പ്രണയ നൊമ്പരം
(രചന: ഭാവനാ ബാബു)
രാത്രിയിൽ എന്നെ കെട്ടിപ്പുണരാനായി വന്ന ഉമയുടെ കൈകൾ തട്ടി മാറ്റുമ്പോൾ അവൾ അതിശയത്തോടെ ചോദിച്ചു
“എന്തു പറ്റി ശ്രീയേട്ടാ, ഇന്നാകെ മൂഡ് ഓഫ് ആണല്ലോ “?
എന്റെ ടെൻഷന്റെ യഥാർത്ഥ കാരണം അവൾ അറിയരുതെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു.
” ഉമേ എനിക്കെന്തോ വല്ലാത്ത ക്ഷീണം …മേലാകെയൊരു വേദന പോലെ,ഒരു ലോങ്ങ് ഓട്ടം ഉണ്ടായിരുന്നു..ചിലപ്പോൾ അതിന്റെതാകും….”
ഞാൻ അവൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു….
“ഉം നല്ല ആളാ, എനിക്ക് ജോലി കിട്ടിയപ്പോൾ നമ്മൾ തമ്മിൽ ഒരു കരാർ ഉണ്ടാക്കിയതൊക്ക മറന്നു ല്ലേ? ശനിയാഴ്ച ദിവസം നമ്മുടെ ടെൻഷനും, വിഷമങ്ങളും ഒക്കെ മാറ്റി വച്ച്, നമ്മുടേതായ കുറച്ചു നല്ല നിമിഷങ്ങൾ പരസ്പരം പങ്ക് വയ്ക്കുമെന്ന്…. ഇത്രയും നാൾ നമ്മളതൊക്കെ ആസ്വദിച്ചിരുന്നു… സത്യം പറഞ്ഞാൽ ഈ ദിവസത്തിനോടുള്ള കൊതി നമുക്ക് രണ്ടു പേർക്കും ഉണ്ടായിരുന്നുന്ന് ”
അവളുടെ ഒരൽപ്പം കുസൃതിയും, നാണവും കലർന്ന വാക്കുകൾ ഞാൻ കേട്ടതായി ഭാവിച്ചില്ല….
“ശ്രീയേട്ടൻ ഉറങ്ങിയോ? അവളിപ്പോഴും കാത്തിരിപ്പിലാണെന്ന് എനിക്ക് മനസ്സിലായി
“ഇല്ല… നീ പറയുന്നത് ഞാൻ കേൾക്കുന്നുണ്ട് ”
“എന്നാ പിന്നേ ഒന്ന് മൂളിക്കൂടെ….ഏട്ടാ…”
“എടോ …. എനിക്കത്രക്ക് വയ്യാത്തത് കൊണ്ടാണ്…. അല്ലാതെ വേറെ ഒന്നുമില്ല ”
“ഈശ്വര, ഇനി വല്ല പനിയും ഉണ്ടോ? പെട്ടെന്നാണവൾ പിടഞ്ഞെണീറ്റ് എന്റെ നെറ്റിയിലും, നെഞ്ചത്തുമൊക്കെ കൈ വച്ചു നോക്കിയത്.
“ഏയ് പനിയൊന്നുമില്ലല്ലോ.ദേഹമൊക്കെ നല്ലോം തണുത്തിരിക്കുന്നു ”
അവളുടെ ടെൻഷൻ കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി…
ഞാൻ ഒന്നും പ്രതികരിക്കുന്നില്ലെന്ന് തോന്നിയപ്പോൾ കട്ടിലിന്റെ ഓരം ചേർന്ന് അവൾ മിണ്ടാതെ കിടന്നു… ഞാനിടക്കൊന്നു ഉറക്കം പിടിച്ചു വന്നപ്പോൾ പെട്ടെന്നായിരുന്നു അവളുടെ ചോദ്യം
“അല്ല ശ്രീയേട്ടാ, മോന്റെ സ്കൂളിൽ പുതുതായി വന്ന ആതിര ടീച്ചറെ ഏട്ടന് അറിയില്ലേ. നമ്മളിന്ന് പേരെന്റ്സ് മീറ്റിങ്ങിനു കണ്ട ടീച്ചർ “?
ആ പേര് കേട്ടതും ദേഷ്യം കൊണ്ട് എന്റെ ദേഹമാസകലം അരിച്ചു കേറി. എന്നിട്ടും ഞാനൊന്നും മറുത്ത് പറഞ്ഞില്ല.
“ഏട്ടൻ ഞാൻ പറയുന്നത് വല്ലോം കേൾക്കുന്നുണ്ടോ?”
” ആ നീ പറയ് ” ഒരൽപ്പം നീരസത്തോടെ ഞാൻ പറഞ്ഞു .
” ടീച്ചർ ഏട്ടന്റ സ്കൂളിലാണ് പഠിച്ചത്… ചിലപ്പോ ഒന്നോ രണ്ടോ വർഷം ജൂനിയർ ആയിരിക്കും ഇത്രേം സുന്ദരിയായൊരു പെങ്കൊച്ചിനെ ഏട്ടൻ കാണാതിരിക്കാൻ വഴിയില്ല ”
അവളുടെ കൊള്ളി വച്ച സംസാരം എനിക്കത്ര പിടിച്ചില്ല…..
“പിന്നേ പഠിക്കണ സമയത്ത് കണ്ണിൽ കണ്ട പെമ്പിള്ളേരെ വായ്നോക്കുന്നതായിരുന്നു എന്റെ പണി. എന്റെ ഉമേ നീയൊന്നുറങ്ങാൻ നോക്ക് വേഗം ”
പിന്നെയും ഉമ അവളെ പറ്റി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു… അങ്ങനെ ഒടുവിൽ അവൾ ഉറങ്ങിയെന്നു മനസ്സിലായപ്പോൾ ഞാൻ മെല്ലെ കട്ടിൽ വിട്ടേഴുന്നേറ്റു….
ശബ്ദം ഉണ്ടാക്കാതെ അലമാരി തുറന്നു. ഏറ്റവും താഴത്തെ ഷെൽഫിൽ വർ ഷങ്ങളായി ആരും കാണാതെ ഞാനൊളി പ്പിച്ചു വച്ചൊരു കുഞ്ഞു പെട്ടിയുണ്ടായിരുന്നു.അത് തുറന്ന് അതിനുള്ളിലെ കത്തെടുത്തു . പതിനഞ്ച് വർഷമായി സൂക്ഷിച്ചു വയ്ക്കുന്ന എന്റെ ഭദ്രന്റെ അവസാനത്തെ ശേഷിപ്പ്.
ഇന്നും ആ ദിവസം എന്റെ മനസ്സിൽ മായാതെ കിടപ്പുണ്ട്…..
സ്കൂളിൽ എല്ലാവരും പഠിക്കാൻ വരുമ്പോൾ, എന്റെ കാത്തിരിപ്പ് മുഴുവൻ ഉച്ചയ്ക്ക് കിട്ടുന്ന കഞ്ഞിക്കും , പയറിനും വേണ്ടിയാണ്… മഴക്കാലത്ത് അതിന് ഇച്ചിരി കൊതി കൂടും..
“എടാ ശ്രീയേ നീയൊന്നിങ്ങോട്ടേക്ക് വന്നേ ”
കഞ്ഞിയ്ക്ക് ക്യൂ നിൽക്കുകയായിരുന്ന എന്നേം വലിച്ചു കൊണ്ട് ഭദ്രൻ പോയപ്പോൾ അവനെയെനിക്ക് കൊല്ലാനുള്ള ദേഷ്യമാണ് തോന്നിയത് ”
“എന്താ ഭദ്ര, നീയീ കാണിക്കുന്നത്, മനുഷ്യന് വിശന്നിട്ട് വയ്യ…. ഇനി ചെല്ലുമ്പോഴേക്കും ബെല്ലടിക്കും… ഇന്ന് ഞാൻ പട്ടിണി തന്നെ ”
അരിശത്തോടെ ഞാൻ പറഞ്ഞതൊന്നും അവന്റെ മണ്ടയിലേക്ക് കേറുന്നില്ലെന്ന് എനിക്ക് മനസ്സിലായി
“നിന്റെയൊരു വിശപ്പ്…. വൈകീട്ട്, സോമേട്ടന്റെ കടേന്ന് നിനക്ക് വയറു നിറയെ ബറോട്ടയും, ചിക്കനും വാങ്ങിത്തരാം പോരെ?
ബറോട്ടയും, ചിക്കനും എന്ന് കേട്ടപ്പോൾ എന്റെ വായിൽ കൊതി കൊണ്ട് വെള്ളം നിറഞ്ഞു…. ഭദ്രൻ വാക്ക് പറഞ്ഞാൽ വാക്കാണ്. അത് കൊണ്ട് അവന്റെയൊപ്പം ഏത് നരകത്തിലേക്ക് പോകാനും ഞാനപ്പോൾ റെഡിയായിരുന്നു….
അവനെന്നെ നേരെ കൊണ്ട് പോയത് 6 A ക്ലാസ്സിലേക്ക് ആയിരുന്നു…. ഇവനെന്താ ഇപ്പൊ ഇവിടെ കാര്യം..അപ്പോൾ ഞാനതാണ് ആലോചിച്ചത്…
എടാ ഇവിടെയെന്തോന്ന് എന്നെ കാണിക്കാൻ ഉള്ളത്? മനുഷ്യനാണേൽ പണ്ടാരം വിശന്നിട്ടും വയ്യ….
ഞാൻ പറയുന്നതൊന്നും ശ്രദ്ധിക്കാതെ അവനാരെയോ കണ്ണിമ വെട്ടാതെ നോക്കുകയാണെന്നെനിക്ക് മനസ്സിലായി…. എന്റെ കണ്ണുകളും അങ്ങോട്ടേക്ക് പാഞ്ഞു…. അപ്പോഴാണ് ഞാനും അവളെ ശ്രദ്ധിച്ചത്….
വെളുത്തു, മെലിഞ്ഞ് , മുട്ടട്ടം മുടിയുള്ളൊരു സുന്ദരിക്കുട്ടി….. ചിരിച്ചു തലയാട്ടി അവൾ ആരോടോ സംസാരിച്ചു നിൽക്കുകയാണ് . കൊള്ളാം പെൺകൊച്ചു. ചുമ്മാതല്ല ഇവനെന്നേം കൊണ്ടിങ്ങോട്ടേക്കു വന്നത്….
പെട്ടെന്നാണ്, സ്കൂളിൽ ബെല്ലടിച്ചത് …. ഇതൊന്നും ശ്രദ്ധിക്കാതെ അവൻ അവളേം നോക്കി വെള്ളമിറക്കി നിൽക്കുകയാണ്…
ഈശ്വരാ, അടുത്ത പീരിയഡ് സോഷ്യൽ പഠിപ്പിക്കുന്ന ദേവൻ മാഷിന്റെതാണ്. ക്ലാസ്സിലെത്താൻ അഞ്ച് മിനിറ്റ് വൈകിയാൽ മതി, തുടയിൽ ചൂരൽ കൊണ്ടുള്ള വര വീഴും. അതോർത്ത് ഉള്ളൊന്ന് കാളിയതും,ഞാൻ ഭദ്രന്റെ കൈയും പിടിച്ചു ക്ളാസിലേക്ക് ഓടി.മാഷ് വന്നിട്ടും ഏതോ മായാ ലോകത്ത് പെട്ടത് പോലെയായിരുന്നു അവന്റെ ഇരിപ്പ്.
ഞാനും, ഭദ്രനും അയൽക്കാരായത് കൊണ്ട് ഒരുമിച്ചായിരുന്നു ഞങ്ങളുടെ സ്കൂളി ലേക്കുള്ള പോക്കും വരവും… അവന്റെ അച്ഛന് ആശാരിപ്പണിയായിരുന്നു… അമ്മയും അച്ചനും, പിന്നെ അനിയനും അതായിരുന്നു അവന്റെ കൊച്ചു കുടുംബം.
പിറ്റേദിവസം ഭദ്രനെ സന്തോഷിപ്പിക്കുന്ന ചില കാര്യങ്ങളെന്റെ കൈയിലുണ്ടായിരുന്നു
“എടാ ഭദ്ര, നിന്റെ ലൈനിന്റെ ഫുൾ ഡീറ്റെയിൽസെനിക്ക് കിട്ടി. അവരൊക്കെ വലിയ ആളുകളാണെടാ. നമുക്ക് കൂട്ടിയാൽ കൂടൂല്ല..അതുമല്ല അടുത്ത വർഷം ഹൈസ്കൂളിലെത്തിയാൽ നമ്മള് വേറെ സ്കൂളിൽ ചേരേണ്ടേ… അപ്പൊ നീയെങ്ങനെ അവളെ കാണുമെടാ”?
അവനെ ആ. ഇഷ്ടത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു.
” ഞാനെന്തോ അവളെ വല്ലാതെ ഇഷ്ടപ്പെട്ടു പോയി ശ്രീ…. സമയം കളയാതെ അവളെ പറ്റി അറിഞ്ഞ കാര്യങ്ങൾ പറയെടാ ചെക്കാ ”
അവന്റെ ആവേശവും, കണ്ണുകളിലെ തിളക്കവും കണ്ടപ്പോൾ ചെക്കൻ കൈവിട്ട് പോയെന്നെനിക്ക് മനസ്സിലായി……….
എങ്കിലും അറിഞ്ഞ കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ ഞാനവനോട് പറഞ്ഞു…
“ആ കൊച്ചിന്റെ പേര് ആതിര… നമ്മുടെ സ്കൂളിൽ പുതുതായി വന്ന കണക്ക് പഠിപ്പിക്കുന്ന വാര്യര് മാഷില്ലേ, മാഷിന്റെ ഒറ്റ മോളാണ് നിന്റെ പെണ്ണ് ”
മാഷിന്റെ പേര് കേട്ടതും അവന്റെ കണ്ണിലൊരു തിളക്കം ഞാൻ ശ്രദ്ധിച്ചു…
“അതെന്തേടെ നിനക്ക് പെട്ടെന്നൊരു സന്തോഷം? വല്ല ഉഡായിപ്പും ആണേൽ മനുഷ്യനെ ആധി കേറ്റാതെ ഒന്ന് പറഞ്ഞു തൊലക്ക്”
“ഉടായിപ്പ് ഒന്നും അല്ലേടാ. ഞാൻ പണ്ടേ ക്ലാസ് ഫസ്റ്റ് ആയത് കൊണ്ട് ആ വഴി മാഷിനെ ഒന്ന് സോപ്പിടാല്ലോ എന്നോർത്തതാ”
അവൻ പറഞ്ഞത് പോലെത്തന്നെയായി പിന്നെ കാര്യങ്ങൾ…. കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അവൻ വാര്യര് മാഷിനെ കയ്യിലെടുത്തു…
“ഭദ്രാ, നിനക്ക് പഠിപ്പിക്കുന്നതിൽ എന്തേലും സംശയം ഉണ്ടെങ്കിൽ എന്റെ വീട്ടിൽ വരാം ” മാഷ് പറഞ്ഞത് കേട്ട് ഞെട്ടിയത് അവനല്ല. ഞാനായിരുന്നു.
അപ്പോൾ അത് വരെയായി കാര്യങ്ങൾ… അമ്പട കള്ളാ ഞാൻ കണ്ണ് മിഴിച്ചു ഭദ്രനെതന്നെ നോക്കിയിരുന്നു….
അപ്പോഴും അവനൊരു കൂസലും ഉണ്ടായിരുന്നില്ല..പഠിത്തവും, ആതിരയുടെ പിന്നാലെയുള്ള കറക്കവുമായി ദിവസങ്ങൾ വേഗം പൊയ്ക്കൊണ്ടിരുന്നു….
അവസാന വർഷ പരീക്ഷയുടെ അന്ന് അവൻ വളരെ വിഷമത്തിലായിരുന്നു…. അടുത്ത വർഷം മുതൽ ആതിരയെ കാണാൻ പറ്റില്ലലോ എന്നോർത്തു അവന്റെ മനസ്സ് വളരെ വിഷമിച്ചു….
സ്കൂൾ ഫസ്റ്റ് ആയിട്ടാണ് ഭദ്രൻ പാസ്സ് ആയത്. ഞാൻ കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് പറയാം…. അടുത്ത സ്കൂളിലും ഞങ്ങൾ ഒരുമിച്ചു തന്നെയായിരുന്നു… സ്കൂൾ മാറി യെങ്കിലും അവന്റെ മനസ്സിൽ അപ്പോഴും അവൾ മാത്രമായിരുന്നു….
അവളെ കാണാതെ ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയപ്പോഴാണ് അവൻ മറ്റൊരു വഴി തേടിയത്… അവളുടെ ട്യൂഷൻ ക്ലാസ്സിൽ ചേരുക… ഫീസ് കുറച്ചു കൂടുതൽ ആയിരുന്നെങ്കിലും, വാശി പിടിച്ച് അവൻ അവന്റെ അപ്പനെ കൊണ്ട് അതെല്ലാം സമ്മതിപ്പിച്ചു…
അന്ന് അവൻ പത്തിലും, അവൾ ഒൻപതിലും… ഭദ്രന് അവളോടുള്ള ആഴത്തിലുള്ള സ്നേഹം എന്നെ ഭയപ്പെടുത്തിയെങ്കിലും ഞാൻ അതിൽ നിന്നും അവനെ വിലക്കാൻ പോയില്ല. പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലെന്ന് എനിക്കറിയാം… ചിലപ്പോൾ രണ്ട് പെട കിട്ടിയാലുമായി… അത് കൊണ്ട് അവൻ പറയുന്നതൊക്കെ മിണ്ടാതെ മൂളി കേൾക്കുന്നത് എന്റെ സ്ഥിരം പരിപാടിയായി….
ആതിരയ്ക്കും അവനോട് പ്രണയമുണ്ടെന്ന് അവന്റെ വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലായി..
അങ്ങനെ നല്ല മാർക്കോടെ ഭദ്രൻ പത്താം ക്ലാസ് പാസ്സായി. ഞാൻ പതിവ് പോലെ ജസ്റ്റ് പാസ്സ്. വീട്ടിലെ കഷ്ടപ്പാടുകൾ കൊണ്ട് എനിക്ക് തുടർന്ന് പഠിക്കുവാൻ കഴിഞ്ഞില്ല. ഭദ്രൻ സെക്കന്റ് ഗ്രൂപ്പെടുത്ത് പ്രീ ഡിഗ്രിക്ക് ചേർന്നു…..
.ആതിര വളരെ പക്വതയുള്ളൊരു കുട്ടിയായിട്ടാണ് ഭദ്രന്റെ വാക്കുകളിൽ നിന്നെനിക്ക് മനസ്സിലായത്.പ്രണയിച്ചു നടക്കുമ്പോഴും പഠിത്തത്തിൽ ശ്രദ്ദിക്കാനാണ് അവൾ അവനോട് പറഞ്ഞിരുന്നത്. ഇടയ്ക്കിടെ അവൻ അവളെ കാണാനായി അമ്പലത്തിലേക്ക് പോകുമ്പോൾ എന്നെയും കൂട്ടിന് വിളിക്കുമായിരുന്നു.. മുതിർന്നതിന് ശേഷം ഞാനൊരിക്കലും അവളുടെ മുന്നിലേക്ക് പോയിട്ടില്ല…..
ഭദ്രൻ പ്രീ ഡിഗ്രി രണ്ടാം വർഷം പരീക്ഷക്ക് തയ്യാറെടുക്കുമ്പോഴാണ് കാട്ടുതീ പോലെ ആ സംഭവം നാടാകെ പടർന്നത്
അമ്പലത്തിലെ ഉത്സവത്തിന് വന്നപ്പോൾ ആതിരയും ഭദ്രനും കത്ത് കൈമാറുന്നത് ആരോ കണ്ടു പ്രശ്നമായി . അങ്ങനെ അവര് തമ്മിൽ പ്രേമത്തിലാണെന്ന കാര്യം നാടാകെ പാട്ടായി.സ്വന്തം മകൾ ഇങ്ങനെ ചെയ്തല്ലോ എന്ന ഞെട്ടലിനെക്കാൾ ഭദ്രന്റെ നെറികേടാണ് മാഷിനെ വിഷമിപ്പിച്ചത്.
എല്ലാ പ്രശ്നങ്ങളും തീർന്നത്, മാഷ് ട്രാൻസ്ഫർ വാങ്ങി ആതിരയെയും കൊണ്ട് നാട് വിട്ടപ്പോഴായിരുന്നു. ആ സങ്കടം സഹിക്കാൻ കഴിയാതെ ഭദ്രനപ്പോൾ സോമേട്ടന്റെ കടയിലെ ബെഞ്ചിലിരുന്ന് നിശബ്ദം കരയുകയായിരുന്നു….
ആതിര പോയതോടെ ഭദ്രൻ ഒന്നിലും ശ്രദ്ധയില്ലാതെ ഒരിടത്ത് തന്നെ കിടപ്പിലായി. കോളേജിൽ പോകാൻ കൂട്ടാക്കാതെ അവൻ എല്ലാരിലും നിന്ന് മാറി നടന്നു… അവൻ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്നോർത്ത് ഞാൻ ഒരു നിഴലു പോലെ എപ്പോഴും അവന്റെ പിന്നാലെ നടന്നു…
ചില നേരങ്ങളിൽ ഞാൻ അവനെ നിർബന്ധിച്ചു ഭക്ഷണം കഴിപ്പിക്കേണ്ടി വന്നു . ഉറക്കം വരുമ്പോൾ അവനെ ഞാനെന്റെ മടിയിൽ കിടത്തിയുറക്കി…
മാസങ്ങൾ കഴിയവേ അവൻ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നു…. ചിരിക്കാൻ തുടങ്ങി, സിനിമക്ക് പോകാൻ തുടങ്ങി, സായാഹ്നംങ്ങളിൽ സോമേട്ടന്റെ തട്ട് കടയിലെ ബറോട്ടയും ചിക്കനും ആസ്വദിച്ചു കഴിക്കാൻ തുടങ്ങി.
അവന്റെ മാറ്റം കണ്ടു എന്റെ മനസ്സ് നിറഞ്ഞു. പക്ഷെ അതിനൊട്ടും ആയുസ്സുണ്ടായിരുന്നില്ലെന്ന് വൈകാതെ എനിക്ക് മനസ്സിലായി.
തുലാ വർഷത്തിലെ കോരി ചൊരിയുന്ന മഴയുള്ള ദിവസം …. തണുപ്പ് കൊണ്ട് ഉറങ്ങാൻ കഴിയാതെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്…. അപ്പോഴാണ് ജനലിലൊരു മുട്ട് കേൾക്കുന്നത്… ആദ്യം കരുതി തോന്നൽ ആകുമെന്ന്…. അപ്പോഴാണ് ശ്രീ എടാ ശ്രീ ജനൽ തുറക്കെടാ എന്നാരോ പറയുന്നത്
ഈശ്വര ഇത് ഭദ്രന്റെ സ്വരമാണല്ലോ, ഇവനെന്താ ഈ പാതിരാത്രിയിലെന്നോർത്ത് ഞാൻ ജനൽപ്പാളി തുറന്നു…..
കോരിച്ചൊരിയുന്ന മഴയത്തു നനഞ്ഞു കുളിച്ചു ഭദ്രൻ….
“നിനക്കെന്താ ഭ്രാന്ത് പിടിച്ചോ…. ഇങ്ങോട്ട് കേറിവാടാ …. ഞാൻ തോർത്തുമെടുത്ത് കതക് തുറക്കാൻ തുടങ്ങിയതും അവനെന്നെ വിലക്കി….
“ശ്രീ നീ ഇങ്ങോട്ടേക്കു ഒന്ന് വന്നേ… എനിക്കൊരു കാര്യം പറയാനുണ്ട് ”
ഞാൻ ധൃതിയിൽ ജന്നാൽക്കലേക്ക് നടന്നു… അപ്പോഴാണവൻ ഒരു പെട്ടി എന്റെ നേർക്ക് നീട്ടിയത്….
എന്താടാ ഇത്?പാതി രാത്രി അതുമീ മഴയത്ത് പെട്ടിയുമൊക്കെയായി? ആശ് ചര്യത്തോടെ ഞാൻ അവനോട് ചോദിച്ചു
“നീ ഈ പെട്ടി സൂക്ഷിച്ചു വയ്ക്കണം…. ഇതിന്റെയുള്ളിലൊരു കത്തുണ്ട്…. എന്റെ ആത്മാവിൽ ഞാൻ കുറിച്ച അക്ഷരങ്ങളാണത് . എന്നെങ്കിലും എന്റെ ആതു വന്നാൽ ഇത് നീ അവളെ ഏൽപ്പിക്കണം.”
ഞാനത് വേഗം വാങ്ങിയെങ്കിലും ഭദ്രനെ കുറിച്ചോർതപ്പോൾ എനിക്കെന്തോ വല്ലാത്തോരാധി തോന്നി.
ഇതൊക്കെ എന്നെ ഏൽപ്പിച്ചു നീയെങ്ങോട്ട് പോണ്?
ആശങ്കയോടെ ഞാൻ അവനോട് ചോദിച്ചു…
“വയ്യ ശ്രീ, അവളുടെ ഓർമ്മകളുള്ള ഈ നാട്ടിലെനിക്ക് ഇനിയും നിൽക്കാൻ വയ്യ…. ഞാൻ കുറച്ചു നാളൊന്ന് മാറി നിൽക്കുകയാ.എല്ലാം ഒന്ന് നേരെയാകുമ്പോൾ ഞാനിങ്ങോട്ട് വരും ”
അവന്റെയാ നിൽപ്പും പറച്ചിലുമൊക്കെ കണ്ടപ്പോൾ എനിക്ക് ആകെയൊരു പന്തികേട് തോന്നി.
“നീയല്ലേ കുറച്ചു മുൻപ് പറഞ്ഞത്, അവൾ തിരിച്ചു വരുമെന്ന്…. അവൾ വരുമ്പോൾ നീയിവിടെ ഉണ്ടാകേണ്ടേ.. ഇങ്ങനെ ഒളിച്ചോടി പോയാൽ അതവൾക്ക് സങ്കടം ആകില്ലേ ഭദ്രാ ?”
“ശ്രീ പ്ലീസ്…. നീയൊരോന്നു പറഞ്ഞെന്നെ പിടിച്ച് വയ്ക്കല്ലേ…. നീ വിചാരിക്കുന്നത് പോലെ ഞാനൊരു കടുംകൈയും ചെയ്യില്ല…. എടാ, സത്യമായിട്ടും ഞാൻ തിരിച്ചു വരും ”
ഞാനെന്തു പറഞ്ഞിട്ടും ഒരു കാര്യവുമില്ലെന്ന് എനിക്ക് മനസ്സിലായി… അവൻ പോകാനായി തീരുമാനിച്ചുറപ്പിച്ചു വന്നതാണ്…..,
അപ്പോഴവനെയൊന്ന് കെട്ടിപിടിച്ചു കരയണമെന്നുണ്ടായിരുന്നു എനിക്ക്
“മുത്തേ എടാ ചക്കരേ തിരിച്ചു വരണേടാ .”
ഇരുട്ടിലൂടെ നടന്നു പോകുന്ന അവനോട് ഞാനുറക്കെ പറഞ്ഞു.
ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവൻ നടന്നു നീങ്ങിയത് നിറ മിഴികളോടെ ഞാൻ നോക്കി നിന്നു.
നീണ്ട പതിനഞ്ച് വര്ഷങ്ങളായി അവനാ യുള്ള കാത്തിരിപ്പിലാണ് ഞാനിന്നും..പലയിടങ്ങളിലും ഞാൻ അവനെ തിരഞ്ഞു. ഗൾഫിൽ നിന്നും വരുന്ന സുഹൃത്തുക്കളോട് പോലും ഞാനവനെ പറ്റി തിരക്കി. പക്ഷെ നിരാശയായിരുന്നു ഫലം. ഓരോ ദിവസം കഴിയുന്തോറും അവനെ കാണാത്തതിലുള്ള വേദന കാരണം ആതിരയോടുള്ള വെറുപ്പെനിക്ക് കൂടി വന്നു…..
അവളെ കാണുന്നത് ഇഷ്മില്ലെങ്കിലും, ഭദ്രന്റെ ഈ കത്ത് അവളെ ഏൽപ്പിച്ചേ പറ്റു . ഉമ പോലും അറിയാതെയാണ് ഞാനീ രഹസ്യം ഇത്ര നാളും ഒളിപ്പിച്ചു വച്ചത് ….
ഓരോന്ന് ഓർത്ത് ഞാനെപ്പോഴോ ഉറങ്ങിപ്പോയി. റിച്ചുട്ടനെ റെഡിയാക്കി ഉമ അമ്മയെ ഏൽപ്പിച്ചു. സ്കൂൾ ബസ് വരാൻ ഇനിയും സമയമുണ്ട്. ഓട്ടോയിൽ ഉമയെ ഷോപ്പിൽ കൊണ്ടാക്കി തിരിച്ചു വരുമ്പോൾ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു മനസ്സിൽ… ആതിരയെ ഒന്ന് കാണണം, ഈ കത്ത് അവളെ ഏൽപ്പിക്കണം…..
പെട്ടെന്നായിരുന്നു സ്കൂളിലേക്കുള്ള വഴിയിൽ ആതിര എന്റെ ഓട്ടോയ്ക്ക് കൈ കാണിക്കുന്നത്…. നേരത്തെ ആയിരുന്നെങ്കിൽ ഞാൻ നിർത്തില്ലായിരുന്നു.. ഇതിപ്പോൾ എന്റെ ആവശ്യമായിപ്പോയി … ഞാൻ വേഗം അവൾ ക്ക് മുന്നിലായി ഓട്ടോ ചവിട്ടിനിർത്തി…
ഓട്ടോ സ്റ്റാർട്ട് ചെയ്തു മുന്നോട്ട് പോകുന്തോറും എനിക്ക് അവളോടുള്ള കലി കൂടി വന്നു..
“ആതിരക്ക് എന്നെ അറിയാമോ “? പെട്ടെന്നുള്ള എന്റെ ചോദ്യം കേട്ടതും അവളാകെ ഒന്നമ്പരന്നു.മിററിലൂടെ എന്റെ മുഖത്തേക്ക് നോക്കി…..
എന്നെ ഒന്ന് സൂക്ഷ്മമായി നോക്കിയിട്ട് ഇല്ലെന്ന് തലയാട്ടി….
“നിനക്കെന്നെ ഓർമ്മ കാണില്ല…. അത് പോട്ടെ നിനക്കൊരു ഭദ്രനെ ഓർമ്മയുണ്ടോ നീ കാരണം ജീവിതം നഷ്ടപ്പെട്ട എന്റെ പ്രിയകൂട്ടുകാരനെ”?
ഭദ്രന്റെ പേര് കേട്ടതും അവളൊന്ന് കിടുങ്ങി… പെട്ടെന്നെന്തോ ഓർത്ത പോലെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി….
“നിങ്ങൾ ശ്രീ അല്ലെ…. ഭദ്രന്റെ കൂട്ടുകാരൻ”? അവൾ ചോദിച്ചു
അവളുടെ ഒരു പൂങ്കണ്ണീര്…. മനസ്സിൽ ദേഷ്യമൊതുക്കി പോക്കറ്റിൽ കരുതിയ കത്ത് ഞാൻ അവൾക്ക് നേരെ നീട്ടി….
“ഇതെന്താണ് ശ്രീ….”?.
കത്തിലേക്ക് നോക്കി അമ്പരപ്പോടെയവൾ ചോദിച്ചു….
“ഭദ്രൻ പോകാൻ നേരം നിനക്ക് തരാൻ വേണ്ടി എന്നെ ഏൽപ്പിച്ചതാണ്…. നീ വരുമെന്ന് അവനെന്തോ ഉറപ്പുണ്ടായിരുന്നു.. ”
വിറയ്ക്കുന്ന കൈകളോടെ അവളാ കത്ത് വാങ്ങി പൊട്ടിച്ചു വായിച്ചു….
വർഷങ്ങളായി എന്റെ കൈയിലിരിക്കുന്ന കത്താണ്… കടലാസിനു പഴക്കം വന്നിട്ടുണ്ടാകും, അക്ഷരങ്ങൾ മാഞ്ഞു തുടങ്ങിയിട്ടുണ്ടാകും…. പക്ഷെ ആ അടയാളങ്ങൾ അവൾക്ക് വായിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
അക്ഷരങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ അവൾ നിശബ്ദം കരയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു… ആ കത്തിൽ എന്തായിരിക്കും ഭദ്രൻ എഴുതിയത്.?അതോർത്തു ഞാൻ വല്ലാതെ ആസ്വസ്ഥനായി.
കത്ത് വായിച്ചു മുഴുമിപ്പിച്ചതും,അവൾ സീറ്റിലേക്ക് ചാരി വീണു….പ്രതീക്ഷയറ്റത് പോലെയായിരുന്നു അപ്പോഴവളുടെ ഭാവം….
അത് കണ്ടതും ഓട്ടോ ഞാൻ സഡ്ഡെൻ ബ്രേക്കിട്ട് നിർത്തി…..
ഓട്ടോയിലിരുന്ന വെള്ളത്തിന്റെ ബോട്ടിൽ കുടിക്കാനായി ഞാൻ അവൾക്ക് നേരെ നീട്ടി
അപ്പോഴാണ് അവളുടെ കൈയിൽ നിന്നും ഊർന്നു വീണ കത്ത് ഞാൻ കണ്ടത്. ആധി പൂണ്ട മനസ്സോടെ ഞാനതെടുത്തു വായിച്ചു
ഭദ്രൻ ഇനി വരില്ലെന്നും അവനു വേണ്ടി ആതിര കാത്തിരിക്കേണ്ടെന്നുമായിരുന്നു അതിലെ ഉള്ളടക്കം.
അത് വായിച്ചതും എന്റെ നിയന്ത്രണമാകെ നഷ്ടപ്പെട്ടു…..അവളെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നെനിക്ക്.
“നീയെന്തിനാണ് പട്ടിയപ്പോലെ ഇപ്പോഴിങ്ങനെ കിടന്ന് മോങ്ങുന്നത്?.. എന്റെ കൂട്ടുകാരനെ ഇല്ലാതെയാക്കിയപ്പോൾ നിനക്ക് സമാധാനം ആയോ? അവനിപ്പോൾ ജീവനോടെ ഉണ്ടോയെന്നു പോലും എനിക്കറിയില്ല. ഓർക്കുമ്പോൾ ഭ്രാന്ത് പിടിക്കുന്നു.അല്ലെങ്കിൽ തന്നെ നിനക്ക് എന്താണ് നഷ്ടപ്പെട്ടത്? നഷ്ടം മുഴുവൻ എനിക്കും, പിന്നെ അവന്റെ പാവം പിടിച്ച വീട്ടുകാർക്കുമല്ലേ?”
എന്റെ ആക്രോശം കേട്ടതും അവൾ മെല്ലെ തലയുയർത്തി.
“ശ്രീ എന്തൊക്കെയാണ് ഈ പറയുന്നത് ശ്രീയെ പോലെ അല്ലെങ്കിൽ അതിനേക്കാൾ വിഷമം എനിക്കുമുണ്ട്. വെറുതെയാണെങ്കിലും ഈ കാത്തിരിപ്പിനു ഒരു രസമുണ്ടായിരുന്നു…. ഇതോടെ ആ സന്തോഷവുമെനിക്ക് നഷ്ടമായി ”
“പോകുന്നതിന്റെ തലേ ദിവസം ഞങ്ങൾ തമ്മിൽ കണ്ടിരുന്നു എനിക്ക് വേണ്ടി കാത്തിരിക്കണമെന്നും, ഞാൻ വരുമെന്നും ഞാനവന് വാക്ക് കൊടുത്തതാണ്. പതിനേഴാമത്തെ വയസ്സിൽ മറ്റെന്താണ് ശ്രീ ഞാൻ ചെയ്യേണ്ടിയിരുന്നത് “?
എങ്ങലടിച്ചു കൊണ്ട് അവൾ ചോദിച്ചു
“അവൻ നാട് വിട്ടുപോയത് ഞാൻ അറിഞ്ഞിരുന്നു. അതോടെ അച്ഛനാകെ സങ്കടത്തിലായി. അവനെന്നെങ്കിലും തിരിച്ചു വരുമെന്നോർത്ത് ഞാൻ പഠിച്ചു, ജോലി വാങ്ങി.പക്ഷെ ഒന്നുണ്ട് ശ്രീ ഈ നിമിഷം വരെ അവനല്ലാതെ മറ്റൊരാൾ എന്റെ മനസ്സിലിടം പിടിച്ചിട്ടില്ല …മരണം വരെ അതിലൊരു മാറ്റവുമുണ്ടാകില്ല ”
“അവന്റെ ഓർമ്മകൾ ഉള്ള ഈ നാട്ടിലേക്ക് നമ്മുടെ സ്കൂളിലേക്ക് വരുമ്പോൾ എനിക്കൊരു പ്രതീക്ഷ ഉണ്ടായിരുന്നു… ഇപ്പോൾ അതും അവസാനിച്ചിരിക്കുന്നു. ഇനിയീ കാത്തിരിപ്പിനു എന്തെങ്കിലും അർത്ഥമുണ്ടോ? അവനെന്തിനാണ് എന്നെ ഇങ്ങനേം സങ്കടപ്പെടുത്തിയത് ?
ആതിരയുടെ ഓരോ വാക്കുകളും കൂരമ്പുകളായി എന്റെ നെഞ്ചിൽ തറച്ചുകയറി അവനു വേണ്ടി മാത്രം കാത്തിരുന്ന ആതിരയെ ഞാനെന്തിനാണ് വെറുത്തിരുന്നതെന്ന് ആ നിമിഷം ഞാൻ ചിന്തിച്ചുപോയി.അവളുടെ പ്രതീക്ഷകളെ ഒറ്റ നിമിഷം കൊണ്ട് തച്ചുടച്ച ഞാനാണിപ്പോൾ ഭദ്രനെക്കാൾ വലിയ തെറ്റുകാരനെന്നെനിക്ക് തോന്നി.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിസംഗതയോടെ നടന്നു പോകുന്ന ആതിരയെ ഹൃദയ വേദനയോടെയാണ് ഞാൻ നോക്കി നിന്നത്..
മരവിച്ച മനസ്സുമായി ഇനിയുമെത്ര കാലമുണ്ട് അവൾക്ക് മുന്നിൽ .ഇത്രയും ജീവനായി അവനെ സ്നേഹിക്കുന്ന ആതിരയെ ഓർത്ത് അവനൊന്നു തിരിച്ചു വന്നെങ്കിലെന്ന് ഞാൻ കൊതിച്ചു പോയി .ആരോ പറഞ്ഞ പോലെ തിരിച്ചു കിട്ടാത്ത പ്രണയം ശരിക്കും ഒരു വേദന തന്നെയാണ്.അനുഭവിച്ചവർക്ക് മാത്രം അറിയുന്ന വേദന……