അവന്മാരുടെയും കണ്ണിപ്പോൾ നിന്റെ അമ്മയുടെ ശരീരത്തിലായിരിക്കും, വയസ്സ് പത്തു നാൽപ്പത്തഞ്ച് ആയെങ്കിലും മുപ്പതുകാരിയുടേത് പോലെയാണ് തള്ളയുടെ ശരീരവും സൗന്ദര്യവും ഇപ്പോഴുമുള്ളത്.

(രചന: RJ)

 

” അമ്മയ്ക്കെന്താ അമ്മേ ഒരു വിധവയുടെ രീതികൾ പിൻതുടരാൻ ഇത്ര മടി…?

 

“അമ്മയുടെ ഓരോ കോപ്രായങ്ങൾ കണ്ട് നാട്ടുക്കാർ ചിരിക്കുമ്പോൾ നാണക്കേടു കൊണ്ട് താഴ്ന്നു പോവുന്നത് എന്റെ തലയാ…”

 

“അമ്മ കാരണം, അമ്മയുടെ പ്രവർത്തികൾ കാരണം സ്വന്തം ഭാര്യയുടെയോ അവളുടെ കുടുംബക്കാരുടെയോ മുഖത്തെനിയ്ക്ക് തലയുയർത്തി നിൽക്കാൻ പോലും പറ്റുന്നില്ലമ്മേ..

അമ്മ എന്റെയാ പഴയഅമ്മ ആയാൽ മതി.. എന്നെ മാത്രം സ്നേഹിച്ച് എനിക്ക് വേണ്ടി മാത്രം ജീവിച്ച എന്റെ പഴയ അമ്മയെ മതിയെനിക്ക് .. ”

 

ഒരു കൊച്ചു കുട്ടിയുടെ ശാഠ്യത്തോടെ പറയുന്ന വിഹാനെ യാതൊരു വികാരപ്രകടനവുമില്ലാതെ വെറുതെ നോക്കി നിന്നു അപർണ.. അവനു പുറകിൽ തന്നെ മാത്രം നോക്കി നിൽക്കുന്ന പപ്പിയ്ക്ക് നേരെ ഒരിക്കൽ പോലുമൊന്ന് ശ്രദ്ധ തിരിച്ചതുമില്ല അവർ..

 

അവരർഹിക്കുന്ന അവഗണന അവർക്ക് നൽകാനെന്ന പോലെ അവരെ രണ്ടു പേരെയും വീണ്ടുമൊരിക്കൽ കൂടി തിരിഞ്ഞു നോക്കാതെ കൈകൾ വീശി ശുദ്ധവായു ശ്വസിച്ചു ജോഗിംങ് ഗ്രൗണ്ട് ലക്ഷ്യം വെച്ചു നടന്നു അപർണ..

 

തങ്ങളിൽ നിന്ന് നടന്നകലുന്ന അമ്മയെ വ്യസനത്തോടെ നോക്കി നിഹാൽ നിൽക്കുന്നതു കണ്ടതും പപ്പിയിൽ ദേഷ്യം ഇരച്ചെത്തി..

 

കഴിവുകെട്ടവൻ..

 

ചുണ്ടുകൾക്കിടയിലിട്ട് പുച്ഛത്തിൽ പിറുപിറുത്തവൾ.. ശേഷം അവന്റെ ഷോൾഡറിൽ പിടിച്ച് ബലമായ് തനിയ്ക്ക് നേരെ നിർത്തി

 

“നിന്റെ അമ്മയ്ക്ക് ചെറുപ്പത്തിൽ ഭർത്താവ് നഷ്ടപ്പെട്ടതിന്റെ എല്ലാ പ്രശ്നവുമുണ്ട് നിഹാൽ..പ്രശ്നം എന്നല്ല അതിനു പറയേണ്ടത് ശരിയ്ക്കും…അല്ലെങ്കിലീ കൊച്ചുവെളുപ്പാൻ കാലത്ത് ദേഹത്തിറുകി കിടക്കുന്ന ബനിയനും പാന്റുമിട്ട് ആണുങ്ങളുടെ കൂടെയാഗ്രൗണ്ടിൽ തുള്ളിമറയാൻ അവര് പോവില്ലല്ലോ..

 

ഞാൻ പറഞ്ഞതു വിശ്വാസമില്ലെങ്കിൽ നീയാ ഗ്രൗണ്ടിൽ ചെന്നു നോക്കൂ അവിടെയുള്ള സകല അവന്മാരുടെയും കണ്ണിപ്പോൾ നിന്റെ അമ്മയുടെ ശരീരത്തിലായിരിക്കും, വയസ്സ് പത്തു നാൽപ്പത്തഞ്ച് ആയെങ്കിലും മുപ്പതുകാരിയുടേത് പോലെയാണ് തള്ളയുടെ ശരീരവും സൗന്ദര്യവും ഇപ്പോഴുമുള്ളത്..

 

അവഞ്ജയോടെ പറയുമ്പോൾ അപർണ്ണയോടുള്ള അസൂയക്കൂടി നിറഞ്ഞിരുന്നു പപ്പിയുടെ ശബ്ദത്തിലെന്ന് തിരിച്ചറിയാൻ നിഹാലിനും സാധിച്ചില്ല…

 

അല്ലെങ്കിലും ഒന്നും സ്വന്തമായ് ചെയ്യാനറിയാത്ത മറ്റുള്ളവരുടെ സഹായത്താൽ ജീവിതം സുന്ദരമായ് മുന്നാട്ടു കൊണ്ടുപോവണമെന്നു മാത്രം ചിന്തിയ്ക്കുന്ന നിഹാൽ ഒരിക്കലും തന്റെ അമ്മയെയോ ഭാര്യയെയോ തിരിച്ചറിയാൻ ശ്രമിച്ചില്ല…

 

അങ്ങനെ ശ്രമിച്ചിരുന്നെങ്കിൽ അവനൊരിക്കലും തന്റെ അമ്മയോട് പഴയ ജീവിതം മതി അമ്മയ്ക്കെന്ന് കെഞ്ചില്ലായിരുന്നു..

 

അപർണയൊരു ബാങ്ക് ഉദ്യോഗസ്ഥയാണ്.. യൗവനത്തിലേ ഭർത്താവിനെ നഷ്ടമായിട്ടും മകൻ നിഹാലിനു വേണ്ടി മാത്രം കഴിഞ്ഞ ഒന്നു രണ്ടു വർഷം മുമ്പേ വരെ ജീവിച്ചവൾ…

 

മകനിലും അപ്പുറം തനിയ്ക്കൊരു ജീവിതമില്ല എന്നു കരുതി യൗവനത്തിന്റെ നിറങ്ങളെ കണ്ടില്ലെന്നു നടിച്ച് ജോലിയും വീടും നിഹാലും മാത്രമായ് കഴിഞ്ഞ അപർണയുടെയും നിഹാലിന്റെയും ജീവിതത്തിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെയാണ് പത്മജ എന്ന പപ്പികടന്നു വന്നത് അതും ആദ്യംനിഹാലിന്റ സുഹൃത്തായും പിന്നീടവന്റെ ഭാര്യയായും..

 

ഐടി പ്രൊഫഷണലായ നിഹാലിനെ സ്വന്തം അമ്മയിൽ നിന്നും അടർത്തിയെടുത്ത് ആദ്യം തന്റെ സുഹൃത്താക്കിയ പപ്പി ആ സ്ഥാനത്ത് നിന്നും വളരെ പെട്ടന്നാണ് അവനെ തന്റെ ഭർത്താവായ് മാറ്റിയെടുത്തത്.

 

അവളുടെ വാക്കുകൾ കേട്ട് ചലിക്കുന്നൊരു പാവ.. അതാണ് നിഹാൽ ശരിയ്ക്കും..

 

പപ്പിയുടെ വാക്കുകൾ മാത്രം കേൾക്കുന്ന അവളുടെ ഇഷ്ടങ്ങൾക്കനുസരിച്ചു മാത്രം ചലിക്കുന്നൊരു ഭർത്താവ് നിഹാൽ മാറിയപ്പോഴാണ് ജീവിതത്തിലെ ഒറ്റപ്പെടൽ അപർണ അറിഞ്ഞുതുടങ്ങിയത് ..

 

നിഹാലിനെയും പപ്പിയെയും അവരുടെ ജീവിതത്തിലേക്കും ഇഷ്ടങ്ങളിലേക്കും അപർണ പൂർണ്ണ സ്വാതന്ത്ര്യത്തോടെ വിട്ടയച്ചെങ്കിലും പപ്പി അപർണയെ വിട്ടൊഴിഞ്ഞില്ല…

 

അവരുടെ ഏതു പ്രവർത്തിയിലും കുറ്റം കണ്ടെത്തിയും നിഹാലിനോടവ പെരുപ്പിച്ച് പറഞ്ഞും അതിലൊരു വഴക്ക് അവർക്കിടയിൽ ഉണ്ടാക്കിയും ഒരു വല്ലാത്ത ലഹരി പപ്പി കണ്ടെത്തിയപ്പോൾ ശരിയ്ക്കും വലഞ്ഞുപോയ് അപർണ… ജീവിതം വെറുത്ത് തുടങ്ങി.. പക്ഷെ തോറ്റു പിന്മാറാൻ ഒരുക്കവുമല്ലായിരുന്നു അപർണ..

 

നിഹാലിനെ കരുതി ,അവന്റെ ജീവിതത്തെ കരുതി ഒരിക്കൽ താൻ നഷ്ടപ്പെടുത്തി കളഞ്ഞത് എന്തെല്ലാം ആയിരുന്നെന്നോർത്ത് വീണ്ടും അവയെ തേടിചെന്നു അപർണ..

 

പഴയ സൗഹൃദങ്ങളെ തേടി കണ്ടെത്തിയതിനൊപ്പം തന്നെ പുതിയ സൗഹൃദങ്ങളെയും കൂടെ കൂട്ടിയവൾ..

ഏതു ചെറിയ കാര്യത്തിലും സന്തോഷം കണ്ടെത്താൻ കഴിയുന്നൊരു മനസ്സ് കൂടി പരിവപ്പെടുത്തിയെടുത്തവൾ.. അതോടെ പപ്പിയും, അവളിലൂടെ നിഹാലും സൃഷ്ടിക്കുന്ന വഴക്കുകൾ കണ്ടില്ലെന്നു നടിച്ചു നടന്നവൾ..

 

“ഇന്നും അപ്പൂന് മകന്റെയും മരുമകളുടെയും ഉപദേശം നന്നായ് കിട്ടിയെന്ന് തോന്നുന്നല്ലോ, മുഖത്തിനിത്തിരി കനം കൂടിയതുപോലെ..

 

രാവിലത്തെ അല്പസമയ സംസാരത്തിനിടയിൽ ഗ്രൗണ്ടിലെ സൗഹൃദങ്ങളിൽ ഏറെ പ്രിയപ്പെട്ട ഗോപൻ ചോദിച്ചതിനൊന്നു ചിരിച്ചു അപർണ്ണ..

 

തിരക്കുള്ള ഫോട്ടോഗ്രാഫറാണ് ഗോപൻ.. മാസത്തിൽ പകുതിയിലധികവും യാത്രകൾ ചെയ്യുന്നവൻ.. അപർണ്ണയുടെ അതേ പ്രായക്കാരൻ

 

വിവാഹം കുടുംബം കുട്ടികൾ തുടങ്ങിയ ബന്ധനങ്ങളോട് താൽപര്യം ഇല്ലാത്തതു കൊണ്ടു മാത്രമൊരു പാതിയോ കുടുംബമോ കൂടെയില്ലാത്തവൻ..

 

അപർണയെ അത്രയും അടുപ്പത്തോടെ അപ്പു എന്നു വിളിക്കുന്ന ഒരേയൊരാൾ..

 

“അമ്മ വയസ്സാംകാലത്ത് വഴി തെറ്റി പോവുമോ എന്നവർക്കൊരു സംശയവും പേടിയും… അതു കൊണ്ട് ഇടയ്ക്കിടക്കവർ എന്നെ ഉപദേശിച്ചു നന്നാക്കുന്നതല്ലേടൊ… അതിനെ താനിങ്ങനെ പരിഹസിക്കാതെ…”

 

ചിരിയോടെ തമാശയായ് പറയുന്നവളെ ഇഷ്ടത്തോടെ വെറുതെ നോക്കി നിന്നു ഗോപനും..

 

ഇന്നു വരേ ആരോടും തോന്നാത്തൊരിഷ്ടം ഈ പ്രായത്തിൽ അപർണയോടു തോന്നുന്നത് എന്തിനെയും പോസിറ്റീവായ് എടുക്കുന്ന അവളുടെ ഈ സമീപനം കൊണ്ടു കൂടിയാണ്..

 

എടോ അപ്പൂ ഇനിയെങ്കിലും ഇടയ്ക്ക് ഞാനന്ന് പറഞ്ഞതിനെ പറ്റിയൊന്ന് ചിന്തിക്കടോ താൻ.. ഇന്നേ വരെ കൂട്ടിനൊരാൾ വേണം കൂടെയെന്ന് തോന്നിട്ടില്ല.. പക്ഷെ ഇപ്പോൾ ആ തോന്നലുണ്ട് തന്നെ കാണുമ്പോൾ മാത്രം..

 

വിവാഹമെന്ന കെട്ടുപാടോ കുട്ടികളെന്ന ബന്ധനമോ ഇല്ലാതെ തികച്ചും നമ്മളായ് തന്നെ ജീവിയ്ക്കാം നമ്മുക്ക്… എന്തോ വല്ലാതൊരു ആഗ്രഹം തോന്നുന്നു ഇപ്പോൾ..

 

യാതൊരു മുഖവുരയുമില്ലാതെ തുറന്നു പറയുന്നവനെ ചിരിയോടെ നോക്കി നിന്നു അപർണയും.. അതിനൊരു മറുപടി നൽകാൻ സമയം ആയിട്ടില്ല എന്നതു പോലെ..

 

“ഇപ്പോ ഞാൻ പറഞ്ഞത് സത്യം ആണെന്ന് ബോധ്യം വന്നില്ലേ നിഹാലിന്..

ദേ.. നോക്ക് ശരിക്കും കണ്ണ് തുറന്ന് കണ്ടോ നിന്റെ അമ്മയുടെ ആണുങ്ങളുമായിട്ടുള്ള ശൃംഗാരം .. വയസ്സാം കാലത്താണ് തള്ളയ്ക്ക് ക$#$#..

 

തമാശകൾ പറഞ്ഞും സംസാരിച്ചും അപർണ്ണയും ഗോപനും നിൽക്കുന്നത് ദൂരെ നിന്ന് നിഹാലിനു കാണിച്ചു കൊടുത്തു പപ്പി….

 

ഇനി മുതൽ രാവിലെ നടക്കാനെന്ന പേരിൽ അമ്മ വീടിന്റെ പടിയിറങ്ങില്ല.. വെറുതെയല്ല നാട്ടുക്കാർ ഓരോന്നും പറഞ്ഞുണ്ടാക്കുന്നത്.. ഇതല്ലേ ഇവിടെ വന്നാലുള്ള അഴിഞ്ഞാട്ടം..

ഞാൻ നോക്കട്ടെ അമ്മയെ നന്നാക്കാൻ പറ്റുമോന്ന്… ഇത്ര ബുദ്ധിമുട്ടായിരുന്നു അമ്മയ്ക്കെങ്കിൽ പണ്ടേ ഒരാളെ കെട്ടായിരുന്നില്ലേ.. ഇങ്ങനെ അഴിഞ്ഞാടാൻ നിൽക്കാതെ.”

 

ഓടിയെന്ന പോലെ ഗ്രൗണിലേക്കിറങ്ങി ചുറ്റും കൂടി നിൽക്കുന്നവരെയൊന്നും ശ്രദ്ധിക്കാതെ അപർണയെ വലിച്ചു മുന്നിലേക്ക് നിർത്തി നിഹാൽ പറഞ്ഞതും അവന്റെ മുഖത്ത് അപർണയുടെ കൈകൾ ശക്തമായ് പതിച്ചിരുന്നു..

 

രണ്ടു ദിവസങ്ങൾക്കു ശേഷം അപർണയ്ക്ക് മുന്നിലൂടെ തലയും താഴ്ത്തി പിടിച്ച് ഇറങ്ങി പോവുമ്പോൾ നിഹാലിന്റെ കണ്ണുകൾ നിറഞ്ഞിരുന്നെങ്കിൽ ഗോപനൊപ്പം മുഖത്തു യാതൊരു ഭാവമാറ്റവുമില്ലാതെ അവർ പോവുന്നത് നോക്കി നിന്നുന്ന അപർണ…

 

വയസ്സാംകാലത്ത് അമ്മയുടെ അസുഖം എന്താണെന്ന് എന്റെ മകൻ തന്നെ കണ്ടു പിടിച്ച് തന്ന സ്ഥിതിക്ക് അതിനുള്ള മരുന്ന് അമ്മ വാങ്ങിയിട്ടുണ്ട്… ഇത് ഗോപൻ ഇനി ഞങ്ങളുടെ ജീവിതം ഞങ്ങളൊരുമിച്ചാണ് ചിലവഴിക്കുന്നത്.. ആ ജീവിതത്തിൽ എന്നെ മനസ്സിലാക്കാൻ ശ്രമിക്കാതെയൊരു മകനെ എനിയ്ക്ക് വേണ്ട.. അവന്റെ അമ്മ എന്ന സ്ഥാനവും അതുകൊണ്ട് നിന്റെ ഭാര്യയേയും കൂട്ടി എന്റെ ഈ വീട്ടിൽ നിന്നിറങ്ങി പോവണം നിഹാലേ നീ…

 

ഉറച്ച ശബ്ദത്തിൽ അമ്മ പറഞ്ഞതോർത്ത് വിതുമ്പി നിഹാൽ പടിയിറങ്ങിയപ്പോൾ അപർണ യെ തന്റെ കാഴ്‌കീഴിലാക്കി അവരുടെ സമ്പത്തും വീടുമെല്ലാം സ്വന്തം കൈപിടിയിലാക്കാമെന്ന് വ്യാമോഹിച്ച പപ്പിയും നിരാശയോടെ അവനു പിന്നാലെ ഇറങ്ങി….

 

അവർസ്വയം വരുത്തിവെച്ച ഈ വിധിയിൽ ജീവിതത്തിന്റെ രണ്ടാം പകുതി അപർണയ്ക്ക് സ്വപ്ന തുല്യമാക്കി നൽകാനുള്ള ശ്രമത്തിലായിരുന്നു ഗോപൻ… ഇനിയവർ ജീവിക്കട്ടെ…

Leave a Reply

Your email address will not be published. Required fields are marked *