ആ ഇളക്കക്കാരി അവളുടെ ഏതോ രഹസ്യക്കാരന്റെ കൂടെ നാട് വിട്ടു പോയത്രേ!!

  • Jk

 

 

ഹീര മോളെ മംഗലത്തെ ആദി കുഞ്ഞ് വന്നിട്ടുണ്ട് അറിഞ്ഞോ?? “””

 

രമേച്ചി അത് പറഞ്ഞപ്പോൾ ഒരു ഞെട്ടലോടെയാണ് അത് കേട്ടത്..

ഇല്ലെന്ന് പറയുമ്പോൾ അവർ എന്റെ അരികിലേക്ക് വന്ന് ബാക്കി കൂടി പറഞ്ഞു.

 

“”” ആ കോലം ഒന്ന് കാണണം താടിയും മുടിയും ഒക്കെ നീട്ടി വളർത്തി ഒരു ഭ്രാന്തനെ പോലെ… ആ ഇളക്കക്കാരി അവളുടെ ഏതോ രഹസ്യക്കാരന്റെ കൂടെ നാട് വിട്ടു പോയത്രേ!!! അതിൽ പിന്നെ ആദി കുഞ്ഞ് കൂടിയും വലിയും ഒക്കെയായി അവിടെ നശിച്ച ജീവിതം നയിക്കുകയായിരുന്നു ഒടുവിൽ മംഗലത്തെ അങ്ങുന്നു പോയി വിളിച്ചു കൊണ്ടുവരികയായിരുന്നു.. “””

 

രമേശ് പറഞ്ഞതെല്ലാം വല്ലാത്തൊരു മാനസികാവസ്ഥയിലാണ് കേട്ടുനിന്നത് ആദിയേട്ടനെ പറ്റി അങ്ങനെയൊന്നും ചിന്തിക്കാൻ കൂടി വയ്യായിരുന്നു എപ്പോഴും കുസൃതി ചിരിയും കൊണ്ട് സൈക്കിളിൽ മുന്നിലൂടെ പോകുന്ന ആള് ഉള്ളിൽ തെളിഞ്ഞു…

 

ഒപ്പം ആ നശിച്ച ദിവസവും..

 

ആദിയേട്ടന്റെ അമ്മയുടെ ആങ്ങളയുടെ മകളായിരുന്നു താൻ.. ചെറുപ്പത്തിലെ പറഞ്ഞു വെച്ചതായിരുന്നു ഞങ്ങൾ തമ്മിലുള്ള വിവാഹം..

പത്താം ക്ലാസ് കഴിഞ്ഞതോടുകൂടി ആദിയേട്ടന്റെ പിന്നീടുള്ള പഠനം എല്ലാം അവരുടെ അച്ഛൻ പെങ്ങളുടെ വീട്ടിൽ നിന്നായിരുന്നു…

 

വല്ലപ്പോഴും ഒന്ന് വരും നാട്ടിലേക്ക് അതുകൊണ്ടുതന്നെ കാണാൻ പോലും കിട്ടിയിരുന്നില്ല എങ്കിലും എല്ലാവരും പറഞ്ഞു ആ ആള് ഉള്ളിൽ അങ്ങനെ നിറഞ്ഞു നിന്നിരുന്നു ഒരുപാട് ഇഷ്ടമായിരുന്നു എനിക്ക്…. ആദി ഏട്ടന് തിരിച്ചും ഇഷ്ടമാണ് എന്നാണ് ഞാൻ കരുതിയിരുന്നത് പക്ഷേ ഒരു ദിവസം വന്നിട്ട് പറഞ്ഞു ഞാൻ തന്നെ കാണുന്നത് ഒരു സുഹൃത്തായി മാത്രമാണ് എന്ന്…

നിനക്കും എന്നോട് സൗഹൃദം മാത്രം ആണെന്ന് എനിക്കറിയാം…

 

ഒപ്പം മറ്റൊന്നും കൂടി പറഞ്ഞു കൂടെ പഠിക്കുന്ന ഒരു ക്രിസ്ത്യാനി പെണ്ണിനെ ഒരുപാട് ഇഷ്ടമാണ് എന്ന്…

വിവാഹം കഴിക്കുന്നെങ്കിൽ അത് അവളെ മാത്രമായിരിക്കും എന്ന്..

 

ഞാനാകെ തകർന്നു പോയിരുന്നു ഇത്രയും കാലം മനസ്സിലിട്ട് കൊണ്ട് നടന്ന ആള് ഇങ്ങനെ പെട്ടെന്ന് പറഞ്ഞപ്പോൾ അത് ഉൾക്കൊള്ളാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല തറവാട്ടിലും അത് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു അവിടുത്തെ അമ്മാവൻ ഏട്ടനെ ഇറക്കിവിട്ടു പക്ഷേ അതൊന്നും അവരുടെ പ്രണയത്തെ തകർത്തില്ല… ആദി ഏട്ടൻ ഇറങ്ങിപ്പോയി അവളെ തന്നെ വിവാഹം കഴിച്ചു അവിടെ കൂടി..

 

അതോടെ ആ വീട് തന്നെ തകർന്നു ഏക മകൻ സ്വന്തം ഇഷ്ടപ്രകാരം ഒരു അന്യ മതത്തിൽപ്പെട്ട കുട്ടിയെ വിവാഹം കഴിച്ചതോടെ എല്ലാവരുടെയും മുന്നിൽ അവർ പരിഹാസ കഥാപാത്രങ്ങളായി മാറി….. ക്രമേണ അവർക്ക് ആദി ഏട്ടനോടുള്ള ദേഷ്യം കുറഞ്ഞു.. അവരെ രണ്ടുപേരെയും പൂർണമനസോടെ സ്വീകരിച്ചു പിന്നീടങ്ങോട്ട് വളരെ സന്തോഷമായിരുന്നു ആ വീട്ടിൽ…

 

 

പക്ഷേ ഒന്നും മറക്കാൻ പറ്റാത്തത് എനിക്കായിരുന്നു ചെറുപ്പം മുതലേ ആദിയേട്ടൻ നിന്റെയാണ് എന്ന് പറഞ്ഞു പഠിപ്പിച്ചവർ തന്നെ മറക്കണം എന്ന് പറഞ്ഞപ്പോൾ സ്ലെയ്റ്റിൽ എഴുതി മായിക്കുന്നത് പോലെ അത്ര എളുപ്പമായിരുന്നില്ല എനിക്കത് പല വിവാഹാലോചനകളും വന്നെങ്കിലും ഒന്നിനു പോലും സമ്മതം മൂളാൻ എനിക്കായില്ല പഠിക്കണം എന്ന കാരണം പറഞ്ഞ് ഞാൻ അവിടെ തന്നെ നിന്നു…

 

എല്ലാവർക്കും എന്റെ മനസ് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ സഹതാപം നീളുന്ന നോട്ടങ്ങൾ എല്ലാം തന്നെ പാടെ ഞാൻ അവഗണിച്ചു എന്റെ വീട്ടുകാർക്ക് എന്നെ മനസ്സിലായി. അതുകൊണ്ടുതന്നെ അവർ ഒരു വിവാഹം എന്ന് ഒരു വലിയ ഭാരം എന്റെ തലയിലേക്ക് എടുത്തു വച്ചില്ല പകരം എന്റെ വാക്കുകൾക്ക് വില നൽകി

ഒടുവിൽ പഠിച്ച് ജോലി നേടിയെടുത്തു…

ഇപ്പോൾ ഞാൻ പഠിച്ചിറങ്ങിയ ഹൈസ്കൂളിൽ ടീച്ചറാണ് ഞാൻ..

അച്ഛനും അമ്മയും ഇനിയെങ്കിലും ഒരു വിവാഹം കഴിക്കാൻ കാലുപിടിച്ച് പറയുന്നുണ്ട്..

ഞാനിപ്പോൾ അയാളെ കാത്തിരിക്കുകയാണോ എന്ന് ചോദിച്ചാൽ തീർച്ചയായും അല്ല പക്ഷേ ഇനിയൊരു വിവാഹത്തിന് മനസ്സ് അനുവദിക്കുന്നില്ല..

 

ഇപ്പോഴും സമ്മതിക്കാൻ എന്തോ ഒരു ബുദ്ധിമുട്ട് ചിലരെയൊക്കെ മനസ്സിൽ പ്രതിഷ്ഠിച്ച സ്ഥാനത്തേക്ക് മറ്റാരെങ്കിലും വരുമ്പോൾ വല്ലാത്ത ഒരു പിടച്ചിൽ ഉണ്ടാവില്ലേ അതുപോലെ ഒരു പിടച്ചിൽ…. അതിനെ അതിജീവിക്കാൻ ഇതുവരെക്കും എനിക്ക് ആയിട്ടില്ല…

 

അങ്ങനെയിരിക്കുമ്പോഴാണ് ആദിയേട്ടൻ തിരിച്ചുവന്നു എന്ന അറിവ്…

എന്തോ പോയി കാണാൻ തോന്നിയില്ല അവളുടെ അവസ്ഥയൊക്കെ കേട്ടപ്പോൾ…

 

പക്ഷേ അപ്പച്ചി വിളിക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ അതുവരെ ഒന്ന് ചെല്ലാതിരിക്കാനും തോന്നിയില്ല…

ആദിയേട്ടനെ പറ്റി അന്വേഷിച്ചപ്പോൾ മുകളിലെ മുറിയിൽ ഉണ്ട് എന്ന് പറഞ്ഞു ഞാൻ ആളെ കാണാൻ വേണ്ടി അങ്ങോട്ടേക്ക് ചെന്നു…

 

പണ്ടത്തെ ആദി ഏട്ടന്റെ വിദൂര ചായ പോലുമില്ല ഈ വന്ന ആൾക്ക് കണ്ണ് എല്ലാം കുഴിഞ്ഞു, മുഖത്തെ ആ പ്രസാദം എല്ലാം നഷ്ടപ്പെട്ട മറ്റേതോ ഒരാളായി തോന്നിപ്പിച്ചു…

 

എന്നെ കണ്ടതും ആൾ എന്റെ അടുക്കലേക്ക് വന്നിരുന്നു..

 

“””” എന്റെ അവസ്ഥ അറിഞ്ഞില്ലേ ഹീര?? “”

 

എന്ന് ചോദിച്ചു കൊണ്ട്…

 

“”” സെലിൻ!!! അവൾ പോയി അവൾക്ക് ഇഷ്ടപ്പെട്ട അവളുടെ കൂട്ടുകാരന്റെ കൂടെ എന്നെപ്പറ്റി ഒന്ന് ഓർക്കുക പോലും ചെയ്യാതെ അവൾ പോയി…

എന്റ ജീവനായി ഞാൻ കൊണ്ട് നടന്നതാ. അത്രക്ക് ഞാൻ സ്നേഹിച്ചതാ.. വേറെ ബെറ്റർ ആയവനെ കിട്ടിയപ്പോൾ അവൾ അവന്റെ പുറകെ പോയി…”””

 

അതു പറഞ്ഞ് അയാൾ കരഞ്ഞു…

 

“” അവളുടെ വിചാരം അവൾ എന്നെ വിട്ടു പോയാൽ ഞാൻ സന്തോഷത്തോടെ ജീവിക്കില്ല എന്നാണ് നിനക്ക് അന്ന് എന്നെ ഒരുപാട് ഇഷ്ടമായിരുന്നില്ലേ അതുകൊണ്ടല്ലേ ഇപ്പോഴും നീ വിവാഹം കഴിക്കാതെ നിൽക്കുന്നത് ഞാൻ നിന്നെ വിവാഹം കഴിച്ചോളാം.. നമുക്ക് സുഖമായി ജീവിക്കാം അവളത് കാണണം അവൾ കണ്ടു സങ്കടപ്പെടണം.. “””

 

വല്ലാത്തൊരു ഭാവത്തോടെ ആളു പറഞ്ഞപ്പോൾ എനിക്ക് തോന്നിയത് സഹതാപം മാത്രമായിരുന്നു കാരണം എന്നോടുള്ള സ്നേഹം കൊണ്ടല്ല ആ പറഞ്ഞത് പകരം അവളോടുള്ള വാശി തീർക്കാൻ വേണ്ടി ഒരു ഉപകരണം ആക്കുകയാണ് എന്നെ..””‘

 

സമാധാനത്തിൽ ഞാൻ ആളോട് പറഞ്ഞു മനസ്സിലാക്കി…

 

“”” ഞാൻ വിവാഹം കഴിക്കാതെ ഇരിക്കുന്നത് ഒരിക്കലും നിങ്ങളെ കാത്തിരുന്നത് കൊണ്ടല്ല… നിങ്ങളെ ഞാൻ സ്നേഹിച്ചിരുന്നു എന്നത് സത്യമാണ്.. പക്ഷേ മറ്റൊരാൾക്ക് സ്വന്തമായ ഒരാളെ വീണ്ടും ഇങ്ങനെ കാത്തിരിക്കാൻ എനിക്ക് ഭ്രാന്തില്ല

ഒരു കൂട്ട് വേണ്ട എന്ന് എനിക്ക് ശരിക്കും തോന്നിയതുകൊണ്ട് മാത്രമാണ് ഞാൻ ഇപ്പോഴും അവിവാഹിതയായി തുടരുന്നത് അത് ഒരിക്കലും.. നിങ്ങൾ വിചാരിക്കുന്നതുപോലെ നിങ്ങളോടുള്ള പ്രേമം ഓർത്ത് ഏതെങ്കിലും ഒരുകാലത്ത് നിങ്ങൾ എന്നിലേക്ക് തിരിച്ചുവരും എന്ന് കരുതിയല്ല…”””

 

“””ഞാൻ.. ഞാൻ അങ്ങനെ ഒന്നും കരുതിയെ ഇല്ല “””

 

“”” അന്ന് ഞാൻ നിങ്ങളെ ആ രീതിയിൽ ഇഷ്ടപ്പെടുന്ന കാര്യം നിങ്ങൾക്കറിയില്ല എന്നാണ് കരുതിയത് പക്ഷേ ഇപ്പോൾ നിങ്ങളുടെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായി നിങ്ങൾക്ക് അതിനെപ്പറ്റി അറിവുണ്ടായിരുന്നു എന്ന് എന്നിട്ടും അന്ന് തരാത്ത ഒരു പരിഗണനയും ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല…”””

 

 

അയാളുടെ തല വീണ്ടും താഴ്ന്നിരുന്നു…

 

“”” പിന്നെ മറ്റൊന്ന് കൂടി പറയാം നിങ്ങൾക്കും അവൾക്കും ഇടയിൽ പല പ്രശ്നങ്ങളും ഉണ്ടാകും നിങ്ങൾ തമ്മിൽ വേർപിരിഞ്ഞും കാണും പക്ഷേ അതിനെല്ലാം പക തീർക്കാൻ ഉള്ള ഒരു ഉപകരണം അല്ല ഞാൻ… എന്റെ ജീവിതവും അതിനല്ല… എനിക്ക് മനസിന്‌ ഇണങ്ങിയ ഒരാളെ കിട്ടിയാൽ തീർച്ചയായും ഞാൻ പുതിയ ഒരു ജീവിതം തുടങ്ങും…. “””

 

 

അത്രയും പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു പിന്നെ എന്തോ ഓർത്തത് പോലെ അങ്ങോട്ടേക്ക് തന്നെ ചെന്നു…

 

“””” എന്നുവച്ച് ആദി ഏട്ടനോട് എനിക്ക് ദേഷ്യം ഒന്നുമില്ല ട്ടോ… ഞാനിപ്പോഴും ഒരു നല്ല സുഹൃത്തായിട്ട് തന്നെയാണ് കാണുന്നത്… “”

 

എന്നും കൂടി പറഞ്ഞിട്ട് തിരികെ നടന്നു..

എന്റെ ജീവിതത്തിന് ഒരു വിലയും കാണാത്ത ഒരാളോട് ഇതിൽ കൂടുതൽ ഒരു മറുപടി കൊടുക്കാൻ എനിക്ക് ഇല്ലായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *