✍️ Rejitha Jayan
“ഇന്നത്തെ ലേബർ റൂം ഡ്യൂട്ടി ആർക്കെല്ലാമാണെന്ന് ഹെഡ് പറഞ്ഞോടാ പ്രമോദേ…?
നമുക്കുണ്ടോ ഇന്നവിടെ ഡ്യൂട്ടി…?
പഞ്ചിംങ് ചെയ്യാൻ ഹെഡ് നഴ്സിന്റെ റൂമിനോടു ചേർന്ന ഓഫീസ് റൂമിലേക്ക് കയറുമ്പോൾ ആകാംക്ഷ സഹിക്കവയ്യാതെ ചോദിക്കുന്ന നിധി നെ രൂക്ഷമായിട്ടൊന്ന് നോക്കി പ്രമോദ്….
“നീ എന്നെ നോക്കി പേടിപ്പിക്കാതെ ഞാൻ ചോദിച്ചതിനുത്തരം പറയെടാ ചെക്കാ…. നമുക്കിന്ന് അവിടെയാണോ ഡ്യൂട്ടി ഇട്ടേക്കുന്നത്…?
പ്രമോദിന്റെ നോട്ടത്തെ അവഗണിച്ച് നിധിൻ വീണ്ടും ചോദിച്ചതും അതേയെന്നതു പോലെ നിധിനെ നോക്കി തലയാട്ടിയൊന്നു മൂളി പ്രമോദ്…
പ്രമോദിന്റെയാ ഉത്തരത്തിൽ പൂനിലാവുദിച്ചതു പോലെ തെളിച്ചം പരന്നു നിധിന്റെ മുഖത്ത്…
“എടാ പ്രമോദേ ഞാനിപ്പോ വരാം… എന്നിട്ടു പോവാം നമ്മുക്ക് ഹെഡ്ഡിന്റെ അടുത്തേക്ക്…”
പഞ്ചിംഗ് കഴിഞ്ഞിറങ്ങിയതും നഴ്സിംഗ് സൂപ്രണ്ടിന്റെ മുറിയിലേക്ക് കയറാനൊരുങ്ങിയ പ്രമോദിനോട് പറഞ്ഞ് നിധിൻ വേഗം ലേബർ വാർഡിനകത്തേക്ക് നടന്നതും ഇത്തവണ അമ്പരന്നത് പ്രമോദാണ്…
“നീ വരുന്നില്ലേടാ സൂപ്രണ്ടിനെ കാണാൻ…?
അല്ല നിധിനെവിടെ… നിന്റെ കൂടെ ഇല്ലേ അവൻ…?
അകത്തേക്ക് കയറാതെ മുറിക്ക് പുറത്ത് നിൽക്കുന്ന പ്രമോദിനോട് കൂട്ടത്തിലൊരുത്തൻ വന്നു ചോദിച്ചതും അവനെ വലിച്ച് തനിയ്ക്കൊപ്പം നിർത്തി പ്രമോദ്
“നിധിൻ ലേബർ വാർഡിനകത്തേയ്ക്ക് പോയിട്ടുണ്ട്… ഇപ്പോ വരും… വന്നിട്ടൊരുമ്മിച്ചു പോവാം നമുക്ക്… എനിയ്ക്കവന്റെ ഇന്നത്തെ പെരുമാറ്റവും പ്രവർത്തിയുമൊന്നും ശരിയായി തോന്നുന്നില്ല… എന്തോ… തകരാറുണ്ടെവിടെയോ.. ”
നിധിൻ പോയ വഴിയേ കണ്ണുനട്ട് പ്രമോദ് പറഞ്ഞതും അവൻ പറഞ്ഞതു കേട്ടമ്പരന്നവനെ നോക്കി കൂടെ ഉള്ളവൻ…
നീയെന്താ പ്രമോദേ പറഞ്ഞത് നിധിൻ ലേബർ വാർഡിലേക്ക് പോയെന്നോ. വെറുതെ നുണ പറയല്ലേടാ…. ഗർഭിണികളെ കാണുമ്പോഴേ ടെൻഷനാണെന്നു പറഞ്ഞ് ഒഴിഞ്ഞു മാറി നടക്കുന്നവനല്ലേ ലേബർ വാർഡിൽ പോണത്…”
പ്രമോദ് പറഞ്ഞതൊട്ടും ഉൾക്കൊള്ളാൻ വയ്യാതെ കൂടെയുള്ളവൻ പറയുന്ന നേരത്തു തന്നെയാണ് ലേബർ വാർഡിന്റെ നീണ്ട ഇടനാഴിയിലൂടെ നിധിൻ അവർക്കടുത്തേക്ക് വന്നത്.. അവന്റെ മുഖത്ത് അല്പം മുമ്പുണ്ടായിരുന്നതിനെക്കാൾ തിളക്കവും തെളിച്ചവുമുണ്ടെന്ന് കണ്ടെത്തി പ്രമോദും….
ഡാ…. വാടാ… സൂപ്രണ്ടിനെ കണ്ടിട്ട് നമുക്ക് വേഗം തന്നെ ലേബർ റൂമിലേക്ക് ചെല്ലാം… വെറുതെ വൈകി ചെന്നവിടുത്തെ ഡോക്ടർമാരുടെ ചീത്ത കേൾക്കണ്ടല്ലോ രാവിലെ തന്നെ…
പ്രമോദിനെയും കൂടെയുള്ളവനെയും മാറി മാറി നോക്കിയൊരു പുഞ്ചിരിയോടെ പറഞ്ഞ് നിധിൻ അകത്തേക്ക് കാലെടുത്ത് വെച്ചതും അവനെ ഷർട്ടിൽ തൂക്കി പിന്നോക്കം തന്നെ വലിച്ചിരുന്നു അവർ രണ്ടാളും….
സത്യം പറ നിധിനേ നിനക്കെന്താ പറ്റിയത്… ഡ്യൂട്ടി ലേബർ റൂമിലാണെന്നറിഞ്ഞാൽ സൂപ്രണ്ടിന്റെ മുന്നിൽ ഇരന്നു കരയുന്നവനാണ് നീ… അതും ഡ്യൂട്ടി മാറ്റിത്തരാൻ പറഞ്ഞ്…. എന്തെങ്കിലുമൊരു നിവൃത്തി നിനക്കുണ്ടെങ്കിൽ നീ ലേബർ റൂമിലോ ലേബർ വാർഡിലോ കയറില്ല… ആ നീയാണിന്ന് ഇത്രയും സന്തോഷത്തോടെ ലേബർഡ്യൂട്ടി ചെയ്യാൻ പോണത്… അതുമല്ല ഇതുവരെ ഇല്ലാത്ത പോലെ ലേബർ വാർഡിലും ചെന്നേക്കുന്നു… എന്തേ ഗർഭിണികളെ കാണുമ്പോൾ ഉള്ള നിന്റെ പേടി മാറിയോ….?
അതോ ലേബർ റൂമിലെ അലറി കരച്ചിലും രക്തവുമൊന്നും നിനക്കിന്നു മുതൽ പേടിയില്ലേ…? നിന്റെയാ പേടിയും മാറിയോ…?
നിധിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ വയ്യാതെ പ്രമോദ് ഓരോന്നായ് എണ്ണി എണ്ണി ചോദിക്കും നേരം കൊണ്ട് അവരേം വലിച്ച് സൂപ്രണ്ടിന്റെ മുറിക്കുള്ളിലേക്ക് കയറിയിരുന്നു നിധിൻ
“എന്റെ പൊന്നു നിധിനേ നീ അറിഞ്ഞിഞ്ഞല്ലോ നിനക്ക് ഡ്യൂട്ടി എവിടെയാണെന്ന്… ഞാൻ വിജാരിച്ചാലും നിന്റെ ഇന്നത്തെ ഡ്യൂട്ടി മാറ്റാൻ പറ്റില്ല.. സ്റ്റാഫ് കുറവാണിന്ന്… അതു കൊണ്ട് ദയവു ചെയ്ത് കരഞ്ഞുകാലു പിടിച്ച് സീൻ ഉണ്ടാക്കരുത്
നിധിനെ കണ്ടതേ കൈ ഒന്നു കൂപ്പി മുൻകൂർ ജാമ്യമെടുത്തു സൂപ്രണ്ട്…
എന്റെ പൊന്നു സിസ്റ്ററേ… നിങ്ങളിങ്ങനെ ടെൻഷനാവണ്ട… ഞാൻ കരയാനും കാലു പിടിക്കാനുമൊന്നും വന്നതല്ല.. എന്റെ ഡ്യൂട്ടി ചെയ്യാൻ വന്നതാ.. എവിടെയാണെങ്കിലും ഇന്നെന്റെ ജോലി ഞാൻ തന്നെ ചെയ്യും… സിസ്റ്റർ പേടിക്കുകയേ വേണ്ട… ഞാൻ പൊക്കോളാം ട്ടോ
അമ്മയ്ക്കും തുല്ല്യം താൻ കാണുന്ന സൂപ്രണ്ട് സിസ്റ്ററുടെ കവിളത്തൊന്ന് കളിയായ് തട്ടി നിധിൻ തിരിച്ചു നടന്നതും അവന്റെ വാക്കുകൾ കേട്ട് പ്രമോദിനെക്കാൾ പകച്ച മുഖത്തോടെ നിധിൻ പോയ വഴിയേ നോക്കി നിന്നു സുപ്രണ്ടും..
എടാ നിധിനേ … സത്യം പറ… നിനക്കെന്താ ഇതുവരെയില്ലാത്തൊരു ഉത്സാഹം…?
നിധിനെ വെറുതെ വിടാനൊരുക്കമല്ലാതെ പ്രമോദ് പിന്നാലെ കൂടി ചോദിച്ചതും അവരുടെ കൂടെയുള്ളവന്റെ മുഖത്തൊരു വഷളച്ചിരി തെളിഞ്ഞു
“എന്താ മോനെ നിധിനെ ലേബർ വാർഡിൽ ഇന്നത്തെ പ്രസവത്തിന് സുന്ദരി കൊച്ചുങ്ങളാരെങ്കിലും ഉണ്ടോ… നഴ്സുമാർക്ക് പിന്നെ സ്പർശനോം പുണ്യം ദർശനോം പുണ്യമാണെന്നല്ലേ ഇവിടുത്തെ ചിലരുടെ പറച്ചിൽ.. ഒരു നയന സുഖത്തിനാണോടാ നീയ്യിന്ന് കയറുന്നത്…. സത്യം പറ….?
“അനാവശ്യം പറഞ്ഞാൽ അണപ്പല്ല് ഞാനടിച്ച് താഴെയിടും നാറി… പ്രസവവേദനയെടുത്ത് ജീവൻ പോവും പോലെ കരയുന്ന സ്ത്രീകളിൽ കാമം തിരയാനും അവരുടെ നഗ്നതയിലേക്ക് ഒളിച്ചു നോക്കി രസിക്കാനും എന്നെ പ്രസവിച്ചത് നിന്നെ പ്രസവിച്ച സ്ത്രീയല്ല… എന്റെ അമ്മയാണ്… നിന്റെ സ്വഭാവം വെച്ച് നീയെന്നെ അളന്നാൽ……
കൈ ചൂണ്ടി ദേഷ്യത്തിന്റെ അങ്ങേ അറ്റത്തു നിന്ന് അവനോട് വീറോടെ പറയുന്ന നിധിനെ ഒരു വിധം ഒതുക്കി പിടിച്ചവിടെ നിന്നു ലേബർ റൂമിലേക്കു കൊണ്ടു പോന്നു പ്രമോദ്….
ലേബർ റൂമിനുള്ളിൽ കയറിയതും എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും ഓരോ സ്ത്രീകളുടെയും കരച്ചിലും വേദനയെടുത്തുള്ള പുളച്ചിലുകളുമെല്ലാം നിധിനെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു…
അവന്റെ അവസ്ഥ കണ്ട് ഇടയ്ക്കൊന്നു വേണമെങ്കിൽ പുറത്തു പൊയ്ക്കോള്ളാൻ അവനോടു ഡ്യൂട്ടി ഡോക്ടർ പറഞ്ഞെങ്കിലും ഒരു നേർത്ത ചിരിയോടത് നിരസിച്ച് അതിനുള്ളിൽ തന്നെ നിന്നു നിധിൻ..ആരെയോ പ്രതീക്ഷിച്ചെന്ന പോലെ
മാഡം…. ആ കുട്ടി ജാസ്മിൻ അതിനു പെയിൻ തുടങ്ങിയിട്ടുണ്ട്… കൊണ്ടു വന്നാലോ ഇങ്ങോട്ട്….?
ഒരു നഴ്സ് വന്നു ഡോക്ടറോട് പറഞ്ഞതും കേൾക്കാൻ കാത്തു നിന്നതെന്തോ കേട്ടതു പോലെ തിളങ്ങുന്ന നിധിന്റെ മുഖം ശ്രദ്ധിച്ചു പ്രമോദ്… പിന്നിടവിടുന്ന് പ്രമോദിന്റെ കണ്ണുകൾ നിധിനിൽ തന്നെ കുടുങ്ങി കിടന്നു…
ഏകദേശം ഇരുപതോ ഇരുപത്തൊന്നോ വയസ്സു മാത്രം പ്രായമുള്ളൊരു പെൺക്കുട്ടിയെ ലേബർ റൂമിനുള്ളിലേക്ക് നേർത്ത നിലവിളിയോടെ കൊണ്ടുവന്നതും നിധിൻ വേഗം അവളുടെ അടുത്തേക്ക് ചെന്നാ പെൺക്കുട്ടിയുടെ കയ്യിൽ പിടിക്കുന്നതും പ്രാണൻ പിടയുന്ന വേദനക്കിടയിലും അവൾ അവനെ നോക്കി അവന്റെ കൈകളിൽ തന്റെ കൈ അമർത്തി ചേർത്തു വെക്കുന്നതുമെല്ലാം പ്രമോദ് ഒട്ടൊരു അമ്പരപ്പോടെ നോക്കി നിന്നു….
ഡോക്ടർ ഈയൊരു കേസിൽ ഞാൻ ഡോക്ടറെ അസിസ്റ്റ് ചെയ്യാതെ അവളുടെ അടുത്ത് നിന്നോട്ടെ… പ്ലീസ്….
ജാസ്മിന്റെ കാലുകളുയർത്തി ബെർത്ത് പൊസിഷൻ റെഡിയാക്കാനായതും ഡോക്ടറോട് അടക്കി ചോദിക്കുന്ന നിധിന്റെ മുഖത്തെ യാചനാ ഭാവം കണ്ടതും അവനെയൊന്ന് സൂക്ഷിച്ചു നോക്കി അവനാവശ്യപ്പെട്ട പെർമിഷൻ നൽകി ഡോക്ടർ…..
പ്രസവവേദനയുടെ ഓരോ ഇടവേളയിലും ജാസ്മിൻ ഞരങ്ങുമ്പോൾ അവളുടെ വേദന പകുത്തെടുക്കുന്നതു പോലെ നിധിന്റെ കണ്ണുകളും നിറഞ്ഞു തൂവിയിരുന്നു പലപ്പോഴും..
വേദനയുടെ മൂർദ്ധന്യ അവസ്ഥയിൽ ജാസ്മിനൊരു പെൺക്കുഞ്ഞിനു ജന്മം നൽകിയതും തന്റെ ഉള്ളം കയ്യിലുള്ള അവളുടെ കയ്യിൽ അമർത്തിയൊന്നു ചുംബിച്ച് ആ കുഞ്ഞിനെ നിറമിഴികളോടെ ഒന്നു നോക്കി പിന്നീടൊന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ വേഗത്തിൽ നിധിനാ ലേബർ റൂമിൽ നിന്നിറങ്ങി പോയതും അത്ര നേരം അവനെ വീക്ഷിച്ചു കൊണ്ടിരുന്നവരുടെയെല്ലാം മുഖത്തൊരു അമ്പരപ്പ് നിറഞ്ഞു…. അവരുടെയെല്ലാം കണ്ണുകൾ ജാസ്മിനു നേരെയായ്…. അതുമൊരു ചോദ്യഭാവത്തിൽ…
“എന്നെ മറ്റാരെക്കാളും ഒരിക്കൽ സ്നേഹിച്ചവനാണ് എന്റെ നിധീ…. ജാതിയും മതവും വില്ലനായപ്പോൾ ഒന്നുചേരാൻ കഴിയില്ലെന്നുറപ്പായപ്പോൾ പിരിഞ്ഞു പോയതാണ് ഞാൻ… സ്നേഹിച്ചിരുന്ന കാലത്ത് ഞങ്ങളൊരുപാട് സ്വപ്നം കണ്ടിട്ടുണ്ട് എന്റെ പ്രസവ സമയത്ത് എനിക്കാശ്വസമായ് അവനെന്റെ കൂടെ നിൽക്കുന്നത്… അന്നത്തെ ആ സ്വപ്നം നടപ്പിലാക്കിയതാണവനിന്ന്…..
ജാസ്മിൻ പറഞ്ഞു നിർത്തുമ്പോൾ പ്രമോദിന്റെ നോട്ടം ചെന്നത് തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമനിലേക്കാണ്….
പ്രസവത്തിനിടയിലും പെണ്ണിന്റെ നഗ്നതയിലേക്ക് വികാരം കൊണ്ട് കണ്ണെറിയുന്നവന്റെ ശിരസ് അന്നേരം താഴ്ന്നുപോയ്….. നിധിനോടവൻ ചോദിച്ച ചോദ്യമോർത്ത്….
ചിലരെല്ലാം ഇങ്ങനെയാണ് നിധിനെ പോലെ…
വിട്ടുകൊടുത്താലും മാറി നിന്ന് നമ്മുടെ ജീവിതം കണ്ട് സന്തോഷിക്കും… ആവശ്യ ഘട്ടങ്ങളിലെല്ലാം ഒരു കൈത്താങ്ങായ് ചേർത്തു പിടിക്കുകയും ചെയ്യും… പകരമൊന്നും പ്രതീക്ഷിക്കാതെ… നമ്മുടെ ഒരു പുഞ്ചിരിയിൽ തൃപ്തരായ് കൊണ്ട്…..
Rejitha Jayan
