“നീ എങ്ങനെ ആണെടാ ചെക്കാ ഈ എല്ലും മുള്ളും ശരീരത്തിൽ തട്ടിയിട്ടും ഇവളുടെ കൂടെ കിടന്നുറങ്ങുന്നത്…?
എനിയ്ക്കൊന്നും പറ്റില്ലാട്ടോ ഇങ്ങനൊന്നിൻ്റെ കൂടെ ജീവിതം മുഴുവൻ ജീവിക്കാൻ…”
കയ്യിലെ എരിഞ്ഞു തീരാറായ സിഗരറ്റിൽ നിന്ന് അവസാന പുകയും ആഞ്ഞു വലിച്ചെടുത്ത് മുഖത്തെ പതിവ് പുച്ഛചിരിയോടെ പ്രകാശൻ ചോദിച്ചതും ഉത്തരമൊന്നും പറയാതെ അയാളെ വെറുതെ നോക്കി നിന്നു ജയൻ….
ഈയൊരു കാര്യം ഇത് എത്രാമത്തെ പ്രാവശ്യമാണ് ഇയാളിങ്ങനെ ചോദിച്ചോണ്ടിരിയ്ക്കുന്നത് എന്നൊരു ചിന്തയോടെ അഭിന ഭർത്താവ് ജയനെയും ഭർത്താവിൻ്റെ സഹോദരീ ഭർത്താവ് പ്രകാശിനെയും മാറി മാറി നോക്കി നിന്നവിടെ
എൻ്റെ പെണ്ണേ നിനക്കീ വീട്ടിൽ തിന്നാനും കുടിക്കാനുമൊന്നും കിട്ടുന്നില്ലേ…?
തൻ്റെ ചോദ്യങ്ങൾക്ക് ജയന് മറുപടി ഇല്ലെന്നു കണ്ടതും അഭിനയ്ക്ക് നേരെ തിരിഞ്ഞു ചോദിച്ചു പ്രകാശൻ
നീ പറയുന്നത് കേട്ടാൽ തോന്നുമല്ലോ ഇങ്ങോട്ടു കെട്ടി കൊണ്ടുവരുന്നതിന് മുമ്പ് ഇവള് തടിച്ചു കൊഴുത്താണ് ഇരുന്നിരുന്നതെന്ന്… അന്നുള്ളതിനെക്കാൾ ഇച്ചിരെ തടിവെച്ച് കാണാൻ കുറച്ചെങ്കിലും ഇവള് മെനയായത് കല്യാണം കഴിഞ്ഞ് ഇങ്ങോട്ടു വന്നതിൽ പിന്നെയാണ്…അതും നേരോം സമയോം ഇല്ലാതെ ഞാനോരോന്നും ഉണ്ടാക്കി തീറ്റിച്ചിട്ട്… അറിയ്യോ നിനക്ക് …?
പ്രകാശൻ്റെ അഭിനയോടുള്ള ചോദ്യത്തിന് മറുപടിയായ് ഉമ്മറത്തേയ്ക്ക് വന്നത് ജയൻ്റെ അമ്മ മാധവി ആണ്…
ചില പെണ്ണുങ്ങളിങ്ങനെ തന്നെയാണെടാ എത്രയെല്ലാം എന്തൊക്കെ കഴിച്ചാലും ശരീരത്ത് പിടിക്കത്തില്ല..ഇങ്ങനെ ഈള് പോലിരിയ്ക്കും… അനുഭവിക്കേണ്ടി വരുന്നത് നമ്മളാ ണുങ്ങളാണ് … സത്യം പറയാലോ പ്രകാശാ അന്നും ഇന്നും എനിയ്ക്ക് അത്യാവശ്യം തണ്ടും തടിയും ശരീര വളർച്ചയും ഉള്ളവരെയാണ് ഇഷ്ടം… പെണ്ണെന്നു പറഞ്ഞാൽ തന്നെ അങ്ങനെയല്ലേ…നിൻ്റെ യോഗം… അല്ലാതെ എന്തു പറയാനാ…”
വല്ലാതെ കഷ്ടം ഭാവിച്ച് ജയനെ നോക്കി പറഞ്ഞ് മുറിയ്ക്കുള്ളിലേക്ക് പ്രകാശൻ തിരിഞ്ഞതും അഭിന ജയനെ ഒന്നു നോക്കി.. അയാൾ പോയ് കഴിഞ്ഞിട്ടാണെങ്കിലും ജയൻ രണ്ട് വാക്ക് തന്നെ ആശ്വസിപിക്കാനെങ്കിലും പറയുമോ എന്നറിയാൻ …
ഇല്ല.. തൻ്റെ കൺമുന്നിൽ അഭിന എന്നൊരുവളെ കണ്ട ഭാവമേ നടിയ്ക്കാതെ വെട്ടിത്തിരിഞ്ഞവനും അകത്തേയ്ക്ക് പോയതും നിറഞ്ഞുതൂവാനൊരുങ്ങി അഭിനയുടെ മിഴികൾ …
ഏതാൾ കൂട്ടത്തിലും താലിക്കെട്ടിയവളെ സംരക്ഷിച്ചു നിർത്തേണ്ടവൻ തന്നെ അവളെ പൊതുജനമധ്യത്തിലേക്ക് വിചാരണയ്ക്കായ് ഇട്ടു കൊടുക്കുന്നത് അഭിന എത്രയോ പ്രാവശ്യം അനുഭവിച്ചിട്ടുണ്ട് അവിടെ നിന്ന്
നിറം ഇല്ലാത്തതിൻ്റെയും തടി ഇല്ലാത്തതിൻ്റെയും പേരിൽ അപമാനിക്കപ്പെട്ടിട്ടുള്ള കല്യാണ വീടുകളുടെയും മറ്റ് ആഘോഷ ചടങ്ങുകളുടെയും ചിത്രങ്ങൾ തെളിഞ്ഞവളുടെ ഉള്ളിൽ….
കാണാൻ മെനയില്ലെങ്കിലും കയ്യിൽ ഇഷ്ടംപോലെ കാശുള്ളതുകൊണ്ട് ഒരടിപൊളി ചെക്കനെ ഭർത്താവായ് വിലയ്ക്കെടുക്കാൻ പറ്റി അല്ലേടി നിനക്ക്…?
തൻ്റെ കൂട്ടുകാരിൽ നിന്നും കുടുംബക്കാരിൽ നിന്നും താൻ എത്രയോ പ്രാവശ്യം കേട്ട ചോദ്യം ഓർത്തതും ഉമ്മറത്തെ ഭിത്തിയിലെ നീളൻ കണ്ണാടിയിലേക്കൊന്ന് തിരിഞ്ഞ് തൻ്റെ രൂപം നോക്കി അഭിന…
നിറം കുറഞ്ഞ് തടിയൊട്ടുമില്ലാത്ത തൻ്റെ രൂപത്തിനും ഒരു ഐശ്വര്യവും ഭംഗിയും ഉണ്ടെന്നവൾ വിലയിരുത്തുമ്പോൾ പ്രകാശൻ പറഞ്ഞ അഴകളവുകൾ ഉള്ളാരുവളെ ആയിരുന്നില്ലേ താനും സ്വപ്നം കണ്ടതെന്ന നഷ്ട ചിന്തയോടെ മുറിയിൽ അസ്വസ്ഥനായ് ഇരുന്നു ജയനും
ഇരുട്ടത്ത് പെണ്ണുങ്ങളെല്ലാം ഒന്നുതന്നെയാണെന്ന കൂട്ടുകാരുടെ സംസാരത്തിൽ നിന്നാണ് താൻ ഭാര്യയായ് അഭിനയെ ഉറപ്പിച്ചത്… അവളുടെ വീട്ടുകാർ ഇങ്ങോട്ടു വെച്ച വിവാഹാലോചനയാണത്…
കാണാൻ യാതൊരു പ്രത്യേതയുമില്ലാത്ത എന്നാൽ പറയാൻ ഒരുപാട് കുറവുകൾ ഉള്ള മകൾക്ക് പൈസ മുടക്കി അഭിനയുടെ വീട്ടുകാർ വാങ്ങി കൊടുത്തൊരു ഭർത്താവ് അതാണ് ജയൻ…
അഭിനയെ ജയൻ ഭാര്യയാക്കിയതോടെ തെളിഞ്ഞതാണ് ജയൻ്റെ കുടുംബത്തിൻ്റെ തലവര…
ആവശ്യങ്ങൾക്കും അനാവശ്യങ്ങൾക്കും ജയനും വീട്ടുകാരും അഭിനയുടെ പണം വാരി വലിച്ചു ചിലവാക്കും എങ്കിലും ഒരു ഭാര്യയായ് പൊതുജനമധ്യത്തിൽ അഭിനയെ കാണിക്കാൻ ജയനോ ജയൻ്റെ വീട്ടുക്കാരോ ഇഷ്ടപ്പെട്ടിരുന്നിരുന്നില്ല…
അഭിനയ്ക്ക് ജയനെന്നാൽ ഇരുട്ടിൻ്റെ മറവിൽ തൻ്റെ ശരീരം തേടി വരുന്ന, തൻ്റെ പണം യഥേഷ്ടം തോന്നും പടി ചിലവാക്കുന്ന ഒരുവൻ മാത്രമാണ്…
അഭിനയെ ഒരിക്കലും ആരിൽ നിന്നും സംരക്ഷിച്ചു നിർത്തിയിരുന്നില്ല ജയൻ… പകരം മറ്റുള്ളവർക്ക് അവളെ കളിയാക്കാനും പരിഹസിക്കാനും ഉള്ള അവസരങ്ങൾ സൃഷ്ടിച്ചു… ആളുകൾക്കിടയിൽ അവൾ അപഹാസ്യയാവുന്നതു കണ്ട് സന്തോഷിച്ചവൻ…
“നീ നാളെയൊരു ദിവസം നിൻ്റെ വീട്ടിൽ പോയിട്ട് വൈകീട്ട് തിരികെ വന്നാൽ മതി…”
രാത്രി അത്താഴം കഴിച്ച് എല്ലാവരും എഴുന്നേറ്റതും ജയൻ കഴിച്ചു കൊണ്ടിരുന്ന അഭിനയോടായ് പറഞ്ഞു..
നാളെ ഞാൻ പോയാൽ എങ്ങനെയാ…?
നാളെ അല്ലേ ജയന്തിയെ പെണ്ണുകാണാൻ ആളുകൾ വരുന്നത്…?
ചുളിഞ്ഞ മുഖത്തോടെ തിരക്കി അവൾ
ജയന്തി ജയൻ്റെ അനിയത്തിയാണ് .. പഠനമെല്ലാം കഴിഞ്ഞ് വീട്ടിലിരിപ്പാണ്… നാളെയാണ് അവളെ കാണാൻ ഒരു കൂട്ടരു വന്നത്… അതിൻ്റെ മുന്നൊരുക്കമായിട്ടാണ് ജയൻ്റെ ചേച്ചിയും ഭർത്താവ് പ്രകാശനുമെല്ലാം വന്നിരിക്കുന്നത്…
ജയന്തിയെ കാണാൻ വരുന്നവർ നിന്നെയും നിൻ്റെ തിരുരൂപത്തെയും കാണണ്ട എന്ന് കരുതി തന്നെയാണെടീ നിന്നോട് വീട്ടിലേക്ക് പോവാൻ പറഞ്ഞത്….ഇനി അവരുടെ മുമ്പിലും കൂടിയേ ഉള്ളു നാണം കെടാൻ…”
ദേഷ്യം തിളച്ച് പല്ല് കടിച്ച് ജയൻ പറഞ്ഞതു കേട്ട് ചൂളി ചുരുങ്ങി എടുത്ത ചോറ് കഴിക്കാൻ കഴിയാതെ നിറമിഴികളോടെ ഇരുന്നു അഭിനയെങ്കിൽ അവളുടെ ആ ഇരുത്തവും കണ്ണുനീരും അവിടെ ഉള്ള മറ്റുള്ളവരിൽ നിറച്ചത് തികഞ്ഞ സന്തോഷവും സംത്യപ്തിയും ആണ്…
പിറ്റേന്ന് നേരം പുലരും മുമ്പേ ആ വീടിൻ്റെ പടിയിറങ്ങി സ്വന്തം വീട്ടിലേക്ക് പോയി അഭിന….
ജയന്തിയെ കാണാൻ വന്നവരുടെ മുമ്പിൽ തെളിഞ്ഞ ചിരിയോടെയും സന്തോഷത്തോടെയും ജയനും കൂട്ടരും ഇരുന്നു
“ഞങ്ങൾ രാജകുമാരിയായി വളർത്തി കൊണ്ടുവന്നവളാണ് ഇവൾ… നിങ്ങളുടെ വീട്ടിലും ഇവളെ അങ്ങനെതന്നെ നോക്കണം… വേദനിപ്പിക്കരുത് ജയന്തിയെ…”
ജയൻ ജയന്തിയെ കെട്ടാൻ പോവുന്ന ചെക്കനെ നോക്കി പറയുന്നത് കേട്ടതും അവൻ്റെ അളിയൻ പ്രകാശൻ്റെ ചുണ്ടിൽ ജയനെയും അവൻ്റെ വീട്ടുകാരെയും പരിഹാസിക്കുന്ന ചിരി തെളിഞ്ഞു
പണം മാത്രം കണ്ട് കെട്ടി കൊണ്ടു വന്നവളെ വീട്ടിലെ വേലകാരിയെക്കാൾ തരംതാഴ്ത്തി കണ്ടവൻ്റെ വാക്കുകൾ…
ഉള്ളിലോർത്തവൻ….
“ഞങ്ങളുടെ കുട്ടിയ്ക്ക് അവൾക്കാവശ്യമുള്ളതിലും അധികം സ്വർണ്ണവും പണവും നൽകിയാണ് ഞങ്ങൾ നിങ്ങളുടെ വീട്ടിലേക്ക് അയക്കുക.. അതിൻ്റെ നിലയും വിലയും അവൾക്ക് ആ വീട്ടിൽ ഉണ്ടാവണം… അത് നിർബന്ധമാണ് ഞങ്ങൾക്ക്..”
ഒരേട്ടൻ്റെ എല്ലാ അധികാര അവകാശത്തോടെയും വന്നവരോട് സംസാരിക്കുമ്പോൾ അഭിനകൊണ്ടുവന്ന സ്വർണ്ണവും പണവും ആണ് ജയൻ്റെ ഉള്ളിൽ
“പെൺകുട്ടി കൊണ്ടുവരുന്ന സ്വർണ്ണത്തിൻ്റെയും പണത്തിൻ്റെയും കണക്കാണ് ഒരുവൾക്ക് ചെന്നു കയറുന്നിടത്ത് വില നൽകുന്നതെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത് ജയൻ…?
വാതിൽക്കൽ നിന്നു കേട്ട ചോദ്യത്തിൽ ഞെട്ടി ജയൻ
അഭിനയുടെ അച്ഛൻ.. ഒപ്പം അവളും….
അച്ഛാ.. അത്…
ജയനെന്തോ പറഞ്ഞു തുടങ്ങിയതും തൻ്റെ കൈ ഉയർത്തി അവനെ തടഞ്ഞ് തിരിഞ്ഞ് അഭിനയെ നോക്കി അവളുടെ അച്ഛൻ…
“ചെന്ന് നിൻ്റേതായിട്ട് എടുക്കാനുള്ളത് എന്താണോ അതെല്ലാം എടുത്തിട്ട് വാ…ഒന്നും വെയ്ക്കണ്ട ഇവിടെ… നിങ്ങളും കൂടെ ചെല്ല് മോൾക്കൊപ്പം…
ആദ്യം അഭിനയോട് പറഞ്ഞ അവളുടെ അച്ഛൻ പിന്നീട് അവൾക്കു പുറകിലായ് നിൽക്കുന്നവരോടു പറഞ്ഞതും മിഴിഞ്ഞു ജയൻ്റെയും വീട്ടുകാരുടെയും കണ്ണുകൾ
ടൗണിലെ ലോഡിംഗ് തൊഴിലാളികളെയാണ് അഭിനയുടെ അച്ഛൻ കൂടെ കൊണ്ടുവന്നിരിക്കുന്നത്…
“ഇതാരാണ് … എന്താണ് കാര്യം…?
പെണ്ണുകാണാൻ വന്നവർ തിരക്കിയെങ്കിലും അവരോട് എന്താണ് പറയേണ്ടത് അഭിനയേയും അച്ഛനെയും എന്തു പറഞ്ഞൊണ് തടയേണ്ടത് എന്നൊന്നും അറിയാതെ വിളറി വെളുത്തവർക്കിടയിൽ നിന്നു പോയ് ജയനും വീട്ടുകാരും…
“ഇതെന്താ നിങ്ങളീ ചെയ്യുന്നത്… ഈ അലമാരയും കട്ടിലും കിടക്കയുമൊക്കെ നിങ്ങളെങ്ങോട്ടാണീ എടുത്തു കൊണ്ടുപോവുന്നത്…?
അകത്തേയ്ക്ക് അഭിനയ്ക്കൊപ്പം വന്നവർ അവരുടെ മുറിയിലെ സാധനങ്ങളോരോന്നായ് എടുത്ത് പുറത്തേക്ക് കൊണ്ടുവരുന്നത് കണ്ട് ശബ്ദം ഉയർത്തി ജയൻ്റെ അമ്മ എങ്കിലും തൻ്റെ ഒരു നോട്ടം കൊണ്ടവരെ ഒതുക്കി അഭിന
ഞാനീ വീടിനെയും ഇവിടെ ഉള്ളവരെയും എല്ലാം ഇന്ന് രാവിലെ മുതൽ എൻ്റെ മനസ്സാൽ ഉപേക്ഷിച്ചു… നിയമത്തിൻ്റെ വഴിയുള്ളത് വന്നോളും പുറകെ..ഞാനിവിടം ഉപേക്ഷിക്കുമ്പോൾ
ഞാനായിട്ട് ഈ വീട്ടിലേക്ക് കൊണ്ടുവന്നതെല്ലാം തിരികെ ഞാനെടുക്കുവാണ്..
അതിനി അടുക്കളയിലെ മീൻ വെട്ടുന്ന കത്രികയാണെങ്കിലും ഞാനെടുക്കും …”
അവിടെ കൂടിയിരുന്ന എല്ലാവരോടുമായ് അഭിന പറഞ്ഞു നിർത്തുമ്പോൾ അവൾ കൊണ്ടുവന്ന പണിക്കാർ ആ വീട്ടിൽ നിന്നോരോ സാധനങ്ങളായ് പുറത്തേക്കെടുത്തു വെച്ചു..
വെച്ചുണ്ടാക്കുന്ന പാത്രങ്ങളുൾപ്പെടെ കസേരയും സോഫയും അടങ്ങുന്ന ആ വീട്ടിലെ ഒരു വിധം എല്ലാ സാധനങ്ങളും മുറ്റത്തെത്തിയതും അഭിന ജയൻ്റെയും അവിടെയുള്ള മറ്റുള്ളവരുടെയും ശരീരത്തിലുണ്ടായിരുന്ന സ്വർണ്ണമെല്ലാം കണക്കു പറഞ്ഞ് തിരിച്ചു മേടിച്ചു…
എടി നീ…
ശബ്ദമുയർത്തി ജയൻ
“… ഇതുകൊണ്ടൊന്നും കഴിഞ്ഞിട്ടില്ല.. ആ കണക്കെല്ലാം കൃത്യമായ് പിന്നാലെ വരും… അന്നേരം കാണാം നമുക്ക്.. അങ്ങനെ കണക്ക് കൂട്ടുമ്പോഴും കുറച്ചു പൈസ നിങ്ങൾക്ക് കുറച്ചു തരാം ഞാൻ… എന്തിനാന്നെന്നോ എൻ്റെ കൂടെ കിടന്നതിൻ്റെ കൂലിയിനത്തിൽ കൂട്ടി…. നഷ്ടം വരരുതല്ലോ…?
ജയനും മുകളിൽ അഭിനയുടെ ശബ്ദം ഉയർന്നതും നാണക്കേടു കൊണ്ട് തൊലിയുരിഞ്ഞു നിന്നവർക്കിടയിൽ ജയൻ…
ഈ സമയം പെണ്ണുകാണാൻ വന്നവർ രൂക്ഷമായ ജയനെയും അവൻ്റെ വീട്ടുകാരെയും നോക്കി ആ വീടിൻ്റെ പടി ഇറങ്ങി പോവുമ്പോൾ വന്നുകയറിയ മരുമകൾ വീട് കുടിയൊഴിപ്പിയ്ക്കുന്ന കാഴ്ച കാണാൻ ജയൻ്റെ വീടിനു ചുറ്റുമായ് തടിച്ചു കൂടി തിങ്ങി നിന്നു നാട്ടുകാരും അയൽവാസികളും…
ചെയ്ത തെറ്റ് എന്തെന്ന് ജയൻ തിരിച്ചറിഞ്ഞു വരുമ്പോഴേയ്ക്കും ഈ ജീവിതക്കാലം മുഴുവൻ ചുമക്കാനുള്ള നാണക്കേടവന് നൽകി ആ വീടൊന്നാകെ കുടിയൊഴിപ്പിച്ച സാധനങ്ങളുമായ് തങ്ങൾ വന്ന വഴിയേ മടങ്ങിയിരുന്നു അഭിനയും കൂട്ടരും.. പോകും മുമ്പ് അവളൂരി ജയൻ്റെ കയ്യിൽ കൊടുത്ത ചെറിയൊരു താലി മാത്രം അവകാശികളില്ലാതെ അവശേഷിച്ചു ജയൻ്റെ കയ്യിൽ….
✍️RJ
