സ്വകാര്യമായ എന്തെങ്കിലും ആർക്കെങ്കിലും അയച്ചോ? നമ്മൾ ഇപ്പോൾ കണ്ടിട്ട് ഏകദേശം 3

(രചന: Darsaraj R)

 

എന്റെ കൂടെ പഠിച്ച നീരജ പതിവില്ലാതെ എന്നെ ഫോണിൽ വിളിച്ച ദിവസം.

 

ഗായൂ, സുഖാണോ?

 

സുഖം. നിനക്കോ? എന്തേ പതിവില്ലാതെ ഒരു കാൾ?

 

കല്യാണം വിളിക്കാൻ ആണോടി?

 

ഏയ് അല്ല. എനിക്ക് ഒരു സംശയം. സംശയം മാത്രമാണ് കേട്ടോ…തെറ്റിധരിക്കരുത്.

 

ഇല്ല… നീ ചോദിക്ക്. എന്താ കാര്യം?

 

ഗായൂ, വീണ്ടും ഞാൻ പറയുന്നു. സംശയം മാത്രമാണ് കേട്ടോ.

 

ശ്ശെടാ, നീ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ.

 

ഞാൻ കാര്യത്തിലോട്ട് വരാം. ഇന്ന് എന്റെ ബോയ് ഫ്രണ്ട് എനിക്ക് ഒരു വീഡിയോ ഷെയർ ചെയ്തു തന്നു.

 

അതിലെ പെൺകുട്ടിക്ക് നിന്റെ അതേ മുഖഛായ. എന്റെ ഡൌട്ട് മാത്രം ആണ് കേട്ടോ.

 

അതിനെന്താ? ആട്ടെ, എന്തായിരുന്നു വീഡിയോ?

 

അത്… അത് ഞാൻ എങ്ങനെയാ പറയാ…

 

അത് കേട്ട് ഞാനും തെല്ല് പരിഭ്രമിച്ചു…

 

ഗായു, ചോദിക്കുന്നത് കൊണ്ട് വേറെ ഒന്നും വിചാരിക്കല്ലേ…നീ തികച്ചും സ്വകാര്യമായ എന്തെങ്കിലും ആർക്കെങ്കിലും അയച്ചോ?

 

നമ്മൾ ഇപ്പോൾ കണ്ടിട്ട് ഏകദേശം 3 വർഷത്തോളം ആകുന്നു. നമ്പർ ഉണ്ടെങ്കിലും എന്തെങ്കിലും വിഷ് ചെയ്യാൻ മെസ്സേജ് ഇടുന്നതല്ലാതെ പരസ്പരം കോൺടാക്ട് പോലും ഇല്ല.

 

പക്ഷെ നിന്റെ കഴുത്തിലെ ഇടത്തു വശത്തുള്ള മറുക് ഇപ്പോഴും എനിക്ക് ഓർമ്മ ഉണ്ട്.

 

ആ വീഡിയോയിൽ അത് കൂടി കണ്ടപ്പോൾ എന്തോ എനിക്ക് നിന്നെ വിളിക്കാൻ തോന്നി. അത് നീ അവരുതേ എന്ന് ഇപ്പോഴും ഞാൻ പ്രാർത്ഥിക്കുന്നു. എന്തെന്നാൽ അവൻ പറഞ്ഞത് അനുസരിച്ച് ആ വീഡിയോ മിക്ക പോൺ സൈറ്റിലും അപ്‌ലോഡ് ആയി കൊണ്ടിരിക്കുകയാണ്.

 

നമ്മൾ രണ്ടാളും പണ്ട് കലോത്സവത്തിന് പോയപ്പോൾ എടുത്ത സെൽഫി ഞാൻ FB യിൽ ഇട്ടിട്ടുണ്ട്. അത് കണ്ടപ്പോഴാ ഇത് നിന്റെ കൂട്ടുകാരി അല്ലേ എന്ന് ചോദിച്ചു കൊണ്ട് അവൻ എനിക്ക് അത് അയച്ച് തന്നത്.

 

നീ അല്ലല്ലോ അല്ലേ? പൊന്നുമോളെ ആണെങ്കിൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല. ഊഹിക്കാലോ ഭാവി…

 

മുഖത്തെ വിയർപ്പ് ഒപ്പി കൊണ്ട് ഞാൻ മറുപടി നൽകി.

 

യേയി ഞാൻ ഒന്നും അല്ലടാ.

 

അത് പറഞ്ഞപ്പോഴേക്കും ഭയം കൊണ്ട് എന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

 

നീ അത് ഒന്ന് എനിക്ക് അയച്ചു തന്നേ.

 

ഞാൻ അയക്കാം…

 

നീരജ ഫോൺ വെച്ചയുടനെ ഞാൻ നെറ്റ് ഓൺ ആക്കി.

 

അവൾ അയച്ച വീഡിയോയുടെ നോട്ടിഫിക്കേഷൻ സ്‌ക്രീനിൽ തെളിഞ്ഞു.

 

ഞാൻ മെസ്സേജ് തുറന്നു.

 

ഏതാനും മണിക്കൂറുകൾക്ക് മുമ്പ് അങ്ങേയറ്റം വിശ്വാസത്തിൽ നിമലിന് ഞാൻ അയച്ച എന്റെ അർദ്ധനഗ്ന വീഡിയോ.

 

ഈശ്വരാ…

 

നിന്ന നിൽപ്പിൽ അറിയാണ്ട് നെഞ്ച് പൊട്ടുന്ന വേദനയോടെ ഞാൻ പിന്നോക്കം പോയി…

 

അന്നേരം ഞാൻ അനുഭവിച്ച മാനസികാവസ്ഥ വെറും അക്ഷരങ്ങളാൽ കോറിയിടാനാവില്ല.

 

ഒരു നിമിഷത്തെ വലിയ പിഴവ്.

 

വെറും അമ്പലവാസി പെൺകുട്ടി ആയി നടന്ന ഞാൻ…

 

ഇനി എന്ത് എന്നത് ഉത്തരം ഇല്ലാത്ത ചോദ്യം പോലെ എന്നിൽ അവശേഷിച്ചു.

 

എന്റെ അമ്മ ഇത് അറിഞ്ഞാൽ? നേരം വെളുക്കുമ്പോഴേക്കും ഇത് കൂടുതൽ പേരിൽ എത്തും. ഉറപ്പാണ്.

 

ഞാൻ ആദ്യം മുറിയിൽ കയറി ഞരമ്പ് മുറിക്കാൻ തുനിഞ്ഞു. പക്ഷെ അതിനു മുമ്പ് എനിക്ക് അവനെ കാണണം.

 

ഞാൻ നിമലിനെ വിളിച്ചു.

 

പട്ടി, നായടമോനെ നീ എന്നെ ചതിച്ചല്ലേ?

 

ജീവിതത്തിൽ ഒരു ചീത്ത പോലും വിളിക്കാത്ത എന്റെ വായിൽ നിന്നും ഈ ഒരു വിളി എങ്ങനെ വന്നു എന്നതിന് ഒറ്റ ഉത്തരമേ ഉള്ളൂ.

 

നിമൽ എന്ന വഞ്ചകൻ.

 

സത്യം പറ. നീ ആർക്കൊക്കെ എന്റെ വീഡിയോ അയച്ചു കൊടുത്തു? ഏതൊക്കെ സൈറ്റിൽ ഇട്ടു?

 

യേയി…ഞാൻ ആർക്കും അയച്ചിട്ടില്ല. കണ്ടയുടനെ ഡിലീറ്റ് ആക്കി. നിനക്ക് ആള് മാറി കാണും. ഞാൻ മീറ്റിങ്ങിൽ ആണ്. പിന്നീട് വിളിക്കാം.

 

അപ്പോഴാണ് എന്റെ ഫോണിലേക്ക് നീലിമ വിളിക്കുന്നത്.

 

ഞാൻ ഉറപ്പിച്ചു. വീഡിയോ അവൾ കണ്ടു. കാരണം ഞങ്ങൾ കൂട്ടുകാരികൾക്കിടയിൽ അവളുടെ വട്ട പേര് തന്നെ നീല നീലിമ എന്നാണ്.

 

എന്നാൽ അവിടെയാണ് എന്റെ ജീവിതം മാറി മറിഞ്ഞ നിമിഷം.

 

ഗായു, നമ്മുടെ നീരജയും ഒരുത്തനും തമ്മിലുള്ള ബെഡ് റൂം വീഡിയോ കണ്ടോ നീ? ഏതോ ഫ്ലാറ്റ് ആണ്. അവന്റെ സൗണ്ട് മാത്രമേ ഉള്ളൂ. അവൾ ആണെങ്കിൽ അവൻ പറയുന്നത് അനുസരിച്ച് സാരി അഴിച്ച് ഓരോന്ന് ഊരി അവനു കാണിച്ച് കൊടുക്കുന്നു. പോരാഞ്ഞിട്ട് അവളേൽ പകുതിയോളം കഴിഞ്ഞ മദ്യ കുപ്പിയും.

 

അവൾ പോയതോ പോയി. ആ പൊട്ടൻ വീഡിയോ എടുക്കുക ആണെന്ന് അവൾക്ക് ഊഹിച്ചൂടെ?

 

എന്തായാലും കൊള്ളാം. നീ കണ്ടു നോക്കിയേ. എനിക്ക് സംസാരിച്ചു നിൽക്കാൻ സമയമില്ല. എല്ലാവരേയും വിളിക്കട്ടെ.

 

വെക്കല്ലേ, ഹലോ നീലു…

 

മേൽ പറഞ്ഞ വീഡിയോ അപ്പോഴേക്കും അവൾ അയച്ചു തന്നു

 

Yes, its Neeraja…

 

അയ്യേ ഇവൾ? ഒരു നിമിഷം ഞാൻ എന്നെ പതിവൃത ആക്കി. പക്ഷെ കൂടെ ഉള്ളത്?

 

യേയി, അത് കൂടി അഴിക്ക്…

 

പക്ഷെ ഈ സൗണ്ട്.

 

Yes its നിമൽ…

 

ഈശ്വരാ.

 

എത്രയോ തവണ അവന്റെ വായിൽ നിന്നും അത് കൂടി അഴിക്ക് ഡയലോഗ് ഞാൻ കേട്ടിരിക്കുന്നു.

 

ഞാൻ നീരജയെ വിളിച്ചു കാര്യം പറഞ്ഞു.

 

അവൾ പൊട്ടി കരയാൻ തുടങ്ങി.

 

നമ്മൾ രണ്ടു പേരുടെയും ജീവിതം ഇല്ലാതാക്കിയ ആ ചെറ്റക്ക്‌ പണി കൊടുക്കണ്ടേടി?

 

നീരജ ഒന്നും പറയാതെ കാൾ കട്ട് ചെയ്തു.

 

പിറ്റേ ദിവസം ആയപ്പോഴേക്കും എനിക്കും അവൾക്കും ഫോൺ കോളുകളുടെ നിലക്കാത്ത ശബ്ദം.

 

അധികം വൈകാതെ വീട്ടിൽ കാര്യം അറിഞ്ഞു.

 

പക്ഷെ അവനോടു പകരം വീട്ടാനോ തുടർന്ന് ജീവിക്കാനോ നീരജ ഒരുക്കമല്ലായിരുന്നു.

 

പിറ്റേ ദിവസം ഉച്ചയോടടുക്കവേ വീഡിയോയിൽ കണ്ട അതേ സാരിയിൽ കുറ്റബോധം പേറി അവൾ ജീവിതം അവസാനിപ്പിച്ചു.

 

നീരജ അത് ചെയ്യും എന്ന് എനിക്ക് ഏതാണ്ട് ഉറപ്പായിരുന്നു.

 

നീ അല്ലല്ലോ അല്ലേ? പൊന്നുമോളെ ആണെങ്കിൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല. ഊഹിക്കാലോ ഭാവി…

 

അവൾ എന്നെ വിളിച്ചപ്പോൾ പറഞ്ഞ വാക്കുകൾ കാതിൽ മുഴങ്ങി.

 

അതിജീവിതമാർ ഒരുപാട് ഉണ്ടെങ്കിലും ഈ ഒരു സിറ്റുവേഷൻ നേരിടുന്ന പെൺകുട്ടികളുടെ ആദ്യ പ്രതിനിധി തന്നെയാണ് നീരജ.

 

പക്ഷെ നിമലിനെ വെറുതെ വിടാൻ ഞാൻ തയ്യാറായിരുന്നില്ല.

 

നീരജയുടെ മരണകാരണം പതിയെ ഏവർക്കും മനസ്സിലായി.

 

പക്ഷെ അവൻ പങ്കിട്ട എന്റെ മാംസത്തെ അതേ അവൻ കാരണം മരണത്തിനു ബലി നൽകാൻ ഞാൻ ഒരുക്കമല്ലായിരുന്നു.

 

പ്രായഭേദമില്ലാതെ എന്നെ കാണുമ്പോൾ പുതിയ തുണ്ട് ഒന്നും ഇല്ലേടെ എന്ന് ചോദിച്ചവർ ഉണ്ട്.

 

എല്ലാത്തിനും മറുപടി മൗനമായിരുന്നു.

 

പക്ഷെ കൃത്യം രണ്ട് ദിവസത്തിന് ശേഷം ഞാൻ നിമലിനെ കാണാൻ അവന്റെ ഫ്ലാറ്റിൽ പോയി.

 

പുറമെ പാവമായും ഉള്ളിൽ പകയോടും കൂടി അവന്റെ മുന്നിൽ ഞാൻ അഭിനയിച്ചു.

 

നിമൽ, ഇനി എന്നെ ആരും സ്വീകരിക്കില്ല. നീ എന്നെ വിവാഹം ചെയ്തേ പറ്റൂ. ഞാൻ അവന്റെ കാൽക്കൽ വീണു.

 

ഗായൂ, കൂൾ…മോളെ വീഡിയോ അറിയാണ്ട് ഫോർവേഡ് ആയിപോയതാണ്.

 

നീ ഇവിടിരിക്ക് ഞാൻ കുളിച്ചിട്ട് വരാം. നിന്നെ ഞാൻ കൈ വിടില്ല.

 

ഉച്ചത്തിൽ ഹോം തീയേറ്ററിൽ സോങ് ഇട്ട ശേഷം അവൻ ബാത്റൂമിലോട്ട് പോയി.

 

നിമൽ കുളിക്കാൻ കയറിയ സമയം നോക്കി ഞാൻ അവന്റെ ഫോണിലെ മെസ്സേജുകൾ നോക്കി.

 

എന്തോ ഭാഗ്യത്തിന് സ്ക്രീനിൽ ലോക്ക് വീണില്ലായിരുന്നു.

 

ഞാൻ ചാറ്റുകൾ ഓരോന്നായി അരിച്ചു പെറുക്കാൻ തുടങ്ങി…

 

അതിൽ ഞെട്ടിക്കുന്ന ഒരു മെസ്സേജ് ഞാൻ വായിക്കാൻ ഇടയായി. ഏതാണ്ട് 3 മാസം മുമ്പ് ഉള്ള ഒരു ചാറ്റ്.

 

ഫെയ്സ് ബുക്കിൽ ഞാനും നീരജയും ഒരുമിച്ച് നിൽക്കുന്ന അതേ സെൽഫി നിമൽ ഒരുത്തന് അയച്ച ശേഷം ഇട്ട വോയിസ്‌ മെസ്സേജ്.

 

അളിയാ ക്രിസ്റ്റി, രണ്ട് പുതിയ ചരക്കുകൾ വന്നു വീണിട്ടുണ്ട്. FB യിൽ കണ്ടതാണ്. ദിവസങ്ങൾക്കുള്ളിൽ ഈ രണ്ടവൾമാരുടെയും കൂടെ ഞാൻ കിടന്നില്ലെങ്കിൽ നീ എന്റെ പേര് മാറ്റി ഇട്ടോ.

 

നിമലിന്റെ ആത്മവിശ്വാസത്തെ ശരി വെക്കും വിധം എന്റേയും നീരജയുടെയും വീഡിയോസ് വെറും ആഴ്ച്ചകൾക്ക് ശേഷം ആ നമ്പറിലേക്ക് അവൻ അയച്ചു.

 

അവിടെ നിന്നും ഞങ്ങളുടെ വീഡിയോസ് ശര വേഗത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി.

 

അവൻ ഡിലീറ്റ് ചെയ്തു എന്ന് ഞാൻ വിശ്വസിച്ച നൂറു കണക്കിന് എന്റെ സ്വകാര്യ ഫോട്ടോകൾ അവന്റെ ഗാലറിയിൽ ഞാൻ കണ്ടു.

 

ചതിക്കപ്പെടുക ആയിരുന്നു ഈ കാലമത്രയും ഞാൻ.

 

ഞാൻ എന്ന വാക്കിനേക്കാൾ ഒരു കൂട്ടം പെൺകുട്ടികൾ എന്ന് പറയുന്നതാകും ശരി. ഞാനും നീരജയും മാത്രമായിരുന്നില്ല അവന്റെ ഇരകൾ.

 

നിമൽ ഇട്ട അവസാന മെസ്സേജ് ഞാൻ സ്ക്രോൾ ചെയ്‌ത് വായിച്ചു.

 

അളിയാ അതിൽ ഞാൻ ഏറെ ആഗ്രഹിച്ച ഗായൂ ഇന്ന് ഇങ്ങോട്ട് വരുന്നുണ്ട്. അതും ഏകദേശം 1000 കിലോമീറ്ററുകൾ താണ്ടി.

 

വീഡിയോ രാത്രി ഇടാം. വീഡിയോ ഇട്ടാലെ നീയൊക്കെ വിശ്വസിക്കോളൂ എന്നറിയാം.

 

എറ്റവും ഒടുവിലായി ദേവകി എന്നൊരു വീട്ടമ്മയുടെ ഫോട്ടോ കൂടി അയച്ചേക്കുന്നു.

 

ഇവളെ ഒരിക്കൽ കിട്ടിയതാ അളിയാ…

 

പക്ഷെ വീഡിയോ ക്ലാരിറ്റി ഇല്ലായിരുന്നു. സാരമില്ല, ഇന്ന് വെകുന്നേരം ദേവു ഒന്നൂടെ ഇവിടെ വരും. പക്ഷെ അതിനു മുമ്പ് ഗായത്രിയെ പറഞ്ഞ് വിടണം.

 

പകയുടെ ഒരു തരിയെ പോലും ക്ഷമിക്കാൻ വിടാതെ ബാഗിൽ വെച്ചിരുന്ന കത്തി ഞാൻ പുറത്തെടുത്തു.

 

പക്ഷെ അര മണിക്കൂർ കഴിഞ്ഞിട്ടും നിമൽ കുളി കഴിഞ്ഞ് ഇറങ്ങിയില്ല.

 

പെട്ടെന്നാണ് ഉച്ചത്തിൽ ഉള്ള പാട്ടിനെ പോലും ഭേദിച്ചു കൊണ്ട് ഒരു ശബ്ദം ഞാൻ കേൾക്കുന്നത്.

 

ഓടി ചെന്ന് ബാത്‌റൂമിൽ തട്ടിയ ഞാൻ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന നിമലിനെ ആണ്.

 

സഹതാപം തെല്ലും തോന്നിയില്ല. പക്ഷെ നന്നായി പേടിച്ചു.

 

തൊട്ടു മുമ്പിൽ കൂടി മുടിയും അഴിച്ചിട്ട് ഒരു സ്ത്രീ ഭ്രാന്തിയെ പോലെ ചോരയിൽ കുളിച്ച മുഖവുമായി എന്റെ മുന്നിൽ കൂടി നടന്ന് നീങ്ങി.

 

എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാൻ പറ്റാത്ത അവസ്ഥ.

 

സത്യത്തിൽ അവനെ കൊല്ലാൻ തക്ക ധൈര്യം എന്നിൽ ഉണ്ടായിരുന്നോ എന്ന് ഞാൻ എന്നോട് തന്നെ സ്വയം ചോദിച്ചു പോയ നിമിഷം.

 

പക്ഷെ ആ സ്ത്രീ?

 

ആരാണവൾ?

 

ദേവിക?

 

അതേ…

 

നിമൽ ചാറ്റിൽ പറഞ്ഞ അതേ വീട്ടമ്മ.

 

നിമലിന്റെ കൊലപാതകം എന്റെ തലയിൽ ആകുമോ എന്ന് പേടിച്ച് വിറച്ചു കൊണ്ട് ഞാൻ ആ ഫ്ലാറ്റിൽ നിന്നും ഇറങ്ങി ഓടി.

 

പക്ഷെ പിറ്റേ ദിവസത്തെ വാർത്തയിൽ ഞാൻ കണ്ടത് സ്വയമേ സ്റ്റേഷനിൽ ഹാജരായ ദേവകി എന്ന സ്ത്രീയെ ആണ്.

 

ഏകദേശം 4 വർഷങ്ങൾക്ക് ശേഷം…

 

ഇന്ന് ഞാൻ ഒരു ഭാര്യ ആണ്. അമ്മ ആണ്. എന്റെ ജീവിതത്തിൽ നടന്നത് എല്ലാം അറിയുന്ന എന്റെ ഒരു കൂട്ടുകാരൻ എനിക്ക് ജീവിതം തന്നു.

 

തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും അദ്ദേഹത്തിനോട് എനിക്ക് ഉണ്ട്.

 

വീഡിയോയുടെ പാർശ്വഫലങ്ങൾ ഏതാണ്ട് വർഷങ്ങളോളം എന്നെ വേട്ടയാടി. ഇപ്പോഴും പല സൈറ്റുകളിലും ഫോണുകളിലും അവയുണ്ട്.

 

നിമലിന്റെ മരണം നേരിൽ കണ്ട ഞാൻ ഏതാണ്ട് 2 വർഷം ഡിപ്രെഷൻ സ്റ്റേജിൽ ആയിരുന്നു.

 

ഇന്നും നീരജ എനിക്ക് നോവുന്ന ഒരോർമ്മയാണ്.

 

ദേവകി എന്ന സ്ത്രീ ഇന്ന് എവിടെ ആണെന്ന് എനിക്ക് അറിയില്ല.

 

അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ദേവകിയെ തേടാൻ എന്നോടൊപ്പം നിങ്ങളേയും ഞാൻ ക്ഷണിക്കുന്നു.

 

അടുത്ത തവണ എങ്കിലും കാമുകന്മാർക്ക് വേണ്ടി തുണി അഴിക്കുമ്പോൾ ഞങ്ങളുടെ ഈ കഥ നിങ്ങൾ ഓരോരുത്തരും ഓർക്കണം.

 

ദൈവാനുഗ്രഹത്താൽ എന്നെ മനസ്സിലാക്കാൻ പറ്റിയ ഒരാൾ എന്റെ ജീവിതത്തിലോട്ട് വന്നു. എല്ലാവർക്കും ഈ കൂട്ട് കിട്ടണമെന്നില്ല.

 

ഇനി ഒരു നീരജ ഉണ്ടാവരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട്,

 

സ്വന്തം ഗായത്രി രഘുറാം…

 

©️Darsaraj. R

Leave a Reply

Your email address will not be published. Required fields are marked *