കോളേജിൽ അഴിഞ്ഞാടി നടന്നതാ അതിന്റെ ഏതാണ്ട് വീഡിയോ വരെ നെറ്റിൽ ഉണ്ടെന്നൊക്കെ കേൾക്കുന്നു…

പ്രജിത്ത് സുരേന്ദ്രബാബു

“ടാ ആ മേലൂർ റേപ്പ് കേസിലെ പെണ്ണ് ഇപ്പോ ഇവിടെ അടുത്താണ് താമസം ”

” ഇവിടെയോ.. അതെങ്ങിനെ നീ അറിഞ്ഞു ”

“ടാ ഞാൻ ഗാന്ധിനഗർ റെസിഡൻസ് അസോസിയേഷനിൽ ഒരു ഓട്ടം പോയപ്പോ ഈ കൊച്ചിനെ അവിടെ വച്ച് കണ്ട്. അവിടൊരു ഫ്ലാറ്റിൽ ആണിപ്പോ താമസം സെക്യൂരിറ്റി പറഞ്ഞറിഞ്ഞതാ ”

രാവിലെ തന്നെ ഓട്ടോ സ്റ്റാൻഡിൽ കുളിരു കോരുവാനുള്ള വാർത്തയെത്തിയിരുന്നു.

” ടാ സത്യത്തിൽ അതെന്താ കേസ്… ഈ കൊച്ച് അവന്മാർക്കൊപ്പം പോയിട്ട് എന്തോ തർക്കം ആയപ്പോ കൊണ്ട് കേസ് കൊടുത്തതാണെന്നും കേൾക്കുന്നുണ്ടല്ലോ… ”

” അതേടാ. ഇത് സംഗതി അത് തന്നാ ആ പെണ്ണ് പെഴയായിരുന്നു. കോളേജിൽ അഴിഞ്ഞാടി നടന്നതാ അതിന്റെ ഏതാണ്ട് വീഡിയോ വരെ നെറ്റിൽ ഉണ്ടെന്നൊക്കെ കേൾക്കുന്നു. അവന്മാരോടൊപ്പം അവള് പോയതാകും. സംഗതി എന്തോ വഴക്ക് ആയി അതിന്റെ പേരിൽ ബലാത്സംഗകേസ് ആക്കിയതാണ് ”

” ഇത് കാശിന്റെ പേരിൽ പ്രശ്നം ആയതാകും. ഈ കോളേജിലെ പെൺപിള്ളേര് ഇപ്പോ കാശ് ഉണ്ടാക്കാൻ ആയി ഇതുപോലത്തെ പല പരിപാടിക്കും ഇറങ്ങീട്ടുണ്ടെന്ന് കേൾക്കുന്നു. ”

” ഇതിപ്പോ നോക്കിക്കോ പ്രതികളായി ഉള്ളവർ വമ്പൻ ടീംസ് അല്ലെ അവര് കാശ് കൊടുത്തു ഇവളെ ഒതുക്കും ഇവളുടെ ആവശ്യവും അതൊക്കെ തന്നെ ആകും ഇച്ചിരി നാറിയാൽ എന്താ.. ജീവിതകാലം അടിച്ചു പൊളിക്കാൻ ഉള്ള കാശ് അവള് ഉണ്ടാക്കും.. ”

അഭിപ്രായങ്ങൾ പലതായി ചർച്ച കൊഴുത്തു. ഈ ചർച്ചക്ക് ആസ്പതമായ സംഭവങ്ങൾ നടന്നിട്ട് ഏകദേശം ഒരു മാസത്തോളമാകുന്നു. മേലൂർ സി എസ് എം കോളേജ് ഒന്നാം വർഷ വിദ്യാർത്ഥിനിയായ വർഷയെ സീനിയേഴ്‌സ് റാഗിംഗ് എന്ന പേരിൽ ഡ്രഗ്സ് കൊടുത്തു മയക്കി ആളൊഴിഞ്ഞ പഴയ ക്ലാസ്സ് മുറിയിൽ കൊണ്ട് പോയി തുടരെ തുടരെ റേപ്പ് ചെയ്തെന്നാണ് കേസ്. പ്രതികളായവർ വമ്പൻ സ്രാവുകളായതിനാൽ പോലീസ് ആദ്യം ഈ കേസ് റിപ്പോർട്ട്‌ ചെയ്യാൻ ഭയന്നു എന്നാൽ പെൺകുട്ടി മീഡിയാസിന് മുന്നിൽ എത്തിയതോടെ വേറെ ഗതിയില്ലാതെ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൊത്തം മൂന്ന് പ്രതികൾ. മൂന്നും സമൂഹത്തിലെ കൊമ്പന്മാരുടെ മക്കൾ. അതുകൊണ്ട് തന്നെ അവർക്കായി പ്രമുഖ വക്കീലും രംഗത്തിറങ്ങി.

കേസ് കോടതിയിൽ എത്തിയപ്പോൾ ആകെ മൊത്തത്തിൽ മാറി മറിയുകയായിരുന്നു പ്രകൽഭനായ പ്രതിഭാഗം വക്കീൽ ഇതൊരു റേപ്പ് അല്ലായിരുന്നുവെന്നും പരസ്പര സമ്മതത്തോടെ തന്നെ നടന്നതാണെന്നും കോടതിയിൽ വാദിച്ചു. പെൺകുട്ടി അത്തരത്തിൽ സ്വഭാവ ദൂഷ്യമുള്ള വ്യക്തിയാണെന്ന് സമർദ്ധിക്കാൻ അയാൾ കാശെറിഞ്ഞു പല സാക്ഷികളെയും നിരത്തി അതിൽ ഒരാൾ കോളേജ് പ്രിൻസിപ്പലും ആയിരുന്നു. അതോടെ കേസ് മൊത്തത്തിൽ തിരിഞ്ഞു. വർഷ സമൂഹത്തിനു മുന്നിൽ തെറ്റുകാരിയായി മാറി. കേസിന്റെ അവസാന വിധി നാളെ പറയാനിരിക്കെ അതെന്താകുമെന്നത് എല്ലാവർക്കും അറിയാവുന്നതാണ്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പിന്നീട് തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതിന്റെ പേരിൽ ബലാൽസംഘമായി കാണുവാൻ കഴിയില്ല എന്ന് തന്നെ കോടതി വിധിയ്ക്കും. കാരണം അതിനായുള്ള എല്ലാ തെളിവുകളും വക്കീൽ ഇതിനോടകം നിരത്തി കഴിഞ്ഞിരുന്നു.

അന്നത്തെ രാത്രി വർഷയുടെ ഉള്ളം നീറി പുകയുകയായിരുന്നു

” മോൾക്ക് നാളത്തെ വിധിയെന്താകും എന്നതോർത്തു ഭയമുണ്ടോ.. ”

അമ്മയുടെ ആ ചോദ്യത്തിന് മുന്നിൽ അവൾക്ക് മറുപടി ഇല്ലായിരുന്നു.

“നമ്മൾ തോൽക്കും മോളെ.. ഇതിനോടകം നിന്നെ അവർ ഒരു വേശ്യയെന്നോണം മുദ്രകുത്തി കഴിഞ്ഞു.. ഈ നാട്ടിൽ കാശിനു തന്നെയാണ് വില. കാശെറിഞ്ഞാൽ എന്തും നടക്കും.. നമുക്ക് കാശില്ല അതുകൊണ്ട് തന്നെ ഈ കപട സമൂഹത്തിൽ നമ്മൾ തോറ്റു പോകും. ”

നിറകണ്ണുകളോടെ അമ്മ പറഞ്ഞു നിർത്തുമ്പോൾ പൊട്ടിക്കരഞ്ഞു പോയി വർഷ.

” അമ്മേ.. എന്നോട് ഇത്രയൊക്കെ ക്രൂരതകൾ ചെയ്തിട്ടും ദൈവങ്ങൾ പോലും അവർക്കൊപ്പം ആണല്ലോ.. എനിക്കിനി പുറത്തിറങ്ങി നടക്കാൻ പോലും കഴിയാതെയായില്ലേ.. ജീവിച്ചിരുന്നിട്ട് ഇനി എന്തിനാ… മടുത്തു എനിക്ക് ”

തളർച്ചയിൽ തന്റെ മാറിലേക്ക് ചാഞ്ഞ മകളെ ചേർത്ത് പിടിച്ചു ആ അമ്മ

” മോളെ.. നിന്റെ അച്ഛൻ മരിച്ചതിനു ശേഷം ഒറ്റയ്ക്കുള്ള ജീവിതം തിരഞ്ഞെടുത്തപ്പോൾ ഞാനും കേട്ടു ഇത്പോലെ കുറെ പരിഹാസങ്ങളും കഥകളും ഒന്നും വക വയ്ക്കാതെ ജീവിക്കാൻ എന്നെ പ്രേരിപ്പിച്ചത് നീ ആണ്. നിനക്ക് വേണ്ടി എല്ലാം സഹിച്ചു ഞാൻ. പക്ഷെ ഇന്നിപ്പോ നിന്റെ ജീവിതവും….. എന്ത് ചെയ്യണമെന്ന് അമ്മയ്ക്ക് അറിയില്ല മോളെ.. ”

നിസ്സഹായരായ അവരുടെ വേദന കാണുവാൻ ആരുമുണ്ടായിരുന്നില്ല..

സമയം പിന്നെയും നീങ്ങി. അതിനോടകം തന്നെ ആ അമ്മ മനസ്സിൽ ഉറച്ചൊരു തീരുമാനം എടുത്തിരുന്നു.

” മോളെ.. നമുക്ക്.. നമുക്ക് എല്ലാം അവസാനിപ്പിച്ചാലോ.. ”

പെട്ടെന്നുള്ള ചോദ്യം കേട്ട് അമ്മയുടെ മുഖത്തേക്ക് തുറിച്ചു നോക്കി വർഷ.

“അമ്മേ.. എ.. എന്താ പറഞ്ഞെ..”

” അതേ മോളെ.. നാളത്തെ വിധി വന്നു കഴിഞ്ഞാൽ പിന്നെ എന്റെ മോൾക്ക് ഈ സമൂഹത്തിൽ തലയുയർത്തി പിടിച്ചു നടക്കുവാൻ കഴിയില്ല… ഇപ്പോൾ പോലും കുത്തുവാക്കുകളും കഴുകൻ നോട്ടങ്ങളും ഭയന്ന് നീ പുറത്തിറങ്ങുന്നില്ലലോ.. എനിക്കും ഇതൊക്കെ തന്നെയാണ് അവസ്ഥ.. നമ്മൾ ഇല്ലാണ്ടായാൽ അത് കൊണ്ട് പ്രത്യേകിച്ച് ആർക്കും നഷ്ടം ഇല്ല.. ഈ തീരുമാനത്തിലൂടെ സമൂഹത്തിനായി പ്രത്യേകിച്ച് ഒരു സന്ദേശവും കൊടുക്കുവാനില്ല പക്ഷെ നമ്മുടെ മരണം നാളെ ഒരു വലിയ വാർത്തയായേക്കും അതിലൂടെയെങ്കിലും ആരെങ്കിലും നടന്നതിന്റെയൊക്കെ സത്യാവസ്ഥ അറിയുവാൻ ശ്രമിച്ചാലോ.. മരണ ശേഷം എങ്കിലും എന്റെ മോള് തെറ്റുകാരി ആയിരുന്നില്ല എന്ന് തെളിഞ്ഞാലോ… ”

അമ്മയുടെ ചോദ്യത്തിന് മുന്നിൽ മറുപടിയിലില്ലാതെ അങ്ങിനെ നോക്കിയിരുന്നു പതിയെ പതിയെ വർഷയും ആ തീരുമാനത്തിലേക്കെത്തി ചേർന്നു. നിരകണ്ണുകളോടെ ആ അമ്മയും മകളും പരസ്പരം വാരി പുണർന്നു.

*************************

ആ അമ്മയുടെ വാക്കുകൾ സത്യമായി. അവരുടെ ആത്മഹത്യ പിറ്റേന്ന് വലിയൊരു വാർത്തയായിരുന്നു. പ്രതിപക്ഷ സംഘടനകൾ അതൊരു ആയുധമാക്കി സർക്കാരിന് നേരെ ആഞ്ഞടിച്ചു. മീഡിയാസ് വീണ്ടും നടന്ന സംഭവങ്ങൾ ചികഞ്ഞു. തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കോടതി കുറ്റ വിമുക്തരാക്കിയെങ്കിലും മീഡിയാസ് വെറുതേ വിട്ടില്ല.. അവരുടെ പല കൊള്ളരുതായ്മകളും ഒന്നൊന്നായി പുറത്തു വന്നു. പൊതുജനം സത്യങ്ങൾ തിരിച്ചറിഞ്ഞു. കുറ്റവാളികൾക്ക് നേരെ വീണ്ടും അന്വേഷണം വേണമെന്ന ആവശ്യമുയർന്നു.

‘പക്ഷെ എത്ര നാൾ….? ‘

ഇതിനേക്കാൾ വലിയ മറ്റൊരു വാർത്തയെത്തിയതോടെ എല്ലാം കെട്ടടങ്ങി.. മീഡിയാസ് അതിനു പിന്നാലെയായി. സമരങ്ങൾ ആയി ബഹളങ്ങൾ ആയി.. വർഷയെയും അമ്മയേയും പതിയെ പതിയെ എല്ലാവരും മറന്നു തുടങ്ങി.

ഇന്നത്തെ കാലത്ത് ഇത്രയൊക്കെയേ ഉള്ളു.. നമ്മുടെ ജീവിതം മറ്റു പലർക്കും സോഷ്യൽ മീഡിയയിൽ ഒരു ലിങ്കിനുള്ളിൽ ഒതുങ്ങുന്ന ചെറിയ വാർത്ത മാത്രമാണ്…

(ശുഭം..)

പ്രജിത്ത് സുരേന്ദ്രബാബു.

Leave a Reply

Your email address will not be published. Required fields are marked *