“” സുലൈമാൻ അവൻ അത്ഭുതമായിരുന്നു ക്ലാസിലെ കുട്ടികൾക്കെല്ലാം..
എല്ലാവരും ഇന്റർവെല്ലിന് കളിക്കാൻ പോകുമ്പോൾ അവൻ മാത്രം ക്ലാസിൽ തന്നെ കൂനിപ്പിടിച്ച് ഇരിക്കുന്നുണ്ടായിരിക്കും ആര് കൂട്ട് കൂടാൻ വിളിച്ചാലും അവൻ ചെല്ലില്ല ഒറ്റയ്ക്ക് ഇങ്ങനെ ഇരിക്കും അതുകൊണ്ടുതന്നെ ആരും അവനോട് പ്രത്യേകിച്ചു കൂട്ടുകൂടാതെയായി….
ഉച്ചയ്ക്ക് ഇലയിൽ ഭക്ഷണം പൊതിഞ്ഞു കൊണ്ടുവരും സ്കൂളിൽനിന്ന് ഭക്ഷണം വാങ്ങില്ല അത് ക്ലാസിലെ ഒരു മൂലയിൽ പോയിരുന്നു ഒറ്റയ്ക്ക് കഴിക്കും ആരെങ്കിലും ഒപ്പം ചേർന്നിരുന്നാൽ അവിടെ നിന്നും എണീറ്റ് പോകും. അങ്ങനെയൊക്കെ ആയിരുന്നു അവന്റെ സ്വഭാവം മാത്രവുമല്ല വൈകുന്നേരം കാണാം എല്ലാവരും ആ ഓട്ടം കണ്ട് ചിരിക്കും വലിയൊരു തമാശ കണ്ടതുപോലെ…
മറ്റൊരു സ്കൂളിൽ നിന്ന് ഈ സ്കൂളിലേക്ക് വന്നതായിരുന്നു ഞാൻ..
ആദ്യമായി പരിചയപ്പെട്ടത് എന്റെ തൊട്ട് അടുത്ത് തന്നെ ഇരുന്നിരുന്ന ചിഞ്ചു വിനെയാണ്… അതുകൊണ്ടുതന്നെ ഓരോരുത്തരെയും പറ്റി അവളാണ് എനിക്ക് പറഞ്ഞു തന്ന് കൊണ്ടിരുന്നത്…
അവൾ പറഞ്ഞു തന്നതിൽ നിന്ന് എനിക്ക് അത്ഭുതമായി തോന്നിയത് ഈ സുലൈമാനെ ആണ്.
എന്തോ കുറ്റി വെട്ടിയ അവന്റെ മുടിയും,
കട്ടിപ്പുരികവും കണ്ണ് ചിരിച്ചു മാത്രം ഉള്ള നോട്ടവും എനിക്കെന്ത് അവനിൽ വല്ലാത്തൊരു കൗതുകം സൃഷ്ടിച്ചിരുന്നു..
കളിക്കാൻ ഇഷ്ടമില്ലാത്ത കൂട്ടുകൂടാൻ ഇഷ്ടമില്ലാത്ത തമാശകൾ ഒന്നും ഇഷ്ടമില്ലാത്ത ഒരു കുട്ടി എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു അത്ഭുതം തന്നെയായിരുന്നു…
അടുത്തദിവസം ലഞ്ച് ബ്രേക്കിന് ഞാൻ അവനെ നോക്കി ക്ലാസിലെ മൂലയ്ക്ക് പോയി ആരോടും മിണ്ടാതെ പതിവുപോലെതന്നെ ഭക്ഷണം കഴിക്കുകയാണ്. ഞാൻ എന്റെ ഫുഡും എടുത്ത് അവന്റെ അടുത്ത് പോയിരുന്നു…
എന്നെ കണ്ടതും ശല്യം പോലെ തോന്നി. അവൻ അവിടുന്ന് എഴുന്നേറ്റ് പോകാൻ നിന്നു. എനിക്ക് അത് കണ്ട് വല്ലാതായി ഞാൻ പറഞ്ഞു ഇരുന്നോളൂ ഞാൻ ശല്യമായി നിൽക്കുന്നില്ല പോയിക്കോളാം എന്ന് അതോടെ അവന്റെ മിഴികൾ വിടരുന്നത് കണ്ടു കാരണം അവനോട് ആരെങ്കിലും ക്ലാസിൽ നിന്ന് മിണ്ടിയിട്ട് കാലങ്ങളായി കാണും….
“””വേ.. വേണ്ട ഇരുന്നോ.. ഞാ.. ഞാൻ പോയ്കോളാം..””
എന്നവൻ പെറുക്കി പെറുക്കി പറഞ്ഞ് അവിടെ നിന്നും പോയി എനിക്ക് അതുകണ്ട് വല്ലായ്മ തോന്നി. പിന്നെ ഞാൻ അവനെ കണ്ട് മിണ്ടാൻ പോയില്ല..
അധികം വൈകാതെ ക്ലാസിലെ നല്ല പഠിപ്പിസ്റ്റ് എന്ന പേരും എനിക്ക് കിട്ടിയിരുന്നു അതുകൊണ്ടുതന്നെ ടീച്ചർ എന്നെ ക്ലാസ് ലീഡർ ആക്കി…
എല്ലാവരും എഴുതിയ നാലുവരെ കോപ്പി ടീച്ചർ ഒപ്പിട്ടിട്ട് ഏൽപ്പിച്ചത് എന്നെയാണ് എല്ലാവർക്കും കയ്യിൽ കൊണ്ട് കൊടുത്തു അവസാനം സുലൈമാനും അവന്റെ മുഖത്ത് നോക്കാതെ അവൻ ഇരിക്കുന്ന സ്ഥലത്ത് വച്ചിട്ട് ഞാൻ നടന്നു…
അവന്റെ കയ്യിൽ കൊടുക്കാത്തത് അവന് വിഷമമായി കാണണം. അതുകൊണ്ടാണ് അവൻ ഇന്റർവെല്ലിന് എന്റെ അടുത്ത് വന്ന് ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് നോക്കി ഇങ്ങനെ നിന്നത്..
“” ഇന്റെ ചോറില് കൂട്ടാൻ ഒന്നുമില്ല.. അതാ ആരുടെയും കൂടെ ഇരിക്കാത്തത്.. “”
മടിച്ചു മടിച്ചു അവൻ എന്നോട് പറയുന്നത് കേട്ട് ഞാൻ അത്ഭുതത്തോടെ അവനെ നോക്കി..
“” എടോ കൂട്ടാൻ ഇല്ലെങ്കിൽ സ്കൂളിൽ ഉണ്ടല്ലോ തനിക്ക് അവിടുന്ന് വാങ്ങിക്കൂടെ… “”
എന്ന് ചോദിച്ചപ്പോൾ ഉമ്മ സമ്മതിക്കില്ല എന്ന് മാത്രം പറഞ്ഞ് അവൻ അവിടെ നിന്നും പോയി…
അന്ന് വൈകിട്ട് സ്കൂൾ വിട്ടപ്പോൾ ഞാനും അവന്റെ പുറകെ തന്നെ വിട്ടു..
ഞാൻ പോകുന്ന വഴിക്ക് തന്നെയായിരുന്നു അവന്റെ വീട്..
പലപ്പോഴും അതിന്റെ മുന്നിലെത്തി ഞാൻ അങ്ങോട്ട് നോക്കി നിന്നിട്ടുണ്ട് പക്ഷേ അവന്റെയോ അവന്റെ വീട്ടുകാരുടെയോ പൊടിപോലും പുറത്തൊന്നും കാണാനുണ്ടാവില്ല എന്ന് മാത്രം..
അവന്റെ പുറകെ അതേ സ്പീഡിൽ വരുന്നത് കണ്ടിട്ടാവണം അവന്റെ വേഗത അവനൊന്ന് കുറച്ചത്..
“”എടോ എന്റെ വീട് കുറച്ചുകൂടി പോയാലാണ്”””
അതു പറഞ്ഞപ്പോൾ അതെയോ എന്ന് മട്ടിൽ എന്നെ ഒന്ന് നോക്കി..
“” ഈ സ്കൂൾ വിടുമ്പോൾ എന്തിനാ താൻ ഇങ്ങനെ സ്പീഡിൽ ഓടുന്നത് ഞാൻ വെറുതെ അവനോട് ചോദിച്ചു…
“” ഉമ്മ ഉമ്മ കാത്തിരിക്കും… “”
എന്നുമാത്രം പറഞ്ഞു..
“” അതിപ്പോ എന്റെ അമ്മയും കാത്തിരിക്കുമല്ലോ?? എന്നുവച്ച് എന്നും ഞാൻ ഓടിപ്പോകുന്നുണ്ടോ?? “”
എന്ന് ചോദിച്ചതിന് മറുപടിയായി,
“” അന്റെ അമ്മയ്ക്ക് എന്റെ ഉമ്മാന്റെ പോലെ ഭ്രാന്ത് ഇല്ലല്ലോ?? “”
എന്ന് മാത്രം പറഞ്ഞു…
അവൻ എന്താണ് പറഞ്ഞത് എന്ന് മനസ്സിലാവാതെ ഞാൻ ആ വഴിയിൽ കുറച്ചു നേരം തറഞ്ഞു നിന്നു പിന്നെ യുക്തി വീണ്ടെടുത്ത് അരികിലേക്ക് ചെന്നു. അപ്പോഴേക്കും ആ വളവ് കഴിഞ്ഞ് അവനവന്റെ വീട്ടിലേക്ക് ഓടിയിട്ടുണ്ടായിരുന്നു..
“”” കാത്തിരിക്കുന്ന ഭ്രാന്തുള്ള ഉമ്മ അന്ന് മുഴുവൻ എന്റെ മനസ്സിൽ ഇങ്ങനെ കിടന്നു..
ഒപ്പം ആ ഉമ്മയെ കാണാൻ വേണ്ടി ഓടി പോകുന്ന അവരുടെ മകനും..
പിറ്റേ ദിവസവും അവനെ കണ്ടു എന്നെ കണ്ടതും ഒരു ചിരി അവന്റെ മുഖത്ത് വിരിഞ്ഞിരുന്നു…
“” എന്തൊക്കെയോ എനിക്ക് ചോദിക്കാൻ ഉണ്ടായിരുന്നു പക്ഷേ എനിക്കൊന്നും ചോദിക്കാൻ തോന്നിയില്ല അതുകൊണ്ടുതന്നെ അവന്റെ അരികിൽ തലയും താഴ്ത്തി ഞാൻ പോയിരുന്നു..
എന്റെ ഉള്ളു അറിഞ്ഞ പോലെ അവൻ പറഞ്ഞു തുടങ്ങി..
“” ഇന്റെ മൂത്തത് ഒരു ഇക്കാക്ക ഉണ്ടായിരുന്നു.. ഓനെ സ്കൂളിൽ ചേർത്തു.. ഒരീസം ഇവിടുന്ന് ചോറുമുണ്ട് വീട്ടിലേക്ക് വന്ന് ഓൻ തളർന്നു വീണു.. എന്റെ ഉമ്മാന്റെ മടിയില്.. പിന്നെ എനിക്ക് ഓർമ്മ പള്ളിക്കാട്ടിലേക്ക് കൊണ്ടുപോകുന്നതാണ്… ഉമ്മ പിന്നെ ചിരിച്ചു കണ്ടിട്ടേയില്ല എന്നെ എപ്പോഴും എങ്ങോട്ടും വിടാതെ പിടിക്കും ഞാനും പുറത്തോട്ട് പോയ അവന്റെ പോലെ ആവും എന്നാ ഉമ്മയുടെ വിചാരം.. ആരോ പറഞ്ഞു ഇത് ഭ്രാന്താണ് എന്ന്..
പക്ഷേ എനിക്ക് ഭ്രാന്ത് പോലെ തോന്നിയില്ല.. ഇന്നോടുള്ള സ്നേഹം പോലാ തോന്നാ… അതാ ഉമ്മ വിഷമിക്കാതിരിക്കാൻ ഞാൻ ഇങ്ങനെ ഓടുന്നത്… പിന്നെ ഇക്ക സ്കൂളിലെ ചോറ് തിന്നു വന്നിട്ട് വീണതുകൊണ്ട് എന്നെ ഇവിടുത്തെ ചോറും തിന്നാൻ സമ്മതിക്കില്ല. ഒന്നുമില്ലെങ്കിലും വീട്ടിലെ ചോറു മാത്രം മതി ന്റുട്ടിക്ക് എന്ന് പറയും… ഉമ്മ അറിയാതെ വേണമെങ്കിൽ എനിക്ക് ഇവിടെ നിന്ന് വാങ്ങി തിന്നാം പക്ഷേ എനിക്ക് തോന്നാറില്ല… ഇക്കാക്ക് ഹാർട്ടിന് കേടായിരുന്നു ട്ടോ ഇവിടുത്തെ ചോറ് തിന്നിട്ട് ഒന്നുമല്ല “”
അത്രയും പറഞ്ഞു നിർത്തി അവൻ എന്നെ നോക്കി ചിരിച്ചു. അവനോട് തിരിച്ചെന്തു പറയണം എന്നറിയാതെ ഞാനും ഇങ്ങനെ സ്തംഭിച്ചിരുന്നു..
ആരോടും കൂട്ടുകൂടാത്ത അവന്റെ ഉള്ളിൽ ഇത്രയൊക്കെ സങ്കട കടൽ കിടക്കുന്നുണ്ടെന്ന് എനിക്കറിയില്ലായിരുന്നു..
വെറുതെ എന്റെ കൈ അവന് നേരെ നീട്ടി.. ഫ്രണ്ട്സ്””””???
എന്നു പറഞ്ഞപ്പോൾ,
ചിരിയോടെ അവൻ എന്നോട് പറഞ്ഞു അതൊക്കെ എന്നേ ആയിക്ക്ണ്…
എന്ന്…
Jk