എനിക്കൊന്ന് വഴങ്ങി ന്ന് വച്ച് തനിക്ക് ഒരു ദോഷവും വരാതെ ഞാൻ നോക്കിക്കോളാം.” ആ മറുപടി കേൾക്കെ പതിയെ…

✍️ പ്രജിത്ത് സുരേന്ദ്രബാബു

“ആ എസ് ഐ ഷാനവാസ് ഇച്ചിരി വഷളാണ്… അയാളുടെ അടുത്ത് പോകുമ്പോ നീ ഒന്ന് ശ്രദ്ധിക്കണം.. ”

രാജീവിന്റെ നിർദ്ദേശം കേട്ട് പുഞ്ചിരിച്ചു നിത്യ..

” രാജീവേട്ടാ.. ഞാൻ ഒരു പരാതി കൊടുക്കുവാൻ പോകുവല്ലേ സ്റ്റേഷനിൽ.. അതിലിപ്പോ ഇത്രയ്ക്ക് പേടിക്കേണ്ടതൊന്നും ഇല്ല.. ആ രീതിക്ക് അങ്ങ് ഡീൽ ചെയ്യാം..ഞാൻ നോക്കിക്കോളാം ”

പുഞ്ചിരി മായാതെ തന്നെ അവൾ സ്റ്റേഷന് ഉള്ളിലേക്ക് പോകവേ അല്പം ടെൻഷനിൽ തന്നെ നോക്കി നിന്നു രാജീവ്‌.

ഉള്ളിൽ കയറിയ നിത്യ ചുറ്റും ഒന്ന് കണ്ണോടിച്ചു.. സ്റ്റേഷനിൽ പോലീസുകാരെല്ലാം നല്ല തിരക്കിൽ ആണ്.

” എന്താണ് കുട്ടി.. എന്തേലും പരാതി ആണോ. എന്നാൽ ദേ റൈറ്ററുടെ അരികിലേക്ക് ചെന്നോളൂ.. ”

പിന്നിൽ നിന്നും ശബ്ദം കേട്ട് തിരിഞ്ഞ അവൾ കണ്ടത് മധ്യവയസ്കനായ ഒരു പോലീസുകാരനെ ആണ്. പുഞ്ചിരിയോടെ അയാൾ നോക്കുമ്പോൾ എസ് ഐ യുടെ റൂമിലേക്ക് ഒന്ന് കണ്ണോടിച്ചു നിത്യ

“സർ.. എനിക്ക് ആദ്യം എസ് ഐ സർ നെ ഒന്ന് കാണണം.. എന്നിട്ട് വേണേൽ പരാതി എഴുതാം. ”

ആ മറുപടി കേൾക്കെ അവളെ അടിമുടിയൊന്ന് നോക്കി അയാൾ.

” മോള് ഇവിടെ നിൽക്ക് ഞാനൊന്ന് നോക്കട്ടെ സർ നല്ല തിരക്കിൽ ആയിരുന്നു… ഇപ്പോ ഫ്രീ ആയോ ന്ന് അറിയില്ല .. ”

അത്രയും പറഞ്ഞയാൾ എസ് ഐ യുടെ റൂമിലേക്ക് പോയി. ചാടി കേറി വന്നെങ്കിലും പോലീസ് സ്റ്റേഷന് ഉള്ളിൽ എത്തിയതോടെ തന്റെ നെഞ്ചിടിപ്പ് ഇരട്ടിയായത് തിരിച്ചറിഞ്ഞു നിത്യ. അല്പം കഴിയവേ ആ പോലീസുകാരൻ പുറത്തേക്ക് വന്നു.

” മോള് ചെല്ല് സർ ഇപ്പോ ഫ്രീ ആണ്. ”

നിർദ്ദേശം കിട്ടിയ പാടെ അറച്ചറച്ചവൾ എസ് ഐ ഷാനവാസിന്റെ മുറിയിലേക്ക് കയറി.

” നമസ്കാരം.. വരൂ.. ഇരിക്കു.. ”

ചെന്ന് കയറിയപാടെ വളരെ വളരെ മാന്യമായി തന്നെ അയാൾ നിത്യയെ സ്വീകരിച്ചു

പുഞ്ചിരിയോടെ ടേബിളിന് മുന്നിലെ ചെയറിലേക്ക് ഇരുന്നു അവൾ..

” പറയ്.. എന്താ പ്രശ്നം പരാതി എന്തേലും ആണോ.. എന്തെ എന്നെ നേരിട്ട് കാണണം ന്ന് പറഞ്ഞത്.. ”

ചറപറാ ചോദ്യങ്ങൾ മൂന്നെണ്ണം ഒരുമിച്ചു വന്നതോടെ ഒന്ന് പരുങ്ങി നിത്യ.

” അത് സർ. പരാതി ആണ് പക്ഷെ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് എനിക്ക് അറിയില്ല അതാ ആദ്യം സാറിനെ കാണണം ന്ന് പറഞ്ഞത്.”

അറച്ചറച്ചവൾ മറുപടി പറയവേ ഷാനവാസിന്റെ നെറ്റി ചുളിഞ്ഞു.

“താൻ ഈ മുഖവുര കളഞ്ഞിട്ട് കാര്യം എന്താണെന്ന് പറയ്.. ”

” അത് സർ എന്റെ ഒരു ഫ്രണ്ട് കുറച്ചു നാൾ മുന്നേ അത്യാവശ്യം എന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ എന്റേന്ന് കടം വാങ്ങിയിരുന്നു. പക്ഷെ ഇപ്പോ അത് തിരിച്ചും തരുന്നില്ല ചോദിക്കാൻ ചെന്ന എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. എന്ത് ചെയ്യണം ന്ന് അറിയില്ല.. പണം കൊടുത്തതിനു ലീഗലി എവിഡൻസ് ഒന്നും ഇല്ല.. അതുകൊണ്ട് തന്നെ നിയമപരമായി ഇടപെടാൻ പറ്റില്ല. സർ എങ്ങനേലും എന്നെ ഒന്ന് ഹെല്പ് ചെയ്യണം. ”

നിത്യ പറഞ്ഞത് കേട്ട് ഒരു നിമിഷം മൗനമായി ഇരുന്നു ഷാനവാസ്.

” ആരാ ഈ ഫ്രണ്ട്.. ”

” സർ അവന്റെ പേര് നിതിൻ… എനിക്കൊപ്പം ഇൻഫോസിസിൽ തന്നെ വർക്ക്‌ ചെയ്യുകയാണ്. അവന്റെ മാരേജ് ആവശ്യത്തിനാണ് ഈ ക്യാഷ് ഞാൻ കൊടുക്കുന്നത് ആദ്യമൊക്കെ തരാം തരാം ന്ന് പറഞ്ഞ് നീട്ടി കൊണ്ട് പോയി ഇപ്പോ ഭീഷണിയുടെ സ്വരമാകുന്നു. എന്ത് ചെയ്യണം ന്ന് എനിക്ക് അറിയില്ല.. അതാ ഞാൻ ഇവിടേക്ക് വന്നത്”

ആ മറുപടിയിൽ നിന്നും ഏറെ വിഷാദത്തിലാണ് നിത്യ എന്ന് മനസിലാക്കി ഷാനവാസ്. മാത്രമല്ല അവളുടെ നിസ്സഹായാവസ്ഥ അയാൾക്ക് നന്നേ ബോധിച്ചു. പതിയെ ആ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

” സംഭവം… താൻ പറഞ്ഞ പോലെ ലീഗലി ഒന്നും ചെയ്യാൻ പറ്റില്ല.. പിന്നേ ഒന്ന് മനസ് വച്ചാൽ ഈസി ആയി അവന്റേന്ന് ഈ ക്യാഷ് വാങ്ങി എടുക്കാൻ പറ്റും.. വല്യ ക്രിമിനൽ ബാക്ക് ഗ്രൗണ്ട് ഒന്നും ഇല്ലാത്ത ആളാണേൽ ഒരു തറ വിരട്ട് വിരട്ടിയാൽ കാര്യം നടക്കും.. പക്ഷേ…. ”

വാക്കുകൾ മുറിച്ചു കൊണ്ട് നിത്യയെ അടിമുടി ഒന്ന് നോക്കി അവൻ.

” എന്താ സർ.. എന്തേലും പ്രശ്നം ഉണ്ടോ.. ”

സംശയത്തിൽ അവൾ നോക്കുമ്പോൾ പതിയെ തന്റെ ചെയറിൽ നിന്നും എഴുന്നേറ്റു നടന്ന് നിത്യയുടെ അരികിലായി ചെന്ന് ടേബിളിൽ ഇരുന്നു ഷാനവാസ് .

” എടോ.. നിയമപരമല്ലാത്ത ഇത്തരം സഹായങ്ങൾ ചെയ്ത് തരുന്നതിനു എന്തേലും ഒരു പ്രത്യുപകാരം ഒക്കെ വേണ്ടേ.. ”

വഷളൻ ചിരിയിൽ ഷാനവാസ്‌ ചോദിക്കുമ്പോൾ അവന്റെ നോട്ടം തന്റെ ശരീരത്തിലാണെന്ന് മനസിലാക്കി നിത്യ..

” സ.. സാർ.. ക്യാഷ് ആണോ ഉദ്ദേശിച്ചത്. അത് എന്ത് വേണോ ചെയ്യാം ഞാൻ ”

” ഹാ..! ക്യാഷ് ആവശ്യം പോലെ പല വഴിക്കും കിട്ടുന്നുണ്ടെടോ… ക്ഷാമം ബാക്കി കാര്യങ്ങൾക്ക് ആണ്… മാത്രല്ല .. തന്നെ പോലൊരു സുന്ദരി വന്ന് ഇങ്ങനുള്ള ആവശ്യങ്ങൾ ഒക്കെ ചോദിക്കുമ്പോൾ ഞങ്ങൾ പാവങ്ങൾ തിരിച്ചും ചിലതൊക്കെ പ്രതീക്ഷിച്ചു പോകും.. ”

ആ മറുപടി കേൾക്കെ അവളുടെ നെറ്റി ചുളിഞ്ഞു.

” സർ എന്താ ഉദ്ദേശിച്ചത് തെളിച്ചു പറഞ്ഞോളൂ… ”

” എടോ അത്.. താനൊന്ന് ക്വാർട്ടേഴ്സിലോട്ട് വാ.. നമുക്കൊന്നിരിക്കാം.. കാര്യങ്ങളൊക്കെ വിശദമായി അവിടെ വച്ച് പറയാം… ആരും അറിയില്ല.. തന്റെ പ്രശ്‌നം ഞാൻ ഈസിയായി തീർത്തു തരാം.. ”

അവന്റെ ആവശ്യം അപ്പോഴേക്കും വ്യക്തമായി മനസിലാക്കി നിത്യ

” സാർ സെക്ഷ്വലി ഉള്ള സഹകരണം ആണോ എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത്.. ”

ഉറപ്പ് വരുത്തുവാൻ മടിക്കാതെ തന്നെ ചോദിച്ചു അവൾ..

” എടോ ഇനീം സംശയമാണോ തനിക്ക്. താൻ ഉദ്ദേശിച്ചത് തന്നെ… രണ്ട് ലക്ഷത്തിൽ നിന്ന് ഒരു നയാ പൈസ കുറയാതെ വാങ്ങി കയ്യിൽ തരും ഞാൻ. അത് ഉറപ്പ്. പിന്നെ ഒരു എസ് ഐ ഒക്കെ കസ്റ്റഡിയിൽ ഉള്ളത് എപ്പോഴായാലും തനിക്ക് ഒരു ബലം ആണ്.. ആലോചിച്ചിട്ട് മറുപടി പറഞ്ഞാൽ മതി…. എല്ലാം രഹസ്യം ആയിരിക്കും.. എനിക്കൊന്ന് വഴങ്ങി ന്ന് വച്ച് തനിക്ക് ഒരു ദോഷവും വരാതെ ഞാൻ നോക്കിക്കോളാം.”

ആ മറുപടി കേൾക്കെ പതിയെ ചെയറിൽ നിന്നും എഴുന്നേറ്റു നിത്യ അതോടെ ടേബിളിൽ ഇരുന്ന ഷാനവാസും ഒപ്പം എണീറ്റു. പ്രതീക്ഷയിൽ അവൻ നോക്കി നിൽക്കുന്നത് കാൺകെ ഉള്ളിൽ ചിരിച്ചു പോയി അവൾ. ആ ചിരിയുടെ ഒരംശം ചുണ്ടുകളിലും വിടർന്നു.

” രാജീവേട്ടാ .. ഇത്രേം മതിയോ ഓക്കേ ആണോ.. ”

തന്റെ മുഖത്തേക്ക് നോക്കികൊണ്ട് തന്നെ നിത്യ അത് പറയുമ്പോൾ ഒന്നും മനസിലാകാതെ നോക്കി നിന്നു ഷാനവാസ്‌.

” ഓക്കേ ആണ് നിത്യ. ഇനീപ്പോ പാവം സാറിനെ കാര്യം അറിയിച്ചേക്ക്.. ”

മറു തലയ്ക്കൽ മറുപടിക്കൊപ്പം കൂട്ടച്ചിരി മുഴങ്ങി. അതോടെ പുച്ഛത്തോടെ ഷാനവാസിന്റെ തൊട്ടരികിലായി ചെന്ന് നിന്നു അവൾ.

” സാറെ.. ഞാൻ മീഡിയ ആണ്.. നിത്യ ഹരിദാസ് സി എസ് ടീവി യുടെ റിപ്പോർട്ടർ ആണ്. ”

ഇത്തവണ ശെരിക്കും അന്ധാളിച്ചുപോയി ഷാനവാസ്. ഒരു പണി എവിടെയോ മണത്തെടുത്തു അവൻ.

” മീ.. മീഡിയയോ… ”

ആ പരുങ്ങൽ കണ്ട് പൊട്ടിച്ചിരിച്ചു പോയി നിത്യ.

” എന്റെ സാറേ നിങ്ങടെ പേരിൽ ഒരുപാട് പരാതികൾ സോഷ്യൽ മീഡിയാസ് വഴി കറങ്ങുവല്ലേ.. കൂടുതലും പെൺവിഷയങ്ങൾ. സ്റ്റേഷനിൽ വരുന്ന സ്ത്രീകളോട് നിങ്ങൾ അപമര്യാദയായി പെരുമാറുന്നു എന്ന ന്യൂസ്‌ പലവഴിക്കും കേട്ടപ്പോ എന്നാൽ നേരിട്ട് ഒന്ന് നോക്കികളയാം ന്ന് കരുതി വന്നതാ. കേട്ട വാർത്തകൾ ഒന്നും കള്ളമായിരുന്നില്ല എന്ന് ഇപ്പോ മനസിലായി.”

അത്രയും പറഞ്ഞ് കൊണ്ട് അവൾ പതിയെ മുടി വകഞ്ഞു മാറ്റി കാതിൽ നിന്നും ഒരു ഹെഡ് സെറ്റ് ഊരി മാറ്റി.

ആ സമയം കോപത്താൽ ജ്വലിച്ചു ഷാനവാസ്

” പന്ന പൊലയാടി മോളെ.. എനിക്കിട്ട് ഉണ്ടാക്കാം ന്ന് കരുതി വന്നതാ അല്ലെ. പക്ഷെ നിനക്ക് തെറ്റിപ്പോയി… ദേ ഈ ഓഫീസിലെ ക്യാമറ പോലും വർക്കിംഗ്‌ അല്ല.. സോ വിവരാവകാശം കൊണ്ട് പോയാലും നമ്മൾ സംസാരിച്ചതിന് തെളിവൊന്നും കിട്ടില്ല .. എനിക്ക് ഇഷ്ടപ്പെട്ടു.. എന്തായാലും മോള് ചെല്ല്.. നിനക്കുള്ള പണി ഞാൻ എഴുതി വച്ചേക്കാം എപ്പോഴേക്കും കയ്യിൽ കിട്ടും. ”

പിരിച്ചു വച്ചിരുന്ന മീശയിൽ ഒന്ന് തലോടി കൊണ്ടാണ് അവൻ അത് പറഞ്ഞത് എന്നാൽ ആ മറുപടി കേട്ട നിത്യ വീണ്ടും ചിരിച്ചു.

” എന്റെ സാറേ ഞങ്ങൾ എന്താ പൊട്ടരാന്ന് കരുതിയോ. ദേ നോക്ക്യേ നല്ല ഒന്നാംതരം ക്യാമറ ഒരെണ്ണം ബട്ടൺ ഹോളിൽ വച്ചോണ്ടാ ഞാൻ ഇങ്ങട് വന്ന് കേറിയേ അതും ചാനലിൽ ലൈവ്. സാറിന്റെ ഈ ഡയലോഗ്സും പരാക്രമങ്ങളും എല്ലാം ലൈവായി പൊയ്ക്കൊണ്ടിരിക്കുവാ”

ഇത്തവണ ശെരിക്കും പെട്ടു ഷാനവാസ്… ഞെട്ടിത്തരിച്ചു നിന്നു പോയി അവൻ. തനിക്കുള്ള കെണി ഒരുങ്ങി കഴിഞ്ഞെന്ന് ഊഹിച്ചു. അമർഷം അടക്കുവാനും കഴിഞ്ഞില്ല..

“പന്ന കോപ്പേ.. നീ എനിക്കിട്ട് ഉണ്ടാക്കാൻ വന്നതാ അല്ലെ… ”

അടങ്ങാത്ത ദേഷ്യത്തിൽ അലറിക്കൊണ്ട് ഷാനവാസ് നിത്യയ്ക്ക് നേരെ കയ്യോങ്ങി. ഒരു നിമിഷം അവളുമൊന്ന് ഭയന്ന് പോയി.

” പൊന്ന് ഷാനവാസേ.. ഈ കാട്ടിക്കൂട്ടുന്നതെല്ലാം ലൈവാണേ ”

പെട്ടെന്ന് ഓഫീസ് മുറിയുടെ വാതുക്കൽ ഒച്ചകേട്ട് തിരിയുമ്പോൾ രാജീവിനെയാണ് അവിടെ കണ്ടത്. അതോടെ ഒന്നടങ്ങി അവൻ.

“എടോ ..നിനക്കുള്ള പണി ഈ ലൈവിൽ നിന്ന് തന്നെ റെഡിയായേക്കും. അതിനിടയിൽ ഒരു പെങ്കൊച്ചിനെ കൂടി തല്ലി വഴിയേ പോണത് കൂടി ഇരന്നു വാങ്ങണോ.. ”

തന്റെ പതനം ആഗമമായി എന്ന് അതോടെ ഉറപ്പിച്ചു ഷാനവാസ്. ടെൻഷനിൽ തന്റെ ചെയറിലേക്ക് ചെന്നിരുന്നു പോയി അവൻ.

” സാറേ.. പോലീസ് എന്നത് ജനങ്ങൾക്ക് ഒരു വിശ്വാസം.. ആ വിശ്വാസം മൊതലെടുത്ത് തോന്ന്യവാസം കാട്ടാൻ നിൽക്കരുത്. നിന്നാൽ ഇത് പോലെ തലയും കുമ്പിട്ടു ഇരിക്കേണ്ടി വരും. എന്തായാലും വീഡിയോ ലൈവ് പോയിട്ടുണ്ട്. ബാക്കി കാര്യങ്ങൾ എങ്ങിനെയാ എന്ന് വഴിയേ അറിയാം സാറ് എന്തിനും റെഡി ആയി നിന്നോ ”

അത്രയും പറഞ്ഞു തിരിയുമ്പോൾ വല്ലാത്തൊരു സംതൃപ്തി തോന്നി നിത്യയ്ക്ക്. റിസ്ക് എടുത്തു ചെയ്ത ഒരു ദൗത്യം വിജയമായതിന്റെ സംതൃപ്തി.

മറുപടിയില്ലാതെ ആകെ തകർന്ന് ഷാനവാസ് ഇരിക്കുമ്പോൾ ആ ലൈവ് വീഡിയോ വൈറൽ ആയി തുടങ്ങിയിരുന്നു.അധികാരികൾ അവനായുള്ള പണിയും…

(ശുഭം )

പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *