ഏതോ ഒരു പെണ്ണ് നിന്നെ വേണ്ടാന്ന് പോയിന്ന് വെച്ച് നീയിങ്ങനെ കെട്ടാമങ്കനായി നിക്കണോ? അവളു വേറെ കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നുണ്ടാവും നീയിങ്ങനെ നടന്നോ…..

ഏതോ ഒരു പെണ്ണ് നിന്നെ വേണ്ടാന്ന് പോയിന്ന് വെച്ച് നീയിങ്ങനെ കെട്ടാമങ്കനായി നിക്കണോ?

അവളു വേറെ കല്യാണം കഴിച്ചു സുഖമായി
ജീവിക്കുന്നുണ്ടാവും നീയിങ്ങനെ നടന്നോ…

ഡാ ദേവിക നല്ല കുട്ടിയാടാ,നീയൊന്നു സമ്മതിക്ക്….

ഞാൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും അമ്മ പിന്നെയും തുടർന്നു.

എടാ,എനിക്കും അച്ഛനും പ്രായമായി, ഇനിയെപ്പഴാ?ഞങ്ങൾ ചത്തിട്ടോ?

അമ്മ ഇരുന്നെണ്ണിപ്പെറുക്കാൻ തുടങ്ങി.

ഒടുക്കം അമ്മയുടെയും അച്ഛന്റെയും ആഗ്രഹം നടക്കട്ടെ എന്ന് കരുതിയാണ് ഞാനാ വിവാഹത്തിന് സമ്മതം മൂളിയത്.

പെണ്ണ് കാണാൻ ചെന്നപ്പഴും, കല്യാണ സാരി എടുക്കാൻ ചെന്നപ്പഴും, എന്തിനേറെ പറയുന്നു കെട്ടിന്റെ സമയത്ത് പോലും ഞാനവളെ ശ്രദ്ധിച്ചു പോലുമില്ല.

ശരിക്കും ഒരു നിർവികാരതയായിരുന്നു എന്റെയുള്ളിൽ.

എന്തായാലും അവളുമായി എന്റെ കല്യാണം കഴിഞ്ഞു.അമ്മയ്ക്ക് സമാധാനമായി പക്ഷെ രാത്രി ആകുന്തോറും എനിക്ക് ടെൻഷൻ കൂടി വന്നു,അത് വേറൊന്നും കൊണ്ടല്ല ഇത്രയും നാളും ഒറ്റയ്ക്ക് കിടന്ന എന്റെ കൂടെ മറ്റൊരു പെണ്ണും കിടക്കാൻ പോകുന്നുവെന്നോർത്തിട്ടാണ്

രാത്രി ആയപ്പോൾ അമ്മ കൊടുത്തു വിട്ട ഒരു ഗ്ലാസ്‌ പാലുമായി അവളെന്റെ മുറിയിലേക്ക് കടന്നു വന്നു.

പാല്….

അവളെന്റെ നേരെ ഗ്ലാസ്‌ നീട്ടി.

ഞാനത് വാങ്ങാൻ മടിച്ചിരിക്കുമ്പോൾ അവൾ പുഞ്ചിരിയോടെ ചോദിച്ചു.

ഗിരീഷേട്ടനിപ്പഴും ആ ചേച്ചിയെ ഓർത്തോണ്ടിരിക്കുവാണോ?

അവളുടെ ചോദ്യം കേട്ടു ഞാൻ ഞെട്ടി.

ഏ…ഏത് ചേച്ചി…

എന്റെ നെഞ്ചിൽ ഒരു പിടപ്പ് വന്നു..

മേലെടത്തെ മായേച്ചി…

നിങ്ങള് തമ്മിൽ ഭയങ്കര ലവ് ആയിരുന്നില്ലേ??…

അ..അത് നിനക്കെങ്ങനെ അറിയാം?

നിങ്ങള് കോളേജിൽ പൊയ്ക്കൊണ്ടിരുന്ന ശരണ്യ ബസിലാ ഞാനും സ്കൂളിൽ പോയിക്കൊണ്ടിരുന്നത്.എഴിപ്രം ഗവൺമെന്റ് സ്കൂളിലാ ഞാൻ പ്ലസ് ടു വിനു പഠിച്ചത്.

നിങ്ങടെ പ്രേമം ഒക്കെ ബസിൽ ഉള്ള എല്ലാർക്കും അറിയാരുന്നു.

ഞാൻ ഡിഗ്രിക്ക് ജോയിൻ ചെയ്തപ്പോൾ ആണ് മായേച്ചിയാ കണ്ണാപ്പി സുനിലിനെ കെട്ടുന്നത്.

എന്തായാലും ചേച്ചി ചേട്ടനെ തേച്ചിട്ട് പോയതിൽ പിന്നെ ഞാൻ അതിനോട് മിണ്ടിയിട്ടില്ല. അസത്ത് പിടിച്ച സാധനം.

ചേട്ടനറിയോ, ചേട്ടനോട് ലവ് ഉണ്ടായിരുന്ന അതെ സമയം തന്നെ ആ ചേച്ചിക്ക് എന്റെ കുഞ്ഞമ്മേടെ മോനുമായി കണക്ഷൻ ഉണ്ടായിരുന്നു.

അതാരാ??

ചേട്ടനറിയും,ടൗണിൽ റോയൽ ബേക്കറി നടത്തുന്ന ഭാസ്കരൻ മാമന്റെ മോൻ അജിത് ഭാസ്കരൻ…

ഏതജിത്ത്??…
കഴിഞ്ഞ വർഷത്തെ കാവശേരി പൂരത്തിന് ഗാനമേള ടീമായിട്ട് അടി ഇണ്ടാക്കിയ…..
എന്റെ തൊണ്ടയിടറി…

ആ…അത് തന്നെ അതെന്റെ കുഞ്ഞമ്മേടെ മോനാ…

എന്തായാലും ആ ചേച്ചി,അജിത്തേട്ടനേം തേച്ചിട്ടാണ് ഇപ്പൊ ഉള്ള സുനീടെ കൂടെ പോയത്..

എന്റെ വീടിന്റടുത്താണ് കെട്ടിക്കോണ്ട് വന്നിരിക്കുന്നത്,തൊട്ടയൽവക്കം.അയാള് നല്ലോണം കുടിക്കും.അവർ തമ്മിൽ എന്നും തല്ലും വഴക്കുമാണ് ചേട്ടാ…

അല്ലേലും അവൾക്കത് കിട്ടണം നന്നായിപ്പോയി.എന്തായാലും ചേട്ടൻ രക്ഷപെട്ടെന്ന് കരുതിയാ മതി….

ഞാൻ ആകെ ഞെട്ടിത്തരിച്ചു പണ്ടാരടങ്ങി ഇരിക്കുന്നതിനിടയിൽ അവൾ കയ്യിലിരുന്ന ഗ്ലാസ്‌ എന്റെ നേരെ നീട്ടി.

ഇന്നാ ചേട്ടാ,ഈ പാല് കുടിച്ചിട്ട് പകുതി എനിക്കും താ…

ഞാൻ അവളുടെ കയ്യിൽ നിന്നും പാല് മേടിച്ചു പകുതി കുടിച്ചിട്ട് അവളുടെ കയ്യിലേക്ക് തന്നെ തിരികെ കൊടുത്തു..

എല്ലാം വളരെ പെട്ടെന്നായിരുന്നു..

അവൾ ബാക്കിയുള്ള പാല് കുടിച്ച ശേഷം എന്റെ അടുത്തു വന്നിരുന്നു.

എനിക്കറിയാം ചേട്ടാ, ഒരു പെണ്ണ് ഇട്ടിട്ടു പോയാൽ ഒരാണിനു എന്ത് മാത്രം സങ്കടം ഉണ്ടാകുമെന്ന്..പതിയെ പതിയെ ഒക്കെ ശരിയാവും.

എന്തായാലും എനിക്ക് പണ്ടുമുതലേ ചേട്ടനെ ഇഷ്ടാരുന്നു പക്ഷെ ഞാൻ എന്റെ ഇഷ്ടം പറയുന്നതിന് മുന്നെ നിങ്ങള് രണ്ടാളും മുടിഞ്ഞ പ്രേമത്തിൽ ആയി… ഹാ ഒക്കെ വിധിയുടെ വിളയാട്ടം.

വീട്ടിൽ ഈ ആലോചന വന്നപ്പോ തന്നെ ഞാൻ ഓക്കേ പറഞ്ഞത് ചേട്ടനെ എനിക്ക് പണ്ടേ ഇഷ്ടായോണ്ടാ…

വെറുതെ ഓരോന്നോർത്ത് വിഷമിക്കണ്ട, അവള് പോണേൽ പോട്ടെ,ചേട്ടനിനി ഞാനില്ലേ??

അവളുടെ ആ ചോദ്യം എന്റെ മനസ്സിൽ എവിടെയോ തട്ടി.

ഞാൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും അവൾ എന്നോട് പറഞ്ഞു,

എന്തായാലും ആദ്യ രാത്രി ഒക്കെ ചേട്ടൻ ഓക്കേ ആയിട്ട് നമുക്ക് ആഘോഷിക്കാം.

എന്താ അതുപോരെ…

മ്മ് ഞാൻ തലയാട്ടി..

അപ്പൊ സെറ്റ്… ചേട്ടൻ ഓക്കേ ആവുന്ന വരെ ഞാൻ വെയ്റ്റ് ചെയ്യാം.. ഹാ!! ഇത്രേം നാൾ വെയ്റ്റ് ചെയ്യാമെങ്കിൽ ഇനിയും ചെയ്യാം.

അത്രയും പറഞ്ഞ ശേഷം അവൾ ഉറങ്ങാൻ കിടന്നു.

ഇതിപ്പോ ഇവിടെ എന്തൊക്കെയാ സംഭവിക്കുന്നത്…എനിക്ക് യാതൊരു എത്തും പിടിയും കിട്ടുന്നില്ല…

എന്നാലും എന്ത് പെണ്ണാണിത്!!!!

ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഒരെണ്ണത്തിനെ കാണുന്നത്.

അങ്ങനെ കുറച്ചു നേരം എന്തൊക്കെയോ ചിന്തിച്ചു കൂട്ടിയ ശേഷം ഞാനും ഉറങ്ങാൻ കിടന്നു…

അതിനു ശേഷം രാവിലെ വാതിൽ ആരോ മുട്ടുന്നത് കേട്ടിട്ടാണ് ഞാൻ കണ്ണു തുറക്കുന്നത്.

ഞാൻ നോക്കുമ്പോൾ ദേവിക അവളുടെ തലയിലെ മുല്ലപ്പൂ ഒക്കെ പിച്ചി ബെഡിലേക്ക് ഇടുന്നതാണ് കാണുന്നത്.

നീയെന്താ ഈ കാണിക്കുന്നത്??
ഞാൻ വെപ്രാളപ്പെട്ടവളോട് ചോദിച്ചു.

അല്ല ചേട്ടാ,ഞാൻ ഫ്രഷ് ആയിട്ട് ഇറങ്ങി പോയാൽ അമ്മയ്ക്ക് സംശയം തോന്നും. നമ്മൾ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോന്നൊക്കെയാ പാവം ചിന്തിച്ചു കൂട്ടും.
പിന്നെ ചോദ്യമായി പറച്ചിലായി.

ഹാ…ഇങ്ങനെ പോയാ അതൊക്കെ ഒഴിവാക്കാലോ…

അവൾ മുഖത്തൊരു നാണം വരുത്തിയ ശേഷം വാതിൽ തുറന്നു പുറത്തേക്കിറങ്ങി.

എന്റെ അമ്മ ആണെങ്കിൽ അകത്തേക്കൊന്നു തലയിട്ട് കട്ടിലിലേക്കെത്തി നോക്കിയ ശേഷം, സമാധാനത്തോടെ അവളുടെ പുറകെ പോയി..

ശെടാ…ഇതിനും മാത്രം ഇവിടിപ്പോ എന്താ നടന്നെ….

എന്തായാലും അവൾ വീട്ടിലെ എല്ലാരുമായിട്ട് പെട്ടെന്ന് തന്നെ അടുത്തു.

അമ്മയ്ക്കായിരുന്നു ഏറ്റവും സന്തോഷം. അവരാഗ്രഹിച്ച പോലെ തന്നെ ഒരു മരുമകളെ കിട്ടിയതിന്റെ തെളിച്ചം അവരുടെ മുഖത്ത് കാണാമായിരുന്നു.

രണ്ടു മൂന്ന് ദിവസം കൊണ്ടവളെന്നേക്കാൾ സ്ഥാനം എന്റെ വീട്ടിൽ നേടിയെടുത്തു..

എനിക്കും അവളോട്‌ ചെറിയ ഒരിഷ്ടമൊക്കെ തോന്നിത്തുടങ്ങിയെങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല…

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവളുടെ വീട്ടിൽ നിന്ന് ഞങ്ങളെ രണ്ടാളെയും വിരുന്നിനു കൊണ്ട് പോകാൻ വേണ്ടി അവളുടെ വീട്ടുകാർ വന്നു…

പോകുന്നതിനു മുന്നേ അവൾ എന്റെ അടുത്തു വന്ന് നിന്ന ശേഷം പറഞ്ഞു. ഗിരീഷേട്ടാ എന്നെയൊന്ന് കെട്ടിപ്പിടിച്ചെ….
നമുക്കൊരു ഫോട്ടോ എടുക്കാം…

ഞാൻ എന്തേലും പറയുന്നതിന് മുന്നേ അവളെന്നെ കെട്ടിപിടിച്ചൊരു സെൽഫിയെടുത്തു…

Thank you ഗിരീഷേട്ടാ… I love u….

ശെടാ… ഇതെന്തൊരു സാധനം എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു പോയി…

അന്നുച്ചയ്ക്ക് അവളുടെ വീട്ടിൽ നിന്നും ഊണ് കഴിച്ച ശേഷം മുറിയിൽ എത്തിയപ്പോളവൾ ഫോൺ നോക്കി ചിരിക്കുകയായിരുന്നു,

എന്താ ഇത്ര ചിരിക്കാൻ?

ഒന്നുമില്ല.

എന്നോട് പറയാൻ പറ്റാത്ത കാര്യമാണോ?

അല്ല ചേട്ടാ.മായേച്ചി എന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി കണ്ടിട്ടുണ്ട്.

അതിന്?

ഞാൻ നമ്മുടെ ഫോട്ടോ സ്റ്റാറ്റസ് ഇട്ടിരുന്നു.

ഏത് ഫോട്ടോ?

ദേ ഇത്!

അവൾ രാവിലെ എടുത്ത ഫോട്ടോ എനിക്ക് കാണിച്ചു തന്നു.

അതിന്റെ താഴെ എഴുതിയിരിക്കുന്നു,

My forever happiness…എന്റെ ഗിരീഷേട്ടൻ

ഞാൻ അവളെ നോക്കി.

ഇതൊക്കെ വേണമായിരുന്നോ ദേവീകേ?

എന്താ ചേട്ടാ?

അവളെ കാണിക്കാൻ വേണ്ടി എന്തിനാ ഇങ്ങനൊക്കെ ഫോട്ടോ ഇടുന്നേന്ന്?

ഓ അതോ…അവളുടെ മുഖത്തു പെട്ടെന്ന് ഗൗരവം നിറഞ്ഞു.

അവള് കാണണം ചേട്ടാ, അവള് കളഞ്ഞത് ഒരു തങ്കകുടത്തിനെയാണെന്നവൾ തിരിച്ചറിയണം.

അത് കേട്ടപ്പോൾ അറിയാതെ എനിക്ക് ചിരി വന്നുപോയി…

ദേ!അവളപ്പുറത്തുണ്ട്..

നമ്മള് വന്നിട്ടുണ്ടെന്നറിഞ്ഞു കാണണം അതാവും അടുക്കളപ്പുറത്തു കിടന്നങ്ങനെ കറങ്ങുന്നത്.

വാ ചേട്ടാ…അങ്ങോട്ട് വന്നാൽ ഞാൻ കാണിച്ച് തരാം..

എന്ത് കാര്യത്തിന്?
എനിക്കവളെ കാണണ്ട…അതിന്റെ ആവശ്യമില്ല.

അത് ശരിയാ…ഇഷ്ടമല്ലെങ്കിൽ കാണണ്ട.
അവളും അത് ശരി വെച്ചു..

അന്ന് വൈകിട്ട് ഞങ്ങൾ രണ്ടാളും കൂടി പുറത്തേക്കിറങ്ങി….

കുറെ നേരം ഒരു റബറിൻ തോട്ടത്തിന്റെ ഉള്ളിലൂടെ നടന്ന ശേഷം ഞാൻ അവളാട് ചോദിച്ചു.

നീയിതെങ്ങോട്ടാ എന്നെയീ കൊണ്ടുപോകുന്നത്?

ഇതിന്റെയപ്പുറത്തൊരു ചെറിയ അമ്പലം ഉണ്ട്‌,അതങ്ങനെ തുറക്കാറൊന്നുമില്ല. പക്ഷെ അവിടെ കാണാൻ നല്ല രസാണ്. നമുക്ക് കുറച്ചു നേരം അവിടെ പോയിരിക്കാം..

ആ എന്തേലും കാണിക്ക്…

ഞാൻ അവളുടെ പുറകെ നടന്നു..

കുറച്ചു കൂടി മുന്നോട്ട് നടന്ന് രണ്ടിടവഴി കഴിഞ്ഞ ശേഷം അവളീ പറഞ്ഞ അമ്പലത്തിന്റെ അടുത്തെത്തി…

അവൾ പറഞ്ഞപോലെ തന്നെ മനോഹരമായ ഒരിടം…

ഞാൻ ചുറ്റും നോക്കുന്നതിനടയിൽ എന്റെ കണ്ണുകൾ ഒരാളിൽ ചെന്ന് പതിച്ചു…

മായ….

ഞാൻ അവളെ കണ്ടു അവൾ എന്നെയും കണ്ടു..

ഞങ്ങൾ രണ്ടാളും പരസ്പരം നോക്കുന്നത് കണ്ട ദേവിക ഉടനെ തന്നെ എന്റെ കയ്യിൽ കയറിപ്പിടിച്ചുകൊണ്ട് പറഞ്ഞു…

സൂക്ഷിച്ചു നടക്കു ഗിരീഷേട്ടാ ചുറ്റും പാമ്പുണ്ടാവും, ചിലതിനു നല്ല വിഷം ആണ് കടിച്ചാൽ അതോടെ തീർന്നു…

അവളെന്തോ കുത്തി പറയുന്നത് പോലെയെനിക്ക് തോന്നി.

മായ ഞങ്ങളുടെ അടുത്തേക്ക് നീങ്ങി വന്നു.

ദേവിക എന്റെ കയ്യിലെ പിടുത്തം ഒന്നുകൂടെ മുറുക്കി..

ഗിരീഷ്, ഒരു കാര്യം ചോദിച്ചോട്ടെ?അവൾ അത് പറഞ്ഞ ശേഷം ദേവീകയുടെ നേരെ നോക്കി.

അവൾക്കെല്ലാം അറിയാം. എന്താന്ന് വെച്ചാൽ നിനക്ക് ചോദിക്കാം.ഞാൻ മായയോട് പറഞ്ഞു

നിനക്ക് ഇപ്പോൾ എന്നോട് ഒരു ദേഷ്യവുമില്ലേ?”

ഇല്ല മായ.

നീ ഇത്ര പെട്ടെന്ന് എന്നെ മറന്നോ?

ദേവികയുടെ മുഖത്തേക്ക് ഞാൻ വീണ്ടും നോക്കി.

അവൾ ഒന്നും പറയാതെ എന്റെ കൈയിൽ പിടിച്ചിരുന്നു.

ഞാൻ തുടർന്നു.

മായേ, കഴിഞ്ഞുപോയ കാര്യങ്ങൾ ഇനി പറഞ്ഞിട്ട് എന്ത് കാര്യം?

നീ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നല്ലോ.

അതെ, സ്നേഹിച്ചിരുന്നു അതൊക്കെ പണ്ട്….

പക്ഷെ ഇപ്പോൾ?…

ഞാൻ ദേവികയുടെ തോളിൽ കൈയിട്ടു.

ഇപ്പോൾ അതിനേക്കാൾ കൂടുതൽ ഒരാളെ ഞാൻ സ്നേഹിക്കുന്നുണ്ട്.ഇവളെ.

ദേവിക എന്നെയൊന്നു നോക്കി.

മായയുടെ മുഖം മങ്ങി.

ഓഹോ… അത്രയ്ക്ക് സ്നേഹമാണോ?
എനിക്കറിയാം നിനക്കെന്നെ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന്…

ഞാൻ ചിരിച്ചു.

അതൊക്കെ നിന്റെ വെറും തോന്നൽ ആണ് മായേ….നീ എന്റെ ജീവിതത്തിൽ വന്നപ്പോൾ ഞാൻ പ്രണയത്തിന്റെ അർത്ഥം എന്താണെന്ന് പഠിച്ചു എന്നത് നേരാണ് പക്ഷേ ദേവിക വന്നപ്പോഴാണ് സ്നേഹിക്കപ്പെടുന്നതിന്റെ സന്തോഷം ഞാൻ അറിഞ്ഞത്.

എനിക്കിനി ഇവള് മാത്രം മതി.

ഇനി നിനക്ക് നിന്റെ വഴി എനിക്ക് എന്റെയും.

മായ ഒന്നും മിണ്ടിയില്ല.

ഞങ്ങൾ മുന്നോട്ട് നടന്നു…

നടക്കുന്നതിനിടയിൽ അവളെന്നോട് ചോദിച്ചു,

അതേയ് ഗിരീഷേട്ടൻ ഇപ്പൊ പറഞ്ഞത് സത്യാണോ?

എന്ത്?

എന്നെ ഒരുപാട് ഇഷടാണെന്ന്.

മ്മ്… ആടി നിന്നെ ആർക്കാ ഇഷ്ടപ്പെടാത്തത്?

എന്നാ എനിക്കൊരുമ്മ താ..

അയ്യേ!!ഇവിടെ വെച്ചോ?

മ്മ്.. എന്നെയാ മായയെക്കാൾ ഇഷ്ട്ടാണെങ്കിൽ….

മുഴുവൻ പറയാൻ അവളെ ഞാൻ സമ്മതിച്ചില്ല…

അവളെ എന്നിലേക്ക് ചേർത്തു പിടിച്ച ശേഷം അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു…

എടീ പൊട്ടി,അവളെയൊക്കെ ഞാൻ എന്നെ മറന്നു. ഇനിയെനിക്ക് നീ മാത്രം മതി.

ശരിക്കും?…

അതേടി…..

അവളെന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു..

ഗിരീഷേട്ടാ…

മ്മ്…എന്താടി.

ഒരു കാര്യം ചോദിക്കട്ടെ?

ചോദിക്ക്.

അന്നമ്മ നിർബന്ധിച്ചില്ലായിരുന്നെങ്കിൽ ഗിരീഷേട്ടൻ എന്നെ കെട്ടുമായിരുന്നോ?

ഞാൻ അവളെ നോക്കി ചിരിച്ചു.

ഒരു സത്യം പറയട്ടെ?

പറ…..

“അന്ന് എനിക്ക് നിന്നെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലായിരുന്നു പക്ഷേ ഇപ്പോൾ ഒരു കാര്യം പറയാം.”

എന്താ?

ഞാൻ അവളുടെ കൈയിൽ പിടിച്ചു.

അന്ന് നിന്നെ വിവാഹം കഴിക്കാൻ ഞാൻ സമ്മതിച്ചത് അമ്മയ്ക്കും അച്ഛനും വേണ്ടിയായിരുന്നു പക്ഷേ ഇന്ന് ഓരോ ദിവസവും നിന്നോടൊപ്പം ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നത് എനിക്ക് വേണ്ടിയാണ്.

അവൾ ചിരിച്ചുകൊണ്ട് എന്റെ തോളിൽ ചാഞ്ഞു.

ദേവികയെ ഞാൻ ആദ്യം സ്നേഹിച്ചിരുന്നില്ല പക്ഷേ അവളുടെ സ്നേഹം എന്നെ വീണ്ടും ജീവിക്കാൻ പഠിപ്പിച്ചു.

പ്രണയം എന്നത് ഒരാളെ സ്വന്തമാക്കുന്നതല്ലെന്നും, ഒരാൾ നമ്മളെ എത്രത്തോളം ചേർത്തുപിടിക്കുന്നു എന്നതാണെന്നും ഞാൻ തിരിച്ചറിഞ്ഞു.

എന്റെ ജീവിതത്തിലേക്ക് ദേവിക വന്നത് യാദൃച്ഛികമായിട്ടായിരിക്കാം പക്ഷേ അവൾ എന്റെ ജീവിതമായി മാറിയത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്.

ഞാൻ അവളെ ചേർത്തുപിടിച്ചു.

ദേവീ…

എന്തോ?

നിന്നെ എനിക്ക് കിട്ടിയത് എന്റെ ഭാഗ്യമാണ്.

അവൾ ചിരിച്ചു.

എന്നെ കിട്ടിയതല്ല ഗിരീഷേട്ടാ… എന്നെ സ്നേഹിക്കാൻ തോന്നിയതാണ് നിങ്ങളുടെ ഭാഗ്യം.

ഞാൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.

ചിലർ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് നമ്മളെ സ്നേഹിക്കാൻ പഠിപ്പിക്കാനാണ് മറ്റു ചിലർ വരുന്നത് നമ്മൾ സ്നേഹിക്കപ്പെടാൻ അർഹരാണെന്ന് ബോധ്യപ്പെടുത്താനാണ്.

ദേവിക എനിക്ക് രണ്ടാമത്തേതായിരുന്നു.

മായ എന്റെ പഴയ ഓർമ്മയായപ്പോൾ, ദേവിക എന്റെ ഇന്നും എന്നും ആയിത്തീർന്നു.

ശുഭം.

✍️അച്ചു വിപിൻ

Leave a Reply

Your email address will not be published. Required fields are marked *