കന്യാസ്ത്രീയാകാൻ പോയിട്ട്
രണ്ടാംകൊല്ലം തന്നെ തിരികെ വന്നതോടുകൂടിയാണ് അച്ഛൻ
എന്നോട് മിണ്ടാതായത്..
എന്റെ മൂത്ത സഹോദരനെ അച്ചനാക്കണമെന്ന് വീട്ടുകാർക്ക് വലിയ ആഗ്രഹമായിരുന്നു,
പക്ഷേ സഹോദരൻ ഒൻപതാം ക്ലാസ്സ് മുതൽ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. അതറിഞ്ഞതോടെ അച്ഛൻ വലിയ വിഷമത്തിലായിരുന്നു. കുടുംബത്തിൽ ഒരു അച്ചൻ വേണമെന്നുള്ള അച്ഛന്റെ ആഗ്രഹം അതോടെ പൊലിഞ്ഞു പോയി
പ്രണയത്തിലായിരുന്നു എന്നത് മാത്രമല്ല സഹോദരൻ കൃത്യം ഇരുപത്തിരണ്ടാമത്തെ വയസ്സിൽ പ്രണയിനിയേയും വിളിച്ചുകൊണ്ട് കുടുംബത്തേയ്ക്ക് വരികയും ചെയ്തു…
പിന്നെ അച്ഛന്റെ പ്രതീക്ഷ മുഴുവൻ എന്നിലായിരുന്നു,
എന്നെ ഒരു കന്യാസ്ത്രീ ആക്കണമെന്ന് അച്ഛന് എന്തോ വാശി പോലെയായിരുന്നു.
എനിക്കാണെങ്കിൽ കന്യാസ്ത്രീയാകാൻ തീരെ ഇഷ്ടമല്ല… കാരണം അതൊന്നും
ഒരു സാധാരണ സ്ത്രീക്ക് പറ്റുന്ന കാര്യങ്ങളല്ല എന്ന് എനിക്കറിയാം..
പക്ഷേ എന്റെ അച്ഛന്റെ ആഗ്രഹമല്ലേ എന്ന് കരുതി ഞാൻ പോകാൻ തയ്യാറായി..
എന്നാൽ മനസ്സുകൊണ്ട് ഞാനാഗ്രഹിക്കാത്ത ഒന്നിൽ പിടിച്ചുനിൽക്കാൻ എന്നെക്കൊണ്ടായില്ല എന്നുള്ളതാണ് സത്യം..
അല്ലെങ്കിൽ തന്നെ ഞാനെക്കാലവും
എന്നെ ഒരുപാട് ഇഷ്ടപ്പെടുകയും,
എന്നെ സന്തോഷിപ്പിക്കാനാഗ്രഹിക്കുകയും ചെയ്യുന്ന ഒരാളാണ്…
ദൈവവിശ്വാസിയായ അച്ഛന്റെയും അമ്മച്ചിയുടെയും മകളായിട്ടാണ് ജനിച്ചതെങ്കിലും അവരുടെ ഉള്ളിലുള്ളയത്രയും ദൈവവിശ്വാസം എന്നിൽ ഉണ്ടായിരുന്നില്ല.
അച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ അന്നും ഇന്നും ഞാൻ ഒരു താന്തോന്നിയാണ്…
അച്ഛന്റെ പിണക്കം, ഞാൻ കാര്യമാക്കാൻ പോയില്ല എന്നെ സംബന്ധിച്ച് ഇന്നിൽ ജീവിക്കുക, സന്തോഷം കണ്ടെത്തുക അതുമാത്രമാണ് എന്റെ ലക്ഷ്യം..
എനിക്കേറെയിഷ്ടം യാത്രകളായിരുന്നു.
കുട്ടിക്കാലം മുതൽ എവിടേക്കെങ്കിലും
യാത്ര പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു
പെൺകുട്ടിയാണ് എന്ന കാരണത്താൽ എന്നെ എവിടേക്കും ഒറ്റയ്ക്ക് വിടില്ലായിരുന്നു.
എന്റെ സുരക്ഷയെ കരുതിയുള്ള എന്റെ മാതാപിതാക്കളുടെ ജാഗ്രതയാണത് എന്നെനിക്കറിയാം, എങ്കിലും
ആത്മവിശ്വാസമില്ലാത്തവരായി പെൺകുട്ടികളെ വളർത്തുന്നത് ശരിയല്ലെന്നാണ് എന്റെ ചിന്ത…
തിരികെ വന്നതിന് ശേഷം തുടർന്ന് പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു.
അതുകൊണ്ട് അടുത്തുള്ള ഒരു കടയിൽ സ്റ്റാഫ് ആയി ജോലിക്ക് പോയിട്ടാണ് ഞാൻ പ്രൈവറ്റ് ആയി ഡിഗ്രി എഴുതിയെടുത്തത്..
തുടർന്ന് ഞാനൊരു സ്ഥാപനത്തിൽ ജോലിക്ക് കയറി.
എന്തായാലും നീ കന്യാസ്ത്രീ ആകുന്നില്ല
എന്നാൽ പിന്നെ, നിന്നെ വിവാഹം കഴിപ്പിച്ചയക്കാനാണ് ഞങ്ങളുടെ തീരുമാനമെന്ന് അച്ഛൻ എന്നോട് പറഞ്ഞു.
വിവാഹം എന്നൊരു ചിന്തയൊന്നും എന്റെ ഉള്ളിലുണ്ടായിരുന്നില്ല.
അല്ലെങ്കിൽ തന്നെ ഒരു കുടുംബം ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ മാത്രം ക്ഷമയൊന്നും എനിക്കില്ല.
ഒരാളുടെ ഭാര്യയാകുക, അയാളുടെ വീട്ടിൽ താമസിക്കുക, അയാളുടെ കുഞ്ഞുങ്ങളെ പ്രസവിക്കുക, അവരെയും നോക്കി ജീവിക്കുക, അങ്ങനെ ഒരു ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ പോലുമാകില്ല.
എന്റെ മനസ്സ് നിറയെ യാത്രകൾ ആയിരുന്നു. ഈ ഭൂമിയിൽ എന്തെല്ലാമാണ് മനുഷ്യന് കാണാനായി പ്രകൃതി ഒരുക്കിയിരിക്കുന്നത്.
അതൊന്നും കാണാതെ ഒരു കുടുംബത്തിലെ ഉത്തരവാദിത്വങ്ങളുമായി ഒതുങ്ങി കഴിയുന്ന കാര്യം എന്നെപ്പോലൊരു പെൺകുട്ടിക്ക് ചിന്തിക്കാൻ പോലുമാകില്ല..
അതുകൊണ്ട് എന്റെ ജീവിതത്തിൽ വിവാഹമുണ്ടാകില്ലെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു.
എന്റെ ആത്മാർത്ഥതയും സാമർത്ഥ്യവും കാരണം, എനിക്ക് പിറ്റേ വർഷം തന്നെ കുറച്ചുകൂടി ഉയർന്ന പോസ്റ്റിൽ ജോലി നേടാനായി…
സഹോദരനും ഭാര്യയും മറ്റൊരു വീട് പണിത് അവിടെയാണ് താമസം. അതുകൊണ്ട് തന്നെ അപ്പച്ചനും അമ്മച്ചിയും ഞാനും കൂടി ഞങ്ങളുടെ ആ കുഞ്ഞ് സ്വർഗ്ഗത്തിൽ ഞങ്ങളുടെ ഇഷ്ട്ടങ്ങളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോയി..
സ്വയസുരക്ഷയ്ക്ക് വേണ്ടുന്ന ഏത് അഭ്യാസമുറകളും അനായസമായി
എനിക്ക് വഴങ്ങുമായിരുന്നു
അത് എന്നിലുള്ള ആത്മവിശ്വാസവും വർധിപ്പിച്ചു.
അതോടെ എന്നെ സ്വതന്ത്രമായി പറക്കാൻ അച്ഛനും അമ്മച്ചിയും സമ്മതിച്ചു..
ആദ്യം ചെറിയ ചെറിയ യാത്രകളിൽ തുടങ്ങി ഞാൻ വലിയ വലിയ യാത്രകളിലേക്ക് ചുവടുവെച്ചു.
അതിനിടയിലും രണ്ടുമൂന്നു മണിക്കൂർ ഞാൻ ജോലിക്കായി മാറ്റിവയ്ക്കുന്നുണ്ടായിരുന്നു.
കൈയിൽ ഒരു ലാപ്ടോപ്പ് ഉണ്ടെങ്കിൽ എവിടെയിരുന്നും ജോലി ചെയ്യാൻ കഴിയുന്നത് ശാസ്ത്രത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് കാരണമാണ്… അല്ലെങ്കിലും ഞാനെന്നും ശാസ്ത്രത്തെ വിശ്വസിച്ചിരുന്നു.
യാത്രയ്ക്കൊപ്പം ഫോട്ടോഗ്രാഫിയും എന്റെ
ഇഷ്ട്ടങ്ങളിൽ ഒന്നായിരുന്നു..
ഞാനെടുത്ത ചിത്രങ്ങളിൽ ചിലത് അവാർഡിന് അർഹമായതോടെ
എന്റെ വഴി അതാണെന്ന് എനിക്ക് തോന്നി… അതെനിക്ക് പൂർണ്ണസംതൃപ്തി നൽകുന്ന കാര്യവുമാണ്..
പണം ജീവിതത്തിലെ പ്രധാന ഘടകമായത് കൊണ്ട്, അത് ഉണ്ടാക്കാനും എനിക്ക് തെല്ലും മടിയില്ലായിരുന്നു..
സത്യത്തിൽ ബന്ധനങ്ങളിലേക്ക് വീണുപോകാതെ സ്വാതന്ത്ര്യത്തോടെ ജീവിക്കുമ്പോഴാണ് മനുഷ്യർക്ക്
ജീവിതമെന്താണെന്ന് തിരിച്ചറിയാൻ കഴിയുന്നതെന്ന് എനിക്കപ്പോൾ തോന്നി…
ആയിടയ്ക്കാണ് അച്ഛന് സുഖമില്ലാതായത് ഞാൻ തിരികെ എന്റെ വീട്ടിലേക്ക് ചെന്നു . അച്ഛനെ പൊന്നുപോലെ നോക്കാൻ എനിക്കായി..
എന്റെ കൈകളിൽ കിടന്നാണ് അച്ഛൻ യാത്രയായത്…
പിന്നീടങ്ങോട്ട് എന്റെ ഓരോ യാത്രയും അമ്മച്ചിയേയും ഒപ്പം കൂട്ടിയായിരുന്നു..
വീട് എന്ന കെട്ടുപാടിൽ നിന്നും പുറത്ത് കടന്ന അമ്മച്ചി ജീവിതം ആസ്വദിച്ചത് ആ സമയത്തായിരുന്നു…
അച്ഛൻ മരിച്ച് ഒൻപതാമത്തെ കൊല്ലമാണ് അമ്മച്ചിയും യാത്രയായത്..
അമ്മച്ചി കുഞ്ഞിനാളിലെന്നെ എങ്ങനെ നോക്കിയോ, അതേപോലെ എന്റെ അമ്മച്ചിയേയും നന്നായി പരിചരിക്കാൻ എനിക്ക് സാധിച്ചു. മരിക്കും മുമ്പ് അമ്മച്ചി ഒന്നുമാത്രമെന്നോട് പറഞ്ഞു.
നീയായിരുന്നു ശരി…
എന്റെ കുട്ടി സന്തോഷമായി ഇനിയും ജീവിക്കണമെന്ന്…
അമ്മച്ചിയും കൂടെ പോയതോടെ
ഞാൻ വീണ്ടും എന്റെ യാത്രകളെ സ്നേഹിച്ചു തുടങ്ങി.
ഒറ്റയ്ക്ക് ജീവിക്കുന്നതിന്റെ സുഖം എന്തെന്ന് എന്നെപ്പോലെ വിരളം ചില മനുഷ്യർക്ക് മാത്രമേ മനസ്സിലാകൂ…
എങ്കിലും ചില ബന്ധുക്കളൊക്കെ ഇടയ്ക്ക് പറയാറുണ്ട്, നിനക്ക് ആരാണുള്ളത്,
പ്രായം കൂടി വരികയാണ്.
വയസ്സാകുമ്പോൾ നോക്കാൻ ആരും കാണില്ല എന്നൊക്കെ.
എനിക്കത് കേൾക്കുമ്പോൾ ചിരി വരും.
എനിക്ക് ഞാനുണ്ടെന്നേ…
ഞാൻ പറഞ്ഞില്ലേ, ആവശ്യത്തിനുള്ള പണമൊക്കെ ഞാൻ സമ്പാദിക്കുന്നുണ്ട്.
ഏതെങ്കിലും വഴിയിൽ വീണു കിടന്ന് മ.രി.ച്ചാൽ, അത്രയും നല്ലത്.
ഇനി ഞാനെന്റെ വാർദ്ധക്യത്തിലാണ് മ.രി.ക്കു. ന്നതെങ്കിൽ,
എന്റെ പണം ഉപയോഗിച്ച് വയസായവരെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ എനിക്ക് നിൽക്കാവുന്നതല്ലേ ഉള്ളൂ..
അല്ലെങ്കിലും ഇത് പഴയ കാലമൊന്നുമല്ല കൈയ്യിൽ പണമുണ്ടെങ്കിൽ നമ്മളെ പൊന്നുപോലെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളുണ്ട്. നമ്മുടെ വീട് പോലെ തന്നെ നമുക്ക് ജീവിക്കാം.
നമ്മുടെ ഇഷ്ട്ടത്തിനുള്ള ഭക്ഷണവും തയ്യാറാക്കി തരും..
ടീവി കാണാനുള്ള സൗകര്യവും , നല്ല ac റൂം വേണമെങ്കിൽ അതും ഒക്കെ സുലഭമാണ്…
അല്ലെങ്കിൽ തന്നെ, നോക്കാൻ
ആരെങ്കിലും വേണമല്ലോ,എന്ന് കരുതി മാത്രം വിവാഹം കഴിക്കുന്നത്, നമ്മൾ നമ്മോടുതന്നെ ചെയ്യുന്ന വഞ്ചനയാണ്.
വയസാകുമ്പോൾ നമ്മെ നോക്കാനായിട്ടാണെന്ന് പറഞ്ഞ് കുട്ടികളെ ജനിപ്പിക്കുന്നത് അതിലും വലിയ വഞ്ചനയാണ്..
ഒരു കൂട്ട് വേണമെന്ന് അത്രമേൽ ആഗ്രഹമുണ്ടെങ്കിൽ മാത്രം പങ്കാളിയെ തിരഞ്ഞെടുക്കുകയും
മെച്ചപ്പെട്ട സാഹചര്യങ്ങൾ നൽകി വളർത്താൻ കഴിയുമെങ്കിൽ മാത്രം കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്യുന്നതാണ് ഏറ്റവും ഉചിതം…
അല്ലാത്തവർ എന്നെപ്പോലെ ഒറ്റക്ക് ജീവിക്കുക….
ജീവിതത്തെ കൂടുതൽ സ്നേഹിക്കുക….
അല്ലെങ്കിലും സ്വാതന്ത്രത്തോടെ ജീവിക്കാൻ കഴിയുന്നവരെ, ജീവിതത്തെ പൂർണമായും സ്നേഹിച്ചിട്ടുള്ളൂ അല്ലേ??
✍️Anju Thankachan
