എന്തുവാടെ, പെണ്ണിന്റെ മുഖം വല്ലാതെ ഇരിക്കുന്നത്?”

ഉമ്മയുടെ കൂടെ പോണം” എന്ന് പറഞ്ഞ് ഏറെ അവൻ വാശി പിടിച്ചു. ഒരു മൂന്ന് വയസ്സുകാരൻ, ഷാഹിൽ. അവന് അറിയില്ലായിരുന്നു അവന്റെ ഉമ്മയുടെ വിവാഹമാണ് അന്ന് എന്ന്. ഒടുവിൽ അവന്റെ വെല്ലിമ്മ അവനെയും എടുത്ത് വീടിനു പുറകിൽ പോയി. ഓരോന്ന് കാട്ടിക്കൊടുത്ത് അവന്റെ ശ്രദ്ധതിരിച്ചു. അവന്റെ ഉമ്മ പോകാൻ നേരം അവനെ തിരഞ്ഞിരുന്നോ എന്നറിയില്ല, ഉണ്ടായിരിക്കില്ല; കാരണം അവനെ കണ്ടാൽ ചിലപ്പോൾ അവർക്ക് പോകാൻ കഴിഞ്ഞെന്ന് വരില്ല. സുൽഫത്തിന്റെ ആദ്യത്തെ വിവാഹത്തിലെ കുഞ്ഞാണ് അത്, ഷാഹിൽ. അവനെ മൂന്ന് മാസം ഗർഭിണി ആയിരിക്കുമ്പോൾ ആണ് അയാൾക്ക് ചെറിയ നെഞ്ചുവേദന വന്ന് ഈ ലോകത്തോട് തന്നെ വിട പറഞ്ഞ് പോയത്. ഒത്തിരി ഷോക്ക് ആയിരുന്നു അത് സുൽഫത്തിനെ സംബന്ധിച്ചിടത്തോളം. പക്ഷേ എന്നിട്ടും ആ കുഞ്ഞിനെ അവൾ പത്തു മാസം ചുമന്ന് പ്രസവിച്ചു.

 

കുഞ്ഞിന് ഒരു വയസ് ആയപ്പോൾ തുടങ്ങിയതാണ് രണ്ടാം കെട്ടിനുള്ള നിർബന്ധം. തന്നെ ജീവനുതുല്യം സ്നേഹിച്ച റഹ്മാന്റെ ഓർമ്മയിൽ കഴിഞ്ഞോളാം എന്നായിരുന്നു അവളുടെ തീരുമാനം. പക്ഷേ അത് ആരും അംഗീകരിച്ചില്ല. പെണ്ണിന് ഒരു തുണ വേണമെന്നും ഇല്ലെങ്കിൽ തനിച്ചായി പോകുമെന്നും എല്ലാവരും ഉപദേശിച്ചു. അതൊന്നും അവൾ ചെവിക്കൊണ്ടില്ല. കുറെനാൾ തന്റെ കുഞ്ഞിനെയും വെച്ച് അവൾ പൊരുതി, അവസാനം തോറ്റ് മടങ്ങേണ്ടി വന്നു. അവസാനം തന്റെ കുഞ്ഞിനെ എങ്കിലും അംഗീകരിക്കുന്ന ഒരാളെ വിവാഹം ചെയ്യാമെന്ന് അവൾ സമ്മതിച്ചു. പക്ഷേ വന്നവർ ആർക്കും ആ കുഞ്ഞിനെ ഏറ്റെടുക്കാനുള്ള മനസ്സ് ഉണ്ടായിരുന്നില്ല, ബാധ്യതയാവുമത്രേ. അതുകൊണ്ടുതന്നെ അവളുടെ ആ ആവശ്യവും തിരസ്കരിക്കപ്പെട്ടു. ഷാഹിലിന്റെ സംരക്ഷണം അവളുടെ ഉമ്മ ഏറ്റെടുത്തു.

 

പുതിയ ജീവിതം സുൽഫത്തിന് തീർത്തും സന്തോഷകരമായിരുന്നു എങ്കിലും ഷാഹിലിനെ കുറിച്ചുള്ള ഓർമ്മകൾ അവളെ അവിടെയും തളർത്തി. ഒരിക്കൽ അവൾ അവളുടെ ഭർത്താവിനോട് അനുനയത്തിൽ പറഞ്ഞുനോക്കി ഷാഹിലിനെ കൂടി ഇങ്ങോട്ട് കൊണ്ടുവരാമെന്ന്. അവൻ അരികിൽ ഇല്ലാത്ത നിമിഷത്തിൽ എല്ലാം അവൾക്ക് വല്ലാത്ത മാനസിക പിരിമുറുക്കമാണ് എന്നും പറഞ്ഞു. സ്നേഹസമ്പന്നനായ അയാൾ അത് സമ്മതിച്ച് ഷാഹിലിനെ അവിടേക്ക് കൂട്ടി. പക്ഷേ എല്ലാവർക്കും ഇതൊന്നും ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. അയാളുടെ ഉമ്മയും മറ്റു ബന്ധുക്കളും ഇതിനെതിരെ തിരിഞ്ഞു. ഉള്ളതും ഇല്ലാത്തതുമായ പല കുറ്റങ്ങളും ആ പിഞ്ചു പൈതലിന്റെ തലയിൽ വെച്ചുകെട്ടി. ഇതിലും ഭേദം അവൻ സ്വന്തം വീട്ടിൽ നിൽക്കുകയാണെന്ന് സുൽഫത്തിനും തോന്നിത്തുടങ്ങി. ഒന്നുമില്ലെങ്കിൽ മറ്റുള്ളവർ അവനെ പഴി പറയുന്നതെങ്കിലും കേൾക്കേണ്ടല്ലോ. അവനെ വീണ്ടും സ്വന്തം വീട്ടിലേക്ക് പറഞ്ഞയക്കുമ്പോൾ, ആ കുഞ്ഞ് പോവില്ല എന്നും പറഞ്ഞ് കരയുന്നുണ്ടായിരുന്നു. അവൾ അത് കേട്ടില്ലെന്ന് നടിച്ചു. അവളുടെ നിസ്സഹായത അവളെക്കൊണ്ട് അത് ചെയ്യിപ്പിച്ചു.

 

ഷാഹിലും ആകെ തകർന്നു. കരയുമ്പോൾ അലിയുന്ന തന്റെ ഉമ്മാക്ക് പകരം, മിഴികൾ തോരാതെ ചെവി കൊട്ടിയടച്ചവരെ കാണെ, ഷാഹിലിന്റെ സ്വഭാവം ക്രമേണ മാറാൻ തുടങ്ങി. പ്രിയപ്പെട്ടവരുടെ സ്നേഹം നിഷേധിച്ചപ്പോൾ അവനും നിഷേധിയായി മാറി. ആരെയും കൂസാതായി. ആരാലും നിയന്ത്രിക്കാൻ ആവാതെ. ഒടുവിൽ, “ഓനൊരു കുരുത്തം കെട്ടോനാ” എന്നും പറഞ്ഞ് അവനെ എല്ലാവരും ഒഴിവാക്കി. “കുരുത്തം കെട്ടവൻ…” അവനും അത് തന്നെ നല്ലത് എന്നോർത്തു. അപ്പോഴാണ് അവന്റെ ജീവിതം തന്നെ മാറ്റിമറിക്കാൻ ഒരു മാലാഖയെ പോലെ അവർ എത്തിയത്, സ്കൂളിലെ അവന്റെ പുതിയ ടീച്ചർ.

 

അവന്റെ നിഷേധത്തരം ഇത്തിരി ഒന്നും അല്ല അവരെ ദേഷ്യം പിടിപ്പിച്ചത്. ആദ്യം അവനോട് മര്യാദയുടെ ഭാഷയിൽ പറഞ്ഞു നോക്കി. കേൾക്കുന്നില്ല എന്ന് കണ്ടപ്പോൾ ശിക്ഷിച്ചു. എന്നിട്ടും അവനിൽ യാതൊരു വ്യത്യാസവും കാണാൻ കഴിയാഞ്ഞപ്പോഴാണ് അവനെക്കുറിച്ച് ഒന്നു തിരക്കിയത്. അവന്റെ കാര്യങ്ങൾ അറിഞ്ഞ് അവനോട് സഹതാപം തോന്നി ടീച്ചർക്ക്. സ്നേഹം കൊണ്ട് മാത്രമേ അവനെ തിരുത്താൻ കഴിയൂ എന്ന് അവർക്ക് മനസ്സിലായി. അവൻ പോലുമറിയാതെ സ്നേഹം കൊണ്ട് അവർ അവനെ കൂടെ കൂട്ടി. ക്രമേണ അവന്റെ സ്വഭാവത്തിൽ മാറ്റം കണ്ടുതുടങ്ങി. ടീച്ചറുടെ അവനോടുള്ള സമീപനം അവനിൽ മാറ്റങ്ങൾ വരുത്തി. പഠനത്തിൽ അവൻ ശ്രദ്ധിക്കാൻ തുടങ്ങി. അവൻ പഠിച്ചില്ലെങ്കിൽ ടീച്ചർക്ക് അത് വിഷമം ആവും എന്ന് അവനറിയാമായിരുന്നു. ടീച്ചർക്ക് വേണ്ടി അവൻ പഠിച്ചു. മറ്റുള്ളവരോട് മോശം രീതിയിൽ പെരുമാറിയാൽ അത് ടീച്ചർക്ക് വിഷമം ആകും എന്നറിഞ്ഞ അവൻ ആ സ്വഭാവവും ഉപേക്ഷിച്ചു. ടീച്ചർക്ക് വേണ്ടി അവൻ ഒരു നല്ല കുട്ടിയായി.

 

നന്നായി പാടാൻ കഴിവുള്ള കുട്ടിയാണ് അവൻ എന്ന് ടീച്ചർക്ക് ആദ്യമേ അറിയാമായിരുന്നു. അവനിലെ ആ കഴിവ് കണ്ടെത്തിയതും ടീച്ചർ അവന് പ്രോത്സാഹനം നൽകി. സ്കൂൾ വിട്ട് കഴിഞ്ഞ് അവിടെ ഒരു വീട്ടിൽ അവനെ പാട്ടുപഠിക്കാൻ ചേർത്തി. ശാസ്ത്രീയമായി അഭ്യസിച്ചാൽ അവൻ നല്ലൊരു പാട്ടുകാരൻ ആയിത്തീരുമെന്ന് ടീച്ചർക്ക് ഉറപ്പുണ്ടായിരുന്നു. നാളുകൾ കൊഴിഞ്ഞു വീണു. ഏറ്റവും നല്ല ഗായകനുള്ള അവാർഡ് ഏറ്റു വാങ്ങുമ്പോൾ മൈക്ക് അവന് കൈമാറ്റം ചെയ്തു. രണ്ടു വാക്ക് സംസാരിക്കാൻ വേണ്ടി. “നിങ്ങളുടെ മുന്നിൽ അഭിമാനത്തോടെ തല ഉയർത്തി ഞാൻ ഇന്ന് നിൽക്കുന്നുണ്ടെങ്കിൽ അതിന് ഒരാൾ മാത്രമാണ് കാരണം. എന്റെ ടീച്ചറമ്മ.” ഒരു നിധി പോലെ ദൈവം എന്റെ ജീവിതത്തിൽ ചേർത്തു വച്ചവർ. അവർ ആ സ്കൂളിലേക്ക് മാറ്റം വാങ്ങി വന്നില്ലായിരുന്നെങ്കിൽ ഒരിക്കലും അവൻ എവിടെയും എത്തുമായിരുന്നില്ല. അതുകൊണ്ട് തന്നെ ആ മഹനീയ സാന്നിധ്യത്തിൽ ഞാൻ ഈ പുരസ്‌കാരം വാങ്ങാൻ ആഗ്രഹിക്കുന്നു. “നിങ്ങൾക്ക് എന്റെ ടീച്ചർ അമ്മയെ കാണണോ?” എന്ന് അവൻ സദസ്സിനോട് ചോദിച്ചു.

 

ഐക്യകണ്ഠേന “വേണം” എന്നായിരുന്നു മറുപടി. സദസ്സിനെ മുന്നിൽ കൂനികൂടിയിരിക്കുന്ന തന്റെ ടീച്ചർ അമ്മയെ അവൻ പോയി എഴുന്നേൽപ്പിച്ചു സദസ്സിന് മുന്നിൽ കൊണ്ടുവന്നു. എല്ലാവരും കയ്യടിയോടെയാണ് അവരെ സ്വീകരിച്ചത്. സദസ്സിന് മുന്നിൽ ടീച്ചറമ്മ കൈകൂപ്പി നിന്നു. അവാർഡ് ഏറ്റ് വാങ്ങുന്നതിനു മുമ്പ് ടീച്ചറമ്മ അവന്റെ ചെവിയിൽ എന്തോ പറഞ്ഞു. അവൻ അതിന് തലകുലുക്കി സമ്മതിച്ചു. അപ്പോൾ ടീച്ചറമ്മ വിളിച്ചതിൻ പ്രകാരം, അവർ എഴുന്നേറ്റു വന്നു, സുൽഫത്ത്, അവന്റെ പെറ്റുമ്മ. ഏവരും അവരെ ഉറ്റു നോക്കി. ടീച്ചറമ്മയുടെയും സ്വന്തം ഉമ്മയുടെയും സാന്നിധ്യത്തിൽ അവൻ ആ സമ്മാനം ഏറ്റു വാങ്ങി. പിന്നെ സംസാരിച്ചത് ടീച്ചർ ആയിരുന്നു. “ഷാഹിൽ എന്നെ നിങ്ങൾക്ക് പരിചയപ്പെടുത്തി. ഒരാൾ കൂടി ഉണ്ട് നിങ്ങൾ അറിയാൻ. അവന്റെ പെറ്റ ഉമ്മ. നീറി നീറി അവനായി ജീവിച്ചവർ. എനിക്ക് വിളിച്ച് എന്റെ കുഞ്ഞിനെ കൈവിടല്ലേ എന്ന് പറഞ്ഞവർ. അതൊന്നും മകൻ അറിയാതിരിക്കാൻ, അറിഞ്ഞാൽ വീണ്ടും അവൻ നിഷേധി ആവും എന്ന് വിചാരിച്ച് രഹസ്യമാക്കാൻ ശ്രമിച്ചവർ. വിട്ട് നിന്നവന്റെ വളർച്ച കണ്ടവർ. ഇന്നെന്നെ ക്ഷണിച്ചെങ്കിൽ അവരും കൂടെ വേണം എന്ന് എനിക്ക് നിർബന്ധമായിരുന്നു. ഇപ്പോ പൂർണ്ണമായി.” അതെല്ലാം ഷാഹിലിനു പുതിയ അറിവുകൾ ആയിരുന്നു. കിട്ടിയ പുരസ്‌കാരത്തോടൊപ്പം രണ്ട് അമ്മമാരെയും ചേർത്തു പിടിക്കുമ്പോൾ ഒരു സദസ്സ് മുഴുവൻ അവനൊപ്പം സന്തോഷം കൊണ്ട് വിതുമ്പിയിരുന്നു.

 

J. K.

Leave a Reply

Your email address will not be published. Required fields are marked *