“അമ്മേ. ഞങ്ങൾക്ക് അയാളെ ഇഷ്ടമല്ല അമ്മ അയാളെ കല്യാണം കഴിക്കേണ്ട.”
പത്ത് വർഷമായി വിധവയായി കഴിയുന്ന താൻ രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്റെ മക്കൾ തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ടുതന്നെ രണ്ടാമതൊരു വിവാഹത്തെപ്പറ്റി മക്കളോട് പറയുമ്പോൾ അനുകൂലമായ ഒരു മറുപടി പ്രതീക്ഷിച്ചതും അല്ല. ഇന്നിപ്പോൾ തനിക്ക് മുപ്പത്തിയഞ്ചു വയസ്സ് തികഞ്ഞിരിക്കുന്നു. ഇളയ കുട്ടിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് അവരുടെ അച്ഛൻ ഒരു ആക്സിഡന്റിൽ മരിക്കുന്നത് അന്ന് രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നിട്ടുണ്ട്. ആകപ്പാടെ ഒരാശ്വാസം ജോലി ഉള്ളതു മാത്രമായിരുന്നു. ഇന്നിപ്പോൾ മൂത്തവൾക്ക് പതിനാലും ഇളയ കുട്ടിക്ക് പത്തും വയസ്സായിരിക്കുന്നു. എട്ടു വർഷമായി ജീവിതത്തിൽ വിധവ എന്ന പട്ടം കെട്ടിയാടുന്നു. ഇത്രയും നാൾ ജീവിച്ചത് മക്കൾക്ക് വേണ്ടി മാത്രമാണ്. അവർ വലുതായി വിവാഹപ്രായം എത്തി മറ്റൊരു വീട്ടിലേക്ക് ചേക്കേറും. അന്ന് താൻ ജീവിതത്തിൽ പൂർണ്ണമായും തനിച്ചാകും ഇനിയെങ്കിലും ജീവിതത്തിൽ ഒരു കൂട്ട് ആഗ്രഹിച്ചത് തെറ്റാണോ? മറ്റാരുമല്ല കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകൻ തന്നെയാണ്. അഞ്ച് വർഷത്തോളമായി ഒരുമിച്ച് ജോലി ചെയ്യുന്നു. പക്ഷേ സുഹൃത്ത് ബന്ധം ഉണ്ടായിരുന്നെങ്കിലും വിനയനുമായുള്ള വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ട് കുറച്ചേ ആയുള്ളൂ. വിനയൻ ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. തന്നോടുള്ള സ്നേഹവും പെരുമാറ്റവും എല്ലാം തന്നെ വിനയലിലേക്ക് അടുപ്പിച്ചു എന്നതാവും ശരി. രണ്ടുമൂന്നുവട്ടം വീട്ടിൽ വന്നു കണ്ടിട്ടുള്ളത് കൊണ്ട് തന്നെ കുട്ടികൾക്ക് വിനയനെ അറിയാം. പക്ഷേ ഇതേപ്പറ്റി പറയുമ്പോൾ ഇത്രവേഗം എതിർപ്പ് പറയും എന്ന് കരുതിയില്ല. ഇളയവൻ ലച്ചുവിന് പ്രത്യേകിച്ച് വിരോധമില്ല പക്ഷേ മൂത്തവൾ അമ്മുവാണ് കൂടുതൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. ആഹ്.. കുട്ടികളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല തങ്ങളുടെ അച്ഛന്റെ സ്ഥാനത്ത് പെട്ടെന്നൊരാളെ പ്രതിഷ്ഠിക്കുവാൻ അവർക്കും കഴിയുന്നുണ്ടാകില്ല. പതിയെ പതിയെ വിനയനോടുള്ള ഇഷ്ടക്കേട് മാറിക്കോളും.. ” യമുന ആശ്വസിച്ചു.
അങ്ങനെ വീണ്ടും യമുന രണ്ടുമൂന്നു മാസങ്ങൾ കൂടി കാത്തിരുന്നു. വിനയനോടുള്ള കുട്ടികളുടെ താല്പര്യ കുറവ് മാറ്റിയെടുക്കാനായി അയാളോടൊപ്പം കുട്ടികളെ ബീച്ചിലും പാർക്കിലും എല്ലാം കൊണ്ടുപോയി. അയാളുടെ കൂടെ കൂടുതൽ സമയം ചെലവഴിപ്പിച്ചു. അപ്പോഴും ലച്ചുവിന് അയാളോട് കുറച്ചൊക്കെ ഇഷ്ടം തോന്നിത്തുടങ്ങിയെങ്കിലും അമ്മുവിന്റെ കാര്യത്തിൽ ഒരു രക്ഷയും ഉണ്ടായിരുന്നില്ല. ഇനി അമ്മുവിന്റെ സമ്മതത്തിന് കാത്തു നിന്നാൽ തനിക്ക് തന്റെ ജീവിതം തന്നെ നഷ്ടമാകുമെന്ന് യമുനക്കും മനസ്സിലായി. അടുത്ത ചില ബന്ധുക്കളോട് അമ്മുവിനെ പറഞ്ഞു സമ്മതിപ്പിക്കാൻ യമുന ഏർപ്പാടാക്കിയിരുന്നു ഒടുക്കം അവരുടെ നിർബന്ധത്തിനു വഴങ്ങി വിവാഹത്തിന് സമ്മതിക്കുകയല്ലാതെ മറ്റു നിവർത്തി അവൾക്കുണ്ടായിരുന്നില്ല. അങ്ങനെ വൈകാതെ തന്നെ ചുരുക്കം ചില ബന്ധുക്കളെ മാത്രമറിയിച്ച് വിനയൻ യമനയുടെ കഴുത്തിൽ താലികെട്ടി.
മൂന്നാളിൽ നിന്നും നാലാളിലേക്കുള്ള മാറ്റം അമ്മുവിന് മാത്രം അംഗീകരിക്കാൻ കഴിഞ്ഞില്ല.തന്റെ അച്ഛനെ അല്ലാതെ മറ്റൊരാളെ അച്ഛാ എന്ന് വിളിക്കാനും അവൾക്ക് കഴിയുമായിരുന്നില്ല. നിരന്തരം അവൾ തന്റെ പുതിയ അച്ഛനെ കുറിച്ച് അമ്മയോട് പരാതി പറഞ്ഞുകൊണ്ടിരുന്നു ആദ്യമൊക്കെ അവളുടെ പരാതികൾ കേട്ട് ആശ്വസിപ്പിച്ചു വിട്ടിരുന്നെങ്കിലും പിന്നീട് തന്റെ മകളെ അവർ കേൾക്കാതെയായി. കാരണം യമുന വിനയനെ അത്രമാത്രം സ്നേഹിച്ചിരുന്നു. താൻ നൊന്തുപെറ്റ മക്കളാണെങ്കിൽ പോലും വിനയനെ കുറിച്ച് കുറ്റം പറയുന്നത് കേൾക്കാൻ അവർ ആഗ്രഹിച്ചിരുന്നില്ല.
വിനയൻ വളരെ സ്നേഹത്തോടെയും കരുതലോടെയും ആണ് യമുനയെ നോക്കിയിരുന്നത്. യമുനയെ മാത്രമല്ല മക്കളെയും…മക്കൾക്ക് സുഖമില്ലാത്ത ദിവസങ്ങളിൽ പോലും യമുനയെ ബുദ്ധിമുട്ടിക്കാതെ വിനയൻ ലീവ് എടുത്തിരുന്ന് മക്കളെ ശുശ്രൂഷിച്ചു. പക്ഷേ ഇതൊന്നും അമ്മുവിനു ഇഷ്ടമല്ലായിരുന്നു.നാൾ പോകെ പോകെ എന്താണെന്ന് അറിയാത്ത ഒരു ശത്രുത അമ്മുവിന്റെ മനസ്സിൽ അയാളോട് ഉടലെടുത്തു വന്നു. അയാളെ കാണുന്നതും മിണ്ടുന്നതും എന്തിനേറെ പറയുന്നു അയാളുടെ ശബ്ദം കേൾക്കുന്നത് പോലും അവളെ വല്ലാത്ത തരം മാനസികാവസ്ഥയിലേക്ക് എത്തിച്ചു കൊണ്ടിരുന്നു എങ്കിലും അയാൾ അതൊന്നും കാര്യമാക്കാതെ അവളെ സ്നേഹിച്ചു കൊണ്ടിരുന്നു. ലച്ചുവിന് തന്റെ രണ്ടാം അച്ഛനോട് വലിയ അനിഷ്ടം തോന്നാറില്ലെങ്കിലും അമ്മു അവളെ അയാളുമായി സംസാരിക്കാനോ ഇടപഴുകാനോ അനുവദിച്ചിരുന്നില്ല.
” ഞാൻ എത്ര സ്നേഹിച്ചിട്ടും മക്കൾ എന്താടോ എന്നോട് ഇത്ര വെറുപ്പ് കാണിക്കുന്നത്? ഒരു രണ്ടാനച്ചൻ ആയാണൊ ഞാൻ അവരെ കണ്ടിട്ടുള്ളത്? സ്വന്തം മക്കളായല്ലേ?എന്നിട്ടും അവർ എന്നോട് ഈ അകൽച്ച കാണിക്കുമ്പോൾ എനിക്ക് എത്ര സങ്കടം ഉണ്ടാകും? അമ്മുവിന് എന്നെ അംഗീകരിക്കാൻ പറ്റില്ലെങ്കിൽ വേണ്ട.. എന്തിനാണ് ലച്ചുവിനെ കൂടി എന്നിൽ നിന്നും അകറ്റുന്നത്? ഇല്ലാത്ത ഓരോ കാര്യങ്ങൾ പറഞ്ഞ് ആ കുട്ടിയുടെ മനസ്സിൽ കൂടെ ശത്രുത വളർത്തിയെടുക്കുകയാണ് അമ്മു”. ഒരിക്കൽ രാത്രി തന്റെ ഭാര്യയുടെ ചാരെ കിടക്കവേ അയാൾ സങ്കടത്തോടെ പറഞ്ഞു.
” വിനയൻ സങ്കടപ്പെടാതെ അവർ കുട്ടികളല്ലേ കുറച്ചു കഴിയുമ്പോൾ എല്ലാം ശരിയായിക്കോളും അവൾ തന്റെ ഭർത്താവിനെ ആശ്വസിപ്പിച്ചു.
” ഇനി എത്ര നാൾ യമുന…ഇനി എത്ര നാളാണ് ഞാൻ കാത്തിരിക്കേണ്ടത്? ആറുമാസം കഴിഞ്ഞില്ലേ നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഇത്ര കാലത്തിനിടയ്ക്ക് അമ്മു സ്നേഹത്തോടെ എന്നെ ഒന്ന് നോക്കിയിട്ട് പോലുമില്ല. പതിനാലു വയസ്സായില്ലേ ഇപ്പോൾ അവൾക്ക് കാര്യങ്ങളൊക്കെ തിരിച്ചറിയാനുള്ള പക്വതയും പ്രായവുമായി. അപ്പോൾ ഈ വെറുപ്പ് കാണിക്കുന്നത് അമ്മു വേണമെന്ന് വെച്ചിട്ട് തന്നെയാണ് മക്കളുടെ സ്നേഹം കിട്ടുമെങ്കിൽ എത്ര നാൾ വേണമെങ്കിലും ഞാൻ കാത്തിരിക്കാൻ തയ്യാറാണ് യമുന പക്ഷേ എത്ര വർഷം എടുത്താലും അമ്മുവിന്റെ മനസ്സ് മാത്രം മാറും എന്ന് എനിക്ക് തോന്നുന്നില്ല. ”
വിനയന്റെ സങ്കടം കണ്ടപ്പോൾ യമുനക്കും വല്ലാത്ത മനപ്രയാസം തോന്നി ഒപ്പം അമ്മുവിനോട് ദേഷ്യവും. ഇത്രയും നാൾ മക്കളുടെ ഭാഗത്തുനിന്ന് മാത്രമാണ് ചിന്തിച്ചിരുന്നത് പക്ഷേ ഇനി വിനയന്റെ സങ്കടം കണ്ടില്ലെന്ന് നടിക്കുവാൻ കഴിയുകയില്ല. ഇക്കാര്യം അമ്മുവിനോട് ചോദിച്ചിട്ട് തന്നെ കാര്യം യമുന മനസ്സിൽ ഉറപ്പിച്ചു.
പിറ്റേന്ന് വിനയൻ വീട്ടിൽ ഇല്ലാത്ത സമയം നോക്കിയാണ് യമുന അമ്മുവിനെ പിടിച്ചിരുത്തിയത്.
“അമ്മു നിനക്കെന്താ വിനയനോട് ഇത്ര ശത്രുത?” തന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ കയ്യുംകെട്ടി നിൽക്കുന്ന അമ്മുവിനെ കണ്ടതും യമുനയ്ക്ക് കലികയറി.
“അമ്മു നിന്നോടാണ് ചോദിച്ചത് ഇത്രയും വെറുപ്പ് കാണിക്കാൻ ആ മനുഷ്യൻ എന്നോട് എന്ത് തെറ്റ് ചെയ്തു? നിന്റെ അച്ഛനാണ് അത് മറക്കേണ്ട..”
“അത് എന്റെ അച്ഛനല്ല എന്റെ അച്ഛൻ മരിച്ചുപോയി.” എടുത്തടിക്കും പോലെ അമ്മു പറഞ്ഞു.
“വിനയനെയും നിങ്ങൾ ഇനി അച്ഛനായാണ് കാണേണ്ടത്. നീ ഇങ്ങനെ അന്യനായി കാണുന്നതുകൊണ്ടാണ് വിനയനോട് വെറുപ്പ് തോന്നുന്നത്.”
“അതിന് അയാൾ ഞങ്ങളെ മക്കളാണോ കാണുന്നത്? അമ്മയെ കാണുന്നതുപോലെ തന്നെ ഞങ്ങളെയും കണ്ടാൽ പിന്നെ ഞങ്ങൾ എങ്ങനെ അച്ഛൻ എന്ന് വിളിക്കും?” അമർഷത്തോടെ അവൾ പറഞ്ഞു.
“ഛീ എന്തു പറഞ്ഞെടി….”പറഞ്തീരും മുന്നേ അമ്മുവിന്റെ കവിളിൽ യമുനയുടെ കൈ പതിച്ചു. അന്നേരം അമ്മുവിന്റെ കരച്ചിൽ അണ പൊട്ടിയൊഴുകി.
” ഇത്രയൊക്കെ വളർന്നോ നീ നാശം പിടിച്ചവളെ.. ആ മനുഷ്യനെ മോശക്കാരൻ ആക്കാൻ നീ എന്തു വൃത്തികേടും പറയുമെന്ന് എനിക്കറിയാം പക്ഷേ ഇത്രത്തോളം ചീപ്പ് ആകുമെന്ന് ഞാൻ കരുതിയിരുന്നില്ല. നിന്നെപ്പോലെ ഒരു വിത്ത് എന്റെ വയറ്റിൽ തന്നെ വന്നു പിറന്നല്ലോടി ഇനി എന്റെ കൺമുന്നിൽ കണ്ടുപോകരുത് നിന്നെ.. ”
അമ്മുവിനെ തള്ളി മാറ്റിക്കൊണ്ട് യമുന കടന്നുപോകുമ്പോൾ കവിളിൽ തലോടി കരഞ്ഞുകൊണ്ട് അവൾ സോഫയിൽ തന്നെ ഇരുന്നു. അമ്മയോട് ഒന്നും പറയേണ്ടിയിരുന്നില്ല എന്ന് അവൾക്ക് ആ നിമിഷം തോന്നിപ്പോയി. പിന്നീട് അവൾ ആരോടും ഒന്നും സംസാരിക്കാതെയായി. അമ്മയുടെ അടി അത്രമേൽ നോവിച്ചത് അവളുടെ ശരീരത്തിനെ അല്ലായിരുന്നു മനസ്സിനെയായിരുന്നു. മുറിയിൽ കയറി അച്ഛന്റെ ഫോട്ടോ നോക്കിയിരുന്നു കുറെ കരയും. പഠിത്തത്തിലും അവളുടെ ശ്രദ്ധ കുറഞ്ഞു യമുനയും അവളുടെ കാര്യങ്ങൾ അങ്ങനെ ശ്രദ്ധിക്കാതെയായി.
ഒരു ദിവസം ഓഫീസിൽ ഇരിക്കുന്ന നേരത്താണ് സ്കൂളിൽ നിന്നും അമ്മുവിന്റെ ക്ലാസ് ടീച്ചർ വിളിച്ചത്.
” നിങ്ങൾ അമൃതയുടെ അമ്മയല്ലേ? നന്നായി പഠിച്ചിരുന്ന കുട്ടിയായിരുന്നു അമൃത ഇപ്പോൾ ആ കുട്ടിക്ക് പഠിത്തത്തിൽ തീരെ താല്പര്യമില്ല. നിങ്ങൾ അതൊന്നും ശ്രദ്ധിക്കുന്നില്ലേ?’
” അല്ല ടീച്ചർ.. അത് പിന്നെ… ” അവർ മറുപടിക്കായി വാക്കുകൾ പരതി.
” നിങ്ങൾ ബുദ്ധിമുട്ടേണ്ട… പ്രസവിച്ചില്ലെങ്കിലും ഒരുപാട് കുഞ്ഞുങ്ങളുടെ അമ്മയാണ് ഒരു അധ്യാപിക. അതുകൊണ്ട് എനിക്ക് ഒഴിഞ്ഞുമാറാൻ പറ്റില്ലല്ലോ… ഞാൻ അവളെ തനിച്ചു വിളിച്ച് കാര്യങ്ങൾ ചോദിച്ചു. ആദ്യം പറയാൻ മടിച്ചെങ്കിലും ഒടുക്കം എന്റെ നിർബന്ധത്തിനു വഴങ്ങി എല്ലാം അവൾ എന്നോട് തുറന്നു പറഞ്ഞു. ”
“എന്താ…എന്താ അവൾ പറഞ്ഞത്?” യമുന ആകാംക്ഷയോടെ ചോദിച്ചു.
” നിങ്ങളോടൊപ്പം ഉള്ളത് നിങ്ങളുടെ സെക്കൻഡ് ഹസ്ബൻഡ് ആണല്ലേ? ”
” അതെ. ”
” എങ്കിൽ നിങ്ങൾ ഇല്ലാത്ത സമയത്ത് അയാൾ നിങ്ങളുടെ മക്കളെ ഉപദ്രവിക്കാറുണ്ട്.. ഐ മീൻ ശാരീരിക പരമായി. ”
” നിർത്ത്… അനാവശ്യം പറയരുത്. എനിക്കറിയാം കറങ്ങിത്തിരിഞ്ഞ് ഒടുക്കം ഇതിവിടെ വന്ന് അവസാനിക്കുകയുള്ളൂ എന്ന്… അവൾക്ക് ആ മനുഷ്യനോട് പകയാണ് സ്വന്തം അച്ഛനെ പോലെയാണ് വിനയൻ അവളെ സ്നേഹിച്ചത് പക്ഷേ അവൾ ആ മനുഷ്യനെ കാണുന്നത് ശത്രുവിനെ പോലെയാണ്. ” യമുന പൊട്ടിത്തെറിച്ചു.
” നിങ്ങൾ ഒരു അമ്മയാണോ? നൊന്ത് പ്രസവിച്ച മകളുടെ മനസ്സ് എപ്പോഴെങ്കിലും നിങ്ങൾ അറിയാൻ ശ്രമിച്ചിട്ടുണ്ടോ?പ്രസവിച്ചത് കൊണ്ട് മാത്രം ഒരു സ്ത്രീയും അമ്മയാകുന്നില്ല. നിങ്ങൾ പറഞ്ഞല്ലോ അയാൾ നിങ്ങളുടെ മകളെ ഒരു അച്ഛനെ പോലെയാണ് സ്നേഹിക്കുന്നത് എന്ന് എങ്കിൽ അത് അയാളുടെ അഭിനയം മാത്രമാണ്. വെറും പതിനാലു വയസ്സായ ഒരു കുട്ടിക്ക് ഇത്തരം ഒരു കള്ള കഥയുണ്ടാക്കേണ്ട കാര്യം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? അച്ഛനാകേണ്ടയാളിൽ നിന്ന് ലൈംഗിക ചൂഷണങ്ങൾ നേരിടുമ്പോൾ പിന്നെ അവൾ എങ്ങനെയാണ് പ്രതികരിക്കേണ്ടത്? പാവം ആ കുട്ടി ആത്മഹത്യ ചെയ്തില്ലല്ലോ അതുതന്നെ ഭാഗ്യം. ഇതേപ്പറ്റി ഒരിക്കൽ അവൾ നിങ്ങളോട് സൂചിപ്പിച്ചതല്ലേ? അപ്പോൾ അവളെ ചേർത്തുനിർത്തേണ്ടതിന് പകരം നിങ്ങൾ അവളെ അടിച്ചു. നിങ്ങളുടെ ഹസ്ബൻഡ് സമ്മാനിച്ച ട്രോമയിൽ നിന്ന് റിക്കവർ ആകും മുന്നേ ആയിരുന്നു നിങ്ങളുടെ ആ അടിയും. ഇനിയും ഒന്നും വിശ്വസിക്കാൻ വയ്യെങ്കിൽ മകളുടെ ശരീരം തന്നെ നോക്ക് തുടകളിലും നെഞ്ചിലും എല്ലാം അയാൾ സമ്മാനിച്ച പാടുകൾ കിടപ്പുണ്ട്. ഇനി നിങ്ങളോട് വളരെ സീരിയസായി ഒരു കാര്യം പറയാം ഇനിയും ആ കുട്ടിയെ വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല നിങ്ങൾ ഇനിയും മിണ്ടാതെ നിന്നാൽ ഞാൻ തന്നെ പോലീസിൽ കംപ്ലൈന്റ് ചെയ്യും അതിന് ആ കുട്ടിയുടെ മൊഴി തന്നെ ധാരാളം മതി. ”
അതും പറഞ്ഞ് ആ ഫോൺകോൾ അവസാനിക്കുമ്പോൾ യമുനയ്ക്ക് തല ചുറ്റുന്നത് പോലെ തോന്നി. ദൈവമേ ആരാണ് ശരി?ഇത്രയൊക്കെ ടീച്ചർ പറയണമെങ്കിൽ അത് വെറുതെയാകുമോ?യമുനക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.
വീട് എത്തിയതും യമുന ആദ്യം പരിശോധിച്ചത് അമ്മുവിന്റെ ശരീരമാണ്. ടീച്ചർ പറഞ്ഞത് ശരിയാണ്. ദൈവമേ തന്റെ കൺമുന്നിൽ ഉണ്ടായിട്ടും തന്റെ മകൾക്ക് ഈ ഗതി വന്നല്ലോ… അവർ സ്വയം ശപിച്ചു.
അന്നുമുതൽ അവർ തന്റെ ഭർത്താവിനെ വീക്ഷിക്കാൻ തുടങ്ങി രണ്ടു ദിവസം തീരെ സുഖമില്ലെന്ന് പറഞ്ഞ് അവർ കട്ടിലിൽ തന്നെ കിടന്നു. അന്നേരം അയാളും ലീവ് എടുത്തു. മക്കളുടെ കാര്യത്തിൽ കൂടുതൽ ഇടപെടാൻ പറ്റുന്ന അവസരം ആണല്ലോ.. അന്നാദ്യമായി അവർ അയാളുടെ ഫോണിന്റെ ലോക്ക് കണ്ടുപിടിച് ഫോൺ പരിശോധിച്ചു. ഗ്യാലറിയിൽ കണ്ട ഫോട്ടോകൾ കണ്ട് യമുന തളർന്നുപോയി. ഒരമ്മയും കാണാൻ ആഗ്രഹിക്കാത്ത ദൃശ്യങ്ങൾ..തന്റെ മകളുടെ ശരീരഭാഗങ്ങൾ!.അന്നേരം അവർക്ക് കോപം തിളച്ചു കയറി. എന്തും വരട്ടെ എന്ന് കരുതി അയാളെ തിരഞ് നടക്കുമ്പോഴാണ് കുളിമുറിയുടെ വിൻഡോയിലൂടെ എത്തി നോക്കി സ്വയംഭോഗം ചെയ്യുന്ന അയാളെ കണ്ടത്. അമ്മു കുളിക്കുകയാണെന്ന് അവർക്ക് മനസ്സിലായി.താൻ കിടപ്പിലാണെന്ന ധൈര്യത്തിലാണ് അയാൾ ഈ വൃത്തികേട് ചെയ്യുന്നത്.
അത് കണ്ടതും യമുനയുടെ ദേഷ്യം അഗ്നിയായി ആളിക്കത്തി. മറുത്ത് ഒന്ന് ചിന്തിക്കാതെ അവിടെ കിടന്ന ഒരു മുഴുത്ത വടിയെടുത്ത് കൊടുത്തു അയാളുടെ തലക്കിട്ട് ഒരെണ്ണം. ആ അടിയിൽ തന്നെ അയാൾ വീണു കഴിഞ്ഞിരുന്നു. ദേഷ്യം അടങ്ങാതെ വീണ്ടും വീണ്ടും അവർ അയാളെ പൊതിരേ തല്ലി അയാളുടെ വായിൽ നിന്ന് രക്തം വരെ പുറത്തേക്കു ചാടി. കട്ടിയുള്ള ഒരു കയർ എടുത്തുകൊണ്ടുവന്ന് അയാളെ വലിച്ച്ഴച്ച് തൂണിൽ കെട്ടിയിട്ടു. അപ്പോഴാണ് ശബ്ദം കേട്ട് അമ്മു ഓടി വന്നത് അന്നേരം കണ്ട കാഴ്ച അവളെ ഞെട്ടിക്കുന്നതായിരുന്നു.
“അമ്മേ…”
“അമ്മയ്ക്കെല്ലാം മനസ്സിലായി മോളെ.. ഇനി ഈ നാറി മോളെ നോക്കുക പോലുമില്ല. നോക്കി നിൽക്കാതെ കൊടുക്കു മോളെ അവന്റെ കരണം നോക്കി രണ്ടെണ്ണം.”
അമ്മ തന്ന ശക്തിയിൽ അത്ര നാൾ കൊണ്ട് നടന്ന പകയോടെ അമ്മു അയാളുടെ മുഖത്ത് തലങ്ങും വിലങ്ങും തല്ലി.നെഞ്ചത്ത് ആഞ്ഞു ഒരു ചവിട്ടും ചവിട്ടി. അയാൾ അറിയാതെ ചുമച്ചു പോയി.
“ഇനി മോൾ പൊയ്ക്കോ..” അമ്മു അകത്തേക്ക് പോയതും അവർ അടുപ്പിൽ നിന്ന് തിളച്ച വെള്ളം എടുത്ത് അയാളുടെ ലൈംഗികാവയത്തിലേക്ക് ഒഴിച്ചു. പൊള്ളലേറ്റതും അയാൾ വേദന സഹിക്കവയ്യാതെ നിലവിളിച്ചു.
” ഇത് ഉള്ളതുകൊണ്ടല്ലേ നീ എന്റെ മോളുടെ നേരെ കൈ ഉയർത്തിയത്? ഇത് ഇനി നിനക്ക് വേണ്ട.. അതും പറഞ്ഞ് അതിന്റെ മേലെ തന്നെ കുറച്ചു മുളകുപൊടിയും യമുന വിതറി അയാൾ നീറ്റൽ കൊണ്ട് പിടഞ്ഞു.
അന്നേരം തന്നെ പോലീസ് എത്തിയിരുന്നു മൊബൈൽ ഫോൺ അടക്കം സകല തെളിവുകളോടെ പോലീസ് അയാളെ കസ്റ്റഡിയിലെടുത്തു.
യമുന തന്റെ മക്കളെ ചേർത്തുപിടിച്ചു. അമ്മുവിനോട് മാപ്പ് പറഞ്ഞു. ടീച്ചറുടെ നിർദ്ദേശപ്രകാരം അമ്മുവിന് നല്ല കൗൺസിലിംഗ് കൊടുത്തു. പിന്നീട് അവൾ മിടുക്കിയായി പത്താം ക്ലാസിലെ പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങുമ്പോൾ അവൾ ഏറ്റവും കൂടുതൽ നന്ദി പറഞ്ഞത് തന്റെ ടീച്ചറോട് തന്നെയാണ്.ഒരു അധ്യാപികയ്ക്ക് പുറമേ ഒരു അമ്മയായി തന്റെ കൂടെ നിന്നതിന്.
അംബിക ശിവശങ്കരൻ.