” ഞാനിപ്പോൾ ശരിക്കും വെറുമൊരു പെണ്ണാണ് അല്ലേ സിജോ …?
“വീട്ടുകാരുടെ ഇഷ്ടത്തിനും ആഗ്രഹത്തിനും മാത്രം പ്രവർത്തിക്കുന്ന പെണ്ണ്…
” നിൻറെ കൂടെ അല്ലാതെ ഒരു ജീവിതം സ്വപ്നം കാണാൻ പോലും പേടിച്ചിരുന്ന ഞാൻ കുറച്ചു നാൾ കഴിഞ്ഞാൽ വേറൊരാളുടെ കൂടെ ജീവിക്കാൻ പോകുന്നു.
നിനക്ക് തന്ന മനസ്സും നിന്റേതാവണം എന്നാഗ്രഹിച്ച ശരീരവും ഇനി മറ്റൊരുത്തന് … ഓർക്കാൻ പോലും സാധിക്കുന്നില്ല സിജോ..
ഞാനെന്താണ് സിജോ ഇങ്ങനെയായ് പോയത് ..?
ഒട്ടും ധൈര്യമില്ലാത്തവളായ് പോയത് ..?
” എനിക്ക് നിന്നെയാണ് ഇഷ്ടമെന്ന് പറയാൻ, നിൻറെ കൂടെ ജീവിച്ചാൽ മതിയെന്നു തുറന്ന പറയാൻ പോലും ധൈര്യം വരുന്നില്ല സിജോ …
” അപ്പച്ചൻ എല്ലാം തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ് …
ഇനി ഞാനായിട്ട് അതിനെന്തെങ്കിലും തടസ്സം ഉണ്ടാക്കിയാൽ ഞാൻ ഉൾപ്പെടെ എൻറെ വീട്ടിൽ ഒരാളും പിന്നെ ജീവനോടെ ഉണ്ടാവില്ല …
“എനിക്ക് ഉറപ്പാണത്, കൊല്ലും അപ്പച്ചൻ എല്ലാവരെയും ….
തൻറെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞുകൊണ്ട് ഓരോന്നായി എണ്ണി പെറുക്കി കരയുന്ന സാന്ദ്രയെ എന്തുപറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടതെന്നറിയാതെ പതറി നിൽക്കുകയായിരുന്നു സിജോ …
ഒരു രണ്ടാം കെട്ടുക്കാരനെയാണ് അപ്പച്ചൻ എനിക്കായ് കണ്ടെത്തിയത് ..
“രണ്ടാം കെട്ടുക്കാരനാണെറിഞ്ഞു അപ്പച്ചൻ ഈ വിവാഹം നടത്താൻ തീരുമാനിച്ചപ്പോൾ തന്നെ സിജോയ്ക്ക് മനസ്സിലായില്ലേ എൻറെ അപ്പച്ചന്റെ പണത്തിനോടുള്ള ആർത്തി ….?
“ഞങ്ങൾ മക്കളുടെ ഇഷ്ട്ടമോ ആഗ്രഹങ്ങളോ ഒന്നും അറിയണ്ട അപ്പച്ചന് .. പണം കിട്ടിയാൽ മാത്രം മതി …
“നശിക്കട്ടെ എന്റെ ജീവിതം.. ഇങ്ങനെ നശിക്കട്ടെ …
എന്നാലെങ്കിലും എൻറെ അനിയത്തി ഉൾപ്പെടെയുള്ളവർ രക്ഷപ്പെടുമല്ലോ ..
സാന്ദ്ര വീണ്ടും ഓരോന്ന് പറഞ്ഞു കണ്ണുനീർ വാർത്തിരുന്നപ്പോൾ സിജോ അവളുടെ കയ്യിലൂടെ മെല്ലെ തലോടി കൊണ്ടിരുന്നു ഒരു ആശ്വാസത്തിനെന്നപോലെ ..
കഴിഞ്ഞ രണ്ടു വർഷമായി താൻ പ്രണയിക്കുന്നവളാണ്…
സ്ഥലം മാറ്റം കിട്ടി ഇവിടുത്തെ ഓഫീസിൽ വന്നപ്പോൾ തനിക്ക് ആദ്യമായി കിട്ടിയ കൂട്ട്..
നന്നായി സംസാരിക്കുന്ന, മനോഹരമായ പുഞ്ചിരിക്കുന്ന, എല്ലാവരോടും സൗമ്യതയോടെ പെരുമാറുന്ന ഒരു പെണ്ണ്.. സാന്ദ്ര..
മനസ്സിൽ അവൾ കയറി കൂടിയത് വളരെ പെട്ടെന്നായിരുന്നു .
തങ്ങൾ രണ്ടുപേർ കടുത്ത പ്രണയത്തിലാണെന്ന് തങ്ങൾരണ്ടുപേർക്കല്ലാതെ ഒരാൾക്കും പുറമെ അറിയില്ല .
ഓഫീസിൽ പോലും ഒരാൾക്കും ഇങ്ങനൊരുകാര്യം അറിയില്ല ..അതിന് കാരണം സാന്ദ്രയാണ്
അവളുടെ അപ്പച്ചന് അവൾ ഒരു കറുവപ്പശുവാണ്. അവളുടെ ശമ്പളത്തിൽ ജീവിക്കുന്ന ഒരു മനുഷ്യനാണ് അയാൾ, മാത്രമല്ല സാന്ദ്രയ്ക്ക് ഒരു പ്രണയമോ പ്രേമമോ ഉണ്ടെന്നറിഞ്ഞാൽ അയാൾ എങ്ങനെ പ്രതികരിക്കും എന്ന് പോലും പറയാൻ പറ്റില്ല എന്ന് സാന്ദ്ര പേടിയോടെ പറഞ്ഞപ്പോൾ തങ്ങളുടെ ബന്ധം തങ്ങൾക്കിടയിൽ ഒതുക്കി നിർത്തി തങ്ങൾ ഇരുവരും
അങ്ങനെയുള്ള അവളുടെ വിവാഹമാണ് അതും ഒരു രണ്ടാംകെട്ടുകാരനുമായി..
വലിയ പണക്കാരൻ ആണ് അയാൾ എന്ന ഒറ്റ കാരണം കൊണ്ടാണ് സാന്ദ്രയുടെ അപ്പച്ചൻ ഈ കല്യാണത്തിന് സമ്മതിച്ചത്.
വിവാഹത്തിനു ശേഷം സാന്ദ്രയുടെ കുടുംബത്തെ കൂടി അയാൾ നോക്കും എന്നറിഞ്ഞപ്പോൾ മറ്റുള്ളതൊന്നും ഒരു കുറവായി അയാൾക്ക് തോന്നിയില്ല..
അല്ലെങ്കിലും ആദ്യം വിവാഹം കഴിച്ച പെൺകുട്ടി മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടു പോയതിന് ചെക്കനെന്ത് പിഴച്ചു..
അതാണ് അവളുടെഅപ്പച്ചന്റെ
ന്യായം ..
സിജോ ചിന്തിച്ചിരുന്നപ്പോൾ വീണ്ടും സാന്ദ്ര പറഞ്ഞു തുടങ്ങി
“ഞാൻ സിജോയെ സ്നേഹിച്ചത് നമുക്ക് ഒരുമിച്ച് ജീവിക്കാം എന്ന് കരുതി തന്നെയാണ്.. എന്റെ മരണംവരെ എനിക്ക് സിജോയുടെ മാത്രമായിരിക്കാൻ വേണ്ടിയാണ്..
” അതിന് വിധിയില്ലാത്തതു കൊണ്ട് മാത്രം ഒരു രണ്ടാം ചാൻസുകാരന് എൻറെ ശരീരം നൽകുന്നതിന് മുന്നേ ഞാനത് സിജോയ്ക്ക് നൽകാൻ തയ്യാറാണ് … ഞാനെന്നെക്കാളധികം സ്നേഹിച്ച നിനക്ക് ഞാനതല്ലാതെ വേറെ എന്താ ന ൽ ക്കുക ..?
“അതല്ലാതെ എൻറെ സിജോയ്ക്ക് നൽകാൻ എൻറെ കയ്യിൽ ഒന്നുമില്ല എന്നെ തന്നെ തരാനെ എനിക്ക് പറ്റൂ…
പൊട്ടി കരഞ്ഞുകൊണ്ട് സാന്ദ്ര സിജോയെ കെട്ടിപിടിച്ചു
“ഞാൻ നിന്നെയാണ് സാന്ദ്ര സ്നേഹിച്ചതും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചതും അതല്ലാതെ നിന്റ്റെ ശരീരത്തെ അല്ല ..
വേദനയോടെ സിജോ പറഞ്ഞതും സാന്ദ്ര അവനിലേക്കൊന്നു കൂടി ചേർന്നിരുന്നു
” എനിക്കറിയാം സിജോ… നിന്നെ എനിക്കറിയുന്നതു പോലെ മറ്റാർക്കറിയാം .. ഞാനെന്റെ മനസ്സ് ആദ്യമായ് തന്നത് നിനക്കാണ് ,ആ നീ തന്നെയാവട്ടെ എന്റെ ഈ ശരീരത്തിന്റെയും ആദ്യ അവകാശി ..
” ഈ ഒരു കാര്യം മനസ്സിൽ തീരുമാനിച്ചുറപ്പിച്ചിട്ടു തന്നെയാണ് ഞാനിന്ന് നിന്നെ കാണാൻ വേണ്ടി നിന്റെയീ റൂമിലെത്തിയത് സിജോ…
“എനിയ്ക്കും ഒരിക്കലെങ്കിലും ജയിക്കണ്ടേ …
ഉറച്ച ശബ്ദത്തിൽ സാന്ദ്ര ചോദിച്ചതും സിജോ അവളെ തന്നെ നോക്കി ഇരുന്നു പോയ്
നിറഞ്ഞ സദസ്സിനു പിന്നിലെ ആളൊഴിഞ്ഞൊരു കസേരയിലിരുന്ന് സിജോ സ്റ്റേജിലേക്ക് ഉറ്റുനോക്കി കൊണ്ടിരുന്നു ..
അവിടെ സ്റ്റേജിൽ തന്റെ ഭർത്താവ് റോണിയ്ക്കൊപ്പം സാന്ദ്ര അതി സുന്ദരിയായ് നിന്നിരുന്നു
അവളുടെ കളി ചിരികൾ നഷ്ട്ടമായ മുഖത്തേക്ക് നോക്കിയപ്പോൾ സിജോയുടെ നെഞ്ചൊന്നു പിടഞ്ഞു .. എത്ര തടഞ്ഞിട്ടും നിയന്ത്രിക്കാൻ കഴിയാത്തൊരു കണ്ണുനീർ തുള്ളി അവന്റെ കവിളിലൂടെ മടിയിൽ വീണു ചിതറി
രാവിലെ പള്ളിയിൽ വെച്ചു നടന്ന വിവാഹത്തിൽ സിജോ പങ്കെടുത്തിരുന്നില്ല .. തന്റേതാക്കി നെഞ്ചിൽ ചേർത്തു നിർത്തണമെന്നാഗ്രഹിച്ചവൾ മറ്റൊരുവന്റേതാവുന്ന കാഴ്ച കണ്ടു നിൽക്കാൻ അവനാകുമായിരുന്നില്ല
“സിജോ.. വാ.. നമ്മുക്കെല്ലാവർക്കും ചേർന്നൊരു ഫോട്ടോ എടുത്തിട്ട് വരാം…
ഓഫീസിൽ കൂടെ വർക്കു ചെയ്യുന്നവർ വിളിച്ചതും അതിൽ നിന്നൊഴിവായ് മാറാൻ സിജോയ്ക്ക് പറ്റിയില്ല.. അവർക്കൊപ്പം സ്റ്റേജിനരികിലേക്ക് നടക്കുമ്പോൾ അവനറിയുന്നുണ്ടായിരുന്നു അവനെ തന്നെ നോക്കുന്ന സാന്ദ്രയെ ..
മനസ്സ് നൽകിയവന് ശരീരം കൂടി നൽകാൻ തയ്യാറായ് വന്നവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തിരിച്ചയച്ച ദിവസമോർത്തു പോയവന്നേരം
ഒരിക്കൽ ഒരുപാടാഗ്രഹിച്ച് ജീവിതത്തിലേക്ക് കൂട്ടികൊണ്ടു വന്നവളുടെ ചതിയിൽ തകർന്നു പോയവനായിരിക്കും അവളെ വിവാഹം കഴിക്കുന്നത് ..
ഇന്ന് ഏറ്റവും വലുതെന്ന് കരുതുന്ന ഒരു പ്രണയത്തിനു വേണ്ടി സ്വന്തം പരിശുദ്ധി നഷ്ടപ്പെടുത്തിയാൽ നാളയതൊരുപക്ഷെ അവളുടെ ഏറ്റവും വലിയ വേദനയായ് തീർന്നേക്കാം അതിനൊരു കാരണക്കാരനായ് തീരാൻ താൻ ആഗ്രഹിക്കുന്നില്ല എന്നു പറഞ്ഞ് അവളെ മടക്കി അയച്ച ദിവസം മുതൽ തന്റെ മനസ്സിൽ അവൾ അവന്റെ പെണ്ണാണ്.. റോണിയുടെ ..
തന്നിലവശേഷിക്കുന്ന എല്ലാ നന്മയും ചേർത്തവളുടെ നല്ല ഭാവിയ്ക്കായ് ആശംസിച്ച് ധൃതിയിൽ അവിടെ നിന്നിറങ്ങിയ സിജോയെ ഭക്ഷണം കഴിക്കാൻ മറ്റുള്ളവർ നിർബന്ധിച്ചെങ്കിലും അതു നിരസ്സിച്ചവൻ അവിടെ നിന്നു മടങ്ങി
പ്രാണനായ് കരുതിയവളെ മറ്റൊരുത്തന് നൽകി അതിന്റെ സന്തോഷത്തിൽ അന്നമുണ്ണുവാൻ അവനു സാധിക്കില്ലായിരുന്നു കാരണം ഇന്നത്തെ പലർക്കുമിത് തേപ്പ് എന്ന ഭാഷയുടെ ആവിഷ്കരണമാവാം .. പക്ഷെ അവനിത് അവന്റെ പ്രണയമാണ്.. അവനെന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന അവന്റെ മാത്രംപ്രണയം ..
നേടുന്നവന്റെ മാത്രമല്ലല്ലോ പ്രണയം..? നഷ്ടപ്പെടുന്നവന്റെ കൂടി അല്ലേ ..
രജിത ജയൻ