(രചന: പ്രജിത്ത് സുരേന്ദ്രബാബു)
“വേണ്ട.. ഇനി മുതൽ ജീൻസും ടി ഷർട്ടും ഒന്നും ഇട്ട് കോളേജിൽ പോകേണ്ട .. ചുമ്മാസീൻ കാണിക്കാനായിട്ട്.. ചുരിദാർ ഇട്ട് പോയാൽ മതി ഇനി മുതൽ ”
രാഹുലിന്റെ സ്വരത്തിൽ പെട്ടെന്ന് കടുപ്പം നിറഞ്ഞത് പെട്ടെന്ന് മനസിലാക്കി മീനു.
” അതെന്താ ചേട്ടാ ജീൻസും ടോപ്പും ഇട്ടാല്.. ഇതൊക്കെ എല്ലാരും ഇടുന്ന ഡ്രസ്സ് അല്ലെ.. ”
വിട്ടുകൊടുക്കുവാൻ അവളും തയ്യാറായില്ല. അതോടെ രാഹുലിന് അരിശം മൂത്തു.
” എല്ലാരും ഇടുന്നു ന്ന് വച്ചിട്ട്…… വേണ്ട നീ ഇനി അതൊന്നും ഇടേണ്ട.. അത് മാത്രമല്ല ശരീരത്തിൽ പറ്റിച്ചേർന്നുള്ള ഒരു ഡ്രെസ്സും വേണ്ട.. മര്യാദക്ക് നടന്നാൽ മതി.. ഇനി മുതൽ.. ”
“ഇതെന്ത് കഷ്ടമാണ്.. ഇഷ്ടമുള്ള ഡ്രസ്സ് ധരിക്കാനും എനിക്ക് ഫ്രീഡം ഇല്ലേ..”
വല്ലാത്ത വിഷമം തോന്നി മീനുവിന്.
” വേണ്ട ന്ന് പറഞ്ഞില്ലേ.. ഈ പറ്റി ചേർന്നുള്ള ഡ്രസ്സ് ഒക്കെ ഇട്ടാൽ കാണുന്നൊരു നോക്കി വെള്ളം ഇറക്കും എന്തിനാ ചുമ്മാ… മര്യാദക്ക് ഉള്ള ഡ്രസ്സ് ധരിച്ചാൽ മതി ഇനി… നിന്റെ കാര്യങ്ങൾ ഇനി മുതൽ ഞാനും ശ്രദ്ധിക്കും.. ”
രാഹുൽ വിട്ടു കൊടുത്തില്ല..അതോടെ മറുപടിയൊന്നും പറയാതെ ദേഷ്യത്തിൽ കോൾ കട്ട് ചെയ്തു മീനു.
രാഹുലിന്റെയും മീനുവിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞിട്ട് രണ്ടാഴ്ചയെ ആയിട്ടുള്ളു. എന്നാൽ നിശ്ചയം കഴിഞ്ഞ അന്ന് മുതൽ അവളുടെ കാര്യങ്ങളിൽ രാഹുൽ അനാവശ്യമായ ശ്രദ്ധ ചെലുത്തി തുടങ്ങിയിരുന്നു. ഫേസ് ബുക്ക് ഇൻസ്റ്റാഗ്രാം പാസ്വേർഡുകൾ വേണം. അവളുടെ വാട്ട്സപ് ചാറ്റ് അവന്റെ ഫോണിൽ കൂടി ലിങ്ക് ചെയ്യണം അത് പോലെ അതിടരുത് ഇതിടരുത്.. അവരോട് മിണ്ടരുത്… രാത്രി പത്ത് മണിക്ക് ശേഷം ഫോൺ ഉപയോഗിക്കരുത്.. അങ്ങിനെ കുറെയേറെ നിർദേശങ്ങൾ.. ആദ്യമൊക്കെ അത് സ്നേഹം കൊണ്ടാണെന്നു കരുതി മീനു. എന്നാൽ ദിവസങ്ങൾ കഴിയും തോറും രാഹുലിന്റെ പെരുമാറ്റങ്ങൾ അവളെ കൂടുതൽ അസ്വസ്ഥയാക്കി തുടങ്ങി.
അമ്മയോട് അവൾ ഈ കാര്യം സൂചിപ്പിച്ചതാണ്.
” അതൊന്നും വല്യ കാര്യമല്ല മോളെ.. അവന് നിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ഉണ്ട് അതാകും.. അത് സ്നേഹക്കൂടുതൽ കൊണ്ടാണ് മോള് ഒന്നും തെറ്റായി കാണേണ്ട. ”
അമ്മയുടെ ഈ മറുപടി പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് മീനു കാര്യങ്ങൾ അവതരിപ്പിച്ചത്.
” എടീ കേട്ടിടത്തോളം ആള് ഇച്ചിരി ഓവർ ആണ്. നീ ഒന്ന് നല്ലോണം ആലോചിക്ക് കേട്ടോ . ഭാവിയിൽ തലവേദന ആകാൻ പാടില്ലല്ലോ.. ”
കൂട്ടുകാരിയുടെ അഭിപ്രായം കേൾക്കെ ആകെ ആശയക്കുഴപ്പത്തിലായി മീനു.
” എടീ എന്താ ഞാൻ ഇപ്പോ ചെയ്യുക.. വീട്ടിൽ അമ്മയോട് കാര്യം പറഞ്ഞു പക്ഷെ ഇതൊക്കെ സാധാരണ ഇങ്ങനെയാണെന്നാണ് അമ്മ പറയുന്നത്. അച്ഛനോട് ഇങ്ങനുള്ള കാര്യങ്ങൾ പറയാൻ എനിക്കൊരു ധൈര്യം ഇല്ല. നിനക്ക് അറിയാലോ അച്ഛന്റെ പണ്ട് മുതലേ ഒരു മുരടൻ സ്വഭാവമാണ്. ഇതെങ്ങാനും പറഞ്ഞോണ്ട് ചെന്നാൽ എന്നെ ഓടിച്ചിട്ട് തല്ലും ”
അവളുടെ വിഷമം കേൾക്കെ കൂട്ടുകാരിയും ആശയക്കുഴപ്പത്തിലായി.
“എന്തായാലും നമുക്ക് നാളെ രാവിലെ സംസാരിക്കാം.. ആലോചിച്ചു ഒരു നല്ല തീരുമാനം എടുക്കാം. നീ ടെൻഷൻ ആകേണ്ട.. പോയി ഉറങ്ങ് സമയം കുറെ ആയില്ലേ എനിക്കും ഉറക്കം വരുന്നു..”
കൂട്ടുകാരി കോൾ കട്ട് ആക്കവേ പതിയെ ബെഡിലേക്ക് കിടന്നു മീനു അപ്പോഴേക്കും രാഹുലിന്റെ കോൾ വന്നു. മടിച്ചു മടിച്ചാണവൾ ആ കോൾ അറ്റന്റ് ചെയ്തത്.
” ഇതെന്താ മീനു മുന്നേ വിളിച്ചപ്പോ കോൾ വെയ്റ്റിംഗ് പറഞ്ഞത്. ഈ പത്തുമണി സമയത്ത് നീ ആരെ വിളിക്കുകയായിരുന്നു ”
കോൾ എടുത്ത പാടെ രാഹുലിന്റെ ചോദ്യം അതായിരുന്നു.
” അത് ചേട്ടാ.. എന്റെ ഫ്രണ്ട്സ് അതുല്യ… അവളുമായി സംസാരിച്ചതാ.. ”
മീനുവിന്റെ മറുപടി രാഹുലിനെ തൃപ്തനാക്കിയില്ല.
” സമയം എത്രയായെന്നാ വിചാരം. എന്താ പാതിരാത്രി ഇത്രയ്ക്ക് സംസാരിക്കാൻ. അവളുമാരെ ഒന്നും നിയന്ത്രിക്കാൻ ആരും ഉണ്ടാകില്ല. പക്ഷെ നിന്റെ കാര്യം അങ്ങിനെയാണെന്ന് കരുതരുത്.”
സംസാര ശൈലിയിൽ മാറ്റമൊന്നുമില്ല എന്ന് കണ്ടതോടെ കൂടുതൽ അസ്വസ്ഥയായി മീനു.
” ഇതെന്താ ചേട്ടാ ഇങ്ങനൊക്കെ.. ഒരു കോൾ വന്നാൽ അത് അറ്റന്റ് ചെയ്യാൻ പ്രത്യേകിച്ച് സമയം ഒക്കെ ഉണ്ടോ.. ”
” ആ… ഇപ്പോ എന്നോട് തർക്കുത്തരം പറയുകയാണോ നീ.. പാതിരാത്രി ഫോണിൽ സൊല്ലുന്നതൊന്നും കുടുംബത്തിൽ പിറന്ന പെൺപിള്ളേർക്ക് ചേർന്നതല്ല.. വളർത്തു ദോഷം.. അല്ലാതെ എന്ത് പറയാൻ..”
ഇത്തവണ രാഹുലിന്റെ സ്വരം അല്പം അതിരു കടന്നിരുന്നു.
” ചേട്ടൻ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ പറയരുത്.. ഇതൊന്നും നാട്ടിൽ നടക്കാത്ത കാര്യം അല്ല പണ്ടത്തെ കാലമൊന്നുമല്ല ഇപ്പോൾ.. അത് ഓർമ വേണം.. ”
മീനുവിനും ചെറിയ വാശിയായി അതോടെ അവരുടെ സംസാരം ചെറിയ തർക്കത്തിലേക്ക് തിരിഞ്ഞു.
” ശെരി..ശെരി.. ഞാനൊന്നും പറയുന്നില്ല.. നിന്റെ ഇഷ്ടം.. തോന്നിയത് പോലെ ആയിക്കോ.. ഏതവനോട് വേണേലും സൊല്ലിക്കോ..”
ഒടുവിൽ അത്രയും പറഞ്ഞു രാഹുൽ കോൾ കട്ട് ആക്കുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ കുഴഞ്ഞു മീനു. വല്ലാത്ത അമർഷമായിരുന്നു അവളുടെയുള്ളിൽ. ഒപ്പം ഇത്തരത്തിൽ ഒരാളുമായൊരു കുടുംബ ജീവിതം എങ്ങിനെ മുന്നോട്ട് കൊണ്ട് പോകും എന്നതിൽ വല്ലാത്ത ആശങ്കയും ഉണ്ടായിരുന്നു. ആ ആശങ്ക അന്നത്തെ രാത്രിയിൽ അവളുടെ ഉറക്കം കെടുത്തി.
പിറ്റേന്ന് രാവിലെ മുതൽ ആകെ നിരാശയിലായിരുന്നു മീനു.
” എന്റെ കൊച്ചേ.. ഇതൊക്കെ വെറുതെ തോന്നുന്നതാ.. അവൻ നല്ല ചെക്കനാ.. കെട്ടി കഴിയുമ്പോ ഇതെല്ലാം താനെ മാറിക്കോളും.. ”
അമ്മ ഇടയ്ക്കിടക്ക് പറയുന്നുണ്ടായിരുന്നു. അന്നേ ദിവസം രാഹുലിന് പതിവ് ഗുഡ് മോർണിംഗ് മെസേജു പോലും അയക്കാൻ നിന്നില്ല മീനു. വാശിയിൽ ആയതിനാലാകും രാഹുലും തിരികെ മെസേജ് ഒന്നും അയച്ചില്ല. സമയം ഉച്ചയോടടുക്കുമ്പോഴാണ് അച്ഛൻ പുറത്ത് പോയിട്ട് വന്നത്.
” അവളെവിടെ… ”
വന്ന പാടെ ഉള്ള ആ ചോദ്യം കേൾക്കേ പെട്ടെന്ന് മുറിയിൽ നിന്നും പുറത്ത് വന്നു മീനു. ഒറ്റ നോട്ടത്തിൽ അച്ഛൻ അല്പം ദേഷ്യത്തിലാണെന്ന് മനസിലാക്കി അവൾ.
” നിനക്ക് എന്താ രാഹുലുമായി പ്രശ്നം.. അവൻ പറയുന്നതൊക്കെ അനുസരിക്കുവാൻ നിനക്ക് എന്തേലും ബുദ്ധിമുട്ട് ഉണ്ടോ.. ”
ആ ചോദ്യം കേൾക്കെ അറിയാതെ നിന്നുരുകി പോയി മീനു. പണ്ട് മുതലേ പരുക്കനായ അച്ഛനുമായി അല്പം അകലത്തിലാണ് അവൾ. അതുകൊണ്ട് തന്നെ അച്ഛന്റെ മുന്നിൽ മറുപടി പറയുവാൻ മീനുവിന്റെ ചുണ്ടുകൾ വിറച്ചു.
” ചോദിച്ചത് കേട്ടില്ലേ മീനു.. നിങ്ങൾ തമ്മിൽ എന്തെലും പ്രശ്നം ഉണ്ടോ. ”
അച്ഛന്റെ ശബ്ദം ഉയർന്നു തുടങ്ങിയിരുന്നു.
” ഒന്നുമില്ല.. അവൻ എന്തോ ഇവളോട് പറഞ്ഞു അത് ഇഷ്ടപ്പെടാത്തത് കൊണ്ട് ഇവളും തിരിച്ചു എന്തോ പറഞ്ഞു അത്രയേ ഉള്ളു അല്ലാണ്ട് പ്രശ്നം ഒന്നുമില്ല ”
അമ്മ ഇടയ്ക്ക് കയറിയത് അല്പം ആശ്വാസമായി തോന്നി മീനുവിന് എന്നാൽ അച്ഛൻ വിടാൻ തയ്യാറല്ലായിരുന്നു
” മീനു. നിന്നോട് ആണ് ഞാൻ ചോദിക്കുന്നത്. രാഹുലിനോട് എന്തേലും ഇഷ്ടക്കേട് ഉണ്ടോ നിനക്ക്.. എന്താ ന്ന് വച്ചാൽ തുറന്ന് പറയ് എന്നെ ദേഷ്യം പിടിപ്പിക്കാതെ ”
ഇത്തവണ മീനു നല്ലത് പോലെ പതറി. ഇനി മൗനം വെടിഞ്ഞേ മതിയാകു എന്ന് മനസിലായി അവൾക്ക്.
” അ.. അത് അച്ഛാ.. എനിക്ക്.. രാഹുലേട്ടന്റെ സ്വഭാവം.. എന്തോ ഒരു.. ”
മറുപടി പറയാൻ ശ്രമിച്ചെങ്കിലും വാക്കുകൾ തൊണ്ടയിൽ കുടുങ്ങി അതോടെ അറിയാതെ പൊട്ടിക്കരഞ്ഞു പോയി അവൾ.
” മോളെ.. എന്താ ഇത്.. ഈ ചെറിയ കാര്യം ഒക്കെ ഇങ്ങനെ സീരിയസ് ആക്കണോ.. നിങ്ങടെ വിവാഹ നിശ്ചയം വരെ കഴിഞ്ഞതാ.. ഇനീപ്പോ കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്തെ പറ്റു… എല്ലാം പതിയെ ശെരിയാകും..”
അമ്മ വന്നു ചേർത്തു പിടിക്കുമ്പോൾ നിസഹായയായി മീനു.
” എനിക്ക് വയ്യ അമ്മേ.. രാഹുലേട്ടന്റെ സ്വഭാവം എന്തോ പോലെയാണ് എന്നെ കൊണ്ട് പറ്റുന്നില്ല ”
“മോളെ അതൊക്കെ തോന്നലാണ്. ഞാൻ പറഞ്ഞില്ലേ കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്തെ പറ്റു നമ്മൾ. അടുത്ത ആഴ്ച വിവാഹ തീയതി എടുക്കാൻ നിൽക്കുവാ അത് ഓർമ വേണം നിനക്ക് ”
അവളുടെ അമ്മയ്ക്കും വേവലാതിയേറി
” എന്ത് അഡ്ജസ്റ്റ്മെന്റ് ആണ്…വിവാഹ നിച്ഛയം കഴിഞ്ഞെന്ന് വച്ച്.. ഇനി എന്റെ മോള് അവന് അടിമ ആകണമെന്നുണ്ടോ.. ”
അപ്രതീക്ഷിതമായ അച്ഛന്റെ ആ മറു ചോദ്യം മീനുവിനെ ഞെട്ടിച്ചു. അതിശയത്തോടെയുള്ള അവളുടെ നോട്ടം കാൺകേ പതിയെ അരികിലേക്ക് ചെന്ന് അയാൾ.
” അച്ഛൻ എപ്പോഴും ഒരു പരുക്കൻ ആണ്. നിന്നോട് ഇന്നേവരെ ഒരു പരിധിവിട്ട് സ്നേഹം കാണിച്ചിട്ടില്ല ഞാൻ. ഞാൻ ഇങ്ങനൊക്കെ ആയിപ്പോയി. പക്ഷെ എന്റെ മോള് ഒരു വിഷമത്തിലാണ് എന്നത് പറയാതെ തന്നെ മനസിലാക്കാൻ അച്ഛന് കഴിയും. വിവാഹ നിച്ഛയത്തിനു ശേഷം നിന്റെ മുഖത്ത് കണ്ട വാട്ടത്തിൽ നിന്ന് ഞാൻ മനസിലാക്കി നിങ്ങൾ തമ്മിൽ എന്തോ പ്രശ്നം ഉണ്ട് എന്ന്. ഇന്ന് അവൻ എന്നെ വിളിച്ചിരുന്നു നിന്നെ പറ്റി നൂറു കുറ്റം പറയാൻ ഒപ്പം വളർത്തു ദോഷം എന്നൊരു വിശേഷണം കൂടി. അതോടെ എനിക്ക് ഒരു കാര്യം മനസിലായി മനസിലായി പ്രശ്നം അവന് തന്നെയാണ്. നിച്ഛയം കഴിഞ്ഞു ദിവസങ്ങൾ മാത്രം കഴിയവേ ഇതാണ് സ്ഥിതി എങ്കിൽ ഭാവിയെ പറ്റി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.. അതുകൊണ്ട് മോൾക്ക് താത്പര്യം ഇല്ലേൽ നമുക്ക് ഇത് ഇവിടെ വച്ച് നിർത്താം.. ”
അച്ഛന്റെ പറഞ്ഞു നിർത്തുമ്പോൾ കേട്ടതൊക്കെയും വിശ്വസിക്കുവാൻ കഴിയാതെ അങ്ങിനെ നോക്കി നിന്നു പോയി മീനു.
” നിങ്ങൾ എന്താണ് മനുഷ്യാ ഈ പറയുന്നേ.. നിശ്ചയം കഴിഞ്ഞ ശേഷം ഇപ്പോ ബന്ധം വേണ്ട ന്ന് വയ്ക്കാനോ.. നാട്ടുകാരോടും ബന്ധുക്കളോടും എന്ത് സമാധാനം പറയും നമ്മൾ.. ”
അമ്മ ആകേ വേവലാതിയോടെ അത് ചോദിക്കുമ്പോൾ അച്ഛന്റെ മുഖത്ത് പുഞ്ചിരിയാണ് തെളിഞ്ഞത് എന്ന് ശ്രദ്ധിച്ചു മീനു.
” എടോ. എന്റെ കുടുംബം നോക്കുന്നത് ഞാൻ ആണ് അല്ലാതെ നാട്ടുകാർ അല്ല. അവൻ ആള് സൈക്കോ ആണ്. ഇങ്ങനൊരുത്തന്റെ കയ്യിൽ എന്റെ കൊച്ചിനെ പിടിച്ചു കൊടുത്തിട്ട് അവസാനം അവള് എന്തേലും കടുംകൈ ചെയ്താൽ ആര് സമാധാനം പറയും. അപകടം വന്നിട്ട് കരയുന്നതിനേക്കാൾ അപകടം വരാതെ ഒഴിവാക്കുന്നതാണ് നല്ലത്.. എന്റെ കൊച്ചിന്റെ ഭാവി കൂടി എനിക്ക് നോക്ക്യേ പറ്റുള്ളൂ..”
അച്ഛന്റെ ആ മറുപടി മീനുവിനെ ഏറെ സന്തോഷിപ്പിച്ചു.
” അച്ഛാ.. ”
പൊട്ടിക്കരഞ്ഞു കൊണ്ടവൾ ഏറെ നാളുകൾക്ക് ശേഷം അച്ഛന്റെ മാറോടു ചേർന്നു. ആ കരവലയത്തിൽ താൻ ഏറെ സുരക്ഷിതയാണ് എന്ന് ഉറച്ചു വിശ്വസിച്ചു അവൾ.
” മോള് വിഷമിക്കേണ്ട… അവനോട് പോകാൻ പറയ്.. നിനക്ക് പറ്റിയ ചെക്കനെ നിന്റെ ഇഷ്ടം കൂടി നോക്കി തന്നെ അച്ഛൻ കണ്ടുപിടിച്ചു തരാം..”
അവളുടെ അച്ഛന്റെ മിഴികളിലും നീര് പടർന്നു. അമ്മയുമപ്പോൾ സന്തോഷത്താൽ കരയുകയായിരുന്നു. കാരണം അച്ഛനെയും മോളെയും ഇതുപോലെ ഒരുമിച്ചു സ്നേഹത്തോടെ കാണാൻ അവർ ഒരുപാട് ആഗ്രഹിച്ചിരുന്നു.
പിന്നങ്ങോട്ട് വല്ലാത്തൊരു ധൈര്യമായിരുന്നു മീനുവിന് മുറിയിലേക്ക് ചെന്ന പാടെ രാഹുലിന്റെ നമ്പറിലേക്ക് കോൾ ചെയ്‌തു അവൾ.
” മ്.. എവിടേ അഴിഞ്ഞാടാൻ പോയേക്കുവായിരുന്നു. രാവിലെ മുതൽ കണ്ടില്ലലോ.. ”
കോൾ എടുത്ത പാടെ ആകെ പുച്ഛത്തോടെയാണ് രാഹുൽ സംസാരിച്ചു തുടങ്ങിയത്.
” അഴിഞ്ഞാട്ടം എന്റെ തൊഴിലല്ല… ”
മീനുവിന്റെ വാക്കുകൾ അല്പം കടുത്തു.
” ആയിക്കോട്ടെ.. അത് മനസിലായി എനിക്ക്.. നിന്റെ അച്ഛനെ വിളിച്ചു ഞാൻ. തന്തയും കൊള്ളാം മോളും കൊള്ളാം.. വകതിരിവ് ഇല്ലാത്ത ടീംസ്.. എന്റെ വിധി അല്ലാതെന്ത് പറയാൻ.. ”
വിട്ടുകൊടുത്തില്ല രാഹുൽ.
” അയ്യോ.. അത്രക്ക് കഷ്ടപ്പെട്ട് ഇയാള് ഞങ്ങളെ സഹിക്കേണ്ട.. തന്റെ പാട് നോക്കി പൊയ്ക്കോ.. ”
അപ്രതീക്ഷിതമായ മീനുവിന്റെ ആ മറുപടി രാഹുലിന് നടുക്കമായി
” എന്തുവാടീ നീ പറഞ്ഞത്. പാട് നോക്കി പോകാനോ.. ഇതൊക്കെ എന്തോന്ന് സംസാരം ഭർത്താവ് ആകാൻ പോകുന്നവനോട് പറയേണ്ട ഭാഷ ആണോ ഇത്. ”
അരിശം മൂത്ത് തുള്ളി അവൻ.
” ഭർത്താവാക്കാൻ ഉദ്ദേശം ഉണ്ടേൽ അല്ലെ ബഹുമാനം കാണിക്കേണ്ടതുള്ളു.. എനിക്ക് ആ ഉദ്ദേശം ഇല്ല.. രണ്ടാഴ്ച കൊണ്ട് തന്നെ മതിയായി.. എന്നെ വിട്ടേക്ക്. ”
ഇത്തവണ ഒന്ന് നടുങ്ങി രാഹുൽ.
” വിട്ടേക്കാനോ. എവിടേ വിടാൻ നീ ഇനി എന്റെ ഭാര്യ തന്നെയാണ് നമ്മുടെ നിച്ഛയം വരെ കഴിഞ്ഞു. ഇനി മര്യാദക്ക് ഞാൻ പറയുന്നത് കേട്ട് ജീവിച്ചോ.. ”
ആ മറുപടി കേൾക്കെ അരിശം കയറി മീനുവിന്
” എടോ.. ഭാര്യയെന്നത് ജീവിതകാലം മുഴുവൻ തന്റെ അടിമയാണ് എന്നുള്ള വിചാരം ആദ്യം കളയണം.. സൈക്കോ.. തനിക്ക് ഭ്രാന്ത് ആണ്.. ആദ്യം അതിനു ചികിൽസിക്ക്… എന്നിട്ട് പെണ്ണുകെട്ടാൻ നടക്ക് .. എന്തായാലും നമ്മുടെ ബന്ധം ഇവിടെ തീരുന്നു. ഇനി മേലിൽ എന്നെ വിളിച്ചു പോകരുത്. ബാക്കി കാര്യങ്ങൾ എന്റെ വീട്ടുകാർ അറിയിക്കും. ഇനി എന്നെ ശല്യം ചെയ്യാൻ വന്നാൽ പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റ് കൊടുക്കും ഞാൻ.. വയ്ക്കുവാ. ഗുഡ് ബൈ. ”
മറുപടിക്ക് കാക്കാൻ നിന്നില്ല കോൾ കട്ട് ആക്കി മീനു. ശേഷം വേഗം തന്നെ രാഹുലിന്റെ നമ്പർ ബ്ലോക്കും ചെയ്തു. ബെഡിലേക്ക് ചായുമ്പോൾ വല്ലാത്ത സംതൃപ്തി തോന്നി അവൾക്ക് എന്തോ വലിയ ഭാരം ഇറക്കി വച്ചത് പോലെ ആ സമയം പുറത്ത് അച്ഛന്റെ ഫോണിലേക്ക് ചറപറാ കോളുകൾ വരുന്നതും തർക്കങ്ങൾ നടക്കുന്നതും എല്ലാം ശ്രദ്ധിച്ചു അവൾ. ഒരു കാര്യം ഉറപ്പായിരുന്നു എന്ത് വന്നാലും അച്ഛന്റെ തനിക്കൊപ്പം ഉണ്ടാകും എന്നത്. ഒരു മോൾക്ക് ധൈര്യം പകരാൻ ഇതിനപ്പുറം എന്താണ് വേണ്ടത് ..
അങ്ങിനെ ജീവിതത്തിലെ ഒരു പ്രധാന തീരുമാനം വളരെ യുക്തിപരമായി തന്നെ എടുക്കാൻ കഴിഞ്ഞ സംതൃപ്തിയിൽ അങ്ങിനെ കിടന്നു അവൾ.