ഒന്നു കെട്ടിയതിന്റെയും ആണൊരുത്തന്റെ കൂടെ അഞ്ചാറു മാസം പൊറുത്തതിന്റെയുമെല്ലാം എക്സ്പീരിയൻസുള്ള നിനക്കിനി…

ഇത്രമാത്രം പേടിച്ചു വിറച്ച് കല്യാണ പന്തലിലേക്കിറങ്ങാൻ ഇതു നിന്റെ ആദ്യത്തെ കല്യാണമൊന്നുമല്ലല്ലോ… ?
രണ്ടാം കല്യാണമല്ലേ… ?

മുഹൂർത്തതിന് സമയമടുത്തതും ശരീരമാകെ വിറച്ചു പരവേശപ്പെട്ട ദീപയെ ആകെയൊന്നുഴിഞ്ഞ് ഒരു പരിഹാസത്തിലാണ് അമ്മായിയുടെ ചോദ്യം…

അവരോടു പറയാൻ മറുപടിയൊന്നും നേരത്തെ കരുതി വെക്കാത്തതിനാൽ നിശബ്ദയായ് ഉള്ളിലെ പരിഭ്രമമടക്കി ദീപ ഇരുന്നതും അമ്മായിയും കൂടെയുള്ള മറ്റു സ്ത്രീകളും അവളുടെ ചാരെ അവളോട്ടൊട്ടിയിരുന്നു…

ദീപേ….

ശബ്ദമൊന്നു മയപ്പെടുത്തി അമ്മായി വിളിച്ചതും കുനിച്ചു പിടിച്ച തന്റെ മുഖം ശ്രമപ്പെട്ടുയർത്തി അവരെ നോക്കി ദീപ…

“ആദ്യമായി കല്യാണം കഴിച്ചാണൊരുത്തന്റെ കൂടെ പോവുന്നൊരു പെൺക്കുട്ടിയ്ക്ക് വീട്ടുക്കാർ നൽകുന്ന ഉപദേശങ്ങളെല്ലാം രണ്ട് കൊല്ലം മുന്നേ നിനക്ക് നൽകിയതാണ് ഞങ്ങൾ… ഇനിയതൊന്നും ഒരിക്കൽക്കൂടി നിനക്കാരും പറഞ്ഞുതരേണ്ടതില്ല…

“ഒന്നു കെട്ടിയതിന്റെയും ആണൊരുത്തന്റെ കൂടെ അഞ്ചാറു മാസം പൊറുത്തതിന്റെയുമെല്ലാം എക്സ്പീരിയൻസുള്ള നിനക്കിനി ആരുടെയും ഉപദേശത്തിന്റെയും ആവശ്യമില്ല… ഒന്നു മാത്രം ഓർത്താൽ മതി നീയിനി ചെന്നു കയറുന്നിടമാണ് ഇന്നു മുതൽ നിന്റെ വീട്… ഇഷ്ടമില്ലാത്തത് പലതും കൺമുന്നിൽ കാണും… അതെല്ലാം കണ്ടില്ലാന്ന് നടിച്ച് എങ്ങനെയും അവിടെ ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കാൻ നോക്കണം… തൊട്ടതിനും പിടിച്ചതിനുമൊന്നും ഇങ്ങോട്ടോടി വരരുത്… ഇവിടെ നീ മാത്രമല്ല മകളായിട്ടുള്ളത്… മറന്നു പോണ്ടത്….. ഇനിയെങ്കിലും…”

ഒരുപദേശ രൂപേണ അമ്മായി കാര്യങ്ങളോരോന്നും വ്യക്തമായ് പറഞ്ഞു തരുമ്പോൾ ദീപ കാണുന്നുണ്ട് തന്റെ കണ്ണിൽ പെടാതെ വാതിലിനപ്പുറം മറഞ്ഞു നിൽക്കുന്ന സ്വന്തം അമ്മയെ….

അമ്മായി ഇത്ര നേരം തന്നോടു പറഞ്ഞതൊക്കെയും അമ്മായിയെ തന്നോടു പറയാനായ് അമ്മ ഏല്പിച്ച കാര്യങ്ങളായിരുന്നെന്ന തിരിച്ചറിവിൽ ഉള്ളിൽ വേദന നിറയുമ്പോഴും ചുണ്ടിൽ മനോഹരമായ പുഞ്ചിരിയൊന്നു നിറച്ചു വെച്ചവൾ

അമ്മ ആദ്യവും ഇങ്ങനെ തന്നെയാണ്.. നേരിട്ടൊരു കാര്യവും തന്നോടു പറയില്ല… എല്ലാ കാര്യവും തന്നോടു പറയാൻ ആരെയെങ്കിലും ചുമതലപ്പെടുത്തുകയാണ് പതിവ് … അതുപോലെ തന്നെ നേരിട്ടിന്നേവരെ തന്റെ കാര്യങ്ങളൊന്നും തന്നോട് ചോദിച്ചിട്ടില്ല… മറ്റുളളവർ തന്നെ പറ്റി പറയുന്നതാണ് അമ്മയ്ക്ക് തന്നെ പറ്റിയറിയുക…

വേദന മറച്ച പുഞ്ചിരിക്കിടയിൽ ചിന്തിച്ചു പോയ് ദീപ….

” കുറേ നേരായല്ലോ ഈ വേഷം കെട്ടൽ തുടങ്ങീട്ട്… ഇനി മതി…മുഹൂർത്തമായ്…. എണീറ്റു വാ പെണ്ണിനേം കൂട്ടിയെല്ലാരും… വേഗമാവട്ടെ… സമയം പോവുന്നു… ”

ബന്ധുക്കളോട് ദേഷ്യത്തിൽ കല്പിക്കുന്നത് തന്റെ സ്വന്തം അച്ഛനാണ്… അറിയാതെ പോലും ഒരു നോട്ടം അച്ഛൻ തനിക്കായ് നൽക്കുന്നില്ല എന്നറിവിൽ മനസ്സിലെ മുറിവിൽ രക്തം പൊടിഞ്ഞുവെങ്കിലും പുറത്താരുമത് കാണാതെ നെഞ്ചിലൊതുക്കിയാ വേദനയവൾ..

“ഒരു രണ്ടാം കല്യാണത്തിന് ഇത്രയൊക്കെ ആർഭാടം കാണിക്കേണ്ട കാര്യമുണ്ടോ…
അതുമല്ല ഈ പൈസയൊക്കെ മുടക്കിയത് ആ കല്യാണ ചെക്കനാണ്… ഓന്റെ ആദ്യത്തെ കല്യാണമാണിത്… പെണ്ണിന്റെ ചന്തം കണ്ടിട്ടു തന്നെയാവും ഈ ചെക്കനും വീണത്…

” ചന്തം കണ്ടിട്ടാണെന്ന് മെല്ലെ പറയേണ്ട കാര്യമൊന്നുമില്ല… സത്യം അതു തന്നെയല്ലേ.. ഒന്നു കെട്ടി അവന്റെയൊപ്പം അഞ്ചാറു മാസം താമസിച്ച പെണ്ണാണിതെന്ന് അവളെ കണ്ടാൽ പറയ്യോ…. എന്തൊരു ഭംഗിയാണവളുടെ മുഖത്തിനും ശരീരത്തിനും… ആരാണെങ്കിലും കൊത്തി കൊണ്ടു പോവും പെണ്ണിനെ…”

പന്തലിലേക്കിറങ്ങുമ്പോൾ ആരെല്ലാമോ അടക്കി പിടിച്ചു പറയുന്നത് കാതിൽ വീണതും അവളിലൊരു പുച്ഛ ചിരി തെളിഞ്ഞു മാഞ്ഞു…

തൊട്ടരികിലിരിക്കുന്നവന്റെ ഗന്ധം മൂക്കിനുള്ളിലേക്ക് അരിച്ചു കയറിയിട്ടും അവനെയൊന്ന് നോക്കാനായ് മുഖം ഉയർത്തിയില്ല ദീപ

താലിക്കെട്ടും ചടങ്ങും കഴിഞ്ഞ് സ്വന്തം വീട്ടിൽ നിന്നിറങ്ങി അവന്റെ വീട്ടിലെത്തിയിട്ട് സമയമേറെയായ്… ഈ നേരം വരെ അവന്റെ മുഖം കണ്ടിട്ടില്ല അവൾ… താലികെട്ടും നേരം കൈകൾ കൂപ്പി കണ്ണടച്ചിരുന്നവൾ അതിനു ശേഷം തലയുയർത്തിയിട്ടേയില്ല…

ദീപ…..

അരികെ ചേർന്നിരുന്നവൻ കനത്ത ശബ്ദത്തിൽ വിളിച്ചതും ഞെട്ടലോടെ മുഖമുയർത്തി പോയ് ദീപ…

ഒന്നു ഞെട്ടിയവൾ അരികെ നിൽക്കുന്നവനെ കണ്ട്….

ഓർമ്മയുണ്ടോ നിനക്കെന്നെ …?

പരുക്കൻ ശബ്ദത്തിലവൻ ചോദിച്ചതിനറിയാതെ തന്നെ തലയിളക്കിയവൾ

“ഇനിയെന്നാണ് ദീപേ നീ വാ തുറന്നു മിണ്ടാനും മനുഷ്യരുടെ മുഖത്തു നോക്കി നോക്കി സംസാരിക്കാനും പഠിക്കുന്നത്…? ഇത്രയെല്ലാം അനുഭവിച്ചിട്ടും പഠിച്ചില്ലേ നീ…

അരികെ നിൽക്കുന്നവൻ ചോദിച്ചതും ദീപയുടെ നിറമിഴികൾ തുളുമ്പി കവിളിലേക്കിറ്റി വീണു….

“ഇവിടെ ഇനി ഫങ്ഷനൊന്നുമില്ല കല്യാണത്തിന്റെ… നിനക്ക് നല്ല ക്ഷീണമുണ്ട് ഒന്നുറങ്ങിക്കോ നീ…

അലിവോടെ പറയുന്നവന്റെ നോട്ടം വീണ്ടും തന്റെ മുഖത്തേക്കെത്തിയതും മറുത്തൊന്നും പറയാതെ കിടക്കയിലേക്ക് കിടന്നവൾ… അവൾക്കൊപ്പം തന്നെ അവളോടു ചേർന്നവനും കയറി കിടന്നതും ശാന്തമായ മനസ്സോടെ കണ്ണടച്ചവൾ…

തന്റെ മുടിയ്ക്കുള്ളിലൂടെ അയാളുടെ പരുക്കൻ കൈവിരൽ തലോടി കടന്നു പോവുമ്പോൾ അവളോർത്തത് അയാളെ പറ്റിയാണ്…

സന്ദീപ് സുധാകരൻ…. ടൗൺ സിഐ…

അച്ഛനും അമ്മയ്‌ക്കും അവരുടെ താൽപ്പര്യത്തോടെയല്ലാതെ അവർക്കിടയിലേക്ക് ജനിച്ചു വീണ തന്നോടെന്നും ദേഷ്യവും വെറുപ്പും മാത്രമാണ്‌…

ആഗ്രഹിക്കാതെ തങ്ങളുടെ ജീവിതത്തിലേക്ക് വന്നവളെ ഒരു മനുഷ്യ ജീവനായ് പോലും പരിഗണിച്ചിട്ടില്ലവർ

അവരുടെ ആ അവഗണന തന്നെയാണ് ജയൻ മുതലെടുത്തതും … ദീപയുടെ ആദ്യ ഭർത്താവാണ് ജയൻ… ഒരു സ്ത്രീയോടൊപ്പം ജീവിക്കാനോ അവളെ ശാരീരികമായ് തൃപ്തിപ്പെടുത്താനോ തനിയ്ക്ക് കഴിയില്ല എന്നറിഞ്ഞുതന്നെയാണവൻ ദീപയെ വിവാഹം കഴിച്ചത്…

വിവാഹശേഷം തന്റെ കഴിവുക്കേട് ദീപയിൽ നിന്ന് മറച്ചു പിടിക്കാനായ് അവളെ ക്രൂരമായ് ഉപദ്രവിച്ചിരുന്നു ജയൻ…അവൾക്കായ് ചോദിക്കാൻ ആരും വരില്ല എന്ന ഉറപ്പിൽ തന്നെ… അങ്ങനെ വരുന്നവരായിരുന്നെങ്കിൽ തന്നിൽ നിന്ന് രക്ഷ നേടി സ്വന്തം വീട്ടിലേക്ക് ചെന്നവളെ കാര്യകാരണം പോലും തിരക്കാതെ അവനരികിലേക്ക് അപ്പോൾ തന്നെ തിരിച്ചയക്കില്ലായിരുന്നല്ലോ…

വേദനകൾ സഹിച്ച് മടുത്തൊടുവിൽ ആത്മഹത്യ ചെയ്യാൻ പുഴയിലേക്ക് ചാടിയ ദീപയെ രക്ഷിച്ചത് സന്ദീപാണ്… അന്നത്തെ അവന്റെ ഇടപെടലോടെയാണ് ജയൻ ദീപയ്ക്ക് ഡിവോഴ്‌സ് നൽകി ബന്ധം വേർപ്പെടുത്തിയതും…

ഓർമകൾക്കിടയിലെപ്പോഴാ ഗാഢമായൊരു ഉറക്കത്തിലേക്കാഴ്ന്ന ദീപ പിന്നെ ഉണരുന്നത് സന്ദീപിന്റെ ഉറക്കയുള്ള സംസാരത്തിലാണ്

നിങ്ങളുടെ മകളാന്നെന്ന അവളുടെ സ്ഥാനം അവിടെ നിങ്ങളുടെ വീട്ടിൽ ഉപേക്ഷിച്ചു കളഞ്ഞിട്ടാണ് ഞാനവളെ എന്റെ ഭാര്യയാക്കിയത്… ജനിപ്പിച്ച മകളോട് ഇന്നേ വരെ ഇത്തിരി കാരുണ്യം കാട്ടുകയോ അവളുടെ പ്രശ്നങ്ങൾ അറിഞ്ഞ് അവൾക്കൊപ്പം നിൽക്കുകയോ ചെയ്യാത്ത നിങ്ങളൊന്നും അവളെ തിരക്കിയിനി ഈ വീടിന്റെ പടി കയറരുത്… കയറിയാൽ നിങ്ങളുടെ സ്ഥാനം മറക്കും ഞാൻ… മകളെ തിരിഞ്ഞു നോക്കാത്തവർ മരുമകന്റെ പണവും ജോലിയും കണ്ട് മകളോട് ബന്ധം പുതുക്കാൻ വന്നേക്കുന്നു… നാണമില്ലാതെ… ഇറങ്ങി പൊക്കോണം എന്റെ വീട്ടീന്ന് എല്ലാം വേഗം…. ”

ദേഷ്യത്തിൽ വിറച്ചു പറയുന്നവനെ ദയനീയമായ് നോക്കി അവളുടെ അച്ഛനും അമ്മയും ആ വീടിന്റെ പടി നിറക്കണ്ണോടെ ഇറങ്ങിയതും ഒരു കാറ്റു പോലെ വന്നവന്റെ നെഞ്ചിലായ് ചേർന്നിരുന്നു ദീപ…

തന്നിലേക്ക് ഒട്ടിചേർന്നു നിൽക്കുന്നവളെ ഉള്ളു നിറഞ്ഞ സന്തോഷത്തോടെ നോക്കി നിന്നു സന്ദീപും…

“എന്നോടിങ്ങനെ ഒട്ടിചേർന്നെല്ലാം നിന്നാൽ എന്റെ ശരീരത്തിന്റെ കൺട്രോൺ എന്റെ കയ്യിൽ നിന്ന് പോവും ദീപേ… അങ്ങനെ യത് പോയാൽ പിന്നെ അനുഭവിക്കുന്നത് മുഴുവൻ നീ ആവും… ”

ദീപയുടെ കഴുത്തോരം ചുണ്ടമർത്തി സന്ദീപ് പറഞ്ഞതും അവനെ ഒന്നുക്കൂടി ഇറുക്കി പുണർന്നു ദീപ

“നിങ്ങൾ തരുന്നതെന്തും അനുഭവിക്കാൻ ഞാൻ തയ്യാറാണ് സന്ദീപേട്ടാ… നിങ്ങളുടേതായ് മാറാൻ ആഗ്രഹമാണെനിയ്ക്ക്… സന്തോഷമാണെനിയ്ക്ക്…

അവന്റെ കഴുത്തോരം മുഖമമർത്തി ദീപ പറഞ്ഞതും അവളെ കൊതിയോടൊന്നു നോക്കി അവളുമായ് സോഫയിലേക്ക് വീണു സന്ദീപ്…

ആ വീടിനുള്ളിലാകെ ദീപയുടെ പൊട്ടിച്ചിരികൾ ഉയരുമ്പോൾ അതിനകമ്പടിയോടെ സന്ദീപിന്റെ കിതപ്പും ആ വീടിനെയാകെ പുളങ്കം കൊള്ളിച്ചു…

പ്രണയിക്കട്ടെ അവർ പേടിയേതുമില്ലാതെ….

ശുഭം

Leave a Reply

Your email address will not be published. Required fields are marked *