ചെയ്യാം
ഇപ്പോ തന്നെ അത് ഉറപ്പിക്കാം കൈയ്യോടെ പണിക്ക് കേറാമല്ലോ ഇവൾക്ക്
സുജിതദിനേശ്,
99******28 ഇതല്ലേ ഭാര്യയുടെ കോൺടാക്റ്റ് നമ്പർ.
ഫോണിൻ്റെ ഡയൽപാഡ് ഓപ്പൺ ചെയ്ത് നമ്പർ എടുത്തതും ദിനേശ് അവനെ മിഴിച്ചു നോക്കി.
” തൻ്റെ ഭാര്യയുടെ നമ്പർ എങ്ങനെ കിട്ടി എന്നായിരിക്കും,
കാണാൻ കൊള്ളാവുന്ന ആണുങ്ങളെ പെണ്ണുങ്ങൾക്കും ഇഷ്ടമാണെടോ
അവരും ഇതുപോലെ അല്ലറചില്ലറ പണികൾക്ക് വിളിക്കും
അത്രേ ഉള്ളു.
നിസാരമായി പറഞ്ഞവൻ.
” ആ കൂട്ടത്തിൽ ദേ ഇവളെ കൂട്ടരുത്.
ഒരരികിലേക്ക് മാറി നിന്നവളെ ചൂണ്ടി ആനന്ദ് പറയുമ്പോൾ
അവൻ്റെ മുഖത്ത് കടുപ്പം നിറഞ്ഞിരുന്നു.
” വീട്ടിലെ കഷ്ടപ്പാടും ദുരിതവും മാറ്റാൻ തനിക്കാവുന്നത് ചേർക്കാമെന്ന് കരുതി
തുച്ഛമായ വരുമാനം തേടി ഇറങ്ങുന്നവരാ ഇവളെ പോലുള്ള പലരും.
ആരുടെയെങ്കിലും അടുക്കളപ്പുറത്തോ,
റോഡ് തൂക്കാനോ,
വേസ്റ്റ് എടുക്കാനോ ഒക്കെയായി ഒരു മടിയുമില്ലാതെ
നടക്കുന്ന പെണ്ണുങ്ങളെ
കാണുമ്പോ
നിന്നെ പോലെ ദേഹമനങ്ങാതെ
തിന്ന് വീർത്തിരിക്കുന്ന പലർക്കും
തോന്നും
സ്വന്തം വീട്ടിലുള്ള പെണ്ണുങ്ങളെ പോലെയാണ് ഇവരും എന്ന്.
കിടപ്പിലായ ഭർത്താവിനും പറക്കമുറ്റാത്ത മക്കൾക്കും വയറ് നിറയെ ആഹാരം കൊടുക്കാൻ വേണ്ടിയാ ഇവൾ
ഇവിടെ കയറി ഇറങ്ങുന്നത്.
എൻ്റെ ബെഡ്റൂമിൽ മാത്രമല്ല ഇവിടെ ഉള്ള പലരുടേയും ബെഡ്റൂമിൽ കയറി പണിയെടുക്കുന്നുണ്ട് ഇവൾ’ അത് നീയൊക്കെ കരുതുന്നത് പോലെ അല്ല എന്ന് മാത്രം.
പിന്നെ താൻ പറഞ്ഞല്ലോ വിക്രമൻ ഡോക്ടറുടെ ആശുപത്രിക്കഥ.
സത്യമാണ് , ഞാനും ഇവളും ഇന്നലെ അവിടെ പോയിട്ടാ വന്നത്.
ഇവളുടെ ഭർത്താവിന് ഡോക്ടറുടെ പരിചയത്തിലുള്ള ന്യൂറോ സർജൻ്റെ അപ്പോയ്മെൻ്റ് എടുക്കാൻ വേണ്ടി. അല്ലാതെ അവിഹിതഗർഭം ഇല്ലാതാക്കാനല്ല.
ഇതൊന്നും നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല.
പക്ഷേ,
ഇവൾ ഇനിയും ഇവിടെ വരും. അപ്പോഴും നിൻ്റെയൊക്കെ ഈ ദുഷിച്ച വാക്കുകൾ ഉണ്ടാവാതിരിക്കാൻ വേണ്ടി മാത്രമാണ്
ഞാനിതൊക്കെ പറഞ്ഞത്.
അതൊക്കെ മനസിലാണെമെങ്കിൽ
ആദ്യം ഈ ദുഷിച്ച മനസ്ഥിതി മാറ്റി വയ്ക്കണം. മനുഷ്യനായി ചിന്തിക്കണം.
പുച്ഛത്തോടെ ദിനേശിനേയും സെക്യൂരിറ്റിയേയും നോക്കി പറഞ്ഞു കൊണ്ട് ആനന്ദ്
കാറിൻ്റെ ഡോർ തുറന്നു.
” ഹേമ കയറൂ ,
ഇന്ന് ഞാൻ വീട്ടിലേക്ക്
ആക്കാം ..
അവൻ്റെ പറച്ചിലിൽ ഒട്ടും മടിയില്ലാതെ
തലയുയർത്തി അവൾ സീറ്റിലേക്ക് കയറി ഇരുന്നു.
ഡോർ അടയ്ക്കും മുൻപേ വിളറി നിൽക്കുന്ന ദിനേശിനെയും സെക്യൂരിറ്റിയേയു നോക്കി പുഞ്ചിരിക്കാൻ മറന്നില്ലവൾ ഒപ്പം
കരുതി വച്ച ചോദ്യവും.
” അപ്പോ എങ്ങനാ സാറേ നാളെ മുതല് പണിക്ക് വന്നേക്കട്ടെ ഞാൻ ”
RJ