Story by J. K
” നീ കൂടുതലൊന്നും ഞങ്ങളെ കൊണ്ട് പറയിപ്പിക്കേണ്ട! നിന്റെ സ്വഭാവം ശരിക്കും മനസ്സിലാക്കി അല്ലെങ്കിലും ചില പെണ്ണുങ്ങൾക്ക് ഉള്ളതാണ് ഭർത്താവ് മരിച്ചു കഴിഞ്ഞാൽ ഉള്ള ഈ ഇളക്കം.. അല്ലേലും നിനക്കെന്താ നഷ്ടപ്പെട്ടത് പോയത് ഞങ്ങൾക്കല്ലേ എന്റെ ആകെക്കൂടി ഉണ്ടായിരുന്ന ആങ്ങളയാണ്.. അവൾക്ക് വല്ല സങ്കടവും ഉണ്ടോ എന്ന് നോക്ക്!””
ധന്യ ഉറഞ്ഞുതുള്ളി പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ നിന്നു നിത്യ…
ഒടുവിൽ അമ്മായിയമ്മ കൂടെ കൂടി..
“” എന്റെ മോൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടും സ്ഥലവും ആണ് ഇത് മര്യാദയ്ക്ക് ഇവിടെനിന്ന് ഇറങ്ങിക്കോ!!!””
ആ സ്ത്രീ അതും പറഞ്ഞ് അവളെ അടിക്കാൻ ആയി ചെന്നതും അവൾ കൈനീട്ടി അവരെ തടഞ്ഞു… സന്തോഷേട്ടൻ ഉള്ളപ്പോൾ പല കാര്യങ്ങൾക്കും അവർ തനിക്കെതിരെ ഓരോന്ന് പറഞ്ഞിട്ടുണ്ട് പക്ഷേ സന്തോഷേട്ടനെ ആലോചിച്ച് ഓരോന്ന് ഇതുവരെ ക്ഷമിച്ചു.. ഇനിയും ക്ഷമിക്കുമായിരുന്നു പക്ഷേ അവരുടെ ഈ സ്വഭാവത്തിന് എന്ത് ചെയ്തിട്ടും യാതൊരു പ്രയോജനവും ഇല്ല എന്ന് മനസ്സിലാക്കിയതിന് ശേഷമാണ് നിത്യ പ്രതികരിക്കാൻ തുടങ്ങിയത്..
“‘ നിങ്ങൾക്കൊക്കെ എന്താണ് വേണ്ടത്?”
ഭാവം ശാന്തം എങ്കിലും വളരെ കടുപ്പമേറിയ ശബ്ദത്തിൽ അവൾ ചോദിച്ചു.
“” അയ്യോ തമ്പുരാട്ടിക്ക് അറിയില്ലേ? ഒരു വിധവ എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ ആചരിക്കേണ്ട ചില മര്യാദകൾ ഒക്കെ ഉണ്ട്!! ആദ്യം പറഞ്ഞു ടെക്സ്റ്റൈൽസിലേക്ക് ജോലിക്ക് പോവുകയാണ് എന്ന്.. എന്റെ മോന്റെ രണ്ട് കൊച്ചുങ്ങൾ ഉണ്ടല്ലോ.. അവരെ നോക്കാൻ ആയിരിക്കും എന്ന് കരുതിയാണ് അതിന് തടസം ഒന്നും പറയാതിരുന്നത്!! എന്നിട്ട് നീ എന്താ ചെയ്തത് അവൻ മരിച്ചു ഒരു കൊല്ലം തികയാൻ കാത്ത് നിൽക്കുകയല്ലായിരുന്നോ അഴിഞ്ഞാടാൻ!!”
അമ്മായി അമ്മ എന്ന് പറയുന്ന സ്ത്രീ അത്രയും പറഞ്ഞപ്പോൾ അവൾക്ക് വല്ലാതെ ദേഷ്യം വന്നു.
“” ഞാൻ എന്ത് അഴിഞ്ഞാടി എന്നാണ് പറയുന്നത് ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുന്ന സ്ത്രീകൾ എല്ലാവരും ചേർന്ന് ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട് അവർ തിരുവാതിര എന്നതിർത്ത രൂപം പ്രാക്ടീസ് ചെയ്ത് ഇപ്പോൾ പല സ്റ്റേജുകളിലും അവതരിപ്പിക്കുന്നു… അതിൽ ഒരാൾക്ക് വയ്യാതായപ്പോൾ അതിന് പകരം എന്നോട് കൂടാമോ എന്ന് ചോദിച്ചു.. അറിയാലോ നൃത്തം പഠിച്ചതാണ് ഞാൻ പക്ഷേ കല്യാണം കഴിഞ്ഞപ്പോൾ എല്ലാം നിങ്ങൾ അവസാനിപ്പിച്ചു ഇപ്പോൾ ഇത് എനിക്ക് ദൈവമായി കൊണ്ടുവന്ന ഒരു അവസരമായി ഞാൻ കരുതി.. അവരോട് സമ്മതമാണ് എന്ന് പറഞ്ഞു അതിനു പിന്നിൽ മറ്റൊരു കാരണം.
കൂടി ഉണ്ടായിരുന്നു ടെക്സ്റ്റൈൽസിലെ ജോലി കൊണ്ട് എനിക്ക് രണ്ട് അറ്റം കൂട്ടിമുട്ടിക്കാൻ കഴിയുന്നില്ല
തിരുവാതിരയ്ക്ക് പോയാൽ ഓരോ പ്രോഗ്രാമിനും പണം കിട്ടും.. അതും കൂടി ആയിട്ടുണ്ടെങ്കിൽ അത്യാവിശം എനിക്ക് പിടിച്ചുനിൽക്കാം എന്ന അവസ്ഥയാകും
അത് അറിഞ്ഞപ്പോൾ ഉള്ള വരവാണ് അമ്മയും നാത്തൂനും.
അവർ ഓരോന്ന് പറഞ്ഞ് കത്തി കയറുന്നുണ്ട്.. ഭർത്താവ് മരിച്ചപ്പോൾ മറ്റ് ആണുങ്ങളെ വലവീശി പിടിക്കാൻ ശ്രമിക്കുന്നുണ്ട് എന്നുവരെ പറഞ്ഞു എല്ലാം കൂടി കേട്ട് തല പെരുക്കുന്നതു പോലെ തോന്നി..
“” ശരി ഞാൻ ടെക്സ്റ്റൈൽസിൽ പോകുന്നില്ല ഡാൻസിനും പോകുന്നില്ല പക്ഷേ ഒരു കാര്യം എന്റെയും കുട്ടികളുടെയും കാര്യം നിങ്ങൾ ഏറ്റെടുക്കണം!! എന്റെ സന്തോഷത്തിനെയും ഓർത്തുകൊണ്ട് ഞാൻ ഈ വീടിന്റെ അകത്തുതന്നെ ഇരുന്നോളാം… സന്തോഷേട്ടൻ രണ്ടു കുട്ടികളെയും ഇംഗ്ലീഷ് മീഡിയത്തിലാണ് ചേർത്തിരിക്കുന്നത് മാസാമാസം അവരുടെ ഫീസ് കൊടുക്കണം.. പിന്നെ വെഹിക്കിൾ ഫീസും കൂടെ വേണം.
പിന്നെ അറിയാലോ എന്റെ ചെറിയ മോൾക്ക് ജന്മനാ ചില പ്രശ്നങ്ങൾ ഉണ്ട് അതുകൊണ്ട് എല്ലാ മാസവും ചെക്കപ്പ് നടത്തണം.. ചില മാസങ്ങളിൽ പല ടെസ്റ്റുകളും എഴുതും അതിനെല്ലാം നല്ല പണം ആകും..
അപ്പോൾ ഞാൻ പറഞ്ഞു കൊണ്ട് വന്നത് എന്താണെന്ന് വെച്ചാൽ ഈ പണം മുഴുവൻ നിങ്ങൾ തരാൻ തയ്യാർ ആണെങ്കിൽ ഞാൻ എവിടേക്കും പോകില്ല ഇവിടെ നിങ്ങൾ പറഞ്ഞ വിധവയുടെ എല്ലാ അടക്കത്തോടും ഒടുക്കത്തോടും കൂടി ഞാൻ ഇവിടെ തന്നെ ഇരിക്കും!”
ചിരിയോടെ നിത്യ പറഞ്ഞു..
അത് കേട്ടതും നാത്തൂന്റെയും അമ്മയുടെയും മുഖം വിളറി വെളുക്കുന്നത് അവൾ കണ്ടിരുന്നു.. ഇങ്ങനെ ഒരു മുഖം കാണാൻ വേണ്ടി തന്നെയാണ് അവൾ അത്രയെല്ലാം പറഞ്ഞത്.
തനിക്കും കുട്ടികൾക്കും വേണ്ടി ഒരു രൂപ പോലും അവർ ആരും ചിലവാക്കില്ല എന്ന കാര്യത്തിൽ അവൾക്ക് യാതൊരു തർക്കവും ഉണ്ടായിരുന്നില്ല..
സന്തോഷേട്ടൻ ഉള്ളപ്പോഴും അത് അങ്ങനെ തന്നെയാണ്.. വിവാഹം കഴിഞ്ഞ് കൊണ്ടുപോയത് തറവാട്ട് വീട്ടിലേക്ക് ആയിരുന്നു.. അത് സന്തോഷേട്ടനാണ് എന്നും പറഞ്ഞ് പഴയ വീട് പുതുക്കി പണിയിപ്പിച്ചു.. എന്നിട്ട് കാര്യത്തോട് അടുത്ത് അമ്മ മെല്ലെ കാലുമാറി ധന്യയ്ക്ക് ഒന്നുമില്ല നിനക്ക് ഒന്നുമില്ലെങ്കിലും നല്ല ജോലിയില്ലേ എന്നും പറഞ്ഞ് തറവാട് വീട് ധന്യക്ക് കൊടുത്തു..
സന്തോഷേട്ടന്റെ അത്രയും നാളത്തെ അധ്വാനം വെറുതെ ആയി.. സാരമില്ലെടോ നമുക്ക് ചെറിയൊരു കൂടാരം പണിയാം എന്നിട്ട് അതിൽ താനും ഞാനും നമ്മുടെ കുഞ്ഞുങ്ങളും..
എന്ന് സന്തോഷത്തോടെ ചേർത്തുപിടിച്ച് സന്തോഷേട്ടൻ പറയും. ആ ഒരു ഉറപ്പിന്മേലാണ് ഇത്രയും കാലം ജീവിച്ചത്.. ഉള്ളതെല്ലാം നുള്ളി പെറുക്കി എന്റെ ഭരണവും കൂടിയാണ് ഇവിടെ നാല് സെന്റ് സ്ഥലം വാങ്ങിയതും അതിൽ ഒരു ചെറിയ കൂര വച്ചത്.
എന്നിട്ട് അവിടേക്ക് കുട്ടികളെയും കൊണ്ട് മാറി എന്നിട്ടും അവരുടെ ശല്യം തീർന്നിട്ട് ഉണ്ടായിരുന്നില്ല ധന്യക്ക് എന്തൊരു ആവശ്യം വന്നാലും അവൾ ആണ് ആദ്യം ഓടി വരിക സന്തോഷേട്ടന്റെ അരികിലേക്കാണ് പറയുമ്പോൾ അവളുടെ ഭർത്താവിന് ഗൾഫിൽ നല്ല ജോലി ഉണ്ട്..
എന്നാലും എല്ലാം സന്തോഷേട്ടന്റെ തലയിൽ വച്ചു കൊടുക്കും അവൾക്ക് ഒരു കല്യാണത്തിന് പോകണമെങ്കിൽ ഡ്രസ്സ് അടക്കം സന്തോഷേട്ടനെ കൊണ്ട് എടുപ്പിക്കും..
എല്ലാത്തിനും സപ്പോർട്ട് ആയി അമ്മയും.
ഇതിനിടയിലാണ് സന്തോഷേട്ടനെ വിധി ഒരു ആക്സിഡന്റ് രൂപത്തിൽ ഞങ്ങളുടെ അരികിൽ നിന്ന് തട്ടി എടുത്തത് എനിക്കും കുഞ്ഞുങ്ങൾക്കും അത് വലിയ ഷോക്ക് ആയിരുന്നു.
അന്ന് എല്ലാവരുടെയും മുന്നിൽ വച്ച് കുഞ്ഞുങ്ങൾക്ക് ഞങ്ങൾ ഉണ്ട് എന്ന് അമ്മയും പെങ്ങളും ഒരുമിച്ച് വാക്ക് തന്നിരുന്നു എന്നാൽ ഇന്ന് വരെ അവർ ഒന്ന് തിരിഞ്ഞു നോക്കിയിട്ട് പോലുമില്ല
മുൻപ് വന്നിരുന്ന അത്ര പോലും ഇപ്പോൾ വരുന്നില്ല.. വന്നിട്ട് രണ്ടുപേർക്കും വലിയ പ്രയോജനം ഒന്നും ഇല്ലല്ലോ എന്നാൽ ടെക്സ്റ്റൈൽസിലെ സ്ത്രീകളുടെ കൂട്ടത്തിൽ ഡാൻസ് ചെയ്യാൻ പോകുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ മുതൽ വന്ന് നിരുത്സാഹപ്പെടുത്തുന്നതാണ്.
.
ആദ്യം ഒന്നും മുഖം കറുപ്പിച്ച് പറഞ്ഞില്ല ഇപ്പോൾ ദേഷ്യത്തോടെ തന്നെയാണ് കാര്യങ്ങൾ സംസാരിച്ചത്.
മിണ്ടാതെ നിൽക്കുന്ന അവരെ നോക്കി പുച്ഛത്തോടെ ഞാൻ ഒന്ന് ചിരിച്ചു..
” അപ്പോ നാളെ മുതൽ ഞങ്ങൾക്കുള്ള ചെലവ് നിങ്ങൾ എത്തിച്ചു തരുമല്ലോ അല്ലേ? ടെക്സ്റ്റൈൽസിൽ ജോലി നിർത്തിയ വിവരം ഞാൻ മുതലാളിയെ ഒന്ന് അറിയിക്കട്ടെ!!”
അത് പറഞ്ഞു തീർന്നപ്പോൾ ഞാൻ കാണുന്നത് പോകാൻ വേണ്ടി ധൃതി കൂട്ടുന്ന രണ്ടുപേരെ ആണ് ചിരിയാണ് വന്നത് എങ്കിലും ഒന്നും അറിയാത്തത് പോലെ അവരോട് എന്തുപറ്റി എന്ന് ചോദിച്ചു..
“” നീ എവിടെ വേണമെങ്കിലും തുള്ളിക്കോ!! എന്റെ മോന്റെ കൊച്ചുങ്ങളെ വഴിയാധാരം ആകാതിരുന്നാൽ മതി ഇതെല്ലാം എന്റെ വിധിയാണ്!””
എന്നും പറഞ്ഞ് മുന്നിൽ അമ്മയും പുറകിൽ മകളും പോയി.. ഇത് ഇങ്ങനെയേ വരൂ എന്ന് എനിക്ക് അറിയാമായിരുന്നു കാരണം സന്തോഷേട്ടൻ അവർക്ക് എന്നും ഒരു കറവപ്പശു മാത്രമായിരുന്നു അതിൽ കൂടുതൽ ഒരു സ്നേഹം അവർ അദ്ദേഹത്തിന് നൽകിയിട്ടില്ല..
അതുകൊണ്ടുതന്നെ ഇത് അവർക്ക് അർഹപ്പെട്ട മറുപടി ആണ് എന്ന് എനിക്കും തോന്നി..