Story by J. K
“” മോളെ അവൻ വന്നിട്ടുണ്ട്.. എന്നിട്ട് എന്താ നിന്റെ തീരുമാനം? ”
അമ്മ വീണ്ടും വന്നു ചോദിച്ചു അത് കേട്ടപ്പോൾ വല്ലാത്ത ഒരു മരവിപ്പാണ് തോന്നിയത് കാരണം തന്റെ ജീവിതത്തിൽ നടന്നതെല്ലാം ഇന്നലെ അമ്മയോട് വിശദമായി പറഞ്ഞു കൊടുത്തതാണ്…
“” എന്റെ മോളെ നീ അവൻ അങ്ങനെയൊക്കെ ചെയ്തു എന്ന് കരുതിയാണോ അവന്റെ കൂടെ പോകാതിരിക്കുന്നത്?? കല്യാണം കഴിഞ്ഞാൽ ഒരു പെണ്ണിന്റെ ശരീരം പിന്നെ അവളുടെ കഴുത്തിൽ താലികെട്ടിയവന് സ്വന്തമാണ്… അവർക്ക് ചില ഇഷ്ടങ്ങൾ ഒക്കെ ഉണ്ട് അതങ്ങ് പതിയെ നടത്തി കൊടുത്താൽ മതി അതിനൊന്നും ഇത്ര വലിയ കാര്യമാക്കാനില്ല!””
സ്വന്തം അമ്മയാണ് പറയുന്നത്..
അമ്മയെയും കുറ്റം പറയാൻ പറ്റില്ല ഒരു മകൾക്ക് അമ്മയോട് പറയുന്നതിന് ചില ലിമിറ്റേഷൻസ് ഉണ്ട്.. എല്ലായിടത്തും ഒരുപക്ഷേ അങ്ങനെ ആവില്ല മക്കൾക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം അവരുടെ അമ്മമാർ നൽകുന്നുണ്ടാവും പക്ഷേ തനിക്ക് അങ്ങനെ ആയിരുന്നില്ല.. പ്രായം അറിയിച്ച കാലം മുതൽ തുടങ്ങിയതാണ് അരുതുകൾ..
പഴമയെ മുറുകെപ്പിടിച്ച് ജീവിക്കുന്നവരായിരുന്നു തന്റെ അമ്മയും അമ്മൂമ്മയും എല്ലാം.. അതുകൊണ്ടാണ് 18 വയസ്സ് കഴിഞ്ഞപ്പോൾ മുതൽ വിവാഹാലോചനകൾ നോക്കി തുടങ്ങിയത്.. സത്യം പറഞ്ഞാൽ തനിക്ക് അതിനൊന്നും യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല പക്ഷേ പിടിച്ച് പിടിയാലേ കൊണ്ടുപോയി കല്യാണം കഴിപ്പിക്കുന്നത് പോലെ ആയിരുന്നു..
ഒരു ഗവൺമെന്റ് ജോലിക്കാരന്റെ ആലോചന വന്നപ്പോൾ പിന്നെ കൂടുതൽ ഒന്നും ആരും ചിന്തിച്ചില്ല സ്വഭാവത്തെ പറ്റി പോലും ആർക്കും അറിയേണ്ട ഗവൺമെന്റ് ജോലി എന്നത് വിവാഹം കഴിക്കുന്നതിനുള്ള ഏറ്റവും വലിയ യോഗ്യതയാണ്..
അവന്റെ കാലം കഴിഞ്ഞാലും നിനക്ക് കഞ്ഞി കുടിച്ചു കിടക്കാമല്ലോ എന്നായിരുന്നു അവരുടെ ന്യായീകരണം.
എന്റെ അച്ഛൻ ചെറുപ്പത്തിൽ തന്നെ മരിച്ചതാണ് അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ അച്ഛനോടെങ്കിലും എന്റെ അവസ്ഥ പറയാമായിരുന്നു എന്ന് എനിക്ക് തോന്നി…
അത്യാവിശം തെറ്റില്ലാതെ പഠിക്കുന്ന എനിക്ക് ഇനിയും തുടർന്ന് പഠിക്കണം എന്നുണ്ടായിരുന്നു ഡിഗ്രി ഫസ്റ്റ് ഇയർ ആയപ്പോഴാണ് വിവാഹം കഴിഞ്ഞത്..
അപ്പോൾ മുതൽ അനുഭവിക്കുന്നതാണ് ഞാൻ..
രജീഷ് എന്നാണ് അയാളുടെ പേര് കാണാൻ സുമുഖൻ വില്ലേജ് ഓഫീസിൽ ആണ് ജോലി..
എല്ലാവരോടും മാന്യമായ പെരുമാറ്റം മുതിർന്നവരോട് വല്ലാത്ത ബഹുമാനം… കുറ്റം പറയത്തക്ക ഒന്നും തന്നെ അയാളിൽ ആർക്കും കാണാൻ കഴിഞ്ഞില്ല..
പക്ഷേ അയാളുമൊത്ത് ഒരു റൂമിൽ കഴിയുന്ന എനിക്ക് അയാളെ സഹിക്കാൻ പോലും കഴിയാതെ വന്നു അത്രത്തോളം സൈക്കോ ആയിരുന്നു അയാൾ.
പോൺ സൈറ്റുകൾക്ക് അടിമയായിരുന്നു അയാൾ..
അതുമാത്രമല്ല അയാളുടെ ലൈംഗിക വൈകൃതങ്ങൾ എന്റെ മേൽ അടിച്ചേൽപ്പിക്കുന്ന ഒരുതരം സ്വഭാവം..
സഹിക്കാൻ പറ്റാത്ത അവസരങ്ങൾ ഉണ്ടായിട്ടുണ്ട്.
ഓരോ ദിവസവും ഓരോന്ന് സ്വപ്നം കണ്ട് വരും എന്നിട്ട് അതുപോലെ എല്ലാം പെരുമാറാൻ എന്നോട് പറയും.. ഇല്ല എന്ന് പറയുമ്പോൾ ക്രൂരമായ മർദ്ദനം ആണ് അത് പുറത്ത് ആർക്കും കാണാൻ പറ്റാത്ത ഇടങ്ങളിൽ ആണ് എന്ന് മാത്രം.
നെയിൽ കട്ടർ കൊണ്ട് മാറിടങ്ങളിൽ മുറിവേൽപ്പിക്കും.. അയാളുടെ കൂർത്ത നഖങ്ങൾ കൊണ്ട് മാന്തി പറിക്കും..
അതെല്ലാം ഭയന്ന് അയാളുടെ ഓരോ വൈകൃതങ്ങൾക്ക് ഞാൻ മൗനാനുവാദം കൊടുത്തു തുടങ്ങി..
അപ്പോഴും വേദനിപ്പിക്കും അയാൾ ഭോഗിക്കുമ്പോൾ ഞാൻ കരയുന്നത് അയാളിൽ കൂടുതൽ ലഹരി നിറച്ചിരുന്നു.
അതിനുവേണ്ടി അയാൾ മനപ്പൂർവ്വം ഓരോന്നും ചെയ്തു കൊണ്ടിരിക്കും.
എല്ലാം കഴിഞ്ഞ് തളരുമ്പോഴും അയാൾ വെറുതെ വിടില്ല.
സത്യം പറഞ്ഞാൽ വല്ലാതെ മടുത്തു പോയിരുന്നു ജീവിക്കാൻ പോലും ആഗ്രഹം ഇല്ലാത്ത വിധം മരവിച്ചു പോയിരുന്നു മനസ്സ്.
ഒടുവിലാണ് അറിയുന്നത് എന്റെ വയറ്റിൽ അയാളുടെ ജീവൻ വളരുന്നുണ്ട് എന്ന് കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി ഇനിയെങ്കിലും അയാൾക്ക് എന്നോട് അല്പം കരുണ തോന്നും എന്ന് കരുതി പക്ഷേ എല്ലാം വെറുതെ ആയിരുന്നു.
അയാൾക്ക് ഉടനെ ഒന്നും ഒരു കുഞ്ഞു വേണ്ട എന്നും പറഞ്ഞ് എന്നെയും വിളിച്ചുകൊണ്ടുപോയി അബോർഷൻ ചെയ്തു.. കുളിക്കുമ്പോൾ വഴക്ക് വീണ് പോയതാണ് എന്നായിരുന്നു മറ്റുള്ളവരോട് പറഞ്ഞിരുന്നത്.. ഗർഭിണിയായിട്ടും സ്വന്തം കുഞ്ഞിനെ പോലും ശ്രദ്ധിക്കാതെ ഞാൻ എല്ലാവർക്കും മുന്നിൽ തെറ്റുകാരി ആയി.
ഇനി കുറച്ചു ദിവസം റസ്റ്റ് വേണം എന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് സത്യം പറഞ്ഞാൽ എനിക്ക് മനസ്സിന് അല്പം ആശ്വാസം തോന്നിയത് അത്രയും ദിവസം എങ്കിലും എന്റെ വീട്ടിൽ പോയി നിൽക്കാമല്ലോ അയാളുടെ കടുത്ത പീഡനങ്ങളിൽ നിന്ന് രക്ഷ നേടാമല്ലോ എന്ന് ഞാൻ കരുതി.
അങ്ങനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നതാണ് അപ്പോഴാണ് ഞാൻ അമ്മയോട് എല്ലാ കാര്യവും പറഞ്ഞത് എന്നാൽ അമ്മ അത് വലിയ കാര്യമായി എടുത്തതുപോലുമില്ല.
നിന്റെ ശ്രദ്ധക്കുറവ് കൊണ്ട് കുഞ്ഞ് നഷ്ടപ്പെട്ടു അതൊന്നും അവർ വലിയ കാര്യമാക്കിയിട്ടില്ല എല്ലാം നിന്റെ ഭാഗ്യമാണ് എന്നുകൂടി അമ്മ കൂട്ടിച്ചേർത്തപ്പോൾ ശരിക്കും എങ്ങോട്ടെങ്കിലും ഇറങ്ങി ഓടാനാണ് തോന്നിയത്.
ഒന്നും മിണ്ടാതെ എല്ലാം സഹിച്ചു. അപ്പോഴാണ് അയാൾ വിളിച്ച് അറിയിച്ചത് ഞാനില്ലാതെ അയാൾക്ക് പറ്റുന്നില്ല എത്രയും പെട്ടെന്ന് അയാൾ എന്നെ കൊണ്ടുപോകാൻ വരികയാണ് റസ്റ്റ് എല്ലാം അവിടെ അയാൾ നോക്കിക്കോളാം എന്ന്.
അതോടെ എല്ലാവർക്കും രജീഷ് വാഴ്ത്തപ്പെട്ടവനായി.. ഇത്രയും സ്നേഹനിധിയായ ഭർത്താവിനെ കിട്ടിയ ഞാൻ സൗഭാഗ്യവതിയും..
എന്നാൽ ഇനിയും ആ വീട്ടിലേക്ക് പോയാൽ ജീവനോടെ തിരിച്ചുവരാൻ കഴിയില്ല എന്ന കാര്യത്തിൽ എനിക്ക് യാതൊരു തർക്കവും ഉണ്ടായിരുന്നില്ല അതുകൊണ്ട് ഞാൻ എന്റെ ഒരു സുഹൃത്ത് അഡ്വക്കേറ്റിനെ വിളിച്ചു കാര്യങ്ങൾ എല്ലാം സംസാരിച്ചു..
അവൾ എന്നെ ഒരുപാട് ചീത്ത പറഞ്ഞു ഇത്രയും നാൾ എന്തിനാണ് ഇതെല്ലാം സഹിച്ചുകൊണ്ട് അയാളുടെ പേക്കൂത്തുകൾക്ക് നിന്നു കൊടുത്തത് എന്ന് അവൾ ചോദിച്ചു അതിന് എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല.. ഇറങ്ങിവന്നാൽ കൂടെ നിൽക്കാൻ എന്റെ വീട്ടുകാർ പോലും ഉണ്ടാവില്ല എന്ന് പറഞ്ഞപ്പോൾ തേങ്ങിപ്പോയി.
ഫസ്റ്റ് ഇയറിൽ വച്ച് നിർത്തിയ ഡിഗ്രി തുടർന്നു കൊണ്ടു പോകാൻ അവൾ നിർദ്ദേശിച്ചു.. അതിനൊന്നും ഉള്ള മാനസിക അവസ്ഥ ആയിരുന്നില്ല എനിക്ക് അപ്പോൾ..
അവൾ കൂടെ ഉണ്ടാകും ധൈര്യമായി ഇരിക്കാൻ പറഞ്ഞു അതിന്റെ ഒരു ധൈര്യത്തിൽ മാത്രം ആണ് ഇപ്പോൾ പിടിച്ചുനിൽക്കുന്നത്.
അയാൾ വന്നു വിളിച്ചപ്പോൾ അയാളുടെ കൂടെ ചെല്ലില്ല എന്ന് തന്നെ ഞാൻ തീർത്തു പറഞ്ഞു അതോടെ വീട്ടിൽ അടക്കം പ്രശ്നമായി എല്ലാവരുടെയും മുന്നിൽ ഞാൻ വലിയ അഹങ്കാരി ആയി എന്റെ സുഹൃത്ത് അന്നേരം എന്നെ കൂട്ടാൻ വന്നിരുന്നു… അവളുടെ കൂടെ ഞാൻ പോയി ഡിവോഴ്സിന് അന്നുതന്നെ അപ്ലൈ ചെയ്തു..
അവൾ എനിക്ക് ചെറിയ ഒരു ജോലി കണ്ടുപിടിച്ചു തന്നു.. അതിന്റെ കൂടെ പഠിത്തവും മുന്നോട്ടുകൊണ്ടുപോകാൻ ഞാൻ തീരുമാനിച്ചു സ്വന്തം വീട്ടുകാർക്ക് പോലും ഞാനിപ്പോൾ ഒരു ശത്രുവാണ്..
എന്റെ ഒരു കാര്യവും ഇനി അവരെ അറിയിക്കേണ്ട ഇങ്ങനെ ഒരു മകൾ ഞങ്ങൾക്ക് പിറന്നിട്ടില്ല എന്ന് തന്നെ അവർ തീർത്തു പറഞ്ഞു..
എന്നാൽ അതിലൊന്നും ഞാൻ തളർന്നില്ല..
അല്ലെങ്കിൽ തന്നെ എന്റെ അവസ്ഥ മനസ്സിലാക്കുക പോലും ചെയ്യാത്തവരെ ഞാനും ഇനി പരിഗണിക്കില്ല എന്ന് ഉറപ്പിച്ചിരുന്നു എന്റെ കൂട്ടുകാരിയുടെ കൂടെ ഹോസ്റ്റലിൽ ആണ് ഇപ്പോൾ നിൽക്കുന്നത് അത്യാവശ്യം ജീവിച്ചു പോകാനുള്ള പൈസ കിട്ടുന്നുണ്ട് കൂട്ടത്തിൽ ഡിഗ്രി പഠനവും…
എന്തായാലും ഇതിലും മെച്ചപ്പെട്ട ഒരു ജീവിത സാഹചര്യം നേടിയെടുക്കുക തന്നെ ചെയ്യും.. തല ഉയർത്തിപ്പിടിച്ച് അവരുടെ മുന്നിൽ ഒരു ദിവസം ഞാൻ പോയി നിൽക്കും…
അത് മനസ്സിൽ ഉറപ്പിച്ചിരുന്നു ഇതിനിടയിൽ രജീഷ് ഏതോ ഒരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നും പറഞ്ഞ് കേസ് വന്നിരുന്നു…
അതോടെ പല സ്ത്രീകളും അയാൾക്കെതിരെ പരാതിയുമായി മുന്നോട്ടുവന്നു..
അപ്പോഴാണ് എന്റെ വീട്ടുകാരുടെ കണ്ണ് തുറന്നത് അവർ എന്നെ കൂട്ടിക്കൊണ്ടുപോകാൻ ആയി വന്നു എന്നാൽ ആരൊക്കെയോ പറഞ്ഞിട്ട് മാത്രം എന്നെ വിശ്വസിച്ച അവരുടെ കൂടെ തിരികെ പോകാൻ മനസ്സ് അനുവദിച്ചില്ല..
അന്ന് അവർ എന്നോട് പറഞ്ഞത് തന്നെ ഇപ്പോൾ ഞാനും പറഞ്ഞു നിങ്ങൾക്ക് ഇങ്ങനെ ഒരു മകൾ ജനിച്ചിട്ടില്ല എന്ന്.