ഒരു ഭയവും ഇല്ലാതെ ഒരു പെൺകുട്ടി ഒരു ആണിന്റെ കൂടെ ഇങ്ങനെ ചേർന്ന് നിൽക്കണമെങ്കിൽ അവൾ…

നീതു 🕊️
അധ്യായം 1 വിശ്വാസം

✍️  സെയ്ദ് അലി

അലക്സേ, അലക്സിനു തോന്നുന്നുണ്ടോ, ഈ പാതിരാത്രി ഹോസ്റ്റലിൽ നിന്നും ഇറങ്ങി, തന്റെ കൂടെ ഈ ബീച്ചിൽ വന്നു നിൽക്കുന്ന ഞാൻ ഒരു മോശം സ്ത്രീ ആണ് എന്ന്….

തന്റെ കയ്യിൽ കൈകോർത്തു തോളിൽ തല ചായ്ച്ചു കടലിലെ കണ്ണെത്താ ദൂരം നോക്കി നിന്ന നീതുവിന്റെ ചോദ്യം കേട്ട് അലക്സ് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു….

“ഈ ലോകത്ത്,ഈ ഒരു സമയത്ത് ഒരു ഭയവും ഇല്ലാതെ ഒരു പെൺകുട്ടി ഒരു ആണിന്റെ കൂടെ ഇങ്ങനെ ചേർന്ന് നിൽക്കണമെങ്കിൽ അവൾ അവനിൽ അത്രയും വിശ്വാസം ഉണ്ടായിരിക്കണം നീതു…”

അവളുടെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു. അവൾ ഒന്ന് കൂടെ അവന്റെ കയ്യിൽ മുറുകെ ചുറ്റി പിടിച്ചു അവനിൽ ചേർന്ന് നിന്നു.

നീതു…അവളുടെ അമ്മക്കും കുഞ്ഞനിയനും വേണ്ടി മാത്രമാണ് അവൾ ജീവിച്ചിരുന്നത്. അച്ഛനെ നഷ്ടപ്പെട്ട അവൾക്ക് അമ്മയെ നോക്കണം അനിയനെ പഠിപ്പിക്കണം. ജീവിതത്തിന്റെ തിരക്കിനിടയിൽ അവൾ അവളുടെ ജീവിതം മറന്നിരുന്നു. അതുകൊണ്ട് തന്നെയാണ് വർക്കിങ് വിമൻസ് ഹോസ്റ്റലിൽ നിന്ന് കൊണ്ട് ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുന്നതും.

അവളുടെ കടയിൽ, അമ്മക്ക് വേണ്ടി,തന്റെ ആദ്യ സാലറി യിൽ നിന്നും ഒരു സാരി വാങ്ങാൻ വന്നതായിരുന്നു അലക്സ്. അവിടെ വെച്ചാണ് അവർ കണ്ട് മുട്ടിയത്.അമ്മയെ അത്രയും സ്നേഹിക്കുന്ന തന്നെ പോലെ ഒരാളെ അവൾ ശ്രദ്ധിച്ചു പോയിരുന്നു. അത് സൗഹൃദം ആയി മാറി. ഫോൺ കാളുകൾ ആയി മെസ്സേജുകൾ ആയി.
ആരോടും ഒന്നും പറയാനില്ലാതിരുന്ന അവൾക്ക്, അല്ല,അവളെ കേൾക്കാൻ ആരുമില്ലാതിരുന്ന നീതുവിനു അലക്സ് ഒരു കേൾവിക്കാരനായി. അവൾ ഈ ലോകത്ത് വിശ്വസിക്കുന്ന, സ്വന്തം എന്ന് മനസ്സിൽ കരുതുന്ന മൂന്നാമതൊരാൾ കൂടെ. അലക്സ്

“ഇങ്ങനെ നിന്നാൽ മതിയോ ഹോസ്റ്റലിൽ തിരിച്ചു കേറണ്ടേ… “അലക്സിനെ ചോദ്യത്തിന് മറുപടി കൊടുക്കാതെ നീതു പറഞ്ഞു തുടങ്ങി.

” അലക്സിനെ ഞാൻ എന്തിനാണ് ഇത്രയും സ്നേഹിക്കുന്നതെന്ന് അറിയോ. എനിക്ക് എന്റെ സങ്കടങ്ങൾ മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. ഞാൻ ആരോടും എന്റെ സങ്കടങ്ങൾ പറഞ്ഞിട്ടുമില്ല ആരും കേൾക്കാൻ നിന്നിട്ടുമില്ല. ആരേം ഞാൻ എന്നിലേക്ക് അടുപ്പിച്ചിട്ടും ഇല്ല. എന്നിട്ടും എങ്ങനെയോ ഞാൻ പോലും അറിയാതെ എന്നെ ഞാൻ വിശ്വസിക്കുന്നതിലും അപ്പുറം എന്റെ വിശ്വാസം നീ നേടി എടുത്തു…. ഇപ്പോൾ ഈ ലോകത്ത് ഞാൻ എന്നേക്കാൾ സ്നേഹിക്കുന്നത് നിന്നെ ആണ്.”

“മതി മതി നീ സെന്റി ആക്കി ചളമാക്കണ്ട. നിനക്ക് ഞാൻ തന്നെയാണ് പ്രധാനം. എനിക്ക് മനസ്സിലായി. നീ വാ പോകാം.”
ആ സംഭാഷണത്തെ മുറിച് കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു രണ്ട് പേരും ബൈക്ക് ലക്ഷ്യമാക്കി ഇണക്കുരുവികളെപോലെ മുട്ടി ഉരുമ്മി നടന്നു.

“ടാ എഴുന്നേക്കട, ഇത് നിന്റെ അച്ചി വീടല്ല ഇങ്ങനെ കിടന്നുറങ്ങാൻ…”.
രാവിലെയുള്ള അലറൽ കേട്ടാണ് അലക്സ് കണ്ണ് തുറന്നത്. പെട്ടെന്ന് തന്നെ അലക്സ് ചുറ്റും നോക്കി,ഞെട്ടലും പേടിയും കൊണ്ട് അവൻ ചാടി എഴുന്നേറ്റു.ഒരു മുറിയിൽ ആണ് താൻ. മുന്നിൽ അഴികളുള്ള വാതിൽ. കിടക്കയും ബെഡ്ഷീട്ടുമുണ്ട്.മുറിയിൽ തന്നെ ബാത്രൂമും ഉണ്ട്. യൂണിഫോം എന്തോ ഒന്ന് ധരിച്ചിരിക്കുന്നു. നെഞ്ചിന്റെ ഭാഗത്തായി ഒരു നമ്പറും.
“ഞാൻ ഇത് എവിടെയാണ് ജയിലിൽ ആണോ.ജയിലിൽ ആണെങ്കിൽ എന്തിനു. എനിക്കെന്തൊക്കെയാ സംഭവിക്കുന്നത്…..”

പുറത്ത് നിന്ന പോലീസ് കാരൻ വീണ്ടും അലറി. “ടാ…..ഇങ്ങോട്ടു വാടാ….”

” ഹേ മിസ്റ്റർ ഒരു പേഷ്യന്റ് നോട് ഇങ്ങനെ ആണോ സംസാരിക്കുന്നത്. അയാളെ ചികിൽസിക്കുന്നത് ഞാനാണ്. ഞാൻ സംസാരിച്ചോളാം താൻ മിണ്ടാതെ നിന്നാൽ മതി.”

ആ പോലീസ് ഓഫീസർനോട് കൂടെ അഴിക്കു പുറത്ത് നിൽക്കുന്ന ഡോക്ടർ പറയുന്ന കേട്ട് അലക്സ് ഞെട്ടി. “ഞാൻ രോഗിയാണോ. എനിക്കെന്താണ് അസുഖം. അപ്പോൾ ഇത് ജയിൽ അല്ലെ.ഞാൻ സെല്ലിൽ കഴിയുന്ന രോഗിയാണോ. അപ്പോൾ ഞാൻ ഭ്രാന്തൻ ആണോ. ഞാൻ ഭ്രാന്താശുപത്രിയിൽ ആണോ…. ഇന്നലെ എന്റെ കൂടെ ഉണ്ടായിരുന്ന എന്റെ നീതു എവിടെ. എന്തൊക്കെയാണ് എനിക്ക് സംഭവിക്കുന്നത്.”

അലക്സ് പെട്ടെന്ന് ബോധരഹിതനായി കിടക്കയിലേക്ക് തന്നെ വീണു…

നീതു 🕊️
അദ്ധ്യായം 2 തിരിച്ചറിവുകൾ

“അലക്സ് എഴുന്നേൽക്കു. അലക്സ്……”

ഡോക്ടറിന്റെ തട്ടി വിളിക്കേട്ടാണ് അലക്സ് എഴുന്നേറ്റത്….

” ഡോക്ടർ എനിക്കെന്താണ് പറ്റിയത്. എനിക്കൊന്നും ഓർമ്മിക്കാൻ പറ്റുന്നില്ല. ഒന്ന് പറയ് ഡോക്ടർ പ്ലീസ്.,പ്ലീസ്…. ”

“ഹേയ് ഹേയ് അലക്സ് കാം ഡൌൺ,തന്നെ സഹായിക്കാനാണല്ലോ ഞാൻ ഇവിടെ ഉള്ളത്. താൻ സമാധാനപെടു നമുക്ക് ഓർത്തെടുക്കാം. ഞാൻ താങ്കൾക്ക് പറഞ്ഞു തരാം.”

ഡോക്ടർ അലക്സിനെ സമാധാനപ്പെടുത്തി…

“അലക്സിന്റെ മനസ്സിൽ അവസാനമായി ഓർമ്മയുള്ളത് എന്താണ്.”

ഡോക്ടറിന്റെ ചോദ്യത്തിന് അലക്സ് മറുപടി പറഞ്ഞു തുടങ്ങി…

“നീതു, ഞാൻ സ്നേഹിക്കുന്ന കുട്ടിയാണ്. അവളും ഞാനുമായി കഴിഞ്ഞദിവസം രാത്രി ബീച്ചിൽ പോയിരിന്നു. ഒരു 12 മണിക്കൊക്കെ ശേഷം അവളെയും കൊണ്ട് അവിടന്ന് തിരിച്ചു….. പിന്നെ…. പിന്നെ എനിക്കൊന്നും ഓർമയില്ല ഡോക്ടർ….കണ്ണ് തുറന്നപ്പോൾ ഇവിടെ ആയിരുന്നു.”

അലക്സിന്റെ മറുപടിയിൽ ഭയവും വെപ്രാളവും സംശയങ്ങളും നിറഞ്ഞു നിന്നു.

“സീ മിസ്റ്റർ അലക്സ്, തന്റെ ബാക്കി കഥ ഞാൻ പറഞ്ഞു തരാം. അതെന്റെ ട്രീറ്റ്മെന്റിന്റെ ഭാഗം കൂടിയാണ്. പക്ഷെ താങ്കൾ സമാധാനമായി അത് കേൾക്കണം ഓർത്തെടുക്കണം.”

ഡോക്ടർ പറഞ്ഞു തുടങ്ങി…..

“നിങ്ങൾ രണ്ട് പേരും അന്ന് ബീച്ചിൽ നിന്നും ബൈക്കിൽ തിരിച്ചു പോകുകയായിരുന്നു.അന്ന് മറ്റൊരു വാഹനവും കൂടെ നിങ്ങളുടെ പുറകെ ഉണ്ടായിരുന്നു. ഒരു കാർ. അതിൽ മൂന്നു യുവാക്കളും സഞ്ചരിച്ചിരുന്നു. മദ്യ ലഹരി യിലുള്ള ആ യുവാക്കൾ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് നിങ്ങളുടെ വണ്ടിക്ക് വട്ടം വെക്കുകയും. നിങ്ങളുടെ കണ്മുന്നിൽ വെച്ച് ആ പെൺകുട്ടി യോട് അപമര്യാദയായി പെരുമാറുകയും ചെയ്തു.എതിർക്കാൻ നോക്കിയ താങ്കൾക്കെതിരെ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തുകയും, ഐ ആം സോറി അലക്സ്, എനിക്ക് ഇത് പറയുന്നതിൽ വിഷമം ഉണ്ട്. ബട്ട്‌ നിങ്ങൾ യാഥാർഥ്യം മനസ്സിലാക്കിയേ പറ്റു.”

“പറയു ഡോക്ടർ അവർ എന്റെ നീതുവിനെ എന്ത് ചെയ്തു. ഒന്ന് പറയ് ഡോക്ടർ പ്ലീസ്. കരച്ചിൽ അലക്സിന്റെ തൊണ്ടയിൽ തങ്ങി നിൽപ്പുണ്ടായിരുന്നു. അവന്റെ ശബ്ദം ഇടറുകയായിരുന്നു.”

“കാം ഡൌൺ അലക്സ്. ഡോക്ടർ വീണ്ടും പറഞ്ഞു തുടങ്ങി.എന്തായാലും താങ്കൾ ഇത് അറിയേണ്ടതാണ്… ഡോക്ടർ എന്ന നിലയിൽ ഇത് എനിക്ക് താങ്കളെ അറിയിച്ചേ പറ്റു….താങ്കളെ ബന്ധിയാക്കി അവർ മൂന്നുപേരും മാറി മാറി അവളെ റേപ്പ് ചെയ്തു….എനിക്കത് വാക്കുകൾ കൊണ്ട് നിങ്ങളോട് വിവരിക്കുന്നത് പോലും മനസ്സ് കൊണ്ട് പറ്റാത്ത കാര്യമാണ്.”

 

അലക്സിന്റെ ഹൃദയത്തിൽ ഒരു ഇടിത്തീ വീണതുപോലെ, ചെവിപൊത്തി അവൻ തലകുനിച്ചിരുന്നു…ഡോക്ടർ അവനെ മുഖം പിടിച്ചുയർത്തി. അവനു ശബ്ദം പുറത്ത് വരുന്നില്ലായിരുന്നു. കണ്ണുകൾ നിറഞ്ഞു കവിഞ്ഞു അവനു കാഴ്ച മങ്ങുന്നത് പോലെ തോന്നി. ലോകം അവനു മുന്നിൽ നിശ്ചലമായത് പോലെ.

“ഡോക്ടർ എന്റെ നീതു എന്നെ,മാത്രം വിശ്വസിച്ചിരുന്നവളായിരുന്നു. നെഞ്ചുപൊട്ടുന്ന വേദനയിലും അലക്സ് പറഞ്ഞു തുടങ്ങി….ഇപ്പൊ എവിടെയുണ്ട് ഡോക്ടർ എന്റേ നീതു. അവൾ എവിടെയാണെങ്കിലും ഏത് അവസ്ഥയിലാണെങ്കിലും എനിക്കവളെ പറ്റി അറിയണം. എനിക്കവളെ കാണണം ഡോക്ടർ എനിക്കെന്റെ നീതുവിനെ വേണം ഡോക്ടർ.”

അലറൽ പോലെയാണ്‌ അലക്സിന്റെ വായിൽ നിന്നുമാ വാക്കുകൾ വന്നത്

“ഞാൻ താങ്കളോട് പൂർണമായി പറഞ്ഞു കഴിഞ്ഞിട്ടില്ല…. അലക്സ് സമാധാനം കൈവരിച്ചേ മതിയാകു. താങ്കളെ യാഥാർഥ്യത്തിലേക്ക് കൊണ്ട് വരിക എന്നത് എന്റെ കടമയാണ്….അവളെ അത്രയും ഉപദ്രവിച്ച ശേഷം അവളെ നിങ്ങളുടെ അടുത്തു തന്നെ ഉപേക്ഷിച്ചു ആ ക്രൂരൻമാർ കടന്ന് കളഞ്ഞു… നിസ്സഹായനായ നിങ്ങളും കീറി വലിക്കപ്പെട്ട ആ പെൺകുട്ടിയും മൗനം കൈവരിച്ചു വീണ്ടും ബൈക്ക് യാത്ര തുടർന്നു

ബൈക്ക് ഒരു പാലത്തിനു മുകളിൽ എത്തിയതും നീതു തന്നോട് വണ്ടി നിർത്താൻ ആവിശ്യപെട്ടു. അവൾക്ക് കുറച്ചു സമയം ഒറ്റക്ക് നിക്കണം എന്ന് അറിയിച്ചു ആ പലതിനടുത്തേക്ക് പോയി. അവളുടെ മുഖത്ത് നോക്കാൻ കഴിയാതെ ഹൃദയം പൊട്ടി നിന്ന താങ്കൾ ആ ശബ്ദം കേട്ടു തിരിഞ്ഞു നോക്കി. അതെ, അവൾ ആ പാലത്തിൽ നിന്നും താഴേക്ക് ചാടിയിരിക്കുന്നു. ആ പുഴയിലേക്ക്. ഒന്ന് ഒറക്കെ കരയാൻ പോലും വയ്യാതെ താങ്കൾ ബോധ രഹിതനായി വീണിരുന്നു…”

“ഡോക്ടർ എന്റെ നീതു. അവൾ മരിച്ചുപോയെന്നോ….എന്നെ മാത്രം വിശ്വസിച്ചിരുന്ന പെണ്ണിനെ ഞാൻ കൊലക്ക് കൊടുത്തെന്നോ…. ഞാൻ ഇനി എന്തിനു ജീവിക്കണം….എന്നെ ജീവന് തുല്യം സ്നേഹിച്ചവളെ സംരക്ഷിക്കാൻ കഴിയാത്ത ഞാൻ ഇനി എന്തിനു ജീവിക്കണം.”

പൊട്ടി കരഞ്ഞു കൊണ്ട് അലക്സ് തല കുനിച്ചു നിലത്തുന്നു. അവന്റെ നെഞ്ചിൽ ആയിരം കിലോ ഭാരം അവനപ്പോൾ താങ്ങുന്നുണ്ടായിരുന്നു

പക്ഷെ പെട്ടെന്ന് തന്നെ അവൻ തല ഉയർത്തി. അവന്റെ കണ്ണുകൾ ജ്വലിക്കുന്നുണ്ടായിരുന്നു. കണ്ണീരിനു പകരമായി തീക്കനൽ വരുന്നതുപോലെ ഡോക്ടറിനു തോന്നി.

” ഞാനെന്തിന് മരിക്കണം ഡോക്ടർ എന്റെ നീതുവിനെ കൊന്നവന്മാർ അല്ലെ മരിക്കേണ്ടത്. അതും എന്റെ കൈ കൊണ്ട്. അല്ലെങ്കിൽ അവളുടെ ആത്മാവിന് ശാന്തി ഉണ്ടാകുമോ. അതാണ് ചെയ്യേണ്ടത്. അത് തന്നെയാണ് ചെയ്യേണ്ടത്.”

ഒരു പിശാചിനെ പോലെ മാറിയിരുന്നു അവനപ്പോൾ….

“അലക്സ് നീ സമാധാനപെട്ടെ മതിയാകു. നിനക്കവരോട് പ്രതികാരം ചെയ്യാൻ കഴിയില്ല….”

ഡോക്ടറിന്റെ സംസാരത്തോട് പൊട്ടിത്തെറിച്ചു കൊണ്ട് അലക്സ് തിരിച്ചു ചോദിച്ചു.

“എന്ത് കൊണ്ട് പറ്റില്ല…. ”

“കാരണം അവർ ജീവിച്ചിരിപ്പില്ല…..”

ഡോക്ടറിന്റെ ആ മറുപടി അലക്സിനു വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൻ ഭ്രാന്തമായി ചിരിച്ചു.

” എന്നെ പിന്തിരിപ്പിക്കാനാണോ ഡോക്ടർ ഇങ്ങനെ പറയുന്നത്…..”

” അല്ല അലക്സ്, നിന്റെ നീതു വിനെ കൊന്നവർ ഇന്ന് ഈ ലോകത്തില്ല, അവർ കൊല ചെയ്യ പെട്ടിരിക്കുന്നു….”

ഡോക്ടറിന്റെ മറുപടി കേട്ട അലക്സ് ഞെട്ടിപ്പോയി…..

“ആരാണ് ഡോക്ടർ അവരെ കൊന്നത് പറയു ഡോക്ടർ പറയു.”
അലക്സ് തിടുക്കം കൂട്ടി

“അവരെ കൊന്നത് നീ തന്നെയാണ് അലക്സ്….. ”
അലക്സിന്റെ ചെവിയിൽ അത് അലയടിച്ചു കേട്ടു.

“നീ തന്നെയാണ് അത് ചെയ്തത്. നിന്റെ പ്രതികാരം നിറവേറ്റാൻ അവരെ തേടിപ്പിടിച്ചു കൊന്ന് കളഞ്ഞിട്ടാണ് നീ തൂക്കുകയറും വാങ്ങി ജയിലിൽ ആയതും മാനസ്സിക നില തെറ്റി ഇങ്ങോട്ടു ഷിഫ്റ്റ്‌ ആയതും…
പോസ്റ്റ്‌ ട്രോമറ്റിക് അംനേഷ്യ. അതായത് ഒരുപാട് മാനസിക വിഷമതയുടെ ഭാഗമായി, സംഭവിച്ചത് മറന്നു പോകുന്ന അവസ്ഥ. അതാണ് നീ ഇപ്പോൾ അഭിമുകീകരിക്കുന്ന രോഗം

ഇതാ അന്ന് നിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പത്രങ്ങൾ.”

ഡോക്ടർ ആ പത്രങ്ങൾ അവനെ നേരെ നീട്ടിയപ്പോൾ അവനത് ആവേശത്തോടെ വായിച്ചു. വായിക്കുമ്പോൾ അവന്റെ മുഖത്ത് പ്രതികാരം നിറവേറ്റിയവന്റെ ക്രൂര മായ ചിരി തെളിയുന്നുണ്ടായിരുന്നു. ഒരു വന്യ മൃഗത്തെ ഒറ്റക്ക് വേട്ടയാടിയ വേട്ടക്കാരന്റെ സന്തോഷം അവന്റെ മുഖത്ത് തെളിയുന്നുണ്ടായിരുന്നു

“അലക്സ് എന്റെ ഡ്യൂട്ടി ടൈം കഴിയുന്നു. ഞാൻ പോകുകയാണ്. നീ മറ്റൊന്നും ആലോചിക്കാതെ റസ്റ്റ്‌ എടുക്കണം. ഞാൻ നാളെ നിന്നെ വന്നു കണ്ടോളാം…”

പക്ഷെ ഡോക്ടർ പറയുന്നതൊന്നും അലക്സ് കേൾക്കനുണ്ടായിരുന്നില്ല. അവൻ അപ്പോഴും ആ ക്രൂരൻ മാരെ കൊന്ന സന്തോഷത്തിൽ ആയിരുന്നു… അവൻ ആ സെല്ലിന്റെ മൂലക്ക് ചുരുണ്ട് കൂടി മുഖം താഴ്ത്തി ഇരുന്നു……

“എങ്ങനെയോ ഞാൻ പോലും അറിയാതെ, എന്നെ ഞാൻ വിശ്വസിക്കുന്നതിലും അപ്പുറം എന്റെ വിശ്വാസം നീ നേടി എടുത്തു അലക്സ് …”
നീതു വിന്റെ ശബ്ദം!!!.

അലക്സ് പെട്ടെന്ന് ചാടി എഴുന്നേറ്റു ചുറ്റും നോക്കി.

“നീതു…. നീതു… നീ എവിടെയാ….. ”

ആരെയോ തിരഞ്ഞുകൊണ്ടും ആവലാതി കൊണ്ടും അലക്സ് ഉറക്കെ ചോദിച്ചു…..

“ഞാൻ ഇവിടെ തന്നെ ഉണ്ട് അലക്സ് നിന്നോടൊപ്പം. ഇങ്ങോട്ടു നോക്ക്….. ”

അലക്സ് ശബ്ദം കേട്ട മൂലയിലേക്ക് നോക്കി…. അവിടെ ഒരു മൂലയിൽ ഒരു രൂപം തെളിഞ്ഞു വന്നു. അതെ, നീതു!!!

നീതു 🕊️

അധ്യായം 3 തുടർച്ച

‘എങ്ങനെയോ ഞാൻ പോലും അറിയാതെ, എന്നെ ഞാൻ വിശ്വസിക്കുന്നതിലും അപ്പുറം എന്റെ വിശ്വാസം നീ നേടി എടുത്തു അലക്സ്…’

നീതു വിന്റെ ശബ്ദം!!!. അലക്സ് പെട്ടെന്ന് ചാടി എഴുന്നേറ്റു ചുറ്റും നോക്കി.

“നീതു…. നീതു… നീ എവിടെയാ…..”

ആരെയോ തിരഞ്ഞുകൊണ്ടും ആവലാതി കൊണ്ടും അലക്സ് ഉറക്കെ ചോദിച്ചു…..

” ഞാൻ ഇവിടെ തന്നെ ഉണ്ട് അലക്സ്, നിന്നോടൊപ്പം. ഇങ്ങോട്ടു നോക്ക്….. ”

അലക്സ് ശബ്ദം കേട്ട മൂലയിലേക്ക് നോക്കി…. അവിടെ ഒരു മൂലയിൽ ഒരു രൂപം തെളിഞ്ഞു വന്നു. അതെ, നീതു!!!

“നീ എനിക്ക് വേണ്ടി അത് ചെയ്തല്ലേ… അവരെ നീ കൊന്നല്ലേ അലക്സേ….

“അലക്സ് ഒന്നും മിണ്ടിയില്ല…”

” നീ തന്നെയാണോ അലക്സേ അവരെ കൊന്നത്. അതോ നിന്നെ കൊണ്ട് ഞാൻ അത് ചെയ്യിപ്പിച്ചതാണോ…. ആ മൂന്നു പേരെ നിനക്കതിനു മുന്നേ അറിയില്ലായിരുന്നു അല്ലേ….. നിന്റമ്മയുടെ ഓപ്പറേഷന് വേണ്ടി ആ ക്രൂരൻ മാർ പണം തരാൻ തയ്യാറായപ്പോൾ നീ അവർക്ക് മുന്നിൽ എന്നെ വലിച്ചെറിഞ്ഞു കൊടുത്തതല്ലേ… നീയും അവരും ചേർന്ന് നടത്തിയ നാടകത്തിൽ പെട്ടു പോയതല്ലല്ലേ ഞാൻ… എന്നെ പിച്ചി ചീന്തിയ സമയത്ത് അതിലൊരുത്തനു നീ അയച്ച മെസ്സേജ്, കഴിഞ്ഞോ, എന്ന്…. അതും ഞാൻ കണ്ടില്ലെന്ന് നീ വിചാരിച്ചല്ലേ……”

 

‘ദൈവമേ ഇത് സത്യമാണോ. അതോ സ്വപ്നമോ ഞാനാണോ എന്റെ നീതുവിനെ ചതിച്ചത്….. എനിക്കൊന്നും പറയാൻ കഴിയുന്നില്ലല്ലോ.എങ്കിൽ ആ മൂന്നുപേരേക്കാൾ ക്രൂരൻ ഞാനല്ലേ.. ഈ ഇരുപ്പിൽ ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ…’

നീതുവിന്റെ മുഖത്ത് നോക്കാനാകാതെ അലക്സ് വിറങ്ങലിച്ച ശരീരവുമായി ചുരുണ്ട് കൂടി മുഖം പൂഴ്ത്തി ഇരുന്നു

അവൾ അവനടുത്തേക്ക് വന്നു അവന്റെ തലമുടിയിൽ പതുകെ തഴുകി കൊണ്ട് പറഞ്ഞു.

“ഞാൻ നിന്നെ ഒരുപാട് വിശ്വച്ചിരുന്നു അലക്സ്. എന്നേക്കാളേറേ. എനിക്ക് നിന്നോട് പ്രതികാരം ഇല്ല അലക്സ്. ഞാൻ നിന്നോടൊപ്പം തന്നെ ഉണ്ടാകും.നാളെയും നി ഉറക്കമുണരും നടന്നതൊന്നുമറിയാതെ ഡോക്ടർ വരും നിനക്ക് കാര്യങ്ങൾ വിവരിച്ചു തരും. വീണ്ടും ഞാൻ വരും നീ എന്നെ ചതിച്ചത് ഓർമപ്പെടുത്തും.കഴിഞ്ഞ 15 വർഷമായി തുടരുന്നത് പോലെ ഇനിയും ഇത് തുടരും. അതിലും വലിയ ശിക്ഷ നിനക്ക് കിട്ടാനില്ല അലക്സ്. നിന്നെ ഒരു തൂക്കു കയറിനും ഞാൻ കൊടുക്കില്ല അലക്സ്. എനിക്ക് നീ വേണം. എന്നും കൂടെ….”

അലക്സ് ഉറക്കത്തിലേക്ക് വഴുതി വീണു… നാളെ വീണ്ടും മറവിയിലേക്ക് ഉണരുവാനായി…….

( അവസാനിച്ചു….. പക്ഷെ അലക്സിനു നീതു നൽകിയ ശിക്ഷ തുടർന്ന് കൊണ്ടേ ഇരിക്കും )

Leave a Reply

Your email address will not be published. Required fields are marked *