നിങ്ങളുടെ അച്ഛൻ പറയുമ്പോൾ അമ്മ നാട്ടിലെ പ്രമാണിമാർക്ക് പായ വിരിക്കുന്നതു പോലെ എനിയ്ക്ക് പറ്റില്ല സതീശേട്ടാ…..

✍️ RJ

നിങ്ങളുടെ അച്ഛൻ പറയുമ്പോൾ അമ്മ നാട്ടിലെ പ്രമാണിമാർക്ക് പായ വിരിക്കുന്നതു പോലെ എനിയ്ക്ക് പറ്റില്ല സതീശേട്ടാ…..

കണ്ണുനീരൊഴുകി മുഖമാകെ പടരുമ്പോഴും വീറോടെ തന്നെ നോക്കി പറയുന്നവളുടെ മുഖമടച്ച് വീണിരുന്നു സതീശന്റെ വലം കൈ

ഞാനൊന്നിത്തിരി താഴ്ന്നു തന്നെന്ന് വിജാരിച്ച് വായിൽ വരുന്നതെന്തും എന്നോട് വിളിച്ചു പറയാമെന്ന് കരുതരുത് അലീനാ…

ദേഷ്യം കൊണ്ട് വിറച്ച് അലീനയെ അടിച്ച തന്റെ കൈയൊന്ന് കൂട്ടി തിരുമ്മി സതീശൻ…

സതീശേട്ടൻ താഴ്ന്നു തരണ്ട എന്റെ മുമ്പിൽ… അങ്ങനൊന്ന് ഞാൻ ആഗ്രഹിക്കുന്നുമില്ല…

അടി കൊണ്ടു തിണർത്ത ഇടം കവിളിൽ കയ്യമർത്തി ഇടറി അലീന പറഞ്ഞതും അവളെ ദേഷ്യത്തിൽ വീണ്ടും നോക്കി സതീശൻ

“അതേ… നിന്റെ ആഗ്രഹം എന്നെ എന്റെ വീട്ടിൽ നിന്നും,എന്റെ അച്ഛന്റേം അമ്മയുടെയും അടുത്ത് നിന്നും അടർത്തിമാറ്റി നിന്റെ മാത്രമായ് കൊണ്ടുപോവുകയാണെന്നതല്ലേ…?

പരിഹാസത്തിൽ സതീശൻ പറയുമ്പോഴവനെ മിഴിച്ചു നോക്കി അലീന

മിഴിച്ചു നോക്കണ്ടെടീ നീ…..എന്നോടമ്മ പറഞ്ഞു ഈ പേരിലാണ് നീ വീട്ടിൽ നിന്ന്‌ വഴക്കിട്ട് ഇറങ്ങി ഇങ്ങോട്ടു വന്നതെന്ന്… എന്റെ അമ്മ നുണ പറഞ്ഞതൊന്നും അല്ലാന്ന് എനിയ്ക്കും അറിയാം…
നീ മുമ്പു പല തവണ എന്നോടിതേ കാര്യം പറഞ്ഞതുകൊണ്ട് അമ്മ പറഞ്ഞത് സത്യമാണെന്നും എനിക്കറിയാം…

നീ വീട്ടിൽ ചെയ്തതും പറഞ്ഞതും മാത്രമേ അമ്മ എന്നോടു പറഞ്ഞുള്ളു… അതല്ലാത്തൊരു കുറ്റം പോലും നിന്നെ പറ്റി അമ്മ എന്നോടിന്നേവരെ പറഞ്ഞിട്ടില്ല …
പക്ഷെ നീ ഇപ്പോ പറഞ്ഞതെന്താണെടി… ആരെ പറ്റിയാണെടീ…. ഇത്രയ്ക്കും തരം താഴ്ന്നവളായിരുന്നോ നീ…?

അലീനയോടുള്ള ദേഷ്യവും വെറുപ്പും നിറഞ്ഞു നിന്നിരുന്നു സതീശന്റെ വാക്കുകളിൽ…. ഒരക്ഷരം തിരികെ മറുപടി പറയാതെ അവനെ നോക്കി നിന്നു അലീനയും…

താനെന്തു തന്നെ പറഞ്ഞാലും അവന് തന്നെക്കാൾ വിശ്വാസം സ്വന്തം മാതാപിതാക്കളെ തന്നെയാവുമെന്ന ഉറപ്പവൾക്കുണ്ട്… അവർക്കിടയിൽ താനെന്നും ആ അനാഥ തന്നെയാവുമെന്നവളോളം ആർക്കറിയാം…

നിന്നെ തിരികെ കൂട്ടികൊണ്ടുപോവാനുറച്ച് തന്നെയാണ് ആരോടും പറയാതെ ഞാൻ ജോലി സ്ഥലത്തു നിന്നിങ്ങോട്ടു വന്നത്… പക്ഷെ എന്റെ മാതപിതാക്കളെ പറ്റി ഇത്രയും വലിയൊരു ദുഷിപ്പ് പറഞ്ഞ നിന്നോട് ക്ഷമിക്കാൻ എനിയ്ക്ക് പറ്റില്ല അലീന… നീ ഇവിടെ തന്നെ നിന്നോ….. എന്നിട്ട് ചെയ്തതും പറഞ്ഞതുമെല്ലാം തെറ്റാണെന്ന് തോന്നുമ്പോൾ ഇറങ്ങി വന്നതു പോലങ്ങ് തിരികെ വന്നേരെ… വരുമ്പോ എന്റെ അച്ഛനെയും അമ്മയേയും പറ്റി പറഞ്ഞ അനാവശ്യത്തിന് അവരുടെ കാലിൽ പിടിച്ച് മാപ്പു പറയാനുള്ള മനസ്സു കൂടി ഉണ്ടാവണം നിനക്ക്… അല്ലാതെയാ വീടിന്റെ പടി ചവിട്ടില്ല നീ… ”

“ഞാനൊരു തെറ്റും ചെയ്യാത്ത കാലത്തോളം അങ്ങനെയൊരു മാപ്പു പറച്ചിൽ ഉണ്ടാവില്ല സതീശേട്ടാ…
ഈ അനാഥാലയത്തിൽ എന്റെ മരണം വരെ ഞാൻ താമസിക്കേണ്ടി വന്നാലും ആ വീട്ടിലേക്ക് ഞാൻ മടങ്ങി വരികയുമില്ല…

“ഞാനവിടെ കാണുന്നതും കേൾക്കുന്നതുമൊന്നും ഇന്നേവരെ നിങ്ങളോട് പറഞ്ഞിട്ടില്ല കാരണം ഓരോരുത്തരും ജീവിക്കുന്നത് അവനവന്റെ ഇഷ്ടത്തിനാണ്… മാത്രവുമല്ല നിങ്ങൾക്കെന്നും വിശ്വാസം അവരെയാണ്.. അതൊരു തെറ്റുമല്ല….
പക്ഷെ ഞാൻ നിങ്ങളുടെ അതായത് അവരുടെ മകന്റെ ഭാര്യയാണെന്നതു പോലും മറന്ന് കുന്നുമ്മലെ പ്രമാണിശേഖരന്റെയൊപ്പം അന്തിക്കൂട്ട് കിടക്കാൻ എന്നെ നിർബന്ധിച്ച നിങ്ങളുടെ അച്ഛനോടും അമ്മയോടും എന്റെ മരണം വരെ ഞാൻ ക്ഷമിക്കില്ല സതീശേട്ടാ… അങ്ങനെയെനിക്ക് നിങ്ങളുടെയൊപ്പം ജീവിക്കണ്ട……”

ഉറപ്പുള്ള അവളുടെ വാക്കുകളിൽ അവളെ തല്ലാനായ് വീണ്ടുമുയർത്തിയ കൈ സ്വയമറിയാതെ തന്നെ താഴ്ത്തി സതീശൻ..

താഴ്ത്തിയ അവന്റെ കയ്യിലേക്കും മുഖത്തേക്കു മൊന്ന് നോക്കി അലീന തിരികെ കയറി പോയതും നിറഞ്ഞ കണ്ണുകൾ ആരും കാണാത്ത വിധം ആ അനാഥാലയത്തിന്റെ പടിയിറങ്ങി സതീശൻ…

അനാഥയായ അലീനയെ കണ്ടിഷ്ട്ടപ്പെട്ടതും തനിക്കായ് ആലോചിച്ചു വിവാഹം നടത്തി തന്നതും തന്റെ മാതാപിതാക്കളാണ്…..

പ്രവാസിയാണ് താൻ… വർഷത്തിൽ ഒരു മാസത്തെ ലീവിനു വരുന്നവൻ….

വിവാഹം കഴിഞ്ഞ നാൾ മുതൽ
മകളെ പോലെ അണിയിച്ചൊരുക്കി അവളെ അമ്മ കൊണ്ടു നടക്കുമ്പോഴും അവളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് അച്ഛൻ ഭക്ഷണ സാധനങ്ങൾ വാങ്ങി കൊണ്ടുവരുമ്പോഴുമെല്ലാം തനിക്കഭിമാനമാണ് തന്റെ വീട്ടുക്കാരെയോർത്ത്..

ലീവു കഴിഞ്ഞ് താൻ മടങ്ങി ദിവസങ്ങൾ പിന്നിട്ടതും അലീന ഓരോ കുറ്റങ്ങളോ പരാതിയോ അമ്മയെ പറ്റി പറയുമ്പോഴും അമ്മയവളെ കുറ്റപ്പെടുത്തി ഒരു വാക്കു പോലും ഇന്നേ വരെ പറഞ്ഞിട്ടില്ല…

വീടുവിട്ടിറങ്ങി പോയ് അലീനയെന്ന് പറഞ്ഞമ്മ കരഞ്ഞ കരച്ചിൽ ഇപ്പോഴും സ്വന്തം ചെവിയിൽ മുഴങ്ങുന്നതായ് തോന്നി സതീശന്….

ആരോടും പറയാതെ വേഗത്തിൽ ലീവെടുത്ത് നാട്ടിലെത്തിയതു തന്നെ അലീനയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തിരികെ കൂട്ടികൊണ്ടുപോവാൻ വേണ്ടിയാണ്… പക്ഷെ അവൾ പറഞ്ഞത്…… അതും അവളെയൊരു മകളായ് കണ്ടത്രയും സ്നേഹിക്കുന്നവരെ പറ്റി…. എങ്ങനെ കഴിഞ്ഞവൾക്കതിന്….?

ആ ചിന്തയിൽ പോലും നിറഞ്ഞവന്റെ മിഴികൾ

രാത്രിയേറെ വളർന്നിരുന്നു അന്ന് സതീശൻ വീട്ടിലെത്തുമ്പോൾ…

പറയാതെയുള്ള തന്റെയി വരവിൽ അമ്മയുടെയും അച്ഛന്റെയും മുഖത്തുണ്ടാവുന്ന ഞെട്ടലും പിന്നെയുള്ള അവരുടെ സന്തോഷവുമെല്ലാം മനസ്സിൽ തെളിഞ്ഞതും ആ അവസ്ഥയിലും ഒരു ചിരി തെളിയിച്ചവനിൽ..

ഇരുളിലാണ്ടു കിടക്കുന്ന വീടിനെയാകെയൊന്നു നോക്കി കോളിംഗ് ബെല്ലിൽ സതീശൻ വിരലമർത്താൻ തുടങ്ങും നേരം തന്നെയാണ് അകത്തുനിന്നാ വാതിൽ തുറന്നൊരാൾ പുറത്തെ ഇരുട്ടിലേക്കിറങ്ങിയത്…

കുന്നുമ്മൽ വീട്ടിലെ ശേഖരൻ…

ചുണ്ടുകളുരുവിട്ടതും അവന്റെ മനസ്സിലേക്കോടിയെത്തിയത് അലീനയുടെ വാക്കുകളാണ്..

എന്തോ ഒരുൾ പ്രേരണ പോലെ ആരുടെയും കണ്ണിൽപ്പെടാതെ ഇരുളിൽ മറഞ്ഞു നിന്നവൻ

മാലൂ…

ശേഖരൻ വിളിച്ചതും പുറത്തേക്കിറങ്ങി വന്നയാളുടെ നെഞ്ചോരം ചേർന്നെന്ന പോലെ നിൽക്കുന്ന തന്റെ അമ്മയെ ഞെട്ടലോടെയാണ് സതീശൻ നോക്കിയത്…

അവന്റെ കണ്ണുകൾ അച്ഛനെ തേടിയതും കണ്ടു ഒരു ചിരിയോടെ കുറച്ചപ്പുറം നിൽക്കുന്നയാളെ

“മാലൂ… ഏതുവിധേനെയും അനാഥാലയത്തിൽ നിന്നാ പെണ്ണിനെയിവിടെ തിരികെയെത്തിക്കണം…. അലീനയെ… അവളെ കണ്ടത്രയും ഞാൻ മോഹിച്ചതുകൊണ്ടാണ് നിങ്ങൾ ചോദിച്ച പണമത്രയും കണക്കു നോക്കാതെ ഞാൻ തന്നതും സതീശനുമായുള്ള അവളുടെ കല്യാണത്തിന് മുന്നിൽ നിന്നതും… മറന്നു പോകരുതത് രണ്ടാളു മത്… എനിക്കവളെ കിട്ടിയേ തീരു…. ഇല്ലെങ്കിൽ ഇല്ലാതെയാവുന്നത് നമ്മൾ തമ്മിലുള്ള ബന്ധമാവും… അറിയാലോ അത്…?

രണ്ടു ദിവസത്തിനുള്ളിൽ അവളീ വീട്ടിലുണ്ടാവും, നമ്മളാഗ്രഹിക്കുന്നതു പോലെ… ശേഖരേട്ടൻ അതോർത്ത് വിഷമിക്കണ്ട…

ശേഖരന്റെ വാക്കുകളും അയാളെ ആശ്വസിപ്പിച്ച് തന്റെ പെറ്റമ്മ പറഞ്ഞ മറുപടിയും ഈയ്യം ഉരുക്കിയൊഴിച്ചതു പോലെ പൊള്ളിച്ചു സതീശനെ…

അറിയാതെ നിറഞ്ഞ കണ്ണുകൾ തുടക്കാൻ പോലും മിനക്കെടാതെയാ ഇരുളിൽ നിന്ന് പുറത്തേക്കിറങ്ങി ശേഖരന്റെ മുഖമടച്ച് തലങ്ങും വിലങ്ങും സതീശനടിക്കുമ്പോഴും കൺമുന്നിൽ അവനെ കണ്ട ഞെട്ടലിൽ നിന്ന് മോചിക്കപ്പെട്ടിരുന്നില്ല അവന്റെ അച്ഛനമ്മമാർ…

അടിയേറ്റു നിലത്തു കിടക്കുന്ന ശേഖരനെ കാലുകൊണ്ടൊന്നു കൂടി തൊഴിച്ചെറിഞ്ഞ് തന്നെ ഞെട്ടി പകച്ച് ഭയന്ന് നോക്കുന്നവരുടെ മുഖത്തേക്ക് കാർക്കിച്ചൊന്നു തുപ്പി ആ വീടിന്റെ പടി എന്നേക്കുമായിറങ്ങി നടന്നു സതീശൻ…

അലീനയെന്ന പെണ്ണിനെ ലക്ഷ്യം വെച്ചുള്ള അവന്റെയാ ഓരോ കാലടിയിലും മനസ്സിലൊരായിരം വട്ടം അവളുടെ കാൽക്കൽ വീണു മാപ്പിരന്നു കൊണ്ടിരുന്നവൻ…..

സ്വന്തം നിഴലും ചതിക്കുന്ന ഈ ലോകത്ത് അവനുള്ളു തുറന്ന് കരയാൻ അവളൊരുത്തിയേ അപ്പോഴി ഭൂമിയിൽ അവന്റെതായ് അവശേഷിച്ചിരുന്നുള്ളു എന്ന തിരിച്ചറിവിലാണവൻ….

ആ ചിന്തയിൽ ചുറ്റും പടർന്ന അന്ധകാരത്തെ വകവെക്കാതെ അലിനയെന്ന വെളിച്ചത്തെ തേടി വേഗത്തിൽ നടന്നവൻ… രാവിനെ പകലാക്കിയെന്ന പോൽ…..

ശുഭം…..

RJ

Leave a Reply

Your email address will not be published. Required fields are marked *