(രചന: RJ)
“നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ ഇത്രയും നാൾ അനുസരിച്ചില്ലേ… ?
ഇനിയെങ്കിലും എന്നെ എന്റെ ഇഷ്ടത്തിന് വിടണം പ്ലീസ്..
ഞാനൊന്ന് സ്വസ്ഥായിട്ടും സമാധാനമായിട്ടും കുറച്ചു കാലമെങ്കിലും ജീവിച്ചോട്ടെ…”
കൈകൾ കൂപ്പി കെഞ്ചിയെന്ന പോലെ പറയുന്നവളെ വെറുതെ നോക്കി നിന്നു അവളുടെ അമ്മയും സഹോദരനും..
“നിനക്കു മാത്രം മതിയോ ശാന്തി ഈ സ്വസ്ഥതയും സമാധാനവും….? ഞങ്ങൾക്കൊന്നും വേണ്ടേ അത്…?
സഹോദരന്റെ ഭാര്യ ജാൻവിയാണ്….
“അവൾക്കെപ്പോഴും അല്ലെങ്കിലുംഅവളുടെ കാര്യമല്ലേ ജാനിമോളെ വലുത്…?
നമുക്കുണ്ടാവുന്ന നാണക്കേടും സമാധാനക്കേടുമൊന്നും അവളെ പണ്ടേ ബാധിക്കില്ലല്ലോ…?
തന്നെ പ്രസവിച്ച അമ്മയാണ് തന്നെ തഴഞ്ഞ് മരുമകളെ സപ്പോർട്ടു ചെയ്യുന്നതെന്നോർത്തതും ചോര പൊടിഞ്ഞവളുടെ ഉള്ളിൽ…
ഏട്ടനെന്തെങ്കിലും പറയാനുണ്ടോ ഇനിയെന്ന ഭാവത്തിലവൾ സഹോദരനെ ഒന്നു നോക്കിയതും അവൾക്കു മുന്നിലേക്ക് വന്നു നിന്നു ശിവൻ…
” നിനക്ക് ദീപുവിനോട് ക്ഷമിക്കാനും അവന്റൊപ്പം തിരികെ പോയ് താമസിക്കാനും പറ്റില്ലെങ്കിൽ നിന്നെ ഞങ്ങളാരും നിർബന്ധിക്കുന്നില്ല അതിന്… പക്ഷെ…. ”
പറഞ്ഞു വന്നത് പാതിയിൽ നിർത്തിയ ഏട്ടനെ അവളൊരു ഞെട്ടലോടെയാണ് നോക്കിയത്
അവൾക്കറിയാം എട്ടൻ നിർത്തിയ ആ പക്ഷെയിലുള്ളത് തന്റെ ജീവിതവും ഭാവിയും ആണെന്ന്…
നെഞ്ചിടിപ്പേറി ശാന്തിക്ക്…
“പക്ഷെ നീ ഞാൻ പറയുന്ന ആളെ വിവാഹം കഴിക്കാൻ സമ്മതിക്കണം… അങ്ങനെയാണെങ്കിൽ നിനക്കിവിടെ തുടരാം, അതല്ലായെങ്കിൽ ദീപുവിനടുത്തേക്ക് മടങ്ങുകയോ ഇവിടെ നിന്നിറങ്ങുകയോ ചെയ്യാം… ഈ വീട് എന്റെ പേരിലാണെന്നത് മറക്കണ്ട നീ ”
മയമേതും ഇല്ലാത്ത ശിവന്റെ വാക്കുകളിൽ തന്റെ തളർച്ചയും തകർച്ചയും പൂർണ്ണമാക്കി കിടക്കയിലിരുന്നു പോയ് ശാന്തി…
ദീപുവിന്റെ വീട്ടിലേക്കൊരു തിരിച്ചു പോക്ക് അത് ഓർത്തതേ ദേഹമാസകലം പുഴുവരിക്കുന്നത് പോലെ അറച്ചവൾക്ക്
തന്റെ ശരീരത്തിലിപ്പോഴും ദീപുവിന്റെ മലമൂത്ര വിസർജ്യങ്ങളും രേതസും കൂടി കുഴഞ്ഞു പറ്റി പിടിച്ചതു പോലെ തോന്നിയതും എഴുന്നേറ്റോടിയവൾ ബാത്ത്റൂമിലേക്ക്..
ഷവർ തുറന്നിട്ട് പിന്നെയും പിന്നെയും ദേഹമുരച്ചു കഴുകുമ്പോൾ വെള്ളത്തിനൊപ്പമവളുടെ കണ്ണുനീർ കൂടി ധാരാളമായ് കലർന്നിരുന്നു
‘നീ ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്ക് മോളെ…
നിനക്കറിയാലോ ശിവൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് നമ്മുടെ ഈ കുടുംബത്തിനു വേണ്ടി, അതിനിടയിൽ നീ കൂടി ബന്ധമൊഴിഞ്ഞു വന്നു നിന്നാലെങ്ങനെയാ ശരിയാവുക…?
അസ്വസ്ഥമായ മനസ്സോടെ ,ഇനിയെന്തെന്നറിയാതെ കിടന്ന ശാന്തിയുടെ അടുത്ത് വന്നിരുന്ന് അമ്മ പറയുമ്പോൾ ശാന്തി ശ്രദ്ധിച്ചത് അമ്മയെ തനിയ്ക്ക് അരികിലേക്ക് സംസാരിക്കാൻ പറഞ്ഞു വിട്ട് മുറിയ്ക്ക് പുറത്ത് മറഞ്ഞു നിന്ന് തങ്ങളുടെ സംസാരം കാതോർക്കുന്ന ജാൻവി യെയാണ്…
മറഞ്ഞു നിൽക്കുമ്പോൾ ചുരിദാർ ഷാൾ ഒതുക്കി പിടിക്കണമെന്ന് ഇവർക്കറിയില്ലേ ആവോന്നവൾ ചിന്തിച്ചതും അവളറിയാതെ തന്നെയൊരു ചിരി വന്നവളിൽ…
മകളുടെ ചിരി സംസാരം തുടരാൻ അമ്മയ്ക്ക് സഹായമായ്
“ശിവൻ പറയുന്നത് നീ കേൾക്കണം ശാന്തി… നിന്റെ നന്മക്കും കുടുംബത്തിന്റെ നല്ലതിനും വേണ്ടിയേ അവനെന്തും ചെയ്യൂന്ന് നിനക്കറിയില്ലേ…?
മകനോടുള്ള സ്നേഹം അതിരുകവിഞ്ഞൊഴുകുന്ന അമ്മയെ നോക്കിയവൾ
“എന്റെ നന്മയെ കരുതിയാവും അല്ലേ അമ്മേ ഏട്ടനെന്റെ പേരിൽ അച്ഛൻ കരുതി വെച്ച പണമെടുത്ത് അറിയാത്ത ബിസിനസ് ചെയ്തതും അങ്ങനെ വന്ന കടം വീട്ടാൻ ദുഷ്ടനും ചെറ്റയുമാണെന്നറിഞ്ഞിട്ടും ദീപുവിനെ കൊണ്ടെന്നെ കെട്ടിച്ചതും….?
പതറാത്ത ശാന്തിയുടെ ചോദ്യത്തിൽ അമ്മ പതറിയതും പുറത്തു നിന്ന് ശിവൻ പാഞ്ഞു വന്നവളുടെ മുഖത്തടിച്ചു കഴിഞ്ഞിരുന്നു
അന്നേരം മാത്രമാണ് ജാൻവിക്കൊപ്പം ശിവനും അവിടെ മറഞ്ഞു നിന്നിരുന്നുവെന്ന് ശാന്തി തിരിച്ചറിഞ്ഞത്….
“ഞാനെന്തു ചെയ്താലും അതെല്ലാം നമ്മുടെ കുടുംബത്തിനു വേണ്ടിയാണെടി… അതിന്റെ പേരിലെന്നെ ചോദ്യം ചെയ്യാൻ നീ ആയിട്ടില്ല… എന്നെ അനുസരിക്കാൻ പറ്റുമെങ്കിൽ ഇവിടെ നിൽക്കാം… അതല്ലെങ്കിൽ എങ്ങോട്ടാന്നു വെച്ചാൽ ഇറങ്ങി പോവാം…. ഇറങ്ങി പോയാലും നിന്നെയങ്ങനെ സുഖിക്കാൻ ഞാനും ദീപുവും സമ്മതിക്കില്ല എന്നത് ഓർമ്മയിൽ വെച്ചിട്ടു വേണം ഇവിടെ നിന്നിറങ്ങാൻ….”
കവിളത്തടിച്ചതിനൊപ്പം മുടിയിൽ കുത്തി പിടിച്ച് പിന്നോക്കം ഉലച്ച് ശിവൻ പറഞ്ഞതും പ്രാണൻ പിടഞ്ഞു വേദനിച്ചു ശാന്തിയ്ക്ക്…
ആദ്യം ചേട്ടനും പിന്നാലെ അമ്മയും ആ മുറി വിട്ടിറങ്ങിയപ്പോൾ തളർന്ന് ചുമർ ചാരിയിരുന്നവൾ…
പിന്നീടു വന്ന ദിവസങ്ങൾ അനുസരണ പഠിക്കാനുള്ളതായിരുന്നു ശാന്തിയ്ക്ക്…
മുറിയ്ക്ക് പുറത്തേക്ക് ഇറങ്ങാനുള്ള അനുവാദവും ടിവിയും ഫോണും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും നഷ്ടപ്പെട്ട വീട്ടിൽ ഭക്ഷണവും വെള്ളവും പോലും പലപ്പോഴും നിഷേധിക്കപ്പെട്ടു ശാന്തിയ്ക്ക്…”
വിശപ്പാളുന്ന വയറുമായ് ഉറക്കം വരാതെ കിടക്കുമ്പോൾ മരിക്കാനുള്ള ധൈര്യം പോലും തനിയ്ക്ക് തരാത്ത ഈശ്വരൻമാരോട് പരിഭവിച്ചവൾ….
ശിവനിൽ നിന്നേൽക്കുന്ന മർദനങ്ങൾ അവളുടെ ചെറുത്ത് നിൽപ്പിനെ ദിവസേന തോൽപ്പിച്ചു തുടങ്ങി..
ശിവന്റെ നിർദ്ദേശങ്ങൾ അക്ഷരംപ്രതി അനുസരിച്ച് തന്നോട് ഒട്ടും ദയവില്ലാതെ പെരുമാറുന്ന അമ്മയോട് ദാഹമകറ്റാൻ വെള്ളത്തിനുവേണ്ടി കേണു പലപ്പോഴും ശാന്തി…
അളവു വെച്ചവർ നൽകുന്ന കുറച്ചു വെള്ളം അമൃത് പോലെ കുടിച്ചിറക്കിയ ദിവസം തന്റെ തോൽവി സമ്മതിച്ചവൾ അവരോട്…
എതിർക്കാൻ ശക്തിയില്ലാതെ, പൊരുതാൻ പ്രാപ്തിയില്ലാതെ….
നിർജ്ജീവമായ മനസ്സോടെ രെജിസ്ട്രാർ ഓഫിസിൽ നിൽക്കുമ്പോൾ പുച്ഛമാണ് ശാന്തിക്കുള്ളിലാദ്യം തന്നെ കെട്ടാൻ വരുന്നവനോട് തോന്നിയത്…
നിയമത്തിന്റെ പിൻബലത്തിൽ നടത്തുന്ന ഈ ബന്ധത്തിൽ നിന്ന് അത്ര വേഗം തനിയ്ക്ക് ഊരിപോരാൻ കഴിയില്ലെന്നറിഞ്ഞ അവളുടെ ഉള്ളം അവളെ തന്നെ പരിഹസിച്ചു…
കണ്ണിനു മുമ്പിൽ ഉയർന്ന കനമേറിയ താലിമാല കണ്ടപ്പോൾ മാത്രമാണ് അവളൊന്ന് തലയുയർത്തി തന്നെ താലിക്കെട്ടുന്നവനെ നോക്കിയത്…
വറച്ചട്ടിയിൽ നിന്ന് എരിഞ്ഞീയ്യിലേക്ക്…
തന്റെ കഴുത്തിൽ താലി കെട്ടിയ ബ്ലേഡ് വിശ്വനെ കണ്ടപ്പോൾ ആ പഴംചൊല്ലാണ് ശാന്തിയുടെ മനസ്സിലേക്കെത്തിയത്…
“രണ്ടാം കെട്ടാണെങ്കിലും കോളടിച്ചു ശാന്തി നിനക്ക്… പൂത്ത പൈസയുണ്ട് വിശ്വന്റെ കയ്യിൽ… പോരാത്തതിന് ആദ്യത്തെ കെട്ടും…
ഇത്തിരി സൗന്ദര്യം ഉള്ളതുകൊണ്ട് നീ രക്ഷപ്പെട്ടെ ടീ ശാന്തി.. നിന്നെ കണ്ടിഷ്ട്ടപ്പെട്ട് വന്നതല്ലേ അവൻ..
ഇതെല്ലാം നിനക്ക് സ്വന്തമായ് അനുഭവിക്കാലോ ഇനി..”
വിശ്വന്റെ കൊട്ടാര സമാനമായ വീടിനുൾവശം കണ്ട് ആർത്തിയോടെ പറയുന്ന ജാൻവിയെ വെറുതെ നോക്കി ശാന്തി
“അടങ്ങിയൊതുങ്ങി വിശ്വനെ അനുസരിച്ച് ജീവിക്കണം നീ… നീ അവനോട് നന്നായ് നിന്നാൽ രക്ഷപ്പെടാൻ പോവുന്നത് നമ്മുടെ കുടുംബം കൂടിയാണ്… നിനക്കൊപ്പം വന്ന് നിന്ന് ഇതെല്ലാം അനുഭവിക്കാനുള്ള ഞങ്ങളുടെ അവസരം നീയായിട്ട് കളയരുത്… ”
മകളോടുള്ള അമ്മയുടെ ഉപദേശം…
തിരക്കും ബഹളവുമൊഴിഞ്ഞ് രാത്രി വന്നതും വിശ്വനും ശാന്തിയും മാത്രം അവശേഷിച്ചു വീട്ടിൽ…
“ചെന്ന് കുളിച്ച് ഫ്രഷായ് വാ….
ശാന്തിയെ ആകെയൊന്ന് നോക്കി വിശ്വൻ പറഞ്ഞതും അറപ്പിന്റെ പുഴുക്കളിഴഞ്ഞു ശാന്തിയിൽ വീണ്ടും
ആവർത്തനങ്ങളാണ് തന്നെ കാത്തിരിക്കുന്നത്…
ഭയത്തോടെ ഓർത്തവൾ കുളിച്ചു വന്നപ്പോഴേക്കും അവൾക്കുള്ള ഭക്ഷണവും വിളമ്പി കാത്തിരുന്നിരുന്നു വിശ്വൻ…
കഴിക്….
ആജ്ഞയാണത്
തനിയ്ക്ക് വേണ്ടത്ര ഭക്ഷണം ആർത്തിയോടെ വാരി കഴിക്കുന്ന ശാന്തിയിൽ തങ്ങി നിന്നു വിശ്വന്റെ കണ്ണുകൾ…
ഭക്ഷണവും കഴിഞ്ഞ് മുറിയിലെത്തിയ വിശ്വൻ യാതൊരു മുന്നൊരുക്കവുമില്ലാതെ ശാന്തിയെ നഗ്നയാക്കുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ചയാൾക്ക് മുമ്പിൽ നിന്നു ശാന്തി…
ദീപുവിനൊപ്പമുള്ള ദിവസങ്ങൾ ഓർത്തവൾ..
ഇതുപോലെയാണവനും…
ആദ്യം തന്റെ നഗ്നത കണ്ടും പിന്നെ വേദനിപ്പിച്ച് ക്രൂരമായും ആസ്വദിക്കുമവൻ.. മണിക്കൂറുകൾ നീളുന്ന അവന്റെ പരാക്രമങ്ങൾക്കൊടുവിൽ താനൊരു മാലിന്യ കൂമ്പാരമായിട്ടുണ്ടാവും… അതു തന്നെയാണിവിടെയും നടക്കാൻ പോവുന്നത്…
വിറച്ചു പോയവൾ… അടഞ്ഞകൺപീലികൾ കവിഞ്ഞൊഴുകി…
“ഇതിലേതു മുറിവാണ് ശിവനിൽ നിന്ന് നിനക്ക് കിട്ടിയത്….?
പെട്ടന്നുള്ള വിശ്വന്റെ ചോദ്യത്തിൽ ഒന്നു പകച്ചവൾ… അവന്റെ കയ്യന്നേരം ശിവന്റെ അടിയിൽ പൊട്ടി പാടു വീണ വയറിൽ മെല്ലെ തലോടി…
“പറ ശാന്തി നിന്റെ ശരീരത്തിലെ ഏതെല്ലാം മുറിവാണ് ശിവൻ ഉണ്ടാക്കിയത്..?
വിശ്വൻ വീണ്ടും ചോദിച്ചതും ശാന്തി വല്ലാത്തൊരു തിടുക്കത്തോടെ തന്റെ ശരീരത്തിലെ മുറിവുകളോരോന്നും അവനു തൊട്ടു കാണിച്ചു… അവിടെയെല്ലാം നേർത്തൊരു തലോടലായ് ചെന്നവന്റെ കൈകൾ..
ഉറങ്ങിക്കോ…
തന്റെ ശരീരത്തിലേക്ക് ചേർത്തവളെ കിടത്തി വിശ്വൻ പറയുമ്പോൾ അയാളോടു ചേർന്ന് കണ്ണടച്ചവൾ… അന്നേരവും അവളുടെ മുറിവുകളിൽഅയാളുടെ കൈവിരലുകൾ നോവാതെ തലോടുന്നുണ്ട്….
ശാന്തിയുടെ വിവാഹം കഴിഞ്ഞ് മാസമൊന്നാകും മുമ്പേ ഒരപകടത്തിൽപ്പെട്ട് ദീപു തളർന്നു കിടന്നു പോയ് ,അതും കഴിഞ്ഞ് ദിവസങ്ങൾ അധികമാവും മുമ്പ് ശിവനും ജാൻവിയും അമ്മയും താമസിച്ചിരുന്ന ശിവന്റെ പേരിലുള്ള വീട് ശാന്തിയുടെ പേരിലേക്ക് മാറ്റിയെഴുത്തി ശിവൻ…. അതിനു പുറകെ അവരെ ആ വീട്ടിൽ നിന്നിറക്കി വിട്ടു വിശ്വൻ…
വാടക വീടുകൾ തേടി അലഞ്ഞു ശിവൻ…
“മോളെ നീയൊന്ന് പറ അവനോട് ആ വീട് ഞങ്ങൾക്ക് തിരികെ തരാൻ… അവന്റെ കയ്യിൽ നിന്ന് ശിവൻ വാങ്ങിച്ച പണത്തിന് പകരമായിട്ട് നിന്നെ അവന് കെട്ടിച്ചു കൊടുത്തില്ലേ… അതിന്റെ നന്ദികാണിക്കെ ടീ നീ.. വാടക കൊടുക്കാൻ കാശു പോലും ഇല്ല എന്റെ ചെക്കന്റെ കയ്യിൽ…”
ദിവസങ്ങൾക്കു ശേഷമൊരു ദിവസം ശാന്തിക്ക് അരിക്കിലെത്തി അമ്മ പറഞ്ഞതും അമ്മയെ നോക്കി ചിരിച്ചവൾ
“വാങ്ങിയ പണത്തിന് പകരമാണ് ഞാനെങ്കിൽ ആ വീട് എന്റെ പേരിൽ തന്നെ ഇരിയ്ക്കും അമ്മെ… എന്നെ വിറ്റ് കുറെക്കാലം മൃഷ്ടാന്നം തിന്നല്ലോ നിങ്ങളമ്മേം മോനും… ഇനിയൊന്ന് തടിയിളകി പണിയെടുത്ത് തിന്ന്…”
ശാന്തി പറഞ്ഞതും അവളുടെ മുമ്പിൽ കയറി നിന്നു ജാൻവി
“നിന്റെ തട്ടിക്കൊണ്ട് നീ നന്നായ് പണിയെടുക്കുന്നത് കൊണ്ടാവും അല്ലേ ടീ അവൻ നിന്റെ കാൽച്ചുവട്ടിലിങ്ങനെ കിടക്കുന്നത്…?
പരിഹാസമാണ് ജാൻവിയിൽ..
അതേ ടീ… അതു തന്നെയാണ് കാരണം… നീയും ശ്രമിച്ചു നോക്ക്.. നിന്റെ തടിക്കൊണ്ട്… അല്ലെങ്കിൽ ഇത്രയും കാലം എന്നെ വിറ്റു തിന്ന എന്റെ ആങ്ങള നാളെ നിന്നെയും ചിലപ്പോഴൊരു പക്ഷെ ദേ ഈ നിൽക്കുന്ന ഇവരെയും വിറ്റെന്നു വരും അതിനിടയാക്കണ്ട…”
ഉറപ്പോടെ പറഞ്ഞവർക്കു മുന്നിൽ ശാന്തി വാതിൽ കൊട്ടിയടച്ചതും മുഖത്തടിയേറ്റതു പോലെ വിളറി അവരമ്മയും മരുമകളും…
ഇതേ സമയം കയ്യിൽ പണമൊന്നുമില്ലാതെ കയറി കിടക്കാൻ ഇടമില്ലാതെ ഇനിയെന്തു ചെയ്യുമെന്നറിയാതെ നടുതെരുവിൽ പതറി നിന്നു ശിവനും ,വിശ്വൻ അടിച്ചു പതം വരുത്തിയ ശരീരവുമായ്….
RJ