“ഇക്കണ്ട കാലം മുഴുവൻ പെണ്ണ് കെട്ടില്ല ഒറ്റയ്ക്കാണ് ഇനിയുള്ള ജീവിതക്കാലം മുഴുവനെന്നൊക്കെ വല്യ വർത്തമാനം പറഞ്ഞിട്ട് എന്തു പറ്റി വിശ്വാ നിനക്ക്….? ചെറിയൊരു പെണ്ണിനെ തഞ്ചത്തിലൊത്തപ്പോൾ നിൻ്റെ തീരുമാനമൊക്കെ കാറ്റില് പാറിയോ…? അതോ പെണ്ണിന്റെ ചന്തത്തില് മയങ്ങി പോയോ….?
നേരം പുലരുമ്പോഴേയ്ക്കു തറവാട്ടിലെത്തി തന്നെ പരിഹസിച്ച് ചോദ്യം ചെയ്യുന്ന മൂത്ത അമ്മാവനെ ഒരു നോട്ടം നോക്കിയ വിശ്വയുടെ കണ്ണുകൾ പിന്നെ തേടിയത് അവളെയാണ്…. അവനിന്നലെ താലിക്കെട്ടി
അവന്റെ ഭാര്യയാക്കിയവളെ…..
ഭദ്രയെ….
ചുണ്ടിൽ ആരെയും മയക്കുന്ന ആ പുഞ്ചിരിയുമായ് അവനെ തന്നെ നോക്കി മറ്റുള്ളവർക്കൊപ്പം ഉമ്മറത്ത് തന്നെ നിൽപ്പുണ്ടവളും…. മുപ്പത്തിമൂന്നുക്കാരനായ മംഗലത്ത് വിശ്വഭദ്രന്റെ ഭാര്യ….. ഭദ്രയെന്ന ഇരുപതുകാരി….
വിശ്വനു പുറകെ അമ്മാവന്റെ മിഴികളും തേടി ചെന്നതവളെയാണ്….. ആരും നോക്കി നിൽക്കുന്ന അവളുടെ നിറഞ്ഞ പുഞ്ചിരിയിലേക്ക് നോക്കി നിൽക്കേ അവളെ വിളിക്കാനായ് മനസ്സിൽ കരുതിയ ചീത്തയൊക്കെ മാഞ്ഞു പോണതായ് തോന്നി അയാൾക്ക്….
“തന്തയും തള്ളയും ഇല്ലാത്ത കുട്ടിയാണെന്ന് കരുതി തറവാട്ടിലെ എല്ലാവരും തലയിൽ കയറ്റി പുന്നാരിച്ചതിന്റെ അഹങ്കാരമാണ് പെണ്ണിന്…. ഇത്രയൊക്കെ കോലാഹലങ്ങൾ ഒരൊറ്റ ദിവസം കൊണ്ട് ഇവിടെ ഉണ്ടാകിയിട്ട് അശ്രീകരം നിൽക്കണ നിൽപ്പു കണ്ടില്ലേ….?
അമ്മായി ആണ്.. മരുമകളെ കണ്ടപ്പോൾ നിശബ്ദനായ് തീർന്ന
ഭർത്താവിന്റെ ശബ്ദമായ് വന്നതാണവർ…
“എനിയ്ക്ക് വിശ്വേട്ടനെ അത്രയ്ക്കും ഇഷ്ടായതോണ്ടാണ് ഞാനങ്ങനെയൊക്കെ കാട്ടിയത്….”
അമ്മായിയുടെ ദേഷ്യം അറിഞ്ഞും വീറോടെ പറയുന്നവളെ ഉള്ളിൽ പൊട്ടിയ ചിരി അമർത്തി നോക്കി നിന്നു വിശ്വനും
“ഇഷ്ടം… എന്നെ കൊണ്ട് പറയിപ്പിക്കണ്ട നീ…. പെണ്ണുകെട്ടണില്ലാന്ന് പറഞ്ഞു നടന്നിരുന്ന ഇവനെ ആത്മഹത്യാ ഭീഷണി മുഴകി പേടിപ്പിച്ച് കഴുത്തിലൊരു താലി കെട്ടിയാൽ എല്ലാം തീർന്നെന്നാണോ നീ കരുതിയിരിക്കുന്നത്…? ഇവൻ നിന്നെ സ്നേഹിക്കുമെന്ന് തോന്നുന്നുണ്ടാ ഭദ്രേ നിനക്ക്..? അതൊക്കെ പോട്ടെ
ഇവന് നിന്നെ ഇഷ്ടമല്ലാന്നുള്ളതെങ്കിലും ഓർത്തൂ ടായിരുന്നോ നിനക്ക് വാശി പിടിച്ച് ഓരോന്നും ചെയ്യുമ്പോൾ…?
അമ്മായിയുടെ ചോദ്യത്തിലും സംസാരത്തിലും ആകെയൊന്നുലഞ്ഞ് പതറിയവളുടെ നോട്ടം വിശ്വനെ തേടി എത്തിയതും അതു പ്രതീക്ഷിച്ചവളെ അത്ര നേരം നോക്കി നിന്ന വിശ്വ തന്റെ നോട്ടം ആ സെക്കന്റിലവളിൽ നിന്ന് വെട്ടിച്ചു മാറ്റി
അതു കണ്ടതും ഒരു നൊമ്പരം പൊടിഞ്ഞു ഭദ്രയ്ക്കുള്ളിലെങ്കിലും അതു പുറത്തു കാട്ടാതെ എല്ലാവർക്കും മുമ്പിൽ ചിരിച്ചു നിന്നവൾ…
“വിശ്വാ… നിന്റെ ജീവിതം അതെങ്ങനെ ജീവിക്കണമെന്നത് നിന്റെ മാത്രം ഇഷ്ടമാണ്… ബുദ്ധിയും ബോധവും ഇല്ലാത്ത ഈ പെണ്ണിന്റെ ഓരോ തോന്ന്യാസതിന് വഴങ്ങി അതൊന്നും നീ മാറ്റണ്ട…. ഇവിടെ നമുടെ തറവാട്ടിൽ
ഉള്ള എട്ടോ പത്തോ ആളുകളേ ആകെ അറിഞ്ഞിട്ടുള്ളു നീ അവളെ താലിക്കെട്ടിയത്… അതങ്ങ് പൊട്ടിച്ചിട്ട് നീ നിന്റെ പാടു നോക്കി പോവാൻ നോക്ക്… വെറുതെ ഇവളുടെ ഭ്രാന്തിന് തുള്ളാതെ….”
അങ്ങനൊന്നും ഈ പ്രശ്നം വിടില്ലെന്ന പോലെ പറഞ്ഞു കൊണ്ടമ്മായി ഭദ്രയുടെ കഴുത്തിലെ താലിമാലയിലേക്ക് അതു പൊട്ടിച്ചെടുക്കാൻ പാകത്തിന് കൈ നീട്ടിയതും വിശ്വന്റെ കൈ അവരെ തടഞ്ഞ് ഭദ്രയെ തന്നോടു ചേർത്തു നിർത്തിയിരുന്നു…. അവരൊട്ടും പ്രതീക്ഷിക്കാതെ…
“എപ്പോ കെട്ടി…ആരുടെ മുന്നിൽ കെട്ടി …ഏതു സാഹചര്യത്തിൽ കെട്ടി എന്നതൊന്നും വല്യ കാര്യമല്ല അമ്മായി….. ഞാൻ അവൾക്ക് കെട്ടി കൊടുത്ത ആ താലിയ്ക്ക് എന്റെ ജീവനോളം വിലയുണ്ട് ഇപ്പോൾ…. അതവളുടെ കഴുത്തിലിരുന്നോട്ടെ…. മാത്രവുമല്ല ഞാൻ മടങ്ങുകയാണ് എന്റെ വീട്ടിലേക്ക് ഇവളെയുംകൂട്ടി…. ആരും എതിരു പറയണ്ട അതിന് …”
അമ്മായിയും അമ്മാവനും ഉൾപ്പെടെ അവിടെ കൂടിയവരെല്ലാം കേൾക്കാൻ പറഞ്ഞ് തറവാടിനുള്ളിലേക് കയറി വിശ്വ… അവനോടു ചേർന്ന് ഭദ്രയും കയറി പോയതും ദേഷ്യത്തിൽ പല്ലു ഞെരിച്ചു അമ്മായി…
വർഷങ്ങളായി സ്വന്തം മകൾക്കു വേണ്ടി കണ്ടു വെച്ചവനാണ് ഇത്തിരി പോന്നൊരു പെണ്ണിനെയുംകെട്ടി തങ്ങൾക്ക് മുമ്പിൽ ജീവിക്കാൻ പോണത്… നടന്നതു തന്നെ…
പുച്ഛമായിരുന്നു അവരിലെങ്കിലും അവരൊരുമ്മിച്ചൊരു ജീവിതം ഉണ്ടാകുമോ എന്ന ഭയവും അവരിലത്ര തന്നെയുണ്ട്….
മംഗലത്ത് വിശ്വഭദ്രൻ… ഒറ്റയാൻ ആണവൻ….. ആരെയും കൂസാത്തൊരുവൻ…. വീതം വെപ്പു കഴിഞ്ഞ തറവാട്ടിലെ ഏറിയ പങ്ക് സ്വത്തും അവനുള്ളതാണ്… അതിനു പുറമെയാണ് അവനായ് സമ്പാദിച്ചു കൂട്ടുന്നത്…
ഇന്നൊരു വിവാഹം ജീവിതം അവൻ വേണ്ടാന്നു വെച്ചിട്ടുണ്ടെങ്കിൽ അതിൻ്റെ കാരണം തങ്ങളുടെ മകളാണ്…
വിശ്വനിഷ്ടപ്പെട്ടതും വിവാഹം കഴിക്കാൻ ആഗ്രഹിച്ചതും തങ്ങളുടെ മകൾ വൃന്ദയെ ആയിരുന്നു….. അവൾക്കും ഇഷ്ടമായിരുന്നു വിശ്വനെ… പ്രണയമായിരുന്നു അവർ തമ്മിൽ… ഇഷ്ടത്തിനും പ്രണയത്തിനും അപ്പുറം വല്ലാത്തൊരു വാത്സല്യം കൂടിയുണ്ടായിരുന്നു വിശ്വന് വൃന്ദയോട്…
പക്ഷെ അത്രയും തന്നെ സ്നേഹിച്ചവനെയും അവൾക്കായ് ജീവിച്ച തങ്ങളെയും ഒരുമ്മിച്ച് ചതിച്ച് വൃന്ദ മറ്റൊരുവനൊപ്പം ജീവിതം തുടങ്ങിയപ്പോൾ ആകെ തകർന്നു പോയിരുന്നു വിശ്വ…
ആ തകർച്ചയിൽ നിന്നവൻ കരക്കയറിയത്
തന്റെ ജീവിതത്തിലിനിയൊരു പെണ്ണില്ലെന്നു പറഞ്ഞുറപ്പിച്ചാണ്…
കഴിഞ്ഞ നാലഞ്ചു വർഷത്തോളം പറഞ്ഞതുപോലെ ജീവിച്ചു വന്നവനെയാണ് ഭദ്രയെന്ന പീറ പെണ്ണ് ആത്മഹത്യാ ഭീഷണി മുഴക്കി നിന്ന നില്പിൽ കെട്ടി സ്വന്തമാക്കിയത്….
അതോടെ തകർന്നത് തങ്ങളുടെ കണക്കുകൂട്ടലുകളാണ്.
വിശ്വനെയും തങ്ങളെയും ഒരു പോലെ ചതിച്ച് ഇറങ്ങി പോയ വൃന്ദ തിരഞ്ഞെടുത്ത ജീവിതം ഒരു വലിയ തെറ്റായിരുന്നു എന്ന തിരിച്ചറിവിൽ എല്ലാം ഉപേക്ഷിച്ച് തിരിച്ചു തറവാട്ടിലേക്ക് തന്നെ വന്നിട്ടുണ്ട്… ചെയ്തു പോയ തെറ്റിനു മാപ്പു പറഞ്ഞ് എങ്ങനെയും തിരികെ വിശ്വൻ്റെ ജീവിതത്തിൽ കയറി പറ്റുകയാണവളുടെ ലക്ഷ്യം….
അതിനിടയിലാണ് ഈ വിവാഹം… ഇനി വൃന്ദ… അവളുടെ ജീവിതം…
അതോർക്കേ ഇപ്പോ നടന്ന ഈ വിവാഹം ഉൾക്കൊള്ളാൻ വയ്യാതവർ ഉരുകി നിൽക്കുമ്പോൾ അവർക്കു മുമ്പിലൂടെ ഭദ്രയുമായ് ഇറങ്ങി പോയ് വിശ്വ….
കുഞ്ഞു നാളിൽ താനെത്രയോ വട്ടം എടുത്തു കൊണ്ടു നടന്ന ഇത്തിരി പോന്ന പെൺക്കുട്ടി ഇന്ന് തന്റെ ഭാര്യ ആയി തനിയ്ക്കൊപ്പം ഉറങ്ങുന്നു….
അങ്ങനൊന്ന് ഇപ്പോഴും വിശ്വസിക്കാൻ വയ്യാത്ത പോലെ തനിയ്ക്ക് അരികിൽ ശാന്തമായ് കിടന്നുറങ്ങുന്ന ഭദ്രയെ തന്നെ നോക്കി കൊണ്ടിരുന്നു വിശ്വഭദ്രൻ….
കയ്യിൽ വിഷക്കുപ്പി കരുതി വെച്ച് വീറോടെ തന്നെ കെട്ടാൻ പറഞ്ഞവളുടെ അന്നേരത്തെ മുഖമായിരുന്നു വിശ്വന്റെ ഉള്ളു നിറയെ
എത്രയെല്ലാം എന്തൊക്കെ പറഞ്ഞിട്ടും അവൾ സ്വന്തം തീരുമാനത്തിൽ ഉറച്ചു തന്നെ നിന്നപ്പോൾ തോന്നിയൊരു വാശി…ആ വാശിപ്പുറത്താണ് താനിവളുടെ കഴുത്തിൽ താലി കെട്ടിയത്…
ഒരു ജന്മം മുഴുവൻ കൂടെ ഉണ്ടാവുമെന്നുറപ്പ് തന്ന് തന്റെ പ്രണയം അനുഭവിക്കുകയും ചെയ്തിട്ടാണ് വൃന്ദ നിസ്സാരമായ് തന്നെ വലിച്ചെറിഞ്ഞ് മറ്റൊരു വനൊപ്പം പോയത്..
പെണ്ണെന്ന വർഗ്ഗത്തെ മുഴുവൻ വെറുത്തിലെങ്കിലും അതോടെ പ്രണയത്തെ വെറുത്തു പോയവനാണ് താൻ..ആ തന്റെ ജീവിതത്തിലേക്ക് പ്രണയത്തിന്റെ പൂക്കാലവും കൊണ്ടൊരു കൊച്ചു പെണ്ണ്….എന്തായി തീരുമോ ജീവിതം….
മനസ്സു നിറയെ ആശങ്കയോടെ കിടന്നുറങ്ങിയ വിശ്വൻ രാവിലെ എഴുന്നേല്ക്കുമ്പോൾ അരികിൽ ഭദ്രയില്ല….
അവളെവിടെ എന്ന ചിന്തയിൽ പിടഞ്ഞെഴുന്നേറ്റതും കണ്ടു റൂമിലൊരു സൈഡിലായ് ഇട്ട ടേബിളിൽ ഇരുന്ന് കാര്യമായ് പഠിക്കുന്നവളെ… ആ കാഴ്ചയിൽ ഒരു പുഞ്ചിരി വിരിഞ്ഞു വിശ്വയുടെ മുഖത്തും
അതിരാവിലെ അവളുടെ കുളി കഴിഞ്ഞതിന്റെ ബാക്കിയെന്നോണം അവളുടെ നീണ്ട മുടിയിൽ നിന്നൂർന്ന് വീഴുന്ന വെള്ളത്തുള്ളികൾ നിലത്തൊരു പൂക്കളം തീർക്കുന്നത് അലസം കുറച്ചുനേരം നോക്കി നിന്നു വിശ്വ….
രാവിലെത്തെ തന്റെ ജിം ഉൾപ്പെടെയുള്ള കാര്യങൾ കഴിഞ് വിശ്വ വരുമ്പോൾ യാതൊരു തിരക്കും ഇല്ലാതെ വൃത്തിയിലും ക്രമത്തിലും ഓരോ കിച്ചൻ ജോലികളായ് തീർത്തു കൊണ്ടിരുന്നു ഭദ്ര
കണ്ണെടുക്കാതെ ഒരു മുഴുനേരം മുഴുവൻ അവളെ നോക്കി നിന്നു വിശ്വൻ… അങ്ങനെ ഭദ്രയെ നോക്കി നിൽക്കും നേരം അവൻ തിരിച്ചറിയുന്നുണ്ട് താൻ തന്റെ ഭാര്യയ്ക് ആഗ്രഹിച്ച ഒരുപാട് നല്ല ഗുണങ്ങളുണ്ട് അവളിലെന്ന്….അവയൊന്നും തന്നെ, തന്നെ കാണിക്കാനുള്ളതോ തന്നെ നേടാനുള്ളതോ ആയ പ്രഹസനങ്ങൾ അല്ലെന്ന തിരിച്ചറിവും ഉണ്ടവന്…
ദിവസങ്ങളങ്ങനെ ഓരോന്നായ് കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു…
വിശ്വയുടെ ജീവിതത്തിലേക്ക് അവന്റെ അനുവാദം നിർബന്ധ പൂർവ്വം പിടിച്ചു വാങ്ങി ഭദ്ര വന്നിട്ടിപ്പോൾ മാസം ഒന്നു കഴിഞ്ഞിരിയ്ക്കുന്നു…
അന്നാ താലിക്കെട്ടാൻ കാണിച്ച വാശിയല്ലാതെ മറ്റൊരു വാശിയും വിശ്വന്റെ ജീവിതത്തിൽ കാട്ടിയതേയില്ല ഭദ്ര…
സ്വന്തം കാര്യങ്ങളും അവന്റെ കാര്യങ്ങളും നോക്കി നിശബ്ദം അവളവിടെ കഴിഞ്ഞു പോരുമ്പോൾ വിശ്വ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു തന്നോടുള്ള ഭദ്രയുടെ നിശബ്ദ പ്രണയത്തെ… അതിലെ ആത്മാർത്ഥയെ…
രാവിലെ ഉണരുന്നതു മുതൽ ഉറങ്ങുന്നതുവരെയുള്ള ഭദ്രയുടെ സമയത്തിന്റെ ഏറിയ പങ്കും അവൾ ചിലവഴിക്കുന്നത് തനിയ്ക് വേണ്ടിയാണെന്നതും, നിശബ്ദം ഒരാൾ നമ്മളെ എങ്ങനെ ഇത്രമാത്രം സ്നേഹിക്കുന്നുവെന്നതും വല്ലാത്തൊരു അത്ഭുതം നിറയ്ക്കുന്നുണ്ടവനിൽ….
വിശ്വന്റെ അത്ഭുതങ്ങൾ ക്രമേണ മാറുകയും ഭദ്രയില്ലാതെ തനിയ്ക്കിനി ഒരു നിമിഷം പോലും തനിച്ചു ജീവിക്കാൻ കഴിയുക ഇല്ലെന്നും അവൻ തിരിച്ചറിഞ്ഞ അന്ന് മനസ്സുകൊണ്ടും ശരീരം കൊണ്ടും അവരൊന്നായ് തീർന്നു…
അവരുടെ മുറിയ്ക്കുള്ളിൽ അവരുടെ ഉച്ഛ നിശ്വാസങ്ങൾ മാത്രം നിറയെ ലജ്ജയിൽ പൂത്തു വിശ്വന്റ മാറിലായ് തളർന്നു കിടന്നു ഭദ്ര….. അവന്റെ പ്രണയത്തെ എന്നേയ്ക്കും സ്വന്തമായ് നേടി കൊണ്ട്…. അപ്പോഴും ഇതൊന്നും അറിയാതെ തിരികെ വിശ്വൻ്റെ ജീവിതത്തിലേക്ക് കയറി പറ്റുന്നത് സ്വപ്നം കണ്ടിരിപ്പാണ് വൃന്ദ… തൻ്റെ യാ കാത്തിരിപ്പ് വെറുതെയാണെന്നറിയാതെ …
✍️RJ
