രണ്ടാനച്ഛൻ
✍️ Prajith Surendrababu
**************
” തന്തയായി കൂടെ കൂടിയവൻ തന്നെ തക്കം കിട്ടിയപ്പോൾ പെഴപ്പിച്ചതല്ലേ നിന്നെ.. നിനക്കതങ്ങ് സുഖിച്ചോണ്ടല്ലെടി പുല്ലേ തള്ളയെ പോലും അറിയിക്കാതെ നീ അത് മറച്ചു വച്ചേക്കുന്നെ .. എന്നിട്ട് ഇപ്പോൾ എന്റെ മുന്നിൽ പതിവൃത ചമയുവാണോ അസത്തെ…… ”
കലി തുള്ളിയുള്ള നന്ദന്റെയാ ചോദ്യത്തിന് മുന്നിൽ വല്ലാതെ പതറിപ്പോയി കല്യാണി. ഉള്ളിന്റെയുള്ളിൽ താൻ തന്നെ കുഴിച്ചു മൂടിയ ഭൂതകാലത്തിലെ ആ നടുക്കുന്ന നിമിഷങ്ങൾ ഒരു നിമിഷം വീണ്ടും അവളെ വേട്ടയാടി.നടുങ്ങി തരിച്ചു നിൽക്കുമ്പോൾ അവൾ അറിഞ്ഞില്ല നന്ദന്റെ വിരലുകൾ തന്റെ ഉടലിൽ അങ്ങിങ്ങായി ഓടിതുടങ്ങിയത്.
പെട്ടെന്ന് സ്വബോധം വീണ്ടെടുക്കവേ അറപ്പോടെ ആ കൈകൾ തട്ടി മാറ്റി കല്യാണി.
” തൊട്ടു പോകരുത് എന്നെ….. ഇറങ്ങി പോ വെളിയിൽ…. ഇറങ്ങി പോകാൻ.. ”
കോപത്താൽ ഉറഞ്ഞു തുള്ളി നിൽക്കുന്ന അവളുടെ മുന്നിൽ ഒന്ന് പതറി നന്ദൻ.
” എന്തിനാടി പുല്ലേ … നീയിങ്ങനെ തുള്ളുന്നേ… തള്ള പുറത്ത് പോയ സമയം നോക്കി നിന്റെ രണ്ടാനച്ഛൻ തന്നാ എന്നെ ഇങ്ങട് പറഞ്ഞു വിട്ടേ… കൊതി തീരെ മോളെ ഒന്ന് സ്നേഹിച്ചു വരാനായിട്ട് പ്രതിഫലമായി കാശും കുറച്ചങ്ങ് വാങ്ങി അയാൾ …. എതിർത്താൽ ഭീഷണിയിലൂടെയെങ്കിലും കാര്യം സാധിക്കാനായി അങ്ങേരു തന്നാ നിന്നെ അനുഭവിച്ച ആ പഴയ കഥ എനിക്ക് പറഞ്ഞു തന്നതും”
ആ വാക്കുകൾ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങവേ ഉള്ളു പിടയുന്ന വേദനയോടെ പിൻ തിരിഞ്ഞ കല്യാണിയുടെ മുന്നിലേക്ക് വീണ്ടും കയറി നിന്നു നന്ദൻ
” നോക്ക് കല്യാണി ആരും അറിയില്ല… കുറച്ചു സമയം… കുറച്ചു സമയം എന്നോട് ഒന്ന് സഹകരിക്ക് നീ… പ്ലീസ്…. ”
പ്രതീക്ഷയോടെ മുന്നിൽ നിന്നപേക്ഷിക്കുന്ന നന്ദന്റെ മുഖത്തേക്ക് ഒരിക്കൽ കൂടിയൊന്ന് നോക്കി അവൾ. തീക്കനലെരിയുന്ന ആ മിഴികൾ കോപത്താൽ ജ്വലിച്ചു.ആ നോട്ടത്തിന്റെ തീഷ്ണതയ്ക്കു മുന്നിൽ അടിമുടി ഉരുകിപ്പോയി നന്ദൻ. ഇനി അധിക സമയം അവിടെ തുടരുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കി നിരാശയോടെ അവൻ പുറത്തേക്ക് നടന്നു.
” നിന്നെ എന്റെ കയ്യിൽ കിട്ടും നോക്കിക്കോ.. ”
പല്ലിറുമ്മി ദേഷ്യം കടിച്ചമർത്തിക്കൊണ്ടവൻ ദൂരേയ്ക്ക് നടന്നകലുമ്പോൾ സർവ്വ നിയന്ത്രണവും വിട്ട് പൊട്ടി കരഞ്ഞു പോയി കല്യാണി.
അപ്പോഴാണ് അകത്തേ മുറിയിൽ അവളുടെ ഫോൺ ശബ്ദിച്ചത്. ഓടി ഫോണിനരികിൽ എത്തുമ്പോൾ സ്‌ക്രീനിൽ വിഷ്ണുവിന്റെ പേര് തെളിഞ്ഞു കാണവേ അറിയാതെ തന്നെ അവളുടെ വിരലുകൾ കോൾ ബട്ടണിൽ അമർന്നു.
“കല്യാണി….. ഒരു സന്തോഷ വാർത്തയുണ്ടെടോ അങ്ങിനെ കഠിന പരിശ്രമത്തിന്റെയും കാത്തിരിപ്പിന്റെയുമൊടുവിൽ എനിക്ക് എസ് ഐ സെലെക്ഷൻ കിട്ടി …. ഇനി ജോലിയും കൂലിയും ഇല്ലാത്ത ആ പഴയ വിഷ്ണു നാരായണൻ അല്ല ഞാൻ … സന്തോഷമായില്ലേ നിനക്ക്.. ഒക്കെ നിന്റെ പ്രാർത്ഥനകളുടെ കൂടി ഫലമാണ്.ഇനി നമുക്ക് ആ പഴയ സ്വപ്‌നങ്ങൾ വീണ്ടും നെയ്തു കൂട്ടാമെടോ… അധികം വൈകാതെ തന്നെ ചങ്കൂറ്റത്തോടെ നിന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കും ഞാൻ ഇനി. ”
ഒറ്റ ശ്വാസത്തിൽ വിഷ്ണു ആഹ്ലാദമറിയിക്കവേ ആ വാക്കുകളിലെ സന്തോഷം തൊട്ടറിയുവാൻ കഴിഞ്ഞില്ല
കല്യാണിക്ക്.. അവളുടെ ഏങ്ങലുകൾ കാതിൽ പതിയവേ പെട്ടെന്ന് വിഷ്ണുവും ആശങ്കയിലായി.
” കല്യാണി… ഇതെന്താ നീ കരയുവാണോ… എന്താ.. എന്താ.. പറ്റ്യേ നിനക്ക്…… ”
ചോദ്യത്തിന് മുന്നിൽ അവൾ നിശ്ശബ്ദയാകുമ്പോൾ ഒരു നിമിഷം വിഷ്ണുവിന്റെ മനസ്സിലും ഒരു ആശങ്ക ഉടലെടുത്തു.. വിറയാർന്ന ശബ്ദത്തിൽ അവൻ വീണ്ടും ആരാഞ്ഞു
” കല്യാണി…… അയാൾ വീണ്ടും നിന്നെ എന്തെങ്കിലും ……… ”
വാക്കുകൾ മുഴുവിപ്പിക്കുന്നതിനു മുന്നേ തന്നെ ഇടയ്ക്കു കയറിയിരുന്നു അവൾ
” ഇല്ല ഏട്ടാ… അങ്ങനെയൊന്നുമില്ല പക്ഷേ ….. ”
“പിന്നെ….. പിന്നെ എന്താ ഉണ്ടായേ…. എന്തിനാ നീ ഇങ്ങനെ കരയുന്നെ..അമ്മ ഇല്ലേ അവിടെ…. കാര്യം എന്തായാലും വ്യക്തമായി പറയ് എന്നോട് ”
ആ വാക്കുകളിലെ ഗൗരവം തൊട്ടറിയവേ.. മിഴികൾ തുടച്ചു കൊണ്ട് അല്പം മുന്നേ അരങ്ങേറിയ സംഭവങ്ങൾ നടുക്കത്തോടെ വിവരിച്ചു തുടങ്ങി കല്യാണി.
” ഏട്ടാ അമ്മ പുറത്തു പോയേക്കുവാ.. ആ തക്കം നോക്കി … അമ്മാവന്റെ മോൻ നന്ദേട്ടൻ ഇവിടേക്ക് വന്നു ഇപ്പോൾ…. ചുമ്മാ വന്നതല്ല.. അയാൾ… എന്റെ രണ്ടാനച്ഛൻ തന്നെ പറഞ്ഞു വിട്ടതാ അയാളെ .. എന്നെ ചീത്തയാക്കാനായിട്ട്…
നന്ദേട്ടനോട് പഴയതെല്ലാം പറഞ്ഞു അയാൾ….. എന്റെ മുഖത്ത് നോക്കി നന്ദേട്ടൻ ചോദിച്ചു നീ പിഴച്ചവൾ അല്ലേ എന്ന്…. പെട്ടെന്നു അത് കേട്ടപ്പോൾ തകർന്നു പോയി ഞാൻ ”
വിങ്ങി പൊട്ടിയ അവളെ ആശ്വസിപ്പിക്കുവാൻ കഴിയാതെ ഒരു നിമിഷം കുഴഞ്ഞു വിഷ്ണു.
“എന്നിട്ട്… എന്നിട്ട് നിനക്കെന്തെങ്കിലും…. ”
ആ ചോദ്യം പൂർത്തിയാക്കുവാൻ വല്ലാതെ ഭയന്നു വിഷ്ണു
” ഇല്ല ഏട്ടാ… ഒന്നും സംഭവിച്ചില്ല… ആട്ടി പായിച്ചു ഞാൻ അവനെ… പക്ഷേ ഇനി… പകയോടെയാ അവൻ ഇറങ്ങി പോയെ… എന്റെ ജീവിതം ഇനി ഇവിടെ തീരും ഏട്ടാ… പിഴച്ചവൾ എന്ന മുദ്ര ഇനി എനിക്ക് മേൽ ചാർത്തപ്പെടും ”
വേദനയോടുള്ള കല്യാണിയുടെ വാക്കുകൾ കേൾക്കെ വിഷ്ണുവിന്റെ ഉള്ളം നീറി.അൽപ സമയം നിശബ്ദനാകുമ്പോൾ തന്നെ ഉള്ളിൽ ഒരു സുപ്രധാന തീരുമാനമെടുത്തിരുന്നു അവൻ.
” കല്യാണി വിഷമിക്കാതെ… ഒന്നും പറ്റിയില്ലല്ലോ നിനക്ക് …. പക്ഷേ ഇനി നീ ആ വീട്ടിൽ നിൽക്കുന്നത് പന്തിയല്ല…. അധികം കാക്കുന്നില്ല.. ഇന്ന് വൈകുന്നേരം തന്നെ ഞാൻ വരും നിന്നെ വിളിക്കാനായി… ഇറങ്ങി വരണം എനിക്കൊപ്പം… അമ്മയെ ഓർത്തു വിഷമിക്കേണ്ട ഞാൻ സംസാരിച്ചോളാം അമ്മയോട്…… ”
വിഷ്ണുവിന്റെ ഉറച്ച തീരുമാനത്തിന് മുന്നിൽ ഒരു നിമിഷം മറുപടി പറയുവാൻ കഴിയാതെ നിശബ്ദയായി അവൾ …
” വിഷ്ണുവേട്ടാ…. ഒന്നുകൂടി ചിന്തിച്ചിട്ട് പോരെ… ഏട്ടന് ഞാൻ ചേരില്ല… ഞാൻ പിഴച്ചവളാ..അതും അച്ഛനായി കണ്ടവൻ തന്നെ… ഈ എന്നേക്കാൾ നല്ലൊരു കുട്ടിയെ ഏട്ടന് കിട്ടും…. അത് കൊണ്ട്… ”
“നിർത്ത് കല്യാണി… കൂടുതൽ പറയേണ്ട ഇനി….”
മുഴുവിക്കുന്നതിനു മുന്നേ തന്നെ വിഷ്ണു സംഭാഷണത്തിനിടയിലേക്ക് കയറവേ പെട്ടെന്ന് നിശബ്ദയായി കല്യാണി.ആ നിശബ്ദതയെ മനസ്സിലാക്കിയിട്ടെന്നോണം വിഷ്ണു വീണ്ടും തുടർന്നു
” ടോ…..ഞാൻ ഇഷ്ടപ്പെട്ടത് നിന്റെ മനസ്സ് ആണ്.അല്ലാതെ ശരീരമല്ല… അത് ഇതുവരെയും കളങ്കപെട്ടിട്ടില്ല … പിന്നെ പഴയ ആ സംഭവം.. അത് നിന്റെ തെറ്റല്ല… ചില നായ്ക്കൾ അങ്ങിനെയാണ് അമ്മയെയും പെങ്ങന്മാരെയും… എന്തിന് മോളെ പോലും തിരിച്ചറിയുവാൻ കഴിയാത്ത മൃഗങ്ങൾ… … ആ സംഭവം ഞാൻ വകവയ്ക്കുന്നില്ല. വൈകുന്നേരം വരും ഞാൻ റെഡിയായിരുന്നോളൂ…. ”
കോൾ കട്ടാകുമ്പോൾ ഒരു നിമിഷം ആശങ്കയോടെ പുറത്തേക്ക് നോക്കി നിന്നു കല്യാണി.
സമയം ഉച്ചയോടടുക്കുമ്പോഴാണ് അവളുടെ അമ്മ മാധവി പുറത്ത് പോയിട്ട് തിരികെയെത്തിയത്. ഒപ്പം അവരുടെ രണ്ടാം ഭർത്താവ്.. കല്യാണിയുടെ രണ്ടാനച്ഛൻ ശ്രീധരനും ഉണ്ടായിരുന്നു
.വീട്ടിലേക്ക് വന്നു കയറുമ്പോൾ അറപ്പോടെ കല്യാണി തന്നെ ഉറ്റുനോക്കി നിൽക്കുന്നത് കാൺകെ അയാളുടെ മുഖമൊന്നു വിളറി.
” മോളെ.. നന്ദൻ ഇവിടേക്കെങ്ങാൻ വന്നിരുന്നോ ”
ഒളികണ്ണിട്ട് അവളെ തന്നെ നോക്കികൊണ്ട് ശ്രീധരൻ ചോദിക്കുമ്പോൾ കണ്ണുകളിൽ ഇരച്ചു കയറിയ കോപാഗ്നി മറച്ചു കൊണ്ട് മറുപടി പറഞ്ഞു കല്യാണി.
” വന്നിരുന്നു….. പക്ഷേ ഞാൻ ഇവിടെ ഒറ്റയ്ക്കാണെന്ന് പറഞ്ഞപ്പോ തിരിച്ചു പോയി.. പെൺകുട്ടി മാത്രമുള്ള വീട്ടിൽ നിൽക്കുന്നത് ശെരിയല്ലല്ലോ ആൾക്കാർ ആരേലും കണ്ടാൽ മോശമല്ലേ അതാകും പോയത് ”
കുറിക്കു കൊള്ളുന്ന അ മറുപടിക്ക് മുന്നിൽ ശ്രീധരൻ വീണ്ടുമൊന്ന് പതറി
” അങ്ങിനെ അവൻ ചെയ്തതിൽ തെറ്റ് ഒന്നുമില്ല അല്ലേലും നല്ല ചെക്കനാ അവൻ … ”
നന്ദന് അനുകൂലമായ സ്വഭാവ സർട്ടിഫിക്കറ്റ് നൽകി മാധവി ഉള്ളിലേക്ക് പോകുമ്പോൾ ശ്രീധരന് നേരെ പകയോടെ അടുത്തു കല്യാണി.
” എല്ലാം പറഞ്ഞു കൊടുത്ത് അവനെ പറഞ്ഞു വിട്ടു അല്ലേ ..പക്ഷേ അത് നടക്കില്ല…. പണ്ടൊരിക്കൽ നിങ്ങടെ കൈക്കരുത്തിനു മുന്നിൽ തോറ്റു പോയി ഞാൻ… പക്ഷേ അത് ഇന്നേവരെ അമ്മയെ അറിയിക്കാത്തത് തന്നെ പേടിച്ചിട്ടോ.. അതങ്ങ് സുഖിച്ചിട്ടോ അല്ല… പാവം ന്റെ അമ്മ.. ആ കണ്ണുനീർ കാണാൻ കഴിയാത്തത് കൊണ്ടാ…. അത്രക്ക് വിശ്വസിക്കുന്നുണ്ട് നിങ്ങളെ അവർ ”
അവളുടെ ജ്വലിക്കുന്ന മിഴികൾ നോക്കി നിൽക്കേ പതിയെ ശ്രീധരന്റെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിടർന്നു
” അതേ നിന്റെ അമ്മയുടെ കണ്ണുനീർ… അതാണ് തുറുപ്പു ചീട്ട് അത് ഇനിയും വീഴണ്ടേൽ വായ് മൂടിക്കെട്ടി ഇരുന്നോ നീ അതാ നല്ലത്… പിന്നെ നന്ദൻ… അവനു നീ വല്ലാണ്ട് ഹരമാണ്.. അത് കണ്ടപ്പോൾ പാവം തോന്നി എനിക്ക്. ഒന്ന് നിന്ന് കൊടുക്ക്… ഇതൊക്കെ ഒരു നേരം പോക്കായി കാണു നീ …. ”
കഴുകൻ കണ്ണുകളാൽ തന്റെ ഉടലിനെ അടിമുടി ഉഴിഞ്ഞു കൊണ്ടുള്ള ആ മറുപടി കേൾക്കേ അയാൾക്ക് മുന്നിൽ നിന്നുരുകി പോയി കല്യാണി.ശ്രീധരൻ പതിയെ വീടിനുള്ളിലേക്ക് പോകവേ നിറമിഴികളോടെ അകത്തു മുറിയിലേക്കോടി അവൾ.
******************************
സമയം വൈകുന്നേരത്തോടടുക്കുമ്പോൾ വീണ്ടും കല്യാണിയുടെ ഉള്ളിൽ ആശങ്കയേറി. ഏത് സമയവും വിഷ്ണു വന്നേക്കാമെന്ന ചിന്തയിൽ അവളേറേ അസ്വസ്ഥയായി.
” എന്താ മോളെ ഒരു ടെൻഷൻ പോലെ … നിനക്കെന്തെലും വയ്യായ്ക ഉണ്ടോ ”
സംശയത്തോടെ അമ്മ മുറിയിലേക്ക് വരുമ്പോൾ പെട്ടെന്ന് മുഖത്തേക്ക് പുഞ്ചിരി വരുത്തി ചാടി എഴുന്നേറ്റു കല്യാണി
“ഒ.. ഒന്നുല്ലമ്മേ… അമ്മയ്‌ക്ക് വെറുതെ തോന്നുന്നതാ.. ”
ആ മറുപടിയിൽ തൃപ്തയാകാതെ കുറച്ചു സമയം അവളെ തന്നെ നോക്കി നിന്ന ശേഷം മാധവി തിരിയുമ്പോഴാണ് പുറത്ത് അപ്രതീക്ഷിതമായി ആ ശബ്ദം കേട്ടത്
” ആരും ഇല്ലേ….. കല്യാണിയുടെ അമ്മയുണ്ടോ അകത്ത് ”
ഒരു നിമിഷം സംശയത്തോടെ മാധവി പുറത്തേക്ക് നോക്കവേ നടുങ്ങി തരിച്ചു നിൽക്കുകയായിരുന്നു കല്യാണി.കാരണം ആ ശബ്ദത്തിനുടമയെ അവൾ തിരിച്ചറിഞ്ഞിരുന്നു.. വിഷ്ണു.
” ആരാ എന്ത് വേണം ”
തൊട്ടു പിന്നാലെ പുറത്ത് ശ്രീധരന്റെ ഒച്ച കൂടി ഉയരവെ അവളുടെ നെഞ്ചിടിപ്പിരട്ടിയായി. ഒരു നിമിഷം തളം കെട്ടിയ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് പടക്കം പൊട്ടുന്ന പോലൊരൊച്ചയും ഒപ്പം ശ്രീധരന്റെ നിലവിളിയും ഉയർന്നു……
” അയ്യോ… എന്താ അവിടെ.. ”
നിലവിളി കേൾക്കെ പരിഭ്രാന്തയായി മാധവി പുറത്തേക്ക് പായുമ്പോൾ നടുങ്ങി തരിച്ചു തന്നെ നിൽക്കുകയായിരുന്നു കല്യാണി. പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത് കൊണ്ട് അവളും മാധവിക്കു പിന്നാലെ പാഞ്ഞു. ഓടി മുൻവശത്തെത്തുമ്പോൾ നിലത്തേക്ക് വീണു കിടക്കുന്ന ശ്രീധരന് മേൽ കയറിയിരുന്നു അയാളെ പൊതിരെ തല്ലുകയായിരുന്നു വിഷ്ണു.
” അയ്യോ ആരാ നിങ്ങൾ അദ്ദേഹത്തെ വിടൂ… ”
ഒരു നിമിഷം പകച്ചു നിന്നു പോയെങ്കിലും നിലവിളിച്ചു കൊണ്ട് മാധവി ഓടിയെത്തി ശ്രീധരനെ താങ്ങി പിടിക്കുമ്പോൾ കല്യാണി ഓടിയെത്തി വിഷ്ണുവിനെ തടുത്തു.
” വിഷ്ണുവേട്ടാ.. വേണ്ട.. അയാളെ ഒന്നും ചെയ്യേണ്ട… എന്നോട് അയാൾ ചെയ്തതിനൊക്കെയും ദൈവം ചോദിക്കും ഇയാളെ തല്ലി ഏട്ടൻ ചീത്തപ്പേരുണ്ടാക്കേണ്ട ”
ഒരു നിമിഷം കല്യാണിയുടെ പ്രവൃത്തിയും വാക്കുകളും മാധവിയെ അമ്പരപ്പിച്ചു. അപ്പോഴേക്കും ചാടി പിടഞ്ഞെഴുന്നേറ്റിരുന്നു ശ്രീധരൻ.
” ടി… പെഴച്ചോളെ… ആളെ കൂട്ടി വന്നു എന്നെ തല്ലിക്കുവാ അല്ലേ നീ…. ശ്രീധരൻ ആരാന്ന് നിനക്ക് ശെരിക്കറിയില്ല.. അന്ന് കള്ളിന്റെ പുറത്ത് പറ്റി പോയതാ.. പക്ഷേ ഇനി സ്വബോധത്തോടെ….. ”
ആവേശത്തിൽ പറ്റിപ്പോയ അമളി തിരിച്ചറിയവേ… പറയാൻ വന്ന വാക്കുകൾ മുഴുവിപ്പിക്കാതെ വിഴുങ്ങി ശ്രീധരൻ… അത്രയും മതിയായിരുന്നു വിഷ്ണുവിന്. ഒന്നും മനസ്സിലാകാതെ അന്ധാളിച്ചു നിൽക്കുന്ന മാധവിയെ ഒന്ന് നോക്കി പതിയെ അയാൾക്ക് മുന്നിലേക്ക് കയറി നിന്നു അവൻ.
” എന്താടോ നിർത്തികളഞ്ഞേ…. ബാക്കി കൂടി പറയ്.. അമ്മ അറിയട്ടെ എല്ലാം…. രണ്ടാനച്ഛന്റെ വേഷം കെട്ടി താൻ കല്യാണിയോട് കാട്ടിക്കൂട്ടിയത് ഇനിയെങ്കിലും അമ്മ കൂടി അറിയട്ടെ….. ”
വിറളി വെളുത്തു നിൽക്കുന്ന ശ്രീധരനു നേരെ പതിയെ തിരിഞ്ഞു മാധവി
” എന്താ… എന്താ നിങ്ങള് പറഞ്ഞു വന്നേ…. കല്യാണിയെ നിങ്ങൾ എന്ത് ചെയ്തെന്നാ ഇവൻ ഈ പറയുന്നേ … ”
സംശയത്തോടെ തനിക്കു നേരെ ഉറ്റു നോക്കുന്ന മാധവിയുടെ മുഖത്തേക്ക് നോക്കുവാൻ കഴിയാതെ മുഖം കുനിച്ചു ശ്രീധരൻ…
” അയാളു പറയില്ല അമ്മേ… പറഞ്ഞാൽ അമ്മ ആ മുഖത്തേക്ക് കാറി തുപ്പുമെന്നറിയാം . മാന്യതയുടെ മുഖം മൂടി വലിച്ചു കീറി ഈ നാട്ടിൽ ന്ന് തന്നെ ഓടിക്കും എന്നറിയാം അത്രക്ക് ക്രൂരതയാണ് ഇയാൾ ഈ പാവത്തിനോട് ചെയ്തത് ”
മറുപടിയുമായി വീണ്ടും മുന്നിലേക്ക് കയറിയ വിഷ്ണുവിനെ തടുത്തു കല്യാണി
” ഏട്ടാ വേണ്ട… പ്ലീസ്….. പറയരുത് ഒന്നും ”
ആ അപേക്ഷയ്ക്കു മുന്നിൽ ഒന്ന് പുഞ്ചിരിച്ചു വിഷ്ണു.
” പറയണം… കല്യാണി ഇനിയെങ്കിലും അമ്മ അറിയണം എല്ലാം.. അല്ലെങ്കിൽ ഇനിയും ഒരുപാട് നന്ദൻ മാർ ഇവിടെ കയറിയിറങ്ങും.. അത് പാടില്ല ആദ്യ ഭർത്താവ് മരിച്ചപ്പോൾ മകളുടെ ജീവിതം സുരക്ഷിതമാക്കുവാൻ വേണ്ടി മാത്രം രണ്ടാമതൊരു വിവാഹത്തിനു തയ്യാറായ അമ്മ അറിയണം മകളായി കാണേണ്ടവളെ ആ അച്ഛൻ കാമം മൂത്ത് നശിപ്പിച്ച കഥ. ”
ആ വാക്കുകൾ ഇടിമുഴക്കം പോലെ മാധവിയുടെ കാതുകളിൽ പതിച്ചു. ഞെട്ടി തരിച്ചു പിന്നിലേക്ക് വേച്ചു പോയ അവർ പിന്നിലേ ചുവരിൽ ഇടിച്ചു നിന്നു. വിഷ്ണുവിന്റെ വാക്കുകൾ വീണ്ടും വീണ്ടും കാതുകളിൽ മുഴങ്ങുമ്പോൾ ശ്രീധരനെ ഒന്ന് പാളി നോക്കിയ മാധവിക്ക് തല ചുറ്റുന്ന പോലെ തോന്നി.
” അമ്മേ…. ”
നിലവിളിച്ചു കൊണ്ട് കല്യാണി ഓടിയെത്തി അവരെ താങ്ങി നിർത്തുമ്പോൾ ശ്രീധരനും വല്ലാതെ പതറി പോയി.
” കള്ളമാണ് ഇവൻ പറയുന്നത്… ഏതാ ഇവൻ നിനക്കെന്താ ഈ വീട്ടിൽ കാര്യം ഇറങ്ങി പോടാ ”
വിഷ്ണുവിന് നേരെ കലി തുള്ളി കൊണ്ട് ശ്രീധരൻ പാഞ്ഞടുക്കുമ്പോൾ പെട്ടെന്ന് അയാൾക്ക് മുന്നിലായി കയറി വട്ടം നിന്നു കല്യാണി
” മിണ്ടി പോകരുത് നിങ്ങൾ ”
അവളുടെ മിഴികളിലെ കോപാഗ്നി കാൺകെ ഒരു നിമിഷം പതറി പോയി ശ്രീധരൻ.
” ഇനി നിങ്ങൾ കൂടുതൽ അഭിനയിക്കേണ്ട… എല്ലാം അമ്മ അറിയണം..
ഇനിയെങ്കിലും നാലു വർഷങ്ങൾക്ക് മുന്നേയുള്ള ആ വൈകുന്നേരം… അച്ഛാ എന്ന് വിളിച്ചു കരഞ്ഞ എന്റെ മേൽ ഒരു മൃഗത്തെ പോലെ നിങ്ങൾ പാഞ്ഞു കയറി കാമം തീർത്ത ആ നശിച്ച ദിവസം… ഇത്രയും നാൾ മനസിൽ ഒതുക്കി നടന്നതാ ഞാൻ കാരണം ന്റെ അമ്മ ഇതറിഞ്ഞാൽ ചങ്കു പൊട്ടി ചത്തുപോകും എന്നറിയാം എനിക്ക്…… പക്ഷേ ഇനിയും മറച്ചു വയ്ക്കുവാൻ വയ്യ ”
കവിളിലേക്ക് ഒലിച്ചിറങ്ങിയ മിഴിനീർ തുടച്ചുകൊണ്ടവൾ മാധവിക്കു നേരെ തിരിഞ്ഞു.
” അമ്മാ ഞാൻ പിഴച്ചവൾ ആണ് അമ്മാ…. അച്ഛൻ എന്ന് പറഞ്ഞു അമ്മ പരിചയപ്പെടുത്തി തന്ന ഇയാളാണ് എന്നെ പിഴപ്പിച്ചത്…. എന്നിട്ട് ഇപ്പോൾ ആ കഥ പറഞ്ഞു വീണ്ടും എന്നെ മറ്റുള്ളവർക്ക് കാഴ്ച വയ്ക്കുവാൻ നോക്കുവാ ഇയാൾ അതിനാ നന്ദേട്ടൻ ഇന്നിവിടെ വന്നത്… ഇനിയും പിടിച്ചു നിൽക്കാൻ വയ്യ അമ്മ.. ഇയാൾ.. ഇയാൾ ചതിയനാണ്.. നല്ലവനായി ചമഞ്ഞു ഇത്രയും നാൾ അമ്മയെ പറ്റിക്കുകയായിരുന്നു ”
പൊട്ടിക്കരഞ്ഞു കൊണ്ട് തന്റെ മാറിലേക്ക് ചാഞ്ഞ മകളെ ചേർത്ത് പിടിക്കുമ്പോൾ മാധവിയുടെ ഉള്ളിൽ ഒരു മരവിപ്പായിരുന്നു. ഒരു വാക്കുപോലും ഉരിയാടുവാൻ കഴിയാതെ ദയനീയമായി അവർ ശ്രീധരനെ തന്നെ നോക്കി നിന്നു.. കള്ളി വെളിച്ചതായപ്പോൾ ഒരു കുറ്റവാളിയെ പോലെ തല കുമ്പിട്ടു നിൽക്കുകയായിരുന്നു അയാൾ.. മറുത്തൊരു വാക്ക് പറയാതെ. മാധവിയുടെ മുഖത്തേക്ക് നോക്കുമ്പോൾ വിഷ്ണുവിന്റെയും ഉള്ളിലും ഒരു നീറ്റലനുഭവപ്പെട്ടു.പതിയെ അവൻ മാധവിയുടെ അരികിലേക്കു ചെന്നു
” അമ്മാ.. ഞാൻ വിഷ്ണു. എനിക്ക് കല്യാണിയെ ഇഷ്ടമാണ് അവൾക്ക് എന്നെയും.. എല്ലാം അറിയാം എനിക്ക്… ഞാൻ ഇഷ്ടപ്പെട്ടത് ഇവളുടെ മനസ്സാണ് ഇന്നും കളങ്കമില്ലാതെ അത് നില നിൽക്കുന്നു.പക്ഷേ ഇനി ഈ വീട്ടിൽ ഇവൾ നിൽക്കുന്നത് ശെരിയല്ല… കാരണം കഴുകന്മാർ ഇവൾക്ക് ചുറ്റും വട്ടമിട്ടു പറക്കുകയാണ്.
അമ്മയുടെ സമ്മതം ലഭിച്ചാൽ ഇപ്പോൾ ഈ നിമിഷം കൊണ്ട് പോകും ഞാനിവളെ എന്റെ പെണ്ണായിട്ട്.. ഇവളെ മാത്രം അല്ല.. അമ്മയും വരണം.. അവിടെ എന്റെ വീട്ടിൽ ഇതുപോലൊരു അമ്മ മാത്രമാണുള്ളത് ഇനിയുള്ള കാലം നമുക്കൊന്നിച്ച് സുഖമായി അവിടെ കഴിയാം ”
വിഷ്ണുവിന്റെ വാക്കുകൾ കേൾക്കേ.. പതിയെ മിഴിനീർ തുടച്ചുകൊണ്ട് കല്യാണിയുടെ നെറുകയിൽ തലോടി മാധവി
” അറിഞ്ഞില്ല അമ്മ ഒന്നും… ന്റെ കുട്ടി ഇത്രയും വലിയൊരു വേദന ഉള്ളിലൊതുക്കിയാണ് ഇത്രയും നാൾ…….. വിശ്വസിച്ചു പോയി ഞാൻ ഇയാളുടെ കപട സ്നേഹത്തെ.. ”
പൊട്ടിക്കരഞ്ഞു കൊണ്ടവർ കല്യാണിയുടെ നെറുകയിൽ ഒരു മുത്തം നൽകി.
” മോൻ പറഞ്ഞത്… ശെരിയാ.. ഇനി നിൽക്കേണ്ട ഇവിടെ… മനുഷ്യ മാംസം തിന്നുന്ന കഴുകന്മാരാ ചുറ്റുമുള്ളത്… അമ്മയെ പറ്റി ഓർക്കേണ്ട.. ന്റെ മോള് വിഷ്ണുവിനൊപ്പം പൊയ്ക്കോളൂ അമ്മ വന്നേക്കാം പിന്നാലെ… ”
” ഇല്ലമ്മേ അമ്മയെ ഒറ്റയ്ക്കാക്കി ഞാൻ പോകില്ല… എനിക്കൊരു നല്ല ജീവിതമുണ്ടായാൽ അവിടെ എനിക്കൊപ്പം തന്നെ അമ്മയും വേണം.. അതുകൊണ്ട് നമുക്കൊരുമിച്ചു ഇറങ്ങാം ഇവിടെ നിന്ന്.. ഈ വീട്ടിൽ ഇയാൾ ഒറ്റയ്ക്ക് കഴിഞ്ഞോട്ടെ… അപ്പോൾ എന്ത് വേണോ ആകാലോ … ”
മിഴിനീരോടെ തന്നെ നോക്കി നിൽക്കുന്ന കല്യാണിയുടെ കവിളിൽ പതിയെ തലോടി മാധവി. ..
” അമ്മ വന്നേക്കാം എന്ന് പറഞ്ഞില്ലേ… അങ്ങിനെ പെട്ടെന്ന് ഒന്നും ഉപേക്ഷിച്ചു വരുവാൻ കഴിയില്ല… ഇപ്പോൾ നീ പൊയ്ക്കോളൂ… മോള് സുഖമായി ജീവിച്ചു തുടങ്ങുമ്പോൾ അമ്മയും അങ്ങെത്തിയേക്കാം ”
കല്യാണിയെ ചേർത്ത് പിടിച്ചു കൊണ്ടവർ പതിയെ അവർ വിഷ്ണുവിന് നേരെ തിരിഞ്ഞു
” മോനെ നീ ആരെന്നു പോലും അറിയില്ല എനിക്ക് പക്ഷേ ഇവൾക്ക് വേണ്ടി ഇത്രയും ചെയ്ത നിനക്കൊപ്പം എന്റെ മോള് സുഖമായി ജീവിക്കും എന്നെനിക്കുറപ്പുണ്ട്. അതുകൊണ്ട് വൈകിക്കേണ്ട.. കൊണ്ട് പൊയ്ക്കോ കല്യാണിയെ.. ഇപ്പോൾ തന്നെ….. ”
അതൊരു നിർദ്ദേശമായിരുന്നു.
വിഷ്ണുവിനൊപ്പം മനസില്ലാ മനസ്സോടെ പടിയിറങ്ങുമ്പോൾ കല്യാണിയുടെ ഉള്ളം നീറുന്നുണ്ടായിരുന്നു.
നടന്നകലുന്ന അവരെ തന്നെ നോക്കി നിൽക്കവേ ഉള്ളിലെ വേദന തടുത്തു നിർത്തുവാൻ കഴിയാതെ പൊട്ടിക്കരഞ്ഞു പോയി മാധവി…. ആ സമയം പതിയെ അവളുടെ അരികിലേക്കെത്തി ശ്രീധരൻ..വിറയാർന്ന കൈകളാൽ പതിയെ മാധവിയുടെ ചുമലിലേക്ക് കൈവച്ചു.
“മാ…മാധവി… തെറ്റ് പറ്റിപ്പോയി എനിക്ക് ഒക്കെയും മദ്യത്തിന്റെ ലഹരിയിൽ പറ്റിയതാ….. ഇപ്പോൾ എല്ലാം തിരിച്ചറിയുന്നു ഞാൻ.. എന്നോട് ക്ഷെമിക്കണം നീ.. ഇനിയൊരിക്കലും ആവർത്തിക്കില്ല ഞാൻ… മാപ്പാക്കണം ”
അപേക്ഷയുടെ തനിക്കു മുന്നിൽ തല കുമ്പിട്ടു നിൽക്കുന്ന ശ്രീധരനെ തന്നെ കുറച്ചു സമയം നോക്കി നിന്ന ശേഷം മറുപടിയൊന്നും പറയാതെ വീടിനുള്ളിലേക്ക് പോയി മാധവി.
തോളോട് തോൾ ചേർന്ന് വീടിനു കുറച്ചു മാറി റോഡിലായി വച്ചിരുന്ന ബൈക്കിനരികിലേക്ക് നടക്കുമ്പോഴാണ് പിന്നിൽ നിന്നും ആ അലർച്ച വിഷ്ണുവിന്റെയും കല്യാണിയുടെയും കാതുകളിൽ പതിച്ചത്. ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ അവർ കണ്ടു ദേഹമാസകലം ചോരയൊലിപ്പിച്ചു കൊണ്ട് വേച്ചു വേച്ചു നടവഴിയിലേക്ക് വന്നു വീഴുന്ന ശ്രീധരനെ. ഒരു നിമിഷം അന്ധാളിച്ചു നിന്നു പോയെങ്കിലും.. തിരികെ വീണ്ടിനു നേരെ പാഞ്ഞടുക്കുമ്പോൾ അവർ കണ്ടു ചോരയൊലിക്കുന്ന വെട്ടുകത്തിയുയർത്തി പിടിച്ചു ഭദ്രകാളിയായി വിറപൂണ്ടു നിൽക്കുന്ന മാധവിയെ.. ശ്രീധരന്റെ ജീവന്റെ അവസാന തുടിപ്പും നിലയ്ക്കുമ്പോൾ അവരുടെ മിഴികളിൽ വജ്രത്തിളക്കമാണ് കാണുവാൻ കഴിഞ്ഞത്.
” ഇനി ജീവിക്കുവാൻ അർഹനല്ല ഇയാൾ…. കൊല്ലണമായിരുന്നു മുന്നേ തന്നെ… പക്ഷേ ഒന്നും അറിയാതെ പോയി ഞാൻ ഇനി മനസ്സമാദാനത്തോടെ എന്റെ മോൾക്ക് ജീവിക്കാം ”
സംതൃപ്തിയോടെയുള്ള ആ വാക്കുകൾ കേട്ട് പകച്ചു നിന്നു പോയി വിഷ്ണുവും കല്യാണിയും
******************************
കേസും കോടതിയും ജയിൽ വാസവുമൊക്കെയായി നീണ്ട മൂന്ന് വർഷങ്ങൾക്കു ശേഷം നീതി പീഠത്തിന്റെ കാരുണ്യത്തിൽ ഇന്ന് മാധവി പുറത്തിറങ്ങുകയാണ്.. ശ്രീധരന്റെ മരണത്തോടെ ഭയന്ന് വിറച്ച നന്ദൻ ആത്മഹത്യ ചെയ്തിരുന്നു. തലയുയർത്തി പിടിച്ചു തന്നെയാണ് മാധവി പുറത്തേക്ക് വരുന്നത്… മക്കൾക്കുവേണ്ടി ഒരു അമ്മയെന്ന നിലയിൽ താൻ നടപ്പിലാക്കിയതാണ് നീതി എന്ന ബോധത്താൽ…. പുറത്ത് അവരെ കാത്തു നിൽക്കുന്നത് മകളും മരുമകനും മാത്രമല്ല കൊച്ചുമകളും കൂടിയാണ്.. അവർക്കൊപ്പം ഇനിയൊരു പുതിയ ജീവിതം ആരംഭിക്കുവാൻ പോകയാണ് മാധവി.

 
                     
                    