“കൃഷ്ണാ…” ചില സ്നേഹങ്ങൾ അങ്ങനെയാണ്. വളരെ അവിചാരിതമായി കടന്നുവരും. പരസ്പരം വളരെ തീവ്രമായ സ്നേഹം തോന്നും. സ്നേഹം പെട്ടെന്ന് വളരും, പെട്ടെന്ന് തളരും, പെട്ടെന്ന് പരസ്പരം മടുക്കും. ഉടനെ പിരിയും. സ്നേഹം വിരിയുന്നതും കൊഴിയുന്നതും ഒരേ വേഗത്തിലായിരിക്കും. വണ്ട് വേറെ പൂവ് തേടി പോകും, പൂവ് മറ്റൊരു വണ്ടിനായി കാത്തിരിക്കും.
രാധ, കൃഷ്ണനെ മാളിലെ കഫേയിൽ കാത്തിരുന്നു. വളരെ നാളുകൾക്കു ശേഷമാണ് അവൻ ജോലി ചെയ്യുന്ന നഗരത്തിലേക്ക് അവളുടെ മടങ്ങിവരവ്. അവനെ ഒരിക്കൽ കൂടി കണ്ട് മടങ്ങണം. ആ കൂടിക്കാഴ്ച എങ്ങനെയാകണമെന്ന് അവൾക്കൊരു നിശ്ചയവുമില്ല. എങ്ങനെയാകും താൻ അവനെ കാണുമ്പോൾ പെരുമാറുക, തിരികെ അവൻ എന്നോട് എന്താകും പറയുക? തന്നോട് അവന് വെറുപ്പാകുമോ? ഒരിക്കലും പരസ്പരം പിരിയില്ല എന്ന് വാക്ക് കൊടുത്തവളാണ് രാധ. ഒരിക്കൽ കൃഷ്ണനും ഏറ്റു പറഞ്ഞു, “ഞാനായിട്ട് നിന്നെ പിരിയില്ല.” എന്നിട്ടും രാധ അവനോടു ചെയ്തതെന്താണ്? ഒരു സുപ്രഭാതത്തിൽ ട്രാൻസ്ഫർ വാങ്ങി ദൂരെ ഒരു നഗരത്തിലേക്ക് പറന്നുപോയി. പാവം കൃഷ്ണൻ പലപ്രാവശ്യം അവളെ ബന്ധപ്പെടാൻ ശ്രമിച്ചു. അപ്പോഴൊക്കെ അവൾ താവളങ്ങൾ മാറ്റി, ഫോൺ നമ്പറുകൾ മാറ്റി, കൃഷ്ണന് പിടി കൊടുക്കാതെ ഒഴിഞ്ഞു നടന്നു. ഇപ്പോൾ രാധ തന്നെ തോറ്റുകൊടുത്തു. അവൾക്ക് കൃഷ്ണനെ മറക്കാൻ കഴിയുന്നില്ല. വെറുക്കാനും കഴിയുന്നില്ല. ഈ ജന്മം അതിനി നടക്കുമെന്നും തോന്നുന്നില്ല. അവൻ ഒരുപക്ഷേ രാധയെ മറക്കാൻ കഴിഞ്ഞിരിക്കുമോ?
അവൾ ഒരു സാൻഡ്‌വിച്ചിന് ഓർഡർ കൊടുത്തു. ഇന്ന് ഇതുവരെ ഒന്നും കഴിച്ചിട്ടില്ല. പരസ്പരം പിണങ്ങി എത്ര ദിവസം പട്ടിണി കിടന്നിരുന്നു. അതിൻ്റെ ഓർമ്മയ്ക്ക് ഇന്നും പട്ടിണി കിടക്കാമെന്ന് കരുതിയതാണ്. പക്ഷേ പഴയപോലെ ഒന്നും പറ്റുന്നില്ല. വയസ്സ് നാൽപ്പത്തിയഞ്ച് കഴിഞ്ഞു. മനസ്സിന് മാത്രം ചെറുപ്പമാണ്. അതിൽ പ്രണയമുണ്ട്, സംഗീതമുണ്ട്, മഴവില്ലുകളുണ്ട്. മുന്നിലിരിക്കുന്ന സാൻഡ്‌വിച്ചിലേക്കവൾ നോക്കി, കഴിക്കണോ? വേണ്ടയോ? കഴിക്കാൻ തുടങ്ങിയാൽ ഒരുപക്ഷേ അവൻ വന്നില്ലെങ്കിലോ. അവൻ വന്നിട്ട് കഴിക്കാം. തൻ്റെ പുതിയ നമ്പറിൽ നിന്നും അവനെ വിളിച്ചു. “ഞാൻ നിന്റെ നഗരത്തിലുണ്ട്, വൃന്ദാ മാളിൽ കാത്തിരിക്കുന്നു, ഒന്ന് കാണണം, നീ വരുമോ?” എന്ന് മാത്രം ചോദിച്ചു. ഫോൺ ബാഗിലിട്ടു. ഒരു മൂളൽ പോലും മറുപടിയായിട്ടുണ്ടായില്ല. കൃഷ്ണന് മനസ്സിൽ ദേഷ്യമായിരിക്കും. ഇനി അവൻ വരാതെയിരിക്കുമോ? തൻ്റെ കണ്ണുകൾ നിറയുന്നത് രാധയറിഞ്ഞു. ഇടനെഞ്ചിലൊരു ഭാരം, ഇതിപ്പോൾ ആ ഹൃദയത്തിലുമുണ്ടായി കാണും. പലപ്പോഴും അങ്ങനെയാണ്, എന്നും രണ്ടാൾക്കും ഒരേ ചൂടും നോവുമായിരുന്നു. ഇത്ര വർഷം കഴിഞ്ഞിട്ടും ഒന്നിനും മാറ്റം വന്നില്ല. ഫോണെടുത്ത് അവന്റെ മെസ്സേജ് വല്ലതും ഉണ്ടോയെന്ന് നോക്കണമെന്ന് തോന്നി. “വയ്യ, വരുന്നില്ലെങ്കിൽ വേണ്ട. വെറുപ്പാണെങ്കിൽ വരണ്ട. എന്നോടുള്ള ദേഷ്യം കൊണ്ടല്ലേ. ഈ രാധയോട് ദേഷ്യപ്പെടാൻ നിനക്ക് കഴിയുമോ കൃഷ്ണാ….” ഇടം കണ്ണ് വല്ലാതെ തുടിക്കുന്നു. ആരോ തന്നെ കാണാൻ കൊതിക്കുന്നു. ആരോ അല്ല, പ്രിയപ്പെട്ടൊരാൾ. തനിക്കാരാണ് പ്രിയനൊരാൾ?
നിറഞ്ഞ കണ്ണുകളിലൂടെ അവ്യക്തമായൊരു രൂപം തൻ്റെ അടുത്തേയ്ക്കു വരുന്നത് അവൾ ശ്രദ്ധിച്ചു. ഒരു മാറ്റവുമില്ല, അതേ തടി, അതേ സൗന്ദര്യം. അൻപത് കഴിഞ്ഞെന്ന് വിശ്വസിക്കാൻ വയ്യ. കണ്ണുകൾ അകലേക്ക് മാറ്റി. കള്ള കൃഷ്ണനാണ്, കണ്ണുകളിലൂടെ ഹൃദയം വായിച്ചുകളയും. സ്നേഹം കൊണ്ട് ഹൃദയം വിങ്ങുന്നു. ആകാംഷ കൊണ്ട് ധമനികൾ പൊട്ടിത്തെറിക്കുമോ? അവൾ തൻ്റെ രണ്ടു കൈയും ചുരുട്ടിപ്പിടിച്ചു. പെട്ടെന്ന് ബാഗ് സീറ്റിൽ വച്ച് രാധ ചാടി എഴുന്നേറ്റു. അവനടുത്തേയ്ക്ക് നടന്നു, അല്ല അവൾ ഓടുകയായിരുന്നു. രണ്ടു കൈകളും അവൻ്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു. പരസ്പരം ആലിംഗനം ചെയ്യുന്നത് പണ്ടൊക്കെ പതിവായിരുന്നു. ഇപ്പോൾ രണ്ടുപേർക്കും രണ്ടു ജീവിതമായപ്പോൾ പഴയതൊക്കെ മറന്നു. കൃഷ്ണൻ സ്തബ്ധനായി നിൽക്കുകയാണ്. രാധ പെട്ടെന്ന് കൈകൾ പിൻവലിച്ചു, കൃഷ്ണനിൽ നിന്നും അകന്നുമാറി. അവൻ്റെ നഗരമാണ്, അവൻ്റെ പരിചയക്കാർ ധാരാളമുണ്ടാകും. “നീ ഒന്നും കഴിച്ചില്ലേ?” സാൻഡ്‌വിച്ചിൽ നോക്കി കൃഷ്ണൻ ചോദിച്ചു. അവൻ രണ്ടു കോഫി കൂടി ഓർഡർ കൊടുത്തു. “കഴിക്കൂ, വാശിക്ക് ഒരു കുറവുമില്ല അല്ലേ?” കൃഷ്ണൻ സാൻഡ്‌വിച്ച് അവളുടെ വായിൽ വച്ച് കൊടുത്തു. രാധയുടെ കണ്ണുകൾ നിറഞ്ഞു. കൃഷ്ണൻ കണ്ണുകൾ തരുന്നതേയില്ല. വിദൂരതയിലാണ് അവൻ്റെ കണ്ണുകൾ. അവളെ മനഃപൂർവം ഒഴിവാക്കുന്നത് പോലെ. താൻ ഇത് അർഹിക്കുന്നുണ്ട്, ഈ അവഗണന. അവൻ്റെ സ്നേഹത്തിൻ്റെ ആഴം അറിയാഞ്ഞിട്ടല്ല, വീട്ടുകാരുടെ നിർബന്ധം മൂലമാണ് സുമനെ കല്യാണം കഴിച്ചത്. ആദ്യമൊന്നും ദാമ്പത്യത്തിൽ കുഴപ്പമില്ലായിരുന്നു. സുമൻ്റെ ക്ലാസ്മേറ്റ് സുരഭി അടുത്ത ഫ്ലാറ്റിലേക്ക് താമസം മാറ്റിയതോടെയാണ് രാധ ഒറ്റപ്പെട്ടത്. രാധയുടെ ഭർത്താവ് സുമൻ, സുരഭി എന്ന പഴയ കൂട്ടുകാരിയുമായി കൂടുതൽ അടുക്കും തോറും രാധ ഉൾവലിഞ്ഞു. ആരോടും ഒന്നും മിണ്ടാതെയായി. ഒരിക്കൽ പോലും സുമനോടോ സുരഭിയോടോ അസൂയ തോന്നിയതുമില്ല. കാരണം അവളുടെ മനസ്സിൽ കൃഷ്ണനായിരുന്നു. കൂട്ടുകാരൊക്കെ ചോദിച്ചു, “നീ അയാളുടെ ഭാര്യയല്ലേ, നിനക്കിതെങ്ങനെ സഹിക്കാൻ കഴിയുന്നു?” ആരും കേൾക്കാതെ ഉത്തരം മനസ്സിൽ പറഞ്ഞു, “എനിക്കതു പറ്റും, കാരണം സുമൻ എന്നെ പ്രണയിച്ചിട്ടില്ല. ദാമ്പത്യത്തിൻ്റെ പതിമൂന്ന് വർഷങ്ങളിലും അയാളെന്നെ സംരക്ഷിച്ചു, കാരുണ്യം കാട്ടി, സഹജീവിയോട് കാണിക്കുന്ന കാരുണ്യം. അതിൽ ഒരു നിമിഷം പോലും പ്രണയം ഞാൻ കണ്ടില്ല. അയാൾക്കെന്നെ പ്രണയിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ എനിക്കതു സഹിക്കാൻ കഴിയും, എന്നെ പ്രണയിക്കാൻ എൻ്റെ കൃഷ്ണനുണ്ട്, ഞാൻ പ്രണയിക്കുന്ന എൻ്റെ കൃഷ്ണൻ.”
“രാധേ,” കൃഷ്ണൻ്റെ വിളി അവളെ ഓർമ്മകളിൽ നിന്നുമുണർത്തി. “ഈ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമെന്താണെന്ന് അറിയുമോ?” “അറിയാം, നമ്മൾ സ്നേഹിക്കുന്നവർ നമ്മളെയും അതെ പോലെ സ്നേഹിക്കുക.” “അപ്പോൾ നമ്മൾ രണ്ടുപേരും ഒരേ പോലെ അനുഗ്രഹീതരാണ്. ദൂരെയിരുന്നു പരസ്പരം സ്നേഹിച്ചുകൊണ്ടേയിരിക്കുക.” കൃഷ്ണനോടൊപ്പം മാളിൽ നിന്നിറങ്ങുമ്പോൾ എന്താണ് അടുത്ത പ്ലാനെന്ന് അവൾ ചോദിച്ചില്ല. “നിൻ്റെ മടക്കം എപ്പോഴാണ്?” “ഒന്നും തീരുമാനിച്ചില്ല. വന്ന കാര്യം കഴിഞ്ഞു. വേണമെങ്കിൽ ഇപ്പോൾ തന്നെ മടങ്ങാം. അല്ലെങ്കിൽ വൈകിട്ടത്തെ ട്രെയിന് മടങ്ങാം, അല്ലെങ്കിൽ ഇന്നിവിടെ തങ്ങി, നാളെ രാവിലത്തെ ട്രെയിന് മടങ്ങാം.” രാധ ചോദ്യരൂപേണ അവൻ്റെ മുഖത്ത് നോക്കി. “നാളത്തെ ട്രെയിനുള്ള ടിക്കറ്റ് നോക്കൂ,” കൃഷ്ണൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. “രാത്രി നിനക്ക് തങ്ങാൻ ഒരു റൂം ഞാൻ നോക്കാം. വീട്ടിൽ കൊണ്ടുപോകാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല. എല്ലാവർക്കും എല്ലാം അങ്ങനെ പെട്ടെന്ന് മനസ്സിലാകണമെന്നില്ല. മകന് പതിനാറു വയസ്സായി. അമ്മയുടെയും അച്ഛൻ്റെയും ഇടയിലുള്ള സംഭാഷണങ്ങളുടെ അർത്ഥമൊക്കെ അവന് പെട്ടെന്ന് തിരിച്ചറിയാം.” “എൻ്റെ മകൾ നിയതിയ്ക്കും പതിനാറു വയസ്സായി. അമ്മയുടെ ഭ്രാന്തൊക്കെ അറിയാവുന്ന മകളായതുകൊണ്ട് അവളതൊക്കെ ക്ഷമിക്കുന്നു. അമ്മയെപ്പറ്റി പരാതി കേൾക്കാൻ അവളുടെ അച്ഛനും സമയമില്ല. നീയറിഞ്ഞോ, സുമനും സുരഭിക്കും ഒരു മകൾ പിറന്നു, രണ്ടു വയസ്സുകാരി അപൂർവ. അവരിപ്പോഴും ഞങ്ങളുടെ അടുത്ത ഫ്ലാറ്റിൽ തന്നെയാണ് താമസം. ഇന്ന് രാത്രി ഞാൻ നിയതിയെ, സുരഭിയെ ഏൽപ്പിച്ചിട്ടാണ് വന്നത്. ഞാനില്ലെങ്കിലും അവരുണ്ടല്ലോ അവൾക്ക്.” അവനോടൊപ്പം കാറിൽ കയറുമ്പോൾ മനസ്സിന് നല്ല ആയാസം തോന്നി. “കമ്പനിയുടെ അതിഥികൾ തങ്ങുന്ന ഒരിടമുണ്ട്. രാത്രി ഒറ്റയ്ക്ക് തങ്ങാൻ പേടിയുണ്ടോ? ലഞ്ച് കഴിഞ്ഞ് നീ മുറിയിൽ വിശ്രമിക്കൂ. അപ്പോഴേക്കും ഞാൻ വീട്ടിൽ പോയി ഒന്ന് ഫ്രഷായി വരാം. ഒരു നൈറ്റ് ഡ്രൈവ്, പണ്ട് ഞാൻ വാഗ്ദാനം ചെയ്തതാണ്.” “അത് ശരിയാണ്. പക്ഷേ ആ വാഗ്ദാനം കാറിൽ പോകുന്ന കാര്യമല്ല.” “നീ പോയപ്പോൾ ഞാനെന്റെ ബുള്ളറ്റ് വിറ്റിരുന്നു.”
മുഖാമുഖം ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ രാധ അവനെ നോക്കി പുഞ്ചിരിച്ചു. കൃഷ്ണൻ ആളാകെ മാറി, മുഖത്ത് ഗൗരവം, ഔപചാരികമായ അവൻ്റെ നോട്ടങ്ങൾ, അവളുടെ മനസ്സിനെ ഇളക്കി മറിച്ചിരുന്നു. മനസ്സിലുള്ളത് അവളും തുറന്നുകാട്ടിയില്ല. കൈ കഴുകി വന്നപ്പോൾ ടിഷ്യൂ പേപ്പറിന് പകരം അവൻ തൻ്റെ ഹാൻഡ് കർച്ചീഫ് എടുത്ത് നീട്ടി. പണ്ടേയുള്ള പതിവാണ്, ഇല്ല അവനൊട്ടും മാറിയിട്ടില്ല. വേറെ ആർക്കും നൽകാത്തത്, തനിക്ക് മാത്രം അർഹതപ്പെട്ടത്. അവൻ കൈ നീട്ടിയപ്പോൾ കർച്ചീഫ് തിരികെ നൽകാതെ അവളത് ഹാൻഡ് ബാഗിൽ വച്ചു, അവനെ നോക്കി പുഞ്ചിരിച്ചു. വൈകിട്ട് അവൻ മടങ്ങി വന്നപ്പോഴും രാധ റെഡിയായിരുന്നില്ല. “നീ റെഡിയായി വാ. ഞാൻ പുറത്തിരിക്കാം.” “അതെന്താ? ഇവിടെയിരുന്നാൽ? ഒരഞ്ച് മിനിറ്റ്, ഞാൻ റെഡി. പഴയ കാര്യങ്ങൾ ഓരോന്ന് ഓർത്ത് ഞാൻ മയങ്ങിപ്പോയി.” അവളവനെ കട്ടിലിൽ പിടിച്ചിരുത്തി. ടോയ്ലറ്റിൻ്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് കൃഷ്ണൻ തിരിഞ്ഞു നോക്കി. പഴയ പോലെ സാരിയിലല്ല, ഇളം വയലറ്റ് നിറത്തിലൊരു ഗൗൺ ധരിച്ചു രാധ. പ്രായത്തിൻ്റെ ചുളിവുകൾ ചെറുതായി തുടങ്ങിയെങ്കിലും ആ മെലിഞ്ഞ ശരീരത്തിലെ മനസ്സ് ഏറെ ചെറുപ്പമായതുപോലെ കൃഷ്ണന് തോന്നി. അവളെ തന്നോട് ചേർത്ത് പിടിക്കാൻ കൃഷ്ണന് തീവ്രമായ ആഗ്രഹം ഉണ്ടായി. “നമ്മൾ എങ്ങോട്ടാണ്?” കൃഷ്ണൻ്റെ കൈ പിടിച്ച് കാറിൽ കയറുമ്പോൾ രാധ ചോദിച്ചു. “നീ പറ, നീയല്ലേ സുഗന്ധമുള്ള മന്ദമാരുതനെ പോലെ സ്നേഹം വിതറി എൻ്റെ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നത്.” അവൾ പറഞ്ഞ വഴികളിലൂടെ കൃഷ്ണൻ നിർത്താതെ കാറോടിച്ചുകൊണ്ടേയിരുന്നു. രാധയുടെ വിരലുകളിലൂടെ അവൻ തൻ്റെ കൈവിരലുകൾ പായിച്ചു. “മടുക്കുന്നില്ലല്ലോ ഈ ഒന്നിച്ചുള്ള യാത്രകൾ?” “മടുക്കണോ, മടുക്കാത്തതാണോ നിൻ്റെ പ്രശ്നം?” രാധ ദേഷ്യത്തോടെ കൈവിരലുകൾ പിൻവലിച്ചു. രാധയുടെ ദേഷ്യം കണ്ടു കൃഷ്ണന് ചിരി വന്നു. അവൻ അവളുടെ കൈവിരലുകൾ ബലമായി പിടിച്ചു. കായൽക്കരയിലെ റെസ്റ്റോറൻ്റിൽ നിന്നും കൊഞ്ചും കക്കയും ഞണ്ടും കഴിക്കുമ്പോൾ രാധ ആ നഗരത്തെ വല്ലാതെ മിസ് ചെയ്തു. രാധയെ മുറിയിൽ കൊണ്ടാക്കി യാത്ര പറയാൻ ഒരുങ്ങിയ കൃഷ്ണന് അവൾ പുറംതിരിഞ്ഞു നിന്നു. പിരിയാനുള്ള അവളുടെ സങ്കടം അവന് മനസ്സിലായി. “ചോദിക്കുന്നത് ശരിയാണോയെന്നറിയില്ല. ഈ രാത്രിയിൽ ഇവിടെ എൻ്റെ കൂടെ കഴിയാൻ പറ്റുമോ?” കൃഷ്ണൻ കുറെ നേരം ഒന്നും മിണ്ടിയില്ല. “ഞാൻ വൈകും, നിങ്ങൾ കിടന്നോളൂ. ഒരു സുഹൃത്തിനെ റെയിൽവേ സ്റ്റേഷൻ വരെ കൊണ്ടുവിടണം, വണ്ടി കുറച്ചു ലേറ്റാണ്.” കൃഷ്ണൻ ഫോൺ കട്ട് ചെയ്തു. “നീ എന്നെ ഇത്രയും സ്നേഹിച്ചിരുന്നെങ്കിൽ എന്നെ വിട്ടുപോയതെന്താണ് രാധേ? നിനക്ക് എന്നെ വിവാഹം ചെയ്തു കൂടായിരുന്നോ?” “കൃഷ്ണാ… എന്താണ് പ്രണയത്തിൻ്റെ അവസാന വാക്ക്? അത് വിവാഹമെന്നാണോ? എനിക്ക് നിന്നെ പ്രണയിക്കാൻ വിവാഹമെന്ന ഈ കൂദാശ വേണ്ട. എൻ്റെ പ്രണയത്തിൻ്റെ അവസാന വാക്ക് ഞാൻ നിനക്ക് തരട്ടെ. നിന്നെ മരണം വരെ പ്രണയിച്ചുകൊണ്ടേയിരിക്കും. ഇതെൻ്റെ വെറും വാക്കല്ല. രാധ കൃഷ്ണന് കൊടുക്കുന്ന വാക്കാണ്.” രാധയെ തൻ്റെ ദേഹത്തോട് ചേർത്തുപിടിക്കുമ്പോൾ കൃഷ്ണന് അതീവ സന്തോഷമുണ്ടായി. “നിൻ്റെ ഈ പ്രണയത്തിനു ഞാൻ അർഹനാണോ?” “ഈ ലോകത്ത് എൻ്റെ പ്രണയത്തെ സ്വീകരിക്കുവാൻ നീ മാത്രമാണ് അർഹതയുള്ളവൻ. ചില മനുഷ്യരെ അടുത്തറിയുമ്പോഴാണ് മറ്റ് ചില മനുഷ്യരെയൊക്കെ കണ്ടുമുട്ടാനേ പാടില്ലായിരുന്നെന്ന് തിരിച്ചറിയുന്നത്. ഞാനത് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.” കൃഷ്ണൻ്റെ ഹൃദയം സ്നേഹത്താൽ നിറഞ്ഞു. “ഞാൻ നാളെ പോയാലും ഇനിയും വരും കൃഷ്ണാ… നിന്നെ തേടി. രാധയില്ലാതെ കൃഷ്ണനും കൃഷ്ണനില്ലാതെ രാധയുമില്ല.” “ഞാൻ അടുത്ത മാസം നിന്നെ തേടി അങ്ങോട്ട് വരും.” മൂന്നുമണിയായപ്പോൾ രാധ ഞെട്ടിയുണർന്നു. നഗ്‌നമായ തൻ്റെ ശരീരത്തെ അവൾ തൊട്ടുനോക്കി. പ്രണയപ്പനിയാൽ ചുട്ടുപൊള്ളുന്ന ശരീരം. അവൾ കൃഷ്ണനെ തൊട്ടുനോക്കി, അവനും പ്രണയതാപത്താലാണ്. രണ്ടുപേരും താൽക്കാലികമായി പിരിയാൻ പോകുകയാണ്. “കൃഷ്ണാ….” അവൾ തൻ്റെ ചുണ്ടുകൾ അവൻ്റെ കാതിൽ ചേർത്തു. അവൻ അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു. ഇടയ്ക്ക് അവളുടെ ചുണ്ടുകളിൽ ശക്തമായും ആവേശത്തോടെയും ചുംബിച്ചു. “നെറ്റിയിലെ ചുംബനത്തിൻ്റെ അർത്ഥമെന്താണെന്ന് നിനക്കറിയാമോ രാധേ?” രാധ നിശബ്ദയായി. അതിൻ്റെ അർത്ഥം അവൾക്കറിയാമായിരുന്നു. അതിൻ്റെ അർത്ഥം സംരക്ഷണമെന്നാണ്, ബഹുമാനമെന്നാണ്, അതിൻ്റെ അർത്ഥം മരിക്കാത്ത സ്നേഹമെന്നാണ്. അതിനർത്ഥം രാധ കൃഷ്ണൻ്റേതാണ് എന്ന് കൂടിയാണ്. അതിനർത്ഥം കൃഷ്ണനാണ് രാധയുടെ ലോകമെന്നാണ്. ആ ചോദ്യത്തിന് ഉത്തരം നൽകേണ്ടതില്ലായിരുന്നു രാധയ്ക്ക്. അതിൻ്റെ അർത്ഥം അവൾക്കറിയാമെന്ന് കൃഷ്ണനറിയാമായിരുന്നു. കൃഷ്ണൻ രാധയെ അറിഞ്ഞ ആ മധുര നിമിഷങ്ങളിൽ, രാധ അവനോട് കൂടുതൽ പ്രണയത്തിലായി… അതിൻ്റെ ആഴം അവൻ അറിഞ്ഞിട്ടുപോലുമില്ല. അവളുടെ അഗാധതകളെ അവൻ തേടി കൊണ്ടിരുന്നു.
✍️✍️ നിഷ പിള്ള
അനിരുദ്ധൻ കവലയിൽ ബസ് ഇറങ്ങുമ്പോൾ, ദല്ലാൾ നാരായണൻ നായർ ഒരു ഓട്ടോയുമായി കാത്തു നിന്നിരുന്നു. “അനിരുദ്ധൻ സാറല്ലേ, ഇങ്ങോട്ടു കയറിയാട്ടെ.” അനിരുദ്ധൻ ചിരിച്ചു. “നാരായണൻ നായർക്ക് ദല്ലാൾ പണി മാത്രമല്ല അല്ലേ, കോശി പറഞ്ഞിരുന്നു സർവകലകളും പയറ്റി തെളിഞ്ഞതാണെന്ന്.” “ജീവിയ്ക്കേണ്ടേ സാറേ, കുറച്ചു സേവന പ്രവർത്തനങ്ങൾ ഉണ്ട്, പൈസ വേണ്ടേ? ഇപ്പോൾ തന്നെ പ്രായം അമ്പത് കഴിഞ്ഞു, വേറെ സമ്പാദ്യമൊന്നുമില്ല, നിത്യചെലവിനുള്ള വക കണ്ടെത്തണ്ടേ?” നാരായണൻ നായർ വാതോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു. പറഞ്ഞത് മുഴുവൻ നാടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും അയാൾ നടത്തിക്കൊണ്ടിരിക്കുന്ന ‘സ്നേഹവീട്’ എന്ന അഗതി മന്ദിരത്തെക്കുറിച്ചുമായിരുന്നു. “എല്ലാ പ്രായക്കാരുമുണ്ട്, അച്ഛൻമാരും അമ്മമാരും പിന്നെ ചേച്ചിമാർ, കുറെ കൊച്ചുകുട്ടികൾ. നല്ല രസമാണ് സാറേ, അവർക്കു കൊടുക്കാതെ എൻ്റെ വയറു നിറയില്ല.” നാരായണൻ നായർ ഓടിട്ട ഒരു പഴയ വീടിനു മുന്നിൽ ഓട്ടോ നിർത്തി. അനിരുദ്ധൻ വീടിനെ നോക്കി നിന്നു. നാരായണൻ നായർ വണ്ടിയിൽ നിന്നും ബാഗുകളെടുത്ത് ഉമ്മറത്ത് വച്ചു. “പുറത്തു കാണുന്നത് പോലെയല്ല സാറേ അകത്തെ സൗകര്യങ്ങൾ. വീട്ടിൽ ഫർണിച്ചറും പാത്രങ്ങളും എല്ലാമുണ്ട്. കോശി സാറിൻ്റെ ഫ്രണ്ട് മേജർ സാബിൻ്റെ കുടുംബ വീടാണ്, വർഷത്തിലൊരിക്കൽ സാബ് വന്ന് അറ്റകുറ്റപ്പണികളൊക്കെ നടത്തും. ഈ വീട് വാടകയ്ക്ക് പോലും കൊടുക്കാറില്ല. അനിരുദ്ധൻ സാർ കോശി സാറിൻ്റെ സുഹൃത്താണ്, കളക്ടറേറ്റിലാണ് ജോലി, കഥാകൃത്താണ് എന്നൊക്കെ പറഞ്ഞപ്പോൾ വാടക പോലും വേണ്ട, രണ്ടു മാസത്തേയ്ക്ക് വീട് നൽകിക്കൊള്ളാൻ സാർ എന്നോട് പറഞ്ഞു. അനിരുദ്ധൻ സാറിൻ്റെ കഥ സിനിമയായി വരുമ്പോൾ ഒന്നിച്ച് പോയി കാണാമെന്ന് പറഞ്ഞു. ഞങ്ങൾ നാട്ടുകാർക്ക് അത് അഭിമാനമാണല്ലോ.” അനിരുദ്ധൻ ചിരിച്ചും കൊണ്ട് താക്കോൽ ഏറ്റുവാങ്ങി. “കോശി സാർ പറഞ്ഞിരുന്നു അവിവാഹിതനാണെന്ന്. സാറിന് ആഹാരം വേണമെങ്കിൽ അടുത്ത ചായക്കടയിൽ ഏർപ്പാടാക്കാം. പിന്നെ…” നാരായണൻ നായർ പുറകിലുള്ള വീട്ടിലേയ്ക്കു കൈ ചൂണ്ടി. “ലോറിക്കാരൻ പ്രസാദിൻ്റെ വീടാണ് അത്. വർഷങ്ങൾക്കു മുൻപ് എവിടെ നിന്നോ ഒരു പെണ്ണിനെ തട്ടിക്കൊണ്ടുവന്നു കൂടെ പാർപ്പിച്ചു. ഇപ്പോൾ പന്ത്രണ്ടു വർഷമായി, രണ്ടു ആൺകുട്ടികളുണ്ട് അവർക്ക്. അവനൊരു മുഴുക്കുടിയനാണ്, വീട്ടിൽ വന്നാൽ ആകെ പ്രശ്നമാ. അവർക്കു ചെലവിനൊന്നും കൊടുക്കത്തില്ല. എൻ്റെ സ്നേഹവീട്ടിലേയ്ക്ക് പലതവണ ഞാൻ അവളേയും പിള്ളേരെയും ക്ഷണിച്ചതാണ്. ആ പെണ്ണ് പറയുന്നത് ചെയ്ത തെറ്റിൻ്റെ ശിക്ഷയാണിതെന്നാണ്, അവിടെ കിടന്നു ചാവുമെന്നാണ് അവൾ പറയുന്നത്.” “ഈ കാലത്തും ഇങ്ങനെയുള്ള പെണ്ണുങ്ങളോ?” “മനസ്സിന് ധൈര്യമുള്ളവളാണ്, രണ്ടു പശുക്കളെ വളർത്തുന്നുണ്ട്. പുല്ലു തീറ്റുന്നതും, തേങ്ങ പെറുക്കിയെടുക്കുന്നതും, പ്രസാദ് കുടിച്ചിട്ട് വരുന്ന രാത്രികളിൽ ഒളിച്ചിരിക്കുന്നതുമൊക്കെ ഈ പുരയിടത്തിലാണ്. അതുകൊണ്ടാണ് മേജർ സാബ് പടിഞ്ഞാറു വശത്തെ മാത്രം മതിൽ കെട്ടാതെ ഇട്ടിരിക്കുന്നത്.” “എൻ്റെ എഴുത്തിനെ ആരും ശല്യപ്പെടുത്താതിരുന്നാൽ മതി.” “കാഞ്ചന പാവമാ. കോശി സാർ പറഞ്ഞിരുന്നു എപ്പോഴും ചായ കുടിക്കുന്ന ആളാണ് അനിരുദ്ധൻ സാറെന്ന്. രാവിലെയും വൈകിട്ടും അര ലിറ്റർ പാല് കൊണ്ടുവരാൻ ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്. അപ്പോൾ ശരി സാറേ, എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി. ഇന്ന് വൈകിട്ട് ഞാൻ ഭക്ഷണം കൊണ്ടുവരാം.” നാരായണൻ നായർ ഓട്ടോ സ്റ്റാർട്ട് ആക്കിയപ്പോൾ അനിരുദ്ധൻ അഞ്ഞൂറിൻ്റെ രണ്ടു നോട്ടുകൾ അയാളുടെ പോക്കറ്റിൽ വച്ചുകൊടുത്തു. “സാറിനെ ദൈവം അനുഗ്രഹിക്കട്ടെ, നാളത്തേക്കുള്ള പച്ചക്കറി വാങ്ങാൻ കാശില്ലാതെ വിഷമിക്കുകയായിരുന്നു ഞാൻ.”
അനിരുദ്ധൻ രാവിലെ ഉണർന്നപ്പോൾ വളരെ വൈകിയിരുന്നു. മുറ്റത്തൊരു മൊന്തയിൽ പാൽ അടച്ചു വച്ചിരുന്നു. ചുറ്റും നോക്കി ആരെയും കണ്ടില്ല. ചായ ഉണ്ടാക്കി കുടിച്ചു. പാചകം ഇഷ്ടമില്ലാത്ത ജോലിയാണ്. ഇന്നത്തെ പ്രാതൽ ചായയിൽ ഒതുക്കാം, ഉച്ചയ്ക്ക് കടയിൽ പോയി കഴിക്കാം. രണ്ടു മാസത്തെ ലീവ് മാത്രമേ ഉള്ളൂ. അതിനുമുൻപ് കഥ ശരിയാക്കിക്കൊടുക്കണം. കോശിയുടെ ഡ്രീം പ്രോജക്റ്റാണ്, കഥ കേട്ടപ്പോൾ തന്നെ അവനു ഇഷ്ടമായി. അതാണ് എഴുതാൻ അവൻ്റെ നാട്ടിൽ തന്നെ ഒരു വീടൊരുക്കിക്കൊടുത്തിരിക്കുന്നത്. പേനയും പേപ്പറും പുതിയ ലാപ്ടോപ്പും ഒക്കെ വാങ്ങി തന്നിട്ടാണ് വിട്ടത്. രണ്ടാഴ്ച വരെ ശല്യപ്പെടുത്തില്ലായെന്ന ഉറപ്പ് വാങ്ങിയാണ് വന്നിരിക്കുന്നത്. അമ്മയെക്കുറിച്ച് ആലോചിച്ചു, മനസ്സുകൊണ്ട് അനുവാദം വാങ്ങി അനിരുദ്ധൻ എഴുതാൻ തുടങ്ങി. അമ്മ കിടപ്പായിട്ട് മാസങ്ങളായി. അമ്മയെ ചേട്ടനെയും ചേട്ടത്തിയെയും ഏൽപ്പിച്ചു പുറപ്പെടുമ്പോൾ നല്ല വിഷമമുണ്ടായിരുന്നു. ഇവിടെ എഴുത്തിന് നല്ല അന്തരീക്ഷമാണ്, ശാന്തമായ പ്രകൃതി. ഒന്നോ രണ്ടോ മണിക്കൂറുകൾ കഴിഞ്ഞിട്ടും ഒരു മടുപ്പുമില്ലാതെ എഴുതാൻ കഴിഞ്ഞു. ചിന്തകളുടെ കുത്തൊഴുക്കായിരുന്നു. മൂത്രമൊഴിക്കാനായി ഒന്നെഴുന്നേറ്റു, ആധുനിക രീതിയിലുള്ള ടോയ്ലറ്റ് ഉണ്ടായിട്ടും പടിഞ്ഞാറു വശത്തെ ചാവക്കാട് കുള്ളൻ തെങ്ങിൻ്റെ ചുവട്ടിലാണ് നിന്നത്. ഇന്നലെ രാത്രിയിലും രാവിലെയും ഇവിടെ തന്നെയാണ് മൂത്രമൊഴിക്കാൻ നിന്നത്. എത്ര നാളുകൾക്കു ശേഷമാണ് ഓപ്പൺ എയറിൽ മൂത്രമൊഴിക്കാൻ സാധിച്ചത്. പിറകിലൊരു നിഴലനക്കം. അനിരുദ്ധൻ തിരിഞ്ഞു നോക്കി. കയ്യിൽ മൊന്തയുമായി ഒരു സ്ത്രീ നിൽക്കുന്നു. മെലിഞ്ഞ ശരീരപ്രകൃതിയുള്ള, കോട്ടൺ സാരി ധരിച്ച ഒരു ചെറുപ്പക്കാരി. എണ്ണ തേയ്ക്കാതെ ചെമ്പിച്ച മുടിയിഴകൾ പറന്നു കിടക്കുന്നു. സാരി കണംകാലിൻ്റെ മുകളിൽ വച്ചാണ് ഉടുത്തിരിക്കുന്നത്. കാലിൽ കിടക്കുന്ന റബ്ബർ ചെരിപ്പിൽ ചാണകം ഒട്ടിപ്പിടിച്ചിരിക്കുന്നു. “പാത്രം എടുക്കാൻ വന്നതാണ് സാർ.” “കാഞ്ചന?” അവൾ തലയാട്ടിക്കൊണ്ട് വേലിയുടെ വിടവിലൂടെ കടന്നുപോയി. അനിരുദ്ധന് ചമ്മൽ തോന്നി, താൻ ചെയ്തത് അവൾ കണ്ടു കാണില്ലേ.
ഒരു സന്ധ്യാസമയത്ത് നാരായണൻ നായർ കയറി വന്നു. കയ്യിലൊരു മദ്യക്കുപ്പിയുമുണ്ടായിരുന്നു. പരസ്പരം കഥ പറഞ്ഞു വരാന്തയിലെ ഇരുണ്ട വെളിച്ചത്തിലിരുന്ന് വർത്തമാനം പറയാൻ നല്ല രസമുണ്ടായിരുന്നു. “സാർ പ്രണയിച്ചിട്ടുണ്ടോ? കഥാകാരന്മാർ തീവ്ര പ്രണയിതാക്കളാണെന്നാണല്ലോ പറയുന്നത്.” “പണ്ട് പ്രീഡിഗ്രി സമയത്ത് ഒരിഷ്ടമുണ്ടായിരുന്നു, പക്ഷേ എനിക്ക് പെണ്ണുങ്ങളെ സന്തോഷിപ്പിക്കാൻ അറിയാത്തതുകൊണ്ടാകും അവളെന്നെ തേച്ചിട്ട് പോയി.” “അതെന്നോട് കോശി സാർ പറഞ്ഞിട്ടുണ്ട്, നിങ്ങൾ കണ്ടുമുട്ടിയ കഥ, ആദ്യമായി കള്ളുകുടിച്ചു ബോധം പോയപ്പോൾ, എടുത്ത് തോളിലിട്ട് കോശി സാർ സ്വന്തം വീട്ടിൽ കൊണ്ടുപോയ കഥ.” “അതായിരുന്നു തുടക്കം. പിന്നെ ഞങ്ങൾ വർഷങ്ങൾക്കു ശേഷമാണ് വീണ്ടും കണ്ടുമുട്ടിയത്, ഞാൻ ഡിഗ്രി കഴിഞ്ഞ സമയത്ത്. നാരായണൻ നായർ പറഞ്ഞാൽ വിശ്വസിക്കില്ല, അതേ ബാറിൽ വച്ച്, എൻ്റെ അവസ്ഥ പഴയതുതന്നെയായിരുന്നു. വീണ്ടും ഒരു തേപ്പുകിട്ടി കുടിച്ച് കിളി പോയ അവസ്ഥ. ഇപ്രാവശ്യം എനിക്ക് രണ്ടു തല്ലു തന്നിട്ടാണ് കോശി എന്നെ എടുത്തു കൊണ്ടുപോയത്. എന്തിനാടാ കുടിച്ചത് എന്നെന്നോട് ചോദിച്ചപ്പോൾ മറ്റൊരു പെണ്ണും തേച്ച കാര്യം പറഞ്ഞു.” “വീണ്ടുമൊരു പ്രണയനൈരാശ്യമോ? അതെന്തായാലും കോശി സാറിനെ പരിചയപ്പെടാൻ കാരണമായല്ലോ.” “അതെ, പിന്നെ എന്നെ കോശി വിട്ടിട്ടില്ല. എന്നെക്കൊണ്ട് കഥകൾ എഴുതിച്ചു, അവൻ സിനിമകൾ നിർമ്മിച്ചു. ഞങ്ങളുടെ സൗഹൃദം നാൾക്കുനാൾ വളർന്നു വന്നു. ഇപ്പോൾ അവനൊരു ആഗ്രഹം, അവൻ്റെ നാടിൻ്റെ പശ്ചാത്തലത്തിൽ ഒരു പ്രണയകഥ ഞാൻ തന്നെ എഴുതണമെന്ന്. അതിനാ സർക്കാർ സർവീസിൽ നിന്നും ലീവ് എടുപ്പിച്ചു, എന്നെ ഇവിടെ കൊണ്ടുവന്നു നിർത്തിയത്. എനിക്കെങ്ങാനും പ്രണയിക്കാൻ അറിയുമോ, എഴുതാൻ അറിയുമോ? അറിയില്ല കോശി, നിൻ്റെ അവസ്ഥ എന്താകുമെന്ന്.” അനിരുദ്ധൻ കൈ രണ്ടും ഉയർത്തി. നാരായണൻ നായർ പൊട്ടിച്ചിരിച്ചു. “ചുമ്മാ പറയുന്നതാണ് നാരായണേട്ടാ, മാസികയിൽ പ്രസിദ്ധീകരിച്ച ‘ചുവന്ന പുഷ്പങ്ങൾ’ എന്ന നോവലിൽ അനിക്കുട്ടൻ മേഘയെ പ്രണയിക്കുന്നത്, എന്തൊരു രസമാണെന്ന് അറിയുമോ?” രണ്ടുപേരും തിരിഞ്ഞു നോക്കി, കാഞ്ചനയാണ്. അവൾ പെട്ടെന്ന് നാക്ക് കടിച്ചു. അവളാകട്ടെ അബദ്ധം പറ്റിയ പോലെ ചമ്മി നിൽക്കുന്നു. “നീ ഇതൊക്കെ വായിക്കുമോ കാഞ്ചനേ?” “അത് പിന്നെ, നമ്മുടെ വായനശാലയിൽ സാറിൻ്റെ ഒരു ബുക്ക് ഉണ്ടായിരുന്നു, സാറിൻ്റെ ഫോട്ടോ കണ്ടു ഞാൻ എടുത്തു വായിച്ചതാണ്, നല്ല എഴുത്താണ് ഈ സാറിൻ്റെ.” അവൾ അനിരുദ്ധനെ നോക്കി ചിരിച്ചു. ആദ്യമായിട്ടാണ് കാഞ്ചന ചിരിക്കുന്നത് അനിരുദ്ധൻ കണ്ടത്. നല്ല ഭംഗിയുള്ള പല്ലുകൾ, ഇടതു കവിളിലെ നുണക്കുഴി. കണ്ടുകൊണ്ടിരിക്കാൻ നല്ല രസം. അബദ്ധം പറ്റിയ പോലെ അനിരുദ്ധൻ നോട്ടം പിൻവലിച്ചു. അന്ന് രാത്രി മുഴുവൻ അയാൾ കാഞ്ചനയെക്കുറിച്ച് ചിന്തിച്ചു. നല്ലൊരു ജോലി കളഞ്ഞിട്ട് ഏതോ നാട്ടിൽ കഥയെഴുതാൻ വന്നു കിടക്കുന്നു. ഒരു ആരാധികയെ കണ്ടുമുട്ടി. ഈ നോവലിലെ നായികയ്ക്ക് കാഞ്ചനയുടെ മുഖച്ഛായ മതിയെന്ന് അനിരുദ്ധൻ തീരുമാനിച്ചു. അയാൾ നേരം വെളുക്കുന്നതുവരെ എഴുത്ത് തുടർന്നു.
രാവിലെ ഉണർന്നപ്പോൾ വളരെ വൈകി. തലേന്നത്തെ കെട്ട് വിട്ടിട്ടില്ല, പാൽ വന്നിട്ടില്ല. ചായ കുടിക്കാൻ അതിയായ ആഗ്രഹം തോന്നി. മുറ്റത്തെ ചാവക്കാടൻ കുള്ളൻ്റെ അടുത്തെത്തിയപ്പോൾ, കാഞ്ചന വേലിയുടെ വിടവിലൂടെ രണ്ടു മൂന്ന് പാത്രങ്ങളുമായി വന്നു. അനിരുദ്ധൻ്റെ പ്രവൃത്തിയെ ഗൗനിക്കാതെ അവൾ വീടിനകത്തേക്ക് പോയി. കാഞ്ചന അടുക്കളയിൽ എന്തോ ചെയ്യുകയാണ്, അവിടേയ്ക്കു കടന്നുചെല്ലാൻ അയാൾ മടിച്ചു. പല്ലു തേച്ച് എഴുത്തുമേശയിൽ വന്നിരിക്കുമ്പോൾ, ചായയും പലഹാരങ്ങളുമായി കാഞ്ചനയെത്തി. “എഴുത്തു നടക്കട്ടെ, പ്രാതൽ ഞാൻ ഉണ്ടാക്കിക്കൊണ്ടുവന്നിട്ടുണ്ട്.” പൂ പോലെ ഇഡലിയും വെളുവെളുത്ത ചമ്മന്തിയും. ഔചിത്യമൊന്നും നോക്കാതെ അവളുടെ മുന്നിൽ ഇരുന്നു കഴിക്കാൻ തുടങ്ങി. “നന്നായിട്ടുണ്ട്.” അവൾ ചിരിച്ചും കൊണ്ട് കാലിയായ പാത്രം വാങ്ങിക്കൊണ്ടു മടങ്ങിപ്പോയി. നായികയുടെ ചിത്രം തെളിഞ്ഞപ്പോൾ എഴുത്ത് ഉഷാറായി. രണ്ടാഴ്ച കഴിഞ്ഞു കോശി വന്നപ്പോൾ, പൂർത്തിയായ കഥ കാണിച്ചു. “അളിയാ റൊമാൻസ്, നീ പൊളിച്ചല്ലോ, പക്ഷേ നായകൻ ഇത് മനസ്സിൽ കൊണ്ട് നടന്നാൽ മതിയോ, പെട്ടെന്ന് അവളോട് തുറന്നു പറയണ്ടേ?” “വേണം,” എന്ന് അനിരുദ്ധൻ തലയാട്ടി. കോശി പോയപ്പോൾ തൻ്റെ നായകനെക്കൊണ്ട് പ്രണയാഭ്യർത്ഥന നടത്തിക്കാനായുള്ള തന്ത്രങ്ങൾ അനിരുദ്ധൻ മെനഞ്ഞു. എങ്ങനെ തുടങ്ങണമെന്നറിയാതെ കുഴഞ്ഞുപോയി. എഴുത്ത് നിന്നുപോയി. അനിരുദ്ധൻ തലയിൽ കൈ വച്ചിരുന്നുപോയി. കാഞ്ചന വരുമ്പോൾ അനിരുദ്ധൻ എഴുത്തുമേശയിൽ തല വച്ച് കിടക്കുകയാണ്, അവളുടെ സാന്നിധ്യം അയാൾ അറിഞ്ഞതേയില്ല. വൈകുന്നേരത്തെ ചായ റെഡിയാക്കി അവൾ അനിരുദ്ധനെ വിളിച്ചുണർത്താൻ നോക്കി. നല്ല ഉറക്കമാണ്. ചരിഞ്ഞു മേശമേൽ തലവച്ചു കിടക്കുന്ന അയാളുടെ തോളിൽ അവൾ മെല്ലെ തൊട്ടു. അയാൾ സ്വപ്നത്തിലെന്നപോലെ കണ്ണുകൾ തുറന്നു നോക്കി, പിന്നെ വീണ്ടും കണ്ണുകളടച്ചു. അവൾക്കു കൗതുകം തോന്നി. അയാളുടെ കവിളിൽ അവൾ വിരൽ കൊണ്ട് തലോടി. വിരലുകൾ ചുണ്ടിൽ തട്ടിയപ്പോൾ അനിരുദ്ധൻ ഉണർന്നു. തീയിൽ തൊട്ടതുപോലെ കാഞ്ചന തൻ്റെ കൈ പിൻവലിച്ചു. കാഞ്ചന കൊണ്ടുവച്ച ചായ കുടിക്കുമ്പോൾ അനിരുദ്ധൻ ഇടംകണ്ണ് കൊണ്ട് കാഞ്ചനയെ നോക്കി. അവൾ പരുങ്ങുന്നത് കണ്ടു അവന് കൗതുകം തോന്നി. നല്ല ഒരു സാഹചര്യമാണ്, അനിരുദ്ധൻ്റെ നായകന് നായികയോടുള്ള പ്രണയം തുറന്നു പറയാനുള്ള അവസരമാണ്. നായികയുടെ മൃദുലവശത്തെ പുറത്തുകൊണ്ടുവരണം. “എനിക്ക് നല്ല തലവേദനയായിരുന്നു, ചായ കുടിച്ചപ്പോൾ നല്ല ആശ്വാസം.” “ഞാൻ പോകട്ടെ, കുട്ടികൾ സ്കൂളിൽ നിന്നും വരാൻ സമയമായി, തലവേദനയ്ക്ക് മരുന്ന് വല്ലതും വാങ്ങണോ?” സാധാരണ കാഞ്ചന പോകുമ്പോൾ അവനോട് അനുവാദം വാങ്ങാറില്ല. ഇന്ന് ഇവൾക്ക് എന്തുപറ്റി? എന്തിനായിരുന്നു എൻ്റെ ചുണ്ടിലേയ്ക്ക് അവളുടെ വിരലുകൾ നീങ്ങിയത്? ഞാൻ നോക്കിയപ്പോൾ അവൾ പരുങ്ങിയതെന്തിന്? ഓർത്തപ്പോൾ അനിരുദ്ധനു ചിരി വന്നു.
കുളി കഴിഞ്ഞു അനിരുദ്ധൻ എഴുതാനിരുന്നു. നായകന്റെ മുറപ്പെണ്ണായ നായിക അടുക്കളയിൽ പാചകത്തിലാണ്, നായകൻ അവളുടെ പിന്നിൽ ചേർന്ന് നിന്നു. പരസ്പ്പരം ഒന്നും തുറന്നു പറയാതെ അവർ സ്നേഹിക്കുന്നു. നായികയുടെ വിവാഹം നേരത്തെ തീരുമാനിച്ചിരിക്കുന്നു, പക്ഷേ നായകൻ അവളെ മറ്റൊരാൾക്ക് വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. ഇവിടെ നായകൻ അവിവാഹിതനായ കഥാകാരനാണ്, നായിക ഒരു പാവം വീട്ടമ്മ, കുടിയനായ ഭർത്താവിന് മാരകമായ രോഗങ്ങളുണ്ടെന്ന് നായിക സംശയിക്കുന്നു. അതിനാൽ അയാൾ കുടിച്ചുവരുന്ന രാത്രികളിൽ അവൾ അയൽ വീടുകളിൽ അഭയം തേടുന്നു. അയാളുടെ ഭീഷണി കാരണം ആരും ഇപ്പോൾ അവൾക്ക് അഭയം കൊടുക്കാറില്ല. അതിനാൽ മേജർ സാബിന്റെ പുരയിടത്തിലെ പഴയ കാലിത്തൊഴുത്ത് അവൾക്കും കുഞ്ഞുങ്ങൾക്കും ഒളിക്കാനുള്ള ഇടമാണ്. അനിരുദ്ധൻ എഴുത്ത് തുടർന്നു. നായകൻ തൻ്റെ പ്രണയാഭ്യർത്ഥന വളരെ വൈകിയെന്ന് തിരിച്ചറിയുന്നു. അവൾ ഇഷ്ടമാണെന്ന് അവൻ പറയുന്നത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു. എഴുത്തിൽ ഹരം കയറിയ അനിരുദ്ധൻ ചുറ്റും നടക്കുന്നതൊന്നും അറിയുന്നില്ല. ഒന്ന് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോൾ മുന്നിൽ കാഞ്ചന നിൽക്കുന്നു. അവളുടെ കയ്യിലെ പാത്രം അയാളുടെ ശ്രദ്ധയിൽപ്പെട്ടു. അനിരുദ്ധൻ ചാവക്കാട് കുള്ളനെ ഒന്ന് വലം വച്ച് വന്നപ്പോഴേക്കും ചൂട് കഞ്ഞിയും പയറും അവൾ പാത്രത്തിൽ വിളമ്പി. അവൾ പോകാനായി ധൃതി വെച്ചു. “തലവേദന മാറിയോ?” “ഇല്ല, പക്ഷേ എഴുതാൻ നല്ല മൂഡ് തോന്നി. പിന്നെ വേദന വകവെച്ചില്ല.” “കഞ്ഞി കുടിച്ചിട്ട് വാതിൽ അടച്ചു കിടക്കണേ, ഉച്ചയ്ക്ക് വാതിൽ തുറന്നു കിടക്കുകയായിരുന്നു.” “അത് കൊണ്ടാണ് എനിക്ക് എഴുതാൻ പറ്റിയത്, നായികയുടെ കരസ്പർശം… നായകന് വല്ലാത്ത ഊർജ്ജം നൽകി.” അനിരുദ്ധൻ തൻ്റെ കവിളിൽ തലോടി. അയാൾ പറഞ്ഞത് ശ്രദ്ധിക്കാതെ തൻ്റെ കയ്യിലിരുന്ന ബാം അവൾ അയാളുടെ ചെന്നിയിൽ പുരട്ടി. ആ സമയത്ത് അയാൾ കണ്ണടച്ച് കസേരയിൽ ചാരി ഇരുന്നു. അവളുടെ കൈകളുടെ നൈർമല്യം, ബാമിൻ്റെ കുളിർമ, തന്നിലേക്ക് അഗ്നി പ്രവേശിക്കുന്നത് അനിരുദ്ധൻ അറിഞ്ഞു. പെട്ടെന്നായിരുന്നു, അനിരുദ്ധൻ അവളുടെ വിരലുകളിൽ ചുംബിച്ചു. കാഞ്ചന ഞെട്ടിപ്പോയി. അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടു അനിരുദ്ധൻ വല്ലാതെയായി. അവൾ അനിരുദ്ധന് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു. അനിരുദ്ധൻ എഴുന്നേറ്റ് അവളുടെ പിന്നിൽ അവളോട് ചേർന്നു നിന്നു. അയാളുടെ നിശ്വാസങ്ങൾ അവളുടെ പിൻകഴുത്തിൽ തട്ടി. കാച്ചെണ്ണയുള്ള മുടിയിഴകളെ അയാൾ ചുംബിച്ചു. ആദ്യമായാണ് അയാൾ ഒരു സ്ത്രീയോട് ഈ രീതിയിൽ പെരുമാറുന്നത്. അയാൾ തൻ്റെ രണ്ടു കൈകൾകൊണ്ടും അവളുടെ വയറിനെ ചുറ്റിപ്പിടിച്ചു തന്നോട് ചേർത്തു. അനുസരണയുള്ള പൂച്ചക്കുട്ടിയെപ്പോലെ അവൾ അവനോടു ചേർന്നു നിന്നു. അനിരുദ്ധൻ അവളെ തനിക്കഭിമുഖമായി തിരിച്ചു നിർത്തി. കാഞ്ചനയുടെ കണ്ണുകളിലെ തിളക്കം അയാൾ ശ്രദ്ധിച്ചു. അയാൾ അവളിലേക്ക് അലിയാൻ തുടങ്ങി. പെട്ടെന്ന് കാഞ്ചന അയാളെ തള്ളി മാറ്റി. “കുട്ടികൾ അവിടെ ഒറ്റയ്ക്കാണ്, ഞാൻ പോയി കഞ്ഞി കൊടുക്കട്ടെ.” അനിരുദ്ധന് നിരാശ തോന്നി. അയാൾ ചൂടുള്ള കഞ്ഞിയിൽ സ്പൂണിട്ട് ഇളക്കി. അവിടെ അയാൾക്ക് അവളുടെ സാന്നിധ്യം തോന്നി. അവളുടെ ചിരി, അവളുടെ മനോഹരമായ നുണക്കുഴി. അയാൾ ആർത്തിയോടെ കഞ്ഞി കുടിച്ചു പാത്രം കഴുകി കമഴ്ത്തി. അന്നയാൾക്ക് ഒരു വരി പോലും എഴുതാൻ സാധിച്ചില്ല. അയാൾ രണ്ടാഴ്ചയ്ക്കു ശേഷം അമ്മയെ വിളിച്ചു. കുറെ കാര്യങ്ങൾ അമ്മ പറഞ്ഞു, എഴുത്തിൻ്റെ കഷ്ടപ്പാടുകൾ അയാൾ അമ്മയോട് പറഞ്ഞു. അയാൾ ഉറങ്ങാൻ കിടന്നപ്പോൾ അയാളുടെ പതിവില്ലാതെ തലയിണയെ വാരിപ്പുണർന്നു.
വാതിലിൽ മുട്ടുകേട്ടാണ് ഉണർന്നത്. കുളിച്ച് തുളസികതിർ ചൂടിയാണ് കാഞ്ചന വന്നത്. അവൾ അയാളുടെ മുഖത്ത് നോക്കിയതേയില്ല. ഇന്നലത്തെ തൻ്റെ പ്രവൃത്തി അവൾക്ക് ഇഷ്ടമായി കാണില്ല. ചായ കൊണ്ടുവന്നു തന്നപ്പോൾ ഇന്ന് ഊണ് താൻ വീട്ടിൽ കൊണ്ടുവരാമെന്ന് അവൾ അറിയിച്ചു. “അതൊന്നും വേണ്ട, ഞാൻ കാരണം താൻ വല്ലാതെ ബുദ്ധിമുട്ടുന്നു.” അനിരുദ്ധൻ പിണക്കം നടിച്ചു പറഞ്ഞു. “അത് ഞാനല്ലേ തീരുമാനിക്കുന്നത്, ഇന്നെൻ്റെ പിറന്നാളാണ്. നമുക്ക് ഒന്നിച്ചിരുന്നു കഴിക്കാം. അങ്ങോട്ട് വിളിക്കണമെന്നുണ്ട്. പക്ഷേ ഈ നാട്ടാർക്ക് അതൊന്നും ഇഷ്ടമാവില്ല. ഇവിടെയാകുമ്പോൾ ആ പ്രശ്നമില്ലല്ലോ.” അപ്പോൾ അവൾക്ക് തന്നോട് പിണക്കമില്ല. എന്നാലും അവൾ പിറന്നാൾ സദ്യ തരുമ്പോൾ താനെന്താണ് അവൾക്കു പിറന്നാൾ സമ്മാനം നൽകുക? തൂശനിലയിൽ അവൾ ഒരുക്കിയ ചെറിയ സദ്യ മുഖാമുഖം നോക്കി കഴിക്കാനിരുന്നു. ആദ്യ ഉരുള അവളുടെ വായിലേയ്ക്ക് വച്ചുകൊടുത്തു, അവൾ ചിരിയോടെ അത് കഴിക്കുകയും അയാളുടെ വിരൽത്തുമ്പിൽ ഒരു കടി നൽകുകയും ചെയ്തു. സന്തോഷത്തോടെ അവർ പരസ്പരം നോക്കി പുഞ്ചിരിയോടെ ആഹാരം കഴിച്ചു. ഇടയ്ക്ക് അവളുടെ കണ്ണുകൾ നിറയുന്നത് അനിരുദ്ധൻ കണ്ടു. അയാൾ കാണാതെ വളരെ തന്ത്രപരമായി അവൾ അത് തുടച്ചുമാറ്റി. ഊണ് കഴിഞ്ഞു അവർ കഥകളെപ്പറ്റി തുറന്നു സംസാരിച്ചു. അനിരുദ്ധൻ്റെ കഥകളിലെ ആണുങ്ങൾക്കൊക്കെ ഇത്തിരി ധൈര്യക്കുറവുണ്ടെന്ന് കാഞ്ചന കളിയാക്കി. “ഞാൻ പോകട്ടെ, പാൽ വാങ്ങാൻ ഓരോരുത്തരായി വരും, എന്നെ കണ്ടില്ലേൽ കഥകൾ ഇറങ്ങും.” അനിരുദ്ധൻ വർണ്ണപ്പൊതികളിൽ പൊതിഞ്ഞ അയാളുടെ ഒരു കഥാസമാഹാരം അവൾക്കു നൽകി. “കഥാകാരൻ്റെ പിറന്നാൾ സമ്മാനം.” “അതെനിക്ക് ഇന്നലെ കിട്ടിയല്ലോ… സ്നേഹസമ്മാനം.” ഒരു കുസൃതിച്ചിരിയോടെ അവൾ അയാളുടെ കണ്ണുകളിൽ ഉറ്റുനോക്കി. അയാൾ അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു. അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.
മഴയുള്ളൊരു രാത്രി. കുടയും പിടിച്ചു ചാവക്കാടൻ്റെ അടുത്ത് പോയി വന്നപ്പോൾ തൊഴുത്തിലൊരു അനക്കം കേട്ടാണ് അനിരുദ്ധൻ പോയി നോക്കിയത്. നനഞ്ഞ തറയിലിരിക്കുന്ന കാഞ്ചന, അവളുടെ മടിയിൽ തലവച്ചു കിടന്നുറങ്ങുന്ന രണ്ടു കുഞ്ഞുങ്ങൾ. അനിരുദ്ധൻ അവളുടെ വീടിൻ്റെ ഭാഗത്തേയ്ക്ക് നടന്നു. അവിടെ ഇരുട്ടത്ത് അവളെ തേടി ഓടി നടക്കുന്ന അവളുടെ ഭർത്താവ്, ലോറിക്കാരൻ പ്രസാദ്. അയാളുടെ കയ്യിലെ തിളങ്ങുന്ന വെട്ടുകത്തിയും, കൂടെയുള്ള രണ്ടു ആണുങ്ങളെയും ഇരുട്ടിൽ മറഞ്ഞു നിന്ന് അനിരുദ്ധൻ വീക്ഷിച്ചു. അവർ ലോറി എടുത്ത് മറയുന്നത് വരെ അനിരുദ്ധൻ അവിടെ ഒളിച്ച് നിന്നു. ഉറങ്ങിക്കിടക്കുന്ന കുട്ടികളെ ഓരോരുത്തരെയായി അയാൾ വീട്ടിലേയ്ക്ക് എടുത്തുകൊണ്ടു നടന്നു. ഒടുവിൽ കാഞ്ചനയുടെ കൂടെ കുടക്കീഴിൽ നടക്കുമ്പോൾ അയാൾ അവളെ ചേർത്തുപിടിച്ചു. “ഞാൻ അവർക്ക് ഭക്ഷണം കൊടുത്തു, എന്നെക്കൂടി വേണമെന്ന് പറഞ്ഞപ്പോൾ… എനിക്കിനി അയാളുടെ ഒപ്പം വയ്യ. പല സ്ത്രീകളുടെ കൂടെ നടക്കുന്നവനാണ്, എന്തൊക്കെയോ സൂക്കേടുണ്ട്. എനിക്ക് കൂടി പിടിപെട്ടാൽ, വയ്യ. ഈ രണ്ടു പിള്ളേരെ വളർത്തണ്ടേ? താലി ഊരി എറിഞ്ഞുകൊടുക്കണമെന്ന് കരുതിയതാണ്.” “ഊരി എറിയാഞ്ഞതെന്താ?” കാഞ്ചന പൊട്ടിക്കരഞ്ഞു. അടികൊണ്ട് ചുവന്നു വീർത്ത അവളുടെ കവിളിൽ അയാൾ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. കുട്ടികളുടെ ദയനീയ മുഖം കണ്ടപ്പോൾ സംയമനം പാലിച്ചു. അവളെ തൻ്റെ നെഞ്ചോട് ചേർത്തു. “എന്തിനായിരുന്നു?” “നാളെ പോകില്ലേ എന്നെ വിട്ടിട്ട്? കോശി സാർ പറഞ്ഞതൊക്കെ ഞാൻ കേട്ടു. ഞാൻ വെറും ലോറിക്കാരൻ്റെ ഭാര്യയല്ലേ?” “അയാളുടെ വാക്കുകളാണോ നിനക്ക് മുഖ്യം? ഞാൻ പോയിട്ട് മടങ്ങിവരും. നിനക്കെന്നെ ഇതുവരെ മനസ്സിലായില്ലേ? നാരായണൻ നായർ വിവാഹമോചനത്തിൻ്റെ പേപ്പറുമായി വരും. ഒപ്പിട്ട് കൊടുക്കണം. ബാക്കിയൊക്കെ ഞാൻ നോക്കിക്കൊള്ളാം.” കാഞ്ചനയുടെ കണ്ണുകൾ നിറഞ്ഞു. “ഈ സാരി എനിക്ക് നന്നായി ചേരുന്നുണ്ടോ?” അവൾ ഉടുത്തിരുന്ന സാരി അനിരുദ്ധൻ ശ്രദ്ധിച്ചു. “കള്ളീ, ഇത് അലമാരയിൽ നിന്നും എപ്പോൾ എടുത്തുകൊണ്ടുപോയി?” അനിരുദ്ധൻ പൊട്ടിച്ചിരിച്ചു. അയാളവളെ ചേർത്തുപിടിച്ച് മൂർദ്ധാവിലും ചുണ്ടുകളിലും കവിളുകളിലും മാറിമാറി ചുംബിച്ചു. ആ ചുംബന മഴയിൽ മുങ്ങിത്താഴാതിരിക്കാൻ അവൾ അയാളുടെ ഷർട്ടിൽ മുറുകെ പിടിച്ചു.
ആ ചുംബനങ്ങളുടെ പെരുമഴക്കാലം ഒരു തുടക്കം മാത്രമായിരുന്നു. പുലരും വരെ തൻ്റെ ജീവിതകഥ അവൾ അവനോട് പറഞ്ഞു. അവൻ എഴുതുമ്പോൾ നോക്കിയിരിക്കുക, എഴുതുന്ന അവൻ്റെ പിന്നിൽ ചേർന്നു നോക്കി നിൽക്കുക, അവൻ്റെ തലയിൽ ചുംബിക്കുക, ചെവിയിൽ “അനിക്കുട്ടാ….” എന്ന് വിളിക്കുക, അപ്പോളവൻ അവളുടെ മാറിലേക്ക് തല ചേർത്ത് വച്ച് കണ്ണടച്ചിരിക്കും. “രണ്ടുപേർക്ക് പരസ്പരം ഇത്ര മാത്രം സ്നേഹിക്കാൻ കഴിയുമോ?” അനിരുദ്ധൻ തൻ്റെ സംശയം പ്രകടിപ്പിച്ചു. അതിനു മറുപടി പറയാതെ അവൾ അവനോട് കുറെക്കൂടി ചേർന്നു കിടന്നു. “ചില ചോദ്യങ്ങൾക്ക് ഉത്തരമില്ല. നമ്മുടെ ബന്ധം പോലെ, അത് ഹിതമാണോ, അഹിതമാണോ എന്നതടക്കം.” “അതിനു ഉത്തരമുണ്ട്, നീയും നിൻ്റെ സ്നേഹവും എനിക്ക് ഹിതമാണ്, മറ്റുള്ളവരുടെ അഭിപ്രായം എനിക്കറിയണ്ട.” രാവിലെ ഉണർന്നു കാഞ്ചനയെ കാത്തിരിക്കുകയായിരുന്നു. അവൾ അവൻ്റെ കവിളിൽ പതിവ് ചുംബനം നൽകി. “അമ്മയ്ക്ക് വയ്യാന്ന് ഏടത്തിയമ്മയുടെ ഫോൺ വന്നു, ആശുപത്രിയിൽ ആണ്, ഞാൻ ഒന്ന് നാട്ടിൽ പോയി വരാം.” അമ്മയ്ക്ക് ഭേദമായി. രണ്ടു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷമാണ് മടങ്ങി വന്നത്. ലീവ് അവസാനിക്കാറായി, എഴുത്ത് പാതിവഴിയിലാണ്. അതിനിടയ്ക്കാണ് മനസ്സിൽ പ്രണയം ചേക്കേറിയത്. കാഞ്ചനയെ അത്രമാത്രം ഇഷ്ടപ്പെട്ടുപോയി. രണ്ടു ദിവസത്തെ വിരഹദുഃഖം ചെറുതല്ലായിരുന്നു. “ഇത് ഇഷ്ടപ്പെട്ടോയെന്നു നോക്ക്.” അനിരുദ്ധൻ കൊടുത്ത നീല നിറത്തിലുള്ള സാരി അവൾ കവിളിൽ ചേർത്തു. “അയ്യോ ഇത് എനിക്ക് സ്വീകരിക്കാനാകില്ല. നൂറ് ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടി വരും.” അലമാരയിൽ ഇസ്തിരിയിട്ട് അടുക്കിവച്ചിരുന്ന ഷർട്ടുകളുടെ ഇടയിൽ അവൾ സാരി കൊണ്ടുവച്ചു. “ആദ്യമായി സ്നേഹത്തോടെ ലഭിച്ച പുടവയാണ്. പിരിഞ്ഞുപോകാൻ നേരം ഞാൻ കൊണ്ടുപോകാം.” അവളുടെ വാക്കുകൾ അനിരുദ്ധനെ വേദനിപ്പിച്ചു. അവൾ നിറകണ്ണുകളാൽ അവനെ നോക്കി. രണ്ടാഴ്ച ഉറക്കം പോലും ഉപേക്ഷിച്ച് അനിരുദ്ധൻ എഴുതി. “ജോലി തീർത്ത് പോകാൻ ധൃതിയായി അല്ലേ?” “ജോലി എത്രയും പെട്ടെന്ന് തീർക്കണം. പക്ഷേ പോകാൻ മനസ്സില്ല.” ഒരു ദിവസം രാവിലെ കുട്ടികളെ സ്കൂളിൽ വിട്ടിട്ട് കാഞ്ചന വന്നു. അന്നവൾ നല്ല സന്തോഷവതിയായിരുന്നു. “ഞാനിന്നലെ ഒരു സ്വപ്നം കണ്ടു. ഞാനും എൻ്റെ അനിക്കുട്ടനും കൂടെ കടൽത്തീരത്ത്…” “എന്നിട്ട് എന്താ ഉണ്ടായേ?” “അത് ഞാൻ പറയില്ല.” അനിരുദ്ധൻ കാഞ്ചനയെ തന്നിലേക്ക് ബലമായി ചേർത്തുപിടിച്ചു. “പറയാതെ നിന്നെ ഞാൻ വിടില്ല.” ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയതും തൊട്ടുപിന്നിൽ കോശി നിൽക്കുന്നു. “രണ്ടുപേരും കൂടി മേജർ സാറിന് ചീത്തപ്പേരുണ്ടാക്കിക്കൊടുക്കരുത്.” കാഞ്ചന തലകുനിച്ചു അവിടെ നിന്നിറങ്ങിപ്പോയി. “എന്താടാ, നിനക്ക് വേറെ ആരെയും കിട്ടിയില്ലേ? ഒരു ലോറിക്കാരൻ്റെ ഭാര്യയെ…” കഥയുടെ കാര്യത്തിൽ കോശി നൂറുശതമാനം തൃപ്തനായിരുന്നു. അന്ന് രാത്രിയിൽ ടൗണിൽ അതിൻ്റെ ആഘോഷം നടന്നു. അതിനിടയിൽ കാഞ്ചനയെ മറന്നുപോയി. കോശിയോട് രണ്ടു ദിവസത്തെ സാവകാശം ചോദിച്ചിട്ടുണ്ട്. ഞായറാഴ്ച കോശി കാറുമായി വരുമ്പോൾ നാട്ടിലേക്ക് മടങ്ങണം. വെറും രണ്ടു ദിവസമേയുള്ളൂ ഈ നാടിനെ പിരിയണം, തൻ്റെ പ്രിയപ്പെട്ട കാഞ്ചനയെ പിരിയണം. ഒരു തീരുമാനം ഉടൻ എടുക്കണം. അന്ന് കാഞ്ചനയെ കണ്ടില്ല. ആ രാത്രിയിൽ മൂത്രമൊഴിക്കാനായി കുറെ പ്രാവശ്യം എഴുന്നേറ്റു. ചാവക്കാട് കുള്ളൻ്റെ ചുവട്ടിൽ നിന്നാൽ അവളുടെ വീട് കാണാം. “അവളെന്താ വരാത്തത്? കോശി പറഞ്ഞത് എന്തിനാണാവോ അവൾ കാര്യമാക്കിയത്? ഞാനൊന്നും പറഞ്ഞില്ലല്ലോ. ഞാനല്ലേ അവളെ സ്നേഹിക്കുന്നത്?” വെളുപ്പാൻ കാലത്ത് ആരോ വാതിലിൽ മുട്ടുന്നു. മുന്നിൽ കാഞ്ചനയുടെ മൂത്തമകൻ. “മാമാ ഓടി വായോ അമ്മ. എന്ത് ആപത്ത് വന്നാലും മാമനെ വിളിക്കണമെന്ന് അമ്മ പറഞ്ഞിരുന്നു.” അവനോടൊപ്പം ഓടിച്ചെല്ലുമ്പോൾ കയറിൽ തൂങ്ങി പിടയുന്ന കാഞ്ചന. പെട്ടെന്ന് കയർ അറുത്തുവിട്ടു. കാഞ്ചന താഴെ വീണു. ദേഷ്യത്തിന് അവളുടെ രണ്ടു കവിളിലും മാറിമാറി അടിച്ചു. കുട്ടികളുടെ ദയനീയ മുഖം കണ്ടപ്പോൾ സംയമനം പാലിച്ചു, അവളെ തൻ്റെ നെഞ്ചോട് ചേർത്തു. “എന്തിനായിരുന്നു?” “നാളെ പോകില്ലേ എന്നെ വിട്ടിട്ട്? കോശി സാർ പറഞ്ഞതൊക്കെ ഞാൻ കേട്ടു. ഞാൻ വെറും ലോറിക്കാരൻ്റെ ഭാര്യയല്ലേ.” “അയാളുടെ വാക്കുകളാണോ നിനക്ക് മുഖ്യം? ഞാൻ പോയിട്ട് മടങ്ങിവരും. നിനക്കെന്നെ ഇതുവരെ മനസ്സിലായില്ലേ? നാരായണൻ നായർ വിവാഹമോചനത്തിൻ്റെ പേപ്പറുമായി വരും. ഒപ്പിട്ടുകൊടുക്കണം. ബാക്കിയൊക്കെ ഞാൻ നോക്കിക്കൊള്ളാം.” കാഞ്ചനയുടെ കണ്ണുകൾ നിറഞ്ഞു. “ഈ സാരി എനിക്ക് നന്നായി ചേരുന്നുണ്ടോ?” അവൾ ഉടുത്തിരുന്ന സാരി അനിരുദ്ധൻ ശ്രദ്ധിച്ചു. “കള്ളീ, ഇത് അലമാരയിൽ നിന്നും എപ്പോൾ എടുത്തുകൊണ്ടുപോയി?” അനിരുദ്ധൻ പൊട്ടിച്ചിരിച്ചു. അയാളവളെ ചേർത്തുപിടിച്ച് മൂർദ്ധാവിലും ചുണ്ടുകളിലും കവിളുകളിലും മാറിമാറി ചുംബിച്ചു.
✍️✍️ നിഷ പിള്ള