ഇത്രനാളും നീ കൈവശപ്പെടുത്തിവെച്ചോണ്ടിരുന്ന ഇയാൾ എന്റെ മോന്റെ പപ്പ ആണെടി… ഇനിയിപ്പോ നിനക്ക് ഇത്തിരി പ്രായമായല്ലോ എന്നു കരുതിയാവും അല്ലേ നിന്റെ ഈ നിൽകുന്ന മകളെ തന്നെ നീ ഇയാൾക്ക് കൂട്ടികൊടുക്കാൻ നോക്കുന്നത്…?
നീയൊക്കെ ഒരമ്മയാണോ… ?
ഏതെങ്കിലും ഒരമ്മ ചെയ്യുന്ന പണി ആണോടി ഇത്… നോക്കാൻ വയ്യെങ്കിൽ ഇങ്ങനെ കൂട്ടിക്കൊടുത്ത് ജീവിക്കാൻ നിൽക്കാതെ വല്ല പുഴയിലും തള്ളിയിട്ട് കൊല്ലെടീ നീ നിന്റെയീ മകളെ…. എന്നിട്ടാ കൂടെ നീയ്യും ചാടി ചാവ്… ബാക്കിയുള്ളവർക്ക് അങ്ങനെ എങ്കിലും ഇനിയുള്ള കാലം സമാധാനവും സ്വൈര്യവും കിട്ടൂലോ…. ”
ഐസക്കിന്റെ നെഞ്ചോരം പതുങ്ങി വിറച്ചു നിൽക്കുന്ന ആലിയയെ അയാളിൽ നിന്ന് വലിച്ചെടുത്ത് സാറയ്ക്കടുത്തേയ്ക്ക് ഉന്തിയിട്ട് ചുറ്റും കൂടി നിൽക്കുന്നവരെല്ലാം കേൾക്കും വിധത്തിൽ ഉച്ചത്തിൽ ആക്രോശിച്ചു ആനി…
അനാവശ്യം വിളിച്ചു പറയാതെ നീ നിന്റെ കുടുംബത്ത് കയറി പോകാൻ നോക്ക് ആനി …
ആനിയുടെ സംസാരവും പെരുമാറ്റവും തന്നിലുണ്ടാക്കുന്ന ദേഷ്യത്തെ അറിഞ്ഞ് അതിനെ നിയന്ത്രിച്ച് ശബ്ദമടക്കി ആനിയോട് ആവശ്യപ്പെട്ടു ഐസക്
അതു കേട്ടതും ഒരു പുച്ഛ ചിരിയോടെ ഐസകിനെ അടിമുടി നോക്കി ആനി
‘നിങ്ങളുടെ പെണ്ണുംപിള്ളയായ് നിങ്ങളുടെ ചിലവിൽ ,നിങ്ങളുടെ വീട്ടിൽ കഴിഞ്ഞപ്പോൾ പോലും ഈ ആനി നിങ്ങളു പറയുന്നത് കേട്ട് വാ പൊത്തി മിണ്ടാതിരുന്നിട്ടില്ല… പിന്നെയല്ലേ ഇപ്പോ നിങ്ങളെ ഉപേക്ഷിച്ച് മറ്റൊരുത്തന്റെ ഭാര്യയായ് ഇരിയ്ക്കുന്ന ഞാനനുസരിയ്ക്കുന്നത്…..?
ആനിയുടെ വാക്കിൽ ഒന്നു പിടഞ്ഞു ഐസക്കിന്റെ നെഞ്ച്… ആ പിടച്ചിൽ അത് ആനി തിരിച്ചറിഞ്ഞില്ലെങ്കിലും വളരെ കൃത്യമായ് സാറ തിരിച്ചറിഞ്ഞിരുന്നു… നീറി സാറയുടെ ഉള്ളം ഐസകിനെ ഓർത്ത്….
“ഐസക്ക് അച്ചായൻ എന്തു ചെയ്താലും അതിപ്പോ നിങ്ങളെ ബാധിക്കില്ലല്ലോ ആനിചേച്ചി… പിന്നെ നിങ്ങൾക്കിത് എന്നാതിന്റെ ഏനക്കേടാണ്… നിങ്ങള് വേഗം വീട്ടിൽ ചെന്ന് നിങ്ങളുടെ ഇപ്പോഴത്തെ കെട്ടിയവന്റെ കാര്യം തിരക്കി അന്വേഷിക്ക് നേരം കളയാതെ… ”
പള്ളി പിരിഞ്ഞു പോവുന്നവരുടെ കൂട്ടത്തിൽ നിന്ന് ആൻറണി, ഐസക്കിന്റെ സഹായി വിളിച്ചു പറഞ്ഞതും അവനു നേരെ ദേഷ്യത്തിൽ ചെന്നു ആനി
“ഇയാളെ പോലെ മിന്നുക്കെട്ടിയ ഭാര്യ വീട്ടിലിരിയ്ക്കുമ്പോൾ പഴയ കാമുകിയെ തേടിച്ചെല്ലുന്ന ചെറ്റയല്ലെടാ എന്റെ സാം ഇച്ചായൻ… നിനക്കൊക്കെ എന്നെ ഉപദേശിക്കാനും നേരെയാക്കാനും നല്ല മിടുക്കാണല്ലോ…. ആ മിടുക്കിന്റെ പാതി മതിയല്ലോ ദേ ഇയാളെയും ഇവളെയും തമ്മിലകറ്റി മാറ്റാൻ… എന്നാ നിനക്കൊക്കെ അത് ചെയ്താല്….?
ഐസക്കിനു നേരെ കൈ ചൂണ്ടിവിറച്ച് ആനി ചോദിച്ചതും ഒന്നു വിറപ്പൂണ്ടു സാറയുടെ ഉള്ളം…. ചുറ്റും കൂടി നിൽക്കുന്നത് സ്വന്തം ഇടവകയിലെ ആളുകളാണ്…. ഐസക്കിനെ വശീകരിച്ചെടുത്തവൾ, അവന്റെ കുടുംബം തകർത്തവൾ എന്നിങ്ങനെ ധാരാളം പേരുകളുണ്ട് തനിയ്ക്ക് ഈ നാട്ടുകാരുടെയും ഇടവകക്കാരുടെയും ഇടയിൽ… പരസ്യമായും രഹസ്യമായും തന്നെ അന്തിക്കുട്ടിന് വിളിച്ചവരുമുണ്ട്… അവരുടെ എല്ലാം നോട്ടം തന്റെ മേലാണിപ്പോൾ….. തെറ്റു ചെയ്യാതെ കുറ്റമേൽക്കേണ്ടി വന്നവളുടെ നിസ്സഹായത മുഴുവനുണ്ട് സാറയുടെ മുഖത്ത്… അത് തിരിച്ചറിഞ്ഞതും നിസ്സഹായത നിറഞ്ഞു ഐസക്കിലും….
“എന്റെ പൊന്നു ആനി ചേച്ചീ, നിങ്ങൾക്ക് സംശയരോഗം മൂത്ത് ഭ്രാന്തായതാണെന്ന് വെച്ച് ആ ഭ്രാന്ത് നിങ്ങൾ ഞങ്ങൾക്ക് പകർത്താൻ നോക്കണ്ട… ഞങ്ങൾക്കൊപ്പം ഞങ്ങൾക്ക് മുന്നിലൂടെ വളർന്നു വന്നതാണ് ഐസക്ക് അച്ചായനും സാറ ചേച്ചിയും… അവരുടെ ബന്ധം എങ്ങനെ എന്നതും ഞങ്ങൾക്കറിയാം.. അത് തിരിച്ചറിയാൻ പറ്റാത്തത് നിങ്ങൾക്കായതുകൊണ്ടല്ലേ നിങ്ങൾ അച്ചായനെ വേണ്ടാന്നു വെച്ച് കളപുരക്കൽ സാമിനെ കല്യാണം കഴിച്ചത്… ഇനി അയാളുടെ കാര്യം നോക്കി ജീവിയ്ക്ക് നിങ്ങൾ… ഇവരെ ഇവരുടെ വഴിയ്ക്ക് വിട്… അവര് ഒരുമ്മിച്ച് ജീവിക്കുവോ ഇഷ്ടം പോലെ കാണുകയോ ഒന്നിച്ച് നടക്കുകയോ ഒക്കെ ചെയ്തോട്ടെ… നിങ്ങളെ അതൊന്നും ബാധിക്കില്ലല്ലോ… നിങ്ങളിവരുടെ ആരും അല്ലല്ലോ…. പിന്നെന്താണ് നിങ്ങൾക്കിത്ര ബുദ്ധിമുട്ട്…..?
തന്റെ ഉള്ളിലുള്ളത് മുഴുവൻ ആന്റണി വെട്ടിത്തുറന്നു പറഞ്ഞതും അയാളെ കത്തുന്ന പകയോടെ നോക്കി ആനി….
“എനിയ്ക്കിത്തിരി ബുദ്ധിമുട്ടുണ്ട് ആന്റണി ഇതൊക്കെ കാണാൻ… ഇയാളുടെ ഭാര്യ സ്ഥാനം മാത്രമേ ഞാൻ വേണ്ടാന്നു വെച്ചിട്ടുള്ളു… ഞാൻ പ്രസവിച്ച കൊച്ചിന്റെ അപ്പൻ ഇയാളു തന്നെയാണ്… പത്തിരുപത്തിയഞ്ച് വയസ്സായ് അവന്… ഇയാളുടെ ചീത്ത സ്വഭാവം കൊണ്ട് നാളെ അവന് കൊള്ളാവുന്നൊരു തറവാട്ടിൽ നിന്ന് അന്തസ്സുളെളാരു ബന്ധം കിട്ടുമോ… ഇത്രനാളും ഇവളെ കൊണ്ടു നടന്നിരുന്ന ഇയാളിപ്പോ കൊണ്ടു നടക്കുന്നത് ഇവളുടെ ഈ നിൽക്കുന്ന മകളെയാണ്… അറിയ്യോ നിനക്ക്….?
നിങ്ങൾക്കറിയ്യോ…?
വീറൊട്ടും ചോരാതെ ആദ്യം ആന്റണിയോടും പിന്നെ ചുറ്റും നിൽക്കുന്നവരോടും ആനി ചോദിച്ചതും അതുവരെ കാഴ്ചക്കാരായ് നിന്ന ആളുകൾ രണ്ടു ചേരിയായ് തിരിഞ്ഞത് ആന്റണിയും ഐസക്കും ഒട്ടും പ്രതീക്ഷിക്കാതെയാണ്…
“അത് ആനി പറഞ്ഞത് ഒള്ളതു തന്നെയാണ്… ഞങ്ങള് കുർബ്ബാന കഴിഞ്ഞിറങ്ങി വരുമ്പോൾ സാറയുടെ ഈ നിൽക്കുന്ന പെൺകൊച്ച് ഐസകിന്റെ നെഞ്ചിൽ ചാരി നിൽക്കുന്നത് ഞങ്ങൾക്കണ്ടതാണ്… അതിന്റെയൊക്കെ അർത്ഥം എന്നതാ….?
ആനിയോടു ചായ് വ് ഉള്ളൊരുത്തൻ, ഐസക്കിന്റെയും സാറയുടെയും ബന്ധത്തെ സംശയ കണ്ണോടെ കാണുന്നൊരുവൻ ആനിയ്ക്കടുത്തേയ്ക്ക് നീങ്ങി നിന്ന് ആൾക്കൂട്ടത്തെ നേരിട്ടതും കനത്ത നിശബ്ദത നിറഞ്ഞവിടെ….
തെറ്റും ശരിയും തിരിച്ചറിയാൻ പറ്റാതെ ഉഴറി കൂടി നിൽക്കുന്നവരും…
സാറാമ്മച്ചിയുടെ മകൾ ആലിയ എന്റെ പപ്പ ഐസക്കിന്റെ നെഞ്ചിൽ ചേർന്നു നിന്നിട്ടുണ്ടെങ്കിൽ, ആ ചേർന്നു നില്പ്പിൽ ആലിയയെ എന്റെ പപ്പ നെഞ്ചോടു ചേർത്തു പിടിച്ചിട്ടുണ്ടെങ്കിൽ അതവർ അപ്പനും മകളുമാണെന്ന ഉറച്ച വിശ്വാസം അവർക്കുള്ളതുകൊണ്ടാണ് മമ്മീ… മമ്മിയ്ക്കതിലൊരു പ്രശ്നവും തോന്നണ്ട ആവശ്യമില്ല…. ”
ആൾക്കൂട്ടത്തിനിടയിൽ നിന്ന് കയറി വന്ന് ആൽവിൽ, ആനിയുടെയും ഐസക്കിന്റെയും മകൻ ഉറപ്പോടെ പറഞ്ഞതും ഞെട്ടി അവനെ നോക്കി ആനി….
അപ്പനും മകളുമോ…അതേത് ബന്ധത്തിൽ…?
സ്വയമറിയാതെ ആനി ചോദിച്ചതും പൊട്ടിച്ചിരിച്ചു പോയ് ആൽവിൻ…
ഏതു ബന്ധമെന്നോ….? മമ്മി തന്നെയല്ലേ കുറച്ചു മുമ്പിവിടെ നിന്ന് വിളിച്ചു കൂവിയത് പപ്പയും സാറാമ്മച്ചിയും തമ്മിൽ അവിഹിതമാണെന്ന്…?
അതങ്ങനെ തന്നെയാണെന്ന് നൂറു ശതമാനം വിശ്വസിച്ചതുകൊണ്ടല്ലേ പപ്പയെ ഉപേക്ഷിച്ച് മമ്മി മറ്റൊരാളെ ഭർത്താവായ് സ്വീകരിച്ചത്… എന്നിട്ടു പിന്നെയിപ്പോ ഒന്നും അറിയാത്ത പോലെ ബന്ധമേതാണെന്നൊക്കെ ചോദിക്കാൻ പാടുണ്ടോ മമ്മീ….?
മോശമല്ലേ അത്…..?
ആനിയെ പരിഹസിയ്ക്കും വിധത്തിൽ നീട്ടി കുറുക്കിയൊരു ഈണത്തിൽ ആൽവിൽ ആനിയ്ക്ക് നേരെ തിരിഞ്ഞതും പതറി ആനി എങ്കിലും വിട്ടുകൊടുക്കാൻ, തോൽക്കാൻ മനസ്സില്ലായിരുന്നു ആനിയ്ക്ക്….
“സ്വന്തം തന്തയുടെ ഒളിസേവക്കാരിയെ സാറാമ്മച്ചീന്ന് വിളിയ്ക്കുന്ന നീ ഇയാൾക്ക് വേണ്ട ഒത്താശ ചെയ്ത് സംസാരിക്കുമെന്ന് എനിയ്ക്കറിയാടാ… പണ്ടും നിനക്ക് കൂറ് നിന്റെ അപ്പനോടു തന്നെയാണല്ലോ… എന്നെയല്ലേ നിങ്ങൾ രണ്ടാൾക്കും പറ്റാതെയിരുന്നത്….?
എഴുതാപ്പുറം മമ്മി വായിക്കണ്ട… എന്റെ അപ്പൻ ഐസക്കിന് സാറ ആരാണെന്നും എന്താണെന്നും എനിയ്ക്കറിയാം… പിന്നെ ഞാനവരെ അമ്മച്ചീന്ന് വിളിയ്ക്കുന്നുണ്ടെങ്കിൽ എന്റെ മനസ്സിൽ അവർക്കുള്ള സ്ഥാനം അതായതുകൊണ്ടാണ്…. അല്ലെങ്കിലും മിന്നു കെട്ടിയ പെണ്ണിന്റെ അമ്മ എനിയ്ക്കും അമ്മ തന്നെയല്ല്യോ…. പിന്നെ എന്നതാ അങ്ങനെ വിളിച്ചാൽ….?
ചൊടിയോടെ ചോദിയ്ക്കുന്നവനെ പകപ്പോടെ നോക്കി ആനി
നീ മിന്നു കെട്ടുകയോ…? ഇവളുടെ മകളെയോ…? നടന്നതു തന്നെ ആൽവിൻ….
ഞാൻ പ്രസവിച്ച എന്റെ മകനാണ് നീയെങ്കിൽ ഈ പെണ്ണിനെ നീ കല്യാണം കഴിക്കില്ല… ഞാനതിന് സമ്മതിക്കേം ഇല്ല ആൽവിനേ…
പക്കപ്പൊഴിഞ്ഞതും വീറോട്ടും കുറയാതെ സ്വന്തം മകനെ വെല്ലു വിളിച്ചു ആനിയെങ്കിൽ അതു കേട്ടുനിന്ന ഐസക്കിൻ്റെയും ആൽവിൻ്റെയും മുഖത്ത് അവരെ പരിഹസിയ്ക്കും പോലൊരു ചിരിയാണ് തെളിഞ്ഞു നിന്നത്
എനിയ്ക്ക് ഇഷ്ടമില്ല അവളെയും അവളുടെ തള്ളയേയും… ഞാനും നിന്റെ പപ്പയും വിഹാഹ ബന്ധം വേർപ്പെടുത്താൻ തന്നെ കാരണക്കാരികൾ ആ അമ്മയും മകളുമാണ് അറിയ്യോ നിനക്ക്….?
അവരുടെ മുഖത്തെ പരിഹാസം തിരിച്ചറിഞ്ഞ് ആനി വീണ്ടും തുടർന്നതും അവർക്ക് മുന്നിലേക്ക് കയറി നിന്നു ആൽവിൻ ഒപ്പം ആലിയയേയും വലിച്ച് തനിയ്ക്ക് അരികിലേക്ക് നിർത്തി…
മമ്മീ…. ഇതെൻ്റെ ഭാര്യ… ഭാര്യ എന്നു പറയുമ്പോൾ സഭയെ സാക്ഷി നിർത്തി വിളിച്ചു ചൊല്ലി ഞാൻ മിന്നു കെട്ടിയവൾ..
ആലിയയുടെ കഴുത്തിലെ മിന്നു ഉയർത്തി കാട്ടി ആൽവിൻ പറഞ്ഞതും തറഞ്ഞു നിന്നു ആനി….അവരെന്തോ പറയാനായ് വാ തുറന്നതും കൈനീട്ടി നടത്തു ആൽവിൻ
പപ്പയും മമ്മിയും ബന്ധം പിരിയാൻ കാരണം സാറാമ്മച്ചി അല്ല… അവരു തമ്മിൽ പ്രണയവും ഇല്ല… അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ മമ്മി ഒരിക്കലും എൻ്റെ പപ്പയുടെ ഭാര്യ ആവില്ലായിരുന്നു…
നല്ല സൗഹൃദങ്ങൾക്ക് ആൺ പെൺ വ്യത്യാസമില്ലാന്നുളളത് മമ്മി എന്നു മനസ്സിലാക്കുന്നോ അന്നേ മമ്മിയ്ക് ബന്ധങ്ങളുടെ വിലയും അടുപ്പവും തിരിച്ചറിയാൻ സാധിക്കുകയുള്ളു… അല്ല ഇനി മമ്മി എന്ത് തിരിച്ചറിഞ്ഞിട്ടെന്തു കാര്യം അല്ലേ…?
ആനിയുടെ കഴുത്തിലെ സാം കെട്ടിയ മിന്നു മാലയിലേക്ക് നോക്കി വേദനയോടെ ആൽവിൻ തിരക്കുമ്പോൾ ആനി നോക്കി കണ്ടത് ആ മിന്നിലേക്ക് വേദനയോടെ നോക്കുന്ന ഐസക്കിനെ ആണ്
ഞാനൊരു തെറ്റും ചെയ്തിട്ടില്ലെടീ ആനീ…. സാറ എനിയ്ക്കെൻ്റെ കൂടപ്പിറപ്പ് തന്നെയാണ്… നമ്മുടെ മോനാണ് സത്യം… എന്നെ വിശ്വസിയ്ക്ക് നീ….’
താൻ പിണങി ഇറങ്ങി പോന്നപ്പോൾ തൻ്റെ കാലുപിടിച്ച് കെഞ്ചി പറഞ്ഞ ഐസക്കിൻ്റെ വാക്കും മുഖവും തെളിഞ്ഞു നിന്നു ആനിയുടെ ഉള്ളിൽ….
താൻ പിണങ്ങി പോന്നിട്ടും വേറെ വിവാഹം കഴിച്ചിട്ടും ഐസക്ക് മറ്റൊരാളെയും കൂടെ കൂട്ടിയില്ല.. ഇപ്പോഴിതാ ആലിയയെ ആൽവിനെ കൊണ്ട് വിവാഹം കഴിപ്പിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു…
തെറ്റുപറ്റിയോ തനിയ്ക്ക്…. ധൃതി കൂടിയോ മറ്റൊരു ജീവിതം തിരഞ്ഞെടുക്കാൻ…?
ജീവിതത്തിലാദ്യമായ് സ്വന്തം ചിന്തകളെയും പ്രവർത്തികളെയും പറ്റി ചിന്തിച്ചു ആനി….
തനിയ്ക്ക് തെറ്റുപറ്റി എന്നൊരു തിരിച്ചറിവോടെ അവർ മുഖമുയർത്തി ചുറ്റും നോക്കിയതും അമ്പരന്നുപോയ്….
താനൊറ്റയ്ക്കാണ് പള്ളിമുറ്റത്ത്… മറ്റുള്ളവരെല്ലാം തന്നെ പിരിഞ്ഞു പോയിരിക്കുന്നു….
ഐസക്കും മറ്റുള്ളവരും കയറിയ വാഹനവും പള്ളി ഗേറ്റ് കടന്നു മറയുമ്പോൾ തൻ്റെ പ്രവർത്തി എടുത്തുചാട്ടമായ് എന്ന തിരിച്ചറിവിൽ ഏകയായ് ആ പള്ളിമുറ്റത്ത് നിന്നു ആനി ..
താൻ നഷ്ടപ്പെടുത്തിയ തൻ്റെ ആ ജീവിതത്തിലേക്ക് തനിയ്ക്ക് ഇനിയൊരു തിരിച്ചു പോക്കിനു സാധ്യത ഇല്ലെന്ന ബോധ്യത്തിൽ തന്നെ…
ചില നഷ്ടങ്ങൾ ഒരിക്കലും നികത്താൻ സാധിക്കില്ലെന്ന തിരിച്ചറിവിൽ വേദനിച്ച് ഉരുകി തീരാനാണ് ഇനി ആനിയുടെ വിധി…. കാലം അവളുടെ എടുത്തു ചാട്ടത്തിന് അവൾക്ക് നൽകിയ ശിക്ഷ ആണത്…. അനുഭവിച്ച് തന്നെ തീർക്കട്ടെ അവളത്….
✍️രജിത ജയൻ
