വെറും പത്തു വയസ്സിന്റെ കാര്യം മാത്രം പറയാതെ അനിയേട്ടാ… കെട്ടിയാലൊരു കൊച്ചും കൂടി സൗജന്യമെന്ന് ചേർക്ക് അതിനൊപ്പം…

✍️ രജിത ജയൻ

“നിന്നെക്കാളൊരു പത്തു വയസ്സ് കൂടുതലുണ്ടെന്നേയുള്ളു എനിയ്ക്ക്… ഞാൻ കെട്ടാടീ നിന്നെ… നീ സമ്മതിയ്ക്ക്…

അമ്പലത്തിൽ നിന്നിലചീന്തിൽ കിട്ടിയപ്രസാദവുമായ് വീട്ടിലേക്കുള്ള വഴി തിരിയാനൊരുങ്ങിയ അമ്മു തനിയ്ക്ക് പുറകിൽ നിന്നു കേട്ട ആ സംസാരത്തിലൊന്നു തിരിഞ്ഞു നോക്കിയതും കണ്ടു മൂന്നര വയസ്സുകാരി മകളെയും തോളിലേറ്റി ചിരിയോടെ നിൽക്കുന്ന അനീഷിനെ…

വെറും പത്തു വയസ്സിന്റെ കാര്യം മാത്രം പറയാതെ അനിയേട്ടാ… കെട്ടിയാലൊരു കൊച്ചും കൂടി സൗജന്യമെന്ന് ചേർക്ക് അതിനൊപ്പം…

മുഖം നിറയുന്ന ചിരിയോടെ പറയുന്നതിനൊപ്പം കയ്യിലെ ഇലചീന്തിൽ നിന്നിത്തിരി ചന്ദനമെടുത്ത് അനീഷിന്റെ തോളിലിരിക്കുന്ന ചക്കി മോളുടെ നെറ്റിയിൽ തൊട്ടു അമ്മു…

“ഇന്നും പെണ്ണ് കാണൽ ഉണ്ടല്ലേ…?
ഇതെങ്കിലും നടക്കുവോ അമ്മൂ…? ഇതെത്ര നാളായി തുടങ്ങീട്ട്… എത്ര പേരുടെ മുന്നിലാ ചെന്നിങ്ങനെ നിന്നു കൊടുക്കുന്നത്…?

അമ്മുവിന്റെ മുഖത്തെ ചിരി മങ്ങി പോയനീഷിന്റെ ഓരോ ചോദ്യത്തിനും… മറുപടിയൊന്നും പറയാതെ അനീഷിൽ നിന്ന് മുഖം തിരിച്ച് അമ്മു വേഗം തന്റെ വീടിനു നേർക്ക് നടന്നതും അവൾ പോവുന്നത് വേദനയോടെ നോക്കി തിരിഞ്ഞു നടന്നു അനീഷും

മൂന്ന് സഹോദരന്മാരുടെ ഏക സഹോദരിയാണ് ഇരുപത്തിയേഴുക്കാരിയായ അമ്മു…

കുടുംബവും ജോലിയുമൊക്കെയായ് ദൂരെ സ്ഥലങ്ങളിലേക്ക് സഹോദരന്മാർ താമസം മാറി പോയപ്പോൾ അമ്മയേയും തറവാടിനെയും നോക്കാനൊരാളായ് മാറിയിരുന്നു അമ്മു അവർക്ക്…

വാതത്തിന്റെയും ഒപ്പം ശ്വാസം മുട്ടിന്റെയും പ്രശ്നം ഉള്ളതുകൊണ്ട് അമ്മയെ നോക്കാൻ ഏട്ടന്മാരുടെ ഭാര്യമാർക്ക് വയ്യ… അമ്മുവിനു വരുന്ന ഓരോ ആലോചനയും ഓരോ കാരണങ്ങൾ കണ്ടെത്തി മുടക്കുന്നത് അവളുടെ ഏട്ടന്മാർ തന്നെയാണ്… അതമ്മുവിന് അറിയില്ലെന്നു മാത്രം…

വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ചിന്തിച്ചു കൊണ്ട് അനീഷൊന്ന് തിരിഞ്ഞു നോക്കുമ്പോഴേക്കും അവളുടെ വീടിനുള്ളിലേക്ക് കയറിയിരുന്നു അമ്മു…

ആരായിരുന്നമ്മൂ വഴിയിൽ…?
നീ സംസാരിച്ചു നിൽക്കുന്നത് കണ്ടല്ലോ…?

ഒന്നും അറിയാത്തതുപോലെ വന്നു സംസാരിക്കുന്നത് മൂത്ത ഏട്ടന്റെ ഭാര്യയാണ്…

വൈകുന്നേരം മടങ്ങുമ്പോൾ കൊണ്ടുപോവാനുള്ള തേങ്ങയും മറ്റു സാധനങ്ങളുമെല്ലാം എടുത്തൊതുക്കി വയ്ക്കുകയാണവർ….

അവരുടെ പ്രവർത്തി അല്പനേരം നോക്കി നിന്ന അമ്മു കണ്ടു അവരോടൊപ്പം തന്നെ വീടിനകത്തും പുറത്തും നിന്ന് ഓരോന്നായ് പെറുക്കിയെടുത്ത് കൊണ്ടുപോവാൻ ശേഖരിയ്ക്കുന്ന മറ്റു രണ്ട് ഏടത്തി അമ്മമാരേയും അവരെ അതിനു സഹായിക്കുന്ന തന്റെ ഏട്ടന്മാരെയും…

സത്യം പറഞ്ഞാൽ തന്റെ പെണ്ണുകാണലിന്റെ പേരിൽ അവിരിവിടേയ്ക്ക് വരുന്നതീ കെട്ടിപ്പെറുക്കലിനല്ലേന്നോർത്തൊരു പരിഹാസചിരി അമ്മുവിന്റെ ചുണ്ടിലും തെളിഞ്ഞു…

നീയെന്താടി പെണ്ണേ ഒന്നും മിണ്ടാത്തത്…? ആരായിരുന്നു വഴിയിൽ …?

അമ്മുവിന്റെ ആലോചനയോടെയുള്ള നിൽപ്പ് കണ്ട് അവളുടെ കയ്യിലൊന്നു തട്ടി ഏടത്തിയമ്മ

“അത് അനീഷേട്ടനായിരുന്നു …
ചക്കി മോള് കരഞ്ഞപ്പോ കൊണ്ടു നടന്നതാണ്…

“ആ ചെക്കന്റെയൊരു കാര്യം കഷ്ടം തന്നെയാണ്…. ഒരു കല്യാണം കഴിച്ച് കൊച്ചൊന്ന് ആയതും പ്രസവിച്ച് ഇരുപത്തെട്ട് തികയാൻ നിൽക്കാതെ അവനേം ആ പൊടിക്കുഞ്ഞിനേം കളഞ്ഞവന്റെ ഭാര്യ മുൻ കാമുകന്റെ കൂടെ പോയെന്നുള്ളത് എനിയ്ക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റണില്ല…

ഒരാശ്ചര്യത്തോടെ പറയുന്ന മൂത്ത ഏടത്തിയേയും അതിനു പിന്താങ്ങി സംസാരിക്കുന്ന മറ്റുള്ളവരെയും വെറുതെയൊന്ന് നോക്കി നിൽക്കുമ്പോൾ അമ്മു ഓർത്തത് അനീഷിനെയാണ്….

“വിവാഹശേഷവും അവളുടെ മനസ്സിൽ അയാൾ ആയിരുന്നെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊരു വിഡ്ഡി വേഷം കെട്ടിയാടില്ലായിരുന്നുവെന്ന് കണ്ണീരോടെ കരഞ്ഞുപറഞ്ഞ അനീഷിന്റെ മുഖം മനസ്സിൽ തെളിഞ്ഞതും ഒരുനീറ്റലിൽ പിടഞ്ഞവൾ

“എന്റെ അമ്മുവേ.. ഒന്ന് കണ്ണെഴുതി പൊട്ടു തൊട്ടുടേ നിനക്ക്… ഒന്നൂല്ലെങ്കിലും ഈ നടക്കുന്നത് നിന്റെ പെണ്ണുകാണൽ അല്ലേ മോളെ…?
ഇതെങ്കിലും നടന്നില്ലെങ്കിൽ പിന്നെ അടുത്ത മംഗല്യ യോഗം നിനക്ക് മുപ്പത്തിയെട്ട് വയസ്സിലാ… കൊല്ലം എത്ര കഴിയണം അതിന്…?
നന്നായിട്ടൊന്നൊരുങ്ങി നിന്നേ നീ…

അമ്പലത്തിൽ പോയി വന്ന വേഷത്തോടെ നിൽക്കുന്ന അമ്മുവിനെ സ്നേഹത്തോടെ ശാസിച്ച് വീട്ടിനകത്തേയ്ക്ക് പറഞ്ഞയക്കുന്ന തങ്ങളുടെ മൂത്ത സഹോദരനെ ചുണ്ടിലൂറിയ പുഞ്ചിരിയോടെ നോക്കി നിന്നു രണ്ടിനയൻമാരും…

അവർക്കറിയാം എന്തെങ്കിലും കാരണം കണ്ടെത്തി ഈ വരുന്ന ആലോചനയും ആദ്യം മുടക്കുന്നതീ ഏട്ടൻ തന്നെയാവുമെന്ന്.. അമ്മു തറവാട്ടിൽ തന്നെ വേണമെന്ന് എല്ലാവരെക്കാളും അധികം നിർബന്ധം ഏട്ടനാണ് …

വീട്ടിനെയും പറമ്പിനെയും അമ്മയേയും നോക്കാൻ അവളെക്കാൾ നല്ലൊരു ജോലിക്കാരിയെ അയാൾക്ക് വേറെ കിട്ടാനില്ലല്ലോ…

ആളും ബഹളവും നിറഞ്ഞ പെണ്ണ് കാണലിനൊടുവിൽ വന്ന ചെക്കനും കൂട്ടരും ഈ ബന്ധം ശരിയാവില്ലെന്നു പറഞ്ഞിറങ്ങിയതോടെ കല്യാണം മുടക്കാൻ കാരണങ്ങൾ നിരത്തി കൊണ്ടിരുന്നവർ നിശബ്ദരായ് ഓരോയിടത്തായ് ചെന്നിരുന്നു

“ഇനി എന്താ അമ്മാ ചെയ്യുക, ഈ ആലോചനയും നടക്കില്ല … രണ്ടാഴ്ച്ച കൂടി കഴിഞ്ഞാൽ അമ്മുവിന് വയസ്സ് ഇരുപത്തിയേഴ് തികയുകയും ചെയ്യും.. പിന്നൊരു കല്യാണ യോഗം മുപ്പത്തിയെട്ടിലാണ് ഇവൾക്ക്… അതിനിനിയും പത്തു കൊല്ലം കഴിയണം… എന്താ ചെയ്യേണ്ടതിനി….?

സങ്കടവും നിരാശയും ശബ്ദത്തിൽ ആവോളം കലർത്തി ചോദിക്കുന്ന തന്റെ മകനെ അല്പനേരം വെറുതെ നോക്കി നിന്നു അമ്മ

“എന്തു ചെയ്യാനാ.. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി നിങ്ങൾ ശ്രമിച്ചി ല്ലേ… ഇതൊക്കെ ഓരോ യോഗാണ്… അവളുടെ യോഗം എന്താണോ അതുപോലെ നടക്കും കാര്യങ്ങൾ… നിങ്ങൾ ഇവിടെ നിന്നിനി സമയം കളയാതെ പോവാൻ നോക്ക്… ബാക്കിയെല്ലാം വരുംപ്പോലെ വരും…. ”

മൂന്നാൺ മക്കളെയും നോക്കി പറഞ്ഞമ്മ അകത്തേയ്ക്ക് നടന്നതും അമ്മയ്ക്ക് പിന്നാലെ ചെന്നു അമ്മുവും…

ഒരാഴ്ച കഴിഞ്ഞൊരു ദിവസം വീട്ടുമുറ്റത്തേയ്ക്ക് ഒന്നിനു പുറകെ ഒന്നായ് മൂന്നു വണ്ടികൾ പാഞ്ഞു വന്നു നിൽക്കുന്നതും നോക്കി ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു അമ്മ

കാറിൽ നിന്നിറങ്ങി ഓടിയണഞ്ഞെന്ന പോലെ തനിയ്ക്ക് മുമ്പിൽ നിരന്നു നിൽക്കുന്ന ആൺമക്കളെയും ഭാര്യമാരെയും ചുണ്ടിലെ പുഞ്ചിരി മായാതെ നോക്കി അമ്മ

“ഇതെന്തൊക്കെയാണമ്മേ ഇവിടെ നടക്കുന്നത്…? മകളെ കെട്ടിച്ചു കൊടുക്കാൻ ഒരു കുട്ടിയുള്ള രണ്ടാം കെട്ടുക്കാരനെ മാത്രമേ കണ്ടുള്ളു അമ്മ….?

ദേഷ്യത്തിൽ വിറച്ചു ചോദിക്കുന്ന മൂത്ത മകൻ

അനീഷ് നേരത്തെ വിവാഹം കഴിച്ചതുകൊണ്ടവനൊരു കുട്ടിയുണ്ടായ്… നിങ്ങളുടെ പെങ്ങളെ നിങ്ങൾ നേരത്തിന് കെട്ടിക്കാത്തതു കൊണ്ട് അവൾക്ക് കുട്ടികളൊന്നും ഉണ്ടായില്ല… ഇതിലെവിടെയാണ് അനീഷിന് കുറ്റം… എനിയ്ക്ക് എന്റെ മകളെ മുപ്പത്തിയെട്ടുവയസു വരെ ഇവിടെ കെട്ടാ പെണ്ണായ് ഇരുത്താൻ സമ്മതമില്ലായിരുന്നു… അവളെ ഇഷ്ടമാണെന്നു പറഞ്ഞ് വന്നൊരുവന് ഞാനവളെ കെട്ടിച്ചു കൊടുത്തു… എന്റെ കടമയും കഴിഞ്ഞു നിങ്ങളുടെ ഭാരവും ഒഴിഞ്ഞു… പിന്നെന്താ…?

കൂസലേതുമില്ലാതെ ചോദിക്കുന്ന അമ്മയ്ക്ക് മുമ്പിൽ ഉത്തരമില്ലാതെ മൂവരും നിൽക്കുമ്പോൾ അനീഷിനൊപ്പം വീടിനകത്തു നിന്നിറങ്ങി വന്നു അമ്മു

അമ്മുവിന്റെ അഴിഞ്ഞുലഞ്ഞു പോയ സാരിയും നെറ്റിയിലെ പരന്ന സിന്ദൂരവും അവളിലെ പെണ്ണിന്റെ ഭാര്യയിലേക്കുള്ള മാറ്റം വിളിച്ചോതുന്നുണ്ടായിരുന്നു

“കെട്ടിക്കേറി നേരത്തോട് നേരം തികയും മുമ്പ് അവന്റെ കൂടെ കിടക്കാനാണ് അവൾക്ക് തിരക്ക്…”

അമ്മുവിനെയാകെ ഉഴിഞ്ഞു നോക്കി വെറുപ്പോടെ മൂത്ത ഏടത്തിയമ്മ പറഞ്ഞതും അവളെ നെഞ്ചിലേക്ക് ചേർത്തവരുടെ മുമ്പിൽ വന്നു നിന്നു അനീഷ്…

അത് നിങ്ങൾ പറഞ്ഞത് സത്യമാണ് ട്ടോ… ഞാനൊരു പെണ്ണിനെ അറിഞ്ഞിട്ട് വർഷങ്ങളായ്… ഇവളാണെങ്കിൽ ഇത്രയും വർഷായിട്ട് ആണെന്താണെന്ന് അറിഞ്ഞിട്ടും ഇല്ല… അപ്പോ പിന്നെ കിട്ടിയ നേരം കൊണ്ട് ഞങ്ങളതൊന്നു പരസ്പരം അറിഞ്ഞു പങ്കുവെയ്ക്കുകയായിരുന്നു… ബുദ്ധിമുട്ടുണ്ടോ ഏ…ടത്തിയമ്മയ്ക്ക്….?

പുറകിൽ നിൽക്കുന്ന അമ്മ കേൾക്കില്ലെന്നുറപ്പിച്ച് ശബ്ദം കുറച്ചവൻ ചോദിച്ചതും വിളറി വെളുത്തു എല്ലാവരും

കൂടുതൽ സംസാരത്തിനൊന്നും നിൽക്കാതെ കയ്യിൽ കിട്ടിയ സാധനങ്ങളും പെറുക്കി തങ്ങൾ വന്ന വാഹനങ്ങളിലേക്ക് തിരികെ കയറാനൊരുങ്ങിയ സഹോദരങ്ങളുടെ മുമ്പിലേക്ക് ചെന്നമ്മു

“അമ്മയെ കാണാൻ വേണ്ടി മാത്രമാണെങ്കിൽ വരാം നിങ്ങൾക്കിനി ഇങ്ങോട്ട്… അതല്ലാതെ ഇനിയീ വീട്ടിലേക്ക് ഇവിടുന്നെന്തെങ്കിലും വാരിക്കൊണ്ടുപോവാമെന്ന് കരുതി വരരുത് ആരും.. നിങ്ങൾക്കുള്ളതെല്ലാം നിങ്ങളാദ്യമേ ചോദിച്ചു വാങ്ങി വിറ്റു കളഞ്ഞതാ…
ഇവിടെയിനി ഉള്ളതെല്ലാം എന്റേതു മാത്രമാണ്… അമ്മേടെ വീതം ഉൾപ്പെടെ എനിയ്ക്കാണ്… ഈ സമ്പത്ത് സ്വന്തമാക്കാൻ വേണ്ടി എന്നെയിവിടെ കെട്ടാ ചരക്ക് ആക്കി നിർത്താൻ നോക്കിയതല്ലേ എല്ലാവരും കൂടി… ഇനിയിവിടെന്നൊരു മൺത്തരി പോലും പതിയരുത് നിങ്ങളുടെ കാലിൽ…”

വാരി പെറുക്കി അവരെടുത്ത സാധനങ്ങളിലേക്ക് നോട്ടമിട്ട് അമ്മു പറഞ്ഞതും ആകെ നാണം കെട്ടുപോയവർ കയ്യിലുള്ളതെല്ലാം തിരികെയിട്ട് വേഗത്തിൽ അവിടെ നിന്ന് പടിയിറങ്ങിപോകുന്നത് വല്ലാത്തൊരു ആത്മനിർവൃതിയോടെ നോക്കി നിന്നു അമ്മുവും അനീഷും….

ശുഭം

രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *