ചേട്ടൻ.. ചേട്ടന് താത്പര്യമുണ്ടെങ്കിൽ അവരെ കെട്ടിക്കോട്ടെ..

“എനിയ്ക്കെന്റെ രണ്ടു മക്കളും ഒരേ പോലെയാണ്..

നിങ്ങളെ ഇന്നേവരെ ഞാൻ വേർതിരിച്ച് കണ്ടിട്ടില്ല…

 

“എന്തു കാര്യവും നിങ്ങളോട് ചോദിച്ച് നിങ്ങളുടെ അഭിപ്രായവും അറിഞ്ഞു മാത്രം ചെയ്തൊരമ്മ എന്ന നിലയിൽ ഞാനിതും നിങ്ങളോട് ചോദിച്ചെന്നു മാത്രം…

 

“നീന വളരെ നല്ലൊരു പെൺകുട്ടിയാണ്… എനിക്കവളെ വളരെയധികം ഇഷ്ടവുമാണ്..

 

നിങ്ങൾ രണ്ടു മക്കളിലൊരാൾ അവളെ ഭാര്യയായ് കൂടെ കൂട്ടുകയാണെങ്കിൽ അതെനിക്കേറെ സന്തോഷമാണ്.. അത്രയേറെ ഞാനവളെ ഇഷ്ടപ്പെടുന്നുണ്ട്..

 

“നിങ്ങൾ രണ്ടാളും നന്നായ് ആലോചിച്ച് മാത്രമൊരു തീരുമാനം പറഞ്ഞാൽ മതി… ജീവിതം അവളുടെ മാത്രമല്ല നിങ്ങളുടേതും കൂടിയാണ്…

ശരിയ്ക്കും ചിന്തിച്ച് നോക്കിയിട്ടു പറഞ്ഞാൽ മതി മറുപടി എന്താണെങ്കിലും.. നിങ്ങളുടെ മറുപടി അറിഞ്ഞതിനു ശേഷമേ അവളോടു ഞാനീ കാര്യം സംസാരിക്കൂള്ളു.. അതും നിങ്ങളിലൊരാൾക്കെങ്കിലും സമ്മതമാണെങ്കിൽ മാത്രം..

 

പതിവു സംസാരത്തിനായ് മേരിയും മക്കളും ഊണുമേശയിലിരിക്കും നേരമാണ് മക്കളായ എബിനോടും ബിനോയോടും മേരി അവരുടെ വിവാഹ കാര്യത്തെപറ്റി സംസാരിക്കുന്നത്.

 

സാധാരണ ഒരു കാര്യം പറയുന്ന ലാഘവത്തോടെ മേരിയത് അവരോടു പറഞ്ഞെങ്കിലും അവർക്കു തന്നെ അറിയാമായിരുന്നു നീനയെ പോലൊരു കുട്ടിയെ ഭാര്യയായ് കൂടെ കൂട്ടാൻ തന്റെ മക്കൾക്കേറെ ചിന്തിക്കേണ്ടി വരുമെന്ന്…

 

അനാഥാലയത്തിൽ ജനിച്ചു വളർന്ന കാഴ്ചയിൽ എടുത്ത് പറയാൻ യാതൊരു പ്രത്യേകതമില്ലാത്ത അല്പംനിറം മങ്ങിയൊരു സാധാരണ പെൺക്കുട്ടിയാണ് നീന…

 

ആലോചിച്ചു തീരുമാനം പറയാനമ്മ പറഞ്ഞെങ്കിലും ബിനോയ്ക്ക് ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല, നീനയെ അവനു പരിചയമുണ്ട്… സംസാരിച്ചിട്ടുമുണ്ട് അവളോട്… അവളെ പോലൊരാളെ ഒരിക്കലും ഭാര്യാ സ്ഥാനത്തവൻ സങ്കല്പിച്ചിട്ടു കൂടിയില്ല… നല്ല സമ്പത്തും സൗന്ദര്യവുമുള്ളൊരു പെൺക്കുട്ടിയാവണം തന്റെ ഭാര്യയെന്നതവന്റെ ആഗ്രഹമാണ്..

 

അതു കൊണ്ടു തന്നെ അവനു സമ്മതമല്ല നീനയെ പോലൊരാളെ വിവാഹം കഴിക്കാൻ..

 

ബിനോയുടെ നോട്ടം ചേട്ടനായ എബിനു നേരെയായ്…

 

ആരു കണ്ടാലും ഇഷ്ടപ്പെടുന്നത്ര സൗന്ദര്യമുള്ള ഒരുവനാണ് എബിൻചേട്ടയി… ഹൈസ്കൂൾ അധ്യാപകൻ…

 

 

“ചേട്ടനെ കണ്ട് പഠിക്ക് ബിനോ… ,,അമ്മ തന്റെ ചെറുപ്പത്തിലെന്നും പറഞ്ഞിരുന്ന വാചകം..

 

” നിന്റെ ചേട്ടൻ നിന്നെ പോലെയല്ല ട്ടോ അടിപൊളിയാണ്..കിടു.. തന്റെ കൂട്ടുക്കാർ ഇന്നും തന്നോടു പറയുന്നത് ..

 

എന്നും എപ്പോഴും താൻ

അവനു പുറകിലാണ്… ഈ വിവാഹത്തിലും അതൊരുപക്ഷെ അങ്ങനെയായാലോ..?

 

ചേട്ടായി എന്തായാലും അവളെ പോലെ സൗന്ദര്യം കുറഞ്ഞൊരാളെ ഉറപ്പായും വിവാഹം കഴിക്കില്ല.. ജീവിതത്തെ പറ്റി വ്യക്തമായ കാഴ്ചപ്പാടുകളുണ്ട് ചേട്ടായിക്…

 

നീനയെ വേണ്ടെന്ന് ചേട്ടായി പറഞ്ഞാലൊരു പക്ഷെ താനവളെ സ്വീകരിക്കേണ്ടി വരുമോ…? അമ്മയ്ക്കവളെ അത്രയേറെ ഇഷ്ടമാണ്.. പെട്ടന്നൊന്നും ഉപേക്ഷിക്കില്ല..

 

ചേട്ടായി അവളെ വേണ്ടാന്നു പറഞ്ഞാൽ അമ്മതന്നെ നിർബന്ധിക്കുമോ…?

 

ചോദ്യം മനസ്സിലുയർന്നതും ബിനോ വേഗം അമ്മയെ നോക്കി..

 

“അമ്മ എനിക്ക് നീനയെ വിവാഹം കഴിക്കാൻ പറ്റില്ല…

കൂടുതലൊന്നും ഈ കാര്യത്തിൽ ആലോചിക്കാനില്ല എനിക്ക്.. എനിക്ക് ഇപ്പോഴൊരു വിവാഹവും വേണ്ട..

 

“ചേട്ടൻ.. ചേട്ടന് താത്പര്യമുണ്ടെങ്കിൽ അവരെ കെട്ടിക്കോട്ടെ..

 

ഒറ്റ ശ്വാസത്തിൽ ബിനോ പറഞ്ഞതിന് മേരി ഒന്നവനെ നോക്കി തലയാട്ടി.. അവരുടെ കണ്ണുകൾ എബിയ്ക്കു നേരെയായി…

 

“ഞാൻ പറയാം അമ്മാ… എനിക്കിത്തിരി സമയം വേണം….. ഞാൻ പറയാം…

 

അമ്മയുടെ മുഖത്തേക്ക് നോക്കി എബി പറയുമ്പോഴും മേരിയിലാ ചിരി അവശേഷിച്ചിരുന്നു…

 

ബിനോയ്ക്ക് പക്ഷെ ഉറപ്പായിരുന്നു ചേട്ടായ് നൈസായ് അതിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്ന്..

 

നീനയെ പോലൊരാളെ ചേട്ടന് ഒരിക്കലും ഇഷ്ടമാവില്ല… അവനുറപ്പിച്ചു

 

എബിയെ പറ്റിയുള്ള ആ ചിന്ത രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ മാറ്റി ബിനോ… വിവാഹത്തെ പറ്റി ആലോചിച്ചു പറയാമെന്ന് പറഞ്ഞവനെ നീനയ്ക്കൊപ്പം കാണുന്നതൊരു പതിവു കാഴ്ച്ചയായ്…

 

ബുക്ക്സ്റ്റാളുകളിലും ബീച്ചിലുമെല്ലാം നീനയോടൊപ്പം ചേട്ടായിയെ കണ്ടു തുടങ്ങിയപ്പോൾ ബിനോ ശ്രദ്ധിച്ചത് എബിയുടെ മുഖത്തെ സന്തോഷമാണ്.. നീനയ്ക്കൊപ്പം കൂട്ടിയതിൽ പിന്നെ കൂടതൽ സന്തോഷവാനാണേട്ടൻ…

 

തേടി നടന്നതെന്തോ കണ്ടു കിട്ടിയ സന്തോഷമാണേട്ടന്റെ മുഖത്ത്…

 

”അമ്മാ…എനിയ്ക്ക് എത്രയും പെട്ടന്ന് നീനയെ വിവാഹം കഴിക്കണമെന്ന് ചേട്ടായ് അമ്മയോടു പറയുന്നതു കേട്ട് മിഴിഞ്ഞത് ബിനോയുടെ കണ്ണുകളാണ്…

 

“നീനയ്ക്കെന്താണേട്ടായീ ഇതിനു മാത്രം പ്രത്യേകതയെന്ന ബിനോയുടെ ചോദ്യത്തിനവനെ നോക്കിയൊന്ന് കണ്ണിറുക്കി എബിൻ

 

“അവൾക്ക് പ്രത്യേകതകൾ മാത്രമേ ഉള്ളു ബിനോ.. അതു ഞാൻ തിരിച്ചറിഞ്ഞത് അവളുമായ് ഞാനടുത്തതിന് ശേഷമാണ്…

 

അല്പനേരം അവളെ കാണാതെയിരിക്കാൻ പറ്റാത്ത വിധം ഞാനവളെ പ്രണയിക്കുന്നുണ്ട്.. എത്രയും പെട്ടന്ന് എന്റേതാക്കാൻ കൊതിക്കുന്നുണ്ട് വല്ലാതെ…

 

എബിയുടെ സംസാരത്തെ ബിനോ പരിഹാസത്തോടെയാണ് സ്വീകരിച്ചത്…

 

വിവാഹം കഴിഞ്ഞ് കൂടെ പൊറുക്കുമ്പോഴും കാണണമീ സ്നേഹം അവളോട്…

 

പിറുപിറുത്തവൻ…

 

വിവാഹം കഴിഞ്ഞാൽ നീനയിൽ നിന്നകലും എബിയെന്നു കരുതിയ ബിനോയെ അമ്പരപ്പിച്ചു കൊണ്ട് നീനയോട് കൂടുതൽ അടുത്തു എബി..

 

കാന്തം ഇരുമ്പിനെ ആഘർഷിക്കുന്നതു പോലെ ഏതു സമയവും നീനയ്ക്ക് ചുറ്റുമായ് എബി…

 

അവരുടെ കിടപ്പുമുറിയിൽ നിന്ന് പുറത്തേക്ക് കേൾക്കുന്ന ശ്വാസനിശ്വാസങ്ങളും നീനയെ പുണർന്നും ചുംബിച്ചും കുസൃതിക്കാട്ടിയുംനിൽക്കുന്ന എബിയും ബിനോയുടെ ജീവിതത്തിലെ പതിവുകാഴ്ചകളായ്..

 

നീന വന്നതിനു ശേഷം തന്റെ വീടിനും വീട്ടുകാർക്കും എന്തിന് തനിക്ക് പോലും മാറ്റം വന്നത് ബിനോ ശ്രദ്ധിക്കുന്നത് വൈകിയാണ്..

 

അധിക സംസാരങ്ങളില്ലാതെ ഒതുങ്ങി ജീവിച്ചിരുന്ന തങ്ങളുടെ അമ്മ ഇപ്പോൾ വളരെ അധികം ഉണർവിലാണ്… തമാശകളും പൊട്ടിച്ചിരികളും വീടിനകത്ത് നിറഞ്ഞു നിന്നെപ്പോഴും…

 

അലസതയാടെ നടന്നിരുന്ന താൻ പോലും വീട്ടിലെ കാര്യങ്ങൾ അന്വേഷിക്കാനും അവർക്കൊപ്പം ഓരോന്നിനും കൂടി സന്തോഷങ്ങൾ കണ്ടെത്താനും തുടങ്ങിയപ്പോൾ തന്റെ കൂട്ടുക്കാർ പോലും പറഞ്ഞു നീ നിന്റെ ചേട്ടനെക്കാൾ സൂപ്പറാണല്ലോ ഇപ്പോഴെന്ന്..

 

ആരോരുമില്ലാതെ അനാഥാലയത്തിനുള്ളിൽ ഒതുങ്ങി പോയ നീനയെ, അവളുടെ മനസ്സിലെ നന്മയേയും സ്നേഹത്തെയുമെല്ലാം ആദ്യം തിരിച്ചറിഞ്ഞത് മേരിയാണ്.. പിന്നീടവളോട് അടുത്തപ്പോൾ എബിയും..

 

അവളിലെ നന്മയും സ്നേഹവുമെല്ലാം തന്റെ വീട്ടിലെന്നും ഉണ്ടാവണമെന്ന മേരിയുടെ ആഗ്രഹമാണ് എബിയിലൂടെയവർ നേടിയെടുത്തത് ..

 

തന്റെ കൈവശമുള്ളത് മറ്റുള്ളവർക്കു കൂടി നീന നൽകി തുടങ്ങിയതോടെയാണ് തന്റെ വീടൊരു സ്വർഗ്ഗമായതെന്ന് തിരിച്ചറിഞ്ഞവൻ..

 

കാഴ്ചയിലെ സൗന്ദര്യത്തിനുമപ്പുറം മനസ്സിന്റെ സൗന്ദര്യമാണ് ജീവിതത്തിൽ പ്രധാനമെന്ന് തിരിച്ചറിഞ്ഞ നാളുകളിലൊന്ന് ബിനോ മേരിയ്ക്ക് മുന്നിലെത്തി…

 

“അമ്മാ… എനിയ്ക്കും വേണം നീനയെ പോലൊരു പെൺക്കുട്ടിയെ എന്റെ ഭാര്യയായ്…

 

പതർച്ചയേതുമില്ലാതെ ബിനോ പറഞ്ഞതിനൊരു പുഞ്ചിരി മടക്കിയവന് നൽകി മേരി…

 

‘അവളെ പോലെ ഒരാൾ അങ്ങനെയൊന്നില്ല മോനെ.. ചില ഭാഗ്യങ്ങൾ ചില സമയങ്ങളിൽ മാത്രമേ നമ്മളെ തേടി വരു..അങ്ങനെ വന്ന ഒന്നാണ് നീനയും.. നീയതിനെ ആദ്യമേ തിരസ്കരിച്ചു അവൻ നിന്റെ ചേട്ടായ് അതു സ്വീകരിച്ചു…

 

ഇനി നമ്മുക്ക് കാത്തിരിക്കാം നിന്നെയും തേടി വരുന്ന ഭാഗ്യത്തിനായ്… വരും.. നിനക്കായുമൊരുത്തി…

 

അമ്മയുടെ വാക്കിൽ തെളിഞ്ഞ പ്രതീക്ഷ പക്ഷെ ബിനോയിൽ ഉണ്ടായിരുന്നില്ല..

 

ഭാഗ്യം നമ്മളെ തേടി വരുമ്പോൾ തന്നെയതിനെ സ്വീകരിക്കണമെന്നത് ബിനോ എന്നേ ജീവിതം കൊണ്ട് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു…

 

RJ

Leave a Reply

Your email address will not be published. Required fields are marked *