അവർ എത്ര പേരുണ്ടായിരുന്നു..?
അവരിൽ ആരുടെയെങ്കിലും മുഖം
കണ്ടാൽ തിരിച്ചറിയാൻ കഴിയുമോ ?
എന്തൊക്കെയാണ് ചെയ്തത്..?
എല്ലാം വിശദമായി ഒന്ന് പറയാമോ…?
കണ്ണ് ശരിക്കും തുറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല !
മുറിഞ്ഞു വിണ്ടു കീറിയ ചുണ്ടുകൾ
വല്ലാതെ തടിച്ചു വീർത്തിരുന്നു..!
ശരീരത്തിന് ഒട്ടും ഭാരമില്ലാത്തത് പോലെ!
ഇപ്പോൾ പറന്നു പുറത്തേക്ക് തെറിച്ചു പോയേക്കുമെന്നൊരു ഭീതി നെഞ്ചിൻ കൂടിനുള്ളിൽ വിലപിക്കുമ്പോലെ..!
അരയ്ക്ക് കീഴ്പ്പോട്ട് ഇനിയും
എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ ??
ആ നരഭോജികൾ എന്തെങ്കിലും ബാക്കി വെച്ചിട്ടുണ്ടോ..?
ഇനിയെന്തിനു കൊള്ളാം തന്നെ..
താനിപ്പോൾ പേരില്ലാത്ത ഒരു ‘ ഇര ‘
മാത്രമാണല്ലോ !!
ഇതിന് മുൻപ് തനിക്ക് മനോഹരമായൊരു പേരുണ്ടായിരുന്നു..
ഒരു നദിയുടെ പേര് !
അച്ഛൻ ആണ് ആ പേര് തന്നെ ആദ്യമായി കാതിൽ ചൊല്ലി വിളിച്ചത്.
ആഹാരം കഴിക്കാനും, വഴക്ക് പറയാനും,പഠിക്കാനും, വീട്ടു ജോലികൾ ചെയ്യാനും ഒക്കെയ്ക്കും അമ്മ ആവശ്യത്തിൽ കൂടുതൽ വിളിച്ചു കൊണ്ടിരുന്നു ആ പേര് !
പിന്നെ,
സ്നേഹം നടിച്ചു കൂടെ കൂടിയവനും
തേനിൽ ചാലിച്ച് വിളിച്ചപ്പോൾ തന്റെ
പേരിന് ഇത്രയും മധുരമുണ്ടായിരുന്നോ എന്ന് ആദ്യമായി അത്ഭുതപ്പെട്ടു..!
അതേ മധുര സ്വരത്തിൽ പേര് ചൊല്ലി വിളിച്ചു കൊണ്ട് അവൻ എവിടേക്കോ കൂട്ടിക്കൊണ്ട് പോകുമ്പോഴും
ഒരു പേരുണ്ടായിരുന്നു സ്വന്തമായി..!
പിന്നെ….
എണ്ണം പറഞ്ഞ് ഓർത്തെടുക്കാൻ കഴിയാത്ത വണ്ണം പല പല മുഖങ്ങളും
ശരീരത്തിലൂടെ കയറിയിറങ്ങി,
ചതച്ചരച്ച് പോയപ്പോൾ
നദി പോലെ സുന്ദരമായ ആ പേരും
കവച്ചു വെച്ച കാലുകൾക്കിടയിലൂടെ ചാലിട്ടൊഴുകിയ രക്തപ്പുഴയിൽ ഒലിച്ചൊലിച്ച് എങ്ങോട്ടോ പോയി !!
ഇപ്പോൾ തനിക്ക് സ്വന്തമായി ഒരു പേരുണ്ട്, ” ഇര ”
വേട്ടക്കാരൻ വേട്ടയാടി പിടിച്ച നിസ്സഹായയായ വെറുമൊരു ഇര..!!
“എന്തെങ്കിലും ഓർത്തെടുക്കാൻ പറ്റുന്നുണ്ടോ? ”
അപ്പോഴും വെറുതെ വിടാൻ ഭാവമില്ലാത്ത യൂണിഫോമിട്ട കുറെ കഴുകൻ കണ്ണുകൾ ഇരയുടെ വായിൽ നിന്ന് വീഴുന്ന വിലപ്പെട്ട വിവരങ്ങൾക്കായി കാത്തു കെട്ടി നിന്നു.
ഇല്ല, ഒന്നും ഓർത്തെടുക്കാൻ പറ്റുന്നില്ല.
എല്ലാം അവ്യക്തമായ കുറെ നിഴൽ ചിത്രങ്ങൾ മാത്രം.
അല്ലെങ്കിലും ഓർത്തെടുക്കാൻ നല്ലതൊന്നുമല്ലല്ലോ സംഭവിച്ചതൊക്കെയും.. എത്ര കണ്ടാലും കൊണ്ടാലും പാഠം പഠിക്കാത്ത ഒരുപാട് പെണ്ണുങ്ങളുടെ കൂട്ടത്തിൽ തന്റെ പേരും ഇനി തെളിഞ്ഞു നിൽക്കുമായിരിക്കും.. അടുത്ത ഒരു ഇരയെ കിട്ടുന്നത് വരെ എല്ലാ വാർത്താ ചാനലിലും തിളങ്ങി നിൽക്കുമായിരിക്കും.!
അവൾ കണ്ണുകൾ അടച്ചു കിടന്നു. കൊത്തിപ്പറിക്കാൻ വട്ടം കൂടുന്ന കഴുകൻ കണ്ണുകൾക്ക് മുന്നിൽ വെറുമൊരു ശവം പോലെ !
ശാലിനി മുരളി ✍️