മൂപ്പർക്ക് എന്നോട് മിണ്ടാൻ മാത്രം സമയമില്ല. എപ്പോഴും തിരക്കാണ് എന്തേലും പറഞ്ഞോണ്ട് ചെന്നാൽ ദേഷ്യവും

(രചന: Sumayya Beegum T.A)

 

ടൗണിൽ വാങ്ങിയ പുതിയ ബിൽഡിങ്ങിന്റെ ഉൽഘാടനം ഒരു പള്ളിപ്പെരുന്നാളിനെക്കാൾ ആർഭാടമായി അയാൾ നടത്തികൊണ്ടിരിക്കുന്ന ദിവസം തന്നെ ഇങ്ങനെ ഒരു യാത്രയ്ക്ക് ഇറങ്ങി പുറപ്പെട്ടതിൽ അവൾക്ക് യാതൊരു സങ്കോചവും തോന്നിയില്ല.

 

ബന്ധുക്കളും കൂട്ടുകാരും ഉൾപ്പെടെ എല്ലാർക്കുമുള്ള ഈവെനിംഗ് പാർട്ടിയിൽ താൻ എവിടെ എന്നൊരു ചോദ്യവും തുടർന്നുള്ള അന്വേഷണവും നടക്കും എന്നുറപ്പുള്ളതുകൊണ്ട് തന്റെ കൂട്ടുകാരെയും വീട്ടുകാരെയും മനഃപൂർവം ഈ ചടങ്ങിലേക്ക് ക്ഷണിക്കാതിരിക്കാൻ അവൾ ശ്രദ്ധിച്ചു..

 

അയാളുടെ ക്ഷണം സ്വീകരിച്ചു വന്ന തന്റെ മാതാപിതാക്കൾക്ക് ഇന്ന് ഉണ്ടായേക്കാവുന്ന വേദനയും അവളുടെ തീരുമാനത്തിലൊരു ഇളവും വരുത്തിയില്ല.

 

പേടിയോ വെപ്രാളമോ ഇല്ലാത്ത ശാന്തമായ മനസ്സോടെ അവൾ ആ ഒളിച്ചോട്ടത്തിന് ഒരുങ്ങിയിരുന്നു..

 

വിവാഹിതയായ ഒരു സ്ത്രീ അവളെ പറ്റിയൊരു നിർവചനം ആരേലും നേരത്തെ എഴുതിവെച്ചിട്ടുണ്ടാകുമോ? അവൾ എങ്ങനെ ആവണം എന്നൊരു നിർബന്ധം സമൂഹത്തിനുണ്ട് എന്നല്ലാതെ.

 

ആദ്യമൊക്കെ മധുരിക്കും പിന്നെയൊരു ചവർപ്പ് ആണ്. ഇറക്കാനും തുപ്പാനും പറ്റാത്തൊരു കനി ആരെയോ ബോധിപ്പിക്കാൻ ജീവിതകാലം മൊത്തം തൊണ്ടയിൽ കുരുക്കി ശ്വാസം കിട്ടാതെ പിടഞ്ഞോണ്ട് അവൾ ജീവിക്കും. സാത്താൻ ഹവ്വക്ക് കൊടുത്ത ആദ്യപാപത്തിന്റെ വിത്ത് പോലെ..

 

പറഞ്ഞു പഴകിയതൊന്നും പറയാൻ അവൾക്ക് താല്പര്യം ഇല്ല എങ്കിലും വിവാഹം എന്നൊരു ഉടമ്പടിയിലേക്ക് പോകുന്നവരോട് പറയാൻ അവൾക്ക് ചിലതുണ്ട്.

 

വളർച്ചയുടെ യൗവനത്തിൽ ശരീരം അതിന്റെ ആവശ്യങ്ങളിലേക്ക് പോകുമ്പോൾ മറ്റു വഴികളിലൂടെ അത് നിറവേറ്റാൻ സാദ്ധ്യതകൾ ഇല്ലാതെ വരുമ്പോൾ ഉള്ളൊരു ഓപ്ഷൻ അല്ല വിവാഹം.

 

ജീവിതകാലം മൊത്തം നിനക്ക് കൂട്ടുകൂടാൻ കഴിയും എന്നുറപ്പുള്ള ഒരാളെ തിരഞ്ഞെടുക്കുക.

 

നീ ഒരു അച്ഛനും അമ്മായി അച്ഛനും വല്യച്ഛനും ആകുമ്പോഴും കൂടെ കൂട്ടിയവളെ നിനക്ക് മടുക്കരുത്.

 

അവളുടെ രൂപമോ പ്രകൃതമോ നിന്നെ അലോസരപ്പെടുത്തരുത്. കാലം വരുത്തുന്ന അവളുടെ രൂപത്തിലെ വടക്കളും ചുളിവുകളും നിന്നിലുള്ള പ്രണയത്തെ കെടുത്തരുത്.

 

ഇതൊന്നും നിനക്ക് സാധ്യമല്ലെങ്കിൽ നീ വിവാഹിതനാകരുത്…

 

വന്നുനിന്ന ട്രെയിനിലേക്ക് കയറുമ്പോൾ അവളിലേക്ക് ഒരുപാട് മുഖങ്ങൾ തെളിഞ്ഞു. ഭർത്താവ് സർക്കാർ സർവീസിലുള്ള ലീനയുടെ, കോടീശ്വരനായ വ്യവസായിയുടെ ഭാര്യ മുംതാസിന്റെ,രാഷ്ട്രീയത്തിൽ അജയ്യനായി മുന്നേറുന്ന യുവനേതാവിന്റെ നല്ല പാതി ജയന്തിയുടെ, സ്വന്തം വീട്ടിൽ സഹായത്തിനു വരുന്ന പെണ്ണ് കമലത്തിന്റെ…

 

എല്ലാരും ഒന്നേ പറയാറുള്ളൂ.. മൂപ്പർക്ക് എന്നോട് മിണ്ടാൻ മാത്രം സമയമില്ല. എപ്പോഴും തിരക്കാണ് എന്തേലും പറഞ്ഞോണ്ട് ചെന്നാൽ ദേഷ്യവും…

 

ഈ മടുപ്പിക്കുന്ന ഏകാന്തതയുടെ പുറം തോട് പൊട്ടിച്ചു പെണ്ണുങ്ങളെ ഞാൻ പോകുകയാണ്.

 

എന്റെ കുഞ്ഞുങ്ങൾ അയാളുടെ കുഞ്ഞുങ്ങൾ കൂടി ആണെന്നിരിക്കെ ഇത്രയും നാൾ ചിപ്പിക്കുള്ളിൽ മുത്തു സൂക്ഷിച്ചപോലെ കാത്തു വെച്ച അവരെ അയാൾ ഇനി സംരക്ഷിക്കട്ടെ…

 

കാലം പല തരത്തിലും പുഴു കുത്ത് വീഴ്ത്തി തുടങ്ങിയ എന്റെ ശരീരത്തിൽ ഒരു തൂവൽ സ്പർശം പോലെ തലോടാൻ അയാളുടെ ഒരു സ്വാന്തനവാക്ക് മതിയെന്ന് ഉറപ്പുണ്ടായിട്ടും അവഗണനയുടെ നെരിപ്പോടിൽ എന്നെ വലിച്ചെറിഞ്ഞു തിരക്കിന്റെ സുഖശീതളിമയിലേക്ക് ഊളയിടുന്ന അയാളുടെ കപടതയ്ക്ക് കരണത്തൊരു അടി കൊടുത്തു ഞാൻ ഒളിച്ചോടുകയാണ്.

 

വേഗത്തിൽ ഓടി തുടങ്ങിയ ട്രെയിനൊപ്പം അവളും യാത്ര തുടരുകയാണ് വരും തലമുറ എങ്കിലും വിവാഹം എന്ന ഏറ്റവും വലിയ കള്ളത്തെ പൊളിച്ചടുക്കും എന്നുറപ്പിച്ചുകൊണ്ട് ആ യാത്ര കഴിയുന്നിടത്തോളം നീളട്ടെ..

 

അവളുടെ ഒളിച്ചോട്ടകഥ വായിച്ചു കല്ലെറിയാൻ നിൽക്കുന്ന മുഖം മൂടികളെ നിങ്ങൾ ഞാൻ പറഞ്ഞത് കള്ളം എന്ന് പറയുന്നുണ്ടെങ്കിൽ നിങ്ങൾ ഒരാൾ ഒഴിച്ചു നിങ്ങൾക്ക് ചുറ്റുമുള്ള ഒരുപാട് പേര് കൺ തുടയ്ക്കുന്നത് നിങ്ങൾ കാണാതിരുന്നിട്ടാണ്

Leave a Reply

Your email address will not be published. Required fields are marked *