ഈ സമയത്ത് വീട്ടിലേക്ക് ആ തിരക്കുള്ള ബസിൽപോണത് തന്നെ സത്യം പറഞ്ഞാൽ ആ ചേട്ടനെ കാണാലോ എന്ന ഒറ്റക്കാരണംകൊണ്ടാണ്….ആ ചേട്ടനുണ്ടാവണെ….

“ഇന്നു രാവിലെ അമ്പലത്തിൽ പോയപ്പോ ഞാനാ ചേട്ടനെ കണ്ടെടീ ഡ്രൈവർസീറ്റില്….. എന്നാ ഒരു ലുക്കായിരുന്നെന്നോ… ഒരു ഡാർക്ക് ബ്ലൂ ഷർട്ടും പിന്നെ പതിവുള്ള ചന്ദനകുറിയും.. സ്‌റ്റോപ്പെത്തി ഇറങ്ങുവോളം ഞാൻ പുള്ളിയെ അല്ലാതെ മറ്റൊരാളെ നോക്കീട്ടില്ല… നമ്മുടെ നിവിൻപോളി പറഞ്ഞതുപോലെ പുള്ളിയെ കണ്ടാൽ പിന്നെ ചുറ്റുമുള്ള ആരെയും എനിയ്ക്ക് പിന്നെ നോക്കാൻ പറ്റില്ല…അത്രയ്ക്ക് പൊളിയായിരുന്നെ ടീ…”

വൈകീട്ട് സ്കൂളും ട്യൂഷനും കഴിഞ്ഞ് വീട്ടിലേക്കുള്ള ബസ് കാത്ത് കോളേജ് ജംഗ്ഷനിൽ നിൽക്കുമ്പോഴാണ് നിമ്മിയുടെ കാതിലാ രണ്ടുപേരുടെ സംസാരം വീണത്… അറിയാതെ തന്നെയവളുടെ നോട്ടം ആ രണ്ടു ചേച്ചിമാരിലേക്ക് ചെന്നു

കണ്ടാൽ തന്നെ അറിയാം അടുത്തുള്ള ബി എഡ്ഡ് കോളേജിലെ ചേച്ചിമാരാണെന്ന്…കയ്യിൽ നിറയെ ചാർട്ടും കളർപേപ്പറുകളുമാണ്…

“ഈ സമയത്ത് വീട്ടിലേക്ക് ആ തിരക്കുള്ള ബസിൽപോണത് തന്നെ സത്യം പറഞ്ഞാൽ ആ ചേട്ടനെ കാണാലോ എന്ന ഒറ്റക്കാരണംകൊണ്ടാണ്….ആ ചേട്ടനുണ്ടാവണെ കൃഷ്ണാ ബസില്…. ഡ്രൈവർ ആ ചേട്ടനാവണേ…

കണ്ണടച്ചു പ്രാർത്ഥിച്ചതിലൊരുവൾ…

അവരുടെ സംസാരം പിന്നെയും നീണ്ടതും നിമ്മിയുടെ ശ്രദ്ധ അത്രയും അവരിലേക്ക് മാത്രമായ്…

പ്ലസ് വണ്ണിലാണ് നിമ്മി…. സയൻസ് ഗ്രൂപ്പാണ്…. ഫിസിക്ക്സും കെമിസ്ട്രിയും ഇത്തിരി ബുദ്ധിമുട്ടാണെന്ന് തോന്നീതും ഇവിടെയുള്ള ട്യൂഷൻ ക്ലാസിൽ ചേർന്നു അവള്…. കൂട്ടിന് വീടിനടുത്തുള്ള മറ്റൊരു കുട്ടിയുമുണ്ട്….നിമ്മിയുടെ കൂട്ടുക്കാരിയാണവള്….. ശീതൾ

“എടീ ഇവരീ പറയുന്നത്….

ചേച്ചിമാരുടെ സംസാരം നിമ്മിയ്ക്കൊപ്പം കേട്ടു നിന്ന ശീതൾ ആകെ അമ്പരന്നൊരു ഭാവത്തിൽ നിമ്മിയോടെന്തോ പറയാനൊരുങ്ങിയതും തന്റെ ചൂണ്ടുവിരലവളുടെ ചുണ്ടിൽ മുട്ടിച്ചവളെ നോക്കി കണ്ണുരുട്ടി നിമ്മി….

“ഒരക്ഷരം മിണ്ടരുത് നീ… നീ മിണ്ടാനാവുമ്പോൾ ഞാൻ പറയും… കേട്ടോ…

എന്തോ തീരുമാനിച്ചുറപ്പിച്ച് നിമ്മി പറഞ്ഞതിന് തലയാട്ടാൻ മാത്രമേ ശീതളിനും പറ്റിയുള്ളു… നിമ്മി ആളിത്തിരി ടെറർ ആണേ….

“ദേ ടീ ബസ് വരുന്നു…. ഞാൻ പറഞ്ഞതുപോലെ ആ ചേട്ടൻ തന്നെയാണ് ഡ്രൈവറ്… നോക്ക്…”

തങ്ങൾ നിൽക്കുന്നതിനും കുറച്ചപ്പുറത്തായ് കൊണ്ടുവന്നു നിർത്തിയ ബസ്സിലേക്ക് എത്തി പാളി നോക്കി അതിലൊരു ചേച്ചി ആവേശത്തോടെ പറഞ്ഞതും നിമ്മിയുടെ കണ്ണുകളും തേടി ആ ഡ്രൈവറെ….

“നീല ഷർട്ടും അതിനു മുകളിലൊരു കാക്കി
ഷർട്ടും…. രാവിലെചാർത്തിയ ഇനിയും മായാത്ത ചന്ദനകുറിയും മുഖത്തുനിറഞ്ഞു നിൽക്കുന്ന ആരെയും മയക്കുന്ന പുഞ്ചിരിയും… ആരു കണ്ടാലുമൊന്ന് പ്രേമിച്ചു പോകും….. ചേച്ചിയെ കുറ്റം പറയാൻ പറ്റില്ല അല്ലേടീ ശീതൂ..
ഡ്രൈവർ ചേട്ടൻ കൊള്ളാല്ലേ……പൊളി ഡ്രൈവർ ആണല്ലേടീ…..?

എന്തോ കുനിഷ്ട് ഒപ്പിയ്ക്കുന്നതു പോലെ മുഖം നിറഞ്ഞ ചിരിയോടെ ചോദിക്കുന്നവളെ ഒന്നു നോക്കിയതല്ലാതെ മറ്റൊന്നും അവളുടെയാ ചോദ്യത്തിന് മറുപടിയായ് നൽകിയില്ല ശീതളും… എന്തിനാ വെറുതെ…

ബസ്സിനുള്ളിലേക്ക് വേഗത്തിലാ ചേച്ചിമാർ കയറുന്നതും ഡ്രൈവറുടെ തൊട്ടരികെ എന്ന പോലെ നിൽക്കുന്നതുമെല്ലാം മുഖം നിറഞ്ഞ ചിരിയോടെ നോക്കി നിന്നു നിമ്മി…

“നോക്കി നോക്കി ചോര ഊറ്റുക എന്ന് പറഞ്ഞാൽ ഇതാണല്ലേ ശീതൂ.. എനിയ്ക്കത് ഇപ്പോഴാ ശരിയ്കും മനസ്സിലായത്… ഇവരീ നോട്ടമാണ് ആ ഡ്രൈവറേട്ടനെ നോക്കുന്നതങ്കിൽ ഇവരിറങ്ങി പോകുമ്പോഴേയ്ക്കും പാവത്തിന്റെ ചോരയെല്ലാം വറ്റി തീരും…കഷ്ടം…”

ഡ്രൈവറിൽ നിന്നശ്ശേഷം കണ്ണുമാറ്റാത്ത ആ പെൺകുട്ടികളെ നോക്കി പറയുന്ന നിമ്മിയെ കണ്ണു കൂർപ്പിച്ചു നോക്കി ശീതളും…

“എന്തൊരു മസ്സിലാണെടി പുള്ളിയ്ക്ക്.. നോക്കിയേ നീ… ആള് ജിമ്മിലോ മറ്റോ പോണുണ്ട്…ശരീരം കണ്ടാലറിയാം അത്…”

“അതേ ചേച്ചിമാരെ ഒരു കാര്യം പറഞ്ഞോട്ടെ ഞാൻ….?

ഡ്രൈവറെ നോക്കിയുള്ള അവരുടെ സംസാരത്തിന്റ രീതി മാറി തുടങ്ങിയതും അതിലൊരുവളെ തൊട്ടു വിളിച്ചു ചോദിച്ചു നിമ്മി

എന്താണെന്നൊരു ഭാവത്തിലവർ നിമ്മിയെ തിരിഞ്ഞു നോക്കിയ അതേ സമയം ആ ഡ്രൈവറും ഒന്ന് പുറകിലേക്ക് വേഗത്തിൽ തിരിഞ്ഞു നോക്കി

“ആ ഡ്രൈവർ ചേട്ടന്റെ പേര് മാധവ് എന്നാണ്… എനിയ്ക്ക് നന്നായറിയുന്ന ചേട്ടനാണ്….നല്ല ഫ്രണ്ട്സാണ് ഞങ്ങൾ…. പാവം ചേട്ടനാണ്….
നിങ്ങളിലാർക്കാണ് ചേട്ടനെ ഇഷ്ടമെന്നു വെച്ചാ എന്നോടു പറഞ്ഞാൽ മതി… ഞാൻ സെറ്റാക്കി തരാം… എനിയ്ക്ക് ചിലവ് ചെയ്താ മതി നിങ്ങൾ…..”

നിമ്മി പറഞ്ഞതുകേട്ട് മിഴിഞ്ഞു തുറിച്ചുപോയ് ശീതളിന്റെ കണ്ണുകൾ… നിമ്മി പക്ഷെ അപ്പോഴൊന്നും ശീതളിനെ നോക്കിയതേ ഇല്ല…

നിമ്മി പറഞ്ഞതു കേട്ടതും അവളെ അവിശ്വാസത്തോടെ നോക്കി ആ രണ്ടു പെൺക്കുട്ടികൾ… തന്നെ അവർ വിശ്വസിച്ചില്ലെന്നു തോന്നിയതും തിരക്കിനുള്ളിലൂടെ ഊളിയിട്ടവൾ ഡ്രൈവറിനടുത്തെത്തി…

അവളെ കണ്ടതും ഡ്രൈവറുടെ മുഖത്ത് നിറഞ്ഞ സന്തോഷവും ചിരിയുമെല്ലാം അല്പം അസൂയയോടെ നോക്കി നിന്നു ആ പെൺക്കുട്ടികൾ…

സംസാരത്തിനിടയ്ക്ക് നിമ്മിയുടെ മുഖത്തേയ്ക്ക് നിരതെറ്റി വീണ മുടിയിഴകൾ ഡ്രൈവിംഗിനിടെ ശ്രദ്ധയോടെ അയാൾ ചെവിയ്ക്ക് പുറകിലേക്ക് ഒതുക്കി വെച്ച് കൊടുക്കുന്നതും അവളയാളുടെ ചുമലിൽകൈ ചേർത്ത് വെയ്ക്കുന്നതുമെല്ലാം അമ്പരപ്പോടെ നോക്കിനിന്നാ പെൺകുട്ടികൾ…..

അതിനിടയിൽ തങ്ങളെ ചൂണ്ടി നിമ്മി അയാളോടെന്തോ പറയുന്നതും തലയിളക്കി ചിരിച്ചു കൊണ്ട് ഡ്രൈവർ തങ്ങൾ നിൽക്കുന്നിടത്തേയ്ക്ക് തല ചെരിച്ച് നോക്കുന്നതും ഒപ്പം മനോഹരമായ ഒരു പുഞ്ചിരി തങ്ങൾക്ക് നൽക്കുന്നതും കൂടി കണ്ടതും അവരുടെ തലയിൽ നിന്ന് കൂട്ടമായ് പറന്നു കിളികൾ കണ്ട കാഴ്ച വിശ്വസിക്കാൻ കഴിയാതെ….

പിറ്റേ ദിവസം ട്യൂഷൻ കഴിഞ്ഞ് നിമ്മി കോളേജ് ജംഗ്ഷനിലെത്തുമ്പോൾ അവളെ കാത്തവിടെ ആ പെൺക്കുട്ടികളുണ്ടായിരുന്നു….അതു പ്രതീക്ഷിച്ചു തന്നെ അവിടേയ്ക്ക് വന്ന നിമ്മി വിജയ ഭാവത്തിൽ ശീതളിനെ നോക്കി അവർക്കടുത്തേയ്ക്ക് ചിരിയോടെ ചെന്നു

“എന്റെ പേര് രാജി… ഇവള് പ്രിയ… എനിയ്ക്കാണ് ആ ചേട്ടനെ ഇഷ്ടം….

സ്വയം പരിചയപ്പെടുത്തി രാജി

“ഞാനെന്താ ചേച്ചിയ്ക് വേണ്ടി ചെയ്തു തരേണ്ടേത്… ചേച്ചിയെ പറ്റി ആ ചേട്ടനോട് പറഞ്ഞാൽ മതിയോ…?
മതിയെങ്കിൽ ഞാൻ പറയാം ട്ടോ…. പകരം എനിയ്ക്കിടയ്ക്കെല്ലാം ഓരോ സിൽക്കി ചോക്ളേറ്റ് മേടിച്ചു തന്നാൽ മതി… ഓക്കെ അല്ലേ….?

വളരെ സാധാരണയെന്ന പോലെ ചിരിയോടെ ഡീൽ ഉറപ്പിച്ച് നിമ്മി ചോദിച്ചതും ഒരു ദീർഘ നിശ്വാസം ഉതിർന്നു വീണു ശീതളിൽ നിന്ന്….

അന്നുമുതൽ മാധവിൽ നിന്നൊരു ചിരി നിമ്മി ബസ്സിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാജിയേയും പ്രിയയേയും തേടി വന്നിരിന്നു….

ആഴ്ച ഒന്നു കഴിഞ്ഞൊരു വൈകുന്നേരം… സ്കൂൾ അവധിയായതിനാൽ വീട്ടിൽ അമ്മയ്ക്കൊപ്പം സംസാരിച്ചിരിയ്ക്കുകയാണ് നിമ്മി… അന്നേരമാണ് വീടിന്റെ ഗേറ്റുതുറന്ന് മാധവ് അങ്ങോട്ടു വന്നത്… മാധവിനെ കണ്ടതും വിടർന്നു തെളിഞ്ഞൊരു ചിരിയോടെ എഴുന്നേറ്റ നിമ്മിയുടെ മുഖം മാധവിന് പിന്നാലെ ഗേറ്റുതുറന്ന് വരുന്നവരെ കണ്ടതുമൊന്ന് മങ്ങി അവിടെയൊരു വെപ്രാളം വന്നു മൂടിയവൾ അമ്മയെ ഒന്നു പാളി നോക്കി… അമ്മയുടെ നോട്ടമത്രയും വീട്ടിലേക്ക് കയറി വരുന്നവരിലാണ്….

“ഇതാരാ മാധവേട്ടാ…..ഇന്നെന്തേ വൈകുന്നേരം ട്രിപ്പ് ഇല്ലേ ബസ്സിന്….

ചോദിച്ചു കൊണ്ടമ്മ മാധവിനു നേരെ ചെന്നതും മാധവിന്റെ നോട്ടം നിമ്മിയിലേക്കായ്…..അവളും കൺചിമ്മാതെ മാധവിനെ നോക്കിയെങ്കിലും മാധവിന്റെകൈ മുറ്റത്തിനരികിലെ ചെത്തി കമ്പൊന്നൊടിച്ചെടുത്തതും അമ്മയ്ക്കരികിൽ നിന്ന് വീട്ടിനുള്ളിലേക്ക് പാഞ്ഞോടി നിമ്മി….

എന്നാൽ നിമ്മിയുടെ ആ നീക്കം മുൻകൂട്ടി കണ്ട മാധവിന്റെ കൈകൾ അതിനു മുമ്പു തന്നെ നിമ്മിയിൽ മുറുകിയിരുന്നു…

തനിയ്ക്ക് നേരെ ഉയർന്ന ചെത്തി വടി കണ്ടതും കണ്ണിറുക്കി അടച്ച് മാധവിനെ ചുറ്റിപിടിച്ച് അയാളിലേക്ക് ഒട്ടി ചേർന്നു കെട്ടിപിടിച്ചു നിമ്മി

“അച്ഛാ…ചുമ്മാ ഒരു തമാശ കാണിച്ചതാണ്… തല്ലരുത്… തല്ലി നാണം കെടുത്തരുത്..പ്ലീസ്… എന്റെ പൊന്നച്ഛനല്ലേ….”

മാധവിന്റെ ചുമലിലേക്ക് തല ചേർത്തു വെച്ചവിടെ തെരുതെരെ ചുണ്ടു ചേർത്ത് കൊഞ്ചി പറയുന്ന നിമ്മിയെ ഞെട്ടലും പകപ്പും നിറഞ്ഞ കണ്ണോടെ തുറിച്ചു നോക്കി രാജിയും പ്രിയയും

“എന്താ മാധവേട്ടാ…എന്താ ഇവളൊപ്പിച്ചത്.. ഏതാ ഈ പെൺക്കുട്ടികൾ…

കാര്യം അറിയാതെ അമ്മ തിരക്കിയതും കണ്ണിറുക്കിയടച്ച് തന്നിൽ പറ്റി ചേർന്നു കിടക്കുന്നവളെ ദീർഘ നിശ്വാസത്തോടെ ഒന്നു നോക്കി പോയ് മാധവൻ

ഇവരോ…. ഇവരിലീ പെൺക്കുട്ടിയെ ആണ് നിന്റെ ഈ മകൾ നിനക്കു പകരം എനിയ്ക്ക് ഭാര്യയായും അവൾക്ക് അമ്മയായും കണ്ടെത്തിയത്… സ്വന്തം തന്തയെ ഒറ്റി മിഠായി വാങ്ങി തിന്നേക്കുന്നവള്… ഇക്കണക്കിന് വല്ലവരും കുറച്ചധികം പൈസ തരാന്ന് പറഞ്ഞാൽ തൂക്കിവിൽക്കൂലോ നീ എന്നെ…?

നിമിയുടെ ചെവിയിൽ അവൾക്ക് വേദനിക്കാൻ വിധം പിടിച്ച്‌ അമ്മയെ തന്നോടു ചേർത്തു നിർത്തി മാധവ് ആ പെൺകുട്ടികൾക്ക് നേരെ തിരിഞ്ഞു….

ഇതെന്റെ ഭാര്യ ഗീതു… ഇതു ഞങ്ങളുടെ ഒറ്റപുത്രി നിമ്മി..

മാധവൻ അവരോടു പറഞ്ഞു തുടങ്ങിയതുംഅച്ഛന്റെ ചുമലിൽ നിന്ന് മുഖം മാറ്റി ആ പെൺക്കുട്ടികളെ നോക്കി നിമ്മി

“അച്ഛന് പത്തിരുപത്തൊന്ന് വയസ്സായപ്പോഴേ അമ്മയെ സ്നേഹിച്ചു കെട്ടി പോയതുകൊണ്ട് പ്രായമായില്ലെങ്കിലും ഈ വലിപ്പത്തിലൊരു മോളുണ്ടച്ഛന്… അതറിയാതെ ചേച്ചിയെ പോലെ പലരും അച്ഛനെ ഇഷ്ടപെടും… ഒട്ടും പ്രായം തോന്നാത്ത നല്ല ചുള്ളൻ ചെക്കനല്ലേ എന്റെ അച്ഛൻ.. ഞാനൊന്നു കളിപ്പിച്ചതാണ് നിങ്ങളെ… അതുമല്ല ഞാൻ നിങ്ങളെ പറ്റിച്ചിട്ടൊന്നുമില്ല…. എനിയ്ക്ക് മാധവേട്ടനെ അറിയാം…നിങ്ങളെ പറ്റി പറയാം എന്നല്ലേ ഞാൻ പറഞ്ഞത്… ഞാനച്ഛനോട് പറഞ്ഞല്ലോ നിങ്ങളെ പറ്റി.. പറഞ്ഞില്ലേ അച്ഛാ…

തീർത്തും നിഷ്കളങ്ക മുഖത്തോടെ ചോദിയ്ക്കുന്ന മകളെ അതിലും നിഷ്കളങ്കമായ് നോക്കി പോയ് മാധവൻ….

“എന്റെ പുതിയ കൂട്ടുക്കാരാണ്.. അച്ഛനെ നല്ല കാര്യാണവർക്ക്…അച്ഛന്റെ ഡ്രൈവിംഗ് സൂപ്പറാന്ന് പറഞ്ഞു… എന്നൊക്കെ തന്നോട് പറഞ്ഞവളെ ഓർത്തവനും… ഇന്നീ പെൺകുട്ടികൾ നേരെ വന്ന് തന്നോടു സംസാരിച്ചിരുന്നില്ലെങ്കിൽ താനിത് ഇന്നും അറിയില്ലായിരുന്നു….

മനസ്സിലോർത്ത് രാജിയ്ക്ക് നേരെ തിരിഞ്ഞു മാധവൻ

“ഇവള് കാണിച്ചൊരു തമാശയായിട്ട് കണ്ടാ മതി ട്ടോ നിങ്ങളിതിനെ… ഇഷ്ടവും പ്രണയവുമൊക്കെ ഈ പ്രായത്തിൽ സാധാരണയാണ്… ഇതും അങ്ങനെ കണ്ടാ മതി….. നല്ല കുട്ടികളായ് പഠിത്തം ശ്രദ്ധിക്ക് രണ്ടാളും…

ഒരേട്ടന്റെ കരുതലോടെ മാധവൻ പറഞ്ഞതു കേട്ട് തലയിളക്കി അവിടെ നിന്നവർ മടങ്ങുമ്പോൾ മാധവൻ മകൾക്ക് നേരെ തിരിഞ്ഞു…

“പത്തു രൂപയുടെ മിഠായിയ്ക്ക് വേണ്ടി സ്വന്തം തന്തയെ മറിച്ചു വിൽക്കുന്നോടീ….

കയ്യിലെ വടി അവൾക്ക് നേരെ വീശി അയാൾ ചോദിച്ചതും മുറിയ്ക്കുള്ളിലേക്ക് പാഞ്ഞുകയറി രക്ഷപ്പെട്ടിരുന്നു നിമ്മി

“മാധവേട്ടൻ ഇനി ബസില് പോണ്ട..വേറെ എന്തെങ്കിലും പണി നോക്കാം നമ്മുക്ക്… കണ്ണും മൂക്കും ഇല്ലാതെ ഓരോ പെണ്ണുങ്ങളിറങ്ങിക്കോളും മനുഷ്യന്റെ സമാധാനം കളയാൻ….”

ഒട്ടൊരു കുശുമ്പോടെ പറയുന്ന ഭാര്യയെ ഇനിയെങ്ങനെ സമാധാനിപ്പിച്ച് വരുതിയിലാക്കും എന്നൊരു നിശ്വാസത്തോടെ ചിന്തിച്ചു പോയ് മാധവൻ..

അന്നേരവും അകത്തു നിന്നതു കേട്ട് ഉയരുന്നുണ്ട് ആ വീടിന്റെ വിളക്കായവളുടെ പൊട്ടിച്ചിരി…. അതു കേൾക്കെ അവളോടുള്ള വാത്സല്യം നിറഞ്ഞു അവരിലും…

RJ

Leave a Reply

Your email address will not be published. Required fields are marked *