Story by J. K
“” നിന്നെ അവൻ ഇതുപോലെ ആയിരുന്നോ തൊട്ടിരുന്നത്?”
അവളുടെ ഇടുപ്പിൽ കൈവച്ച് അയാൾ ചോദിക്കുമ്പോൾ അവൾ സ്വയം വെറുത്തു പോയി.. മൂന്നുമാസത്തോളം ആയി ഇയാളുടെ ഈ ഭ്രാന്ത് താൻ സഹിക്കുന്നു.. ഇടയ്ക്ക് എല്ലാം അവളുടെ കൈവിട്ടു പോകുന്നതുപോലെ ഈ ജീവിതം തന്നെ വേണ്ടെന്നു വയ്ക്കാൻ തോന്നുകയാണ്.
ആകെ ഭ്രാന്ത് പിടിക്കുന്ന ഒരു അവസ്ഥ..
“” എന്താടി ഓർക്കുന്നത് അവനെയാണോ?? എന്നെക്കാൾ അവനാണോ കിടപ്പറയിൽ ബെറ്റർ?? ”
അയാളെ തള്ളി മാറ്റി എഴുന്നേൽക്കാൻ ശ്രമിച്ചു ഗീതു പക്ഷേ അയാൾ അവളെ അവിടെ കിടത്തി ബലമായി ഭോഗിച്ചു.. അവസാനം ഒരു പഴം തുണിക്കെട്ട് പോലെ അവളെ അവിടെ ഉപേക്ഷിച്ചുകൊണ്ട് അയാൾ ആ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോയി.. പുറത്ത് കാർ സ്റ്റാർട്ട് ആക്കുന്ന ശബ്ദം കേട്ടപ്പോൾ സത്യം പറഞ്ഞാൽ അവൾക്ക് സമാധാനമാവുകയാണ് ചെയ്തത്.
വലിയ ബിസിനസുകാരൻ ആയ അജിത്ത് മോഹന്റെ ഭാര്യയാണ് താൻ.. അല്ല, അയാളുടെ ഭ്രാന്ത് ശമിപ്പിക്കാൻ ഉള്ള ഒരു ഉപകരണം എന്ന് പറയുന്നതായിരിക്കും ശരി..
ഗീതുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..
ചെറുപ്പം മുതൽ തന്നെ ഒരുപാട് ആൺകുട്ടികൾ തന്റെ പുറകെ നടന്നിട്ടുണ്ട് തന്റെ വശ്യമായ സൗന്ദര്യം തന്നെയാണ് അതിന് കാരണം.. അച്ഛന്റെ അമ്മയെ പോലെയാണ് ഞാൻ എന്ന് എപ്പോഴും ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് അച്ഛമ്മ വയസ്സായിട്ടും സുന്ദരിയാണ് അതേ സൗന്ദര്യം അതേപടി പകർന്ന് കിട്ടിയ പേരക്കുട്ടിയോട് അച്ഛമ്മയ്ക്ക് വല്ലാത്ത ഒരു വാത്സല്യവും ഉണ്ടായിരുന്നു.
ഹൈസ്കൂൾ മുതൽ ഇഷ്ടമാണ് എന്നും പറഞ്ഞു വരുന്നവരെല്ലാം ഒരു കൈ അകലത്തിൽ നിർത്തിയിട്ടേയുള്ളൂ ഒരിക്കലും അങ്ങനെ ആരോടും ഒരു ഇഷ്ടം തോന്നിയിട്ടില്ല എന്നതാണ് സത്യം..
ഒടുവിൽ കോളേജിൽ എത്തി അവിടെയും ഒരുപാട് ചേട്ടന്മാരും കൂടെ പഠിക്കുന്നവരും പ്രൊപ്പോസലുമായി പുറകെ നടന്നിരുന്നു.. താല്പര്യമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു.. നൃത്തം പഠിച്ചിരുന്നു അതുകൊണ്ടുതന്നെ അവിടെ അക്കാര്യം എങ്ങനെയോ എല്ലാവരും അറിഞ്ഞു അതോടെ ആർട്സ് ഫെസ്റ്റിന് എന്തായാലും ഒരു ഡാൻസ് പെർഫോം ചെയ്യണം എന്ന് എല്ലാവരും നിർബന്ധിച്ചു ഒടുവിൽ ടീച്ചേഴ്സ് കൂടി അത് ഏറ്റെടുത്തപ്പോൾ പിന്നെ വയ്യ എന്ന് പറയാൻ കഴിയില്ലായിരുന്നു.
പാട്ട് ലൈവ് ആയി പാടി കൂടെ ഞാൻ പെർഫോമൻസ് കൂടി ചെയ്താൽ നന്നായിരിക്കും ആരോ ഒരാൾ സജഷൻ പറഞ്ഞു.. അതോടെ പിന്നെ എല്ലാവരും അതിൽ ഉറച്ചു അങ്ങനെയാണ് ആർട്സ് ക്ലബ്ബ് സെക്രട്ടറി കൂടിയായ സുദേവേട്ടൻ പാടാം എന്ന് ഏറ്റത്… പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.. കുറച്ചുദിവസം റിഹേഴ്‌സല്‍ ചെയ്തു.. ഒട്ടും കോൺഫിഡൻസ് ഇല്ലാതിരുന്ന എനിക്ക് അതോടെ അല്പം ധൈര്യം ഒക്കെ വന്നു..
അതിന് കാരണം സുദേവേട്ടൻ ആയിരുന്നു എല്ലാത്തിനും സപ്പോർട്ട് ആയി എന്റെ കൂടെ തന്നെ കാണും.. ആദ്യം ഒരു സൗഹൃദം ആയിരുന്നെങ്കിൽ പതിയെ എന്റെ മനസ്സിൽ ആളോട് ചെറിയ രീതിയിൽ പ്രണയം തോന്നാൻ തുടങ്ങിയിരുന്നു..
യാതൊരു ദുശീലവും ഇല്ലാത്ത നന്നായി പാടുന്ന, പഠിക്കുന്ന സുദേവേട്ടൻ എല്ലാ പെൺകുട്ടികളുടെയും ഇടയിൽ ഒരു ഹീറോ തന്നെ ആയിരുന്നു ഇഷ്ടം തോന്നിയെങ്കിലും അത് തുറന്നു പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല… ഒരിക്കൽ ആള് ഇങ്ങോട്ട് വന്ന് ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ ശരിക്കും ഒരുപാട് സന്തോഷം തോന്നി.. ആലോചിച്ചിട്ട് ഉത്തരം പറഞ്ഞാൽ മതി എന്ന് പറഞ്ഞ് ആള് പോയി.. പോകുന്നതിനു മുമ്പ് ഒരു കാര്യം കൂടി പറഞ്ഞിരുന്നു എന്നെ ഇഷ്ടമാണ് എന്നുണ്ടെങ്കിൽ ആദ്യമായി നമ്മൾ കണ്ട ദിവസം ഇട്ട റെഡ് കളർ ചുരിദാർ ഇട്ടിട്ടു നാളെ വരണമെന്ന്.. പിറ്റേദിവസം അതേ ചുരിദാർ ഇട്ട് കോളേജിൽ ചെല്ലുമ്പോൾ വല്ലാത്ത ഒരു പരവേശമായിരുന്നു പിന്നീട് അങ്ങോട്ട് പ്രണയത്തിന്റെ നാളുകൾ ആയിരുന്നു കോളേജ് ബ്യൂട്ടി സുദേവേട്ടനോട് എസ് എന്ന് പറഞ്ഞത് ആർക്കും അങ്ങ് വിശ്വസിക്കാൻ കഴിഞ്ഞില്ല..
പലരും അസൂയയോടെ നോക്കി ഞങ്ങൾ അതൊന്നും കണ്ടില്ല എന്ന് നടിച്ചു അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട നിമിഷം എന്ന് ഞാൻ കരുതുന്ന ആ ദിവസം വന്നത്.
അബ്കാരി കോൺട്രാക്ടർ ആയിരുന്ന മോഹനന്റെ മകൻ അജിത്ത് മോഹിനു വേണ്ടി അവർ എന്നെ വിവാഹം ആലോചിച്ചു.. അയാൾ എവിടെയോ വെച്ച് എന്നെ കണ്ടിട്ടുണ്ടത്രേ. അങ്ങനെ ഇഷ്ടപ്പെട്ടു അച്ഛനെയും അമ്മയെയും വീട്ടിലേക്ക് പറഞ്ഞയച്ചിരിക്കുകയാണ്.. അച്ഛന്റെ ബിസിനസ് പതിന്മടങ്ങ് ഉയരത്തിൽ എത്തിച്ച മകൻ..
സാമ്പത്തികപരമായി നോക്കിയാൽ അവരുടെ അരികിൽ നിൽക്കാനുള്ള യോഗ്യത പോലും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല..
പ്രൊപ്പോസൽ വന്നു അവരുടെ ആഡംബരവും മറ്റും കണ്ട് എന്റെ വീട്ടിലുള്ളവരുടെ കണ്ണ് മഞ്ഞളിച്ചു അവർ എന്നോട് സമ്മതം പോലും ചോദിക്കാതെ വിവാഹം ഉറപ്പിച്ചു..
അതറിഞ്ഞപ്പോൾ മുതൽ സുദേവേട്ടന്റെ കാര്യം വളരെ മോശമായിരുന്നു കോളേജിൽ പോലും ആള് വരാതെയായി എനിക്ക് അത് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല അജിത്ത് മോഹനൻ നേരിട്ട് കണ്ട് സംസാരിച്ചാൽ ഒരുപക്ഷേ അയാൾ ഈ വിവാഹത്തിൽ നിന്ന് പിന്മാറും എന്ന് എനിക്ക് തോന്നി അയാളുടെ ടൗണിലെ വലിയ ആ ടെക്സ്റ്റൈൽസിലേക്ക് ഞാൻ കയറിച്ചെന്നു..
എപ്പോഴും ഒന്നും അയാൾ അവിടെ വരാറില്ല എന്ന് അറിയാം ഭാഗ്യത്തിന് അന്ന് അയാൾ അവിടെ ഉണ്ടായിരുന്നു. അയാളോട് ഞാൻ സുദേവേട്ടന്റെ കാര്യം പറഞ്ഞു എനിക്ക് മറ്റൊരു വിവാഹത്തിന് സമ്മതമല്ല എന്നും അറിയിച്ചു… അയാളുടെ മുഖം വലിഞ്ഞ് മുറുകുന്നുണ്ടായിരുന്നു..
അയാൾ ആയിട്ട് തന്നെ ഈ വിവാഹത്തിൽ നിന്ന് പിന്മാറും എന്നാണ് കരുതിയത് പക്ഷേ അതുണ്ടായില്ല.. വീട്ടിൽ ചെന്ന് വാശിപിടിച്ചു നോക്കി അവിടെയും ആരും എന്റെ വാക്കുകൾ മുഖവിലയ്ക്ക് എടുത്തില്ല… ഒടുവിൽ വിവാഹം കഴിഞ്ഞു.. ആദ്യരാത്രി മുതൽ അയാൾ എന്നെ തൊടുന്നത് സുദേവേട്ടന്റെ പേരും പറഞ്ഞാണ്… ഒന്നിനും യാതൊരു ബുദ്ധിമുട്ടുമില്ല എന്തുവേണമെങ്കിലും ഇവിടെയുണ്ട് കഴിക്കാനും ഉടുക്കാനും എല്ലാം പക്ഷേ ഒന്നുമാത്രം ഇല്ല മനസ്സമാധാനം..
അയാൾ എന്നെ പുറത്തേക്ക് പോലും കൊണ്ടുപോകാറില്ല പുറത്തുള്ളവരെ ഇങ്ങോട്ട് അടുപ്പിക്കാറുമില്ല ഒരുതരം സംശയരോഗം.. അയാൾക്ക് വിശ്വസ്തയായ വയസ്സായ ഒരു സ്ത്രീ മാത്രമാണ് ഇവിടെ സഹായത്തിന് ഉള്ളത്…
പിന്നെ അവരുടെ മകൾ ഇടയ്ക്ക് വന്ന് വീട് ക്ലീൻ ചെയ്തു പോകും..
ഒരിക്കൽ അജിത്തേട്ടൻ അവളോട് അപമര്യാതയായി പെരുമാറുന്നത് ഞാൻ കണ്ടു… അവൾ കൊഞ്ചിക്കുഴഞ്ഞു നിൽക്കുന്നു അയാൾ അവളെ ചേർത്തു പിടിച്ചിരിക്കുന്നു… അതിനെക്കുറിച്ച് ചോദിച്ചപ്പോൾ നീ സുദേവന്റെ കൂടെ പോയ അത്രയൊന്നും ഞാൻ ചെയ്തിട്ടില്ല എന്നായിരുന്നു മറുപടി..
വീട്ടിലേക്ക് വിളിച്ചു പറഞ്ഞപ്പോൾ അഡ്ജസ്റ്റ് ചെയ്ത് നിൽക്കണം എന്നായിരുന്നു മറുപടി അല്ലെങ്കിലും അജിത്തിന്റെ പണം കൊണ്ട് ലാവിഷായി കഴിയുന്നവർ അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതം ഉള്ളൂ.
ഒടുവിൽ സഹി കേട്ടിട്ടാണ് അവിടെനിന്ന് ഇറങ്ങിപ്പോകാം എന്ന് കരുതിയത്.. അത് കണ്ട് വന്ന അയാൾ പിന്നീട് അവിടെ വീട്ടുതടങ്കലിൽ എന്ന പോലെ എന്നെ പാർപ്പിച്ചു.
ഒടുവിൽ ഒരു ദിവസം ആരും കാണാതെ വീടിനു പുറത്തേക്ക് ഇറങ്ങി ഓടി.. മനസ്സിൽ ഒരു ലക്ഷ്യം ഉണ്ടായിരുന്നു ഒരിക്കൽ കോളേജിൽ വന്ന് സ്ത്രീകൾ ഗോൾഡ് ആവേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞുതന്ന ഒരു അഡ്വക്കറ്റ്, ശ്രീജ മാഡം… നിങ്ങൾ എന്തെങ്കിലും വിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ എന്നോട് തുറന്നു പറയാം ഞാൻ നിങ്ങളെ സഹായിക്കാം എന്ന് അവർ അന്ന് കോളേജിൽ ഒരു മീറ്റിങ്ങിൽ വച്ച് പറഞ്ഞിരുന്നു അതായിരുന്നു മനസ്സിൽ.
അവരുടെ അടുത്തേക്ക് ചെന്നു എല്ലാം തുറന്നു പറഞ്ഞു അവർ എന്നെ സഹായിക്കാം എന്ന് ഏറ്റു എനിക്ക് ഒരു ഹോസ്റ്റൽ റെഡിയാക്കി തന്നു.
ഇപ്പോഴെല്ലാം അജിത്ത് അയാളുടെ സ്വാധീനം വെച്ച് പലതും ചെയ്യാൻ ശ്രമിച്ചിരുന്നു എന്നാൽ ശ്രീജ വക്കിൽ ആണ് മിടുക്കി ആയതുകൊണ്ട് എല്ലാം തരണം ചെയ്ത് എന്റെ കൂടെ നിന്നു ഒളിവിൽ ഡിവോഴ്സ് വാങ്ങിത്തന്നു അയാളുടെ പേരിൽ കേസും കൊടുത്തു..
ഇപ്പോ വക്കീലിന്റെ ഓഫീസിൽ തന്നെ എനിക്ക് ജോലി തന്നിട്ടുണ്ട്… പഠനം നിർത്തിവച്ചത് ഡിസ്റ്റൻസ് ആയി തുടങ്ങാൻ ആണ് പ്ലാൻ.. വീട്ടുകാരും നാട്ടുകാരും മൊത്തം എനിക്ക് എതിരായിരുന്നു എല്ലാവർക്കും സൗഭാഗ്യങ്ങൾ ഇട്ടെറിഞ്ഞു പോയ അഹങ്കാരി ആയിരുന്നു ഞാൻ.
അവരുടെ മനസ്സിലെ ചിത്രം മായിക്കാൻ നിന്നില്ല ഇനി എനിക്ക് ജീവിക്കണം എനിക്ക് വേണ്ടി മാത്രം..