നാല്പതിനോടടുത്ത പ്രായമുണ്ടവൾക്ക്. പക്ഷേ കണ്ടാൽ തോന്നില്ല,അവളുടെ മുടിയിഴകളിൽ ഒറ്റ നര പോലും കണ്ടുതുടങ്ങിയിട്ടില്ല.ഇനി എന്റെ കാര്യമാണെങ്കിൽ പറയണ്ട,തലയുടെ…..

അതേയ്,ഇന്നൊരൂസം ലീവെടുക്കാമോ?

രാവിലെ ചായയുമായെന്റെ മുന്നിൽ വന്നു നിൽക്കുന്ന അവളുടെ മുഖത്തേക്ക് ഞാനൊന്നു സൂക്ഷിച്ചൊന്നു നോക്കി.

അതെന്താ പെട്ടെന്നൊരു ലീവ്?

നമുക്ക് രണ്ടാൾക്കും ഒരുമിച്ചൊന്ന് പുറത്തൊക്കെ പോവാം.കുറേ നാളായില്ലേ നമ്മൾ എവിടെയെങ്കിലും പോയിട്ട്?

ഞാനവളുടെ മുഖത്തേക്ക് വീണ്ടും നോക്കി.

അപ്പൊ പിള്ളേരോ?

അവര് വരുന്നില്ല,നമ്മൾ രണ്ടാളും മാത്രം.

ശരി…ഇനിപ്പോ നീ പറഞ്ഞിട്ട് കേട്ടില്ലെന്ന് വേണ്ടാ.ഞാൻ ഓഫീസിൽ വിളിച്ച് ലീവ് പറയാം.

ഫോണെടുത്ത് ഓഫീസിലേക്ക് വിളിച്ച് അന്നത്തെ ലീവ് പറഞ്ഞ ശേഷം ഞാൻ അവളെത്തന്നെ നോക്കിയിരുന്നു.

നാല്പതിനോടടുത്ത പ്രായമുണ്ടവൾക്ക്. പക്ഷേ കണ്ടാൽ തോന്നില്ല,അവളുടെ മുടിയിഴകളിൽ ഒറ്റ നര പോലും കണ്ടുതുടങ്ങിയിട്ടില്ല.ഇനി എന്റെ കാര്യമാണെങ്കിൽ പറയണ്ട,തലയുടെ ഇരുവശങ്ങളിലും താടിയിലുമൊക്കെ നര പതുക്കെ സ്ഥാനം പിടിച്ചുതുടങ്ങി.

ഞാനവളെ തന്നെയങ്ങനെ നോക്കിയിരിക്കുന്നത് കണ്ടിട്ടാവണം അവൾ എന്റെ അടുത്തേക്ക് നീങ്ങിവന്ന ശേഷം പറഞ്ഞു.

അതേയ്…എന്താ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കുന്നത്, പോയി കുളിച്ചേ…
ആ പിന്നെ വേറൊരു കാര്യം
ഇന്നെന്നെ ഇയാളുടെയീ ചപ്രത്താടിയങ്ങ് വടിച്ചുകളഞ്ഞോളണം.

ചപ്ര താടിയോ?
അതെന്താടി അങ്ങനൊരു വർത്താനം?

പണ്ട് നമ്മൾ പ്രേമിച്ചുനടന്ന സമയത്ത് ഈ താടി നിനക്കൊരു പ്രശ്നമായിരുന്നില്ലല്ലോ?

അതൊക്കെ പണ്ട്. ഇപ്പൊ അതൊക്കെ മാറി.തൽക്കാലം നിവിൻ പോളി കളിക്കാൻ നിക്കാണ്ട് സാറ് പോയിട്ടീ താടിയൊന്ന് ഷേവ് ചെയ്ത് കുളിച്ചിട്ടൊക്കെ വാ.
പിള്ളേര് സ്കൂളിൽ പോകാൻ നിൽക്കുവാ. അവരെ ബസ് കയറ്റിവിട്ടിട്ട് ഞാനും റെഡിയായി വരാം.

അവൾ പറഞ്ഞതു പോലെ ഞാൻ ബാത്റൂമിലേക്ക് നടന്നു.

ഷേവ് ചെയ്യുന്നതിനിടയിൽ കണ്ണാടിയിൽ കണ്ട എന്റെ മുഖത്തേക്ക് ഞാൻ കുറച്ചുനേരം നോക്കി നിന്നു.

കാലം എന്റെ മുഖത്ത് ഒരുപാട് മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.

ഒരിക്കൽ അവളെ കാണാൻ വേണ്ടി മാത്രം ദിവസവും ഒരുങ്ങിയിറങ്ങിയിരുന്ന ഞാൻ….

അവളുടെ ഒരു ചിരിക്ക് വേണ്ടി മണിക്കൂറുകൾ കാത്തിരുന്ന ഞാൻ….

ഇന്ന് അവളുടെ കൂടെ ഒരേ വീട്ടിൽ, ഒരേ കിടക്കയിൽ, ഒരേ ജീവിതം പങ്കുവെച്ച് കഴിയുമ്പോഴും എപ്പോഴോ ഞങ്ങൾക്കിടയിൽ ആ പഴയ പ്രണയം തിരക്കുകൾക്കിടയിൽ എവിടെയോ മറഞ്ഞുപോയിരുന്നു.

കുഞ്ഞുങ്ങൾ, ജോലി, സ്കൂൾ, ഫീസ്, വീട്ടുചെലവുകൾ, ഉത്തരവാദിത്തങ്ങൾ…

അങ്ങനെ ജീവിതം ഓടിത്തീർക്കുന്നതിനിടയിൽ ഞങ്ങൾ രണ്ടുപേർക്കും മാത്രമായുള്ള നിമിഷങ്ങൾ കുറഞ്ഞുപോയിരുന്നു.

കുളിച്ചിറങ്ങി ഒരു കറുത്ത ചെക് ഷർട്ടും നീല ജീൻസും ധരിച്ച് പുറത്തേക്ക് വന്നപ്പോൾ അവൾ മറ്റൊരു മുറിയിൽ നിന്ന് ഇറങ്ങിവരുന്നതേയുള്ളൂ.

ഒരു ഇളം മഞ്ഞ നിറത്തിലുള്ള സാരിയായിരുന്നു അവളുടെ വേഷം.മുടി അഴിച്ചിട്ടിട്ടുണ്ട്.നെറ്റിയിൽ സിന്ദൂരവും ചെറിയൊരു പൊട്ടും.എന്റെ നേരെ ഒരു ചിരിയുമായി നടന്നു വരുന്ന അവളെ കണ്ടപ്പോൾ എനിക്ക് പണ്ടത്തെയാ പെൺകുട്ടിയെ ഓർമ വന്നു.

എന്താ ഇയാളെന്നെ ഇങ്ങനെ നോക്കുന്നേ?”

ഒന്നുമില്ല.

മ്മ്… എന്തോ ഉണ്ടല്ലോ…

ഈ സാരി ഉടുത്തപ്പോൾ നിന്നെ കാണാൻ ഒരു പ്രത്യേക ഭംഗി…

ആണോ അവൾ ചിരിച്ചു.

സാറും മോശമല്ല,ചുള്ളനായിട്ടുണ്ട്…

അവൾ എന്റെ ഷർട്ടിന്റെ കോളർ ഒന്നുകൂടി നേരെയാക്കിയ ശേഷം പറഞ്ഞു,
എന്നാ വാ പോകാം?

ശരി, നീ പുറത്തേക്കിറങ്ങ് ഞാൻ പോയി കാറിന്റെ കീ എടുത്തോണ്ട് വരാം…

അതിനു നമ്മൾ കാറിൽ അല്ലല്ലോ സാറെ,ബൈക്കിൽ ആണ് പോകുന്നത്..

ബൈക്കിലോ?
ഞാൻ പുരികം ചുളിച്ചു.

മ്മ്, ബൈക്കിൽ തന്നെ…

ആട്ടെ, എങ്ങോട്ടാ മാഡത്തിനു പോണ്ടത്?

അത് ഞാൻ വഴിയേ പറയാം…

അങ്ങനെ ഞങ്ങൾ വീട്ടിൽ നിന്നും പോകാനായിറങ്ങി.

ബൈക്കിന്റെ പിന്നിൽ അവൾ കയറിയിരുന്നപ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നി. ഒരുകാലത്ത് അവൾ എപ്പോഴും എന്റെ പിന്നിൽ ഇങ്ങനെ ചേർന്നിരുന്നിട്ടുണ്ട്. പക്ഷേ വിവാഹവും കുട്ടികളുമൊക്കെ വന്നതിനുശേഷം യാത്രകളിൽ പലപ്പോഴും കുട്ടികൾക്കായിരുന്നു മുൻഗണന.

ഇന്ന് കുറേ നാളുകൾക്കുശേഷം അവൾ മാത്രം എന്റെ പിന്നിൽ.

എവിടേക്കാണ് പോകേണ്ടതെന്ന് നീ പറഞ്ഞില്ല…

നമ്മൾ പണ്ട് പോകാറുള്ള സ്ഥലത്തേക്ക് തന്നെ

ഏത് സ്ഥലം?

അയ്യോ… ഇയാൾ അതും മറന്നോ?

അവൾ എന്റെ തോളിൽ ചെറുതായി അടിച്ചു.

ഞാൻ ചിരിച്ചു.

ഇപ്പൊ മനസ്സിലായി,
തട്ടേക്കാടല്ലേ…

അപ്പൊ സാറിന് ഓർമയുണ്ട്…

അതങ്ങനെ മറക്കാൻ പറ്റുമോ?

ബൈക്ക് മുന്നോട്ടുപോയി.

വഴിയോരത്തെ കടകളും പഴയ കെട്ടിടങ്ങളുമൊക്കെ പിന്നിലേക്ക് മറഞ്ഞുകൊണ്ടിരുന്നു. ഓരോ വഴിത്തിരിവും പഴയ ഓർമകളിലേക്ക് ഞങ്ങളെ കൊണ്ടുപോയി.

അന്ന് ഞങ്ങൾ പ്രണയിച്ചിരുന്ന കാലത്ത് അവളെ കാണാൻ വേണ്ടി എത്രയോ ദൂരം ബൈക്കോടിച്ച് ഞാൻ പോയിട്ടുണ്ട്.അവൾ വരുന്നതും കാത്ത് വഴിയരികിൽ മണിക്കൂറുകൾ നിന്നിട്ടുണ്ട്.

ഇന്നതേ പെൺകുട്ടി എന്റെ ജീവിതപങ്കാളിയായി പിന്നിലിരിക്കുന്നു.

തട്ടേക്കാട് എത്തുന്നതിനു മുന്നേയുള്ള പാലത്തിനടുത്തെത്തിയപ്പോൾ ഞാൻ ബൈക്ക് നിർത്തി.

അവൾ ബൈക്കിൽ നിന്നും ഇറങ്ങിയ ശേഷം ചുറ്റും നോക്കി.

എന്തൊരു മാറ്റം!!!

ഏത് ഈ സ്ഥലത്തിനോ?

മ്മ്,സ്ഥലത്തിനും പിന്നെ നമുക്കും.

നമ്മള് മാറിയോടീ….ഞാൻ അവളെ നോക്കിയൊന്ന് ചിരിച്ചു..

രൂപം ഇച്ചിരി മാറി പക്ഷെ നമ്മടെ മനസ്സ് പഴയത് തന്നെയാണ്..അല്ലെ???
അവൾ എന്റെ മുടി ഒരു സൈഡിലേക്ക് മാടിവെച്ചു.

ബൈക്ക് പാലത്തിന്റെ സൈഡിൽ ഒതുക്കി വെച്ച ശേഷം സ്റ്റെപ്പിറങ്ങി പുഴയുടെ അരികിലെ പഴയ മരത്തണലിലേക്ക് ഞങ്ങൾ രണ്ടാളും കൈ കോർത്തു നടന്നു.

ഒരുകാലത്ത് ഞങ്ങൾ ഒരുപാട് നേരം ചിലവഴിച്ച സ്ഥലമാണത് അവിടെയിപ്പോൾ ചെറിയൊരു ഇരിപ്പിടവും പാർക്കുമൊക്കെ വന്നിട്ടുണ്ട്.

ഞങ്ങൾ മരത്തിന്റെ കീഴിലായിരുന്നു.

കുറച്ചുനേരം ഞങ്ങൾ രണ്ടുപേരും ഒന്നും സംസാരിച്ചില്ല.

അല്പം കഴിഞ്ഞപ്പോൾ ഞാൻ അവളെ നോക്കി…

നീ കരയുവാണോടീ…

ഞാനവളുടെ തോളിൽ കൈ വെച്ചു…

ഏയ്‌ ഒന്നൂല്ലാ..നമുക്ക് രണ്ടാൾക്കും പ്രായമായി…

എത്ര പെട്ടെന്നാല്ലേ സമയം കടന്നു പോയത്..

മ്മ് ശരിയാ…
നീ ഓർക്കുന്നുണ്ടോ? അന്ന് ഞാൻ നിന്നോട് ആദ്യമായി ഇഷ്ടമാണെന്ന് പറഞ്ഞതിവിടെ വെച്ചാ…

മ്മ്…പിന്നില്ലാതെ..എനിക്കോർമ്മയുണ്ട്.
അന്നെനിക്ക് വീട്ടിൽ പോകാൻ സമയമായിട്ടും ഇയാളെന്നെ വിടാതെ ഇവിടെത്തന്നെ ഇരുത്തിയില്ലേ?

അത് നിന്നോട് കുറച്ചുകൂടി സംസാരിക്കാനായിരുന്നില്ലേ?

മ്മ്…എനിക്കറിയാം.
അന്ന് ഞാൻ വീട്ടിൽ ചെന്നിട്ട് അമ്മയുടെ വായിൽനിന്ന് നല്ലത് കേട്ടു…

ഇയാൾക്ക് വേണ്ടി എന്തൊക്കെ കള്ളങ്ങളാ വീട്ടിൽ ഞാൻ പറഞ്ഞത്..

അന്ന് നീ എത്ര സുന്ദരിയായിരുന്നു…

ഇപ്പോഴോ?

ഇപ്പോഴും സുന്ദരിയാണ്.
പക്ഷേ അന്നെനിക്ക് പേടിയായിരുന്നു.

എന്തിന്?

നിന്നെ നഷ്ടപ്പെടുമോ എന്ന പേടി.

അവൾ കുറച്ചുനേരം എന്റെ മുഖത്തേക്ക് നോക്കിയിരുന്നു.

ഇപ്പോഴില്ലേ ആ പേടി?

ഇപ്പോഴോ?
നീ കൂടെയില്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല.

അവൾ എന്റെ കൈകൾക്കുള്ളിലേക്ക് അവളുടെ കൈകൾ ചേർത്തുവെച്ചു.

എനിക്കും.

അവളുടെ ആ മറുപടിയിൽ ഒരുപാട് വർഷങ്ങളുടെ സ്നേഹമുണ്ടായിരുന്നു.

പിന്നീട് ഞങ്ങൾ പഴയ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. ആദ്യമായി കണ്ട ദിവസം, ആദ്യമായി കൈപിടിച്ച ദിവസം,വീട്ടുകാരോട് തല്ലു കൂടി അവസാനം വിവാഹം ഉറപ്പിച്ച ദിവസം, കല്യാണത്തിന് മുമ്പുള്ള ഫോൺവിളികൾ… അങ്ങനെ ഓരോ ഓർമകളും ഞങ്ങൾക്കിടയിൽ വീണ്ടും ജീവൻവെച്ചു.

ഉച്ചയ്ക്ക് ഞങ്ങൾ രണ്ടാളും അവിടെ അടുത്തുള്ള ചെറിയ ചായക്കടയിൽ നിന്നും കാപ്പിയും പലഹാരങ്ങളും കഴിച്ചു.

പിന്നെയും എന്തൊക്കെയോ വാർത്തങ്ങൾ പറഞ്ഞിരുന്നു…
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത പോലെ…..

വൈകുന്നേരമായപ്പോഴേക്കും ആകാശം ഇരുണ്ടുതുടങ്ങിയിരുന്നു.

മഴ പെയ്യാനുള്ള ലക്ഷണമുണ്ടായിരുന്നു.

നമുക്ക് പോയാലോ അവൾ ചോദിച്ചു.

ആ…പോവാം മഴ പെയ്യുമെന്ന് തോന്നുന്നു.

ഞങ്ങൾ ബൈക്കിനടുത്തേക്ക് നടന്നു.

അപ്പോഴേക്കും മഴത്തുള്ളികൾ വീണുതുടങ്ങിയിരുന്നു.

ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ അവൾ ഹെൽമറ്റ് ധരിച്ചു പിന്നിൽ കയറി.

കുറച്ചുദൂരം പോയപ്പോഴേക്കും മഴ ശക്തിയായി.

ഒരു ബസ് സ്റ്റോപ്പിന് മുന്നിലെത്തിയപ്പോൾ ഞാൻ ബൈക്ക് സ്ലോ ചെയ്തു m

അതേയ് മഴയുണ്ട്. ഇവിടെ കയറി നിൽക്കണോ?”

എന്തിനു???

പണ്ടിതു പോലെ മഴ പെയ്യുമ്പോൾ ഇയാളെന്താ ചെയ്‌തേന്ന് വെച്ചാ അത് തന്നെ ചെയ്താ മതി.

ഞാൻ ചിരിച്ചു.

“നിനക്ക് വട്ടാണ്.”

അതൊക്കെ പണ്ടേ ഉള്ളതല്ലേ?”

ഞാൻ ബൈക്കിന്റെ വേഗം കുറച്ച് മുന്നോട്ടെടുത്തു.

മഴ ശക്തിയായി പെയ്തുകൊണ്ടിരുന്നു. അവൾ എന്റെ പിന്നിൽ കുറച്ചുകൂടി ചേർന്നിരുന്നു. കൈകൾ രണ്ടും എന്റെ വയറിലൂടെ ചുറ്റിപ്പിടിച്ചു.

വർഷങ്ങൾക്കുശേഷം ആ ചേർന്നിരിപ്പെനിക്ക് വീണ്ടും അനുഭവിക്കാൻ കഴിഞ്ഞു.

ബൈക്ക് ഓടിക്കുന്നതിനിടയിൽ അവൾ ചോദിച്ചു ഇങ്ങനെ എന്താ മിണ്ടാതിരിക്കുന്നത്?”

ഒന്നുമില്ല.

ശോ!!!പറ.

പണ്ടത്തെ ആ ദിവസങ്ങളിലേക്ക് നമ്മൾ രണ്ടാളും തിരിച്ചുപോയതുപോലെ.

അവൾ എന്റെ തോളിൽ മുഖം ചേർത്തു.

എനിക്കും അങ്ങനെ തോന്നി…

മഴത്തുള്ളികൾ മുഖത്തേക്ക് വീണുകൊണ്ടിരുന്നു. വഴിയരികിലെ മരങ്ങളും കുഞ്ഞി കടകളും മഴയിൽ മങ്ങിത്തുടങ്ങി.

ബൈക്ക് ഓടിക്കുന്നതിനിടയിൽ അവൾ എന്റെ തോളിൽ കൈവെച്ച് പറഞ്ഞു.

അതേയ്…

എന്താ?

ഇന്നത്തെ ദിവസം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

എനിക്കും.

ഇങ്ങനെ ഇടയ്ക്കൊക്കെ നമുക്ക് വേണ്ടി മാത്രം ഒരു ദിവസം മാറ്റിവെക്കണം.

തീർച്ചയായും.

പിള്ളേരൊക്കെ വലുതായിക്കൊണ്ടിരിക്കുകയാണ്.നാളെ അവർ രണ്ടാളും അവരുടെ ലോകത്തേക്ക് പോകും. അപ്പോൾ നമ്മൾ രണ്ടുപേരും മാത്രമാകും.

ഞാൻ ചിരിച്ചു.

അപ്പോൾ നമ്മൾ വീണ്ടും പ്രേമിച്ചു തുടങ്ങും.

അയ്യടാ…വീണ്ടും എന്തിന്?
നമ്മൾ അതിന് പ്രേമിക്കുന്നത് നിർത്തിയിട്ടുണ്ടോ?

ആ ചോദ്യം കേട്ടപ്പോൾ എനിക്ക് മറുപടിയുണ്ടായില്ല.

ശരിയാണ്.

ഞങ്ങൾ രണ്ടാളും തമ്മിൽ സ്നേഹിക്കുന്നത് നിർത്തിയിരുന്നില്ല. ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ അത് പ്രകടിപ്പിക്കാൻ മറന്നുപോയതായിരുന്നു.

എടീ പിള്ളേര് വന്നു കാണുമോ?
പെട്ടെന്നാണ് ഞാനത് ചോദിച്ചത്.

അവരിന്നെന്റെ വീട്ടിലേക്കാണ് പോകുന്നത് അച്ഛൻ സ്കൂളിൽ വന്നു വിളിച്ചോണ്ട് പൊക്കോളും.നാളെ ശനിയാഴ്ച അല്ലെ?
രണ്ടാളും അവിടെ നിക്കട്ടെ…

അപ്പോ വീട്ടിലിന്ന് നമ്മള് രണ്ടാളും മാത്രേ ഉള്ളോ…

പിന്നല്ലാതെ..
അവളെന്റെ തോളിൽ നുള്ളി…

എടീ നുള്ളാതെടി പോത്തേ ബൈക്ക് സ്ലിപ് ആകും..

ആവട്ടെ, അവളുറക്കെ ചിരിച്ചു.

അവളുടെയാ ചിരി കേട്ടപ്പോൾ ഞാനും അവളും ഞങ്ങളുടെ ഇരുപതുകളിൽ ആണെന്ന് തോന്നി…

വീട്ടിലെത്തുമ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു.

ബൈക്ക് നിർത്തി ഇറങ്ങാൻ തുടങ്ങിയപ്പോൾ അവൾ എന്റെ കൈയിൽ പിടിച്ചു.

എന്താ?

ഒന്നുമില്ല.

പറയെടി.

അവൾ എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇന്നത്തെ ദിവസം നമുക്ക് എന്നും ഓർമിക്കണം.”

ഞാൻ അവളുടെ കൈ മുറുകെ പിടിച്ചു.

ഓർമിക്കാനല്ലേ… ഇതുപോലെയുള്ള ദിവസങ്ങൾ ഇനിയും നമുക്ക് ഒരുപാട് ഉണ്ടാക്കാം..

അവളെന്റെ തോളിലേക്ക് ചാഞ്ഞു.

ആ മഴയത്ത്, നനഞ്ഞ വസ്ത്രങ്ങളോടെ, വീടിന്റെ മുറ്റത്ത് ഞങ്ങൾ കുറച്ചുനേരം അങ്ങനെ തന്നെ നിന്നു.

അകത്ത് കുട്ടികളുടെ ശബ്ദമില്ല. അടുക്കളയിലെ തിരക്കുകളില്ല.നാളത്തെ ജോലിയുടെ ചിന്തകളില്ല.

ഞാനും അവളും മാത്രം.

വർഷങ്ങൾക്കുമുമ്പ് പ്രണയിച്ച അതേ രണ്ടുപേർ.

അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അവളെന്റെ അടുത്തേക്ക് നീങ്ങിക്കിടന്നു.

അതേയ്…

എന്താടീ ?

“നാളെ ഓഫീസിൽ പോകണ്ടേ?

പോകണം പക്ഷെ ഞാൻ പോണില്ല..

ഞാൻ അവളുടെ കൈയിൽ മുറുകെ പിടിച്ചു.

നിനക്കൊരു കാര്യം അറിയാമോ?”

എന്താ?

നിന്നെ വിവാഹം കഴിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമായിരുന്നു.

അവൾ ചിരിച്ചുകൊണ്ടെന്റെ നെഞ്ചിലേക്ക് തലവെച്ചു.

അവളുടെ മുടിയിഴകളിൽ വിരലോടിക്കുമ്പോൾ ഞാൻ മനസ്സിലോർത്തു…

പ്രണയിക്കാൻ പ്രായമൊരു തടസ്സമല്ല. വിവാഹം കഴിഞ്ഞതുകൊണ്ട് പ്രണയം അവസാനിക്കുന്നുമില്ല. കുഞ്ഞുങ്ങളും ഉത്തരവാദിത്തങ്ങളും ജീവിതത്തിന്റെ ഭാഗമാണ് പക്ഷേ അതിനിടയിൽ നമ്മൾ പരസ്പരം പ്രണയിച്ച ആ രണ്ടു മനുഷ്യരെ മറന്നുപോകരുത്.

കാരണം…

കുട്ടികൾക്ക് ഞങ്ങൾ അച്ഛനും അമ്മയുമാണ്,ലോകത്തിന് ഞങ്ങൾ ഭാര്യയും ഭർത്താവുമാണ് പക്ഷേ ഞങ്ങൾക്ക് രണ്ടുപേർക്കും ഞങ്ങൾ ഇന്നും പരസ്പരം പ്രണയിച്ചുതീർന്നിട്ടില്ലാത്ത ആ പഴയ കാമുകനും കാമുകിയുമാണ്.

NB:ഒരുപാട് വർഷങ്ങൾക്കുശേഷവും നിങ്ങൾ നിങ്ങളുടെ പങ്കാളിയുടെ കൈപിടിക്കുമ്പോൾ ആദ്യമായി കൈപിടിച്ച അതേ സന്തോഷം തോന്നുന്നുണ്ടെങ്കിൽ, അതാണ് പ്രണയത്തിന്റെ വിജയം.

✍️അച്ചു വിപിൻ

Leave a Reply

Your email address will not be published. Required fields are marked *