✍️ ശ്രീജിത്ത് ഇരവിൽ
ബസ്സിൽ ഇരിക്കുമ്പോഴാണ് തുടയിടുക്കിൽ നനവ് അനുഭവപ്പെടുന്നത്. മെൻസ്ട്രുവൽ കപ്പ് വെച്ചില്ലല്ലോയെന്ന് ബസ്റ്റോപ്പിൽ നിന്ന് ഓർത്തതായിരുന്നു. അപ്പോഴേക്കും ബസ്സ് വന്ന് നിന്നത് കൊണ്ടാണ്. അല്ലെങ്കിൽ, അടുത്തുണ്ടായിരുന്ന കടയിൽ നിന്ന് പാഡെങ്കിലും വാങ്ങി ബാഗിൽ കരുതുമായിരുന്നു. ഇതിപ്പോൾ, ജോലി സ്ഥലത്തേക്ക് എത്തുന്നത് വരെ എങ്ങനെയാണെന്ന് ഓർത്തിട്ട് ഒരു സമാധാനവുമില്ല.
വലിയ തിരക്കൊന്നും ഇല്ലാത്തത് കൊണ്ട് ഞാനൊരു മുഴുവൻ സീറ്റിൽ ഉള്ള് വിയർത്ത് അങ്ങനെ ഇരിക്കുകയാണ്. ഭൂമിയിലെ വരും തലമുറയെ സ്വാഗതം ചെയ്യാനൊരു പെണ്ണ് പൂക്കുന്നതാണെന്നൊക്കെ പറയാൻ കൊള്ളാമെന്നല്ലാതെ ആർത്തവകാലമെന്നത് അത്രയ്ക്ക് സുഖമുള്ള കാര്യമൊന്നുമല്ല.
എന്നെ സംബന്ധിച്ചാണെങ്കിൽ പ്രസവത്തിന് ശേഷമുള്ള മാസമുറ യാതൊരു കൃത്യനിഷ്ഠതയുമില്ലാത്ത വിരുന്നാളിയാണ്. കലണ്ടറിൽ ചുമ്മാ തീയതിക്ക് വട്ടമിട്ട് കളിക്കാമെന്നല്ലാതെ ഈയിടെയായി ഒരിക്കൽ പോലും കണക്ക് ശരിയായിട്ടില്ല.
ലക്ഷണമായി ചിലപ്പോൾ തലയിലോ, വയറിലോ, പേശിയിലോ വേദന ആയിരിക്കും. മറ്റ് ചിലപ്പോൾ യാതൊന്നും വെളിപ്പെടില്ല. ഇന്നലെ മാറിടത്തിൽ നല്ല വേദനയുണ്ടായിരുന്നു. സന്ദേഹമായത് കൊണ്ട് കപ്പും വെച്ചതാണ്. പക്ഷേ, ഇന്ന്… എന്റെ ശരീരത്തെ എനിക്ക് മനസിലാക്കാനേ പറ്റുന്നില്ല…
മോന് ഇപ്പോൾ മൂന്ന് വയസ്സായി. ഇല്ലാത്ത ലീവുണ്ടാക്കി ഡോക്റ്ററെയൊക്കെ കാണിച്ചതാണ്. പ്രത്യേകിച്ച് മാറ്റൊന്നുമില്ല. ഹോര്‍മോണല്‍ വ്യത്യാസം കൊണ്ട് യൂട്രസില്‍ വളരുന്ന ഫൈബ്രോയ്ഡുകള്‍ കാരണമാണ് ഇങ്ങനെയെന്നാണ് ആ മാഡം പറഞ്ഞത്. എംബ്രോയിഡ് വർക്ക് പോലെ ഗർഭാശയത്തിൽ മുഴയെന്ന് സാരം. തുടക്കമാണ് പോലും. വൈകാതെ തുടർ ചികിത്സ നടത്തിയില്ലെങ്കിൽ സംഗതി വഷളാകുമെന്നും ഡോക്റ്റർ പറഞ്ഞിരുന്നു. നമുക്ക് അതിനൊക്കെ എവിടെയാ നേരം. നിവർത്തിയില്ലാതെ വന്നപ്പോഴാണ് മുലപ്പാലിന്റെ മണം മാറാത്ത കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ച് ചെറുതാണെങ്കിൽ ചെറുതെന്ന ഈ ജോലിയുമായി ജീവിതം തുഴയുന്നത്…
‘ചേച്ചീ.. കുറച്ചങ്ങോട്ട് നീങ്ങിയിരുന്നാൽ എനിക്ക് കൂടി ഇരിക്കാമായിരുന്നു.’
ഒരു ചെറുപ്പക്കാരന്റെ ശബ്ദമാണ്. നീങ്ങിയിരിക്കാനുള്ള പ്രയാസം ഞാൻ ഭാവിച്ചെങ്കിലും അവനത് മനസ്സിലായില്ല. ഇറങ്ങേണ്ട സ്റ്റോപ്പ് എത്താറായെന്ന് കണ്ടപ്പോൾ ഞാൻ പതിയേ എഴുന്നേറ്റു. ബസ്സിന്റെ മുൻവശ ഡോറിലേക്ക് നടക്കുമ്പോൾ തുടയിലൂടെയൊരു പഴുതാര ഇഴയുന്നത് പോലെയാണ് അനുഭവപ്പെട്ടത്. ഞാൻ കാലുകളെ പിണച്ച് വെച്ചു. എപ്പോൾ ഓർത്താലും കരയാൻ പാകമാണ് ആ ദുരവസ്ഥയെ ജീവൻ കൊണ്ടിരിക്കുന്നത്…
ബസ്സ് നിന്നു. കണ്ടക്റ്റർ വായ കൊണ്ട് ധൃതി പിടിക്കുകയാണ്. അകത്തേക്ക് കയറാൻ നിൽക്കുന്ന യാത്രക്കാരിലേക്ക് പതിയേ ഞാൻ ഇറങ്ങി. അപ്പോഴേക്കും, ഞാൻ നിന്നയിടത്തും, പടികളിലും, രക്തമിറ്റ് വീണിരുന്നു.
ഇറങ്ങാതെ നിന്നത് കൊണ്ടാണെന്ന് തോന്നുന്നു കണ്ടക്റ്ററൊരു വെളിച്ചപ്പാട് ആയത്. മനസിലായിട്ടും, മനസിലാകാത്ത വിധം ദേഷ്യപ്പെട്ടതാണോയെന്നും അറിയില്ല. ആൾക്കാർ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. ഞാൻ കരഞ്ഞില്ല. പെണ്ണാണെന്നും, തനതായ പ്രത്യേകതകളുടെ കാര്യത്തിൽ എപ്പോഴും മുൻകരുതൽ വേണമെന്ന വിധം വെയിൽ നെറ്റിയിൽ തല്ലി പഠിപ്പിക്കുന്നത് പോലെ..
ഏറെ വിയർത്തിരിക്കുന്നു. ഞാൻ തെറ്റി തുടച്ചു. ആരും പറഞ്ഞില്ലെങ്കിലും, തൂവാലയെടുത്ത് ബസ്സിന്റെ തറയും, പടികളിലും തുടച്ച് ഇറങ്ങി നിന്നു.
നല്ല ബ്ലീഡിംഗ് ഉണ്ടെന്ന് അറിയുന്നത് കൊണ്ട് ഒരടി നടക്കാൻ പറ്റിയില്ല. ബസ്സിൽ നിന്ന് ചിലരൊക്കെ ചിരിക്കുന്നതിനോടൊപ്പം ഇതൊക്കെ ശ്രദ്ധിച്ചിട്ട് വരണ്ടേയെന്ന ഉപദേശവും ഉയർത്തുന്നുണ്ട്.
ലോകത്തിന് മുഴുവൻ കുറ്റപ്പെടുത്താൻ പാകം തെറ്റ് ചെയ്തുവോയെന്ന് സംശയിച്ച് പോയി. സഹായിക്കേണ്ട. പരിഹസിക്കാതിരുന്നൂടെ… സ്വന്തം കുടുംബത്തിലെ ഏതൊരു പെണ്ണിനും സംഭവിക്കാവുന്ന അബദ്ധം തന്നെയല്ലേ ഇതും… ഓർത്തപ്പോൾ നിയന്ത്രണം വിട്ടുപോയി…
‘നിനക്കൊന്നും അമ്മയും പെങ്ങൾമ്മാരൊന്നും ഇല്ലെടാ…?’
ബസ്സിൽ നിന്ന് പുറത്തേക്ക് തലയിട്ട് നോക്കുന്ന മുഖങ്ങളോട് ഞാൻ ആക്രോശിച്ചു. ശേഷം, മണ്ണിൽ തറച്ച അമ്പിന് ജീവൻ വെച്ചത് പോലെ കരയുകയായിരുന്നു. രക്തപ്പശയിൽ കാലടികൾ ചെരുപ്പുമായി ഒട്ടിപ്പോയോയെന്ന് വരെ സംശയിച്ചു.
ശരിയാണ്. ശ്രദ്ധിക്കണമായിരുന്നു. മറന്ന് പോയി. ഒരിക്കലും ക്ഷമിക്കാൻ പറ്റാത്തയൊരു തെറ്റായിരുന്നു ആ മറവിയെന്ന് അന്നാണ് ബോധ്യമാകുന്നത്. ലോകം വാനോളം പുകഴ്ത്തുന്ന പെണ്ണിന്റെ പൂക്കാലത്തുള്ളികളെ കാണുമ്പോൾ നെറ്റി ചുളിയുന്ന ഈ ലോകത്തിനോട് ആ നിമിഷം വല്ലാത്ത വെറുപ്പ് തോന്നി…
‘ചേച്ചീ…’
ബസ്സിനകത്ത് നിന്ന് സീറ്റിനായി മാറിയിരിക്കാമോയെന്ന് ചോദിച്ച ചെറുപ്പക്കാരൻ തോളിൽ പിടിച്ചാണ് അങ്ങനെ വിളിച്ചത്. ഒന്നും അങ്ങോട്ട് പറയേണ്ടി വന്നില്ല. അവൻ ഓട്ടോ വിളിച്ചു. അതിലേക്ക് കയറി ഇരിക്കാനുള്ള താങ്ങായും നിന്നു. ഓഫീസിലേക്ക് പോയാൽ മതിയെന്ന് ഞാനാണ് പറഞ്ഞത്. പോകുന്ന വഴിയിലെ മെഡിക്കൽ സ്റ്റോറിൽ നിന്ന് പാഡും, ആവശ്യ പ്രകാരം തുണിക്കടയിൽ നിന്നൊരു ചുരിദാറും, അടിവസ്ത്രവും അവൻ എനിക്കായി വാങ്ങി തന്നു.
ഈ ലോകത്തെ ഒന്നടങ്കം വെറുക്കാതിരിക്കാൻ ദൈവം അയച്ചതാണ് അവനെയെന്ന് ആ നേരങ്ങളിലൊക്കെ വിശ്വസിക്കാൻ തോന്നുകയായിരുന്നു. ഭദ്രമായി എന്നെ ഇറക്കിയപ്പോൾ അവനോട് നന്ദി പറയാൻ നന്നേ വിഷമിച്ചു.
അമ്മയും പെങ്ങളുമില്ലാത്ത ചില നാണം കെട്ടവർ അത്രയ്ക്കൊന്നും പറഞ്ഞില്ലായിരുന്നുവെങ്കിൽ കരയുന്ന സാഹചര്യത്തിലേക്ക് പോകില്ലായിരുന്നുവെന്ന് ചിരിക്കാനുള്ള ശ്രമത്തോടെ ഞാൻ പറഞ്ഞിരുന്നു.
ആർത്തവ ക്രമത്തിനുമപ്പുറം, വാക്കുകളിൽ പോലും എത്രത്തോളം ശ്രദ്ധ വേണമെന്ന ഓർമ്മപ്പെടുത്തലായിരുന്നു പോകാൻ നേരമുള്ള ആ ചെറുപ്പക്കാരന്റെ മറുപടി. ഇനിയൊരു പുരുഷനോടും ആവർത്തിക്കാൻ പാടില്ലാത്ത വിധം ഇപ്പോഴും ആ ശബ്ദം കാതുകളിൽ മുഴങ്ങുന്നുണ്ട്…
‘എന്നാൽ, ഞാനും ആ നാണം കെട്ടവരെ പോലെ തന്നെയാ ചേച്ചി… എനിക്കും പെങ്ങളൊന്നുമില്ല… അമ്മയെ കണ്ടിട്ട് പോലുമില്ല…!!!’
ശ്രീജിത്ത് ഇരവിൽ