(രചന: RJ)
“ഏട്ടാ… എനിയ്ക്ക് ഏട്ടനോടൊന്ന് സംസാരിക്കണം…. അത്യാവശ്യമാണ്
ഞാൻ വന്നിട്ടേ ഉറങ്ങാവുള്ളു… ”
വിവാഹം കഴിഞ്ഞന്നു രാത്രി തിരക്കെല്ലാം ഒഴിഞ്ഞ് സ്വന്തം റൂമിലേക്ക്, തന്നെ കാത്തിരിക്കുന്ന പുതു പെണ്ണിനടുത്തേയ്ക്ക് എത്രയും പെട്ടന്ന് ചെല്ലാൻ മഹേഷ് ധൃതികൂട്ടും നേരത്താണ് അവന്റെ അനിയൻ അനീഷ് അടുത്ത് വന്നിതു പറയുന്നത്…
തന്റെ വിവാഹത്തിന് തന്നെക്കാളധികം ടെൻഷൻ അവനായിരുന്നു…
ഓരോ കാര്യവും മുന്നിൽ നിന്ന് വീട്ടുക്കാർ ഭംഗിയായ് നോക്കി നടത്തുമ്പോഴും ടെൻഷനോടെ നിന്ന അവനെയോർത്ത് അഭിമാനമാണ് മഹേഷിന് തോന്നിയത്….
ഏട്ടന്റെ കല്യാണം ഭംഗിയായ് നടക്കാൻ ടെൻഷനടിയ്ക്കുന്ന അനിയൻ…
താൻ വളർത്തിയ തന്റെ അനിയൻ…
തന്നോളമെത്തിയവൻ…
പക്ഷെ ഇപ്പോഴവന്റെ മുഖത്തു നിറഞ്ഞു നിൽക്കുന്ന ഭാവം… അതിന്റെ അർത്ഥം ചികഞ്ഞു മഹേഷ്…
“എന്താ അനീ… മോന് ഏട്ടനോട് പറയാനുള്ളത്…?
” എന്താണെങ്കിലും പറഞ്ഞോ എട്ടനോട്… എന്തിനാ ഇങ്ങനെ ടെൻഷനടിയ്ക്കുന്നത്…?
തനിയ്ക്കു മുമ്പിൽ എന്ന് സംസാരിക്കാൻ വെപ്രാളപ്പെടുന്ന അനിയനെ തന്നിലേക്ക് ചേർത്തു നിർത്തി മഹേഷ്
അതേട്ടാ…. ഇന്നേട്ടന്റെ കല്യാണം കഴിഞ്ഞിട്ടേയുള്ളു… ഏട്ടന് ഒരു പാട് സ്വപ്നങ്ങളും മോഹങ്ങളുമെല്ലാം ഉണ്ടാവും, എന്നു കരുതി ഇന്നുതന്നെയങ്ങ് ആദ്യരാത്രി നടത്താമെന്ന് ചിന്തിക്കരുത്… ആ കണ്ണോടെ അവളെ നോക്കുകയും ചെയ്യരുത്….”
തലയും വാലുമില്ലാതെ എന്തൊക്കെയോ വിളിച്ചു പറയുന്നവനെ മിഴിച്ചു നോക്കി മഹേഷ്
” നീയിത് എന്തൊക്കെയാണെടാ വിളിച്ചു പറയുന്നത്…?
എനിയ്ക്കൊന്നും മനസ്സിലാവുന്നില്ല…
അനീഷിന്റെ സംസാരത്തിന്റെ ഗതിയറിയാതെ പകച്ചു മഹേഷ്…
അതേട്ടാ…. അതു പിന്നെ…
പകപ്പോടെ തന്നെ നോക്കുന്ന ഏട്ടനോടെന്തു പറയുമെന്നറിയാതെ തപ്പി തടഞ്ഞു അനീഷും…
“അതു കൊള്ളാം… നിങ്ങൾ ഏട്ടനും അനിയനും ഇവിടെ സംസാരിച്ചു നിൽക്കാണോ…?
ഞാനെവിടെയെല്ലാം തിരഞ്ഞു നിങ്ങളെ…അനീഷേ ഒന്നു വന്നേ ടാ… ഒരു കാര്യം..
അവിടേക്ക് ധൃതിയിൽ കടന്നെത്തിയ അനീഷിന്റെ കൂട്ടുക്കാരൻ സാബു മഹേഷിനോട് ചിരിയോടെ ചോദിക്കുന്നതിനൊപ്പം അനീഷിനെ കൂടെ കൂട്ടി പുറത്തേക്ക് നടക്കാനൊരുങ്ങി
” ഞാൻ വന്നോളാം സാബൂ.. നീ ചെല്ല്… ഞാനേട്ടനോടൊന്ന് സംസാരിക്കട്ടെ… ”
സാബുവിന്റെ വരവും സംസാരവും ഇഷ്ടപ്പെടാത്തൊരു ഭാവത്തോടെ അനീഷവന്റെ കൈകൾ തന്നിൽ നിന്നെടുത്തു മാറ്റാൻ ശ്രമിച്ചെങ്കിലും മുഖത്തെ ചിരി മായാതെ അനീഷിനെ ഒന്നുക്കൂടി മുറുക്കി ചേർത്തു പിടിച്ചു സാബു…
സാബുവിനെ കണ്ട അനീഷിന്റെ വെപ്രാളവും ,സാബുവിന്റെ മുഖത്തെ ഗൗരവവുമെല്ലാം ഒപ്പിയെടുത്തു മഹേഷിന്റെ മിഴികൾ..
മഹേഷേട്ടൻ ചെല്ല്… ചെന്ന് കിടക്കാൻ നോക്ക്… കാത്തിരുന്ന് സ്മിതയും ക്ഷീണിച്ചിട്ടുണ്ടാവും.. നമ്മൾ ആണുങ്ങളെ പോലെയല്ല പെൺക്കുട്ടികൾ ,വിവാഹത്തിന്റെ അന്ന്പുലർച്ചയ്ക്കെഴുന്നേറ്റ് ഒരുങ്ങി തളർന്നിരിക്കുന്നവരാവും.. ഏട്ടൻ ചെല്ല്.. ഇവനെ ഞാൻ കൊണ്ടു പോവാണ്…”
മഹേഷിനോട് പറയുന്നതിനൊപ്പം അനീഷിനെ അല്പം ബലം പ്രയോഗിച്ചു തന്നെ സാബു അവിടെ നിന്ന് കൂട്ടികൊണ്ടു പോയ്
അനീഷിന്റെ സംസാരവും സാബുവിന്റെ ഭാവവും ഒരു കലക്കലുണ്ടാക്കി മഹേഷിന്റെ മനസ്സിൽ..
മുപ്പതുക്കാരനായ പ്രവാസിയാണ് മഹേഷ്…
പ്രവാസിയ്ക്ക് നാട്ടിൽ പെണ്ണില്ലാത്തതു കൊണ്ട് മഹേഷിനും ഈ വയസ്സിനിടയ്ക്ക് വിവാഹം ശരിയായില്ല
ഒരു പാട് പെണ്ണു കണ്ടു മടുത്തവസാനമാണ് അനിയൻ അനീഷിന്റെ കൂടെ പഠിച്ച പ്രൈവറ്റ് സ്കൂളിൽ വർക്കു ചെയ്യുന്ന സ്മിതയെ മഹേഷ് പെണ്ണു കണ്ടത്…
സ്മിതയെ പറ്റി പറഞ്ഞതും പെണ്ണുകാണാൻ കൂടെ ചെന്നതും സാബുവാണ്.. സാബുവിന്റെ അയൽവാസിയാണ് സ്മിത…
തന്റെ കല്ല്യാണമുറപ്പിച്ചതിനു ശേഷം അനീഷിൽ എന്തൊക്കയോ മാറ്റങ്ങൾ ഉണ്ടായിരുന്നുവെന്ന തോന്നൽ അപ്പോഴാദ്യമായ് മനസ്സിൽ തോന്നിയതും റൂമിലേക്ക് നടക്കാതെ സാബുവും അനീഷും പോയ ദിശയിലേക്ക് നടന്നു മഹേഷും..
“നിനക്ക് ഭ്രാന്തുണ്ടോ അനീഷേ… നീയെന്താണ് മഹേഷേട്ടനോട് പറയാൻ പോയതെന്ന് വല്ല ബോധവുമുണ്ടോ നിനക്ക്…?
ആളൊഴിഞ്ഞ കോണിലേക്ക് അനീഷിനെ നീക്കി നിർത്തി സാബു ചോദിക്കുന്നത് വ്യക്തമായ് കേട്ടു മഹേഷ്…
” ഞാൻ ചെയ്യാനും പറയാനും പോയത് എന്താണെന്ന് എനിയ്ക്ക് നല്ല ബോധ്യമുണ്ട്… നീയെന്തിനാ അതിനിടയിലേക്ക് കടന്നു വന്നെന്നെ തടഞ്ഞത്… സ്മിത എന്റെ പെണ്ണാണ് ഞാൻ സ്നേഹിക്കുന്നവൾ… എനിയ്ക്ക് വേണം അവളെ…. ഏട്ടന്റെ ഭാര്യയായ് അവളെ കാണാൻ വയ്യെനിയ്ക്ക്…”
സാബുവിനോട് ദേഷ്യപ്പെട്ട് അനീഷ് വിളിച്ചു പറഞ്ഞ വാക്കുകൾ….
ശ്വാസം നിലച്ചെന്ന പോലെ നിന്നിടത്തു തറഞ്ഞു നിന്നു പോയ് മഹേഷ്… അവനറിയാതെ തന്നെ അവന്റെ കണ്ണുകൾ ഈ സമയം കൊണ്ട് നിറഞ്ഞൊഴുകിയിരുന്നു..
അനിയൻ സ്നേഹിച്ച, അനിയനെ സ്നേഹിച്ച പെണ്ണിനെയാണോ താൻ താലിക്കെട്ടി ഭാര്യയാക്കിയത്….?
പ്ടേ…
വേദനയോടെ മഹേഷ് ചിന്തിയ്ക്കും നേരംതന്നെയാണ് അനീഷിന്റെ കരണം പുകച്ച് സാബു ഒന്നു പൊട്ടിച്ചത്
നീ അവളെ സ്നേഹിച്ചത് നീ മാത്രമേ അറിഞ്ഞിട്ടുള്ളു അനീഷ്…
അവളറിഞ്ഞിട്ടില്ല…
എന്തിന് മഹേഷേട്ടനുമായ് ഇന്നവളുടെ വിവാഹം കൂടി കഴിഞ്ഞിട്ടാണ് നിന്റെ മനസ്സിലെ അവളോടുള്ള ഇഷ്ടം നീ എന്നോടു പോലും പറയുന്നത്… നിനക്ക് ഭ്രാന്താണെടാ… ഭ്രാന്ത്…”
പൊട്ടിത്തെറിച്ച് സാബു അനീഷിനോട് പറഞ്ഞ വാക്കുകൾ തണുപ്പിച്ചത് എരിഞ്ഞു പോയ മഹേഷിന്റെ ഹൃദയത്തെയാണ്…
പ്രണയം തന്റെ ഭാര്യയോട് അനീഷിന് മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന അറിവിന്റെ കുളിര്.. ആശ്വാസം…
ഒന്നു ശ്വാസമയച്ചു മഹേഷ്
അനീഷേ… നിന്റെ ഇഷ്ടം സ്മിതയോട് പറയാൻ ഒരുപാടവസരങ്ങൾ നിനക്കുണ്ടായിരുന്നു.. അന്നതൊന്നും ഉപയോഗിക്കാതെ ഇപ്പോൾ ചെന്ന് മഹേഷേട്ടനാട് അവളെ നിനക്കു വേണം എന്ന് പറഞ്ഞാൽ ഏട്ടനവളെ നിനക്ക് തരുമോ…?
അതുമല്ല ഇതെല്ലാം അറിയുന്ന സ്മിതയുടെ അവസ്ഥ നീ ചിന്തിച്ചിട്ടുണ്ടോ…..?
ഏട്ടന്റെ ഭാര്യയായ് വീട്ടിലെത്തിയ ശേഷം അനിയന്റെ പ്രണയ മറിയുന്ന ഒരു പെണ്ണിന്റെ അവസ്ഥ… ഈ വീട്ടിൽ പിന്നീടൊരു നിമിഷം പോലും ചിലപ്പോൾ സ്മിത നിൽക്കില്ല… അതോടെ തകരുന്നത് ഒരുപാട് ജീവിതങ്ങളാവും മറക്കണ്ടത് നീ…”
തന്നാലാവും വിധം സാബു അനീഷിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിയ്ക്കുന്നതും അനീഷതെല്ലാം നിഷ്ക്കരുണം തട്ടിക്കളയുന്നതും അല്പനേരം കൂടി നോക്കി നിന്ന മഹേഷ് ആരുടെയും ശ്രദ്ധയിൽ പെടാതെ വേഗം തിരികെ തന്റെ മുറിയിലെത്തി…
മുറിയിലെത്തിയതും കണ്ടു, നേർത്ത നാണത്തോടെ തന്നെ കാത്തിരിക്കുന്നവളെ…. അവളുടെ കണ്ണിലെ തന്നോടുള്ള പ്രണയത്തെ…
കാത്തിരുന്ന് മുഷിഞ്ഞോ….?
ഒരു ചോദ്യത്തോടെ സ്മിതക്കരികിലിരുന്നവളുടെ തോളിൽ കൈവെച്ച് ചോദിയ്ക്കുമ്പോൾ അനീഷെന്ന തന്റെ അനിയനെ മറവിയിലേക്ക് തള്ളിയിട്ടു മഹേഷ്…
ഒന്നും രണ്ടും പറഞ്ഞ് പതിയെ തുടങ്ങിയ സംസാരമൊടുവിൽ വഴി മാറി നേർത്ത മൃദു ചുംബനങ്ങളിലേയ്ക്കും അവിടുന്നൊഴുകിയൊടുവിൽ ഉടലിന്റെ വന്യമായ കൂടിചേരലുകളിലേയ്ക്കും കലാശിച്ചെടുവിലൊരൊറ്റ ഉടലായ് തളർന്നു കിടക്കുമ്പോൾ മഹേഷ് അറിയുന്നുണ്ട് പലപ്പോഴും തന്റെ റൂമിനു പുറത്തു നടക്കുന്ന ചെറിയ മൽപ്പിടുത്തങ്ങൾ…
പുതുവർണ്ണങ്ങൾ ചാലിച്ച പുതിയ പുലരിയെ വരവേറ്റ് പിറ്റേന്ന് മഹേഷ് സ്മിതയെ തന്നോടു ചേർത്തു പിടിച്ച് റൂമിനു വെളിയിലേക്കിറങ്ങുമ്പോൾ ആരെയും നോക്കാൻ സാധിക്കാത്ത വിധം നാണത്തിൽ ചുവന്നു തുടുത്തിരുന്നു സ്മിതയുടെ മുഖം…
അവരിലേക്ക് തന്നെ മിഴികൾ കൊരുത്തു നിന്നിരുന്ന അനീഷിന്റെ മിഴികൾ എളുപ്പത്തിൽ കണ്ടെത്തിയിരുന്നു ഏട്ടന്റെ പ്രണയശേഷിപ്പുകളുടെ അടയാളങ്ങളവളുടെ കഴുത്തിലും ചുണ്ടിലുമെല്ലാം…
നേർത്ത നിരാശയോടെ സ്വന്തം റൂമിലേക്ക് നിശബ്ദനായ് നടന്നു മറയുന്ന അനിയനെ യാതൊരു കുറ്റബോധവുമില്ലാതെ നോക്കി നിന്നു മഹേഷും..
പ്രണയം പറയാനും നേടാനും അവസരങ്ങളേറെയുണ്ടായിട്ടത് വേണ്ട വിധം ഉപയോഗിക്കാത്ത അനിയനു വേണ്ടി കഷ്ടപ്പെട്ട് സ്വന്തമാക്കിയ ഭാര്യയെ വിട്ടുകൊടുക്കാൻ മാത്രം വിശാലമനസ്കനല്ല മഹേഷ്…
അവനൊരു സാധാരണക്കാരൻ… കയ്യിൽ എത്തിപ്പെട്ടത് കളഞ്ഞുപോവാതെ കാത്തുസൂക്ഷിക്കുന്നൊരു പാവം പ്രവാസി….
RJ….