എനിക്കോർമ്മവെച്ച കാലം മുതൽ വീട്ടിൽ മിക്കവാറും ദിവസങ്ങളിൽ അച്ഛനും അമ്മയും തമ്മിൽ വഴക്കായിരുന്നു.
ഒരു ദിവസം പോലുമുണ്ടായിരുന്നില്ല, വീട്ടിൽ സമാധാനം.
രാവിലെ സ്കൂളിൽ പോകുമ്പോൾ വഴക്ക്. ഉച്ചയ്ക്ക് തിരിച്ചെത്തുമ്പോൾ വഴക്ക്. വൈകുന്നേരം നാലുമണിക്ക് സ്കൂൾ വിട്ട് വീട്ടിലെത്തുമ്പോഴും അതേ വഴക്ക്.
ചില ദിവസങ്ങളിൽ വഴക്കിന്റെ അവസാനം അച്ഛൻ തന്റെ വസ്ത്രങ്ങളെല്ലാം ഒരു വലിയ പെട്ടിയിലാക്കി നിറയ്ക്കും. പിന്നെ ആരോടും ഒന്നും മിണ്ടാതെ ഇറങ്ങിപ്പോകും.
അച്ഛൻ പോകുമ്പോൾ അമ്മ ഒരിക്കലും പിന്നാലെ ചെല്ലാറില്ല. തിരികെ വിളിക്കാറുമില്ല.
ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ അച്ഛൻ പോയതുപോലെ തന്നെ തിരിച്ചെത്തും. പിന്നെ രണ്ടുമൂന്നു ദിവസം വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ കടന്നുപോകും.എന്നുവെച്ചാൽ ആ ദിവസങ്ങളിൽ അച്ഛനും അമ്മയും തമ്മിൽ മിണ്ടാറില്ല. നാലാം ദിവസം വീണ്ടും പഴയ പല്ലവി.
എന്തിനായിരുന്നു ഇത്രയധികം വഴക്കുകളെന്നെനിക്കറിയില്ലായിരുന്നു.
അച്ഛന്റെ ദേഷ്യത്തിന്റെ ഏറ്റവും വലിയ ഇര എന്റെ ചേട്ടനായിരുന്നു. സ്വന്തം മകനാണെന്ന് അംഗീകരിക്കാൻ പോലും മടിക്കുന്നതുപോലെയായിരുന്നു അച്ഛന്റെ പെരുമാറ്റം.
ചേട്ടനെ അച്ഛൻ വിളിച്ചിരുന്നത് ‘തന്തയ്ക്ക് പിറക്കാത്തവൻ ‘ എന്നായിരുന്നു.
ആ വാക്കിന്റെ അർത്ഥം പോലും അന്നെ നിക്ക് ശരിക്കും മനസ്സിലായിരുന്നില്ല. പക്ഷേ, ആ വിളി കേൾക്കുമ്പോഴെല്ലാം ചേട്ടന്റെ മുഖത്ത് പടരുന്ന അപമാനവും സങ്കടവും
എന്നെയും ചില്ലറയല്ല വിഷമിപ്പിച്ചിട്ടുള്ളത്.
തരം കിട്ടുമ്പോഴൊക്കെ അച്ഛൻ ചേട്ടനെ ഉപദ്രവിക്കും. പഠിക്കാൻ പുസ്തകമെടുത്തിരുന്നാൽ പോലും കുറ്റം കണ്ടെത്തും. ചിലപ്പോൾ വെറുതെ പരിഹസിക്കും. മറ്റുചിലപ്പോൾ അടിക്കും.
നിരന്തരമായ ആ പരിഹാസങ്ങളും അവഗണനകളും ചേട്ടനെ പതുക്കെ പതുക്കെ മറ്റുള്ളവരിൽനിന്ന് അകറ്റി. ആരോടും അധികം സംസാരിക്കാത്ത, സ്വന്തം കഴിവുകളിൽ പോലും വിശ്വാസമില്ലാത്ത ഒരാളായി അയാൾ വളർന്നു.
എന്നാൽ എന്നോട് അച്ഛന് വലിയ സ്നേഹമായിരുന്നു.
എനിക്ക് ഇഷ്ടമുള്ള ഉടുപ്പുകൾ വാങ്ങിത്തരും. ഇഷ്ടപ്പെട്ട ഭക്ഷണസാധനങ്ങൾ കൊണ്ടുവരും. ഇടയ്ക്കിടെ ഹോട്ടലുകളിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിത്തരും.
ചിലപ്പോഴൊക്കെ അച്ഛന്റെ മടിയിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ഓർക്കും.
എന്തുകൊണ്ടാണ് അച്ഛന് എന്നെ മാത്രം ഇത്ര ഇഷ്ടം.. ചേട്ടനോടെന്താ ഇത്രയും ദേഷ്യം..
ഞാനതേക്കുറിച്ച്ആലോചിച്ചിട്ടുമുണ്ട്. കൃത്യമായഒരുത്തവും എത്രയാലോചിച്ചിട്ടും കിട്ടിയിരുന്നില്ല.
ഒരിക്കൽ അമ്മയോട് ഞാൻ ചോദിച്ചു.
“അമ്മേ, അച്ഛൻ ചേട്ടനെ മാത്രം എന്തിനാ ഇങ്ങനെ വഴക്ക് പറയുന്നത്?”
അമ്മ ഒന്നും മിണ്ടിയില്ല.
“ചേട്ടൻ അച്ഛന്റെ മോനല്ലേ?”
അമ്മയുടെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു. പക്ഷേ, ഒന്നും പറയാതെ അവർ അടുക്കളയിലേക്ക് നടന്നുപോയി.
ആ ചോദ്യത്തിന് ഉത്തരം കിട്ടാതെ വർഷങ്ങൾ കടന്നുപോയി.
അച്ഛന് അമ്മയോട് സ്നേഹമുണ്ടായിരുന്നോ എന്നുപോലും എനിക്ക് സംശയമായിരുന്നു. ചില അപൂർവ നിമിഷങ്ങളിൽ അമ്മയോട് സ്നേഹത്തോടെ സംസാരിക്കുന്നതുപോലെയൊക്കെ കണ്ടിട്ടുണ്ട്. പക്ഷേ, അമ്മയ്ക്ക് അച്ഛനോട് ഒരുതരത്തിലുള്ള മതിപ്പും ഉണ്ടായിരുന്നില്ല.
അച്ഛൻ ദേഷ്യം വന്നാൽ അമ്മയെ ഉപദ്രവിക്കും. കൈയിൽ കിട്ടുന്നതെല്ലാം വലിച്ചെറിയും. കേൾക്കാൻ പോലും അറയ്ക്കുന്ന വാക്കുകൾ വിളിച്ചുപറയും.
അന്നതെല്ലാം ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സാധാരണ വഴക്കുകളായിരിക്കാം എന്നാണ് ഞാൻ കരുതിയിരുന്നത്.
വിവാഹം എന്ന ബന്ധത്തെക്കുറിച്ച് ആദ്യമായി ഭയപ്പെട്ടത് സ്വന്തം വീട്ടിൽ നിന്നായിരുന്നു.
ഇത്രയൊക്കെ വെറുപ്പുണ്ടായിരുന്നിട്ടും എന്തിനാണ് ഇവർ ഒരുമിച്ച് ജീവിക്കുന്നത് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
കാലം കടന്നുപോയി.
അമ്മയുടെ ആരോഗ്യനില മോശമാകാൻ തുടങ്ങി. ഒടുവിൽ പരിശോധനകൾക്കുശേഷം കണ്ടെത്തിയത് നാലാംഘട്ട ക്യാൻസറായിരുന്നു.
രോഗം ശരീരമാകെ വ്യാപിച്ചിരുന്നു.
ഡോക്ടർമാർക്ക് പോലും വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല.
അമ്മയ്ക്ക് ഇനി അധികകാലമില്ലെന്ന് ഡോക്ടർ പറഞ്ഞ ദിവസം ഞാനൊരു കുഞ്ഞിനെപ്പോലെ കരഞ്ഞു.
അത്രയും കാലം വേദന സഹിച്ച ആ സ്ത്രീക്ക് ഇനി കുറച്ചുനാളെങ്കിലും സമാധാനത്തോടെ ജീവിക്കാനായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.
പക്ഷേ, രോഗം പോലും അച്ഛന്റെ സ്വഭാവത്തിൽ വലിയ മാറ്റമൊന്നും വരുത്തിയില്ല.
അമ്മയ്ക്ക് വിശ്രമം ആവശ്യമുള്ളപ്പോഴും കുറ്റപ്പെടുത്തലുകൾ. വേദനകൊണ്ട് പുളയുമ്പോഴും ദേഷ്യപ്പെട്ടുള്ള സംസാരം.
ചില ദിവസങ്ങളിൽ അച്ഛന്റെ പെരുമാറ്റം കണ്ടാൽ അമ്മ എങ്ങനെയെങ്കിലും മരിച്ചുപോയാൽ മതി എന്ന് ആഗ്രഹിക്കുന്നതുപോലെയായിരുന്നു.
എനിക്ക് അച്ഛനോട് വെറുപ്പ് തോന്നിത്തുടങ്ങി.
അങ്ങനെയിരിക്കെ ഒരുദിവസം അമ്മ എന്നെ അരികിലേക്ക് വിളിച്ചു.
“മോളേ, എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.”
അമ്മയുടെ ശബ്ദത്തിന് പതിവില്ലാത്ത ഗൗരവമുണ്ടായിരുന്നു.
“എന്താ അമ്മേ?”
“ഞാൻ പറയാൻ പോകുന്ന ചില സത്യങ്ങൾ നീ അറിയണം. പക്ഷേ, ഒരിക്കലും അത് പുറത്തുപറയരുത്.”
ഞാൻ അമ്മയുടെ കൈകളിൽ പിടിച്ചു.
അമ്മ കുറച്ചുനേരം എന്റെ മുഖത്തേക്ക് നോക്കിയിരുന്നു. പിന്നെ വളരെ പതുക്കെ സംസാരിക്കാൻ തുടങ്ങി.
“നിന്റെ അച്ഛനെ ഞാൻ ഒരിക്കലും സ്നേഹിച്ചിട്ടില്ല, മോളേ.”
ആ വാക്കുകൾ കേട്ട് ഞാൻ ഞെട്ടി..
അമ്മയുടെ കണ്ണുകൾ നിറഞ്ഞു.
“എനിക്ക് ഒരാളെ ഇഷ്ടമായിരുന്നു. എന്റെ നാട്ടിൽത്തന്നെയുള്ള ഒരാൾ. മുരളി എന്നായിരുന്നു പേര്.”
അമ്മയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.
“മുരളി നിന്റെ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു. മുരളിക്ക് എന്നോടുള്ള ഇഷ്ടത്തെക്കുറിച്ച് നിന്റെ അച്ഛന് എല്ലാമറിയാമായിരുന്നു. ഞങ്ങൾ തമ്മിലുള്ള പ്രണയലേഖനങ്ങൾ പോലും കൈമാറിയിരുന്നത് നിന്റെ അച്ഛൻ വഴിയായിരുന്നു.”
ഞാൻ ഒന്നും മിണ്ടാതെ കേട്ടിരുന്നു.
“ഞങ്ങളുടെ വിവാഹത്തിന് വീട്ടുകാർക്ക് വലിയ എതിർപ്പായിരുന്നു. എങ്കിലും ഒടുവിൽ വിവാഹം തീരുമാനിച്ചു. ആ വിവാഹത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തതും നിന്റെ അച്ഛനായിരുന്നു.”
അമ്മ ഒരു നിമിഷം കണ്ണുകളടച്ചു.
“മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച ദിവസം ഞാൻ മുരളിയുടെ കൂടെ ഇറങ്ങിപ്പോകാൻ തീരുമാനിച്ചിരുന്നു. പക്ഷേ, അന്ന് രാവിലെ ഒരു വാർത്ത കേട്ടു. മുരളിക്ക് അപകടം പറ്റിയെന്നും ആശുപത്രിയിലാണെന്നും.”
ഞാൻ ഒന്നും മിണ്ടാതെ കേട്ടുകൊണ്ടിരുന്നു.
“അവസ്ഥ വളരെ മോശമായിരുന്നു. ഒരുപാട് രക്തം നഷ്ടപ്പെട്ടിരുന്നു. രക്ഷപ്പെടില്ലെന്ന് പോലും ആളുകൾ പറഞ്ഞു. എനിക്ക് എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. ആ വാർത്ത എന്നെ തളർത്തിക്കളഞ്ഞു.”
അമ്മയുടെ കണ്ണുകളിൽനിന്ന് കണ്ണുനീർ ഒഴുകി.
“അങ്ങനെ എല്ലാം അവസാനിച്ചുവെന്ന് കരുതി. പിന്നീട് മുരളിയെക്കുറിച്ച് എനിക്ക് വിവരമൊന്നും കിട്ടിയില്ല. ആ സമയത്താണ് നിന്റെ അച്ഛൻ എന്നെ വിവാഹം കഴിക്കാൻ തയ്യാറായത്. എന്റെ അവസ്ഥയിൽ സഹതാപം തോന്നിയിട്ടായിരിക്കും എന്നായിരുന്നു ഞാൻ കരുതിയത്. ഒടുവിൽ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി എനിക്ക് അതിന് സമ്മതിക്കേണ്ടി വന്നു.”
അമ്മ ഇടയ്ക്കൊന്ന് നിർത്തി
“വിവാഹം കഴിഞ്ഞ അന്നുമുതൽ അയാൾ എന്നെ സംശയിക്കാനും ഉപദ്രവിക്കാനും തുടങ്ങി. ഒരിക്കൽ ദേഷ്യത്തിനിടയിൽ അയാൾ തന്നെ അതിന്റെ കാരണം പറഞ്ഞു.”
അമ്മ എന്റെ കൈയിൽ മുറുകെ പിടിച്ചു.
“മുരളി എന്നെ സ്നേഹിക്കുന്നത് അയാൾക്ക് സഹിക്കാനായിരുന്നില്ല. എങ്ങനെയെങ്കിലും എന്നെ സ്വന്തമാക്കണമെന്നായിരുന്നു അയാളുടെ ആഗ്രഹം. എന്നെ സ്വന്തമാക്കാൻ അയാൾ മുരളിയെ എന്റെ ജീവിതത്തിൽനിന്ന് ഇല്ലാതാക്കുകയായിരുന്നു.”
എന്റെ ഉള്ളിലൂടെ ഒരു വിറയൽ കടന്നുപോയി.
“അത് അപകടമായിരുന്നില്ല, മോളേ.”
അമ്മ കുറച്ചുനേരം മിണ്ടാതിരുന്നു.
“മുരളിയെ ഇരുട്ടിൽവെച്ച് ആക്രമിച്ചത് നിന്റെ അച്ഛനായിരുന്നു.”
ഞാനൊന്ന് ഞെട്ടി.
“അതെ. മുരളി കുറെക്കാലം ആശുപത്രിയിൽ മരണത്തോട് മല്ലിട്ട് കിടന്നു. ഒടുവിൽ രക്ഷപ്പെട്ടു. പക്ഷേ, പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാൻ അയാൾക്ക് കഴിഞ്ഞില്ല.”
അമ്മ തുടർന്നു.
“അപ്പോഴേക്കും എന്റെ വിവാഹം കഴിഞ്ഞിരുന്നു. മുരളിക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിവില്ലായിരുന്നു. പിന്നീടാണ് സത്യം അറിഞ്ഞത്.”
ഞാൻ അച്ഛന്റെ മുഖം മനസ്സിൽ ഓർത്തു. എനിക്ക് ഇഷ്ടമുള്ള ഭക്ഷണം വാങ്ങിത്തരുന്ന, എന്നെ സ്നേഹത്തോടെ ചേർത്തുപിടിക്കുന്ന അതേ മനുഷ്യൻ.
അയാളുടെ ഉള്ളിൽ ഇത്രയും ക്രൂരമായ ഒരു കഥയുണ്ടായിരുന്നോ?
“അമ്മേ, പിന്നെ ചേട്ടനെ എന്തിനാണ് അച്ഛൻ എപ്പോഴും അങ്ങനെ വിളിച്ചിരുന്നത്..”
അമ്മയുടെ മുഖത്ത് വേദനയുടെ ഒരു നിഴൽ പടർന്നു.
“അതും ആ സംശയം കൊണ്ടാണ്.”
“എന്ത് സംശയം?”
“അവൻ ജനിച്ചപ്പോൾ മുതൽ അയാൾക്ക് സംശയമായിരുന്നു. അവൻ അയാളുടെ മകനല്ലെന്നായിരുന്നു അയാളുടെ വിശ്വാസം. ഞാൻ എത്ര പറഞ്ഞിട്ടും അയാൾ വിശ്വസിച്ചില്ല.”
എനിക്ക് കരച്ചിൽ വന്നു.
“പാവം ചേട്ടൻ… ഇത്രയും കാലം…”
അവൻ എന്ത് തെറ്റ് ചെയ്തു? സ്വന്തം അച്ഛന്റെ സ്നേഹം കിട്ടാതെ വളരേണ്ടിവന്നു. അവന്റെ ബാല്യം മുഴുവൻ അയാളുടെ സംശയത്തിന്റെ ശിക്ഷയായിരുന്നു.”
അമ്മ കുറച്ചുനേരം ചുമച്ചു. ഞാൻ വെള്ളം കൊടുത്തു.
അമ്മ വീണ്ടും സംസാരിക്കാൻ തുടങ്ങി.
“ഒരു ഘട്ടത്തിൽ എനിക്ക് ആ വീട്ടിൽ ജീവിക്കാൻ പോലും കഴിയാതെയായി. അങ്ങനെയാണ് മോനെയും കൂട്ടി കുറച്ചുനാൾ എന്റെ വീട്ടിൽ പോയി നിന്നത്. അവിടെയാണ് മുരളിയെക്കുറിച്ചുള്ള കൂടുതൽ സത്യങ്ങൾ അറിഞ്ഞത്.”
ഞാൻ വെറുതെ മൂളിക്കൊണ്ടിരുന്നു. ഒരു കേൾവിക്കാരിയെപ്പോലെ.
“മുരളി ജീവിച്ചിരിപ്പുണ്ടായിരുന്നു. പക്ഷേ, ഒരു കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. നടക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. വിവാഹം പോലും കഴിച്ചിരുന്നില്ല. അമ്മയോടൊപ്പം ആ ചെറിയ വീട്ടിൽ വളരെ കഷ്ടപ്പെട്ടാണ് ജീവിച്ചിരുന്നത്.”
അമ്മയുടെ കണ്ണുകൾ നിറഞ്ഞു.
“ഒരിക്കൽ ഞാൻ കാണാൻ പോയി. ആ കാഴ്ച എനിക്ക് സഹിക്കാനായില്ല. എന്നെ സ്നേഹിച്ചതിന്റെ പേരിൽ എന്തിനാണ് ആ മനുഷ്യന് ഇങ്ങനെയൊരു ജീവിതം കിട്ടിയത്?”
അമ്മയുടെ ശബ്ദം ഇടറി.
” എന്റെ പഴയ മുരളിയെ ആയിരുന്നില്ലാതെ അത്രയ്ക്ക് മാറിയിരുന്നു. മുരളിക്ക് തന്നെ ഉപദ്രവിച്ചത് ആരാണെന്നിതുവരെ മനസ്സിലായിട്ടില്ല എന്നതാണെന്നെ സങ്കടപ്പെടുത്തിയത്.”
അമ്മ ഒരു നിമിഷം നിർത്തി.
“‘നിനക്ക് സുഖമാണോ ലതേ..”. എന്നുള്ള ഒരൊറ്റ ചോദ്യം മതിയായിരുന്നു ഞാൻ ആകെ തകർന്നു പോകാൻ.
അമ്മ പൊട്ടിക്കരഞ്ഞു.
“എത്ര വർഷങ്ങൾക്കുശേഷമാണ് ഒരാൾ എന്നോട് അങ്ങനെ ചോദിക്കുന്നത്, മോളേ. എന്റെ സുഖത്തെക്കുറിച്ച്.”
എന്റെ കണ്ണുകളും നിറഞ്ഞു.
“പിന്നീട് ഇടയ്ക്കിടെ സ്വന്തം വീട്ടിൽ പോകുന്നു എന്ന വ്യാജേന ഞാൻ മുരളിയെ കാണാൻ തുടങ്ങി. അയാളുടെ ജീവിതം ഓർക്കുമ്പോൾ എനിക്ക് സങ്കടം സഹിക്കാനായിരുന്നില്ല. എന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും നഷ്ടപ്പെട്ടിരുന്നു.
ഒരിക്കൽ വല്ലാത്തൊരു മാനസികാവസ്ഥയിൽ ഞങ്ങൾ തമ്മിലുള്ള പഴയ ബന്ധത്തിലേക്ക് ഞാൻ മടങ്ങിപ്പോയി.. എനിക്ക് ഒരുതരം വാശിയായിരുന്നു. അതുപോലെ നിന്റെ അച്ഛനോട് വെറുപ്പും..”
അമ്മ എന്റെ മുഖത്തേക്ക് നോക്കി..
എനിക്ക് ശ്വാസം നിലച്ചുപോയതുപോലെ തന്നി.. വിശ്വാസം വരാത്ത ഞാൻ അമ്മയുടെ കൈകളിൽ ഇറക്കിപ്പിടിച്ചു.
“നീ നിന്റെ അച്ഛന്റെ മകളല്ല, മോളേ. മുരളിയുടെ മകളാണ്.”
ആ മുറിയിൽ പെട്ടെന്ന് വലിയൊരു നിശ്ശബ്ദത നിറഞ്ഞു.
എന്റെ ചെവികളിൽ എന്തോ മുഴങ്ങുന്നതുപോലെ തോന്നി.
എന്റെ ജീവിതത്തിൽ ഇതുവരെ ഉറപ്പായിരുന്ന പല കാര്യങ്ങളും ഒരൊറ്റ നിമിഷംകൊണ്ട് തകർന്നുവീണു.
എനിക്ക് സ്നേഹവും ലാളനയും നൽകിയിരുന്ന മനുഷ്യൻ എന്റെ സ്വന്തം അച്ഛനായിരുന്നില്ല.
“തന്തക്ക് പിറക്കാത്തവൻ ” എന്ന് വിളിച്ച് അപമാനിച്ചിരുന്ന ചേട്ടൻ യഥാർത്ഥത്തിൽ അയാളുടെ സ്വന്തം മകനായിരുന്നു.
എന്നിട്ടും അയാളെന്നെ ഇത്രയധികം സ്നേഹിച്ചു.
അമ്മയുടെ വാക്കുകൾ വീണ്ടും എന്റെ കാതിൽ മുഴങ്ങി.
“നിന്റെ അച്ഛൻ ഒരിക്കലും ഇത് അറിയരുത്. അയാൾ നിന്നെ സ്വന്തം മകളായിട്ടാണ് കാണുന്നത്. അയാളുടെ ഏറ്റവും വലിയ ദൗർബല്യം നീയാണ്.”
ഞാൻ ഒന്നും മിണ്ടിയില്ല.
“എന്നോട് നീ ക്ഷമിക്കണം മോളെ…” അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
അമ്മയുടെ കൈകൾ എന്റെ കൈകളിൽനിന്ന് പതുക്കെ അയഞ്ഞു.
എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല അല്ലെങ്കിൽ തന്നെ ഞാനെന്തുപറയും.. ആരെ കുറ്റപ്പെടുത്തും.
വിധിയുടെ ചതുരംഗ കളത്തിൽ വീണുടഞ്ഞ ചില ജീവിതങ്ങൾ…
അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
അച്ഛൻ വാങ്ങിത്തന്ന ഉടുപ്പുകൾ, എന്നെ ഹോട്ടലിൽ കൊണ്ടുപോയി ഭക്ഷണം കഴിപ്പിച്ച ദിവസങ്ങൾ, പനി വന്നപ്പോൾ നെറ്റിയിൽ കൈവെച്ച് ഉറക്കിയ രാത്രികൾ… എല്ലാം ഓർമ്മയിൽ തെളിഞ്ഞുവന്നു.
അതെല്ലാം സ്നേഹമായിരുന്നോ.. മനപ്പൂർവം ചേട്ടനെ കാണിക്കാൻ വേണ്ടി ചെയ്തതായിരിക്കില്ലേ സ്വന്തം മകനാണെന്ന് അറിയാതെ..
ചേട്ടനെ ഓർത്തപ്പോൾ എന്റെ നെഞ്ച് വേദനിച്ചു.
ഒരു കുഞ്ഞിനോട് അയാൾ ചെയ്ത ക്രൂരതയ്ക്ക് എന്ത് ന്യായീകരണമാണുള്ളത്..
സത്യം ഒരിക്കലും അച്ഛനോട് പറയാനും കഴിയുമായിരുന്നില്ല..പറഞ്ഞിരുന്നെങ്കിൽ അച്ഛൻ എങ്ങനെ പ്രതികരിക്കുമെന്ന് അമ്മ ഭയന്നിട്ടുണ്ടാകും.
അച്ഛന്റെ ഉള്ളിലെആരോടൊക്കെയോ ഉള്ള പക, ഒരു പാവം മനുഷ്യനെ നിത്യ രോഗിയാക്കി മാറ്റി. അയാളിൽ നിന്ന് അടർത്തിയെടുത്ത അമ്മയെ സ്നേഹിക്കാൻ പോലും അച്ഛൻ കഴിഞ്ഞുമില്ല. അമ്മയാകട്ടെ സന്തോഷമെന്തെന്നു പോലുമറിയാതെ ജീവിച്ചു..
അച്ഛൻ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുമ്പോൾപേടിയോടെ വാതിലിന്റെ മറവിൽ നിന്ന് നോക്കിനിൽക്കുന്ന ചേട്ടന്റെ മുഖം എനിക്ക് ഓർമ്മ വന്നു.
അച്ഛൻ തിരികെ വന്നാൽ ഒരുപക്ഷേ തന്നെ വിളിക്കുമെന്ന പ്രതീക്ഷയിൽ വാതിൽക്കൽ കാത്തുനിൽക്കുമായിരുന്ന,ആ പാവത്തിനെ ഞാൻ മനസ്സിൽ കണ്ടു.
അമ്മ മരിച്ചുപോയി.
അമ്മയോടൊപ്പം ആ രഹസ്യവും അവസാനിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം.
എന്നാൽ എന്റെ മനസ്സിൽ മറ്റൊരു ചോദ്യം കൂടി വളർന്നു.
മുരളി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?
അമ്മ പറഞ്ഞ ആ ചെറിയ കുടിൽ എവിടെയാണ്..
എന്റെ ജനനത്തിന്റെ പിന്നിലെ ആ മനുഷ്യനെ ഒരിക്കലെങ്കിലും കാണേണ്ടതില്ലേ. അമ്മയുടെ വാക്കുകളിൽ നിന്നും ആ മനുഷ്യന് ഇതൊന്നും അറിയില്ല എന്നെനിക്ക് തോന്നിയിരുന്നു.
ഞാൻ അയാളുടെ മകളാണെന്ന സത്യം അയാൾക്ക് അറിഞ്ഞുകൂടാ..
കുറച്ചുനാൾ കഴിഞ്ഞ് ഞാൻ അയാളുടെ നാട്ടിലേക്ക് പോയി.
അമ്മ പറഞ്ഞ വഴികൾ അന്വേഷിച്ച് ഒടുവിൽ ആ ചെറിയ വീടിന്റെ മുന്നിലെത്തി.
വാതിൽ തുറന്നത് പ്രായം ചെന്ന ഒരു സ്ത്രീയായിരുന്നു.
“മുരളി ഇവിടെയുണ്ടോ?”
അവർ എന്നെ സംശയത്തോടെ നോക്കി.
“ആരാണ്?”
ഞാൻ കുറച്ചുനേരം മിണ്ടാതെ നിന്നു…
“എന്റെ പേര് രജനി.. മുരിക്കുമ്പാടത്തെ ലതയുടെ മകളാണ്..”
ആ സ്ത്രീയുടെ മുഖം പെട്ടെന്ന് മാറി.
അവർ എന്നെ അകത്തേക്ക് വിളിച്ചു.
മുറിയുടെ ഒരു മൂലയിൽ പഴയൊരു കട്ടിലിൽ ഒരാൾ കിടക്കുന്നുണ്ടായിരുന്നു. ശരീരം മെലിഞ്ഞുണങ്ങിയിരുന്നു. മുഖത്ത് പ്രായത്തിന്റെ ചുളിവുകൾ. ഒരു കാൽ ഇല്ലായിരുന്നു.
ഞാൻ അടുത്തേക്ക് ചെന്നു.
അയാൾ പതുക്കെ മുഖമുയർത്തി.
എന്നെ കുറച്ചുനേരം നോക്കി.
“ആരാണ്?”
എന്റെ കണ്ണുകൾ നിറഞ്ഞു.
“ലതയുടെ മകളാണ്.”
അയാളുടെ മുഖത്ത് ഒരു ഞെട്ടൽ പടർന്നു.
“ലതയ്ക്ക്… മകളോ?”
ഞാൻ തലയാട്ടി.
അയാളുടെ കണ്ണുകൾ നിറഞ്ഞു. പക്ഷേ, എന്നെ ചേർത്തുപിടിക്കാൻ പോലും അയാൾക്ക് ധൈര്യമുണ്ടായിരുന്നില്ല.
ഞാൻ അയാളുടെ കൈകളിൽ പിടിച്ചു.
അയാൾ വിറയർന്ന തണുത്ത വിരലുകൾ കൊണ്ട് എന്റെ തലയിൽ തഴുകി.. നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടക്കാൻ ഞാൻ പാടുപെട്ടു.
കുറച്ചുനേരം ആരുമൊന്നും മിണ്ടിയില്ല.
പിന്നെ അയാൾ പതുക്കെ ചോദിച്ചു.
” അമ്മ സുഖമായിരിക്കുന്നൊ മോളെ.. ”
ആ ചോദ്യം കേട്ടപ്പോൾ എനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു.ഞാനും പൊട്ടികരഞ്ഞുപോയി.
ജീവിതം മുഴുവൻ സ്നേഹിച്ച സ്ത്രീയുടെ സുഖവിവരം അറിയാൻ ആഗ്രഹിക്കുന്ന ഒരു മനുഷ്യൻ. അവൾ മരിച്ചുപോയ വിവരം പോലും അറിയാതെ ഇന്നും അവളുടെ ഓർമ്മയിൽ ജീവിക്കുന്ന ഒരാൾ.
“അമ്മ പോയി…” എന്ന് മാത്രമേ എനിക്ക് പറയാനായുള്ളൂ.
അയാൾ മുഖം തിരിച്ചു. കരയുകയായിരുന്നു എന്ന് എനിക്ക് മനസ്സിലായി.
ആ മുറിയിൽ കുറച്ചുനേരം ആരും ഒന്നും മിണ്ടിയില്ല. അയാളുടെ കണ്ണുകൾ അലമാരയിൽ ഇരുന്ന പഴകി ദ്രവിച്ച ഒരു ഫോട്ടോയിലേക്ക് നീളുന്നത് ഞാൻ കണ്ടു.
സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായി.പാവാടയും ബ്ലൗസും ഇട്ട ഒരു പെൺകുട്ടി.അതിന് അമ്മയുടെ
ഛായയായിരുന്നു
ഒരുപക്ഷെ,ഇത്രയും വർഷങ്ങൾക്കുശേഷവും അയാൾ ആ പഴയ പ്രണയത്തിന്റെ നല്ല ഓർമ്മളിൽ ജീവിച്ചു തീർക്കുകയാവാം.
യാത്രപറഞ്ഞ് ഞാൻ ഇറങ്ങി. അയാളോട് ഒന്നും പറഞ്ഞില്ല..
അയാളുടെ മകളാണ് ഞാനെന്ന സത്യം അമ്മ പറഞ്ഞതുപോലെ ഒരിക്കലും അറിയാതിരിക്കട്ടെ..
ഒരാളെ സ്വന്തമാക്കാൻ മറ്റൊരാളുടെ ജീവിതം നശിപ്പിച്ച ഒരു മനുഷ്യൻവീട്ടിലുണ്ടല്ലോ,ഒടുവിൽ സ്വന്തം ജീവിതത്തിലും സമാധാനം കണ്ടെത്താത്ത ആ മനുഷ്യന്റെ മകളായി തന്നെ ജീവിച്ചുതീരാൻ ആയിരിക്കും തന്റെ വിധി.ഒരുപക്ഷേ അതായിരിക്കും അയാൾക്ക് അമ്മ നൽകിയ ഏറ്റവും വലിയ ശിക്ഷയും..
ഇന്ന് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
അമ്മ പറഞ്ഞ രഹസ്യം ഇന്നും എന്റെ ഉള്ളിൽ ജീവിക്കുന്നുണ്ട്.
ആരോടും ഞാൻ അത് പറഞ്ഞിട്ടില്ല.
അച്ഛനോടും ചേട്ടനോടും പോലും.
ചിലപ്പോൾ ഞാൻ ചിന്തിക്കാറുണ്ട്…
അച്ഛനെ കുറ്റപ്പെടുത്തണോ?
മുരളിയെ ജീവിതത്തിൽനിന്ന് തട്ടിയെടുത്ത് സ്വന്തമാക്കിയിട്ടും അമ്മയെ സ്നേഹിക്കാൻ കഴിയാതെ പോയ മനുഷ്യനെ?
സ്വന്തം മകനാണെന്ന് അറിഞ്ഞിട്ടും ചേട്ടനെ ജീവിതകാലം മുഴുവൻ അപമാനിച്ച മനുഷ്യനെ?
അതോ, ഇത്രയൊക്കെ സഹിച്ചിട്ടും മക്കളോട് സത്യം പറയാതെ ജീവിച്ച അമ്മയെ?
അല്ലെങ്കിൽ, ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ സംഭവിച്ചിട്ടും പഴയ പ്രണയത്തെ വെറുക്കാൻ കഴിയാതിരുന്ന മുരളിയെ?
എനിക്കറിയില്ല.
പക്ഷേ, ഒരു കാര്യം എനിക്ക് മനസ്സിലായി.
ഒരു കുടുംബത്തിന്റെ ചുവരുകൾക്കുള്ളിൽ ജീവിക്കുന്ന എല്ലാവരും ഒരേ കുടുംബത്തിന്റെ സന്തോഷം അനുഭവിക്കുന്നവരാകണമെന്നില്ല.
ചിലർക്ക് ആ വീട് സ്വർഗ്ഗമായിരിക്കുമ്പോൾ മറ്റുചിലർക്ക് അതൊരു തടവറയായിരിക്കും.
എനിക്ക് അച്ഛൻ വാങ്ങിത്തന്ന ഉടുപ്പുകളുടെയും സമ്മാനങ്ങളുടെയും ഓർമ്മകളുണ്ട്.
ചേട്ടന് അച്ഛനിൽനിന്ന് കിട്ടിയ മുറിവുകളുടെയും അപമാനങ്ങളുടെയും ഓർമ്മകളുണ്ട്.
അമ്മയ്ക്ക് നഷ്ടപ്പെട്ട പ്രണയത്തിന്റെ ഓർമ്മകളുണ്ട്.
മുരളിക്ക് നഷ്ടപ്പെട്ട ഒരു ജീവിതത്തിന്റെ ഓർമ്മകളുണ്ട്.
ഓരോരുത്തരും അവരവരുടെ സത്യങ്ങളുമായി ജീവിച്ചു.
എന്നാൽ എന്റെ മനസ്സിൽ ഇന്നും ഒരു ചോദ്യം ബാക്കിയാണ്.
അമ്മ ആ രഹസ്യം എന്നോട് മാത്രം പറഞ്ഞത് എന്തിനായിരിക്കും?
ചേട്ടനെ ജീവിതകാലം മുഴുവൻ സംരക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് ഓർമ്മിപ്പിക്കാനായിരുന്നോ?
അതോ, ഇത്രയും കാലം എല്ലാവരും തെറ്റിദ്ധരിച്ചിരുന്ന ചില മനുഷ്യരുടെ യഥാർത്ഥ ജീവിതം ഒരാളെങ്കിലും അറിയണമെന്ന് ആഗ്രഹിച്ചിട്ടായിരുന്നോ?
ഒരുപക്ഷേ രണ്ടുമായിരിക്കാം.
അമ്മയുടെ അവസാന ആഗ്രഹം ആ രഹസ്യം എന്റെ മനസ്സിൽ തന്നെ സൂക്ഷിക്കണമെന്നായിരുന്നു.
ഞാനിന്നുമത് പാലിക്കുന്നു.
പക്ഷേ, ചില രാത്രികളിൽ ഉറക്കം വരാതെ കിടക്കുമ്പോൾ ഒരു കാര്യം മാത്രം ഓർത്ത് എന്റെ കണ്ണുകൾ നിറയും.
എന്റെ ജീവിതത്തിൽ അച്ഛനായി എന്നെ സ്നേഹിച്ച മനുഷ്യൻ മറ്റൊരാളുടെ ജീവിതം തകർത്താണ് എന്നെ സ്വന്തമാക്കിയത്.
എന്റെ ചേട്ടന്റെ ജീവിതം തകർത്തതും അതേ മനുഷ്യൻ തന്നെയായിരുന്നു.
ചില രഹസ്യങ്ങൾ പുറത്തുപറയാതിരിക്കുന്നതാണ് നല്ലതെന്ന് നമുക്ക് തോന്നും. പക്ഷേ, അറിയറിയുന്ന ഒരാളുടെ മനസ്സിൽ അവ മരിക്കുന്നതേയില്ല.
അമ്മയോടൊപ്പം ആ രഹസ്യവും മരിച്ചുപോകുമെന്ന് ഞാൻ കരുതിയിരുന്നു.
പക്ഷേ, സത്യം പറഞ്ഞാൽ…
ആ രഹസ്യം അമ്മയോടൊപ്പം മരിച്ചില്ല. അത് അന്നുമുതൽ എന്റെ ഉള്ളിൽ ജീവിക്കാൻ തുടങ്ങി എന്നതാണ് വാസ്തവം..
(കഥ…. ചക്രവാകം )
✍️Vineetha Sekhar
