ദേ ഭർത്താവ് മരിച്ച പെണ്ണാ നീ… ആളുകളെക്കൊണ്ട് അതും ഇതും പറയിപ്പിക്കരുതെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്….” അയാളുടെ വാക്കിന് ഒപ്പം…

മിഴി മോഹന…

“ഹോ എന്റെ ഹിമേ ഇന്ന് കാക്ക മലർന്നു പറക്കുമല്ലോ… പത്തു രൂപയുടെ ഒരു ബിസ്‌ക്കറ്റ് എങ്കിലും നീ വീട്ടിലേക്ക് വാങ്ങി കൊണ്ട് പോകുന്നത് കണ്ടിട്ട് ഒന്ന് ചത്താൽ മതി എന്നെ ഉണ്ടായിരുന്നുള്ളു… ”

സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ പർച്ചേസ് ചെയ്യുന്നതിനിടയിൽ ശ്യാമ പറയുന്നത് കേട്ട് കയ്യിൽ എടുത്ത ഒരു പാക്കറ്റ് ഡാർക്ക്‌ ഫാന്റസിയിലേക്ക് നേർത്ത ചിരിയോടെ നോക്കി ഹിമ…

” ഇത് ഒന്നും വാങ്ങാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ലടോ…മുതൽ ആവില്ല… തനിക്ക് അറിയാമല്ലോ വീട്ടിലെ അവസ്ഥ… ശരത്തേട്ടൻ പോയതോടെ അമ്മയ്ക്ക് ഒരു ആശ്വാസം ആയിക്കോട്ടെ എന്ന് കരുതി ശരത്തെട്ടന്റെ പെങ്ങളും മൂന്ന് പിള്ളേരും അന്ന് മുതൽ വീട്ടിൽ ആണ്… കൂട്ടത്തിൽ ആഴ്ചയിൽ ഒരു ദിവസം വന്നു പോകുന്ന അളിയനും….

ഒരു പാക്കറ്റ് ബിസ്‌ക്കറ്റിനു പകരം മൂന്നു പാക്കറ്റ് വാങ്ങണം… എന്നും അതിന് കഴിയുവോ എനിക്ക്.. ”

ഹിമ വീട്ടിലേക്ക് ആവശ്യം ആയത് ഓക്കെയും എടുത്തു കൊണ്ട് പറയുമ്പോൾ ശ്യാമയും അവളുടെ കൂടെ കൂടി…

” ശരത്തിന്റെ പെങ്ങൾ പിള്ളേരെയും കൊണ്ട് വന്നു നില്കുന്നത് അല്ലാതെ വീട് ചിലവിനു ഒന്നും തരില്ലേ…? ”

ശ്യാമ സംശയത്തോടെ ചോദിച്ചു…

” എവിടെ തരാൻ… അവൾക്ക് മാത്രം അല്ല പിള്ളേർക്ക് ഉള്ളതും പോരാഞ്ഞു അവസാനം അളിയൻ വരുമ്പോൾ അയാൾക്ക് കഴിക്കാൻ ഉള്ളതുകൂടി ഉണ്ടാക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആണ്…. അവര്ക് അതിന് ന്യായം ഉണ്ട്… ശരത്തേട്ടൻ സർവീസിൽ ഇരിക്കുമ്പോൾ മരിച്ചതുകൊണ്ട് ആശ്രിത നിയമനം ആയി കിട്ടിയ ജോലിയല്ലേ എനിക്ക്…. അതിന്റെ വീതം അനുഭവിക്കാൻ പെങ്ങൾക്കും അർഹതയുണ്ടെന്നാണ് അമ്മയുടെ വാദം..”

“എന്നാലും എന്റെഹിമേ ഒരു സാധാരണ പഞ്ചായത്ത് ക്ലർക്കിന് കിട്ടുന്ന തുക അവർക്ക് ഊഹിച്ചുകൂടേ.. ”

ശ്യാമ വീണ്ടും സംശയത്തോടെ നോക്കി..

” ആവോ എനിക്ക് അറിയില്ല…. ഉപേക്ഷിച്ചു പോകാൻ എനിക്ക് കഴിയില്ലലോ… ആ മകനെ ആശ്രയിച്ച് ജീവിച്ചിരുന്ന ഒരു അമ്മ ഇല്ലേ… ”

ബില്ല് എല്ലാം പേ ചെയ്ത് പുറത്തേക്ക് ഇറങ്ങി വാങ്ങിയ സാധനങ്ങളെല്ലാം സ്കൂട്ടറിൽ വെച്ചുകൊണ്ട് ഹിമ പറയുമ്പോൾ ശ്യാമ അവളുടെ കയ്യിൽ പിടിച്ചു..

” അത് ന്യായം ആണ്… എന്ന് കരുതി ആങ്ങള മരിച്ച പേര് പറഞ്ഞ് എട്ടിലും ആറിലും നാലിലും പഠിക്കുന്ന മൂന്നു പിള്ളേരെയും കൊണ്ട് അവൾ നിന്നെ ബുദ്ധിമുട്ടിക്കാൻ ഇവിടെ വന്നു കിടക്കുന്നത് ശരിയാണോ.. ആശ്രയം വേണ്ടത് നിനക്കും ശരത്തന്റെ അമ്മയ്ക്കും നിന്റെ കുഞ്ഞിനും അല്ലേ… അല്ലാതെ വിവാഹം കഴിഞ്ഞ് ഭർത്താവുമായി ജീവിക്കുന്നവൾക്ക് ഇതിന്റെ പങ്കു കൊടുക്കേണ്ട ആവശ്യം എന്താ. ”

” അതൊക്കെ ചിന്തിക്കേണ്ടത് അമ്മയല്ലേ ശ്യാമേ… ആഹ് നീ വിട്ടോ.. ഇന്ന് വീക്കെൻഡ് ആയതുകൊണ്ട് അളിയൻ വരും… ചിക്കൻ വാങ്ങണം എന്ന് ഉച്ചയ്ക്ക് തന്നെ അമ്മയുടെ ഓർഡർ ഉണ്ട്…”

” ചിക്കൻ മാത്രം ആക്കണ്ടടി അയാൾക്കും അയാളുടെ ഭാര്യക്കും പിള്ളേർക്കും കൂടി തിന്നാൻ മട്ടനും കൂടി വാങ്ങി കൊണ്ട് പോ… അവരെ പറഞ്ഞിട്ട് കാര്യം ഇല്ല… ഇതിനു നിനക്ക് ആണ് തരേണ്ടത്.. ”

ശ്യാമ ദേഷ്യതോടെ വണ്ടിയും എടുത്ത് കൊണ്ട് പോകുമ്പോൾ നിസ്സഹായതയുടെ ഒരു ചിരി ചിരിച്ചു കൊണ്ട് ഹേമ വീട്ടിലേക്ക് വണ്ടി വിട്ടു….

ചിക്കൻ ഉൾപ്പടെ വീട്ടിലേക്ക് വേണ്ടത് എല്ലാം വാങ്ങി വരുമ്പോൾ ആ മാസം കിട്ടിയ സാലറിയുടെ കാര്യത്തിൽ തീരുമാനം ആയി കഴിഞ്ഞിരുന്നു….

വണ്ടി മുറ്റത്തേക്ക് കയറ്റുമ്പോൾ കാർ പോർച്വിൽ അളിയന്റെ കാർ നേരത്തെ സ്ഥാനം പിടിച്ചിട്ടുണ്ട്.. എല്ലാ ആഴ്ച്ചയിലും രണ്ട് ദിവസം ഹേമയെ പോലെ തന്നെ ശരത്ത് വാങ്ങി കൊടുത്ത സ്കൂട്ടറിനും സ്ഥാനം പുറത്ത് ആണ്….

കിണറിന്റെ അടുത്ത് വണ്ടി ഒതുക്കി വയ്ക്കുമ്പോൾ അകത്ത് കേൾക്കാം കുട്ടികളുടെ കളി ചിരികൾ… അച്ഛൻ വന്ന സന്തോഷം ആണ് അവർക്ക്..

വാങ്ങിയ കവർ എല്ലാം എടുത്തു അകത്തേക്ക് ചെല്ലുമ്പോൾ അച്ഛനും മക്കളും കൂടെ കളി ചിരിയിൽ ആണ്… ശരത്തിന്റെ പെങ്ങളും അമ്മയും അത് ആസ്വദിച്ചു അടുത്ത് ഇരിക്കുമ്പോൾ ഹേമയുടെ കണ്ണുകൾ സ്വന്തം ചോരയെ തേടി…

മുറിയിൽ ആയിരിക്കും ഇങ്ങനെ ഉള്ളപ്പോൾ അവൻ തനിയെ മുറിയിലേക്ക് പോകുന്നത് പതിവ് ആണ്…

” ആ.. ഹേമ ഇന്ന് താമസിച്ചോ….ഞാൻ വന്നിട്ട് കുറെ നേരം ആയി… അല്ല സമയം ഏഴുമണി കഴിഞ്ഞല്ലോ എന്താ ഇത്രയും ലേറ്റ് ആയത്..? .. ”

ഭർത്താവ് മരിച്ചു പോയ ഒരു സ്ത്രീക്ക് മറ്റൊരു പുരുഷന്റെ അല്ലങ്കിൽ കുടുംബ നാഥൻ ആകാൻ ശ്രമിക്കുന്നവന്റെ വക ഒരു താകീത്…

” അത്… പിന്നെ ഉണ്ണി ഇന്ന് വീട്ടിലേക്ക് കുറച്ച് പലചരക്ക് മേടിക്കണമായിരുന്നു… അത് കൊണ്ട് ആണ് ലേറ്റ് ആയത്.. ”

” നിനക്ക് അപീസിൽ നിന്നും കുറച്ചു നേരത്തെ ഇറങ്ങിയാൽ അതൊക്കെ വാങ്ങി കൊണ്ട് നേരത്തെ വീട്ടിൽ കേറരുതോ… ദേ ഭർത്താവ് മരിച്ച പെണ്ണാ നീ… ആളുകളെക്കൊണ്ട് അതും ഇതും പറയിപ്പിക്കരുതെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്….”

അയാളുടെ വാക്കിന് ഒപ്പം അമ്മയും എടുത്തുചാടി… പിന്നെ അവിടെ നിന്ന് കഴിഞ്ഞാൽ കുറ്റപ്പെടുത്തലുകൾ മാത്രം ബാക്കിയാകും എന്ന് മനസ്സിലായതോടെ കൊണ്ടുവന്ന പായ്ക്കറ്റുകൾ അടുക്കളയിലേക്ക് വയ്ക്കാൻ പോകുമ്പോൾ പുറകെ വന്നു പെങ്ങളും പിള്ളേരും…

” ഹേമേ ഞാൻ പറഞ്ഞത് വാങ്ങിയോ… ”

” പാഡ് അല്ലെ… പാക്കറ്റ് ൽ ഉണ്ട്.. ”

സാധനങ്ങൾ ഓരോന്നും എടുത്തുവയ്ക്കുന്നതിനിടയിൽ മറുപടി പറഞ്ഞു..

” ഉണ്ണിയേട്ടനോട് പറഞ്ഞാൽ മേടിച്ചോണ്ട് വരില്ല… ആൾക്ക് അത് എന്തോ ഒരു നാണക്കേട് പോലെയാണ്… നിന്നെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ഞാൻ പറഞ്ഞതാ… അപ്പോൾ പറയുക ഇതൊക്കെ ആണുങ്ങൾ ആണോ വാങ്ങിക്കൊണ്ടുവരേണ്ടത് എന്ന്… ഹേമയോട് പറയാൻ എന്ന്.. ”

നിസ്സാരമായി പറഞ്ഞുകൊണ്ട് പാക്കറ്റിൽ നിന്നും ഒരു വലിയ പാക്കറ്റ് വിസ്‌പേർ എടുക്കുമ്പോൾ വാങ്ങിക്കൊണ്ടുവന്ന ഡാർക്ക് ഫന്റസിയിൽ പിടുത്തം ഇട്ടു കഴിഞ്ഞിരുന്നു അവളുടെ ഇളയ രണ്ട് കുടികൾ…

” പിള്ളേരെ മൊത്തം കഴിച്ചു തീർക്കരുത്… കണ്ണന് കൂടി കൊടുക്കണം… അവനെ വിളിക്ക്… ”

ഹേമ കൊണ്ടുവന്ന ബിസ്‌ക്കറ്റിനു അവകാശികൾ അവർ ആണെന്നത് പോലെ അമ്മ ഹേമയുടെ കുഞ്ഞിനും കൊടുക്കാൻ ആവശ്യപ്പെടുമ്പോൾ എന്തോ അവൾക്ക് പ്രതികരിക്കണമെന്നുണ്ട് പക്ഷേ പ്രതികരണശേഷി നഷ്ടപ്പെട്ട പോയത് രണ്ട് വർഷം മുമ്പാണ്… കഴുത്തിലെ താലി നഷ്ടം ആയ അന്ന്…

കൊണ്ടുവന്നതെല്ലാം അടുക്കളയിൽ ഒരുക്കി വെച്ചുകൊണ്ട് നേരെ മുറിയിലേക്ക് ചെല്ലുമ്പോൾ ഏഴ് വയസ്സുള്ള കുഞ്ഞ് പടം വരയിലാണ്…

” അമ്മേ… ”

അവളെ കണ്ടതും ഓടിവന്നവൻ കെട്ടിപ്പിടിക്കുമ്പോൾ അത്രയും നേരം അടക്കിവെച്ചതൊക്കെയും കണ്ണുനീരായി പൊഴിയാൻ തുടങ്ങി….

” അമ്മ കരയുവാണോ… എന്തിനാ കരയുന്നെ…. ”

കുഞ്ഞിന്റെ ചോദ്യത്തിൽ പെട്ടെന്ന് തന്നെ കണ്ണുനീർ അവൾ തുടച്ചു കളഞ്ഞു..

” അമ്മ കരഞ്ഞില്ലല്ലോ… കണ്ണിൽ ഒരു കരട് പോയതാ… സാരമില്ല… ”

” നീ വന്നപ്പോഴേ മുറിയിൽ കയറി കതക് അടച്ചോ… ആ കോഴി എടുത്തു കറി വെക്കാൻ നോക്ക്… പിന്നെ ഉണ്ണിക്ക് ചപ്പാത്തി മതിയെന്ന് പറഞ്ഞത് കൊണ്ട് ഞാൻ മാവ് കുഴച്ചു വെച്ചിട്ടുണ്ട്… ഉണ്ണിച്ച ചപ്പാത്തി മതിയെന്ന് പറഞ്ഞതുകൊണ്ട് പിള്ളേർക്ക് മൂന്നുപേർക്കും അത് മതി എന്ന്….ഇപ്പോൾതന്നെ സമയം ഒരുപാട് ആയി എന്തെങ്കിലും കഴിക്കാൻ കൊടുത്തിട്ട് പിള്ളേർക്ക് കിടന്ന് ഉറങ്ങണം… ”

അവളോട് പറഞ്ഞുകൊണ്ട് അവൾ കൊണ്ടുവന്ന ഡാർക്ക് ഫാന്റസി ബിസ്ക്കറ്റിൽ നിന്നും ഒരു രണ്ട് എണ്ണം എടുത്തു കുഞ്ഞിന് നേരെ നീട്ടി..

” ഇന്നാടാ…. രണ്ട് എണ്ണം ഉള്ളു.. ആ പിള്ളേര് മൂന്ന് പേരും മുഴുവൻ കഴിച്ചു… അതെങ്ങനെ ഒന്നൊ രണ്ടു എണ്ണം കൂടുതൽ വാങ്ങില്ലല്ലോ.. ”

കുഞ്ഞിന്റെ കയ്യിലേക്ക് കൊടുത്തു കൊണ്ട് ശരത്തിന്റെ അമ്മ പോകുമ്പോൾ ആ ബിസ്ക്കറ്റ് കഷ്ണം തിരിച്ചും മറിച്ചു നോക്കി കുഞ്ഞ്…

” കഴിച്ചോ… ഇല്ലങ്കിൽ അതുകൂടി നിനക്ക് കിട്ടില്ല… അമ്മ കുളിച്ചിട്ട് വരാട്ടോ.. ”

കുളിയെല്ലാം കഴിഞ്ഞ് ഹേമ അടുക്കളയിലേക്ക് ചെല്ലുമ്പോൾ ആരും തന്നെ ഇല്ല… ശരണ്യയുടെ മുറിയിൽ നിന്നും അവരുടെ കളിചിരികൾ കേൾക്കാം… അമ്മ പത്രം വായനയിലാണ്… അതൊരു ശീലമാണ്… അന്നത്തെ പത്രം വൈകുന്നേരം ഒരു 7 മണിയാകുമ്പോൾ നിരത്തും… പണ്ടേയുള്ള ശീലമാണോ എന്നറിയില്ല അതോ ഹേമ വന്നത് മുതൽ തുടങ്ങിയ ശീലമാണോ എന്നും അറിയില്ല…
എന്തായാലും ഒറ്റയ്ക്ക് എല്ലാം തീർക്കണം…

ഉണ്ണിയുടെ ഒപ്പം മുറിയിൽ ഇരിക്കുന്ന ശരണ്യയെ സഹായത്തിന് വിളിക്കാൻ ചെന്ന് കഴിഞ്ഞാൽ ഭർത്താവ് മരിച്ച സ്ത്രീക്ക് മറ്റൊരു സ്ത്രീ ഭർത്താവിന്റെ കൂടെ ഇരിക്കുന്നത് കാണുമ്പോൾ ഉള്ള അസൂയയായി അവർ പറഞ്ഞു ഉണ്ടാക്കും..

“അല്ല… അല്ലെങ്കിൽ തന്നെ അവൾ എന്ന സഹായിച്ചിട്ടുള്ളത്..”

ഒറ്റയ്ക്ക് തന്നെ എല്ലാം തുടങ്ങി… വന്നിട്ട് ഒരു ഗ്ലാസ് ചായ പോലും ഇട്ടു കുടിക്കാനുള്ള സമയമില്ലായിരുന്നു… ചിക്കൻ മുറിച്ചു വാങ്ങിയതുകൊണ്ട് ആ ജോലി ഒഴിഞ്ഞു കിട്ടി… അത് കുക്കറിൽ വെച്ച് കൊണ്ട് ചപ്പാത്തി പരത്താൻ തുടങ്ങി….

മാവ് കുഴക്കുന്നതാണല്ലോ വലിയ ജോലി.. എന്തായാലും ആ ജോലി അമ്മ കൃത്യമായി ചെയ്തു തന്നതുകൊണ്ട് വലിയ ബുദ്ധിമുട്ടില്ല… പുച്ഛം മാത്രം അല്ലാതെ എന്ത്…

അവസാനത്തെ ചപ്പാത്തിയും ചുട്ടെടുക്കുമ്പോൾ ശരണ്യ പതുക്കെ അകത്തേക്ക് വന്നു..

“അയ്യോ ഹേമെ നീ ചപ്പാത്തി ഉണ്ടാക്കി കഴിഞ്ഞോ.. എന്നെ എന്താ വിളിക്കാഞ്ഞത്…”

” ഓഹ് എനിക്ക് ചെയ്യാനുള്ള ജോലിയെ ഇവിടെ ഉണ്ടായിരുന്നുള്ളൂ..”

അവളുടെ മുഖത്ത് പോലും നോക്കാതെ പറയുമ്പോൾ വാങ്ങി വെച്ചിരിക്കുന്ന ചിക്കൻ കറിയുടെ രുചി നോക്കുകയാണ് ശരണ്യ..

” മ്മ്.. സൂപ്പർ ആയിട്ടുണ്ട്.. അല്ലങ്കിൽ തന്നെ ഉണ്ണിയേട്ടൻ പറയും നീ ഉണ്ടാക്കുന്ന ചിക്കൻ കറിക്ക് അസാധ്യ ടേസ്റ്റ് ആണെന്ന്… എനിക്ക് കൈപ്പുണ്യം ഇല്ല എന്ന്… അതുകൊണ്ട് അടുക്കളയുടെ പരിസരത്ത് പോലും പോയേക്കരുത് എന്നാ പുള്ളി എന്നോട് പറയുന്നത്..ഞാൻ ഇതൊക്കെ വിളമ്പട്ടെ…”

എല്ലാം എടുത്ത് ഡൈനിങ് ടേബിളിലേക്ക് ശരണ്യ പോകുമ്പോൾ ഉള്ളിൽ പരിഹാസ ചിരി മാത്രമായിരുന്നു ഹേമയ്ക്ക്.. അവർ അഞ്ചുപേരും കൂടി ഉണ്ടാക്കി വെച്ചതൊക്കെ കളിചിരികൾ പറഞ്ഞു കഴിക്കുകയാണ്…

ആഴ്ചയിൽ വരുന്ന അച്ഛന്റെ സ്നേഹം ആ മൂന്ന് കുഞ്ഞുങ്ങൾക്ക് വാരി കൊടുത്തു അയാൾ പകരുമ്പോൾ
കണ്ണൻ മോൻ മുറിയിൽ നിന്നും പുറത്തേക്ക് വന്നു… അവരുടെ മുൻപിൽ കൂടി ആ കുഞ്ഞ് പോയിട്ട് പോലും ആരും അവനെ ശ്രദ്ധിക്കുന്നില്ല..

” അമ്മേ വിശക്കുന്നു… ”

അടുക്കളയിൽ വന്നവൻ പറയുമ്പോൾ പാത്രങ്ങൾ കഴുകുന്ന തിരക്കിലാണ് ഹേമ…

” അമ്മ ഇപ്പോൾ തരാട്ടോ… ”

” എനിക്കും ചപ്പാത്തി മതി… ”

അവൻ പറയുമ്പോൾ കാസ്ട്രോളിലേക്ക് ഒന്നു നോക്കി… ഇല്ല ഒരെണ്ണം പോലും ഇല്ല… എല്ലാം എടുത്തു കൊണ്ട് പോയിരിക്കുന്നു… അവൾ നേരെ ഡൈനിങ് ടേബിളിൽ എത്തുമ്പോൾ അവസാനത്തെ ചപ്പാത്തി പിച്ചി ചീന്തി ഇട്ടിട്ടുണ്ട് മൂന്ന് പിള്ളേരും കൂടി..

” ചപ്പാത്തി അവര്ക് തികഞ്ഞില്ല… രണ്ടോ മൂന്നോ എണ്ണം കൂടുതൽ ഉണ്ടാക്കാൻ വയ്യായിരുന്നോ… മാവ് ഇരിപ്പുണ്ടായിരുന്നില്ല കുറച്ചുനേരം കുഴച്ചു വെക്കേണ്ട താമസം ഉണ്ടായിരുന്നുള്ളൂ… ”

അമ്മ അവിടെയും കുറ്റപ്പെടുത്തുമ്പോൾ കൈകഴുകി വന്നുകഴിഞ്ഞിരുന്നു ഉണ്ണി അളിയൻ..

” അത് ഇപ്പോൾ ഇവന്മാർ കൂടുതൽ കഴിക്കുമെന്ന് ഹേമ വിചാരിച്ചോ… അല്ലെ ഹേമേ ..”

അയാൾ ഒരു ശൃംഗാര ചിരിയോടെ പറയുമ്പോൾ ശരണ്യ കഴിച്ച് എച്ചിൽ പാത്രം എടുക്കുന്നത് പോലെ കാണിച്ചു…

” നീ അത് അവിടെ വെച്ചിട്ട് ഉണ്ണിക്ക് കൈ തുടയ്ക്കാൻ തോർത്ത് എടുത്തു കൊടുക്കാൻ നോക്ക്… അതൊക്കെ ഹേമ എടുത്തോളും… ”

അമ്മയുടെ വകയാണ്…. കേൾക്കേണ്ട താമസം ശരണ്യ അത് അവിടെ ഇട്ടിട്ട് പോവുകയും ചെയ്തു ഹേമയുടെ ഉത്തരവാദിത്തമായി അവർ കഴിച്ച എച്ചിൽ പാത്രം വരെ കഴുകി വെക്കേണ്ടത്…

എല്ലാം കഴിഞ്ഞ് രാവിലത്തേ ചോറ് ചൂടാക്കി കുഞ്ഞിനും കൊടുത്തു സ്വയം കഴിക്കുമ്പോൾ സത്യം പറഞ്ഞാൽ ഹേമയ്ക്ക് വയറു നിറയാനുള്ളത് പോലും ഇല്ലായിരുന്നു… കറി ആണെങ്കിൽ ചാറു മാത്രം…. ക്ഷീണം കാരണം എവിടെങ്കിലും കിടന്നാൽ മതി എന്നെ ഉള്ളു…. അപ്പോൾ പിന്നെ ഉള്ളത് വാരി കഴിച്ചിട്ട് അടുക്കളയും അടച്ചു പോകുമ്പോൾ ശരണ്യയുടെ മുറി പാതി തുറന്നു കിടപ്പുണ്ട്…

ഒരിക്കലും അങ്ങോട്ടു നോക്കുന്നതല്ല പക്ഷേ എന്തോ അന്ന് കണ്ണ് അങ്ങോട്ട് പോയി…

” ഇനി ഇത് പോയി കണ്ണനോട് പറയരുത്… അച്ഛൻ ഷവർമ മേടിച്ചോണ്ട് തന്നു എന്ന്…. എല്ലാവർക്കും ക്കൂടി വാങ്ങാൻ അച്ഛന്റ്റെ കയ്യിൽ കാശ് ഒന്ന് ഇല്ല… ഒന്നു പതുക്കെ തിന്നെടാ… ”

ആർത്തി പിടിച്ച് കഴിക്കുന്ന മൂത്ത ചെറുക്കന്റെ കയ്യിൽ നിന്നും ഷവർമ കടിച്ചു മുറിച്ചു കൊണ്ട് ശരണ്യ പറയുമ്പോൾ ഉണ്ണി ഇതെല്ലാം കണ്ട് ധൃതംഗ പുളകിതനായിരിക്കുകയാണ്…

” കഴിഞ്ഞ ആഴ്ച മേടിച്ചു കൊണ്ടുവന്ന ഷവർമയുടെ അത്രയും ടേസ്റ്റ് ഇല്ലച്ചാ… വേറെ കടയിൽ നിന്നാണോ ഇത് വാങ്ങിയത്… ”

മൂത്ത ചെറുക്കന്റെ വായിൽ നിന്നുള്ള ചോദ്യം കേട്ടപ്പോൾ ഹേമയ്ക്ക് മനസ്സിലായി ഇത് സ്ഥിരം ആണെന്ന്… ശ്യാമയുടെ കുറ്റപ്പെടുത്തലുകൾ വെറുതെയല്ല എന്ന് അവൾക്ക് മനസ്സിലായി… ആ നിമിഷം ഒരു തീരുമാനം കൈക്കൊള്ളാൻ വേണ്ടിയായിരിക്കാം അവളുടെ മുമ്പിൽ അത് കാണിച്ചു കൊടുത്തത്…

ആ ആഴ്ചയും അവസാനിച്ചു പുതിയൊരു ദിവസത്തിന് തുടക്കം കുറിച്ചു… പതിവുപോലെ തിങ്കളാഴ്ച രാവിലെ ഹേമ എഴുന്നേറ്റു വന്നു… ആരും എഴുന്നേറ്റിട്ടില്ല…
ഗോതമ്പുപൊടി കലക്കി ഹേമയ്ക്കും കണ്ണനും മാത്രമുള്ള ദോശ ഉണ്ടാക്കി… ഹേമയ്ക്ക് ഉച്ചയ്ക്കത്തേക്ക് ഉള്ളതും കണ്ണന് സ്കൂളിൽ കൊണ്ടുപോകാനുള്ള തിന്നും മാത്രം എടുത്തുവച്ചു അതിനുള്ള ചോറെ അവൾ അന്ന് വച്ചുള്ളൂ…

സാധാരണ ശരണ്യയെയും കുട്ടികളും എഴുന്നേറ്റ് വരുമ്പോൾ ഡൈനിങ് ടേബിളിൽ അവർക്ക് കൊണ്ടുപോകാനുള്ള ടിഫിൻ വരെ റെഡിയാക്കി വെക്കുന്നത് ഹേമയുടെ ഉത്തരവാദിത്തമാണ്..

അന്നും പതിവുപോലെ യൂണിഫോം ഒക്കെ ഇട്ട് കുട്ടികൾ നിരന്നിരുന്നു … കണ്ണന് മാത്രമുള്ളത് എടുത്തുവച്ചുകൊണ്ട് പോകാൻ ഒരുങ്ങുമ്പോൾ അടുക്കളയിലേക്ക് വന്ന ശരണ്യ പാത്രങ്ങളെല്ലാം ഉയർത്തി നോക്കി…

” ഇതെന്താ ഹേമേ… പിള്ളേർക്ക് സ്കൂളിൽ കൊണ്ട് പോകാൻ ചോറ് ഇല്ലേ..? ”

അവൾ ചോദിക്കുമ്പോൾ കണ്ണന്റെ ബാഗിലേക്ക് എടുത്തു വെച്ചു കൊണ്ട് ഹേമ ഒന്ന് ചിരിച്ചു..

” ഉണ്ട്… പക്ഷേ അരി ഇട്ട് അത് വേവണം.. നീ നേരത്തെ കാലത്ത് എഴുനേറ്റ് അരിയിട്ടില്ലെങ്കിൽ ഇപ്പോൾ വെന്ത് നിന്റെ പിള്ളേർക്ക് സ്കൂളിൽ ചോറ് കൊണ്ടുപോകാമായിരുന്നു… ഞാൻ എന്റെ കൊച്ചിനുള്ളത് മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ… നിന്റെ പിള്ളേരുടെ കാര്യം ഇനി നീ നോക്കിക്കോ…”

“ഹേമേ…നീ ആരോടാ പറയുന്നത് ഇത് ശരത്തിന്റെ പെങ്ങളാണ് അവൾ.. എന്റെ മകൾ…”

അത് കേട്ടുകൊണ്ട് അമ്മ അങ്ങോട്ട് വന്നു..

” അത് കൊണ്ട്…ഞാൻ ഇവളുടെ വേലക്കാരി ആകണോ…. കുറെ ആയി ഞാൻ സഹിക്കുന്നു… രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഞാൻ പാട് പെടുമ്പോൾ അമ്മ കൂടി ഇതിന് കൂട്ടുനിൽക്കരുത്…. ഇവൾക്കൊരു ഭർത്താവുണ്ട് ഒരു കുടുംബം ഉണ്ട്…. വെളുപ്പിന് എഴുന്നേറ്റ് ഇവളുടെ പിള്ളേർക്കും ഇവൾക്കും ഉള്ളത് കൂടി ഞാൻ ഉണ്ടാക്കി വെച്ചിട്ട് ആണ് പോകുന്നത്… തിരിച്ചുവരുമ്പോൾ നിങ്ങളൊക്കെ കഴിച്ച പാത്രങ്ങൾ വരെ ആ സിങ്കിൽ കാണും… പത്തു രൂപയ്ക്ക് ബിസ്ക്കറ്റ് ഞാൻ വാങ്ങിക്കൊണ്ടു വന്നാൽ ഞാൻ അത് മാറ്റി വെക്കാറില്ല.. പക്ഷേ ഇവളോ… എല്ലാം എനിക്ക് അറിയാം…

രാവിലെ തൂത്തു വരുമ്പോൾ ജനൽ വഴി എറിയുന്ന ഷവർമയുടെ പാക്കറ്റുകൾ കാണാൻ തുടങ്ങിയിട്ട് കുറെ നാളായി… ഇങ്ങോട്ടില്ലാത്തത് ഇനി അങ്ങോട്ടുമില്ല… എന്റെയും എന്റെ കുഞ്ഞിന്റെ കാര്യം മാത്രമേ ഞാൻ ഈ വീട്ടിൽ നോക്കുകയുള്ളൂ.. ഞാൻ വാങ്ങിക്കൊണ്ടുവരുന്ന അരിയും പലചരക്ക് സാധനങ്ങളും അത് ഞാൻ പൂട്ടി വെച്ചിട്ടുണ്ട്… നിനക്കും നിന്റെ പിള്ളേർക്കും ഉണ്ട് ഉറങ്ങണം എങ്കിൽ നിന്റെ ഭർത്താവിനോട് പറഞ്ഞു എന്താണെന്ന് വെച്ചാൽ ചെയ്തോ… അമ്മയ്ക്ക് ഉള്ളത് ഞാൻ കൊടുതോളം… വാ മോനേ.. ”

കണ്ണൻ മോന്റെ കൈയും പിടിച്ച് ഹേമ ബാഗും എടുത്ത് പോകുമ്പോൾ അമ്മയും ശരണ്യയും ഒക്കെ വാ പൊളിച്ചു നിന്നുപോയി… ആ നിമിഷം ചുവരിൽ തൂക്കിയ ശരത്തിന്റെ ചിത്രത്തിലെ വിളക്ക് ഒന്ന് ആളിക്കത്തി… ആ തീയായിരുന്നു ഇപ്പോൾ അവളുടെ ഉള്ളിലെ ഊർജ്ജവും ധൈര്യവും….

മിഴി മോഹന…

Leave a Reply

Your email address will not be published. Required fields are marked *