കൂലിക്കു വാങ്ങിയ ഭാര്യ..
മംഗലത്ത് തറവാട്ടിലെ വിലാസിനി..
പേരു പോലെ തന്നെ ആ നാട്ടിൽ പ്രസിദ്ധമാണ് .. വിലാസിനി…
തെറ്റായ മാർഗ്ഗത്തിൽ കൂടി നേടിയെടുത്തതായിരുന്നില്ല .. അവളുടെ തൻ്റേടവും ധൈര്യവും കണക്കിലെടുത്ത് നാട്ടുകാർ നൽകിയ വിളിപ്പേരാണ് തീക്കാറ്റ് വിലാസിനി…
ഈ നാട്ടിൽ വന്നു
കയറിയവളാണെങ്കിലും.. ഇരുപത്തിയൊന്ന് വർഷം കൊണ്ട് അവൾ പൂർണമായും ഈ നാട്ടുകാരിയാവുകയായിരുന്നു…
മംഗലത്തെ നടേശൻ്റ ഭാര്യയുടെ പ്രസവകാല ചികിത്സ നൽകുവാനായി സഹായത്തിനു പാലക്കാട് നിന്ന് വന്നവൾ.. പിന്നീട് നടേശൻ തൻ്റെ സഹധർമ്മിണി ആക്കുകയായിരുന്നു…
പ്രസവത്തോടുകൂടി രുഗ്മണി മരിക്കുമ്പോൾ ആ ചോര കുഞ്ഞിനെ ഏറ്റുവാങ്ങിയത് ഒരു വേലക്കാരിയായിട്ടു ആയിരുന്നില്ല ..
പ്രസവിക്കാത്ത ഒരു അമ്മയുടെ സ്ഥാനത്തായിരുന്നു ഒരു കുട്ടിയെ ഏറ്റുവാങ്ങിയത് …അഞ്ചാറു വർഷങ്ങൾക്കു ശേഷം നടേശൻ ഒരു രുഗ്മണിയുടെ അടുത്തേയ്ക്ക് യാത്രയായപ്പോൾ ആ ‘ വലിയ വീടിന്റെ അവകാശികളായി വിലാസിനിയും നന്ദിനിയും മാത്രമായി അവശേഷിച്ചു…
വർഷങ്ങൾ 21 കഴിഞ്ഞു തന്റെ മകൾക്ക് വിവാഹ പ്രായം എത്തിയിരിക്കുന്നു…
തൻ്റെ കൈളിൽ പിടിച്ചു ഓടി കളിച്ചിരുന്ന അവൾ ഇന്ന് മറ്റൊരു ആണിൻ്റെ കൈ പിടിക്കുവാൻ പോകുന്നു ..
കണ്ണാടിയിലേക്ക് നോക്കി തന്റെ വെള്ളി രോമങ്ങൾ പിഴുതെറിയുന്നതിനിടയിൽ വിലാസിനി തന്റെ ഓർമകളിലൂടെ വീണ്ടും ഒരിക്കൽ കൂടി സഞ്ചരിച്ചു…
കുഞ്ഞു പാദസര കിലുക്കം കൊണ്ട് നിറഞ്ഞു നിന്നിരുന്ന ഈ തറവാട്ടിൽ അവൾ അമ്മയെന്ന് വിളിച്ചു ഓടി വരുന്ന കാഴ്ചകൾ ആണൊരുത്തൻ്റെ സഹായമില്ലാതെ കാലങ്ങൾ അവൾക്കു വേണ്ടി മാറ്റി വെച്ച നിമിഷങ്ങൾ എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു..
കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നതു പോലും കാണുവാൻ നിൽക്കാതെ ധിക്കാരത്തോടെ പടിയിറങ്ങി പോയ അവളുടെ അവസാന വാക്കുകൾ നെഞ്ചിൽ ഒരു തീക്കനലായി നീറി കൊണ്ടിരിക്കുന്നു ..
നന്ദിനി അവളിപ്പോൾ കൊച്ചു കുട്ടിയല്ല… സ്വന്തമായി തീരുമാനമെടുക്കാനുള്ള പ്രാപ്തിയും ധൈര്യം വന്നു ചേർന്നിരിക്കുന്നു.. ഇന്നവൾക്ക് ഞാൻ അമ്മയല്ല പോലും …
രാവിലെ കോളേജിൽ പോകാൻ നേരം അവൾ വിളിച്ച പേരിൻ്റ കൂടെ വേലക്കാരി എന്ന് ചേർത്ത് വിളിച്ചപ്പോൾ ഹൃദയം തകർന്നു പോയി….
അവൾ പറഞ്ഞത് സത്യം ആയിരുന്നില്ലേ ഞാൻ ഒരു വേലക്കാരിയാണെന്നുള്ള വിവരം അവളോട് പറഞ്ഞിരുന്നില്ല..
തൻ്റെ ഭാഗത്തു തന്നെയാണ് തെറ്റ്..
സ്വത്തു മോഹിച്ചാണ് താനെവളെ വളർത്തിയെന്ന് പറയുമ്പോൾ ഏതൊരമ്മക്കാണ് സഹിക്കുക….
ഇത്രയേ ഉള്ളൂ…
അമ്മക്ക് മാത്രമേ .. അമ്മയാകാൻ കഴിയൂ. അവൾ പറഞ്ഞതാണ് ശരി..
ഞാൻ അവൾക്കൊരു വേലക്കാരി മാത്രമായിരുന്നോ.. ഒരു അമ്മയുടെ സ്ഥാനത്തല്ലേ. ഞാൻ അവളെ വളർത്തിയത് .. നൊന്തു പ്രസവിച്ച് മുലയൂട്ടി വളർത്തിയവർക്കു മാത്രമേ . അമ്മയാവാൻ കഴിയൂ. എന്ന് പറയുന്നത് എത്ര ശരിയാണ്.. ഞാൻ ഇത്രയും നാൾ മനസ്സിലാക്കാതെ പോയതും ഇതു തന്നെയാണ്…
ഇരുപത്തിയൊന്ന് വർഷത്തിനിടക്ക് ഒരു പുരുഷന്റെ ചൂട് ഞാൻ അറിഞ്ഞിട്ടില്ല …മാസങ്ങൾ മുടങ്ങാതെ വരുന്ന മാസമുറയിൽ ഒരിടവേള സമർപ്പിക്കാൻ ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ ഒരുപാട് കൊതിച്ചിരുന്നു… എല്ലാം നന്ദിനിക്കു വേണ്ടി മാറ്റിവെച്ചു..
എന്നിട്ടവൾ…
സത്യത്തിൽ ഞാൻ അമ്മയായിരുന്നു തനിക്കു മാത്രമറിയാവുന്ന രഹസ്യം .. ചുരക്കാത്ത മാറിടങ്ങളിൽ എവിടെയാണ് മാതൃത്വം ഒളിഞ്ഞു കിടക്കുന്നത്… അവൾ പറഞ്ഞതാണ് ശരി ..ഞാൻ ഒരിക്കലും അമ്മ ആയിരുന്നില്ല അമ്മയെപ്പോലെ അഭിനയിക്കുകയാണെന്ന്…
മുറിയുടെ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന അവളുടെ അച്ഛൻ്റെ കണ്ണിലേക്കു നോക്കി കണ്ണീർ പൊഴിച്ച് കൊണ്ട് പറഞ്ഞുകൊണ്ടിരുന്നു…
ഒരിക്കലെങ്കിലും നിങ്ങൾക്ക് എന്നെ സ്വന്തമാക്കാമായിരുന്നില്ലേ ആ നെഞ്ചിലെ ചൂട് പകർന്നു
തരാമായിരുന്നില്ലേ സ്ത്രീയെന്ന പരിഗണന പോലും തരാതെ നിങ്ങളും എന്നെ ഒരു വേലക്കാരിയായി മാത്രമല്ല കണ്ടിരുന്നത്..
നാട്ടുകാരുടെ കണ്ണിൽ മാത്രം ഭാര്യ.. കൂലിക്ക് വാങ്ങിയ ഭാര്യ..
ഇരുളടത്ത മുറിയിൽ വെറും ദാസി…
എത്രയോ രാത്രികളിൽ തണുപ്പത്ത് ഒരു തരി ചൂടിനുവേണ്ടി ഞാൻ കൊതിച്ചിട്ടുണ്ട്. അന്നെല്ലാം നിങ്ങള് പിഞ്ചോമനെയെ തൻ്റെ അരികത്ത് കിടത്തുമ്പോഴും നിങ്ങൾ അറിഞ്ഞിരുന്നില്ല… ആ മാറിടം ചുരത്തുന്നതിനായി തനിക്കും ആഗ്രഹമുണ്ടെന്ന് …
സത്യത്തിൽ നിങ്ങൾ ഒരാണായിരുന്നു.. സ്വന്തം പ്രിയതമയുടെ വേർപാടിൽ മറ്റൊരു സ്ത്രീയെ പ്രാപിക്കാതിരുന്ന നിങ്ങൾ ആണന്ന വർഗ്ഗത്തിനു അഭിമാനമാണ്…
അപ്പോഴും കന്യകയായ തൻ്റെ സ്വപ്നങ്ങളിൽ നിങ്ങൾ ഇരുട്ടു കൊണ്ടു മറച്ചു പിടിച്ചു..
എന്നിരുന്നാലും കന്യകയെന്ന ഈ വെറുമൊരു വേലക്കാരി തന്റെ മാറിൽ പറ്റി ചേർന്നു കിടന്ന പിഞ്ചോമനക്കു വേണ്ടി എല്ലാം സഹിച്ചു കൊണ്ട് കാലങ്ങൾ തള്ളിനീക്കിയപ്പോൾ…
ഇന്ന് അവൾ നിങ്ങളുടെ ചോരയിൽ പിറന്ന നിങ്ങളുടെ മകൾ ചോദിക്കുന്നു ‘നിങ്ങൾ’ ഒരു അമ്മയാണോ എന്ന്…
വെറുമൊരു വേലക്കാരി
പറയൂ എനിക്ക് ഉത്തരം കിട്ടണം ഞാനൊരു വേലക്കാരി മാത്രമായിരുന്നുവോ നിങ്ങളുടെ മകൾക്ക് …
അന്ന് നിങ്ങൾ എന്റെ കഴുത്തിലൊരു താലി കിട്ടിയിരുന്നെങ്കിൽ ഒരു പോറ്റമ്മയുടെ സ്ഥാനമെങ്കിലും എനിക്ക് കിട്ടുമായിരുന്നു ..
ഇന്നിതാ ഒന്നുമില്ലാത്തവളായി..
ഞാൻ ഇറങ്ങാൻ പോകുന്നു ..എനിക്ക് പോകാൻ സമയം ആയി ..നിങ്ങളെന്നെ ഏൽപ്പിച്ചിരുന്ന ദൗത്യം കൃത്യമായി നിർവഹിച്ചു കഴിഞ്ഞു.
നാളിന്നുവരെ ഒരു കൂലിയും പ്രതീക്ഷിക്കാതെ …
കാക്കയ്ക്കും പരുന്തിനും വിട്ടു കൊടുക്കാതെ ..നിങ്ങളെ പോലെ അന്തസ്സായി വളർത്തി ..
ഇന്നിതാ അവൾ ഒരാളെ കണ്ടു പിടിച്ചിരിക്കുന്നു അച്ഛനേക്കാളും കേമനായ ഒരുവനെന്ന് അവൾ അവകാശപ്പെടുന്ന ഒരാണിനെ..
അമ്മയെക്കാൾ കൂടുതൽ സ്നേഹിക്കുന്ന ആണെന്ന് അവൾ പറയുന്ന ,ചുണ്ടിനു മുകളിൽ കട്ടി മിശയുള്ള ഒരു ചെക്കൻ..
അല്ലെങ്കിലും വേലക്കാരിക്ക് മരുമകനെ കണ്ടുപിടിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളത്..
രാവിലെ അതിനെക്കുറിച്ച് ചോദിച്ചതിനാണ് വേലക്കാരി എന്ന് പട്ടം നൽകി അവളെന്നെ ആനന്ദത്തിൻ്റെ കൊടുമുടിയിലേക്ക് എത്തിച്ചത്..
അനുവാദം ചോദിക്കാൻ ആരുമില്ല എന്നിരുന്നാലും അവസാനമായി ചോദിക്കുകയാണ് എന്നെയും കൂടെ അങ്ങോട്ട് കൊണ്ടു പോയി കൂടെ അവിടെയും ഒരു ഭാര്യയുടെ പട്ടം വേണമെന്നില്ല ഒരു
വേലക്കാരിയായിട്ടെങ്കിലും ചോദിക്കുകയാണ്..
തനിച്ചായതുപോലെ തോന്നുന്നു.. ഇത്രയും നാൾ ഇല്ലാത്ത ഒരു ഏകാന്തത.. ഇപ്പോൾ അവളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടാവും ആശീർവദിക്കാനും അനുഗ്രഹിക്കാനും ഞാൻ ആരുമല്ലല്ലോ ഒരു ദാസി മാത്രമായിരുന്നില്ലേ…
നിങ്ങളുടെ സ്നേഹത്തോടെയുള്ള വാസൂട്ടി എന്നുള്ള വിളി കേൾക്കാൻ ഒരിക്കൽക്കൂടി ആഗ്രഹിക്കുന്നു ..ഹൃദയത്തിന്റെ ഏതോ മൂലയിൽ ഇന്നും ആ വിളി മുഴങ്ങി കേൾക്കുന്നു…
താൻ പോലുമറിയാതെ ഒരു മങ്ങിയ രൂപം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ..എല്ലാം മായയാണെന്നറിയാം എന്നിരുന്നാലും ഓർമ്മകൾ തന്നെ വട്ടു പിടിപ്പിച്ചു കൊണ്ടിരിക്കുന്നു ..
ചിലപ്പോൾ ഞാൻ ഒരു ഭ്രാന്തിയായി മാറി യെന്ന് വരാം …വികാരങ്ങൾക്ക് ഇപ്പോൾ സ്ഥാനമില്ല…
എല്ലാം മനസ്സിൽ നിന്നും ശരീരത്തിൽത്തിൽ നിന്നും വിട്ട് അകന്നിരിക്കുന്നു… ഒന്നു പൊട്ടിക്കരയാൻ പോലും കഴിയുന്നില്ല വേദനയെന്ന കനലിൽ എരിഞ്ഞു തീരുകയാണ് ഞാനിപ്പോൾ ..
ആ ചിരിച്ചുകൊണ്ടിരിക്കുന്ന മുഖത്തേക്ക് നോക്കി കണ്ണുനീർ പൊഴിച്ച് കൊണ്ട് അവൾ മേശവലിപ്പ് തുറന്നു.
ഉറക്കഗുളികയുടെ കുപ്പിതുറന്ന് വായിലേക്ക് കമഴ്ത്തി ..ഇനിയൊന്നു സന്തോഷത്തോടെ ഉറങ്ങണം.. ഒരിക്കലും ഉണരാതെ നീണ്ട ഉറക്കം..
ശാരിലി ..
