ബെഡ്റൂമിലേക്ക് ചെന്നിരിക്കവേ പിന്നാലെ എത്തി രമ്യ ചോദിച്ചത് കേട്ട് അതിശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി ആനന്ദ്. 

” ഏട്ടാ… നമുക്ക് ഒരു നൈറ്റ് ഡ്രൈവ് പോയാലോ… ”

 

രാത്രി ആഹാരം കഴിച്ചു ബെഡ്റൂമിലേക്ക് ചെന്നിരിക്കവേ പിന്നാലെ എത്തി രമ്യ ചോദിച്ചത് കേട്ട് അതിശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി ആനന്ദ്.

 

” ഹാ…! ഇതാരാ ഈ ചോദിച്ചേ.. രാത്രി പുറത്തിറങ്ങുന്നതേ ഇഷ്ടമല്ല എന്ന് പറഞ്ഞിട്ടുള്ള ആളാണോ നൈറ്റ് ഡ്രൈവ് പോകാം ന്ന് പറയുന്നേ അതും ഈ മഴ ഉള്ളപ്പോ.. ”

 

” അത് പിന്നെ.. ചാറ്റൽ മഴയത്ത് പറ്റിച്ചേർന്നു ബുള്ളറ്റിൽ അങ്ങിനെ കറങ്ങാൻ ഒരു രസമല്ലേ .. എന്തോ എനിക്ക് ഇന്ന് അങ്ങിനെ തോന്നി.. ഏട്ടൻ ഓക്കേ ആണോ. എന്നാൽ നമുക്ക് പോകാം.. ജോളിആയി കറങ്ങി അടിച്ചു വരാം. ”

 

വല്യ താത്പര്യത്തോടെ രമ്യ ചോദിക്കുമ്പോൾ എതിര് പറയാൻ തോന്നിയില്ല ആനന്ദിന്.

 

” പോകാലോ.. പക്ഷെ റൈൻ കോട്ട് ഇടണം.. മഴ ചിലപ്പോൾ കടുക്കും.. ”

 

” അതൊക്കെ എടുക്കാം എന്നാൽ ഏട്ടൻ വേഗം റെഡിയാക് പാത്രങ്ങൾ ഒന്ന് കഴുകി വച്ച് ഞാനും റെഡിയാകാം ”

 

ഏറെ സന്തോഷത്തോടെയാണ് അവൾ കിച്ചനിലേക്ക് പോയത്.

 

അധികം വൈകാതെ തന്നെ അവർ മഴക്കോട്ടും ധരിച്ചു ആ ചാറ്റൽ മഴയത്ത് ആനന്ദിന്റെ ബുള്ളറ്റിൽ യാത്ര തിരിച്ചു.

 

” എന്താടോ.. ഇന്നിപ്പോ പെട്ടെന്ന് ഇങ്ങനെ തോന്നാൻ.. ”

 

ബുള്ളറ്റ് ഓടിച്ചു പോകവേ ആനന്ദിന്റെ ചോദ്യം കേട്ട് ഇരു കൈകളാളും അവനെ ചേർത്തു പിടിച്ചു പറ്റിച്ചേർന്നിരുന്നു രമ്യ.

 

” ചുമ്മാ ഒരു തോന്നൽ.. നമുക്ക് മാത്രമായി എൻജോയ് ചെയ്യാൻ അല്പസമയം വേണം എന്ന്. ഇതൊക്കെ ഓരോ എക്സ്പീരിയൻസ് അല്ലെ ഏട്ടാ ഒരിക്കലും മറക്കാൻ പറ്റാത്ത എക്സ്പീരിയൻസ്.. ”

 

ആ മറുപടി കേട്ട് പതിയെ അവളുടെ വലതു കരം കവർന്നു ഒരു മുത്തം നൽകി ആനന്ദ്.

 

” എടോ.. ഞാനും ഇതൊക്കെ ആഗ്രഹിച്ചതാ. പക്ഷെ.. നമുക്ക് കുട്ടികൾ ഉണ്ടാകാത്തത് നിന്റെ പ്രശ്നം കൊണ്ടാണെന്നു ഡോക്ടർ പറഞ്ഞ അന്ന് മുതൽ പിന്നെ പഴയ രമ്യയെ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല.. എല്ലാത്തിൽ നിന്നും സ്വയം ഉൾവലിഞ്ഞു കൊണ്ട് നീ നീ ആകെ മാറി പോയിരുന്നു. അതാണ് ഇന്നിപ്പോ നൈറ്റ് ഡ്രൈവിന്റെ കാര്യം പറഞ്ഞപ്പോ ഞാൻ അതിശയിച്ചു പോയതും. ”

 

മറുപടി പറഞ്ഞില്ല രമ്യ പകരം അവനോട് കൂടുതൽ പറ്റി ചേർന്നു അവൾ

 

” അതേ മാഡം.. എവിടെക്കാ നമുക്ക് പോകേണ്ടേ.. അത് പറഞ്ഞില്ലാലോ.. വല്ല പ്ലാനും ഉണ്ടോ.. ”

 

” ഏട്ടൻ വണ്ടി നേരെ മൊട്ട മലയിലേക്ക് വിട്ടോ.. ഈ സമയത്ത് അവിടെ നിന്ന് താഴേക്ക് നോക്കിയാൽ സിറ്റിടെ വ്യൂ നല്ല അടിപൊളി ആകും.. ”

 

ആ മറുപടി കേൾക്കെ ഒന്ന് മടിച്ചു ആനന്ദ്.

 

” അത് വേണോ.. അവിടൊക്കെ വല്ല കള്ള് കുടിയന്മാരും ഉണ്ടാകും സമയം പന്ത്രണ്ട് കഴിഞ്ഞു ഈ സമയത്തൊക്കെ ചെന്ന് കേറിയാൽ ചിലപ്പോ സീൻ ആകും.. ”

 

” ഈ മഴയത്ത് ഏത് കള്ളുകുടിയന്മാര്.. എല്ലാവന്മാരും വീട്ടിൽ കേറിക്കാണും ഏട്ടൻ അവിടേക്ക് വിട്ടോ.. ”

 

രമ്യ പറഞ്ഞതിൽ കാര്യമുണ്ട് എന്ന് ആനന്ദിനും തോന്നി അതോടെ അവൻ ബുള്ളെറ്റ് നേരെ മൊട്ട മലയിലേക്ക് വിട്ടു..

 

രമ്യ പറഞ്ഞത് ഏറെ ശെരിയായിരുന്നു. രാത്രിയുടെ ഇരുളിൽ മലയുടെ മുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ സിറ്റിയുടെ ഭംഗി വളരെ കൂടിയിരുന്നു.

 

” ഇത് പൊളി വ്യൂ ആണല്ലോ.. ”

 

ഏറെ സന്തോഷത്തിൽ കുറച്ചു ഫോട്ടോസ് തന്റെ ഫോണിൽ പകർത്തി ആനന്ദ്.

 

” അതെ സാറേ.. ഇത്രേം ഉയരത്തിൽ ഈ സമയത്ത് വന്നിട്ട് സിറ്റിയുടെ ഭംഗി മാത്രം നോക്കിയാൽ മതിയോ.. ഈ കെട്ട്യോളെ മറന്നോ.. ”

 

പിന്നിൽ നിന്നും രമ്യയുടെ വാക്കുകൾ കേൾക്കെ പതിയെ അവൾക്ക് നേരെ തിരിഞ്ഞു ആനന്ദ്.

 

” അങ്ങിനെ മറക്കോ പൊന്നെ.. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഭംഗി നിനക്ക് അല്ലെ.. ”

 

ഫോൺ പോക്കറ്റിലേക്കിട്ട് പതിയെ അവളെ തന്നോട് ചേർത്ത് പുണർന്നു അവൻ. ഒരു പൂച്ചക്കുഞ്ഞിനെപ്പോൽ അവന്റെ കരവാലയത്തിനുള്ളിൽ പറ്റി ചേർന്ന് നിന്നു രമ്യ.

 

” എടോ.. എനിക്ക് റൊമാൻസ് വരുന്നു .. ”

 

ആനന്ദിന്റെ വാക്കുകൾ കേട്ട് പുഞ്ചിരിയോടെ അവനിൽ നിന്നും അടർന്നു രമ്യ.

 

” അയ്യട മോനെ.. ഇപ്പോ ആണോ ഇതൊക്കെ തോന്നുന്നേ.. അതും ഈ കുന്നിന്റെ മുകളിൽ വച്ചിട്ട്”

 

അവളുടെ മുഖത്തെ തെളിച്ചം കാൺകെ അടിമുടി കുളിര് കോരി ആനന്ദ്.പതിയെ ആ മുഖം കൈകുമ്പിളിൽ ഒതുക്കി നെറുകയിൽ ഒരു മുത്തം നൽകി അവൻ. മിഴികൾ പൂട്ടി അനങ്ങാതെ അങ്ങിനെ നിന്നുപോയി രമ്യ അപ്പോൾ… ശേഷം പതിയെ മുഖം താഴ്ത്തി അവളുടെ അധരങ്ങളിൽ കൂടി അമർത്തിയൊന്ന് ചുംബിച്ചു. മരം കോച്ചുന്ന തണുപ്പിലും ആ ചുടു ചുംബനം രമ്യയെ ചൂട് പിടിപ്പിച്ചു. ആ സുഖത്തിൽ അറിയാതെ അവനെ ഇറുക്കെ പുണർന്നു അവൾ. അല്പസമയം നീണ്ടു നിന്ന ആ ചുംബനം അവസാനിക്കുമ്പോൾ രണ്ട് പേരും അടി മുടി ചൂട് പിടിച്ചിരുന്നു.

 

” എടോ.. വല്ലാത്തൊരു മൂഡ് തന്നെ ഇവിടെ.. ”

 

ബലമായി രമ്യയെ നിലത്തേക്ക് പിടിച്ചു കിടത്തി ആനന്ദ്. ശേഷം രണ്ടാളും പരസ്പരം ഇറുക്കെ പുണർന്നു.

 

” ഏട്ടാ.. ഈ നിമിഷം ഏട്ടൻ ഒരിക്കലും മറക്കില്ല ഉറപ്പ്…. ”

 

അവളുടെ സ്വരം ആർദ്രമായി. ആ സമയം ചുംബനത്താൽ അവളെ മൂടി ആനന്ദ്. അവന്റെ കരങ്ങൾ തന്റെ ശരീരത്തിലൂടെ ഇഴഞ്ഞു തുടങ്ങവേ പെട്ടെന്ന് തടുത്തു രമ്യ..

 

” വേണ്ട ഏട്ടാ.. അത് വേണ്ട.. സേഫ് അല്ല ഇവിടെ.. ”

 

” ഏയ്. ഈ രാത്രി ആര് വരാനാ.. നമ്മൾ മാത്രേ ഉള്ളു ഇവിടെ.. ”

 

വീണ്ടും അവളെ തന്നിലേക്ക് പിടിച്ചടുപ്പിക്കാൻ ശ്രമിച്ചു ആനന്ദ്. എന്നാൽ പെട്ടെന്ന് അവനെ തള്ളി മാറ്റി എഴുന്നേറ്റു രമ്യ.

 

” മതി.. ഇത്രയൊക്കെ മതി.. ഇതിനപ്പുറം ഞാൻ ആഗ്രഹിച്ചിട്ടില്ല ഇനിയൊട്ട് ആഗ്രഹിക്കേം ഇല്ല.. ”

 

അവളുടെ ആ ഭാവമാറ്റം ആനന്ദിനെ അതിശയിപ്പിച്ചു. പിന്നാലെ എഴുന്നേറ്റ അവന്റെ മുഖ ഭാവം കണ്ട് ഒന്ന് പുഞ്ചിരിച്ചു രമ്യ.

 

” എന്താ ഏട്ടാ ഞെട്ടിയോ .. നിങ്ങളുമൊന്നിച്ചുള്ള ഓരോ നിമിഷങ്ങളും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇന്നിപ്പോ ഈ നിമിഷവും ഞാൻ ആഗ്രഹിച്ചു നേടിയെടുത്തതാണ് ഇനി ഒരു കാലത്തും മറക്കാതിരിക്കുവാൻ. നിങ്ങളും ഒന്നും മറക്കരുത് ഒരു കാലത്തും.. ”

 

അവളുടെ വാക്കുകൾ കേൾക്കെ ആനന്ദിന്റെ നെറ്റി ചുളിഞ്ഞു.

 

” രമ്യ.. നീ എന്താ ഇങ്ങനെ പരസ്പര ബന്ധമില്ലാത്ത പോലെ സംസാരിക്കുന്നെ.”

 

മറുപടി പറഞ്ഞില്ല പകരം തന്റെ ജീൻസിന്റെ പോക്കറ്റിൽ നിന്നും ഒരു ലെറ്റർ എടുത്ത് അവന് നേരെ നീട്ടി അവൾ.

 

” എനിക്ക് ഏട്ടനോട് ചോദിക്കുവാൻ ഉള്ളതും പറയുവാനുള്ളതും ഒരിക്കലും മുഖത്ത് നോക്കി സംസാരിക്കാൻ പറ്റില്ല. കാരണം എനിക്ക് അത്രമേൽ പ്രിയപ്പെട്ട ആളാണ് നിങ്ങൾ ഒരു വാക്ക് പോലും നിങ്ങളോട് മുഖം കറുത്തു പറയുവാൻ കഴിയില്ല എനിക്ക്… എല്ലാം ഈ കത്തിൽ ഉണ്ട്… ഏട്ടൻ വായിക്ക്.. ”

 

ഒന്നും മനസിലാകാതെ ആ കത്ത് കയ്യിലേക്ക് വാങ്ങി ആനന്ദ്.

 

” കത്തോ.. എനിക്കോ.. എന്താ രമ്യാ.. എന്താ കാര്യം… ”

 

” ഏട്ടാ.. ഞാൻ പറഞ്ഞില്ലേ നിങ്ങൾ എനിക്ക് ജീവനാണ്.. ഈ ഭൂമിയിൽ നിങ്ങളോളം ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല.. നിങ്ങളുമൊന്നിച്ചുള്ള നിമിഷങ്ങൾ… ഇപ്പോൾ ഈ നിമിഷങ്ങൾ നിമിഷങ്ങൾ പോലും എനിക്ക് സ്വർഗ്ഗമാണ്… എന്നിട്ടും നിങ്ങൾ എന്നെ.. ”

വാക്കുകൾ മുറിയുമ്പോൾ രമ്യയുടെ ശബ്ദമിടറി. മിഴികൾ അറിയാതെ നിറഞ്ഞു തുളുമ്പി. എന്നാൽ നടുക്കത്തോടെ ഒക്കെയും കേട്ടു നിന്ന ആനന്ദ് പെട്ടെന്നു മനസിലാക്കി ഒരു വാക്കുകൾ പറയുമ്പോഴും അവൾ പിന്നിലേക്ക് നടന്ന് മലയുടെ അറ്റത്തേക്കാണ് പോകുന്നത്. അതോടെ എന്തോ പന്തികേട് മണത്തു അവൻ.

 

” രമ്യാ.. നീ എന്താ ഈ കാണിക്കുന്നത് കൂടുതൽ പിന്നിലേക്ക് പോകല്ലേ.. നീ താഴേക്ക് വീണു പോകും ”

 

കയ്യെത്തിച്ചു പിടിക്കാൻ ശ്രമിച്ചെങ്കിലും തട്ടി മാറ്റി രമ്യ. അവൾ അപ്പോൾ മലയുടെ ഏറ്റവും ഓരത്ത് എത്തിയിരുന്നു. ഇനിയൊരു സ്റ്റെപ്പ് കൂടി താൻ പിന്നിലേക്ക് വച്ചാൽ താഴേക്ക് വീണു പോകും എന്ന് മനസിലാക്കിയ രമ്യ ഒന്ന് നിന്നു.

 

” എന്റെ അടുത്തേക്ക് വരരുത്.. വന്നാൽ നിങ്ങളും താഴേക്ക് പോകും.. ഞാൻ മരിക്കാൻ തീരുമാനിച്ചാണ് ഇവിടേക്ക് വന്നത്.. ”

 

ആ വാക്കുകൾ കേട്ട് നടുങ്ങി അങ്ങിനെ നിന്ന് പോയി ആനന്ദ്.

 

” രമ്യാ നിനക്ക് എന്താ ഭ്രാന്ത്‌ ആണോ.. എന്തൊക്കെയാണ് നീ ഈ കാട്ടുന്നെ ”

 

അവൻ വെപ്രാളത്തിൽ വീണ്ടും അവളോട് അടുക്കാൻ ശ്രമിച്ചു എന്നാൽ അത് പന്തിയല്ല എന്ന് മനസിലാക്കി വീണ്ടും നിന്നു.

 

” ഏട്ടാ.. ചതി.. അത് സഹിക്കാൻ പറ്റില്ല എനിക്ക്. എന്റെ അനിയത്തി നിങ്ങൾക്കും അനിയത്തി അല്ലെ… ഞാൻ പ്രസവിക്കാൻ കഴിവില്ലാത്ത ഒരു മച്ചിയാണെന്ന് അറിഞ്ഞപ്പോൾ ആണോ നിങ്ങൾ അവളുമായി… ”

 

ആ വാക്കുകൾ കേട്ട് നടുങ്ങി തരിച്ചു പോയി ആനന്ദ്. ആ തണുപ്പേറിയ കാലവസ്ഥയിലും ഒരു നിമിഷം കൊണ്ട് അവന്റെ നെറ്റിയിൽ വിയർപ്പ് കിനിഞ്ഞു. രമ്യ യുടെ ഭാവമാറ്റത്തിന്റെ കാരണം അപ്പോഴാണവൻ വ്യക്തമായി മനസിലാക്കിയത്.

 

എന്നാൽ ആനന്ദിന്റെ മറുപടിക്ക് കാത്തില്ല രമ്യ നിറമിഴികളോടെ തന്റെ അവസാന സ്റ്റെപ്പ് അവൾ പിന്നിലേക്ക് വച്ചു. ഞൊടിയിടയിൽ അവൾ താഴേക്ക് പോകുമ്പോൾ സ്ഥബ്ധനായി പോയി ആനന്ദ്.

 

” രമ്യാ.. ”

 

ഉച്ചത്തിൽ അലറി വിളിച്ചു കൊണ്ടാവൻ മലയുടെ ഓരത്തേക്ക് എത്തി താഴേക്ക് നോക്കി എന്നാൽ കൂരിരുട്ടിൽ ഒന്നും വ്യക്തമല്ലായിരുന്നു. ഒരു നിമിഷം എന്താണ് സംഭവിച്ചതെന്നോ… എന്താണ് ചെയ്യേണ്ടതെന്നോ മനസിലാകാതെ ഭ്രാന്ത്‌ പിടിച്ച അവസ്ഥയിൽ നിന്നു പോയി ആനന്ദ്..

 

‘ അല്പം മുന്നേ വരെ തന്നെ പറ്റി ചേർന്നിരുന്നവൾ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായിരിക്കുന്നു.’

 

അലറി വിളിച്ചു കരയാൻ തോന്നിയെങ്കിലും അമിതമായ ഭയം അവന്റെ കീഴടക്കി. വിറച്ചു വിറച്ചു കൊണ്ട് പിന്നിലേക്ക് മാറി നിലത്തേക്കിരുന്നു പോയി ആനന്ദ്.

 

” ര.. രമ്യാ.. ”

 

സംഭവിച്ച കാര്യങ്ങൾ അപ്പോഴും അവന് അവിശ്വസനീയമായി. പെട്ടെന്നാണ് കയ്യിൽ ഇരുന്ന ലെറ്ററിലേക്ക് ആനന്ദിന്റെ ശ്രദ്ധ പോയത്. വിറയാർന്ന കരങ്ങളാൽ ആ പേപ്പർ നിവർത്തി അവൻ.

 

” ഏട്ടാ.. എന്റെ അനിയത്തി ഗർഭിണിയാണ്. അവിവാഹിതയായ അവൾക്ക് എങ്ങിനെ ഈ ചതി പറ്റി എന്ന് അന്വേഷിച്ചു ചെന്ന ഞാൻ നിങ്ങളുടെ പേര് കേട്ട് ആകെ തകർന്നു പോയി.”

 

അത്രയും വായിച്ചപ്പോ തന്നെ അടുത്ത അഘാതത്തിലായി ആനന്ദ്. പിന്നീടുള്ള വരികൾ വായിക്കുവാൻ ഏറെ ഭയന്നു അവൻ.

 

‘എപ്പോഴാ ഏട്ടാ എന്നെ ചതിക്കുവാൻ നിങ്ങൾക്ക് തോന്നിയത്.. ജീവനെ പോലല്ലേ ഞാൻ നിങ്ങളെ സ്നേഹിച്ചത്. നിങ്ങളും അവളെ സ്വന്തം പെങ്ങളെ പോലെയാണ് കാണുന്നത് എന്ന ഉറച്ച വിശ്വാസത്തിൽ ആണ് കോളേജിൽ പോകുവാനുള്ള എളുപ്പത്തിനായി അവളെ ഞാൻ നമ്മുടെ വീട്ടിൽ നിർത്തിയത് പക്ഷെ.. അവളുടെ ഫോണിൽ നിങ്ങൾ തമ്മിലുള്ള ചാറ്റ് വായിച്ചു ഞാൻ. അവളോട് ഇഷ്ടം കൂടാൻ എന്നെ നിങ്ങൾ മച്ചി പശുവായി ചിത്രീകരിച്ചത് വായിച്ചു ഒരുപാട് കരഞ്ഞു ഞാൻ. എന്തായാലും എന്റെ അനിയത്തി ഒരിക്കലും അച്ഛനില്ലാത്ത കുഞ്ഞിന് ജന്മം നൽകരുത്. അതിനായി ഞാൻ സ്വയം ഒഴിഞ്ഞു തരികയാണ്. അല്ലെങ്കിലും എന്നെ മറികടന്നു നിങ്ങൾ അവളിലേക്ക് സുഖം തേടി പോയ നിമിഷം തന്നെ ഞാൻ മരിച്ചിരുന്നു. എന്റെ ഈ മരണം ഒരിക്കലും ഏട്ടന് പ്രശ്നമാകില്ല. കാരണം കുട്ടികൾ ഉണ്ടാകാത്ത വിഷമമാണ് എന്റെ മരണത്തിനു കാരണമെന്ന് വീട്ടിൽ ഒരു ആത്മഹത്യാ കുറിപ്പ് ഞാൻ എഴുതി വച്ചിട്ടുണ്ട്. പക്ഷെ എന്നെ ചതിച്ച പോലെ അവളെ ഏട്ടൻ ചതിക്കരുത്. നാട്ടുകാർ എന്ത് വേണോ പറഞ്ഞോട്ടെ.. പക്ഷെ അവൾ പ്രസവിക്കുമ്പോൾ കുഞ്ഞിന് അച്ഛനായി നിങ്ങൾ തന്നെ വേണം..

അവളോട് ഈ കാര്യം പറയണം സമ്മതിപ്പിക്കണം.. പിന്നെ എന്റെ ഈ മരണം ഓർത്തു നിങ്ങളുടെ ഉള്ള് പിടയുന്നു എങ്കിൽ അതാണ് എന്നോട് ചെയ്ത ചതിയ്ക്ക് ഞാൻ വിധിക്കുന്ന ശിക്ഷ.. സ്നേഹത്തോടെ രമ്യ.. ‘

 

വായിച്ചു തീരവേ പൊട്ടി കരഞ്ഞു പോയി ആനന്ദ്..

 

” രമ്യാ.. മോളെ തെറ്റ് പറ്റിപ്പോയി എനിക്ക്.. ഒരിക്കലും പാടില്ലായിരുന്നു എപ്പോഴോ ഒരു നിമിഷം മനസ്സ് കൈവിട്ടു പോയി.. ഇത്രേം വലിയ ശിക്ഷ തരണമായിരുന്നോ എനിക്ക് .. നിന്റെ കാലു പിടിച്ചു മാപ്പ് പറയണമെന്നുണ്ടായിരുന്നു പലപ്പോഴും പക്ഷെ പേടിച്ചിട്ടാണ് ഞാൻ ”

 

അലറി കരഞ്ഞു കൊണ്ട് നിലത്തേക്ക് വീണു ആനന്ദ്… ആ നിശബ്ദതയിൽ അവന്റെ ശബ്ദം ഒരു മുഴക്കമായി.

 

പിന്നെ എല്ലാം വേഗത്തിൽ നടന്നു.. രമ്യ പറഞ്ഞത് പോലെ. തന്നെ അവളുടെ മരണം ആത്മഹത്യയായി തന്നെ പുറം ലോകം അറിഞ്ഞു. നാട്ടുകാരുടെയും ബന്ധുക്കളുടെയും കുത്തുവാക്കുകൾ വക വയ്ക്കാതെ തന്നെ ലക്ഷ്മിയെ താലി ചാർത്തി കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്തു ആനന്ദ്. പക്ഷെ രമ്യ അവർക്ക് രണ്ടാൾക്കും നൽകിയ ശിക്ഷ അത് ഏറെ കഠിനമായിരുന്നു വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും മൊട്ട മലയിലെ ആ രാത്രിയും രമ്യയുടെ വേദന നിറഞ്ഞ മുഖവും ആനന്ദിന്റെ ഉറക്കം കെടുത്തിക്കൊണ്ടിരുന്നു. ചേച്ചിയുടെ മുഖം ലക്ഷ്മിയ്ക്കും തീരാ വേദനയായി മാറി….

 

(ശുഭം )

 

പ്രജിത്ത് സുരേന്ദ്രബാബു.

Leave a Reply

Your email address will not be published. Required fields are marked *