സേഫ് പിരീഡ് അല്ല… ശ്രീ… അവളിലേക്ക് അലിഞ്ഞ് ചേരാൻ നിന്നവനെ തടഞ്ഞു കൊണ്ടവൾ പറഞ്ഞു…
“സേഫ് പിരീഡ് അല്ല ശ്രീ…..”
“ഡീ ഒരു പിൽസ് എടുത്താൽ മതി….”
“പക്ഷേ….”
“പ്ലീസ് മിണ്ടല്ലേ, ഇനി എന്നാ ഇങ്ങനെ… ആദ്യമായിട്ടൊന്നും അല്ലല്ലോ, പിന്നെന്താ…”
അവളിലെ എന്തോ കണ്ടെത്തുന്ന തിരക്കിലായിരുന്നു അവനപ്പോൾ.
അവൾ പിന്നെ ഒന്നും പറഞ്ഞില്ല. പറയാൻ അവൻ അനുവദിച്ചില്ല. അവന് അവളെ കേൾക്കേണ്ടായിരുന്നു. അവൾക്ക് വേണ്ടത് എന്താണെന്ന് അറിയേണ്ടായിരുന്നു.
കാര്യം കഴിഞ്ഞപ്പോൾ അവൻ എഴുന്നേറ്റു. തിരക്കിട്ട് ഷർട്ട് ഇട്ടു. ഫോൺ എടുത്തു.
“ഞാൻ വിളിക്കാം” എന്ന് പറഞ്ഞിട്ട് അവൻ പോയി.
അവൻ പിന്നെ വിളിച്ചില്ല. മെസ്സേജിന് മറുപടി ഇല്ല. പിന്നെ ബ്ലോക്ക്.
ഒരു മാസം കഴിഞ്ഞപ്പോൾ ശരീരത്തിൽ വന്ന മാറ്റം അവൾ ആദ്യം വിശ്വസിച്ചില്ല. ടെസ്റ്റിലെ രണ്ട് വര അവളെ നോക്കി ചിരിച്ചു.
അവൾ തനിച്ചായി.
അവൻ ചതിച്ചിട്ട് പോയതിന്റെ അടയാളം ഇപ്പോൾ അവളുടെ ഉള്ളിൽ വളരുന്നു. അവന്റെ കുഞ്ഞിന്റെ അമ്മ എന്ന പേര് ചുമക്കാൻ അവൾ തയ്യാറായിരുന്നില്ല, പക്ഷെ ചുമക്കേണ്ടി വരും.
മുന്നോട്ട് എങ്ങനെ പോകും… അച്ഛൻ, അമ്മ, അനിയൻ എല്ലാവർക്കും മുന്നിൽ ഒരു തെറ്റുകാരിയായി…
**************
“അനു… നീയെന്താ ഇവിടെ…? ഇത് നിന്റെ മകൾ ആണോ?”
ശ്രീയുടെ ഭാവമാറ്റമില്ലാത്ത ചോദ്യം കേട്ടപ്പോൾ അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി.
“നമ്മുടെ മകൾ” എന്നാണ് ആദ്യം വന്നത്, പക്ഷേ അവനോട് ചേർന്ന് നിൽക്കുന്ന നെറ്റിയിൽ സിന്ദൂരവും കഴുത്തിൽ താലിയും അൽപ്പം ഉന്തിയ വയറുള്ള ഒരു പെൺകുട്ടിയെ കണ്ടപ്പോൾ, നിറയാൻ വെമ്പിയ കണ്ണുകളെ ശ്വാസം അടക്കി നിർത്തി അവൾ…
“ഇത് എന്റെ കുഞ്ഞാണ്, എന്റെ മാത്രം” എന്നും പറഞ്ഞവൾ തിരിച്ചു നടന്നു…
“അനൂ…,”
അവന്റെ വിളിയെ കേൾക്കാതെ തന്റെ കുഞ്ഞിനെയും കൊണ്ടവൾ നടന്നകന്നപ്പോൾ “നീ ഒരു പിൽസ് എടുത്താൽ മതി” എന്ന വാക്കുകൾ ആയിരുന്നു അവളുടെ ചെവിയിൽ മുഴങ്ങി കേട്ടത്…
അവൻ “അനൂ…” എന്ന് വീണ്ടും വിളിച്ചപ്പോൾ, ഈ തവണ അനു തിരിഞ്ഞു നിന്നു.
മകളുടെ കൈ വിടാതെ തന്നെ അവൾ അവന്റെ മുന്നിലേക്ക് നടന്നു. അവന്റെ ഭാര്യ നോക്കി നിൽക്കെ.
“എന്താ ശ്രീ, നീയെന്താ ഇവിടെ? ഭാര്യയെ കൊണ്ട് വന്നതായിരിക്കും… ഇവൾക്കിപ്പോ നാലോ അഞ്ചോ മാസം ആയിരിക്കും അല്ലേ… പിന്നെ നീ മുമ്പ് ചോദിച്ചതിന്റെ മറുപടി… ഇത് എന്റെ മകൾ ആണോ എന്നല്ലേ? അതേ, ഇത് എന്റെ മകൾ ആണ്… എന്റെ മാത്രം മകൾ… നിന്റെ പേര് പോലും ഇവളുടെ ജനന സർട്ടിഫിക്കറ്റിൽ ഇല്ല.”
“നീ പറഞ്ഞില്ലേ, ഒരു പിൽസ് എടുത്താൽ മതി എന്ന്? ഞാൻ എടുത്തില്ല. കാരണം അന്ന് നീ പോയതിന് ശേഷം ഒന്ന് വിളിച്ചു പോലും ഇല്ല… നിന്റെ വിസ റെഡി ആയിട്ടാണ് അന്ന് നീ എന്നെ കാണാൻ വന്നതെന്ന് ഞാൻ അറിഞ്ഞിരുന്നു… എന്റെ ശരീരം എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് നീയല്ല, ഞാനാണ്.”
“നീ ബ്ലോക്ക് ചെയ്തപ്പോൾ ഞാൻ തീർന്നു എന്നാണോ കരുതിയത്? നീ പോയതിനു ശേഷമാണ് ഞാൻ ശരിക്കും തുടങ്ങിയത് തന്നെ.”
അത് കേട്ടപ്പോ അവന്റെ ഭാര്യയുടെ മുഖം വിളറി വെളുത്തു. ശ്രീ ഒന്നും പറയാതെ മുഖം കുനിച്ചു നിന്നു.
അനു തന്റെ മകളെ നോക്കി പറഞ്ഞു – “വാ മോളേ, നമുക്ക് പോകാം. നമ്മൾ ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്.”
അവൾ തന്റെ കുഞ്ഞിന്റെ കൈ മുറുകെ പിടിച്ചു.
“അമ്മേ, ആരാ അത്?” മകൾ ചോദിച്ചു.
“ആരുമല്ല മോളേ… നമ്മൾ അറിയേണ്ടാത്ത ആരോ…” എന്ന് പറഞ്ഞ് അവൾ ചിരിച്ചു. വർഷങ്ങൾക്ക് ശേഷം ആദ്യമായി സത്യമായുള്ള ഒരു ചിരി.
ഹൃദയം പൊട്ടി മരിച്ച അച്ഛനും നാണക്കേട് കൊണ്ട് നാട് വിട്ട് പോയ അമ്മയ്ക്കും അനിയനും മുന്നിൽ അവൾ മറുപടിയില്ലാതെ തല കുനിച്ച് നിന്നിട്ടുണ്ട്… തന്റെ കുഞ്ഞിന്റെ അച്ഛൻ എവിടെയാണെന്നറിയാതെ, ആരാണെന്ന് പറയാനാവാതെ അവൾ നീറി നീറി കഴിഞ്ഞിട്ടുണ്ട്… ഒരു കുഞ്ഞിനെ തനിച്ച് പ്രസവിച്ച്, തനിച്ച് വളർത്തി, ഒരു അമ്മയായി ഇത്ര നാളും ജീവിച്ചു. സ്വന്തം അച്ഛന്റെ മരണത്തിന് ഉത്തരവാദിയായവൾ എന്ന് അറിഞ്ഞിട്ടും ഒന്നും പറയാനാവാതെ ഇത്രനാളും അവൾ….. സ്വന്തം മനസാക്ഷിക്ക് മുന്നിലെങ്കിലും ഒന്ന് ജയിക്കണമായിരുന്നു… ഇന്നായിരുന്നു ആ ദിവസം.
അവൻ ഉപേക്ഷിച്ചു പോയതിന്റെ അടയാളമായിരുന്നു ആ കുഞ്ഞ് ആദ്യം. ഇന്ന് ആ കുഞ്ഞാണ് അവൾക്ക് ജീവിക്കാനുള്ള കാരണം.
അവർ നടന്നു….
അവരുടെ വീട്ടിലേക്ക്.
ഒരുപാട് കഷ്ടപ്പാടുകൾക്കിടയിൽ അവൾ ജീവിച്ചു,
ആ കുഞ്ഞിന് വേണ്ടി, അവളുടെ പ്രണയത്തിന്റെ അവകാശിക്ക് വേണ്ടി…
അവൾ സ്വന്തമായി ഉണ്ടാക്കിയ ചെറിയ വീട്ടിലേക്ക് മകളെയും ചേർത്ത് പിടിച്ച് കയറി ചെന്നു…
വെയിൽ ഇപ്പോഴും മുഖത്ത് അടിക്കുന്നുണ്ട്. പക്ഷെ ഇപ്പോൾ അത് ചൂടല്ല, വെളിച്ചമാണ്. മുന്നോട്ടുള്ള ജീവിതത്തിൻ്റെ വെളിച്ചം….
✍️Anisha Sudheesh
