അവിടെ ” അവളുടെ നെഞ്ച് വല്ലാതെ മിടിച്ചു.  ” അവിടെ എന്താ

എയർപോർട്ടിൽ നിന്നും കാറിലെ യാത്രയിൽ കാഴ്ചകൾ ക്ക് ഒപ്പം ഓർമകളും പിന്നിലേക്ക് പോയി…

 

പത്ത് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക്… മാറ്റങ്ങൾ ഒരുപാട് ഉണ്ട് തനിക്കും നാടിനും… മാറ്റങ്ങൾ ഏതുമില്ലാത്തത് മനസിലായി മൂടിവച്ചിരിക്കുന്ന ഒരു മുഖത്തിന് മാത്രം…

 

 

” മാഡം എവിടേക്കാണ് പോകണ്ടത്.. ” തൻ്റെ പിഎയാണ്.

 

” ഡയാനയ്ക് മറവി വല്ലതും ഉണ്ടോ”

 

 

” അല്ല മാം കുറേ നാളുകൂടി നാട്ടിലേക്ക് വന്നതല്ലേ വീട്ടിലേക്ക്… ”

 

 

” സ്റ്റോപ്പിറ്റ് ഡയാനാ… എനിക്ക് ഇല്ലാത്ത വീടിനെയും വീട്ടുകാരെയും കുറിച്ച് ഓർത്ത് നീ വിഷമിക്കണ്ട… മനസിലായോ…”

 

” മ്”

 

” വില്ലയിലേക്ക് പോ…

 

 

ഓകെ മാം… ഡയാന പറഞ്ഞു കൊണ്ട് ഡ്രൈവർക്ക് നിർദേശം കൊടുത്തു.

 

 

 

വീടും വീട്ടുകാരും ഓർക്കുമ്പോൾ പോലും വെറുപ്പൊ ദേഷ്യമോ ഒക്കെയാണ്. മറ്റുള്ളവരുടെ കണ്ണിൽ താനൊരു ദുഷ്ടയാകും പക്ഷേ അവർ മൂലം തനിക്കുണ്ടായ നഷ്ടങ്ങൾ അതൊരിക്കലും നികത്താനാവില്ല…

 

” മാം വില്ലയെത്തി… ഓർമകളിൽ മുഴുകി ഇരുന്നവൾ ദീർഘമായി നിശ്വസിച്ചു കൊണ്ട് കാർ ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി.

 

 

” ടേക് റെസ്റ്റ് ഡയാന… ഇന്ന് ഇനി വേറേ വർക്കൊന്നും വേണ്ട…” പറഞ്ഞ് കൊണ്ട് അവൾ മുകളിലെ മുറിയിലേക്ക് പോയി..

 

 

ബാൽക്കണി ഡോർ തുറന്നാൽ കടലാണ് കാഴ്ച… അവൾ മാറിൽ കൈ കെട്ടി ആ കാഴ്ച നോക്കി നിന്നു.. ആർത്തിരമ്പുന്ന തിരമിലാകളെ പോലെ ഓർമകൾ മനസിലേക്ക് ഓടിയെത്തി…

 

 

നൂർജഹാൻ മാലിക്…  പേര് കേട്ട് മാലിക് ഹൗസിലെ അംഗം… ഒരിക്കൽ ആ മേൽവിലാസത്തിൽ താൻ ഏറ്റവും അധികം അഭിമാനിച്ചിരുന്നു. പിന്നീട് വെറുത്തു… ഇന്ന് ആ മേൽവിലാസത്തിൽ നിന്നും ഇറങ്ങിയപ്പോൾ വല്ലാത്ത ഒരു സമാധാനം തോന്നുന്നുണ്ട്.

 

 

വാനിറ്റി മിററിലേക്ക് നോക്കി കുറച്ചു നേരം… നാളേ കോളേജ് റീയൂണിയനാണ്, അതിന് വേണ്ടിയാണ് വർഷങ്ങൾക്ക് ശേഷം ഈ വരവ്…

 

കോളേജിനെ കുറിച്ച് ആലോചിക്കുമ്പോൾ മനസിലോടി വരുന്നത് ഒരുവൻ്റെ മുഖമാണ്…

 

“” വെളുത്ത തട്ടത്തിൽ പാതി തുറന്നയീ മുഖത്ത് ഏറ്റവും ഭംഗി ഈ കരിനീല കണ്ണുകൾക്ക് ആണ്… കരിമഷിയാൽ അത് ഒന്നുകൂടി ഭംഗിയായിരിക്കുന്നു നൂർ..”” കവിളിൽ നുണക്കുഴി ഒളിപ്പിച്ചു കണ്ണിൽ കുസൃതി നിറച്ച് പറഞ്ഞൊരുവൻ…

 

അവനില്ലായ്മയിൽ അതൊക്കെ എന്നിൽനിന്നും അകന്നു പോയിരിക്കുന്നു…

 

 

ഉറക്കം പോലും വരുന്നില്ല, സുഖമുള്ള ഓർമ്മകൾ തന്നെ അതിന് അനുവദിക്കുന്നില്ല…

 

വാതിലിൽ തട്ട് കേട്ടാണ് ചെറുമയക്കത്തിൽ നിന്നും നൂറ എണീറ്റത്…

 

” എന്താ ഡയാന… ” വാതിലിൽ പരിഭ്രമത്തോടെ നിൽപ്പാണ് ആള്.

 

 

” അത് മാം… അവിടെ ” അവളുടെ നെഞ്ച് വല്ലാതെ മിടിച്ചു.

 

 

” അവിടെ എന്താ… അവളെ മറികടന്ന് നൂറ സ്റ്റെയർ ഇറങ്ങി.

 

 

ഹാളിലായി ഇരിക്കുന്നവരെ കണ്ട് അവൾക്ക് നിയന്ത്രണം നഷ്ടമാകുന്നത് പോലെ തോന്നി.

 

” ഡയാന…” അവൾ വിളിച്ചതും അവൾക്ക് പിന്നിൽ എത്തിയിരുന്നു ഡയാന.

 

 

” ആരാ ഇവരെയൊക്കെ അകത്തേക്ക് കയറ്റി വിട്ടത്… ആരോട് ചോദിച്ചിട്ടാ..” ഡയാന ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നു.

 

 

” മോളെ… ഞങ്ങള് നിന്റെ ഉമ്മയും ബാപ്പയും അല്ലേ നീ എന്താ ഇങ്ങനെ അന്യരെ പോലെ…’

 

” എനിക്ക് നിങ്ങൾ അന്യരായത് കൊണ്ട് തന്നെയാണ്…

 

 

” മോളേ..” ഉമ്മയാണ്

 

” വിളിക്കരുത് അങ്ങനെ….എനിക്ക് ആരും ഇല്ല… ആരെയും വേണ്ട.. പൊക്കൊ ഇവിടുന്ന്.” സങ്കടഭൊ ദേഷ്യമൊ ഒക്കെ തോന്നി അവൾക്ക്.

 

 

ഇത്രയും വെറുക്കാൻ ഞങൾ എന്താ ചെയ്തേ… ബാപ്പ വീണ്ടും ന്യായീകരിക്കാൻ ശ്രമിക്കുന്നത് പോലെ.

 

” നിങ്ങള് ഒന്നും ചെയ്തില്ല അല്ലേ.. നിങ്ങള് എനിക്ക് ഉണ്ടായ നഷ്ടങ്ങൾ അതൊന്നും ഒന്നുമല്ലേ… പറയ് ഒന്നുമല്ലേ… അതില് ഏതെങ്കിലും ഒന്നെനിക്ക് തിരിച്ചു തരാൻ പറ്റുമോ നിങ്ങൾക്ക്… ഇല്ലല്ലോ… അപ്പോ ഇനി എൻ്റെ മുന്നിലേക്ക് വരരുത് പ്ലീസ്… ഒരു മറുപടിയ്ക്ക് കാക്കാതെ അവൾ മുറിയിലേക്ക് കയറി പോയ്.

 

 

” സോറി സർ…” ഡയാന പറഞ്ഞു

 

 

” സാരല്ല മോളെ… അവളുടെ ദേഷ്യം ന്യായമായതാണ്. ഞങ്ങൾ അത് കേൾക്കാൻ ബാധ്യസ്ഥരാണ്… അഹങ്കാരവും ധാർഷ്ട്യവും തലയ്ക്കു പിടിച്ച സമയത്ത് കാണിച്ചു കൂട്ടിയ ഓരോന്നിനും ഇപ്പൊ പ്രായശ്ചിത്തം ചെയ്യുകയാ… ഇവളോട് മാത്രം എന്ത് പ്രായശ്ചിത്തം ചെയ്യണമെന്ന് അറിയില്ല… ” ഈറനണിഞ്ഞ കണ്ണ് തുടച്ചു കൊണ്ട് അവർ ഇറങ്ങി പോയി..

 

 

 

അവർ പോകുന്നത് മുകളിൽ നിന്നും നൂറ കാണുന്നുണ്ടിയിരുന്നു. അവളുടെ ബാഗിൽ നിന്നും ഒരു ബുക്ക് എടുത്തു… കോളേജ് സമയത്തെ ഡയറിയാണ്. അതിൽ മുഴുവനും അവനാണ് ജീവൻ… തൻ്റെ പ്രണയം തൻ്റെ മാത്രം…

 

” നിന്നെയും നമ്മുടെ പ്രണയത്തെയും എനിക്ക് നഷ്ടമാക്കിയ അവരോട് ഞാൻ എങ്ങനെയാ ജീവാ ക്ഷമിക്കുക… കഴിയില്ല എനിക്ക്…

 

ആദ്യമായി അവനെ കണ്ടതും പരിചയപ്പെടതും പിന്നീട് പ്രണയമായതും എല്ലാം ഒരു തിരശ്ശീലയിൽ എന്നോണം അവളുടെ ഓർമകളിൽ തെളിഞ്ഞു…

 

ആ പ്രണയത്തെ മതത്തിന്റെയും സമൂഹത്തിന്റെയും പണത്തിന്റെയും പേരിൽ തന്നിൽ പറച്ചെറിയപ്പെട്ടതും ഓർക്കേ കണ്ണുകൾ ഇടതടവില്ലാതെ ഒഴുകി… അടിച്ചവശാനാക്കിയിട്ടും പരമാവധി ദ്രോഹിച്ചിട്ടും തൻ്റെ പ്രണയത്തിൽ നിന്നും പിന്മാറാത്തവനേ തന്നെ കൊണ്ട് തന്നെ തകർത്തു കളയിച്ചു കുടുംബക്കാർ…

 

വെറുതെ വിടാൻ കാല് പിടിച്ച് അപേക്ഷിച്ചിട്ടും ഒരാള് പോലും സമ്മതിച്ചില്ല…

എനിക്ക് നിന്നെ വേണ്ടെന്നും മറ്റൊരുവൻ്റേതാകാൻ പോകുകയാണ് എന്നും എന്നെ കൊണ്ട് തന്നെ പറയിച്ചപ്പോൾ,

എൻ്റെ മുന്നിൽ ഇന്നുമുണ്ട് ജീവ…  കരഞ്ഞ് തളർന നിസ്സഹായമായി എന്നെ നോക്കിയ നിൻ്റെ മുഖം….

 

 

തകർന മനസുമായി നീ പോയപ്പോ അന്ന് മരിച്ചു നിന്റെ നൂറയും… ഒടുവിൽ നിക്കാഹിൻ്റെ തലേദിവസം രണ്ട് കൈയുടെയും ഞരമ്പ് മുറിച്ച് എല്ലാം അവസാനിപ്പിക്കാൻ ശ്രമിച്ചു.  പക്ഷേ അനിയത്തി കണ്ടത് കൊണ്ട് മാത്രം ആണ് ഇന്ന് ഇങ്ങനെ ജീവനോടെ ഇരിക്കുന്നത്.

 

ആ വിവാഹം മുടങ്ങിയപ്പോൾ രണ്ടാമത് ഒന്നിന് ആലോചിക്കാതെ ബാപ്പാടെ പെങ്ങളുടെ അടുത്തേക്ക് പോയതാണ് ജീവിതത്തിലേ ഈ വഴിതിരിവിന് കാരണം…

 

ഇന്ന്  ഒരു ബൊട്ടീക് ശൃംഖലയുടെ ഉടമയായി മാറിയതിനും ഉള്ള കാരണക്കാർ ഇവർ തന്നെയാണ്…

 

 

രാവിലെ ഫങ്ഷന് പോകാൻ വല്ലാത്ത ഒരു ഉത്സാഹമായിരുന്നു അവൾക്ക്…

ഓഫ് വൈറ്റ് കളർ സിമ്പിൾ വർക് ചെയ്ത ഒരു സാരിയായിരുന്നു അവളുടെ വേഷം. മിതമായ ഒരുക്കത്തിലും അവളുടെ കണ്ണുകൾ ഒഴിഞ്ഞു തന്നെ കിടന്നു.

 

ഇന്ന് നിന്നേ കാണുമോ ജീവാ… അറിയാം നീയിന്നു ചിലപ്പോൾ മറ്റാരുടെയെങ്കിലും ആയിട്ടുണ്ടാവും… എങ്കിലും ഒരു നോക്ക് കാണാൻ മനസ് വല്ലാതെ തുടിക്കുന്നുണ്ട് ജീവാ…

 

എൻ്റെ കാത്തിരിപ്പിന് ഒരു പേരുണ്ടെങ്കിൽ അത് നീയാണ് ജീവാ…

 

 

വർഷങ്ങൾക്കു ശേഷം കോളേജ് ക്യാമ്പസിൽ കാലെടുത്തു വയ്ക്കുമ്പോൾ ഒരിക്കലെങ്കിലും ആ കാലത്തിലേക്ക് ഒരു തിരിച്ചുപോക്ക് ഇല്ലേ എന്ന് മനസ് അതിയായി മോഹിച്ചു പോയി…

 

 

” നൂർജഹാൻ… ” പിന്നിൽ നിന്ന് വിളിച്ചതും അവൾ തിരിഞ്ഞ് നോക്കി.

 

കൂട്ടുകാരാണ്… എല്ലാവരിലും കാലം കൊടുത്ത മാറ്റങ്ങളുണ്ട് .

 

” നൂർജഹാനെ ആളാകെ മാറിയല്ലൊ… ” മാറ്റങ്ങളുടെ എണ്ണമെടുക്കുകയാണവർ.

 

” പിന്നെ മാറാതിരിക്കൊ വലിയ ബിസിനസ് വുമണല്ലേ… പരസ്പരം ഓരോന്ന് പറഞ്ഞു കളിയാക്കുന്നുണ്ട്…

 

എൻ്റെ കണ്ണുകൾ തിരഞ്ഞത് ഒരുവനെ മാത്രമാണ്… വരില്ലേ ഇനി…

 

 

ചുമലിൽ ഒരു കൈ പതിഞ്ഞതും ഞാൻ തിരിഞ്ഞ് നോക്കി.

 

” അജിത്… ഞങ്ങളുടെ പ്രണയത്തിന്റെ കാവലാൾ എൻ്റയും ജീവയുടെയും മനസാക്ഷി.

 

 

” സുഖമല്ലേ നൂറാ…”

 

“ഹ്മ് സുഖം…  നിനക്കോ.. ഇപ്പൊ എന്ത് ചെയ്യുന്നു.

 

” ഹാ സുഖമാണ്…  ഞാൻ ഇവിടെ ഒരു സ്റ്റാർട്ടപ്പ് തുടങ്ങീട്ടുണ്ട് നന്നായി പോകുന്നു..   പിന്നെയും മൗനം.. ജീവ എവിടെ ആണ് എന്ന് ചോദിച്ചാലോ… അവളുടെ മനസ് വെമ്പി.

ഒരിക്കലും ഞങ്ങൾക്ക് ഇടയിൽ തോന്നൽ ഉണ്ടായിരുന്നില്ല.

 

 

 

” എന്നാ ഞാനങ്ങോട്ട്.” അവൻ തിരിഞ്ഞ് നടന്നു.

 

” അജി.. ജീവാ…ജീവ വന്നില്ലേ… ആ പേര് പറയുമ്പോൾ ശബ്ദം ഇടറാതെ ഇരിക്കാൻ ആവുന്നതും ശ്രമിച്ചു.

 

 

” മ് വന്നു ഇവിടെ തന്നെയുണ്ട്…” പിന്നീട് ഒന്നും പറയാതെ അവൻ നടന്ന്

 

 

 

അവനെ ഒന്ന് കാണാനായി മാത്രം അവളുടെ കണ്ണുകൾ അവിടമാകെ അലഞ്ഞു. ഒടുവിൽ അവ അവനെ കണ്ടെത്തി. അവനും അവളെ കണ്ടിരുന്നു.

 

സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു കാഴ്ച മറച്ചു.

അടുത്തേക്ക് നടക്കാനാഞ്ഞ കാലുകൾ അവിടെ തന്നെ നിന്നു പോയ്..

 

ജീവയുടെ അരികിലായി താലിയും സിന്ദൂരവും അണിഞ്ഞ് നിൽക്കുന്ന ഒരുവളിൽ മിഴികൾ ഉടക്കി.

 

കണ്ടു… കൺനിറയെ കണ്ടു ഇനിയൊന്നും വേണ്ട.  നൂറ തിരിഞ്ഞ് നടന്നു

 

 

ആളൊഴിഞ്ഞ വരാന്തയിലൂടെ ഓർമകളും പേറി അവളങനെ നടന്നു.. പണ്ടിങ്ങനെ നടക്കുമ്പോൾ ഇടം കൈ ചേർത്ത് ഒരുവനും കൂടെ ഉണ്ടായിരുന്നു..

 

അവളെ പോലും നടക്കുന്നതിനിടയിൽ പിന്നിൽ തൻ്റെ നിഴലായി വന്നവനെ അവൾ കണ്ടില്ല.. കുറച്ചു നേരം കൂടി അവിടെ നിന്നിട്ട് തിരിച്ചു പോരുമ്പോളാണ് പിന്നിൽ കൈകൾ രണ്ടും മാറിൽ പിണച്ചു കെട്ടി അവൻ നിൽക്കുന്നത് കണ്ടത്.

 

ഓടിയാ നെഞ്ചിലൊളിക്കാൻ തോന്നി.. വാരിപ്പുണർന്നു ചുംബനങ്ങൾ കൊണ്ട് മൂടാൻ തോന്നി… ഹൃദയം അങ്ങനെ നിറഞ്ഞു തുളുമ്പി…

 

” സുഖമാണോ നൂർജഹാൻ… ” വർഷങ്ങൾക്കു ശേഷം അവൻ്റേ ശബ്ദം.

അതും നൂർ എന്ന് മാത്രം വിളിച്ചിരുന്ന നാവിൽ നിന്ന് നൂർജഹാൻ എന്ന കേട്ടപ്പോൾ നെഞ്ച് വിങ്ങി അവളുടെ.

 

 

” ഹ്മ്… ”

 

” ഫാമിലി വന്നില്ലേ… ”

 

 

” ഇല്ല…”

 

 

” മ്…” അവൻ തിരിഞ്ഞ് നടന്നു. അവനൊപ്പം അവളും…

 

 

വാക്കുകൾ പോലും ഇല്ലാതായിരിക്കുന്നു അവനോട് ഒന്ന് മിണ്ടാൻ…

 

 

എല്ലാവരും പഴയ കാലത്തെ അയവിറക്കി കൊണ്ട്, പാട്ട് പാടിയും വിശേഷങ്ങൾ പങ്കുവെച്ചും സമയം അധികം വേഗം കടന്നു പോയ്… വീണ്ടും പിരിയുകയാണ്…

 

പരസ്പരം പുണർന്നും കരഞ്ഞും യാത്ര പറയുന്നു.

 

 

” ഞാൻ… ഞാനിറങ്ങാ…” അജിയും ജീവയും എല്ലാവരും നിൽക്കുമ്പോൾ അവരോടായി പറഞ്ഞു. എന്നെ ഒന്ന് നോക്കി, ജീവ ധൃതിയിൽ പുറത്ത് പോയി…

 

” പോവാണൊ നീ… ”

 

 

” ഹ്മ്… പത്ത് മണിയ്ക്കാണ് റിട്ടേൺ ഫ്ലൈറ്റ്… ഇനി ഇങ്ങോട്ട് ഇല്ല…”

 

 

” എല്ലാം അവസാനിപ്പിച്ച് പോവാണൊ നീ… അപ്പോ അവനോ… ഞങ്ങളോട് ഒക്കെ യാത്ര പറഞ്ഞു പോവാൻ നിനക്ക് കഴിയുമായിരിക്കും അവനോടു പറയാൻ കഴിയോ നിനക്ക്.. നിനക്ക് വേണ്ടി മാത്രം ജീവിക്കുന്ന അവനോടു യാത്ര പറയാൻ കഴിയോടി നിനക്ക്..” അജി വല്ലാതെ ദേഷ്യത്തിലും സങ്കടത്തിലുമാണ്.

 

 

” എന്താ… എന്താ നീ പറഞ്ഞേ.. ജീവ..”

 

 

” കാത്തിരിക്കും എന്ന് ഒരിക്കൽ നീ പറഞ്ഞ വാക്കിലാടി അവനിപ്പോഴും..”

അവനത് പറയുമ്പോൾ അവൾ ആ പെൺകുട്ടിയേയും നോക്കി.

 

അജി അവളെ തന്നോട് ചേർത്ത് പിടിച്ചു.

 

” ഇത് എൻ്റെ ഭാര്യയാണ്… അവന് പിറക്കാത്ത പെങ്ങൾ…” അതു കൂടി കേട്ടതും അവൾ തിരിഞ്ഞ് ഓടി ജീവ പോയ് വഴിയിലേക്ക്. അവൾക്ക് പിറകെ മറ്റുള്ളവരും

 

” ജീവാ… ” അകലേക്ക് നടക്കുന്ന അവനെ പിന്നിൽ നിന്ന് വിളിച്ചവൾ. വിളി കേട്ടു എങ്കിലും തിരിഞ്ഞ് നോക്കാതെ അവിടെ തന്നെ നിന്നവൻ.

 

വേഗത്തിൽ ഓടി അവനെ പിന്നിൽ നിന്ന് പുണരുമ്പോൾ വർഷങ്ങളായി ഉള്ളിലടക്കിയ സങ്കടക്കടൽ അവനിലേക്ക് ഒഴുക്കുകയായിരുന്നു അവൾ. അവളെ കൈയിൽ പിടിച്ച് തിരിച്ചു തനിക്ക് അഭിമുഖമായി നിർത്തി.

 

 

” നിന്നെ മറന്നു എന്ന് കരുതിയോ നൂർ.. ഈ നെഞ്ച് ഇപ്പോഴും മിടിക്കുന്നത് നിൻ്റെ ഹൃദയം എന്നിലേക്ക് ചേരാനായിരുന്നു… വർഷങ്ങൾക്കു ശേഷം ദാ നമ്മുടെ കാത്തിരിപ്പ് അവസാനിക്കുന്നു…

 

അവളെ നെഞ്ചിലേക്ക് ചേർത്ത് ഇറുകെ കെട്ടിപ്പിടിച്ചു.. നെറുകയിൽ കണ്ണീർ കലർന്ന ഒരു ചുംബനം നൽകി..

അജിത്തും ഭാര്യയും പരസ്പരം നോക്കി പുഞ്ചിരിച്ചു.

ഒരു കാലത്ത് ഏവരും അസുയയോടെ നോക്കിയിരുന്ന, ചേരില്ലെന്ന് കരുതിയ ഒരു പ്രണയം വീണ്ടും ഒന്നിയതിൻ്റെ സന്തോഷമായിരുന്നു എല്ലാവരിലും…

 

അവർക്ക് ഒപ്പം നൂർജഹാൻ്റെ വീട്ടുകാരും ഉണ്ടായിരുന്നു ആ കാഴ്ച കാണാൻ.. ഒരിക്കൽ തങ്ങളാൽ പിരിഞ്ഞു പോയ രണ്ട് മനസുകളെ വീണ്ടും ഒരുമിപ്പിച്ചതിന് സർവ്വശക്തനായ ദൈവത്തിനോട് അവർ മനസാ നന്ദി പറഞ്ഞു….

 

 

ഒരിക്കൽ നഷ്ടമായ പ്രണയകാലം തിരിച്ചു പിടിക്കുന്നതിൻ്റെ തുടക്കമായി ആളൊഴിഞ്ഞ വരാന്തയിലൂടെ അവൻ്റെ കൈയിൽ കൈകോർത്ത് പിടിച്ച് തോളിൽ തലചായ്ച്ച് അവർ നടന്നു…

ഒരിക്കലും അണയാത്ത ഒരു പ്രണയമായ്…

 

 

 

✍️🔱🦋ശിവപദ്മ🦋🔱

Leave a Reply

Your email address will not be published. Required fields are marked *