പെട്ടെന്നുള്ള ഗർഭധാരണവും പ്രസവവുമൊക്കെ ഒരുപാട് തളർത്തിയിരുന്നു ആ കുട്ടിയെ. കൂടുതൽ…

ബാക്കിയാവുന്നവർ

✍️ ജെയ്നി റ്റിജു

” അടുത്തതായി നവദമ്പതികൾ മധുരം പങ്കുവെക്കുകയാണ്. അവരുടെ പേരെന്റ്സ് കൂടെയുണ്ടെങ്കിൽ ആ ചടങ്ങിന് ഇരട്ടി മധുരമുണ്ടാവുമല്ലേ.. ”

വിവാഹറിസെപ്ഷനിൽ എംസി ചെയ്യുന്ന പെൺകുട്ടി എത്ര ഭംഗിയായാണ് സംസാരിക്കുന്നത് എന്ന് ചിന്തിച്ച്, സ്റ്റേജിന്റെ താഴെയായി ബോബിച്ചായന്റെ കയ്യുംപിടിച്ചു സ്റ്റേജിലേക്ക് കയറാൻ റെഡിയായി നിൽക്കുകയായിരുന്നു ഞാൻ. സ്റ്റേജിന്റെ മറ്റേ സൈഡിൽ റോബിന്റെ മാതാപിതാക്കളും നിൽപ്പുണ്ട്.

” അപ്പോൾ വരനായ പ്രിയ റോബിന്റെ പേരെന്റ്സ് മാത്യു അങ്കിളിനെയും ഷീബാന്റിയേയും സ്റ്റേജിലേക്ക് ക്ഷണിക്കുന്നു. അതുപോലെ തന്നെ അലീഷയുടെ പേരെന്റ്സ് ബോബിയങ്കിളിനെയും പ്രിയ ആന്റിയെയും ക്ഷണിക്കുകയാണ്.. ”

ഞാൻ തറഞ്ഞു നിൽക്കുകയാണ്. സദസ്സിലാകെ ഒരു നിമിഷത്തെ നിശബ്ദത. ബോബിച്ചായൻ ആ പെൺകുട്ടിയോട് എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. അതിനിടയിൽ ഞാൻ കണ്ടു, മുന്നിൽ ഒരു മഹാറാണിയുടെ പ്രൌഡിയോടെ പ്രിയ. സ്റ്റേജിൽ നിന്നും മോൾ അവളെ കൈകാണിച്ചു വിളിക്കുന്നത് കണ്ടതും ഞാൻ ബോബിച്ചായന്റെ കയ്യിൽ പിടിച്ചു അമർത്തി. ശബ്ദമുയർത്താൻ തുടങ്ങിയ അദ്ദേഹത്തെ അരുതെന്ന് കണ്ണടച്ചു കാണിച്ച് അടക്കി. പതുക്കെ മുന്നോട്ട് പോ എന്നർത്ഥത്തിൽ പതുക്കെ തള്ളി. റോബിന്റെ പേരെന്റ്സ് ആൾറെഡി അവരുടെ അടുത്ത് എത്തിയിരുന്നു.അലീഷ കേറിവാ പപ്പാ എന്ന് കൈകൊണ്ട് വിളിക്കുന്നുണ്ടായിരുന്നു. ബോബിയോടൊപ്പം എന്നെയൊന്നു പാളിനോക്കിയിട്ട് പ്രിയയും കയറി. സ്റ്റേജിലെത്തി വീണ്ടും എന്നെ നോക്കിയ ബോബിച്ചനെ കണ്ണുകൊണ്ട് വീണ്ടും ഞാൻ നിയന്ത്രിച്ചു.

എംസി പെൺകുട്ടിയും ഫോട്ടോഗ്രാഫറും പറയുന്ന പോലെ പിന്നീടുള്ള ചടങ്ങുകൾ നടന്നു.. വധൂവരന്മാരോടൊപ്പം മാതാപിതാക്കൾ വിളക്ക് തെളിച്ചു, കേക്ക് മുറിച്ചു. മക്കൾ മാതാപിതാക്കൾക്കും, മാതാപിതാക്കൾ തിരിച്ചും നൽകി. ഫോട്ടോഗ്രാഫറുടെ നിർദേശം അനുസരിച്ചു എല്ലാവരും ഒന്നിച്ചു നിന്നും ഓരോ ഫാമിലിയായും നിന്ന് ഫോട്ടോ എടുത്തു. ഞാൻ മോളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു. അവളുടെ മുഖത്ത് നിറഞ്ഞ ചിരി. കണ്ണുനിറഞ്ഞൊഴുകി കാഴ്ചയെ മറച്ചപ്പോൾ ഞാൻ പുറത്തേക്ക് നടന്നു. എന്നെ നോക്കി പിറുപിറുക്കുന്നവരുടെ കണ്ണിലെ സഹതാപമോ പുച്ഛമോ എന്ന് ശ്രദ്ധിച്ചില്ല. ആയിരത്തിലധികം ആളുകൾ തടിച്ചുകൂടിയ ആ ഓഡിറ്റോറിയത്തിൽ എനിക്ക് ഒളിക്കാനൊരിടം വേണമായിരുന്നു.

പെട്ടെന്ന് ആരോ പുറകെ ഓടിയെത്തി എന്റെ കൈപിടിച്ചു. എന്റെ സഹോദരന്റെ മകൻ ജിതിൻ. അവൻ താങ്ങിയില്ലായിരുന്നെങ്കിൽ തളർന്നു വീണേനെ എന്ന് തോന്നി.

” ആന്റി, ഞാൻ കാറിലേക്കിരുത്തട്ടെ. ” അവൻ ചോദിച്ചു.

” വണ്ടി വീട്ടിലേക്ക് വിട് ജിത്തൂ. ”

അവനൊന്നും പറഞ്ഞില്ല. വണ്ടി വിട്ടു. വണ്ടി ഓഡിറ്റോറിയത്തിൽ നിന്നും വഴിയിലേക്കിറങ്ങിയതും ഞാൻ അതുവരെ അടക്കിപ്പിടിച്ചിരുന്ന കരച്ചിൽ അണപൊട്ടിയോഴുകി. അവൻ തടഞ്ഞില്ല. അല്ലെങ്കിലും അവനോളം എന്നെ മറ്റാരും മനസ്സിലാക്കിയിട്ടില്ല എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഇന്നെന്റെ മകളുടെ വിവാഹമായിരുന്നു. ഗർഭത്തിൽ ചുമന്നില്ലെങ്കിലും ഞാനെന്റെ ഹൃദയത്തിൽ ചുമന്നതാണവളെ, ഇരുപത് വർഷം. പെറ്റമ്മ ഉപേക്ഷിച്ചു പോകുമ്പോൾ അവൾക്ക് നാലുവയസ്സ്. അഡ്വക്കേറ്റ് പ്രിയ സെബാസ്റ്റ്യൻ, അന്നവൾ വെറും പ്രിയ ആയിരുന്നു. ഒരുപാട് സ്വപ്നങ്ങളുമായി ബോബിയുടെ ജീവിതത്തിൽ കെട്ടിക്കയറിയ പെൺകുട്ടി. പക്ഷെ, ബോബിക്ക് വേണ്ടിയിരുന്നത് തന്റെ സ്വന്തം വരുമാനത്തിൽ ഉള്ളത് കൊണ്ട് ജീവിക്കുന്ന, വയ്യാതെ ഇരിക്കുന്ന അമ്മച്ചിയെ നോക്കുന്ന സാധാരണ പെൺകുട്ടിയായിരുന്നു. പെട്ടെന്നുള്ള ഗർഭധാരണവും പ്രസവവുമൊക്കെ ഒരുപാട് തളർത്തിയിരുന്നു ആ കുട്ടിയെ. കൂടുതൽ പഠിക്കണമെന്നും നല്ല ജോലി നേടണമെന്നുമുള്ള അവളുടെ ആഗ്രഹങ്ങൾക്ക് പറ്റിയ സ്ഥലമല്ലാരുന്നു ആ വീടും സാഹചര്യങ്ങളും. അതു തന്നെയാവണം അവർക്കിടയിൽ അകൽച്ചയുണ്ടാക്കിയത്. അവസാനം പരസ്പരസമ്മതത്തോടെ പിരിയുമ്പോൾ ബോബിച്ചൻ ഒന്നേ ആവശ്യപ്പെട്ടുള്ളൂ, മൂന്നുവയസ്സുള്ള അവരുടെ മോളെ, അലീഷയെ. അപ്പോഴേക്കും എൽഎൽ ബിക്ക് ചേർന്നിരുന്ന പ്രിയയ്ക്കും അതായിരുന്നു സൗകര്യം. വീടും കുഞ്ഞിനെ നോട്ടവും ജോലിയും എല്ലാം കൂടെ പറ്റാതെ വന്നപ്പോഴാണ് രണ്ടാമതൊരു വിവാഹം കഴിക്കാൻ ബോബി തീരുമാനിച്ചത്. കുഞ്ഞിനോടുള്ള അമിതസ്നേഹവും രണ്ടാനമ്മമാരെക്കുറിച്ചു കേട്ടിട്ടുള്ള കഥകളുമായിരിക്കും വാസക്ടമി ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എല്ലാം പറഞ്ഞിട്ട് തന്നെയാണ് വിവാഹം ചെയ്തത്. മുപ്പത് വയസ്സുകഴിഞ്ഞും വിവാഹം നടക്കാതെ, പറയത്തക്ക സൗന്ദര്യമോ വിദ്യാഭ്യാസമോ ഇല്ലാത്ത, ആങ്ങളമാർക്കൊരു ബാധ്യതയായിരുന്ന എനിക്കതിൽ കൂടുതൽ ആഗ്രഹിക്കാൻ അവകാശമില്ലായിരുന്നു. പക്ഷെ, എനിക്ക് സ്നേഹിക്കാൻ മാലാഖപോലൊരു നാലുവയസ്സുകാരി ധാരാളമായിരുന്നു. പതിയെയാണെങ്കിലും ഞാൻ അവളുടെ ബീനാമ്മയായി, എന്റെ വീട് അവളുടെ അമ്മവീടായി, എന്റെ സഹോദരങ്ങൾ അവളുടെ അമ്മാച്ചന്മാരായി. അവളുടെ സന്തോഷത്തിൽ, വേദനകളിൽ, നേട്ടങ്ങളിൽ ഞാൻ അവളോടൊപ്പമിരുന്നു.അവൾ ഡോക്ടർ അലിഷ ആകുന്നത് വരെയും.

ഞങ്ങളുടെ വിവാഹം കഴിഞ്ഞു മൂന്നോ നാലോ വർഷങ്ങൾക്കുള്ളിൽ അമ്മച്ചി മരിച്ചിരുന്നു. പിന്നീട് ബോബിച്ചൻ ട്രാൻസ്ഫർ വാങ്ങി തിരുവനന്തപുരത്തു നിന്ന് കൊച്ചിക്ക് പോന്നു. പിന്നെ പ്രിയയെക്കുറിച്ച് ഒന്നും കേട്ടില്ല. അവരും അവരുടെ ജീവിതത്തിൽ തിരക്കിൽ ആയിരിക്കണം.

എംബിബിഎസ് കഴിഞ്ഞു അവൾ ജോലിക്ക് കയറിയ ഹോസ്പിറ്റലിൽ തന്നെയായിരുന്നു റോബിനും വർക്ക്‌ ചെയ്തിരുന്നത്. അവർ തമ്മിൽ കണ്ടു,ഇഷ്ടപ്പെട്ടു, വിവാഹവും ആലോചിച്ചു. ചേരുന്ന ബന്ധമായതുകൊണ്ട് അധികം ആലോചിച്ചില്ല. പിന്നെ കുട്ടികളുടെ ഇഷ്ടമാണല്ലോ പ്രധാനം. കല്യാണമുറപ്പ് ചെറുതായി നടത്തിയാൽ മതിയെന്നും കല്യാണം നമുക്ക് തുല്യമായി ഷെയർ ഇട്ടു നടത്താമെന്നും റോബിന്റെ ഫാമിലി പറഞ്ഞപ്പോൾ ഞങ്ങളും അംഗീകരിച്ചു.

കല്യാണം ഉറപ്പിക്കാൻ വന്നപ്പോഴാണ് അവർ പറഞ്ഞത് പ്രിയ അവരുടെ അടുത്ത സുഹൃത്താണെന്നും പ്രിയയുടെ മകൾ ആയതുകൊണ്ടാണ് കൂടുതൽ ഒന്നും ആലോചിക്കാതെ സമ്മതിച്ചതെന്നും. അന്നേ ബോബിച്ചനതിൽ ചെറിയ ഒരു നീരസം തോന്നിയെങ്കിലും നമ്മുടെ കുഞ്ഞിന്റെ ജീവിതത്തിനു നിങ്ങളുടെ ഈഗോ ഒരു തടസ്സമാകരുതെന്ന് ഞാനാണ് പറഞ്ഞത്. റോബിനോടൊപ്പം പ്രിയ അവളെ ചെന്നു കണ്ടിരുന്നു എന്നവൾ പറഞ്ഞിരുന്നു. അങ്ങനെ കാണരുതെന്ന് പറയാൻ ആർക്കും അവകാശമില്ലല്ലോ.

എംസി ചെയ്തത് റോബിന്റെ സഹോദരിയായിരുന്നു. അപ്പോൾ പ്രിയയെ വരുത്തിയത് അവരുടെ പ്ലാൻ തന്നെയായിരിക്കണം. എന്നെ വേദനിപ്പിച്ചത് ഇത്രയും പരസ്യമായിഅപമാനിച്ചതാണ്. അവളെന്നോട് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിൽ ഞാൻ ചെയ്തേനെ. പക്ഷെ, ഇത്രയും കാലം വളർത്തി വലുതാക്കിയ എന്നെ ഒരു കോമാളിയാക്കണ്ടായിരുന്നു.

വീട്ടിലെത്തിയതും എന്റെ ഫോണിൽ ബോബിച്ചായന്റെ കോൾ വന്നു. എന്നോട് തിരിച്ചു വരാൻ ആവശ്യപ്പെട്ടു. ഞാനദ്ദേഹത്തെ സ്നേഹത്തോടെ തടഞ്ഞു.

” ഇച്ചായാ, ഏതൊരു പെൺകുട്ടിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് അവളുടെ വിവാഹം. ഏറ്റവും സന്തോഷിച്ചാണ് അവൾ അന്ന് പുതിയ ജീവിതത്തിലേക്ക് കടക്കേണ്ടത്. അവളെ വേദനിപ്പിക്കുന്ന ഒന്നും നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്. ”

ഏതാനും മണിക്കൂറുകൾക്കുള്ളിൽ കോളിങ്‌ ബെല്ലടിക്കുന്നത് കേട്ട് ഞാൻ പോയി ഡോർ തുറന്നു. മുന്നിൽ ബോബിച്ചനും അച്ചായന്റെ മൂത്ത സഹോദരിയും കുടുംബവും പിന്നെ ജിത്തുവും.

” നിങ്ങൾ എല്ലാരും ഇങ്ങു പോന്നോ. മോളെ അപ്പോൾ അവരുടെ വീട്ടിൽ കൊണ്ടുവിട്ടില്ലേ. മോളെ റോബിന്റെ കൈ പിടിച്ചു ഏൽപ്പിക്കുന്ന ചടങ്ങ് ഒക്കെ ഉണ്ടായിരുന്നല്ലോ.. ”

ഞാൻ വെപ്രാളപ്പെട്ടു.

സൂസൻ ചേച്ചിയാണ് പിന്നെ ഉണ്ടായ വിശേഷങ്ങൾ എല്ലാം പറഞ്ഞത്.
എല്ലാം ഭംഗിയായി കഴിഞ്ഞു. സദ്യ എല്ലാം കഴിഞ്ഞു പിരിയാൻ നേരം റോബിൻ പ്രിയയെ അടുത്തു വിളിച്ചു മോളെ അവളുടെ കയ്യിൽ ഏൽപ്പിച്ചുകൊണ്ട് പറഞ്ഞത്രേ,
“ചെറുപ്പത്തിൽ ആന്റിക്ക് നഷ്ടപ്പെട്ട ആന്റിയുടെ മോളെ തിരിച്ചു തരുമെന്ന വാക്ക് ഞാൻ പാലിക്കുന്നു “എന്ന്. ഫോട്ടോഗ്രാഫറുടെ നിർദേശപ്രകാരം റോബിന്റെ അമ്മയുടെ കയ്യിൽ അവളെ പ്രിയ തന്നെ അവളെ ഏൽപ്പിച്ചു.

” പപ്പാ വിഷമിക്കേണ്ട കാര്യമൊന്നുമില്ല. ഇത്രയും നാൾ പപ്പക്ക് ഒന്നും നഷ്ടപ്പെട്ടില്ല. പപ്പാക്ക് ഒരു കുടുംബജീവിതം ഉണ്ടായിരുന്നു.. പക്ഷെ, എന്റെ മമ്മി, എന്നെയൊന്നു കാണാൻ പോലും കഴിയാതെ എന്നെ മാത്രം ഓർത്തു കഴിയുകയായിരുന്നു. റോബിൻ കാരണമാണ് ഞങ്ങൾ പരസ്പരം തിരിച്ചറിഞ്ഞതും വീണ്ടും ഒന്നിച്ചതും. ഇനിയെങ്കിലും എനിക്കെന്റെ പെറ്റമ്മയുടെ സ്നേഹം അനുഭവിക്കണം. ”

മോളുടെ വാക്കുകേട്ട് ചങ്കു തകർന്നെങ്കിലും ഇച്ചായൻ ഒന്നും മിണ്ടിയില്ല.

” നാലിന്റെ അന്ന് വിരുന്നിനു വരുക എന്നൊരു ചടങ്ങുണ്ട്. ഇനിയതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഈ ഇരുപത് വർഷം കൊണ്ട് നിന്നെ നീയാക്കിയ ഒരുത്തി വീട്ടിലുണ്ട്. മോൾക്കിനി ഞങ്ങളെ രണ്ടുപേരെയും കാണണം എന്ന് എന്നെങ്കിലും തോന്നിയാൽ അന്ന് വരാം വീട്ടിലേക്ക്.”

അവസാനമായി ഇത്ര മാത്രം പറഞ്ഞു, അവളെ വണ്ടിയിൽ കയറ്റിവിട്ടിട്ട് നേരെ എല്ലാവരും കൂടെ ഇങ്ങോട്ട് പോരുകയാണുണ്ടായതത്രെ..

” ബീനാ, നിന്നോട് തെറ്റ് ചെയ്തത് ഞാനാണ്. ഞാനെന്നും സ്വാർത്ഥനായിരുന്നു. പ്രിയയോട് ഞാൻ കാണിച്ചതും സ്വാർത്ഥത തന്നെയായിരുന്നു.. ഒരമ്മയാവാനുള്ള നിന്റെ അവകാശം നിഷേധിച്ചതും എന്റെ മാത്രം സ്വാർത്ഥത. എന്റെ രക്തമല്ലേ അവൾ. ഇത്രയൊക്കെയേ പ്രതീക്ഷിക്കാൻ കഴിയൂ അവളിൽ നിന്ന്.. ”

ബോബിച്ചായൻ എന്റെ കയ്യിൽ പിടിച്ചു കരയുകയായിരുന്നു.

” ആന്റി, സത്യം പറയാലോ, വിശന്നിട്ടു കണ്ണുകാണാൻ മേല. ഇവരൊക്കെ കഴിക്കാതെ പോന്നപ്പോൾ ഒരു മൂച്ചിന് ഞാനും പോന്നതാ. ഇവിടെ എന്തെങ്കിലും ഇരുപ്പുണ്ടാവോ? ”

സന്ദർഭത്തിന് അയവു വരുത്താനാവണം ജിത്തുവാണ് ചോദിച്ചത്. ഒരു നിമിഷം അന്താളിച്ചെങ്കിലും രാവിലത്തെ ഉപ്പുമാവ് കാണുമെടാ എന്ന് പറഞ്ഞു ഞാൻ അടുക്കളയിലേക്ക് കയറിയപ്പോൾ എല്ലാവരും പ്ലേറ്റുമെടുത്ത് പുറകെ വന്നു.

” ആദ്യമായിട്ടാവും പ്ലേറ്റിനു അഞ്ഞൂറ് രൂപയുടെ ഫുഡ്‌ നാട്ടുകാർക്ക് കൊടുത്തിട്ട് കുടുംബക്കാർ പഴയ ഉപ്പുമാവ് കഴിക്കുന്നത്. ”

സൂസൻ ചേച്ചിയുടെ ഭർത്താവ് ടോണിച്ചായന്റെ ഡയലോഗ് എല്ലാവരിലും ചിരിയുണർത്തിയെങ്കിലും എന്റെ മനസ്സിൽ വിവാഹം കഴിഞ്ഞു വന്നയിടയ്ക്ക് ബോബിച്ചായന്റെ അമ്മ പറയാറുള്ള വാക്കുകൾ ആയിരുന്നു.

‘ പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാകത്തില്ല…. ”

ജെയ്നി റ്റിജു

Leave a Reply

Your email address will not be published. Required fields are marked *