വിശേഷമൊന്നും ആയില്ലേ……? ” എന്ന പലരുടെയും ചോദ്യത്തിനു മറുപടി ഞാനൊരു ചിരിയിലൊതുക്കി. പക്ഷേ മാസമുറ കൃത്യനിഷ്ഠത പാലിച്ചു , ഇനിയും കാത്തിരിക്കണമെന്ന് ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു…

” വിജി… എന്തായി …?” ബാത്റൂമിൽ നിന്ന് പുറത്തേക്ക് വന്ന എന്നെ കണ്ടപ്പോൾ ആദി ആശങ്കയോടെ തിരക്കി .

 

“കൈയിലിരുന്ന പ്രെഗ്നൻസി കിറ്റ് ഞാൻ ആദിക്കു നേരെ നീട്ടി ” തെല്ലു സംശയത്തോടെ അതു വാങ്ങി നോക്കി….

 

അൽപ നേരത്തെ നിശബ്ദതയെ ഭേദിച്ചത് ആദിയുടെ ശബ്ദമായിരുന്നു “നാളെത്തന്നെ നമുക്ക് ഡോക്ടറെ കാണാൻ പോകാം … ”

 

“മ്മ്…..!! ” മറുപടി ഞാൻ ഒരു മൂളലിൽ ഒതുക്കി.

 

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് ആറുമാസം കഴിഞ്ഞിരിക്കുന്നു . ഞങ്ങൾ രണ്ടാളും ഇവിടെ ഒരു മൾട്ടിനാഷണൽ ഐ ടി കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനിയേഴ്സ് ആണ്. ഞങ്ങളുടെ ജോലിത്തിരക്ക് കാരണമാകാം ഇതുവരെയും ഒന്നിച്ചു സമയം ചിലവഴിക്കൽ തന്നെ കുറവായിരുന്നു. വിവാഹം കഴിഞ്ഞ ഉടനെ കുട്ടി , കുടുംബം എന്നിങ്ങനെയുള്ള ഉത്തരവാദിത്വത്തിലേക്കു പോകാതെ,

കിട്ടുന്ന സമയം ലൈഫ് അടിച്ചു പൊളിച്ചതിനു ശേഷം ആകാം അതൊക്കെ എന്ന തീരുമാനം വിവാഹ സമയത്തു തന്നെ ഞങ്ങൾ ഇരുവരും എടുത്തിരുന്നു.

 

അതിനിടയ്ക്കാണ് ഇങ്ങനൊരു സംഭവം. വീട്ടിലുള്ള മറ്റുള്ളവർ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഞങ്ങൾ രണ്ടു പേരും എടുത്ത തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയില്ല. പിറ്റേന്ന് തന്നെ ഞങ്ങൾ ഡോക്ടറെ പോയി കണ്ട് അബോർഷനുള്ള കാര്യങ്ങൾ തീരുമാനമാക്കി.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

 

ദിനങ്ങൾ ഓടി മറഞ്ഞു കൊണ്ടിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടു വർഷമായി. ഒരു കുഞ്ഞു വേണമെന്ന തോന്നൽ എന്നിൽ ഉടലെടുത്തിരിക്കുന്നു.

 

ഓരോ മാസവും പ്രതീക്ഷയോടെ കാത്തിരുന്നു.

“വിശേഷമൊന്നും ആയില്ലേ……? ” എന്ന പലരുടെയും ചോദ്യത്തിനു മറുപടി ഞാനൊരു ചിരിയിലൊതുക്കി. പക്ഷേ മാസമുറ കൃത്യനിഷ്ഠത പാലിച്ചു , ഇനിയും കാത്തിരിക്കണമെന്ന് ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു…

 

ആഴ്ചകൾ മാസങ്ങളായും മാസങ്ങൾ വർഷങ്ങളായും ഓടി മറഞ്ഞു.. പിന്നീടുള്ള ഒഴിവു ദിവസങ്ങളിലെല്ലാം ഞാൻ ആദിയുമായ് ഹോസ്പിറ്റലിലും ക്ഷേത്രങ്ങളിലുമായി കയറിയിറങ്ങുകയായിരുന്നു. കാണാത്ത ഡോക്ടർമാരില്ല,, കേറാത്ത അമ്പലങ്ങളോ,, നടത്താത്ത വഴിപാടുകളോ ഇല്ല …. എന്നിലെ പ്രതീക്ഷകൾ അസ്തമിച്ചു തുടങ്ങി…

പലരും ഒളിഞ്ഞും തെളിഞ്ഞും പരിഹസിക്കുവാനും കുത്തുവാക്കുകൾ പറയുവാനും തുടങ്ങി… അപ്പോഴും ആദി പ്രതീക്ഷ കൈവിടാതെ എന്നെ ചേർത്തു പിടിച്ചു .” നമ്മുക്ക് കാത്തിരിക്കാം , സമയമുണ്ടല്ലോ…” എന്ന പതിവ് പല്ലവി ആവർത്തിച്ചുകൊണ്ടിരുന്നു…

 

ഒരിക്കൽ ആദിയുടെ അനുജന്റെ കുഞ്ഞിനെ കാണാൻ പോയ സമയം അവിടുള്ള ഓരോരുത്തരുടെയും വാക്കുകൾ എന്നിൽ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു.

 

” ദൈവം ഒന്നിനെ കൊടുത്തപ്പോൾ വേണ്ട … ഇപ്പോൾ മച്ചിയായില്ലേ…. പെണ്ണിന്റെ അഹങ്കാരം അല്ലാതെന്തു പറയാൻ ” കാതുകളിലേക്ക് ഈയം ഉരുക്കി ഒഴിച്ചപോലെ അവരുടെ വാക്കുകൾ … കരച്ചിലടക്കാൻ പാടുപെട്ടു. അവിടുന്ന് ആളൊഴിഞ്ഞ ഒരു മൂലയിലേക്കു മാറി നിന്നു . കുറ്റപ്പെടുത്തലും ശാപ വാക്കും എന്നും പെണ്ണിനു മാത്രമാണല്ലോ …. വല്ലാതെ തളർച്ച ബാധിക്കും പോലെ തോന്നി … അവിടെയും ആദി

എനിക്ക് ധൈര്യം നൽകി കൂടെ നിന്നു.

 

ചെയ്തുപോയ തെറ്റിനെ കുറിച്ച് ഓർത്ത് കരഞ്ഞു തള്ളിനീക്കിയ ദിനരാത്രങ്ങൾ ആയിരുന്നു പിന്നീടങ്ങോട്ട്….

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

 

പിന്നെയും ഋതുക്കൾ മാറി മറഞ്ഞു.

ആർക്കും വേണ്ടിയും കാത്തുനിൽക്കാതെ കാലം കടന്നു പോയി. ഞങ്ങളുടെ ജീവിതത്തിൽ എട്ട് വർഷങ്ങൾ വേഗം കടന്ന് പോയിരിക്കുന്നു …

 

” വിജി നീ ഇന്നു ജോലിക്കു പോകുന്നില്ലേ?” കുളി കഴിഞ്ഞ് വന്ന ആദി, മടി പിടിച്ച് ഇരിക്കുന്ന എന്നെ നോക്കി തിരക്കി .

 

” ഞാൻ ഇന്നു ലീവെടുത്തു ആദി….”

 

“രണ്ടു മൂന്നു ദിവസമായി ക്ഷീണമുണ്ടല്ലോ..

നമുക്ക് ഒന്ന് ഹോസ്പിറ്റലിൽ പോകാം ”

 

“എനിക്ക് ഒരു കുഴപ്പവുമില്ല , കുറച്ചു ദിവസമായി ജോലിത്തിരക്കായിരുന്നല്ലോ. അതിന്റെയാ .. ഇന്ന് ഒരു ദിവസം റെസ്റ്റ് എടുത്താൽ ഈ ക്ഷീണമൊക്കെ മാറിക്കൊള്ളും ”

 

വൈകിട്ട് ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഉള്ളിൽ നിന്ന് എന്തോ ഉരണ്ടു കയറും പോലെ തോന്നിയത് . കഴിച്ചു കൊണ്ടിരുന്ന ആഹാരം അതിനേക്കാൾ വേഗതയിൽ പുറത്തേക്കു വന്നു.

ഉള്ളിലെവിടെയോ സംശയവും പ്രതീക്ഷയും ഒന്നിച്ചെത്തി. കബോർഡിൽ ഉണ്ടായിരുന്ന പ്രെഗ്നൻസി കിറ്റ് എടുത്തു ബാത്റൂമിൽ കയറി ടെസ്റ്റ് ചെയ്തു. റിസൾട്ടിനു വേണ്ടി കാത്തിരുന്ന നിമിഷം ഹൃദയം പൊട്ടി പോകുമെന്ന തരത്തിൽ മിടിച്ചു കൊണ്ടിരുന്നു.

 

അപ്പോഴേക്കും വീട്ടിൽ വന്ന് കയറിയ ആദിയെ ഞാൻ സന്തോഷത്തോടെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു .കൈയ്യിലിരുന്ന പ്രെഗ്നൻസി കിറ്റ് ആദിക്കു നേരെ നീട്ടുമ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു… വിറയ്ക്കുന്ന കൈകളോടെ അതു വാങ്ങി നോക്കുമ്പോൾ ആദിയുടെ കണ്ണും ഈറനണിഞ്ഞു. വർഷങ്ങളായി ഒരുപാട് ആഗ്രഹിച്ചതാണ് ഇങ്ങനെ ഒരു നിമിഷം . സന്തോഷം പറഞ്ഞറിയിക്കാർ വാക്കുകളില്ലാതെ എന്നെ ആദി എടുത്തുയർത്തി വട്ടം ചുറ്റി….

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

 

പിന്നീട് അങ്ങോട്ട് അമ്മയെന്ന സത്യത്തിലേക്കുള്ള യാത്ര ആയിരുന്നു. രാവിലെ ഇളം ചൂട് വെയിലിൽ ഒപ്പം നടന്നും , ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കി കൊടുത്തും കഴിപ്പിച്ചും കുഞ്ഞിനോടു സംസാരിച്ചും കൂട്ടായി ആദിയും ഒപ്പമുണ്ടായിരുന്നു.

 

ദിനങ്ങൾ പിന്നെയും കടന്നുപോയി…

ലേബർ റൂമിൽ വേദന കൊണ്ട് പുളയുമ്പോൾ അതിനേക്കാൾ വേദനയോടെ പുറത്തു തന്റെ കുഞ്ഞുമാലാഖയെയും പാതിയായവളെയും ഒരാപത്തും കൂടാതെ കിട്ടുവാൻ മനമുരുകി പ്രാർത്ഥിച്ച് ആദിയും ഇരിക്കുന്നുണ്ടെന്ന് എനിക്ക് ബോധ്യമായിരുന്നു .

 

മണിക്കൂറുകൾക്കിപ്പുറം ലേബർറൂം തുറന്ന് അകത്തേക്ക് വന്ന

ആദിയുടെ മിഴികളിൽ സന്തോഷത്തിന്റെ നീർമണികൾ തിളങ്ങുന്നത് ഞാൻ തിരിച്ചറിഞ്ഞു . കുറച്ചു നിമിഷങ്ങൾക്കു ശേഷം ടർക്കിയിൽ പൊതിഞ്ഞ ഒരു കുഞ്ഞുമാലാഖയെ ആദിയുടെ കൈകൾ ഏറ്റുവാങ്ങി.

 

കുഞ്ഞിപ്പെണ്ണിന്റെ മുഖം കാണവെ സന്തോഷം കൊണ്ട് അവന്റെ ഹൃദയം തുടികൊട്ടി ….നീണ്ട എട്ട് വർഷത്തെ കാത്തിരിപ്പ് ശേഷം ദൈവം ഞങ്ങൾക്കായി തന്ന കുഞ്ഞുമാലാഖ… ഞങ്ങളുടെ കൺമണി ….

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

 

കൺമണി വന്നതിൽ പിന്നെ ഞങ്ങളുടെ വീടൊരു സ്വർഗ്ഗമായിരുന്നു.

കുഞ്ഞിനോടൊപ്പം നിൽക്കാനും പരിചരിക്കാനുമായി ഞാൻ ജോലി വേണ്ടെന്നു വച്ചു .

 

കൺമണിക്ക് വയസ്സ് രണ്ടു കഴിഞ്ഞു. കുഞ്ഞിന് എന്തോ പ്രശ്നമുള്ളതായി ഞങ്ങൾക്ക് തോന്നി തുടങ്ങി . ഇതുവരെ അച്ഛാ അമ്മേ എന്നു വിളിച്ചിട്ടില്ല….

സാധാരണ കുട്ടികളെ പോലെ കളിയും ചിരിയും തീരെ ഇല്ല …. ചില പ്രത്യേക ശബ്ദങ്ങൾ ഉണ്ടാകുന്നു ….. ഒന്നിനോടും പ്രതികരിക്കുന്നില്ല…. കൺമണിയുടെ പെരുമാറ്റത്തിലെ ഈ അസ്വഭാവികതകൾ വല്ലാത്തൊരു ഭയം ജനിപ്പിച്ചു. ഡോക്ടറെ കാണിക്കാൻ തന്നെ തീരുമാനിച്ചു.

 

വിശദമായ പരിശോധനക്കു ശേഷം ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ഡോക്ടർ ആ കാര്യം പറയുന്നത് “ഓട്ടിസത്തിന്റെ ലക്ഷണങ്ങളാണ് … ”

 

“ഹേയ് …..!!! don’t worry ……നിങ്ങൾ പേടിക്കുന്നതുപോലെ ഒന്നുമില്ല .

ഓട്ടിസം എന്നത് രോഗമല്ല അതൊരു മാനസിക വെല്ലുവിളി ആണ്. നേരത്തെ കണ്ടുപിടിച്ചു ചികിത്സയും പരിശീലനവും കൊടുത്താൽ നിയന്ത്രിക്കാൻ കഴിയുന്നതാണ്. ഓരോ കുട്ടിയുടെ ആവശ്യങ്ങളും വ്യത്യസ്തമായിരിക്കും അതിനനുസരിച്ചു വേണം ചിക്തസ നടത്താൻ….”

 

”രക്ഷിതാക്കൾ എന്ന നിലയിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടത് മറ്റു കുട്ടികളുമായി അവരെ താരതമ്യം ചെയ്യരുത് . കൂടുതല്‍ ശ്രദ്ധയും പരിഗണനയും ഇങ്ങനെ ഉള്ള കുട്ടികൾക്ക് ആവശ്യമാണ്. പരിഗണനയ്ക്ക് പകരം അവഗണിച്ചാല്‍ അപകര്‍ഷതയുടേയും സങ്കോചത്തോടെയുള്ള ഉള്‍വലിയലിന്റേയും ഇരുട്ടിലേക്ക് അവരെ തള്ളിയിടലാവും ഫലം. സാമൂഹീകരണം, ആശയവിനിമയ ശേഷിവികസനം, പെരുമാറ്റനവീകരണം എന്നിവയ്ക്കാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കേണ്ടത്. സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, ഒക്കുപെഷനല്‍ തെറാപ്പി, മനശ്ശാസ്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ച്ചകള്‍ ഇതൊക്കെ ഉപയോഗപ്പെടുത്തിയാൽ കുഞ്ഞിനെ മറ്റുള്ള കുട്ടികൾക്ക് ഒപ്പം എത്തിക്കാം.

ഇവിടെ തളർന്നു പോയാൽ നഷ്ടം നിങ്ങൾക്കു തന്നെയാണ്. ധൈര്യമായി മുന്നോട്ട് പോകുക .”

 

ഡോക്ടറുടെ ക്യാബിനിൽ നിന്ന് ഇറങ്ങുമ്പോഴും തങ്ങളുടെ പെന്നോമന ഓട്ടിസം ബാധിതയാണെന്ന് ഉൾക്കുള്ളാൻ ഞങ്ങൾ പാടുപെട്ടു.

 

ആ വീട്ടിലെ കളിചിരികൾ മാഞ്ഞു …

 

“എന്തിനാ ആദി നമ്മളെ ഈശ്വരൻ ഇങ്ങനെ ശിക്ഷിക്കുന്നത് … ഒരു പക്ഷേ എല്ലാരും പറയുന്നതു പോലെ ഒരു ജീവനെ ഭൂമിയിലെത്തിക്കാതെ നശിപ്പിച്ചതു കൊണ്ടാവും അല്ലേ….?”

 

“എന്താ വിജി ഇത് !! ഡോക്ടർ പറഞ്ഞതൊക്കെ താൻ ഇത്ര പെട്ടെന്ന് മറന്നോ …..?? നീ ഇങ്ങനെ തളരാതെ നമ്മളില്ലേ അവൾക്ക് …”

 

“എനിക്ക് വിശ്വാസമുണ്ട് ശരിയായ ട്രീറ്റ്മെൻറ് എടുത്താൽ കുറച്ചു സമയമെടുത്തിട്ടാണെലും നമ്മുടെ കൺമണി മറ്റു കുട്ടികളെ പോലെ ആകും . അതിന് ആദ്യം നമ്മുടെ മോൾക്ക് ഇങ്ങനൊരു അവസ്ഥ ഉണ്ടെന്ന് സ്വയം അംഗീകരിക്കണം …

സമൂഹം എന്ത് വിചാരിക്കും എന്നു ചിന്തിച്ച് തളർന്നിരിക്കരുത്. പല പ്രതിസന്ധികളും നേരിടേണ്ടി വരും … അതൊന്നും കാര്യമാക്കരുത്. ആത്മവിശ്വാസം കൈവിടാതെ എല്ലാത്തിനെയും ചെറുത്തു നിന്നേ പറ്റൂ … നീ ധൈര്യമായിരിക്ക്.” ആദി എന്നെ ചേർത്തു പിടിച്ചു .

 

മുന്നോട്ടു പോകുംതോറും സമർത്ഥരായ തെറാപ്പിസ്റ്റുകളുടെ സഹായത്തോടെ പരിശീലനം തുടങ്ങി… കുഞ്ഞ് കുഞ്ഞ് കഥകളും കവിതകളും പറഞ്ഞു സദാസമയം അവളൊടൊപ്പം ചിലവഴിച്ചു. അവളുടെ കളിചിരികളും ബഹളവുമൊക്കെ നിറഞ്ഞ ഒരു ലോകം സ്വപ്നം കണ്ടു തുടങ്ങി. ചികിത്സക്കും പരിശീനത്തിനുമായി

കൊണ്ടുപോകാനും , തളർന്നു പോകുമ്പോഴൊക്കെ കൈ താങ്ങായും എന്തിനും ധൈര്യം തന്ന് ആദിയും ഒപ്പമുണ്ടായിരുന്നു.

 

ഒഴുദിവസങ്ങളിൽ ഞങ്ങൾ മൂവരും പുറത്തുപോയും അവളുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ നടത്തി കൊടുത്തും ഞങ്ങൾ അവളിൽ സന്തോഷം കണ്ടെത്തി. അലക്ഷ്യമായി തന്റെ സ്വന്തം ലോകത്ത് ഒരു കുഞ്ഞു ശലഭമായി അവളും പാറി നടന്നു. പലരുടെയും സഹതാപം നിറഞ്ഞ നോട്ടം അവഗണിച്ചു കൊണ്ട് കൺമണിയെയും കൊഞ്ചിച്ച് നല്ലൊരു നാളെയുടെ പ്രതീക്ഷയിൽ പുഞ്ചിരിയോടെ ഞങ്ങൾ ഇന്നും മുന്നോട്ടു നടക്കുകയാണ് …..

 

 

രചന – ശിവതീർത്ഥ

 

 

Leave a Reply

Your email address will not be published. Required fields are marked *