താനെടുത്ത് നടന്ന് കൊഞ്ചിച്ച് വളർത്തിയവൾക്ക് തന്നോടു പ്രണയം…. തന്നിലും പത്തുപതിനാലു വയസ്സ് ചെറുതാണവൾ… അതു പോലും ഓർത്തില്ല അവളന്നേരം…. ഞെട്ടാനുള്ള ശക്തി പോലും ഇല്ലായിരുന്നു….

നിനക്കെന്താടാ മോനെ കുറച്ചു കൂടി നേരത്തെ എന്നും വീട്ടിൽ വന്നാൽ…. ഇത്രേം വൈകി നീ വീട്ടിൽ കയറിയാൽ അത്രേം നേരം ആ പെണ്ണും ഉറങ്ങാതെ നിന്നെയിവിടെ കാത്തിരിക്കണ്ടേ…. പാവമല്ലേടാ അവള്…. വിശ്വസിച്ച് ചെന്നു നിൽക്കാൻ അതിനു വേറൊരു വീടുപോലുംഇല്ലാഞ്ഞിട്ടല്ലേ അതിവിടെ വന്നിങ്ങനെ…..

കണ്ണു നിറച്ചമ്മ ചോദിച്ചതും വല്ലാതെയായ് ഷിജിനും….

അമ്മയോടെന്തു പറയണമെന്നറിയാതെ നിന്നു പോയൊരു മാത്ര അവനും….ഒപ്പം അമ്മ പറഞ്ഞ ആ ഒരുവൾക്കായ് അലസമെന്നോണം അവിടെ കറങ്ങി അവന്റെ മിഴികളും…

കുറച്ചായിട്ട് താൻ ഈ നേരം വന്നു കയറുമ്പോൾ വാതിൽ തുറന്നുതരുന്നതും ഭക്ഷണം വിളമ്പി വെയ്കുന്നതുമെല്ലാം ആ ഒരുവളാണ്…. വയ്യാത്ത കാരണം നേരത്തെ കിടക്കുന്ന അമ്മ ഈയിടെയായ് താൻ വരുന്നതു പോലും അറിയാറില്ല…..

അവൾക്ക് വയ്യ…. വയറു വേദനയാണ്… ഞാൻ പറഞ്ഞു പോയ് കിടന്നോളാൻ… അങ്ങനെ ചെന്ന് കിടന്നതാണ്…. ഈ അവസ്ഥയിൽ ഇത്രയും സ്വസ്ഥമായൊരു കിടത്തം പോലും അതിനിപ്പോഴല്ലേ കിട്ടുന്നത്… പാവം….എന്തൊക്കെ അനുഭവിച്ചു ഈ ചെറുപ്രായത്തിനിടയിൽ…. അതിന്റെ വിധി… ഓരോരുത്തർക്കും ഈശ്വരൻ ഓരോന്ന് തലയിൽ വിധിച്ച് വെച്ചിട്ടുണ്ടാവുമല്ലോ…അതനുഭവിച്ച് തന്നെ തീരണം….

ദീർഘ നിശ്വാസമുതിർത്ത് അമ്മ പറഞ്ഞതും അമ്മയെ ഒന്നു നോക്കി ഷിജിൻ… ഇനിയും ആരോടും തുറക്കാത്ത അവന്റെ മനസ്സിന്റെ ഉള്ളറകളിലെ ചില നോവുകൾ ആ നോട്ടത്തിലവന്റെ മുഖത്തു തെളിഞ്ഞു നിന്നിരുന്നു..

നീ വേഗം കുളിച്ചിട്ട് വാ… അമ്മ കഴിക്കാനെടുക്കാം….

ഷിജിന്റെ മനസ്സിലെന്താവും ഈ സമയമെന്നറിഞ്ഞമ്മ പറഞ്ഞതും ഒന്ന് തലയാട്ടി ഇട്ടിരുന്ന ഷർട്ടിന്റെ ബട്ടനുകൾ വേർപ്പെടുത്തി മെല്ലെ കിടപ്പുമുറിയിലേക്ക് നടന്നവൻ…..ആ നടത്തതിനിടയിൽ ഹാളിനോട് ചേർന്നുള്ള അമ്മയുടെ മുറിയിലേക്ക് നോക്കിയതും കണ്ടു നിലത്തിട്ട ബെഡ്ഡിലായ് കിടന്നുറങ്ങുന്നവളെ….

ഇവൾക്ക് ആ മുറിയിൽ ചെന്ന് കട്ടിലിൽ കിടന്നൂടേ… എന്തിനാണാവോ ഈ തറയിൽ…..വെറും ഒരു ജോലിക്കാരി മാത്രമാണെന്ന് എന്നെ ബോധിപ്പിക്കാനോ…

മനസ്സിലോർത്തെങ്കിലും ആരോടും ചോദിക്കാനോ പറയാനോ നിൽക്കാതെ വേഗത്തിൽ സ്റ്റെയർ കയറി മുറിയിലേക്ക് നടന്നവൻ

അകന്നു പോവുന്ന അവന്റെ കാലൊച്ച കേട്ടതും അത്ര നേരവും ഉറങ്ങാതെ അവന്റെ വരവും ശ്രദ്ധിച്ച് കണ്ണടച്ച് കിടന്നവൾ കണ്ണിൽ നിന്നൊഴുകുന്ന മിഴിനീരിനെ വാശിയോടെ തുടച്ചു മാറ്റി കൊണ്ടിരുന്നു…. താൻ കരയില്ലെന്നു നിർബന്ധം ഉള്ളതു പോലെ….

കുളിയും കഴിഞ്ഞമ്മ നൽകിയ ഭക്ഷണവും കഴിച്ച് തിരികെ കിടക്കാനായ് വന്നിട്ടും ഉറക്കം തൊട്ടതേയില്ല ഷിജിനെ….

അവന്റെ ഉള്ളിൽ അച്ഛന്റെയും അമ്മയുടെയും വിരലിൽ തൂങ്ങി തന്റെ വീട്ടിലേക്ക് വന്നുകൊണ്ടിരുന്നൊരു രണ്ടു വയസ്സുക്കാരിയുടെ കുസൃതി തുളുമ്പുന്ന ഓമനത്തമുള്ള മുഖം തെളിഞ്ഞു വന്നു…. പത്താം ക്ലാസ് പരീക്ഷ എഴുതി റിസൽട്ട് കാത്തിരിക്കുകയാണ് താനന്ന്….

അച്ഛന്റെ ഏറ്റവും അടുത്ത കൂട്ടുക്കാരനാണ് രവി മാമ്മ… രവിമാമയുടെ മകളാണ് ആ കൊച്ചു സുന്ദരി…. വിവാഹം കഴിഞ്ഞ് ഒരു പാട് വർഷം ചികിൽസയും മരുന്നും മന്ത്രവുമൊക്കെ നടത്തിയിട്ട് കിട്ടിയ പൊന്നോമന…..

മാളവിക അതായിരുന്നവളുടെ പേര്… എല്ലാവർക്കും അവൾ മാളൂ ആയപ്പോൾ തനിയ്ക്കവൾ തന്റെ മാളൂട്ടനായിരുന്നു…

തന്നെ കണ്ട നാൾമുതൽ താനാണ് അവളുടെ കളികൂട്ടുക്കാൻ… എടുത്തു നടക്കുന്നതും കൂടെകളിയ്ക്കുന്നതും ഭക്ഷണം വാരിക്കൊടുക്കുന്നതുമെല്ലാം താനായിരുന്നു…. കുളിപ്പിച്ച് സുന്ദരി ആക്കിയിട്ടുണ്ടവളെ താൻ….കൂടെ കിടത്തി പാട്ട് പാടി ഉറക്കിയിട്ടു പോലുമുണ്ട്…..

അവളുടെ ഓരോ വളർച്ചയും തന്റെ കൺമുന്നിലൂടെ ആയിരുന്നു…. അവൾക്കവളുടെ മാതാപിതാക്കളോളം പ്രിയപ്പെട്ടവനായിരുന്നു താൻ…..

അവളുടെ പത്താം ക്ലാസ് കഴിഞ്ഞ വെക്കേഷൻ സമയത്താണ് തന്റെ കല്യാണം വീട്ടുകാർ തനിയ്ക്കൊപ്പം ഓഫീസിൽ കൂടെ വർക്ക് ചെയ്യുന്ന കാർത്തികയുമായ് ഉറപ്പിച്ചത്..
പ്രണയവിവാഹമൊന്നുമായിരുന്നില്ല… അടുത്ത പരിചയമുള്ള രണ്ടു പേർ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു…..അത്ര മാത്രം…

എന്നാൽ തങ്ങളുടെ വിവാഹനിശ്ചയത്തിന്റെ അന്നാണ് മാളുവിന് ബസ്സപകടം ഉണ്ടാകുന്നത്.

മരണത്തിന്റെ വക്കോളം ചെന്നു നിൽകുന്ന അവളെയും വാരി നെഞ്ചോടു ചേർത്ത് ഹോസ്പ്പിറ്റലിലേക്ക് ഓടിയ ഓട്ടം ഇന്നെന്ന പോലെ തെളിഞ്ഞവന്റെ ഉള്ളിൽ….

ആ ബസ്സപകടം മാളു സ്വയം വരുത്തി വെച്ചതാണെന്നും കുതിച്ചോടിയ ബസ്സിനു മുമ്പിലേക്ക് മരണം ഉറപ്പിച്ച് മാളു ചാടുക ആയിരുന്നെന്നുമുള്ള സാക്ഷിമൊഴികൾ തകർത്തു തന്നെ….

അവളെ പ്രാണനെക്കാൾ സ്നേഹിക്കുന്ന അവളുടെ അച്ഛനമ്മമാരെ മറന്ന് മരണത്തെ സ്വീകരിക്കാൻ മാത്രം അവളെ സ്വാധീനിച്ചത് എന്താണെന്നറിയാതെ ഉഴറി താൻ…. പലരോടും അന്വേഷിച്ചു… പല വഴി തേടി… പക്ഷെ അവൾ ആത്മഹത്യയ്ക്ക് ശ്രമിച്ച കാരണം മാത്രം
തങ്ങൾക്കാർക്കും കണ്ടെത്താൻ കഴിഞ്ഞില്ല…. അവൾ തുറന്നു പറയും വരെ….

അവൾക്കിഷ്ടവും പ്രണയവുമെല്ലാം തന്നോടാണെന്ന്…. ഞാൻ മറ്റൊരു പെണ്ണിന് സ്വന്തമാവുന്നത് കണ്ട് അവൾക്ക് ജീവിക്കാൻ വയ്യെന്ന്…. അതിലും നല്ലത് മരണമാണെന്ന്…..

ശ്വാസം കഴിക്കാൻ പോലും പറ്റാത്ത വിധം പകച്ചു പോയ് താനവളുടെ വാക്കുകൾക്ക് മുന്നിൽ….

താനെടുത്ത് നടന്ന് കൊഞ്ചിച്ച് വളർത്തിയവൾക്ക് തന്നോടു പ്രണയം…. തന്നിലും പത്തുപതിനാലു വയസ്സ് ചെറുതാണവൾ… അതു പോലും ഓർത്തില്ല അവളന്നേരം….
ഞെട്ടാനുള്ള ശക്തി പോലും ഇല്ലായിരുന്നു….

പറഞ്ഞു തിരുത്താൻ ശ്രമിച്ചു…അവളെ അങ്ങനെ കാണാൻ പറ്റില്ലെന്നു പറഞ്ഞു… ചീത്ത പറഞ്ഞും തല്ലിയും തിരുത്താൻ നോക്കി…. പക്ഷെ ഫലം ഇല്ലായിരുന്നു…. ഇതിനിടയിൽ ഇതെല്ലാം അറിഞ്ഞ കാർത്തിക താനുമായുള്ള വിവാഹത്തിൽനിന്ന് പിന്മാറി.,.

അതറിഞ്ഞപ്പോൾ സങ്കടമല്ല മറിച്ച് ആശ്വാസമാണ് തോന്നിയത്…. തന്റെ വിവാഹം മാളുവിനെ നഷ്ടപ്പെടുത്തുമോ എന്നൊരു ആധി ഉള്ളിൽ ഇന്നേരം കൊണ്ട് വളർന്നു തുടങ്ങിയിരുന്നു..

പറഞ്ഞും തിരുത്താൻ ശ്രമിച്ചും ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കഴിഞ്ഞു പോയി…. പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിയ്ക്ക് ചേർത്തു മാളവികയെ അവളുടെ അച്ഛൻ…
ആ നാളിലാണ് ഒട്ടും പ്രതീക്ഷിക്കാതെയൊരു കാർ അപകടത്തിലൂടെ മാളുവിന് അവളുടെ മാതാപിതാക്കളെ ഒരുമിച്ച് നഷ്ടപ്പെടുന്നത്

അന്നാ അപകടം നടക്കുമ്പോൾ അവർക്കൊപ്പം കാറിൽ തന്റെ അച്ഛനും അമ്മയും കൂടി ഉണ്ടായിരുന്നു… മാളുവിന്റെ മാതാപിതാക്കൾക്കൊപ്പം സ്പോട്ടിൽ തന്നെ തന്റെ അച്ഛനും മരണത്തിന് കീഴടങ്ങിയപ്പോൾ ഗുരുതര പരുക്കുകളുമായ് അമ്മയെ പാതി ജീവനോടെ കിട്ടി തനിയ്ക്ക്….

ഈ ഭൂമിയിൽ ആരും ഇല്ലാത്തവനായ് ജീവിക്കാൻ പറ്റില്ലായിരുന്നു തനിയ്ക്ക്…. അമ്മയെ തിരികെ ആരോഗ്യത്തോടെ കിട്ടാൻവേണ്ടി ആശുപത്രികൾ തോറും കയറിയിറങ്ങി താൻ…. അമ്മ എന്നതിനപ്പുറം മറ്റൊന്നും ഒരാളെയും ശ്രദ്ധിച്ചില്ല താൻ…

അപകടത്തിൽ തനിയ്ക്ക് അമ്മയെ എങ്കിലും തിരികെ ലഭിച്ചപ്പോൾ പൂർണ്ണമായും ഒറ്റപ്പെട്ട് പോയൊരുവളെ താൻ മന:പൂർവ്വം മറന്നു… അവളെ അവളുടെ ബന്ധുക്കൾ ഏറ്റെടുത്ത് സംരക്ഷിക്കുന്നതിൽ സന്തോഷം കണ്ടെത്തി അവളെ പറ്റി തിരക്കുകയേ ചെയ്യാതെ അമ്മയെമാത്രം ശ്രദ്ധിച്ചു… അവളെ പറ്റി തിരക്കുന്ന അമ്മയോട് അവൾക്ക് ബന്ധുവീട്ടിൽ പരമ സുഖം ആണെന്ന് അന്വേഷിച്ചറിഞ്ഞെന്ന് കളളവും പറഞ്ഞു…

തന്റെ വാക്കിൽ വിശ്വസിച്ച് പിന്നെ അമ്മയും തിരക്കിയില്ല അവളെ….

എന്നാൽ ഒന്നുരണ്ടു മാസങ്ങൾക്ക് മുമ്പ് ഒരുരാത്രി വീട്ടിലേക്ക് അഭയം ചോദിച്ചു വന്നവളുടെ രൂപം മനസ്സിൽ തെളിഞ്ഞതും ആ കാഴ്ച ഇപ്പോഴും കൺമുന്നിൽ ഉള്ളതു പോലെ കണ്ണുകൾ ഇറുക്കി ചിമ്മി അടച്ചു പോയ് ഷിജിൻ

ശരീരമാസകലം പൊള്ളലേറ്റും മുറിവു പറ്റിയും അവശയായൊരു സ്ത്രീ രൂപം…..തങ്ങൾ കണ്ടു ശീലിച്ച തങ്ങൾക്ക് പരിചിതയായ മാളവിക ആണ് ഒരു ഭ്രാന്തിയെ പോലെ മുന്നിൽ നിൽക്കുന്നതെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല ഷിജിന്….

രണ്ടു വർഷം കൊണ്ട് ഒരാളിങ്ങനെ തിരിച്ചറിയാൻ പറ്റാത്ത വിധം മാറി പോവുമോ….

നെഞ്ച് പിടയുമ്പോഴും ഷിജിനോർത്തത് അതാണ്….

മാളുവിനെ ആ രൂപത്തിൽ കണ്ടപ്പോൾ അമ്മ തന്നെ നോക്കിയ ദഹിപ്പിയ്ക്കുന്ന ആ നോട്ടം…

ഇങ്ങനെയാണോടാ ബന്ധുവീട്ടിൽ സുഖമായ് കഴിയുന്നവരുടെ എല്ലാം രൂപമെന്ന അമ്മയുടെ ചോദ്യത്തിന് മുമ്പിൽ ഉത്തരമില്ലാതെ നിന്നുരുകി താൻ….

മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥയായ് തീർന്നവളുടെ സമ്പത്തിൽ കണ്ണു വെച്ച് ബന്ധു ജനങ്ങൾ കാട്ടിയ ക്രൂരതകളോരോന്നും അമ്മയോടവൾ എണ്ണിപറയുമ്പോൾ നിശബ്ദം അതു കേട്ട് കുറ്റബോധത്തോടെ തല താഴ്ത്തി നിൽക്കാനെ സാധിച്ചുളളു ഷിജിന്…

ഞാൻ പ്രണയം പറഞ്ഞ് ഇനിയും പഴയ പോലെ പിന്നാലെ വരുമെന്ന് കരുതി ഭയന്നല്ലേ എന്നെ ഒരിക്കൽ പോലും ഷിജുവേട്ടൻ ഒന്നന്വേഷിക്കാത്തത്…?

മുമ്പിൽ വന്ന് തന്നിൽ കൊരുത്ത മിഴിയോടെ ചോദിക്കുവളെ ഉത്തരമില്ലാതെ നോക്കി നിന്ന തന്നെയോർത്തു നെടുവീർപ്പിട്ടുപോയവൻ

“ഒരിക്കലും പഴയ പോലെ ഏട്ടനെ ശല്യപ്പെടുത്തില്ല ഞാനിനി… അന്നെനിയ്ക് അതിനുള്ള യോഗ്യത ഉണ്ടായിരുന്നു… ഇന്നു ഞാൻ നിങ്ങളുടെ അഭയാർത്ഥിയാണ്…. പോവാൻ വേറൊരിടം ഇല്ലെനിയ്ക്ക്…. മരിക്കാൻ പേടിയുമാണ്… താമസിക്കാൻ മറ്റൊരിടം കിട്ടുന്നതു വരെ ക്ഷമിച്ചാൽ മതി….

കൈകൂപ്പി പറയുന്നവളെ നിറമിഴികളോടെ നോക്കി നിന്നതേയുള്ളു അന്ന്…

വന്ന അന്നുമുതലിന്നുവരെ അവളിവിടെ നിൽക്കുന്നതൊരു അന്യയെ പോലെയാണെന്നോർക്കേ വേദന തിങ്ങി അവന്റെ ഉള്ളിലാകെ…

ഒരച്ഛൻ രാജകുമാരിയായ് കൊണ്ടു നടന്നൊരുവളാണ് അതെന്നു കൂടി ഓർത്തതും നോവേറി അവനിൽ….

അമ്മേ… നാളെ രാവിലെ എനിയ്ക്കൊപ്പം ഒരിടംവരെ വരണം….അവളെയും കൂട്ടിക്കോ കൂടെ….

കിടന്നിട്ടുറക്കം വരാതെയായതും എന്തോ തീരുമാനിച്ചുറപ്പിച്ച് എഴുന്നേറ്റൻ അമ്മയോട് ചെന്നു പറയേ നിലത്തു കിടക്കയിൽ കിടന്നവൾ ഞാൻ വരില്ലെന്നു പറയാനെന്ന പോലെ അവനെ തല ഉയർത്തി നോക്കിയതും ഷിജിനൊരു നോട്ടം അവളെ നോക്കി….അതോടെ നിശബ്ദയായവൾ….

തിരക്കൊഴിഞ്ഞ അമ്പലത്തിൽ ഷിജിനെയും കാത്തു നിൽകുമ്പോൾ വല്ലാത്തൊരു അസ്വസ്ഥത പൊതിയുന്നുണ്ട് മാളവികയെ…

രാവിലെ അവരമ്മയും മകനും താൻ കേൾക്കാതെ മാറി നിന്നെന്തോ സംസാരിച്ചതും അതു കഴിഞ്ഞമ്മയുടെ മുഖത്തു കണ്ട തെളിച്ചവും മാളവികയുടെ നെഞ്ചിടിപ്പേറ്റുന്നുണ്ട്….

അവൻ വന്നു…. വാ മോളെ….

ഷിജിൻ കാറിൽ നിന്നിറങ്ങിയതും അവളുടെകൈ പിടിച്ച് അമ്പലനടയിലേക്ക് നടന്നു അമ്മ….

നടക്കാൻ പോവുന്നത് എന്താണെന്നൊരു ഊഹം ഉണ്ടായിരുന്നതു കൊണ്ട് നിറമിഴികളോടെ തിരുനടയിലേക്ക് നോക്കി തൊഴുതവൾ….

അല്പ സമയം കഴിഞ്ഞതും തന്റെ ശരീരത്തിനടുത്തറിയുന്ന ഷിജിന്റെ ശരീര താപത്തിൽ മാളവിക കണ്ണുതുറക്കുമ്പോൾ അവളുടെ കഴുത്തിലായ് ചേർത്തുവെച്ച താലി ചരടിൽ മൂന്ന് കെട്ടിട്ട് മുറുക്കി കഴിഞ്ഞിരുന്നു ഷിജിൻ

കുളിർന്നു പോയ് മാളവികയുടെ ശരീരം… നനഞ്ഞ മിഴികളോടെ പരിഭവവും പരാതിയും നിറയുന്നൊരു നോട്ടം അവളിൽ നിന്ന് ഷിജിനു നേരെ ചെന്നതും ഒരു മാപ്പ് പറച്ചിലോടവളെ തന്നോടു ചേർത്തുപിടിച്ചു ഷിജിൻ

പറഞ്ഞു തീർക്കാൻ പരിഭവങ്ങളേറെയുള്ള മാളവികയ്ക്ക് മുമ്പിൽ ഒരു കേഴ്‌വിക്കാരനായ് ഷിജിൻ നിന്നു കൊടുത്തതും അതു കണ്ടു നിന്ന അമ്മയുടെ കണ്ണുകൾ നിറഞ്ഞു….

അവൾക്കൊരു ഭർത്താവായും അച്ഛനായുംകൂട്ടുക്കാരനായും മാറാൻ തന്റെ മകനിപ്പോൾ കഴിയുമെന്ന തിരിച്ചറിവിൽ ആ അമ്മ പുഞ്ചിരിയ്ക്കുമ്പോൾ ഷിജിനോട് തന്റെ പരാതികളും പരിഭവങ്ങളും കുടഞ്ഞിട്ട് തീർക്കുന്ന തിരക്കിലാണ് മാളവിക…. അവരിനിയത് മെല്ലെ പറഞ്ഞും പരിഹരിച്ചും മുന്നോട്ടു പോവട്ടെ അല്ലേ…

✍️RJ

Leave a Reply

Your email address will not be published. Required fields are marked *