✍️ മിഴി മോഹന
“ചേച്ചിയമ്മേ കുഞ്ഞേച്ചി അധിച്ചു… ദേ ഇവിധേ.. ”
കയ്യിലെ തിന്ർത്ത് കിടക്കുന്ന പാട് കാണിച്ചു കൊണ്ട് ഏങ്ങൽ അടിച്ച് കൊണ്ട് രേവതിയുടെ അടുത്തേക്ക് വരുമ്പോൾ പച്ച ചോറിൽ കണ്ണുനീർ ഉപ്പ് കൂട്ടി കഴിക്കുന്നവൾ തല ഉയർത്തി നോക്കി …
” മോള് എന്തിനാ കുഞ്ഞേച്ചിയുടെ മുറിയിൽ കയറിയത്.. അത് കൊണ്ട് അല്ലെ തല്ല് കിട്ടിയത്.. അവിടേ കയറരുത് എന്ന് ഞാൻ പറഞ്ഞിട്ടുള്ളത് അല്ലെ.. ”
രേവതി ശാസനയോടെ പറയുമ്പോൾ അവൾ കണ്ണുനീർ തുടച്ചു..
” എന്റെ പൊത്ത് പോയി… പൊത്ത്… പൊത്ത് എതുക്കാൻ പോയതാ… ”
നെറ്റി തടത്തിൽ പുരിക കൊടിക്കിടയിൽ പിടിച്ചുകൊണ്ട് അവൾ പറയുമ്പോൾ രേവതി ചിരിച്ചു..
” പൊട്ട് ചേച്ചിയമ്മ തരില്ലേ ഇതിനാണോ കുഞ്ഞേച്ചിയുടെ മുറിയിൽ കയറിയത്… ചേച്ചിയമ്മാ ഇതൊന്നു കഴിച്ചോട്ടെ അതിനുശേഷം തരാം.. ”
രേവതി പറയുമ്പോൾ അവൾ ചുണ്ട് കൂർപ്പിച്ചു..
” കുഞ്ഞേച്ചടെ കയ്യിൽ ചുവന്ന പൊത്ത് ഉന്ദ്…, ചേച്ചിയമ്മയുടെ കയ്യിൽ കറുത്ത പൊത്ത് അത് എനിച്ചു ബേണ്ട…”
അവൾ പറയുമ്പോൾ വിരലുകൾക്കിടയിൽ നിന്നും ചോറിന്റെ വറ്റ് താഴേക്ക് പതിച്ചു.. ഒപ്പം രേവതിയുടെ കണ്ണുകളും നിറഞ്ഞു വന്നു… ഒരിക്കൽ ചുവന്ന പൊട്ടിനെ പ്രണയിച്ചിരുന്നവൾ ഇന്ന് കറുത്ത പൊട്ടിനെ ആണ് ആരാധിക്കുന്നത്… അവളുടെ കണ്ണുകൾ ചുവരിൽ ചിത്രമായി മാറിയ അവളുടെ പ്രിയതമനിലേക്ക് പോയി…
പത്തു വർഷങ്ങൾക്ക് മുൻപ് കണ്ണേട്ടന്റെ കൈ പിടിച്ചു ആ വീട്ടിലേക്ക് വരുമ്പോൾ രണ്ട് മക്കളെ ആയിരുന്നു കണ്ണൻ അവൾക്ക് സമ്മാനം ആയി കൊടുത്തത്… കണ്ണനെക്കാൾ അഞ്ച് വയസ് ഇളയ ഉണ്ണിയും കണ്ണന്റെ പതിനഞ്ചു വയസ്സിന്റെ വ്യത്യസ്ത്തിൽ പിറന്ന തങ്കുവും….
ഉണ്ണി ഡിഗ്രിക്ക് പഠിക്കുമ്പോൾ സ്കൂളിൽ പോകാൻ ഉള്ള ബുദ്ധി ഇല്ലാത്ത തങ്കുവിന് പത്തു വയസ്…
അന്ന് മുതൽ അവൾക്ക് ചേച്ചിയമ്മയായി….അമ്മയില്ലാത്ത കുഞ്ഞുങ്ങൾക്ക് അമ്മയായി ചേച്ചി ആയി കളി കൂട്ടുകാരി ആയി…
ആ രണ്ട് സഹോദരൻമാരുടെ ജീവൻ ആയിരുന്നു അവൾ… അവൾക്ക് വേണ്ടി ആയിരുന്നു അവരുടെ ജീവിതം തന്നെ…. വിവാഹം കഴിഞ്ഞ വർഷങ്ങൾ ആയിട്ടും മക്കൾ ഉണ്ടായില്ല രേവതിക്കും കണ്ണനും.. പക്ഷെ എന്നിട്ടും അവർ വിധിയെ പഠിച്ചില്ല കാരണം അവർക്ക് മകളായി തങ്കു ഉണ്ടല്ലോ…ഇന്ന് ശങ്കുവിന് പ്രായം 19 ആണ്…ഇന്നോളം രേവതി അവളെ വേദനിപ്പിച്ചിട്ടില്ല..
പക്ഷേ ഉണ്ണിയുടെ വിവാഹം കഴിഞ്ഞു പൂജ ആ വീട്ടിലേക്ക് വന്നത് മുതൽ കാര്യങ്ങൾ അൽപ്പം മാറി തുടങ്ങിയിരുന്നു…തങ്കു അവൾക്ക് ഒരു അയിത്തം ആയിരുന്നു… സുഖമില്ലാത്ത കുട്ടി തൊട്ടാൽ അറപ്പും വെറുപ്പും ആയി… അതിന്റെ പേരിൽ പൂജയും രേവതിയും തമ്മിൽ പലപ്പോഴും ഉടക്കിയിട്ടുണ്ട്..അന്നെല്ലാം കണ്ണൻ അവളെ ശാസനയോടെ അടക്കി നിർത്തി…
തങ്ങളെക്കാൾ സാമ്പത്തികശേഷിയുള്ള പൂജയുടെ വാക്കിന് മുൻപിൽ ഉണ്ണി വെറും ഒരു കളിപ്പാവയായി മാറുന്ന നിമിഷങ്ങൾ ആയിരുന്നു പിന്നീട്…
ഉണ്ണിയും അറിഞ്ഞുകൊണ്ട് അല്ലെങ്കിലും അവളെ അകറ്റിഅറിഞ്ഞുകൊണ്ട് അല്ലെങ്കിലും അവളെ അകറ്റി നിർത്തി തുടങ്ങിയ നിമിഷം കണ്ണനും ഒരു തീരുമാനത്തിൽ എത്തി…
കുടുംബമായി കിട്ടിയ 5 സെന്റ് സ്ഥലത്ത് ഒരു കുഞ്ഞു വീട് വെച്ച് അവിടെക്ക് മോളെയും കൊണ്ട് മാറണം… ആറു മാസം മുൻപ് അതിന്റെ പണി നടക്കുമ്പോഴായിരുന്നു ഒരു വലിയ കല്ല് വന്ന് ദേഹത്ത് പതിച്ച് കണ്ണന്റെ മരണം…
പത്താം ക്ലാസ് പോലും പാസാകാത്ത രേവതിക്ക് നഷ്ടം ആയത് ജീവിതം തന്നെ ആയിരുന്നു… കയറി ചെല്ലാൻ വീട് ഉണ്ട്.. പക്ഷേ അവിടെ സ്ഥാനം ഇല്ല… പോയാലും തങ്കു അവിടെ ബാധ്യതയാകും…. അതുകൊണ്ട് പിടിച്ചുനിൽക്കാൻ തുടങ്ങിയിട്ട് ആറുമാസത്തോളമായി… കണ്ണൻ ജീവിച്ചിരുന്നപ്പോൾ കിട്ടിയ പരിഗണനകൾ ഒന്നും ഇപ്പോൾ ഇല്ല… ആർക്കും വേണ്ടാത്ത രണ്ട് ജന്മങ്ങൾ അവിടെ ചിതലരിച്ചു തുടങ്ങുകയായിരുന്നു..
” ചേച്ചിയമ്മേ എനിച്ചും വാദി തദുവോ….”
പെട്ടന്ന് തങ്കുവിന്റെ ചോദ്യം കേട്ടാണ് രേവതി സ്വപ്നത്തിൽ എന്നതുപോലെ ഞെട്ടിയത്… ആ നിമിഷം നിഷ്കളങ്കമായി വാ പൊളിച്ചു ചോദിക്കുന്ന കുഞ്ഞു പെണ്ണിന്റെ മുഖത്തേക്ക് നോക്കി രേവതി… അവൾ ആണ് ഏത് സങ്കട കടലിലും ആകെ ഉള്ള സന്തോഷം.. അവളുടെ മുൻപിൽ രേവതി കരയില്ല …
” പിന്നെ എന്താ എന്നും ചേച്ചിയമ്മ അല്ലേ മോൾക്ക് വാരി തരുന്നത്.. ഇന്ന് കുഞ്ഞേച്ചിയുടെ അടുത്തേക്ക് പോയത് കൊണ്ട് അല്ലെ ചേച്ചിയമ്മ കഴിക്കാൻ ഇരുന്നത്…. ദാ.. കഴിക്ക്… ”
ചോറ് വാരി അവൾക്ക് കൊടുക്കുമ്പോൾ രേവതിയുടെ പാത്രത്തിൽ പൊടി പൊടിയായി കിടക്കുന്ന മീൻ വറുത്തതിന്റെ അംശത്തിലേക്ക് നോക്കി അവൾ..
” ഉമ്മുമ്മി.. ”
കൊതിയോടെ അവൾ അതിലേക്ക് ചൂണ്ടി പറയുമ്പോൾ ആ പൊടി കൂട്ടി ചോറ് കുഴച്ചു രേവതി..
“മ്മ്ഹ്.. ഇത് അല്ല… ബല്യ ഉമ്മൂമ്മി..”
അവൾ നിർബന്ധം പോലെ പറയുമ്പോൾ രേവതിയുടെ ചങ്ക് ഒന്ന് പിടച്ചു… എല്ലാവരും കഴിച്ചു കഴിഞ്ഞശേഷം ബാക്കി വന്ന ചോറും അല്പം മീനിന്റെ പൊടിയും ചേർത്തായിരുന്നു രേവതി കഴിക്കാൻ ഇരുന്നത്…
” അയ്യോടാ.. ഇത് പൊടി മാത്രം ഉള്ളു വാവേ.. സാരമില്ല നാളെ കുഞ്ഞേട്ടനോട് പറയാം ഉമ്മൂമ്മി വാങ്ങി കൊണ്ട് വരാൻ.. അപ്പോൾ വല്യ ഉമ്മൂമ്മി തന്നെ കുഞ്ഞിന് കഴിക്കാം…ഇപ്പോൾ ഇത് കഴിക്ക്..”
അവൾ കുഴച്ച് ചോറ് അവളുടെ വായിലേക്ക് വെച്ച് കൊടുക്കുമ്പോൾ അത് ആയത്തിൽ തട്ടിക്കളഞ്ഞു ബുദ്ധി ഉറയ്ക്കാത്ത ആ കൊച്ചു പെണ്ണ്..
” മോള് എന്ത് പണിയ കാണിച്ചത്.. ചോറ് തട്ടി കളയരുത് എന്ന് ചേച്ചി അമ്മ പറഞ്ഞിട്ടില്ലേ…. ”
അൽപ്പം ശാസനയോടെ അവൾ നോക്കുമ്പോഴും വാശിയിൽ ആണ് പെണ്ണ്…
” വലിയ മീനെ പെണ്ണിന് ഇറങ്ങൂ…., ഒരു മുഴുത്ത കഷ്ണം കുറച്ചു മുൻപ് കഴിച്ചത് ആണ് എന്നിട്ടും ആർത്തിക്ക് ഒരു കുറവും ഇല്ല… ഈ ആർത്തി പണ്ടാരത്തിനെ ഏതെങ്കിലും അനാഥാലയത്തിൽ കൊണ്ടു ചെന്ന് ആക്കാൻ ഞാൻ ഉണ്ണിയോട് എത്ര പ്രാവശ്യമായി പറയുന്നു.. ”
പുറത്തെ ബഹളം കേട്ട് ഇറങ്ങി വന്ന പൂജയുടെ ശബ്ദം ഉയരുമ്പോൾ പേടിയോടെ രേവതിയുടെ ഇടയിലേക്ക് കയറി തങ്കു..
” പൂജ മോളെ ഇവള് കുഞ്ഞല്ലേ… ഇവൾക്ക് എന്ത് അറിയാം… കണ്ണേട്ടൻ ഉള്ളപ്പോൾ ഇത് പോലെ വാങ്ങി കൊണ്ട് വരുന്നത് ഒക്കെ അവൾക്ക് വയറു നിറച്ചു കൊടുക്കുമായിരുന്നു ഞാൻ.. ”
“ആഹാ.. നിങ്ങടെ കണ്ണേട്ടൻ അല്ല ഇപ്പോൾ ചെലവ് നോക്കുന്നത്.. എന്റെ ഉണ്ണി ആണ്… കിട്ടുന്നത് മുഴുവൻ ഈ നാശത്തിന് തിന്നാൻ പോലും തികയില്ല… ദേ ഒരു കാര്യം പറഞ്ഞേക്കാം നിങ്ങൾക്ക് നിങ്ങളുടെ ജീവിതകാലം മുഴുവൻ ഇവിടെ നിൽക്കാം… എന്ന് കരുതി ഈ പെണ്ണിനെ കൂടി നോക്കാൻ ഒന്നും ഞങ്ങൾക്ക് പറ്റില്ല… എന്റെ ഡാഡി ഒരു ഓർത്തനേജിൽ വിളിച്ചു സംസാരിച്ചിട്ടുണ്ട് ഇവളെ അങ്ങോട്ട് മാറ്റണം… ”
പൂജ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് പോകുമ്പോൾ തങ്കുവിന് കുഞ്ഞേച്ചി അവളെ എവിടെയോ കൊണ്ട് കളയാൻ പോവുകയാണ് എന്ന് മനസ്സിലായി..
” ചേച്ചിയമ്മേ എന്നെ കൊന്ത് കളയരുതെന്ന് പറ കുഞ്ഞേച്ചിയോട്… പറ… പറ.. ”
പൂജയുടെ വാക്കുകൾ കേട്ട് നിശ്ചലം നിൽക്കുന്നവളെ പിടിച്ചു കുലുക്കി ആ കുഞ്ഞു പെണ്ണ്…
” ഹ്ഹ.. കളയില്ല മോളെ ആരും എങ്ങും കൊണ്ട് കളയില്ല… ”
അവൾ കണ്ണുനീർ ആയത്തിൽ തുടച്ചു കൊണ്ട് പറയുമ്പോൾ പെണ്ണ് തുള്ളി ചാടാൻ തുടങ്ങി..
” ഇല്ലേ… നല്ല ചേച്ചിയമ്മ.. ”
ഒപ്പം ആ ചേച്ചിയമ്മയുടെ കവിളിൽ ആഞ്ഞു ഒന്ന് മുത്തി…
“ചേച്ചിയമ്മേ നമ്മൾ എന്തിനാ ഇവിധേ കിടക്കുന്നത്… ഇവിടെ കുച്ചു കുച്ചു തീവണ്ടി വരില്ലേ.. ”
ആകാശത്ത് മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി ഒരിക്കലും കൂട്ടിവെക്കാത്ത ആ രണ്ടുവരി പാതയിൽ തലവെച്ച് കിടക്കുമ്പോൾ നിഷ്കളങ്കമായി അവൾ ചോദിച്ചു..
” നമുക്ക്.. നമുക്ക് മോടെ വല്യേട്ടനെ കാണണ്ടേ… ”
” കാണണം… വല്യേട്ടൻ കുഞെട്ടനെ പോലെ അല്ല… വല്യ ഉന്മമ്മി തരും… ചിക്കൻ തരും… പൊറോത്ത മേടിച്ചു തരും…പാവ മേടിച് തരും.. ഉദുപ്പ് മേടിച്ചു തരും… നമുക്ക് വല്യേട്ടന്റെ അടുത്ത് പോകാം ചേച്ചിയമ്മേ..തങ്കുന് ശന്തോഷം ആയി..”
ട്രെയിൻ കാക്ക ആ പാലത്തിൽ കിടക്കുമ്പോൾ അവൾ ചേച്ചി അമ്മയുടെ വാക്കുകൾ കേട്ട് കൈയ്യടിച്ചു..
” എപോയാ നമ്മള് വല്യേട്ടനെ കാണുന്നത് ചേച്ചിയമ്മേ.. ”
വിജയേട്ടനെ കാണാനുള്ള ആകാംഷയിൽ .., അവളുടെ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ നിറവേറ്റാനുള്ള ആകാംക്ഷയിൽ അവൾ ചോദിക്കുമ്പോൾ അങ്ങ് ഇരുളിന്റെ മറവിൽ തീവണ്ടിയുടെ ചൂളം വിളി രേവതിയുടെ കാതുകളിൽ മുഴങ്ങി..
” ഉടനെ… മോള് കണ്ണ് അടച്ചു കിടന്നോ നമ്മൾ ഇപ്പോൾ വല്യേട്ടന്റെ അടുത്ത് എത്തും… ആർക്കും വേണ്ടാത്ത നമ്മളെ സ്വീകരിക്കാൻ വല്യേട്ടൻ വരും… എന്റെ കണ്ണേട്ടൻ വരും… നമ്മളെ ഉപേക്ഷിക്കാൻ കഴിയില്ല…ഹ്ഹ.. ”
വിതുമ്പുന്ന ഹൃദയത്തോടെ ബുദ്ധി ഉറക്കാത്ത ആ പെൺകുട്ടിയുടെ കയ്യിൽ മുറുകെപ്പിടിച്ച് അവൾ കണ്ണുകൾ അടയ്ക്കുമ്പോൾ കാതോരം എത്തിക്കഴിഞ്ഞിരുന്നു ആ ചൂളം വിളി… ആ നിമിഷം അവൾ കണ്ടത് അവളുടെ കണ്ണേ തന്നെയാണ് തങ്കുവിന്റെ വല്യേട്ടനെ….
പ്രായമായ ആ പെൺകുട്ടിയെ തനിച്ചാക്കി മനസ്സ് ഉറപ്പിച്ച് ഒരു ജോലിക്ക് പോലും പോകാൻ തനിക്ക് കഴിയില്ല എന്നുള്ള തോന്നലായിരിക്കാം അവളെ ഈ കടുംകൈയിലേക്ക് എത്തിച്ചത്…. ഇത് ഒരു യഥാർത്ഥ കഥയാണ്…. അവർ ജീവിച്ചിരുന്നിരുന്നു എങ്കിൽ എന്ന് ഞാനും ആഗ്രഹിച്ചിട്ടുണ്ട്…. പക്ഷേ വിധി മറിച് ആയിരുന്നു…..
മിഴി മോഹന..
